Thursday, July 12, 2018

വ്യാഴവട്ടങ്ങളില്‍ ചിതറിത്തെറിക്കുന്നത്..32

https://www.facebook.com/echmu.kutty/posts/592408277605137
നോവല്‍ 32

പിറ്റേന്നാള്‍ അവളുടെ ചേട്ടത്തിയമ്മയ്ക്ക് മടങ്ങിപ്പോവേണ്ടതായി വന്നു. അവരുടെ മകള്‍ ഇന്ദുവിനു ചിക്കന്‍ പോക്‌സ് പിടിച്ചതായിരുന്നു കാരണം. വല്ലാത്ത ഭീതിയോടെയും പരിഭ്രമത്തോടേയും വ്യസനത്തോടെയുമാണ് ചേട്ടത്തിയമ്മ അവളെ വിട്ടിട്ട് പോയത്. അവര്‍ക്ക് അവളെപ്പറ്റി ആലോചിച്ച് മാനസികരോഗത്തോളമെത്തുന്ന ഉല്‍ക്കണ്ഠ വളര്‍ന്നു കഴിഞ്ഞിരുന്നു. മണ്ണാങ്കട്ടി ഉറപ്പ് നല്‍കി... 'ഭയപ്പെടരുത്... ഞാനുണ്ടല്ലോ. ഞാന്‍ എല്ലാം മാനേജ് ചെയ്‌തോളാം.'

മഴ പെയ്യുന്നൊരു ഉച്ചയ്ക്ക് ചേട്ടത്തിയമ്മ അവളെയും മോനെയും മണ്ണാങ്കട്ടിയേയും വിട്ടിട്ട് അവരുടെ മകളുടെ അടുത്തേക്ക് പോയി.
അയാള്‍ ഉദ്ദേശിച്ചതു പോലെ സുഹൃത്തുക്കള്‍ ആരും അയാള്‍ക്കൊപ്പം നിന്നില്ല. അയാള്‍ ചെയ്തതെല്ലാം ശുദ്ധതെമ്മാടിത്തമാണെന്നും ഭാര്യ അയാളെ ഉപേക്ഷിച്ചതില്‍ യാതൊരു കുഴപ്പവുമില്ലെന്നും മകനെക്കൊണ്ട് അവന്റെ അമ്മയെ അടിപ്പിക്കുന്നതു പോലെ ക്രൂരമായ ഒരു തെറ്റില്ലെന്നും അവര്‍ തീര്‍ത്തു പറഞ്ഞു.

അയാള്‍ക്ക് നഗരത്തിലെ ഒരു പ്രശസ്ത എന്‍ജിനീയറിംഗ് ഫേമില്‍ ജോലിയാക്കിക്കൊടുക്കാന്‍ അവര്‍ കഠിനമായി പ്രയത്‌നിച്ചു, രണ്ടു മൂന്നാഴ്ചകള്‍ കൊണ്ട് അതിലവര്‍ വിജയിക്കുകയും ചെയ്തു.

ജോലിക്ക് പോകാതിരിക്കാന്‍ ഒരു ന്യായവും അയാളുടെ മുന്നില്‍ അന്നേരം ഉദിച്ചില്ല.

മോന്‍ അമ്മയ്‌ക്കൊപ്പം ആ വീട്ടില്‍ സന്തോഷത്തോടെ കഴിയുന്നുണ്ടെന്ന് അയാള്‍ ദിവസത്തില്‍ പലവട്ടം ഫോണ്‍ വിളിച്ച് ഉറപ്പ് വരുത്തിയിരുന്നു. അവന്‍ നീന്താന്‍ പോകുന്നുണ്ടെന്നും ടി ടി കളിക്കുന്നുണ്ടെന്നും അമ്മ അവനു മാമു വാരിക്കൊടുക്കുന്നുണ്ടെന്നും മണ്ണാങ്കട്ടിചേച്ചി അവന്റൊപ്പം കളിക്കുമെന്നും ഒക്കെ അവന്‍ വിസ്തരിച്ചു മറുപടികള്‍ കൊടുത്തിരുന്നു.

മണ്ണാങ്കട്ടിചേച്ചിയുമായി അധികം അടുക്കരുതെന്ന് അയാള്‍ എപ്പോഴും അവനു താക്കീതു നല്‍കി. അവന്‍ മുതിര്‍ന്ന പയ്യനാണെന്നും അവന്‍ മോശമായി പെരുമാറി എന്ന് ചേച്ചി പോലീസില്‍ പരാതിപ്പെട്ടാല്‍ അവര്‍ അവന്റെ മംഗിണി മുറിച്ചുകളയുമെന്നും അയാള്‍ മോനോട് പറഞ്ഞു.
അവന്‍ ഭയന്നു വിറച്ചു പോയി.

അതിനു ശേഷം മണ്ണാങ്കട്ടിയുമായി അവന്‍ ഏറേ അകന്നു നിന്നു. അവള്‍ക്കൊപ്പം കളിക്കുന്നതു പോയിട്ട് മിണ്ടാന്‍ പോലും അവന്‍ ഇഷ്ടപ്പെട്ടില്ല. പകല്‍ അവന്‍ അച്ഛന്റൊപ്പം നില്‍ക്കാമെന്നും അമ്മ വൈകീട്ട് ഓഫീസ് വിട്ടു വരുമ്പോള്‍ കൂടെ വരാമെന്നും അവന്‍ പറഞ്ഞു തുടങ്ങി . മണ്ണാങ്കട്ടിയ്ക്ക് വല്ലാത്ത വേദന തോന്നി. 'നിന്നെ എടുത്തു നടന്നവളാണ് ഞാന്‍, നിനക്ക് മാമു തന്നവള്‍ , നിന്റെ അപ്പിയും മൂത്രവും ച്ഛര്‍ദ്ദിയും കോരിയവള്‍, നിന്റെ കൂടെ ഒത്തിരിയൊത്തിരി കളിച്ചവള്‍, നീ എന്റെ മോനെപ്പോലെയാണെനിക്ക് .... ' എന്നൊക്കെ അവള്‍ പറഞ്ഞു നോക്കി.

അവന്‍ പുലിയെപ്പോലെ ചീറീ..

'മണ്ണാങ്കട്ടീ.. നീ ഒരു വേലക്കാരിയാണ് , വേലക്കാരികള്‍ വലിയ വീട്ടിലെ ആണ്‍കുട്ടികളെ ഉപദ്രവിച്ച് കാശു പിടുങ്ങുമെന്ന് അച്ഛന്‍ പറഞ്ഞു തന്നിട്ടുണ്ട്. വേലക്കാരി വേലക്കാരിയുടേ നിലയ്ക്ക് നിന്നാല്‍ മതി'

മണ്ണാങ്കട്ടി മഴയിലെന്നപോലെ കണ്ണീരില്‍ അലിഞ്ഞ് ഒഴുകിപ്പോയി. മണ്ണാങ്കട്ടിയോട് കൂട്ടു കൂടാന്‍ നിര്‍ബന്ധിച്ചാല്‍ അവന്‍ എന്നേക്കുമായി അച്ഛന്റെടുത്തേക്ക് മടങ്ങുമെന്ന് അമ്മയെ പേടിപ്പിക്കാനും അപ്പോള്‍ മുതല്‍ അവന്‍ ധൈര്യപ്പെട്ടു.

അപ്പോഴാണ് വീണ്ടും കോടതി നോട്ടീസ് വന്നത്, അയാള്‍ അത് വേഗം ഒപ്പിട്ട് വാങ്ങി. അവള്‍ ഓഫീസില്‍ നിന്ന് തിരിച്ചു വരുന്ന നേരത്ത് ഒരു ദിവസം അവളുടെ ഫ്‌ലാറ്റിന്റെ കോമണ്‍ വരാന്തയില്‍ തളന്നര്‍വശനായി അയാള്‍ കിടക്കുന്നുണ്ടായിരുന്നു.

അവള്‍ക്കയാളെ വീട്ടിനകത്ത് കയറ്റാതെ ഒരു വഴിയുമില്ലാതായി. മണ്ണാങ്കട്ടി അന്തംവിട്ട് നിന്നു. മോന്‍ തീരെ അല്‍ഭുതപ്പെട്ടില്ല. അതവള്‍ ശ്രദ്ധിച്ചില്ലെങ്കിലും മണ്ണാങ്കട്ടി ശ്രദ്ധിച്ചു.

അകത്ത് കയറിയപ്പോള്‍ അയാള്‍ വെട്ടിയിട്ട വാഴപോലെ അവളുടെ കാല്‍ക്കല്‍ വീണു. കേസ് പിന്‍വലിക്കണമെന്നും അയാള്‍ ചെയ്തത് തെറ്റാണെന്നും അയാള്‍ ഉടനെ ജോലിക്ക് പോവാമെന്നും പറഞ്ഞു.
അവള്‍ ഒന്നും ഉച്ചരിച്ചില്ല.

ഒടുവില്‍ അവള്‍ മൌനം മുറിച്ചപ്പോഴാകട്ടെ അത് അയാള്‍ക്ക് തീരെ ഇഷ്ടമായതുമില്ല.

അവളും മകനും കുറച്ച് നാള്‍ ഇങ്ങനെ അകന്നു തന്നെ നില്‍ക്കാം. മകനു ആശ തോന്നുമ്പോള്‍ കുറച്ചു ദിവസം അയാള്‍ക്കൊപ്പവും താമസിച്ചു കൊള്ളട്ടേ. അയാള്‍ ജോലിക്ക് പോയി അതിനോട് പൊരുത്തപ്പെട്ട് പുറം ലോകവുമായി കുറച്ചു നാള്‍ ഇടപെടൂ. . അവള്‍ക്കിപ്പോള്‍ അയാളെ കാണാനോ അയാളോട് സംസാരിക്കാനോ ആശയില്ല.കുറച്ചു നാള്‍ അകന്നു കഴിയുമ്പോള്‍ അയാളുടെ അസാന്നിധ്യം അവളെ വേദനിപ്പിക്കുന്നുവെങ്കില്‍, അയാളെ കാണാനും സംസാരിക്കാനും ആശ തോന്നുന്നുവെങ്കില്‍ അന്നേരം മെല്ലെ മെല്ലെ ഇത് ശരിയാക്കി എടുക്കാം. അതുവരെ അവള്‍ക്ക് സമയം കൊടുക്കു എന്നാണവള്‍ അഭിപ്രായം പറഞ്ഞത്.

അയാള്‍ ബാല്‍ക്കണിയില്‍ നിന്ന് എടുത്തു ചാടുമെന്നും അവരുടെ വീട്ടില്‍ തന്നെ കെട്ടിത്തൂങ്ങുമെന്നും അയാള്‍ അലറി.

അത് കേട്ടപ്പോള്‍ മോന്‍ പേടിച്ചു കരയാന്‍ തുടങ്ങി.

'അമ്മാ, നമുക്ക് മടങ്ങിപ്പോകാം... അച്ഛന്‍ മരിച്ചാല്‍ കഷ്ടമല്ലേ' എന്ന് അവന്‍ ഉറക്കെ കരഞ്ഞു.

അയാള്‍ തുണിയെല്ലാം അഴിച്ച് കളഞ്ഞിട്ട് അവളുടെ കോളനിയില്‍ മുഴുവന്‍ ഓടുമെന്ന് ഭീഷണി മുഴക്കി. മോനു സഹിക്കാന്‍ കഴിഞ്ഞില്ല. അച്ഛന്‍ നഗ്‌നനായി മണ്ണാങ്കട്ടി വേലക്കാരിയുടേ മുന്നില്‍ നില്‍ക്കുന്നത് അവന്റെ കുഞ്ഞുനാണത്തിനു പോലും ഹൃദയഭേദകമായിരുന്നു.

ഇത്രയൊക്കെ അച്ഛന്‍ സങ്കടം കാണിച്ചിട്ടും , അവന്‍ ഏങ്ങലടിച്ച് കരഞ്ഞിട്ടും വീട്ടിലേക്ക് മടങ്ങാമെന്ന് പറയാത്ത അമ്മയെ അവന്‍ ശരിയ്ക്കും വെറുത്തു.

എന്തൊരു കാഠിന്യമാണ്, സ്‌നേഹമില്ലായ്മയാണ് ,അമ്മയ്ക്ക്..

അവള്‍ അയാളോട് വസ്ത്രമുടുക്കാന്‍ പറഞ്ഞു, മണ്ണാങ്കട്ടിയോട് അകത്ത് പോകാന്‍ പറഞ്ഞു. അയാള്‍ക്ക് ഒറ്റ നിര്‍ബന്ധമായിരുന്നു. ഒന്നുകില്‍ അവള്‍ ഇപ്പോള്‍ അയാള്‍ക്കൊപ്പം മടങ്ങുക അല്ലെങ്കില്‍ അയാളെയും ഈ വീട്ടില്‍ താമസിപ്പിക്കുക.

രണ്ടിനും അവള്‍ തയാറായിരുന്നില്ല. അത്രമേല്‍ അവള്‍ക്ക് അയാളുമൊത്തുള്ള ദിവസങ്ങള്‍ മടുത്തു കഴിഞ്ഞിരുന്നു.

അയാള്‍ എത്ര ബഹളം വെച്ചിട്ടും അവള്‍ മൌനിയായി ഇരുന്നു. വഴക്ക് വലുതാക്കി അയല്‍പ്പക്കക്കാര്‍ പരാതിപ്പെട്ട് വീട് വിട്ട് പോവേണ്ടി വന്നാലോ എന്ന ഭയമായിരുന്നു അവള്‍ക്ക്.

ആഹാരം കഴിക്കാതെ കരഞ്ഞ് കരഞ്ഞ് തളര്‍ന്ന് മോന്‍ തറയില്‍ തന്നെ കിടന്നുറങ്ങി. മണ്ണാങ്കട്ടി ഒരു പ്രേതത്തെപ്പോലെ അകത്തെ മുറിയുടെ വാതില്‍ക്കല്‍ കുത്തിയിരുന്നു.

സിഗരറ്റില്ലാതെ നില്‍ക്കാന്‍ വയ്യെന്ന് തോന്നിയപ്പോള്‍ അയാള്‍ പുറത്തേക്കിറങ്ങി, അവള്‍ ആ നിമിഷം വാതിലടച്ച് കുറ്റിയിട്ടു, എന്നിട്ട് പൊട്ടിപ്പൊട്ടിക്കരഞ്ഞു. അപ്പോള്‍ രാത്രി മൂന്നുമണിയായിരുന്നു. പകല്‍ മുഴുവന്‍ ഓഫീസിലെയും സൈറ്റിലേയും ജോലികഴിഞ്ഞ് വന്നിട്ട് അവള്‍ ഒരു തുള്ളി വെള്ളം കുടിച്ചിട്ടില്ല. ഒന്നു മുഖം കഴുകിയിട്ടില്ല, ഒന്നു മൂത്രമൊഴിച്ചിട്ടില്ല.... അവള്‍ക്ക് ഉയര്‍ന്ന വരുമാനമുണ്ടായിട്ട് എന്താണ് കാര്യം?

അവളും വെറും തറയില്‍ മോന്റെ അരികില്‍ തന്നെ കിടന്നു. മണ്ണാങ്കട്ടി കുറച്ചു നേരം കൂടി പ്രതിമപോലെ ഇരുന്നു. പിന്നെ കണ്ണുകള്‍ തുടച്ചുകൊണ്ട് അവളും കിടന്നു.

ആരും ഒന്നും കഴിച്ചില്ല.

രാവിലെ അഞ്ചുമണിയായപ്പോള്‍ ഡോര്‍ബെല്‍ മുഴങ്ങാന്‍ തുടങ്ങി... നിറുത്താതെ ..തുടരെത്തുടരെ . അവള്‍ എത്തിക്കുത്തി നടന്ന് കതകിലെ മാജിക് ഐയിലൂടെ നോക്കിയപ്പോള്‍ അയാളാണ്... കുറെക്കൂടി ഉഗ്രമൂര്‍ത്തിയായിട്ടാണ് അയാള്‍ നിന്നിരുന്നത്.

പിന്നെ അവള്‍ മടിച്ചില്ല. 100 നമ്പര്‍ ഡയല്‍ ചെയ്യാന്‍..

പോലീസ് കോളനിയിലേക്ക് പ്രവേശിച്ചപ്പോള്‍ അയാള്‍ അവളുടെ ഫ്‌ലാറ്റിനു മുന്നില്‍ നിന്ന് മാറി.

ആരോ തുടരെ ബെല്ലടിച്ച് പേടിപ്പിക്കുന്നുവെന്നും അവള്‍ക്കും മകനും പണിക്കാരിക്കും ആ ഫ്‌ലാറ്റില്‍ ഇങ്ങനെ ഭയപ്പെട്ട് നില്‍ക്കേണ്ടെന്നും ദയവു ചെയ്ത് അടുത്ത കോളനിയില്‍ താമസിക്കുന്ന ഒരു സഹപ്രവര്‍ത്തകയുടെ വീട്ടില്‍ കൊണ്ടാക്കിത്തരണമെന്നും അവള്‍ പോലീസുകാരോട് അപേക്ഷിച്ചു.

അവളെയും മോനെയും മണ്ണാങ്കട്ടിയേയും കൊണ്ട് പോലീസ് ജീപ്പ് പുറപ്പെടുമ്പോള്‍ അയാള്‍ പൂത്തുലഞ്ഞു നിന്നിരുന്ന കൂറ്റന്‍ റങ്കൂണ്‍ ക്രീപ്പറിന്റെ മറപറ്റി ഒളിച്ച് സിഗരറ്റ് വലിക്കുന്നത് മറ്റാരും കണ്ടില്ലെങ്കിലും അവള്‍ കാണാതിരുന്നില്ല.

( തുടരും )

No comments: