ഞങ്ങളുടെ സ്റ്റാറ്റസ് പൂര്‍ണമായും മാറിയിരിക്കുന്നു. ഇപ്പോള്‍ അമ്മീമ്മയും അച്ഛനും അമ്മയും ഇല്ലാത്ത ട്രിപ്പിള്‍ യത്തീമുകളാണ് ഞങ്ങള്‍.
ഇനി ക്രിസ്തുമസ്സ് ഞങ്ങള്‍ക്കെന്നും അമ്മയുടെ ദിവസമായിരിക്കും.. കാരുണ്യവാനായ കര്‍ത്താവ് ഞങ്ങളുടെ വീടിനെ സ്വന്തം ആലയമായിക്കരുതുകയും ആവശ്യങ്ങളില്‍ സഹായവും സങ്കടങ്ങളില്‍ സാന്ത്വനവും തരും. ആ ഉറപ്പുകൊണ്ടായിരിക്കണമല്ലോ അദ്ദേഹം സ്വന്തം പിറന്നാള്‍ ദിനത്തില്‍ തന്നെ ഞങ്ങളുടെ ഒരേയൊരു കവചകുണ്ഡലമായ അമ്മയെ ഞങ്ങളില്‍ നിന്ന് അകറ്റിക്കളഞ്ഞത്..
ഡിസംബര്‍ 24നു വൈകീട്ട് ലക്ഷ്മി ഹോസ്പിറ്റല്‍ വിട്ട് അമ്മ വരുമ്പോള്‍ ഇത്തവണയും പരിസരത്തില്‍ പാത്തും പതുങ്ങിയും കാത്തു നിന്ന കണ്ണും വായും ചെവിയുമില്ലാത്ത പിംഗളകേശിനിയെ പറ്റിച്ചു എന്ന് ഞങ്ങള്‍ കരുതി. എന്നാലവള് ഈ ഫ്ലാറ്റിലേക്ക് കയറി വന്നത് ഞങ്ങള്‍ കണ്ടിരുന്നില്ല. ഒരു ഡോക്ടറായിരുന്ന ഞങ്ങളുടെ അച്ഛന് അവളുടെ ഗന്ധത്തെ തിരിച്ചറിഞ്ഞു പറയാനുള്ള കഴിവുണ്ടായിരുന്നു. പല രോഗികളേയും കണ്ട് മടങ്ങി വരുമ്പോള്‍ 'ദെയര്‍ വാസ് ദ സ്മെല് …ദ സ്മെല് ഓഫ് ഡെത്ത് ' എന്ന് അച്ഛന് പറയുന്നത് ഞങ്ങള്‍ കേട്ടിട്ടുണ്ട്.
ക്രിസ്തുമസ്സിനു രാവിലെ അമ്മയ്ക്ക് പ്രഭാതഭക്ഷണവും മരുന്നും മൂക്കിലെ ട്യൂബിലൂടെ നല്കി. ക്രീം പുരട്ടിത്തിരുമ്മി തിളക്കം വരുത്തി. അമ്മയെ കെട്ടിപ്പിടിച്ചു കിടന്ന് 'മാനസനിളയില്‍ പൊന്നോളങ്ങള്‍ മഞ്ജീരധ്വനി മുഴക്കി' എന്ന നൌഷാദിന്റെ ഗാനം കേള്‍പ്പിച്ചു. ധ്വനി അമ്മയ്ക്കിഷ്ടപ്പെട്ട ഒരു സിനിമയായിരുന്നു. അതിലെ പ്രേം നസീറിന്റെ ഭാവഹാവാദികള്‍ അച്ഛനുണ്ടായിരുന്നതുകൊണ്ടാവാം . അച്ഛന്റെ അംഗീകാരമായിരുന്നു അമ്മ ജീവിതം മുഴുവന്‍ കൊതിച്ചിരുന്നത്. അത് ഒരു കാരണവശാലും കൊടുക്കുകയില്ലെന്ന് അച്ഛന് വാശിപിടിച്ചു. അമ്മയുടെ കഠിന പരിശ്രമങ്ങള്‍ക്കും അച്ഛന്റെ ദുര്‍വ്വാശിക്കുമിടയില്‍ കൊഴിഞ്ഞടര്‍ന്നത് ഞങ്ങളുടെ ജീവിതമായിരുന്നു.
പിന്നീട് ഉച്ചഭക്ഷണവും മരുന്നും നല്കി. അമ്മ അപ്പോഴെല്ലാം ആഴത്തില്‍ ശ്വാസമെടുത്തിരുന്നു. തുടര്‍ച്ചയായി മലവിസര്‍ജ്ജനം ചെയ്തുകൊണ്ടിരുന്നു. ഞങ്ങള്‍ അതെല്ലാം വൃത്തിയാക്കുകയും 'ഉം, അപ്പീട്ട് കളിക്യാണല്ലേ, വതി അതി പെത ' എന്ന് കളിപ്പിക്കുകയും അമ്മയെ കൊഞ്ചിക്കുകയും പുന്നാരിക്കുകയും അമിതാബ് ബച്ചന്റെ പാട്ടുകള്‍ കേള്‍പ്പിക്കുകയും ചെയ്തു. അതിനിടയിലാണ് നാലുമണി കഴിഞ്ഞ് പന്ത്രണ്ട് മിനിറ്റായപ്പോള്‍ ആഴത്തിലുള്ള ഒരു ശ്വാസത്തോടെ മനോജ്ഞമായ ആ വലിയ കണ്ണുകള്‍ അമ്മ അടച്ചത്. ഒരു പൂവ് കൂമ്പും പോലെ.. തൊട്ടാവാടിയില വാടുമ്പോലെ... വിളക്ക് പൊടുന്നനെ കെടും പോലെ.. ഉറക്കത്തില്‍ ഒരു സ്വപ്നത്തിലേക്ക് ഇറങ്ങി പോകുമ്പോലെ .. അത്രമേല്‍ സ്വാഭാവികമായി, ശാന്തമായി അമ്മ ഞങ്ങളെ വിട്ടുപിരിഞ്ഞു.
ഡോക്ടറുടെ മക്കളായ ഞങ്ങള്‍ അമ്മയുടെ കണ്ണുകള്‍ തുറന്നു നോക്കി. ആ കറുത്ത കൃഷ്ണമണി നിശ്ചലമായിരുന്നു. പള്‍സ് കിട്ടുന്നുണ്ടായിരുന്നില്ല. അനവധി വര്‍ഷക്കാലം നിരന്തരമായി താളമടിച്ച ആ ഹൃദയം മൌനമായിരുന്നു. ബി പി മെഷീന് എറര്‍ എന്നെഴുതിക്കാണിച്ചു. എന്നിട്ടും പ്രതീക്ഷ കൈവിടാതെ ഞങ്ങള്‍ ആംബുലന്‍സ് വിളിച്ചു. പോം പോം എന്ന് കരഞ്ഞ് വിളിച്ചുകൊണ്ട് അഞ്ചുമിനിറ്റില്‍ ലക്ഷ്മി ഹോസ്പിറ്റലില്‍ എത്തി. ഡോ തനൂജ് തന്നെയാണ് ഇ സി ജി നോക്കിയത്. ബ്രോട്ട് ഡെഡ് എന്ന് ഞങ്ങള്‍ക്ക് എഴുതി കിട്ടി.
അവയവദാനം ചെയ്യണമെന്ന് അമ്മ ആഗ്രഹിച്ചിരുന്നു. തോരാത്ത കണ്ണീരിലും ഞങ്ങള്‍ അത് ഡോക്ടറെ അറിയിക്കാതിരുന്നില്ല. കഴിഞ്ഞ ആറുമാസമായി എട്ടൊമ്പതു തവണ ഐ സി യൂവിലായിരുന്ന അമ്മ സഹിച്ച ബുദ്ധിമുട്ടുകള്‍ ശരിക്കും അറിയാമായിരുന്ന ഡോക്ടര്‍ അമ്മയെ ഇനി ഒന്നും ചെയ്യേണ്ട... അവര്‍ അത്രയും കഷ്ടപ്പെട്ടുകഴിഞ്ഞു.. ഒന്നും ആര്‍ക്കും കൊടുക്കേണ്ട എന്ന് ഞങ്ങളെ വിലക്കി. ഡോ തനൂജ് അമ്മയെ ഒരു രോഗി എന്നതിലേറെ അമ്മയായി തന്നെ കാണുകയായിരുന്നുവെന്ന് ഞങ്ങള്‍ക്കുറപ്പുണ്ട്.
ഞാനും അനുജത്തി റാണിയുമാണ് പോയിരുന്നത്. മറ്റാരും തന്നെ ഞങ്ങള്‍ക്കൊപ്പമുണ്ടായിരുന്നില്ല. ക്രിസ്തുമസ്സ് ആയതുകൊണ്ട് കടകളെല്ലാം ഒഴിവായിരുന്നു. കുറെ ബുദ്ധിമുട്ടിയെങ്കിലും അനിയത്തി ഒരു പുത്തന്‍ ഗൌണ്‍ വാങ്ങിക്കൊണ്ട് വന്നു. ആശുപത്രിയില്‍ നിന്ന് തന്നെ അമ്മയെ ഡ്രസ്സ് ചെയ്യിച്ച് ആംബുലന്‍സില്‍ തിരിച്ചു വരുമ്പോള്‍ സന്ധ്യ കഴിഞ്ഞിരുന്നു. അതുകൊണ്ട് ഫ്രീസര്‍ ശവപ്പെട്ടിയിലാക്കി വീട്ടില്‍ കിടത്തി. ഞങ്ങള്‍ ഉറങ്ങിയില്ല. അമ്മയുടെ ശരീരവും കുറച്ചു മണിക്കൂറുകള്‍ക്കുള്ളില്‍ കാണാതെയാകുമല്ലോ എന്നോര്‍ത്ത് ആധിപ്പെട്ടുകൊണ്ടിരുന്നു. ആ മുഖം നോക്കിക്കൊണ്ടിരുന്നു.
അമ്മയുടെ മകള്‍ എന്ന് എപ്പോഴും ഉറപ്പിച്ച് അവകാശപ്പെടുന്ന ചിംബ്ലു എന്ന പൌത്രി കരഞ്ഞില്ല.. പക്ഷെ, കരയുകയായിരുന്നു ഇതിലും ഭേദം. കഷണങ്ങളായി ഉടഞ്ഞു പോയി.കഴിഞ്ഞ ആറുമാസമായി രാത്രികളില്‍ ഉണര്‍ന്ന് അമ്മയുടെ മൂത്രം എടുത്തുകളയുകയും ഷുഗറും ബി പിയും ചെക് ചെയ്യുകയും ഇന്‍സുലിന്‍ കുത്തുകയും ആവശ്യമുണ്ടെങ്കില്‍ ഭക്ഷണം ട്യൂബിലൂടേ നല്‍കുകയും മലം എടുത്തുമാറ്റുകയുമൊക്കെ അവള് ചെയ്തിരുന്നു. സ്കൂള്‍ വിട്ട് വന്നിട്ടും അല്ലെങ്കില്‍ തോന്നുമ്പോഴൊക്കെയും അമ്മയെ കെട്ടിപ്പിടിച്ച് കിടക്കുന്നതും അമ്മയുടെ ചെവിയില്‍ പാട്ടുപാടുന്നതും കഥ പറയുന്നതുമൊക്കെ അവളുടെ പതിവുകളായിരുന്നു.
അവള് ഉറങ്ങുന്നില്ല. ആഹാരം കഴിക്കുന്നില്ല. ഞങ്ങള്‍ മൂന്നമ്മമ്മാര്‍ ഉണ്ടായിട്ടും ചിംബ്ലുവിന്റെ മനസ്സിലെ തീ കെടുന്നില്ല.
ഞങ്ങള്‍ക്ക് ബന്ധുക്കള്‍ അങ്ങനെ ഇല്ലല്ലോ. അതുകൊണ്ട് അധികമാരും വരാനുണ്ടായിരുന്നില്ല. എങ്കിലും എന്റെ കൂട്ടുകാരന്റെ അമ്മയും പെങ്ങളും അവളുടെ മകളും വന്നു ചേര്‍ന്നു. ബന്ധുക്കളായി വന്നവര്‍ പലരും തന്നെ വലിയൊരു ഉദാരത എന്ന മട്ടിലായിരുന്നു എത്തിയത്.. 'നിങ്ങള്‍ക്ക് ഒരു ആണ് തരിയില്ലേ കര്‍മ്മം ചെയ്യാന്‍? ഒന്നു ചോദിക്കട്ടെ, ഈ ഫ്ലാറ്റ് ആരുടേതാണ് ? 'അമ്മ പോട്ടെ... അമ്മ കടന്നു പോട്ടെ' എന്നായിരുന്നു പലരുടെയും സമാധാനിപ്പിക്കല്‍.. രോഗിണിയായ പ്രായമായ അമ്മ കടന്നു പോവുക തന്നെ വേണമല്ലോ.
ഞങ്ങളുടെ ജീവിതത്തില്‍ കടന്നുവന്ന പുരുഷന്മാര്ക്കും ഞങ്ങളിലൂടെ ഇറങ്ങി വന്ന പുരുഷന്മാര്ക്കും ഞങ്ങളല്ലാതെ വേറെയും അവകാശികളും അധികാരപ്പെട്ടവരും ഉണ്ട്. എന്റെ മോനെക്കൊണ്ട് കര്‍മ്മം ചെയ്യിക്കരുതെന്ന് അവര്‍ ശഠിക്കുന്നത് ആണ് തരിയെ പ്രസവിക്കാത്ത അമ്മയോടുള്ള വെല്ലുവിളി പോലെയായിരുന്നു. അധികാരപ്രകടനമായിരുന്നു. മോക്ഷം കിട്ടില്ലെന്ന ഭീഷണിപ്പെടുത്തലായിരുന്നു.
അവരൊക്കെ ആദ്യമേ അങ്ങനെ പറഞ്ഞുവെന്നേയുള്ളൂ. ഞങ്ങള്‍ ആരോടും അക്കാര്യം അഭ്യര്‍ഥിച്ചില്ല. ഞങ്ങളുടെ അമ്മയുടെ ശേഷക്രിയ ചെയ്യാന്‍ ഞങ്ങള്‍ മൂന്നുപേരെക്കാള്‍ യോഗ്യതയുള്ളവര്‍ ആരാണ്?
അതുകൊണ്ട് മൂത്ത മകളായ ഞാന്‍ തന്നെ എല്ലാം ചെയ്തു. ഔഭപമന്യഭഗോത്രമെന്ന അമ്മയുടെ ഗോത്രത്തെ ശിവഗോത്രമെന്നും രാജലക്ഷ്മിയെന്ന അമ്മയുടെ പേരിനെ വിജയലക്ഷ്മിയെന്നും ഥീപം, സായൂജ്ജ്യം എന്നുമൊക്കെ അതിഭയങ്കരമായി മലയാളം പറഞ്ഞ പുരോഹിതനോട് എനിക്ക് പലപ്പോഴും ദേഷ്യം തോന്നി. കണ്ണീരൊതുക്കിഒതുക്കി എന്റെ കണ്ണു മാത്രമല്ല മുഖം കൂടി പൊട്ടിത്തെറിയ്ക്കാന് പോവുന്നതു പോലെ ആയിത്തീര്‍ന്നു.
അമ്മയെ ചുമക്കുകയും ശ്മശാനത്തിലേക്ക് കൊണ്ടുപോവാന്‍ ആംബുലന്‍സില്‍ കയറ്റുകയും ചെയ്യുമ്പോള്‍ ഫ്ലാറ്റിലെ കെയര്‍ടേക്കര്‍മാരും സെക്യൂരിറ്റി ജീവനക്കാരും ഞങ്ങള്‍ക്കൊപ്പം വന്നു. ചിംബ്ലുവിന്റെ സഹപാഠികള്‍ എപ്പോഴും കൂടെ ഉണ്ടായിരുന്നു. എന്തു സഹായത്തിനും അവര്‍ തയാറായിരുന്നു.
ശ്മശാനത്തിലെ വെറും തറയില്‍ അമ്മയെ കിടത്തുമ്പോള്‍ എന്റെ നിയന്ത്രണമെല്ലാം തകര്‍ന്നു. ഞാന്‍ ഏങ്ങലടിച്ചു കരഞ്ഞുപോയി. അനിയത്തിമാരെ നോക്കാന്‍ പോലും എനിക്ക് ത്രാണിയുണ്ടായിരുന്നില്ല.
എന്റെ കൂട്ടുകാരനും സുഹൃത്തുക്കളായ ഷിബുവും സാജനും ദേവനും ജയ് ഗോപാലും ശ്മശാനത്തിലേക്കും വന്നിരുന്നു. പക്ഷെ, ആരുണ്ടായാലും നമ്മള് അമ്മയില്ലാത്തവരാകുന്നതിന്റെ സങ്കടം ഹൃദയം പിളര്‍ത്തുന്നതായിത്തീര്‍ന്നുവെന്നു മാത്രം .
അമ്മയെ അതികഠിനമായി വേദനിപ്പിക്കുകയും ഭയപ്പെടുത്തുകയും ചെയ്ത ഒരാള്‍ അവസാനനിമിഷം വന്ന് സ്റ്റ്രെച്ചര് പിടിക്കുകയും കാലു തൊട്ടു തൊഴുകയുമുണ്ടായി. കണ്ണീരുപ്പിട്ട ചില രക്തവൃത്തങ്ങള്‍ പൂര്‍ത്തിയാകുന്നത് അങ്ങനെയായിരിക്കുമെന്ന് ഞങ്ങള്‍ മക്കള്‍ തിരിച്ചറിഞ്ഞു.
പിന്നെ ചിരട്ടപ്പുറത്ത്, ചകിരിപ്പുറത്തേയ്ക്ക് അമ്മയുടെ തണുത്ത, അതീവമൃദുലമായ ദേഹത്തെ മാറ്റിക്കിടത്തി. പലരും എരിഞ്ഞു തീര്‍ന്ന ആ മുറി കറുത്ത് കരിപിടിച്ച് യമദേവന്റെ വാതില്‍മാടമായി പ്രത്യക്ഷപ്പെട്ടു. എന്നോട് അമ്മയുടെ മുഖം മൂടുവാന്‍ പറഞ്ഞു. എനിക്കത് ഹൃദയഭേദകമായി തോന്നി... പിന്നെ തെരുതെരെ എന്ന് വിറകടുക്കുകയും ആ കൂമ്പാരത്തില്‍ അമ്മയെ കാണാതാക്കുകയും ചെയ്തു. വെണ്ണ തോല്‍ക്കുമുടലുള്ള അമ്മയ്ക്ക് നോവുന്നുണ്ടാവില്ലേ എന്ന് ഓര്‍ത്ത് എന്റെ മനസ്സ് തകര്‍ന്നു. വിറകടുക്കി തീര്‍ന്നപ്പോള്‍ ശ്മശാനജീവനക്കാര്‍ എന്നോട് പുറം തിരിഞ്ഞു നില്ക്കാനാവശ്യപ്പെട്ടു. പുറകോട്ട് കൈ കെട്ടി വെക്കാന്‍ പറഞ്ഞു. എന്നിട്ട് കൈയില്‍ തീക്കൊള്ളി തന്നു. അത് ചിതയിലേക്ക് വെക്കുകയായിരുന്നു ഞാന്‍ ചെയ്യേണ്ടിയിരുന്നത്. പിന്നെ അഗ്നിദേവന്റെ എരിയുന്ന ആര്‍ത്തിയാണ് ഞാന്‍ കണ്ടത്..
എന്റെ കണ്ണുകളില്‍ നിന്ന് രക്തം കണ്ണീരായി ഒഴുകി വീണു. വസുവെന്ന കൂട്ടുകാരിയെ കെട്ടീപ്പിടിച്ച് ഞാന്‍ അത്യുച്ചത്തില്‍ തേങ്ങി. അനിയത്തിമാര് എന്നേക്കാള്‍ ഒതുക്കാന്‍ കഴിവുള്ളവരായിരുന്നു. എനിക്ക് നിയന്ത്രണമുണ്ടാവാന്‍ പിന്നെയും ഒട്ടു സമയമെടുത്തു.
പിറ്റേന്ന് എന്റെ അനിയത്തി പോയി ഒരു ഇരുമ്പ് കൊടില് കൊണ്ട് അസ്ഥിപെറുക്കുകയും കലശത്തിലാക്കുകയും ചെയ്തു.
ഇനിയും ജോലിയുണ്ട്... അസ്ഥി നിമജ്ജനം.. തര്‍പ്പണം.. ഹോമം.. ഗ്രേഖ്യം എന്ന് വിളിക്കുന്ന അടിയന്തിരം. അത് പതിമൂന്നാം ദിവസമാണ്.
അമ്മയുടെ ഒത്തിരി സാധനങ്ങള്‍, വീല്‍ ചെയര്‍, എയര്‍ബെഡ്, ഗ്ലൌസുകള്‍, അണ്ടര്‍പാഡുകള്‍, സുഗന്ധമുള്ള പേപ്പര്‍ തൂവാലകള്‍ , വാക്കിംഗ് സ്റ്റിക് അങ്ങനെ ഒത്തിരി സാധനങ്ങള്‍ കിടപ്പിലായിപ്പോയ അനാഥസ്ത്രീകളുടെ ഒരു ആലയത്തിനു നല്കി. അടിയന്തിരത്തിനു വേണ്ട സദ്യയും അവിടെ തന്നെയേ ചെയ്യുകയുള്ളൂ ..
ശൂന്യമായ നോട്ടത്തോടെ ഞങ്ങള്‍ മൂന്നു സ്ത്രീകള്‍ ഈ ഫ്ലാറ്റില്‍ കുത്തിയിരിക്കുന്നു. അമ്മയുടെ ചിത്രത്തിനു മുന്നില്‍ കെടാവിളക്ക് കത്തുന്നു. ഞങ്ങള്‍ പറ്റാവുന്നത്ര ഈശ്വരനാമങ്ങള്‍ ഉരുവിടുന്നു. ഞങ്ങള്‍ക്ക് അമ്മയുടെ മണം കിട്ടുന്നു. ആ ശബ്ദം കേള്‍ക്കാനാവുന്നു. രാത്രി ഉറങ്ങാതെ കിടക്കുമ്പോള്‍ അമ്മ തലോടുന്നതായി തോന്നുന്നു.
അമ്മയുടെ മകളായ പൌത്രി ഇപ്പോഴും ഉറങ്ങുന്നില്ല...ശരിക്ക് ആഹാരം കഴിക്കുന്നില്ല. കരയുന്നില്ല.
അമ്മയുടെ ശൂന്യത നികത്താന്‍ ഒരു ലോജിക്കും ഞങ്ങളെ സഹായിക്കുന്നില്ല.
1 comment:
എച്ച്മു.. അമ്മ കവചമായിതന്നെ ഇനിയും ഉണ്ടാവും
Post a Comment