Saturday, March 29, 2014

കുഞ്ഞ്. .... സ്നേഹം... അയാള്‍ .


https://www.facebook.com/echmu.kutty/posts/259839880861980

പെറ്റ് കിടക്കുന്ന സമയത്താണ്  പിന്നീട്  അവളെ കാണുവാൻ അയാള്‍  പോയത്.
അവളും ചോരക്കുഞ്ഞും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. കുഞ്ഞിന്റെ അച്ഛൻ പണിയ്ക്ക് ഇറങ്ങി  ക്കഴിഞ്ഞിരുന്നു.അയഞ്ഞ, ഹുക്കുകൾ തുറന്ന ബ്ലൌസിനു മീതെ ഒരു തോർത്തും പുതച്ച് വാതിൽക്കൽ വഴി മറഞ്ഞ് നിന്ന അവളെ അയാൾ ദഹിപ്പിക്കുന്ന വിധത്തില്‍ തുറിച്ചു നോക്കി.
നീ എന്തിനാ ഈപ്പണിയ്ക്ക് പോയത്?‘
അയാൾ പല്ലു കടിച്ചുകൊണ്ട് അമറി.
അവൾ ചിരിച്ചു, അതിൽ ഒരു വിജയിയുടെ അഹങ്കാരവും തോറ്റവനോടുള്ള ഒടുങ്ങാത്ത പരിഹാസവുമുണ്ടായിരുന്നുവെന്ന് അയാൾക്ക് തോന്നി.
നാണം കെട്ടവൾ.
കുഞ്ഞെവിടെ?‘ അയാൾ അല്പം മയത്തോടെ ചോദിച്ചു. അവൾ അതിവേഗം അകത്തേയ്ക്ക് പോയി, കുഞ്ഞിനേയും കൊണ്ട് തിരിച്ചു വന്നു.ചുവന്ന നിറമുള്ള കുഞ്ഞ്, ഒരു വലിയ എലിയുടെ വലുപ്പം മാത്രം. ഉറങ്ങുന്ന  കുഞ്ഞിനെ അയാൾ കണ്ണെടുക്കാതെ നോക്കി.
അവൾ മുഖം ചുളിച്ചു. ഇങ്ങനെ രാവ് പകലില്ലാണ്ട്  കള്ള് വലിച്ച് കേറ്റണോ? എന്തൊരു ചൂരാ.
അയാൾക്ക് കലി വന്നു.
നീ ഇപ്പോ എന്‍റെ ആരാ അത് ചോദിയ്ക്കാൻ?  എന്നാ ഞാനിത് കുടിച്ച് തൊടങ്ങ്യേന്ന് വേറാരു മറന്നാലും നീ  മറക്കരുത്. 
കഴിഞ്ഞതൊക്കെ കഴിഞ്ഞു. ഇനീം………..’ ഇപ്പോൾ അവളുടെ ശബ്ദം ഇടറിയിട്ടുണ്ട്.
അയാളുടെ കത്തുന്ന കണ്ണുകളിലേയ്ക്ക് നോക്കി അവൾ പിറുപിറുത്തു. ജീവിതം ഇങ്ങനെ ധൂർത്തടിച്ച് നശിപ്പിയ്ക്കരുത്.
അയാൾക്ക് പൊടുന്നനെ  അവളെ കൊല്ലണമെന്ന് തോന്നി. കോഴിയെ കൊല്ലുന്നതു പോലെ അവളുടെ  കഴുത്ത് പിരിച്ച് ഒടിക്കണം. ജീവന്‍ പിടയുമ്പോഴുള്ള ആ കാറിക്കരച്ചില്‍ യേശുദാസിന്‍റെ  പാട്ടു പോലെ ആസ്വദിക്കണം.  അവള്‍,  അവളാണ് പറയുന്നത്.  കഴിഞ്ഞ ഉല്‍സവക്കാലത്ത് ഒരു മുറത്തിലിട്ട്  പാറ്റി  അവള്‍  നിസ്സാരമാക്കി  ദൂരെക്കളഞ്ഞ അയാളുടെ ഈ  ജീവിതം ഇനിയും  നശിക്കാനും നശിപ്പിക്കാനും  ബാക്കിയുണ്ടത്രേ.
കുഞ്ഞ് ഞെട്ടിക്കരയാൻ തുടങ്ങിയപ്പോൾ അയാളുടെ തിളച്ചു പൊന്തിയ  ഞരമ്പുകൾ തളർന്നു. അതിന് മനസ്സിലായിരിയ്ക്കുമോ? അയാൾക്ക്  വർഷങ്ങളായി അവളോടുണ്ടായിരുന്നതിലുമധികം അടുപ്പവും ബന്ധവും ഈ കുറച്ച് നാൾക്കുള്ളിൽ അതിന് അവളോടുണ്ടായി കഴിഞ്ഞിരിയ്ക്കുന്നുവോ?
അയാൾ പെട്ടെന്നു കുനിഞ്ഞ് അതിന്റെ നെറ്റിയിൽ രണ്ട് പ്രാവശ്യം ചുംബിച്ചു.
എന്നിട്ട് ശാന്തനായി പറഞ്ഞു. കുഞ്ഞിന് പാലു കൊടുക്ക്.
അടുത്ത നിമിഷം അയാൾ പടി കടന്ന് പോയി.
പഠിപ്പിച്ച  ടീച്ചറുടെ വീട്ടിലേക്ക് ചെന്നു കയറുമ്പോള്‍ അയാള്‍ക്ക്  ബോധമുണ്ടായിരുന്നില്ല.  അയാളെ മദ്യം നാറിയിരുന്നു. ശതാവരി വള്ളികള്‍ പടര്‍ന്ന  മൂവാണ്ടന്‍മാവിന്‍റെ  തണലിലെ മണല്‍ത്തരികളിലേക്ക് അയാള്‍ വലിയ ശബ്ദത്തോടെ ഓക്കാനിച്ചു. മദ്യത്തില്‍ കുഴഞ്ഞ ആഹാരപദാര്‍ഥങ്ങളും  പിത്തനീരും അസഹനീയമായ ദുര്‍ഗന്ധത്തോടെ ടീച്ചറുടെ കാലുകളിലേക്ക് കവിഞ്ഞു വീണു. അടുത്ത നിമിഷം അഴിഞ്ഞു പോയ ഉടുമുണ്ടോടെ എന്തെല്ലാമോ പുലമ്പിക്കൊണ്ട് അയാളും...

ഒച്ചയും ബഹളവും കേട്ട്  ഞാനോടി വന്നപ്പോഴേക്കും അമ്മീമ്മയുടെ മുന്നില്‍ ഗോവിന്നനും പാറുക്കുട്ടിയും  എത്തിക്കഴിഞ്ഞിരുന്നു.  അഴിഞ്ഞ മുണ്ട് വാരിച്ചുറ്റി അയാളെ ഉടുപ്പിക്കുന്നതിനിടയില്‍ പാറുക്കുട്ടിയോടും അമ്മീമ്മയോടും അപ്പുറത്തേക്ക് പോയിക്കൊള്ളാന്‍ ഗോവിന്നന്‍ ഒച്ചയിട്ട്  ദേഷ്യപ്പെടുന്നുണ്ടായിരുന്നു. എങ്കിലും ആ ബഹളത്തില്‍  ആദ്യമായി പ്രായം തികഞ്ഞ  പുരുഷ നഗ്നത ഒരു മിന്നായം പോലെ ഞാന്‍ കാണുക തന്നെ ചെയ്തു. അതെന്നെ വല്ലാതെ പരിഭ്രാന്തയും സ്തബ്ധയുമാക്കി. അത്തരമൊരു ദൃശ്യത്തിനു വേണ്ട വളര്‍ച്ച  എനിക്കായിരുന്നില്ല.
വീട്  പൂര്‍ണമായും അസ്വസ്ഥമായിക്കഴിഞ്ഞിരുന്നു.
അഗാധമായ മയക്കത്തിലാണ്ടു കിടന്ന അയാളെ  നോക്കി  പാറുക്കുട്ടി പലവട്ടം  പല്ലു ഞെരിച്ചു. അവനൊരു നല്ല കോണകം ഉടുക്കായിരുന്നില്ലേന്നായിരുന്നു ഗോവിന്ദന്‍ പിറുപിറുത്തുകൊണ്ടിരുന്നത്.  ഏതോ ഒരു മഹാ ഭയങ്കരിയും ഹൃദയമില്ലാത്തവളുമായ  വിലാസിനിയെ പ്രാകുന്നതിലും തെറി വിളിക്കുന്നതിലും അവരിരുവരും  മല്‍സരിച്ചുകൊണ്ടിരുന്നു.   
അമ്മീമ്മയുടെ  കാല് എത്ര ഉരച്ചു കഴുകീട്ടും നാറ്റം  പോയില്ലെന്ന മട്ടില്‍  പാറുക്കുട്ടി മുഖം ചുളിക്കുന്നുണ്ടായിരുന്നു. പാറുക്കുട്ടിയെ പറഞ്ഞിട്ടും കാര്യമില്ല.  ആ വീട്ടില്‍ കയറിവന്ന ആദ്യത്തെ  മദ്യപാനിയായിരുന്നു അയാള്‍. അതിനു മുന്‍പോ  അതിനു ശേഷമോ അത്തരമൊരു കാര്യം  ആ വീട്ടില്‍ ഉണ്ടായിട്ടില്ല.  കനാലെന്നോ കൊട്ടുവടിയെന്നോ മറ്റോ  പേരുള്ള ഒരു മദ്യമാണയാള്‍ കുടിച്ചിരിക്കുന്നതെന്നും അയാളുടെ  കരളും കൂമ്പും അധികം വൈകാതെ വാടിപ്പോകുമെന്നും ഗോവിന്നന്‍ പ്രസ്താവിച്ചു.
വിലാസിനിയോട് ഗുരുവായൂരപ്പന്‍ ചോദിക്കാതിരിക്കില്ലെന്ന് പാറുക്കുട്ടി  നെഞ്ചത്ത്  കൈ വെച്ച് പ്രാകി. വെറുതേയൊന്നുമല്ല  ചോദിക്കുക. ...  എണ്ണിയെണ്ണി  കണക്കു പറഞ്ഞ്  ചോദിക്കും. ആണുങ്ങള്‍ക്ക്  പെണ്ണുങ്ങളെ  എപ്പോള്‍ വേണമെങ്കിലും എത്ര വേണമെങ്കിലും ഉപേക്ഷിക്കാം.   എന്നാല്‍ പെണ്ണുങ്ങള്‍ക്ക് ആണുങ്ങളെ ഉപേക്ഷിക്കാനുള്ള  അവകാശം ഗുരുവായൂരപ്പന്‍  കൊടുത്തിട്ടില്ലെന്ന്  പാറുക്കുട്ടി ഉറപ്പിച്ചു  പറഞ്ഞു.
 അങ്ങനെ  ചെയ്താ പെണ്ണിന്‍റെ  പാതിവര്‍ത്യം പോകും. അതു പോയാ പിന്നെ ജീവിച്ചിരുന്നിട്ട് കാര്യല്ല.
പാതിവര്‍ത്യം എന്തിനാ അടുപ്പിലിട്ട് ചുട്ടു തിന്നാനാ? കുട്ടി അതിന്‍റെ വര്‍ത്തമാനമൊന്നും കേക്കണ്ട... പാതിവര്‍ത്യാത്രേ ...  
ഗോവിന്നന്‍ അരിശപ്പെട്ടുകൊണ്ട് നീട്ടിത്തുപ്പി. തമ്മാമ്മിലുള്ള സ്നേഹമെന്നോ  മറ്റോ  പല്ലു ഞെരിച്ചുകൊണ്ട്  അയാള്‍ എന്തോ  പറഞ്ഞുവെങ്കിലും അതെനിക്ക് ഒട്ടും വ്യക്തമായില്ല.
അമ്മീമ്മ മൌനിയായിരുന്നു. അവര്‍ ഇടയ്ക്കിടെ മുറ്റത്ത് വീണുറങ്ങുന്ന  ആ മനുഷ്യനെ വരാന്തയില്‍  വന്നു നിന്ന് നോക്കിക്കൊണ്ടിരുന്നു. അമ്മീമ്മയുടെ  അസ്വാസ്ഥ്യം  തികച്ചും പ്രകടവുമായിരുന്നു.
സന്ധ്യയ്ക്ക് ശിവന്‍ കോവിലില്‍ നിന്ന്  ബ്രഹ്മമുരാരി സുരാര്‍ച്ചിത ലിംഗം  എന്ന ലിംഗാഷ്ടകം   എസ് പി ബാലസുബ്രഹ്മണ്യത്തിന്‍റെ  മധുരശബ്ദത്തില്‍   ഒഴുകിത്തുടങ്ങിയപ്പോള്‍ അതുവരെ മരിച്ചതു പോലെ  കിടന്ന ആ  ശരീരത്തില്‍ ഒരു  അനക്കമുണ്ടായി.
അടുത്ത നിമിഷം അയാള്‍  തല കുനിച്ചു പിടിച്ചു എണീറ്റിരുന്നു.
കാണിച്ചതൊന്നും ഓര്‍മ്മല്യാന്ന് പറയാനാണോ തലേം കുമ്പിട്ട്  കല്യാണപ്പെണ്ണിനെപ്പോലെ  ഇങ്ങനെ ഇരിക്കണത്?’ 
വെറുപ്പ് തേട്ടുന്ന ആ ചോദ്യം പാറുക്കുട്ടിയുടെ വക.
ഞാന്‍  പുറത്തേക്ക് വരാന്‍  അല്‍പം  ഭയന്നു.  എന്നെ  ഭയപ്പെടുത്തിയ  അസ്വസ്ഥയാക്കിയ  ഒരു വല്ലാത്ത   ദൃശ്യത്തിന്‍റെ ഉടമസ്ഥനാണല്ലോ എന്തായാലും അയാള്‍..
പാറുക്കുട്ടിയുടെ ആ  ഒരു ചോദ്യം മാത്രമേ കേട്ടുള്ളൂ. പിന്നെ  കുറച്ചു  സമയം നിശ്ശബ്ദതയായിരുന്നു. ഞാന്‍  പഠിക്കാനിരിക്കുന്ന  മുറിയുടെ ജനലിലൂടെ പാളി  നോക്കിയപ്പോള്‍  കണ്ടത്...  കുമ്പിട്ടിരുന്ന്  കഞ്ഞി കുടിക്കുന്ന അയാളെയും  ഇടത്തും വലത്തുമായി  അതും നോക്കിയിരിക്കുന്ന  ഗോവിന്നനെയും അമ്മീമ്മയെയുമാണ്.
ചുട്ട അടി കൊടുക്കണം. പുളിവാറല് എടുത്ത്  വീശി ചന്തി പൊളിക്കണം. അല്ലാണ്ട് കഞ്ഞീം പപ്പടോം മെഴുക്കു പെരട്ടീം വെളമ്പി സല്‍ക്കരിക്ക്യല്ല. അമര്‍ഷം  ചീറ്റുന്ന ശബ്ദം കേട്ടപ്പോഴാണ്  പാറുക്കുട്ടിയും എന്‍റെ സമീപം വന്നു നിന്ന്  ആ രംഗം വീക്ഷിക്കുന്നുണ്ടെന്ന്  ഞാനറിഞ്ഞത്. മദ്യപിക്കുന്നവരോട് വെറുപ്പും വിദ്വേഷവും കലര്‍ന്ന  യാതൊരു  ക്ഷമാപണത്തിനും ഒരുക്കമല്ലാത്ത ഒരു  തരം  പകയായിരുന്നു പാറുക്കുട്ടിയുടെ  മനസ്സില്‍ എന്നുമുണ്ടായിരുന്നത്. മദ്യത്തിനടിമയായതുകൊണ്ടാണ് തികഞ്ഞ പാതിവ്രത്യമുണ്ടായിട്ടും  തന്നെ ഭര്‍ത്താവ് ഉപേക്ഷിച്ചു പോയതെന്ന് കരുതുന്ന  ഒരു പാവം  ഗ്രാമീണയായിരുന്നു  പാറുക്കുട്ടി. ആ നശിച്ച കള്ളുകുടിയാണ് ഒക്കേറ്റ്നും ഹേതു  എന്ന് പാറുക്കുട്ടി പലപ്പോഴും സ്വന്തം ജീവിതത്തെ ഓര്‍ത്ത് കണ്ണമര്‍ത്തിത്തുടക്കുമായിരുന്നു.
അയാള്‍ എന്തൊക്കേയോ പറയുന്നുണ്ടെന്ന്  തോന്നിയപ്പോള്‍  ഞാന്‍ ചെവി വട്ടം പിടിച്ചു. അമ്മീമ്മ കാണാത്ത വിധത്തില്‍ കഴിയുന്നത്ര ശരീരം ചുവരിനോട്  ചേര്‍ത്തൊതുക്കി കണ്ണുകളേയും കാതുകളേയും മുഖത്തു  നിന്നും പുറത്തേക്ക്  വലിച്ചെടുത്തും  ഉമ്മറത്തേക്ക്  നീട്ടിപ്പിടിച്ചും ഞാന്‍  പഠിക്കുന്ന മുറിയില്‍ പതുങ്ങി നിന്നു.
അയാള്‍  പതുക്കെപ്പതുക്കെ കഞ്ഞികുടിക്കുകയും ഒപ്പം കരയുകയുമായിരുന്നു. ഗോവിന്നനും അമ്മീമ്മയും നിര്‍ലോഭം പോട്ടെ.. പോട്ടെ..  സാരല്യാ  എന്ന് പറയുന്നതൊന്നും അയാള്‍ ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല. അമ്മീമ്മ അയാളെ ഒരുപാട് സമാധാനിപ്പിക്കുന്നുണ്ടെന്ന് എനിക്ക് മനസ്സിലായി..
അതിനതിനു  അയാളുടെ സങ്കടം കൂടുകയാണ്..
എന്‍റെ ജീവന്‍ അവളാന്ന് വിചാരിച്ചവനാ ഞാന്‍   എന്ന് പറഞ്ഞപ്പോള്‍  അയാള്‍ പൊട്ടിപ്പോവുന്നത്  ഞാന്‍  കണ്ടു. എന്തുകൊണ്ടോ  ആ വാക്കുകള്‍,  ഹൃദയം  തകരുന്ന വിധത്തിലുള്ള വേദനയോടെ അയാള്‍ ഉച്ചരിച്ച ആ വാക്കുകള്‍  ഇന്നും എനിക്ക് മറക്കാന്‍ കഴിഞ്ഞിട്ടില്ല. കണ്ണീരൊഴുകുന്ന ആ  ക്ഷീണിച്ച മുഖവും.
എന്നിട്ട്  ഈ കൈ കൊണ്ട്  അവളെ കൊല്ലണന്ന് വിചാരിച്ചതും ഞാന്‍  തന്ന്യാ... ആ കുഞ്ഞ്  കരഞ്ഞില്ലെങ്കി ഇന്ന് ഞാനൊരു  കൊലപാതകിയാവാരുന്ന്.. എത്ര മോഹിച്ചതാ.. അവളെ... ഞങ്ങള്‍ക്കണ്ടാവണ ഒരു കുഞ്ഞിനെ... എന്നിട്ട്  ഇന്ന്.. എനിക്ക് അവളുടെ ആ ചിരി  സഹിക്കാന്‍ കഴിഞ്ഞില്ല.... കഴിഞ്ഞതൊന്നും മറക്കാനും കഴിയണില്ല.
ഞാനൊരു കള്ളുകുടിയാനാന്ന് എന്‍റെ  ടീച്ചറ് വിചാരിക്കരുത്... ഞാന്‍  മര്യാദയില്ലോത്തനല്ല .. 
മനുഷ്യര് കൊന്നു പോണതാ  അല്ലേ.. അറിയാണ്ട്...അല്ലേ ടീച്ചറെ... 
സന്ധ്യയുടെ  മഞ്ഞവെളിച്ചത്തിനു  മീതെ  അയാളുടെ  സങ്കടം കൊണ്ട് ചിലമ്പിച്ച ശബ്ദം  ഒരു തേങ്ങലായി പടര്‍ന്നു.  പാറുക്കുട്ടിയുടെ കണ്ണുകള്‍  കുതിച്ചൊഴുകുന്നത്  തല  തിരിക്കാതെ തന്നെ എനിക്കു കാണാമായിരുന്നു.

Thursday, March 27, 2014

എഴുപത്തഞ്ചു വര്‍ഷം നിരന്തരമായി എഴുതുകയായിരുന്നു... അദ്ദേഹം


https://www.facebook.com/echmu.kutty/posts/257470827765552

(ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്തത്. )

ഇന്‍ഡ്യാ പാക് വിഭജനമെന്ന കൊടും ക്രൂരത  നേരില്‍ അനുഭവിച്ച ഒരാളാണ് ഖുശ്വന്ത് സിംഗ്. ശ്രീ ഭീഷ്മ സാഹ്നിയുടെ തമസ്സിനോടൊപ്പം ഒരുപക്ഷെ,  അതിലുമധികം ആധികാരികതയോടെ വായിക്കപ്പെട്ട  ട്രെയിന്‍ ടു പാകിസ്ഥാന്‍ എന്ന പുസ്തകം എഴുതാന്‍  ഖുശ് വന്ത് സിംഗിനെ പ്രാപ്തനാക്കിയതില്‍ ഈ  അനുഭവങ്ങള്‍ക്ക് വലിയ  പങ്കുണ്ട്.  ദില്ലിയിലെ പ്രത്യേകിച്ചും ലുട്ട്യന്‍സും  ഹെര്‍ബെര്‍ട്ട് ബേക്കറും ഡിസൈന്‍  ചെയ്തു നിര്‍മ്മിച്ച ന്യൂഡല്‍ഹിയുടെ  സിവില്‍  കോണ്‍ ട്രാക് ടര്‍ ഖുശ്വന്ത്  സിംഗിന്‍റെ  അച്ഛന്‍ ശോഭാസിംഗും മുത്തച്ഛന്‍ സുജാന്‍ സിംഗും  ആയിരുന്നു. സുജാന്‍  സിംഗിന്‍റെ സ്മരണാര്‍ഥം  പേരിട്ട സുജാന്‍ സിംഗ് പാര്‍ക്കിലാണ്, മുത്തച്ഛന്‍ പണിത  ആ വീട്ടിലാണ്  ഖുശ്വന്ത് സിംഗ് ജീവിതകാലമത്രയും പാര്‍ത്തത്.  

മുപ്പതു നോവലുകള്‍ , അനവധി കഥാസമാഹാരങ്ങള്‍, ഒട്ടനവധി ലേഖനങ്ങള്‍ ഇവയെല്ലാം ഖുശ് വന്ത് സിംഗ് എഴുതീട്ടുണ്ട്.  ട്രെയിന്‍ ടു പാകിസ്ഥാന്‍, ഡല്‍ഹി, ഐ ഷാല്‍ നോട്ട് ഹിയര്‍ ദ നൈറ്റിംഗേല്‍, ദ കമ്പനി ഓഫ് വിമന്‍, അഗ്നോസ്റ്റിക്  ഖുശ് വന്ത്, ദ ഗുഡ്    ബാഡ് ആന്‍ഡ്    റിഡിക്യുലസ്  ഇവയെല്ലാം അനവധി  വായനക്കാരെ ആകര്‍ഷിച്ച  പുസ്തകങ്ങളാണ്.

ഹിന്ദുസ്ഥാന്‍  ടൈംസ്, നാഷണല്‍ ഹെറാള്‍ഡ് എന്നീ പത്രങ്ങളുടേയും ഇലസ്ട്റേറ്റഡ് വീക് ലിയുടേയും പത്രാധിപര്‍ ഖുശ്വന്ത് സിംഗ് ആയിരുന്നു. പ്ലാനിംഗ് കമ്മീഷന്‍റെ  മുഖപ്രസിദ്ധീകരണമായ യോജന തുടങ്ങിയതും  അദ്ദേഹമായിരുന്നു. ഇന്ത്യയില്‍ ഏറ്റവും  കൂടുതല്‍  ആളുകള്‍ വായനക്കാരായി ഉണ്ടായിരുന്ന കോളമിസ്റ്റും അദ്ദേഹമല്ലാതെ മറ്റാരുമായിരുന്നില്ല. നിയമബിരുദധാരിയായ അദ്ദേഹത്തിന്‍റെ  വിത് മാലിസ് ടു വേര്‍ഡ്സ്  വണ്‍ ആന്‍ഡ് ഓള്‍ എന്ന കോളം ഇംഗ്ലീഷിലായിരുന്നു എഴുതപ്പെട്ടിരുന്നത്.. 

തികഞ്ഞ നാസ്തികനായിരുന്നു ഖുശ് വന്ത് സിംഗ്.  അദ്ദേഹം സിഖുകാരുടെ  ചരിത്രത്തെപ്പറ്റി എഴുതിയ  എ ഹിസ്റ്ററി ഓഫ്  സിഖ്സ് എന്ന രണ്ട്  ഭാഗങ്ങളുള്ള ചരിത്ര ഗ്രന്ഥം  ഈ വിഷയത്തില്‍ ഏറ്റവും  ആധികാരികവും  ഏതു  സാധാരണക്കാരനും വായിച്ചാല്‍  മനസ്സിലാകുന്നതുമാണ്. 

കവിതകള്‍ അദ്ദേഹത്തിനു ഒത്തിരി ഇഷ്ടമായിരുന്നു. സൂഫി സൂക്തങ്ങള്‍ അദ്ദേഹം എപ്പോഴും ഉപയോഗിച്ചു. ഇംഗ്ലീഷ്, ഉറുദു, ഗുരുമുഖി ഭാഷകളിലുള്ള അനവധി കവിതകള്‍ അദ്ദേഹത്തിനു മന: പാഠമായിരുന്നു. ഖുശ് വന്ത്  സിംഗ് ദില്ലിയിലെ സുജാന്‍സിംഗ് പാര്‍ക്കിലാണ് താമസിച്ചിരുന്നതെങ്കിലും  .   ഖുശ് വന്ത് സിംഗ്, ദില്ലി.  എന്ന മേല്‍ വിലാസം മാത്രം  മതിയായിരുന്നു അദ്ദേഹത്തിനു കത്തുകള്‍ ലഭിക്കാന്‍. ലോകത്തിന്‍റെ പല  ഭാഗത്തു നിന്നും  പലരും  അയക്കുന്ന  തമാശകളും നുള്ളു നുറുങ്ങുകളും സ്വന്തം കോളത്തില്‍ അയച്ച വ്യക്തിയുടെ  പേരും മേല്‍ വിലാസവും സഹിതം പ്രസിദ്ധീകരിച്ചിരുന്ന അസാധാരണ സത്യസന്ധനായിരുന്നു  ഖുശ് വന്ത്  സിംഗ്.  

പ്രകൃതിയെ  പരിരക്ഷിക്കേണ്ടതിനെപ്പറ്റി അദ്ദേഹം  കോളത്തില്‍  നിരന്തരം  ഉദ്ബോധിപ്പിച്ചു. എല്ലാ ത്തരം കാപട്യത്തേയും വഞ്ചനയേയും അന്ധവിശ്വാസങ്ങളേയും എപ്പോഴും നഖശിഖാന്തം  എതിര്‍ത്തു. അതീവ രൂക്ഷതയോടെ  പരിഹസിച്ചു.  മനുഷ്യത്വ വിരുദ്ധമായ സദാചാരത്തേയും  മതത്തേയും പരിഹസിക്കുന്നത്  അദ്ദേഹത്തിന്‍റെ  പതിവായിരുന്നു. സമയം എന്ന ഏറ്റവും വിലപിടിപ്പുള്ള  വസ്തുവിനെ പാഴാക്കുന്നത്  ഏറ്റവും  വലിയ  തെറ്റായി  അദ്ദേഹം കരുതി. നേരത്തെ സമയം  തീരുമാനിച്ച്   കൃത്യസമയത്ത്  ചെന്നില്ലെങ്കില്‍ അദ്ദേഹം ആരേയും  കാണാന്‍  കൂട്ടാക്കിയിരുന്നില്ല. ഒരിക്കല്‍  നേരം വൈകിച്ചെന്ന പ്രധാനമന്ത്രി രാജീവ്  ഗാന്ധിയെപ്പോലും അദ്ദേഹം  കാണാന്‍  വിസമ്മതിച്ചു.  ടെന്നീസ്  കളിച്ച്  ശരീരം  ഫിറ്റാക്കി  നിറുത്താന്‍  ഖുശ് വന്ത്  സിംഗ്  പ്ര യത്നിച്ചിരുന്നു.  എണ്‍പത്തിനാലു വയസ്സു  വരെ ദില്ലിയിലെ നിരത്തുകളില്‍ അദ്ദേഹം കാര്‍  സ്വയം ഓടിച്ചിരുന്നു. 

അടിയന്തിരാവസ്ഥക്കാലത്ത് മാധ്യമങ്ങള്‍ക്കേര്‍പ്പെടുത്തിയ  സെന്‍സര്‍ഷിപ്പിനെ  അദ്ദേഹം നിശിതമായി വിമര്‍ശിച്ചു.  1974ല്‍  പത്മഭൂഷണ്‍  കിട്ടിയ  ഖുശ് വന്ത്  സിംഗ്   1984 ല്‍  ഗവണ്‍മെന്‍റ്  നടത്തിയ  ബ്ലൂസ്റ്റാര്‍ ഓപ്പറേഷനില്‍ പ്രതിഷേധിച്ച്    ബഹുമതി  തിരികെ നല്‍കുകയായിരുന്നു. 

അതികഠിനമായി തെറ്റിദ്ധരിക്കപ്പെട്ട ഒരു  എഴുത്തുകാരനാണ് ഖുശ് വന്ത് സിംഗ്..

Tuesday, March 25, 2014

ഇതാ ഒരു പൂവ്..


https://www.facebook.com/echmu.kutty/posts/250283585150943

{ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത് }

ചിലപ്പോഴൊക്കെ, ചില ദിവസങ്ങളിലൊക്കെ കൂട്ടുകാരനോട് ഒരു വല്ലാത്ത സ്നേഹം  തോന്നും...പ്രണയം അതിന്‍റെ തീക്ഷ്ണതയില്‍ നിറഞ്ഞു തുളുമ്പും... ഈ പ്രപഞ്ചത്തിലെ ഏറ്റവും സുന്ദരന്‍, ഏറ്റവും നന്മയുള്ളവന്‍, ഏറ്റവും മിടുക്കന്‍ എന്‍റെ കൂട്ടുകാരനാണെന്ന് തോന്നും..ഒരുമിച്ച് ചെലവാക്കാനാകുന്ന നിമിഷങ്ങള്‍ക്കപ്പുറം വലുതായി പ്രധാനമായി, ഈ പ്രപഞ്ചത്തില്‍ മറ്റൊന്നുമില്ലാത്തത്രയും വലുതാണെന്ന് പ്രധാനമാണെന്ന് തോന്നും..  

ഇപ്പോ ദാ, അങ്ങനെ ഒരു ദിവസം..

മഹാനഗരത്തിലെ തിരക്കേറിയ ഐക്കൂട്ടപ്പെരുവഴിയിലാണ് കൂട്ടുകാരന്‍റെ ഓഫീസ്.അഞ്ചു നിരത്തുകളിലായി നൂറുകണക്കിനു വണ്ടികള്‍ പാഞ്ഞു പോകുന്നതിനിടയ്ക്ക് നിന്ന്, അതീവ പ്രാഗല്‍ഭ്യത്തോടെ വാഹനങ്ങള്‍ നിയന്ത്രിക്കുന്നത് വയസ്സനായ ഒരു  ട്രാഫിക് പോലീസുകാരനാണ്. രാവിലെ  ഒമ്പതുമണിക്കും രാത്രി ഒമ്പതു മണിക്കും അയാളവിടെ ഉണ്ടാകാറുണ്ട്. 

കഴിഞ്ഞ ദിവസങ്ങളിലൊന്നില്‍ ഞാനും കൂട്ടുകാരനും ഒന്നിച്ചായിരുന്നു ഓഫീസില്‍ നിന്നിറങ്ങി വന്നത്. ഞാന്‍ ഒരു യാത്ര കഴിഞ്ഞ് നെടുംകുത്തനെ വീട്ടില്‍ ചെന്നു കയറുന്നതിനു പകരം ഓഫീസിലേക്ക് പോയതാണ്. ഒറ്റയ്ക്ക് വീട്ടിലിരിക്കാനും  എനിക്കായി മാത്രം ഭക്ഷണമുണ്ടാക്കാനും ഒക്കെ ചിലപ്പോള്‍ വല്ലാതെ മടിയാകാറുണ്ട്. അത് അങ്ങനൊരു മടി ദിവസമായിരുന്നു എനിക്ക്. 

ഐക്കൂട്ടപ്പെരുവഴിയില്‍ നില്‍ക്കുന്ന പോലീസുകാരന് തണ്ടോട് കൂടിയ ഒരു റോസാപ്പൂവ് നീട്ടി... നിങ്ങള്‍ വളരെ  ഭംഗിയായി നിങ്ങളുടെ ജോലി ചെയ്യുന്നു. എന്‍റെ  അഭിനന്ദനങ്ങള്‍   എന്ന്  പറഞ്ഞത്  കേള്‍ക്കും വരെ  അതൊരു സാധാരണ ദിവസമായിരുന്നു. സത്യത്തില്‍ അപ്പോള്‍ മാത്രമാണ് ഞാന്‍ ആ പോലീസുകാരനെ ശ്രദ്ധിച്ചത്. 

ദൈന്യം കറുപ്പിച്ച അയാളുടെ  മുഖം  പെട്ടെന്ന് ദീപ്തമായി. എങ്കിലും  അയാളുടെ കണ്ണുകള്‍ നിറഞ്ഞുകവിഞ്ഞു.  

റോസാപ്പൂ വാങ്ങിക്കൊണ്ട് അയാള്‍  കൂട്ടുകാരനോട് പറഞ്ഞു.

വാഴ്ക്കയിലെ മുതല്‍ തടവേ.. നീങ്കള്‍  മട്ടും സാര്‍... വേറെയാരുമേ ഒരു നല്ല വാര്‍ത്തൈ  ശൊല്ലവില്ലൈ...
 
ജീവിതത്തിലാദ്യം കിട്ടിയ ആ അഭിനന്ദനത്തില്‍ അടിമുടി കുളിര്‍ന്നു പോയ പോലീസുകാരനെ ഞാന്‍ കണ്ണിമയ്ക്കാതെ നോക്കി.. 

അയാളെ അഭിനന്ദിക്കാന്‍ മനസ്സുവെച്ചവനോട് നിറഞ്ഞ  ആദരവും ബഹുമാനവും പ്രണയവും തോന്നി.