Monday, July 23, 2018

മമ്മൂട്ടിയുടെ വീട്

                         

ആരുമില്ലാത്തവര്‍ ഇല്ലാതാകുന്നത് എത്ര എളുപ്പത്തിലാണെന്ന് കണ്ടു നില്ക്കുകയായിരുന്നു ബാലു. മരിക്കുമ്പോള്‍ ആരും നെഞ്ചത്തടിച്ച് നിലവിളിക്കുകയില്ല... ബോധംകെട്ട് വീഴുകയില്ല, നീ എന്നെ വിട്ടു പോയല്ലോ എന്ന് തേങ്ങുകയില്ല. നനഞ്ഞ കണ്ണുകള്‍ തുടയ്ക്കകയില്ല.

ഒരില കൊഴിയുമ്പോലെ ...

ഇലക്ട്രിക് ക്രെമറ്റോറിയത്തില്‍ തിരക്കൊഴിയുന്നതും നോക്കി ബാലു മരച്ചുവട്ടില്‍ വെറുതേ നിന്നു. അതിനകത്ത് ചൂട് ഫര്‍ണസ്സില്‍ ചുവന്ന കനലായി മാറുന്നത്..

ഡോക്ടര്‍ ...

ഡോക്ടര്‍..

ആ പേരുച്ചരിക്കാനുള്ള ശക്തിയില്ലെന്ന് ബാലുവിനു തോന്നി. അതുച്ചരിച്ചാല്‍ എല്ലാം തീര്‍ന്നു പോകുമെന്ന് അയാള്‍ വിചാരിച്ചു.
എല്ലാവരും വന്നിട്ടുണ്ട്. ഡീനടക്കം എല്ലാവരും.. അല്‍പം കഴിഞ്ഞാല്‍ എല്ലാവരും പോകും. ചിതാഭസ്മം നാളെയാണ് കിട്ടുക. ആരെങ്കിലും അതു പോയി വാങ്ങുന്നുണ്ടാവുമോ? വാങ്ങിയിട്ട് എന്തു ചെയ്യും?

ബാലുവിനറിയില്ല. സ്വന്തം അച്ഛന്‍ മരിച്ചു പോയപ്പോള്‍ ചിതാഭസ്മം ഗംഗയിലൊഴുക്കുകയായിരുന്നു ചെയ്തത് . അതിനു കൂട്ടായി അവളാണു വന്നത് ..

സന്ധ്യയാകാറായെങ്കിലും വെയിലിനു നല്ല ചൂടുണ്ട് . ചിലപ്പോള്‍ അകം വെന്തു പിടയുന്നതുകൊണ്ടാവാം.

ആരും കരയുന്നില്ലെന്ന് അയാള്‍ കണ്ടു. അവള്‍ക്കൊപ്പം ജോലി ചെയ്തിരുന്ന ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, അറ്റന്‍ഡര്‍മാര്‍, അവള്‍ ഫീസു കൊടുത്ത് പഠിപ്പിച്ചിരുന്ന തോട്ടക്കാരന്റെ മക്കള്‍, ഷൈനിയുടെ അനാഥാലയത്തിലെ കുട്ടികള്‍ ... ഇവര്‍ക്കൊക്കെ ഒന്നു കരഞ്ഞു കൂടെ? വെറുതേയെങ്കിലും ഒന്നു നെഞ്ചത്തടിച്ചു കരഞ്ഞു കൂടെ? ബാലുവിന്റെ സമാധാനത്തിനെങ്കിലും...

ഇല്ല ...ആരും കരയുന്നില്ല.

അവള്‍ എന്നും പറയാറുള്ളത് പോലെ ഐ ആം ആന്‍ ഓര്‍ഫന്‍... എന്ന വാചകം തന്നെയാണോ സത്യം..

അനാഥര്‍ മരിച്ചാല്‍ ആരും കരയുകയില്ലായിരിക്കും.

നെഞ്ചിന്‍ കൂടു തകര്‍ത്തുകൊണ്ട് ഒരേങ്ങല്‍ പുറത്തു വരുമെന്ന് തോന്നി. ബാലു നന്നെ പണിപ്പെട്ട് സ്വയം നിയന്ത്രിച്ചു. അല്ലെങ്കില്‍ പിന്നെ എല്ലാവരും ചോദിക്കും. 'എന്താ എന്തു പറ്റീ ബാലു, ഇത്ര ഇമോഷണലായതെന്ത്? '

തന്നെപ്പോലെ ചോദ്യങ്ങള്‍ ഒഴിവാക്കാനായിരിക്കുമോ എല്ലാവരും ബലം പിടിച്ച് നില്‍ക്കുന്നതെന്നും അയാള്‍ ഒരു നിമിഷം ഓര്‍ത്തു.

ആര്‍ക്കും ആരോടും പ്രത്യേകിച്ച് യാത്ര പറയാനില്ലാത്തതുകൊണ്ട് പരസ്പരം ഒന്നു നോക്കിയും ചെറുതായി ഒന്നു തലയിളക്കിയും കാണിച്ച് ഓരോരുത്തരും മെല്ലെ മെല്ലെ പിരിഞ്ഞു.

ബാലു കുറച്ചുനേരം കൂടി ആലിന്റെ ചുവട്ടില്‍ നിന്നു. പിന്നെ അയാളും പുറത്തിറങ്ങി.

മെഡിക്കല്‍ കോളേജിന്റെ അതിവിശാലമായ ക്യാമ്പസ്സിലെമ്പാടും
കറുത്ത കൊടികള്‍ പാറുന്നുണ്ട്. അവളുടെ ഫോട്ടോയും ഏതൊക്കെയോ ഡിപ്പാര്‍ട്ടുമെന്റുകള്‍ മാലയിട്ട് പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. അവള്‍ ജോലി ചെയ്തിരുന്ന കാര്‍ഡിയോളജി ഡിപ്പാര്‍ട്ടുമെന്റിന്റെ ഫോട്ടോ കളര്‍ ടോണ്‍ കൊണ്ട് കൂട്ടത്തില്‍ ഒറ്റപ്പെട്ട് നില്‍ക്കുന്നുണ്ടായിരുന്നു.

ആരും പ്രതീക്ഷിച്ചിരുന്നില്ലല്ലോ. 'അര്‍ജന്റ്..പ്ലീസ് റീച്ച് സി സി യൂ' എന്ന് മെസ്സേജ് കിട്ടുമ്പോള്‍ ബാലു കാഷ്വാലിറ്റിയിലായിരുന്നു. ഏതോ ഒരു പേഷ്യന്റായിരിക്കുമെന്നേ കരുതിയുള്ളൂ. ചെന്നപ്പോഴാണ് അറിഞ്ഞത്.. ശ്വാസമെടുക്കാന്‍ പിടയുന്നത് അവളാണെന്ന്.. നിങ്ങള്‍ ഡോക്ടര്‍മാര്‍ക്ക് ഇനി യാതൊന്നും ചെയ്യാന്‍ പറ്റില്ലെന്ന്, അവളില്‍ പിടിപ്പിച്ചിട്ടുള്ള മെഷീനുകള്‍ എല്ലാം ഒന്നിച്ചു വിളിച്ചു പറയുന്നുണ്ടായിരുന്നു. അവളുടെ കൈയില്‍ തൊട്ടു നിന്ന ബാലുവിനെ ഒന്നു കണ്ണു തുറന്ന് നോക്കുക പോലും ചെയ്യാതെ അവള്‍ പോയി..

ഡ്രൈവ് ചെയ്യുന്നതിനിടയില്‍ അയാള്‍ വെറുതെ ഒന്നു ഞെട്ടി. അതെ , അവള്‍ പോയിക്കഴിഞ്ഞു. ഇനി ഈ ലോകത്തെവിടെ തിരഞ്ഞാലും എങ്ങനെ ചങ്കു തകര്‍ന്നു വിളിച്ചാലും അവള്‍ വരില്ല, വിളി കേള്‍ക്കില്ല.

ബാലുവിന്റെ കാര്‍ ചെന്ന് നിന്നത് അവളുടെ ഫ്‌ലാറ്റിനു മുന്നില്‍ തന്നെയായിരുന്നു. അയാള്‍ക്കത് വിചിത്രമായി തോന്നി. മിക്കവാറും വൈകുന്നേരങ്ങളില്‍ അയാള്‍ അവള്‍ക്കൊപ്പം സംസാരിച്ചിരുന്നിരുന്ന ഫ്‌ലാറ്റാണത്. അതറിയാമെന്ന പോലെയായിരുന്നു കാറ് കൃത്യമായി ഇവിടേക്ക് തന്നെ തിരിഞ്ഞത്.

ശീലം കൊണ്ട് സംഭവിച്ച അബദ്ധം.

അയാള്‍ പുറത്തിറങ്ങി സ്ലൈഡിംഗ് ജനലിനപ്പുറത്തു നിന്ന് ചാവി എടുത്ത് ഫ്‌ലാറ്റിന്റെ വാതില്‍ തുറന്നു.

എന്നത്തേയും പോലെ അയാളെ സ്വാഗതം ചെയ്തുകൊണ്ട് ചുവരില്‍ ആ ചിത്രമുണ്ടായിരുന്നു, മമ്മൂട്ടിയുടെ ജീവന്‍ തുളുമ്പുന്ന ചിത്രം. അയാള്‍ കുറച്ചു നേരം ആ ചിത്രത്തില്‍ സൂക്ഷിച്ചു നോക്കി

ഇപ്പോള്‍ യാതൊരു നാണവും കൂടാതെ ബാലു നെഞ്ചു പൊട്ടിക്കരഞ്ഞു.. കരഞ്ഞുകൊണ്ട് തന്നെ അയാള്‍ നിലത്ത് വിരിച്ചിരുന്ന കാര്‍പ്പറ്റിലേക്ക് കുഴഞ്ഞു വീണു..

കുറെ സമയം കടന്നു പോയപ്പോഴാണ് അയാള്‍ക്ക് യാഥാര്‍ഥ്യബോധമുണ്ടായത്.

ഇപ്പോള്‍ ബാലുവും അനാഥനായിരിക്കുന്നു. ആരുമില്ലാത്തവന്‍ ...

അയാളുടെ കണ്ണുകള്‍ വീണ്ടും മമ്മൂട്ടിയുടെ ചിത്രത്തില്‍ ചെന്നു മുട്ടി. ഫോണ്‍ ചെയ്ത് മമ്മൂട്ടിയെ അറിയിച്ചാലോ എന്നും ഒരു നിമിഷം തോന്നി.
' എന്തു താരരാജാവായിട്ടെന്താണ്.. ഇങ്ങനെ കുലീനമായ ഒരു സ്ത്രീ ജന്മം നിങ്ങളെ ഇത്രമേല്‍ സ്‌നേഹിച്ചിരുന്നുവെന്ന് ഒരിയ്ക്കല്‍ പോലും നിങ്ങളറിഞ്ഞില്ലല്ലോ.'

ബാലുവിന്റെ ചുണ്ടില്‍ ഒരു ഉണങ്ങിയ ചിരി വിരിഞ്ഞു.

മമ്മൂട്ടിയോട് ബാലു ഒരിയ്ക്കലും നേരിട്ട് സംസാരിച്ചിട്ടില്ല. അഡയാറിലുള്ള ഒരു ഡോക്ടര്‍ ഫ്രണ്ട് വഴി അയാളുടെ ഫോണ്‍ നമ്പര്‍ സംഘടിപ്പിച്ചതു തന്നെ അവള്‍ വിളിച്ച് സംസാരിക്കട്ടെ എന്ന് കരുതിയാണ്. അവളാണെങ്കില്‍ ഒരിയ്ക്കലും സംസാരിച്ചതുമില്ല.

അവള്‍ക്ക് മമ്മൂട്ടി എന്നും തൊട്ടടുത്തുണ്ടായിരുന്നു.

തന്റെ ആരുമല്ലാത്ത , തനിക്ക് നേരിട്ട് പരിചയമില്ലാത്ത, തികച്ചും നിറപ്പകിട്ടാര്‍ന്ന ഒരു ജീവിതമുള്ള ഒരാളെ ഇങ്ങനെ സ്‌നേഹിക്കാന്‍ പറ്റുമോ എന്ന് ബാലു ചോദിച്ചപ്പോള്‍ അവള്‍ പറഞ്ഞു.

' സ്വന്തമായാല്‍ മാത്രമേ സ്‌നേഹിക്കു എന്നതില്‍ ഒരു വലിയ സ്വാര്‍ഥതയില്ലേ... ഒന്നാലോചിച്ചു നോക്കു.'

ബാലുവിനു ഉത്തരം മുട്ടി.

അവള്‍ എന്നും അങ്ങനെയായിരുന്നു. അവള്‍ സ്‌നേഹിച്ചവരൊന്നും അവളുടെ ആരുമായിരുന്നില്ല. അല്ലെങ്കില്‍ അവളുടേത് എന്ന് ലേബലൊട്ടിച്ച് സ്‌നേഹിക്കാന്‍ അവള്‍ക്കാരുമുണ്ടായിരുന്നില്ല.

ബാലുവിനു മമ്മൂട്ടിയോട് എന്നും കഠിനമായ വെറുപ്പ് തോന്നീട്ടുണ്ട്. അയാളുടെ അഹന്ത, അയാള്‍ മറ്റുള്ളവരുടെ അവസരങ്ങള്‍ കളയുന്നത്, ആഡംബരം, കാപട്യം നിറഞ്ഞ രാഷ്ട്രീയ നിലപാടുകള്‍ , മുസ്ലിം എന്ന ഐഡന്റിറ്റി .... അയാളെപ്പറ്റി കിട്ടാവുന്ന ഇത്തരം നെഗറ്റീവ് വിവരങ്ങള്‍, വിമര്‍ശനങ്ങള്‍ ഒക്കെ ബാലു ഒരു തരം അടങ്ങാത്ത വാശിയോടെ അവള്‍ക്ക് പകര്‍ന്നു കൊടുത്തിട്ടുണ്ട്. അവള്‍ ഒരു കുലുക്കവുമില്ലാതെ അതെല്ലാം കേട്ടുകൊണ്ടിരിക്കും.

തിരിച്ചൊന്നും പറയാതെ..

മമ്മൂട്ടിയുടെ ചിത്രങ്ങളാണ് വീട് നിറയെ... എല്ലാറ്റിനും ജീവനുണ്ടെന്ന് തോന്നും. ആ വീട് മമ്മൂട്ടിയുടേതാണെന്നേ ആരും പറയൂ.

ഒരു ദിവസം ബാലു കളിയാക്കി.

'പുറം വാതിലില്‍ ഒരു സ്റ്റിക്കര്‍ പതിയ്ക്കു ... മമ്മൂട്ടി ഈ വീടിന്റെ ഐശ്വര്യമെന്ന് '

അവള്‍ ചിരിച്ചുകൊണ്ട് പറഞ്ഞു. ' അദ്ദേഹം എന്റെ ഐശ്വര്യമാണ്.'

ബാലുവിനു അനിയന്ത്രിതമായി കോപം വന്നു. സഹപ്രവര്‍ത്തകയാണ്. മിടുക്കിയായ കാര്‍ഡിയോളജിസ്റ്റാണ്. പഠിപ്പിക്കുന്ന കുട്ടികള്‍ക്കും ചികില്‍സിക്കുന്ന രോഗികള്‍ക്കും എല്ലാം വലിയ കാര്യമാണ്. കാണാന്‍ സുന്ദരിയുമാണ്. അമ്പതു വയസ്സായെന്ന് ആരും പറയില്ല. കൂടിപ്പോയാല്‍ ഒരു മുപ്പത്തഞ്ചു പറയും..

ഈയൊരു മമ്മൂട്ടി ഭ്രാന്തില്ലായിരുന്നെങ്കില്‍, അവള്‍ക്ക് പക്വതയില്ലെന്ന് , അവളില്‍ ഒരു പതിനേഴുകാരിയുടെ ചാപല്യമുണ്ടെന്ന് ബാലുവിനെ തോന്നീപ്പിച്ചിട്ടുള്ള ഒരേ ഒരു കാര്യമാണ് മമ്മൂട്ടിയോടുള്ള അവളുടെ അതിരു കവിഞ്ഞ ആരാധന. അന്ന് വല്ലാതെ ക്ഷുഭിതനായെന്നത് സത്യമാണ്.
അവള്‍ക്ക് ദേഷ്യമേ വന്നില്ല.

പകരം ചിരിച്ചുകൊണ്ട് മറുപടി തന്നു. ' ഞാന്‍ അദ്ദേഹത്തെ ആരാധിക്കുകയല്ല. ആത്മാര്‍ഥമായി സ്‌നേഹിക്കുന്നു ..'

വായില്‍ വന്നതൊക്കെ വിളിച്ചു കൂവി. നാല്‍പത്തഞ്ചുകാരനായ ഒരു സീനിയര്‍ ഡോക്ടര്‍ക്ക് പാടില്ലാത്ത വികാരവിക്ഷുബ്ധതയോടെ.. മമ്മൂട്ടിയുടെ തിന്മകള്‍ എന്ന് വായിച്ചും പറഞ്ഞും അറിഞ്ഞിട്ടുള്ളതെല്ലാം എണ്ണമിട്ട് എഴുന്നള്ളിച്ചു.

അസൂയയായിരുന്നു .. ഇപ്പോള്‍, ഇന്ന് അവളില്ലാതായ ഈ നിമിഷത്തില്‍ ഉറപ്പിച്ചു പറയാന്‍ കഴിയും അസൂയ മാത്രമായിരുന്നു കാരണം. എന്തിനുവേണ്ടിയെന്ന് അന്ന് മനസ്സിലായില്ല.. അല്ലെങ്കില്‍ മനസ്സിലാക്കാന്‍ ആഗ്രഹിച്ചില്ല.

എല്ലാം കഴിഞ്ഞ് വാക്കു കിട്ടാതെ കിതയ്ക്കുമ്പോള്‍ അവള്‍ തികച്ചും ശാന്തമായി പ്രതികരിച്ചു.' ഈ പ്രപഞ്ചത്തില്‍ മറ്റൊരാളാല്‍ സ്‌നേഹിക്കപ്പെടുന്നവരെല്ലാം തികഞ്ഞ നന്മ മാത്രമുള്ളവരാണോ ? പിന്നെ, ബാലുവിനു നേരിട്ട് പരിചയമുള്ള ഒരാളെപ്പറ്റിയാണോ ഇപ്പറഞ്ഞതൊക്കെയും ? '

ഉത്തരം മുട്ടിപ്പോയി.

അല്ലെന്ന് എത്ര പ്രാവശ്യം വേണമെങ്കിലും സമ്മതിച്ചല്ലേ കഴിയു.

അവള്‍ക്കൊപ്പം സമയം ചെലവാക്കുമ്പോള്‍ സ്വയം തെളിഞ്ഞു കാണുന്നതു മാതിരി തോന്നും. നല്ല പ്രകാശത്തില്‍ വെച്ച ഒരു കണ്ണാടിയിലേക്ക് നോക്കും പോലെ.. അത്ര വ്യക്തമായിരുന്നു. എങ്ങനെയാണ് മുന്‍വിധികളും അല്‍പത്തങ്ങളും നിസ്സാരതകളുമൊന്നും മനസ്സിനെയും ജീവിതത്തേയും ബാധിയ്ക്കാതെ .. അത്ര മേല്‍ സരളമായി അതും ഒരു സ്ത്രീയ്ക്ക് ജീവിക്കാന്‍ കഴിയുക? അല്‍ഭുതമായിരുന്നു ആദ്യമൊക്കെ.. പിന്നെപ്പിന്നെ മനസ്സിലായിത്തുടങ്ങി.

ഇങ്ങനെയാണ് ജീവിയ്‌ക്കേണ്ടത്..

മറച്ചു പിടിയ്ക്കാതെ.. ഞാന്‍ ഇതാ ഇങ്ങനെയാണ്. ...

അതില്‍ സ്ത്രീ പുരുഷന്‍ എന്നൊന്നുമില്ല.

അതുകൊണ്ട് കുറച്ച് കാലം കഴിഞ്ഞപ്പോള്‍ അവളെ കാണുമ്പോഴേ മമ്മൂട്ടിയെ കാണുന്ന മാതിരി തോന്നുമായിരുന്നു. അവള്‍ക്കൊപ്പം മമ്മൂട്ടിയുടെ പിറന്നാള്‍ ആഘോഷിച്ചു, അയാളുടെ മക്കളുടെ പിറന്നാളുകള്‍.. അയാളുടെ ജീവിതത്തിലെ പ്രധാനപ്പെട്ട ദിനങ്ങളെല്ലാം അവള്‍ക്കൊപ്പം ആഘോഷിച്ചു.

ചിലപ്പോള്‍ ചിരിക്കാന്‍ തോന്നും. എന്നാലും ആ ആത്മാര്‍ഥമായ സ്‌നേഹം, അസൂയ യോടെയെങ്കിലും ആഘോഷങ്ങള്‍ക്കായി അനാഥാലയങ്ങളിലേക്കും ചേരികളിലേക്കും ഒക്കെ അവള്‍ക്ക് ഒപ്പം പോകാന്‍ പ്രേരിപ്പിച്ചിരുന്നു. .

അവളുടെ എല്ലാമായ ഒരാളുടെ പിറന്നാളാണ് എന്ന ഭാവത്തിലാവും അവള്‍.

സ്വന്തമായതിനെ മാത്രം സ്‌നേഹിക്കുക എന്ന അതിസാധാരണമായ മനുഷ്യസ്വഭാവത്തിനെ അതിജീവിക്കാന്‍ അവള്‍ക്ക് സാധിച്ചത് മമ്മൂട്ടിയോടുള്ള സ്‌നേഹം കൊണ്ടാണെന്ന് അപ്പോഴൊക്കെ തോന്നിയിട്ടുമുണ്ട്. അല്ലെങ്കിലും ഒരു സാധാരണതകള്‍ക്കും വഴങ്ങുന്ന ഒരു ജീവിതമായിരുന്നില്ലല്ലോ അവളുടേത്. അതുകൊണ്ടു തന്നെ കുലീനത എന്ന വാക്കു കേള്‍ക്കുമ്പോള്‍ അവളെ മാത്രമേ ബാലുവിനു ഓര്‍മ്മിക്കാന്‍ കഴിയൂ.

അവള്‍ ഉറങ്ങാന്‍ കിടക്കുമ്പോള്‍ മമ്മൂട്ടി സംസാരിക്കുന്നുണ്ടാവും.. സിനിമയിലെ ഏതെങ്കിലും ഒരു രംഗത്തില്‍.. ഉണര്‍ന്നിരിക്കുമ്പോഴും ആ മുഴക്കമുള്ള ശബ്ദം വീട്ടില്‍ കേള്‍ക്കുന്നുണ്ടാവും.. ഒറ്റപ്പെട്ട അവളുടെ ജീവിതത്തിലെ കൂട്ട് അതായിരുന്നു.

ഒരു ദിവസം അസഹ്യതയോടെ പറഞ്ഞു. 'അയാളുടെ ഭാര്യയ്ക്ക് പോലും അയാളോടിത്ര ഇഷ്ടമുണ്ടാവില്ല.'

'എന്തിനാ ബാലൂ, ഈ അനാവശ്യ താരതമ്യം? ഇത് ബാലു ചെയ്യേണ്ടിയിരുന്നില്ല ' പതിഞ്ഞ ശബ്ദത്തിലായിരുന്നു മറുപടി.

നാണം കെട്ടു പോയി. തുടര്‍ന്നു വന്ന മൂന്നാലു ദിവസങ്ങളില്‍ അവളെ കാണാതെ എല്ലായിടത്തു നിന്നും പറ്റുന്ന വിധത്തിലൊക്കെ ഒഴിവായി.

ബാലൂ എന്നവള്‍ ഫോണ്‍ ചെയ്തപ്പോള്‍ പിന്നെ ആ പിണക്കം ... അതു തുടരാനും കഴിഞ്ഞില്ല.

അവള്‍ സ്വയം വിളിച്ചപ്പോഴും അല്‍ഭുതമായിരുന്നു തോന്നിയത്. മനസ്സിലാക്കാന്‍ പറ്റുന്നില്ലല്ലോ എന്ന വൈവശ്യവുമുണ്ടായി.

അങ്ങനെ അങ്ങനെ അതംഗീകരിച്ചു. അവള്‍ക്ക് മമ്മൂട്ടിയോടുള്ള സ്‌നേഹം.. അതൊഴിച്ചാല്‍ ഒരു കുറവും അവള്‍ക്കുണ്ടായിരുന്നില്ല.

വാതില്‍ക്കല്‍ ആരോ തട്ടുന്നതായി തോന്നി. ബാലു എണീറ്റു. കണ്ണും മുഖവും തുടച്ച് വാതില്‍ തുറന്നു.

കാര്‍ഡിയോളജിയിലെ അറ്റന്‍ഡറാണ്. അയാളുടെ കൈയില്‍ അവളുടെ ഹാന്‍ ഡ് ബാഗുണ്ടായിരുന്നു.

'സാര്‍.. ഇത്.. '

അയാളുടേയും ശബ്ദം ചിലമ്പിയിട്ടുണ്ട്.

ബാലു നിശ്ശബ്ദനായി ബാഗ് കൈപ്പറ്റി. പിന്നെ തിരിച്ചും മറിച്ചും നോക്കി. അറ്റന്‍ഡര്‍ മടങ്ങിപ്പോയപ്പോള്‍ ആ ബാഗ് അയാള്‍ നെഞ്ചോട് ചേര്‍ത്തു.

തേങ്ങലൊതുക്കിയാണ് അയാള്‍ അതു തുറന്നത്. ഒന്നുമുണ്ടായിരുന്നില്ല.. ഒരു സ്റ്റെത്ത്, അന്‍ പതിന്റെയും പത്തിന്റേയും കുറച്ചു നോട്ടുകള്‍, കുറച്ചു ഒറ്റ രൂപാ നാണ്യങ്ങള്‍ .. പേന.. പിന്നെ ഒരു മമ്മൂട്ടിച്ചിത്രം.

തളര്‍ച്ചയോടെ അയാള്‍ അടുത്തു കണ്ട കസേരയിലിരുന്നു. അപ്പോഴാണ് തൊട്ടപ്പുറത്തെ കസേരയില്‍ അവള്‍ മടക്കിയിട്ടിരുന്ന സല്‍വാര്‍ കമ്മീസ് കണ്ടത്. രാവിലെ ഡ്രസ്സ് മാറ്റിയിട്ട് പോയതാവണം. അതിലൊന്നു തൊട്ടാലോ എന്ന് വിചാരിച്ചെങ്കിലും അയാള്‍ കൈ നീട്ടിയില്ല.

ദാഹിക്കുന്നുവെന്നും കുറച്ചു വെള്ളം കുടിക്കണമെന്നും തോന്നി ബാലുവിന്. ഫ്രിഡ്ജ് തുറക്കാന്‍ ചെന്നപ്പോഴാണ് , അടുക്കളയില്‍ അവള്‍ രാവിലെ ഉണ്ടാക്കിയ ഉപ്പുമാവിന്റെ ബാക്കി അടച്ചു വെച്ചിട്ടുണ്ടായിരുന്നു.

കണ്ണീരൊഴുക്കിക്കൊണ്ട് ബാലു ആ ഉപ്പുമാവ് കഴിച്ചു തീര്‍ത്തു. ഓരോ സ്പൂണ്‍ കഴിക്കുമ്പോഴും ഇനിയൊരിക്കലും അവളുണ്ടാക്കിയ ഭക്ഷണം കിട്ടുകയില്ലല്ലോ എന്നോര്‍ക്കുകയായിരുന്നു അയാള്‍.

ഭക്ഷണം മാത്രമോ? ആ ചിരി, സന്തോഷം, പ്രസന്നത, അവളുടെ വാക്കുകള്‍... എന്തെങ്കിലും ഒരു ചെറിയ അസുഖം വന്നാല്‍ പോലും കിട്ടുമായിരുന്ന ശ്രദ്ധ, ഉല്‍ക്കണ്ഠ...ബാലൂ എന്ന സ്‌നേഹമോലുന്ന വിളികള്‍..

ബാലുവിനു താങ്ങാന്‍ കഴിയാതെയായി. അവള്‍ മടക്കിയിട്ടിട്ട് പോയ സല്‍വാര്‍ കമ്മിസ് ഒരു മടിയും കൂടാതെ കൈയിലെടുത്ത് അതില്‍ മുഖമണച്ച് ബാലു മേശപ്പുറത്ത് തലവെച്ചു കിടന്നു..

മൂക്കില്‍ അവളുടെ മണം.. അവള്‍ ഉപയോഗിച്ചിരുന്ന കോളോണിന്റെ സുഗന്ധം..

എല്ലാം ബാലുവിന്റെ നഷ്ടങ്ങളാണ്. ബാലുവിന്റെ മാത്രം നഷ്ടങ്ങളാണ്.

പൊടുന്നനെയാണ് അയാള്‍ ഓര്‍മ്മിച്ചത്. ഇത് യൂണിവേഴ്‌സിറ്റിയുടെ
ഫ്‌ലാറ്റാണ്. അടുത്ത അലോട്ട്‌മെന്റില്‍ ഈ ഫ്‌ലാറ്റ് മറ്റാരുടേതെങ്കിലുമാവും.
അയാള്‍ക്ക് ഹൃദയം പൊട്ടുന്നതു പോലെ തോന്നി.

ഫ്‌ലാറ്റില്‍ കാര്യമായി ഒന്നുമില്ലെന്ന് അയാള്‍ക്കറിയാം. അവളുടെ കുറച്ചു വസ്ത്രങ്ങളും കുറച്ചു അടുക്കളപ്പാത്രങ്ങളും ...

ഓ! പിന്നെ മമ്മൂട്ടിച്ചിത്രങ്ങളും മമ്മൂട്ടിശ്ശബ്ദവും.

ജീവന്‍ തുളുമ്പുന്ന മമ്മൂട്ടിയുടെ ചിത്രത്തില്‍ നോക്കി അയാള്‍ പറഞ്ഞു.

'ഇവിടിങ്ങനെ തനിച്ചിരിക്കേണ്ട.... എന്റെ കൂടെ പോരൂ... ' ഒന്നു നിറുത്തീട്ട് അയാള്‍ തുടര്‍ന്നു... എനിക്കസൂയയും ദേഷ്യവുമൊന്നുമില്ല കേട്ടോ. കാരണം നിങ്ങള്‍ ഒരു നിര്‍ഭാഗ്യവാനാണ്. അവളുടെ സ്‌നേഹത്തെ ദൂരെ നിന്നു പോലും അറിയാന്‍ കഴിയാതെ പോയ നിര്‍ഭാഗ്യവാന്‍...

മമ്മൂട്ടിച്ചിത്രം എപ്പോഴുമെന്ന പോലെ ബാലുവിനെ നോക്കി ചിരിച്ചു...
അവള്‍ ചിരിക്കുന്നതു പോലെ തോന്നി ബാലുവിനു.

1 comment:

Muralee Mukundan , ബിലാത്തിപട്ടണം said...

ആരുമില്ലാത്തവര്‍ ഇല്ലാതാകുന്നത് എത്ര എളുപ്പത്തിലാണ് ...അല്ലെ