Sunday, July 29, 2018

ഉറുമ്പുകളുടെ പകര്‍ന്നാട്ടങ്ങള്‍



എത്ര തരം ഉറുമ്പുകളാണ് നമുക്കു ചുറ്റും.. എത്ര നിറങ്ങളിലും തരങ്ങളിലും പേരുകളിലുമാണ് അവര്‍ അറിയപ്പെടുന്നത്.

നെയ്യുറുമ്പ് മുതല്‍ കട്ടുറുമ്പ് വരെ ..

ചോണനുറുമ്പ് മുതല്‍ പുളിയുറുമ്പ് വരെ ..

അങ്ങനെ അങ്ങനെ അനവധി ജാതികളില്‍ ഉറുമ്പ് എന്ന മതത്തില്‍ പെട്ടവര്‍ എത്രയാണല്ലേ?

ഉറുമ്പിനെ കൊല്ലാന്‍ അനുവാദമുണ്ടായിരുന്നില്ല ചെറുപ്പത്തില്‍ … മഞ്ഞള്‍പ്പൊടി വിതറി ഓടിയ്ക്കാനേ പാടുള്ളൂ. ഗ്ലാസില്‍ മധുരമുള്ളതെന്തു കഴിച്ചാലും അത് അപ്പോള്‍ തന്നെ കഴുകി വെയ്ക്കണം. അതില്‍ ഉറുമ്പ് കയറി അതു മരിയ്ക്കാനിടയാക്കുന്നത് പാപവും തെറ്റുമാകുന്നു. എന്തിലെങ്കിലും ഉറുമ്പ് കയറിയാല്‍ അത് മുറത്തില്‍ പരത്തിയിട്ട് വെയിലത്ത് വെച്ച് ഉറുമ്പിനെ മെല്ലെ മെല്ലെ നുള്ളിക്കളയണം..

കാരണം ഉറുമ്പ് ദൈവസൃഷ്ടിയാകുന്നു. നമ്മെപ്പോലെ ഇവിടെ ജീവിയ്ക്കാന്‍ അവകാശമുള്ള ആള്‍. ഒരുറുമ്പ് കടിച്ചു എന്ന് പറഞ്ഞ് കരയാന്‍ ഒന്നുമില്ല.. കട്ടുറുമ്പ് കടിച്ചാല്‍ പോലും അല്‍പനേരത്തെ കട്ടു കഴപ്പേ ഉള്ളൂ. അതുകൊണ്ട് ഡി ഡി റ്റി എന്ന ഉറുമ്പ് പൊടി എല്ലാവരും ഉപയോഗിക്കുമ്പോഴും അമ്മീമ്മ ഉപയോഗിക്കാറില്ല. അന്നൊക്കെ അമ്മീമ്മയുടെ നിലപാടുകള്‍ വിചിത്രമായി അനുഭവപ്പെട്ടിരുന്നു. പക്ഷെ, ഇപ്പോഴതില്ല.

ഉറുമ്പ് എന്നതൊരു ഭീകരജീവിയാണെന്ന് ഞാനറിഞ്ഞത് അന്ധര്‍ക്കായി ഒരു കെട്ടിടം നിര്‍മ്മിക്കുമ്പോഴായിരുന്നു. അവര്‍ക്ക് അതിനെ കാണാന്‍ കഴിയില്ലല്ലോ. എത്ര വലുതായാലും ചെറുതായാലും. അതുകൊണ്ട് മുഴുവന്‍ കെട്ടിടത്തിന്‍റെയും തറപ്പൊക്കത്തില്‍ സദാ വെള്ളം നിറഞ്ഞുകിടക്കുന്ന ഒരു ചെറിയ കല്‍പ്പാത്തി പിടിപ്പിച്ചു. ആ വെള്ളം നീന്തിക്കടന്ന് ഉറുമ്പുകള്‍ ക്ക് ആ കെട്ടിടത്തില്‍ പ്രവേശിക്കാന്‍ കഴിയില്ല എന്നുറപ്പ് വരുത്തി.

എന്‍റെ അമ്മ ബോധശൂന്യയായി കിടക്കുമ്പോള്‍ വായില്‍ നിന്നും മറ്റും വന്നിരുന്ന കൊഴുത്ത സ്രവങ്ങളുടെ ഗന്ധം പിന്തുടര്‍ന്ന് ഉറുമ്പുകള്‍ കിടക്കയിലെത്താറുണ്ടായിരുന്നു. ഒരു ദിവസം അവ അമ്മയെ ഒത്തിരി ഇടങ്ങളില്‍ കടിക്കുകയും ചെയ്തു. മിണ്ടാനാവാത്ത അമ്മയ്ക്ക് ഞങ്ങള്‍ കാണും വരെ, അതെത്ര കുറച്ചു നേരമായാലും ശരി, ആ വേദന സഹിക്കേണ്ടി വന്നു. അന്നു ഞങ്ങള്‍ വല്ലാതെ തകര്‍ന്നു പോയി. ഇത്ര നിസ്സഹായയായി അമ്മയ്ക്ക് കിടക്കേണ്ടി വന്നല്ലോ എന്നോര്‍ത്ത് .... പിന്നെ കട്ടില്‍ക്കാല്‍ക്കല്‍ വെള്ളം നിറച്ച പിഞ്ഞാണങ്ങള്‍ വെച്ച് ഉറുമ്പുകളെ ഞങ്ങള്‍ തോല്‍പ്പിച്ചു.

ഇപ്പോള്‍ എന്‍റെ കൂട്ടുകാരന്‍റെ അമ്മ വീണ് പരിക്കു പറ്റി ആശുപത്രിയിലാണ്. ഭാഗ്യം കൊണ്ട് ഒടിവുകളൊന്നും ഉണ്ടായില്ല. എങ്കിലും മൂക്കിലെ ബ്ലീഡിംഗ് നിരീക്ഷണമാവശ്യമുള്ള വലിയ പ്രശ്നമാണ്. അമ്മയ്ക്ക് ഉറുമ്പ് കടിക്കുന്നുവെന്ന് പറയാനാവും..അപ്പോഴും പച്ചച്ചോരയുടെ ഗന്ധമറിഞ്ഞ് ഉറുമ്പുകള്‍ അമ്മയെ പിന്തുടരുന്നു.. ഞങ്ങള്‍ മാറി മാറി അവരെ നുള്ളിക്കളയുന്നു.

ഉറുമ്പുകള്‍ ഒരിയ്ക്കലും നിസ്സാരക്കാരല്ല... എത്ര വേണമെങ്കിലും വേദനിപ്പിക്കാന്‍ അവര്‍ക്കും കഴിയും..

No comments: