ചിലപ്പോഴൊക്കെ, ചില
ദിവസങ്ങളിലൊക്കെ കൂട്ടുകാരനോട് ഒരു വല്ലാത്ത സ്നേഹം തോന്നും...പ്രണയം അതിന്‍റെ തീക്ഷ്ണതയില്‍ നിറഞ്ഞു
തുളുമ്പും... ഈ പ്രപഞ്ചത്തിലെ ഏറ്റവും സുന്ദരന്‍, ഏറ്റവും
നന്മയുള്ളവന്‍, ഏറ്റവും മിടുക്കന്‍ എന്‍റെ കൂട്ടുകാരനാണെന്ന്
തോന്നും..ഒരുമിച്ച് ചെലവാക്കാനാകുന്ന നിമിഷങ്ങള്‍ക്കപ്പുറം വലുതായി പ്രധാനമായി, ഈ
പ്രപഞ്ചത്തില്‍ മറ്റൊന്നുമില്ലാത്തത്രയും വലുതാണെന്ന് പ്രധാനമാണെന്ന് തോന്നും..
ഇപ്പോ ദാ, അങ്ങനെ
ഒരു ദിവസം..
മഹാനഗരത്തിലെ തിരക്കേറിയ ഐക്കൂട്ടപ്പെരുവഴിയിലാണ് കൂട്ടുകാരന്‍റെ
ഓഫീസ്.അഞ്ചു നിരത്തുകളിലായി നൂറുകണക്കിനു വണ്ടികള്‍ പാഞ്ഞു പോകുന്നതിനിടയ്ക്ക്
നിന്ന്, അതീവ പ്രാഗല്‍ഭ്യത്തോടെ വാഹനങ്ങള്‍
നിയന്ത്രിക്കുന്നത് വയസ്സനായ ഒരു ട്രാഫിക്
പോലീസുകാരനാണ്. രാവിലെ ഒമ്പതുമണിക്കും
രാത്രി ഒമ്പതു മണിക്കും അയാളവിടെ ഉണ്ടാകാറുണ്ട്.
കഴിഞ്ഞ ദിവസങ്ങളിലൊന്നില്‍ ഞാനും കൂട്ടുകാരനും ഒന്നിച്ചായിരുന്നു
ഓഫീസില്‍ നിന്നിറങ്ങി വന്നത്. ഞാന്‍ ഒരു യാത്ര കഴിഞ്ഞ് നെടുംകുത്തനെ വീട്ടില്‍
ചെന്നു കയറുന്നതിനു പകരം ഓഫീസിലേക്ക് പോയതാണ്. ഒറ്റയ്ക്ക് വീട്ടിലിരിക്കാനും എനിക്കായി മാത്രം ഭക്ഷണമുണ്ടാക്കാനും ഒക്കെ ചിലപ്പോള്‍
വല്ലാതെ മടിയാകാറുണ്ട്. അത് അങ്ങനൊരു മടി ദിവസമായിരുന്നു എനിക്ക്.
ഐക്കൂട്ടപ്പെരുവഴിയില്‍ നില്‍ക്കുന്ന പോലീസുകാരന് തണ്ടോട് കൂടിയ
ഒരു റോസാപ്പൂവ് നീട്ടി... ‘നിങ്ങള്‍
വളരെ ഭംഗിയായി നിങ്ങളുടെ ജോലി ചെയ്യുന്നു.
എന്‍റെ അഭിനന്ദനങ്ങള്‍’ എന്ന്
പറഞ്ഞത് കേള്‍ക്കും വരെ അതൊരു സാധാരണ ദിവസമായിരുന്നു. സത്യത്തില്‍
അപ്പോള്‍ മാത്രമാണ് ഞാന്‍ ആ പോലീസുകാരനെ ശ്രദ്ധിച്ചത്.
ദൈന്യം കറുപ്പിച്ച അയാളുടെ
മുഖം പെട്ടെന്ന് ദീപ്തമായി.
എങ്കിലും അയാളുടെ കണ്ണുകള്‍ നിറഞ്ഞുകവിഞ്ഞു.
റോസാപ്പൂ വാങ്ങിക്കൊണ്ട് അയാള്‍
കൂട്ടുകാരനോട് പറഞ്ഞു.
‘വാഴ്ക്കയിലെ
മുതല്‍ തടവേ.. നീങ്കള്‍ മട്ടും സാര്‍...
വേറെയാരുമേ ഒരു നല്ല വാര്‍ത്തൈ
ശൊല്ലവില്ലൈ...’
ജീവിതത്തിലാദ്യം കിട്ടിയ ആ അഭിനന്ദനത്തില്‍ അടിമുടി കുളിര്‍ന്നു
പോയ പോലീസുകാരനെ ഞാന്‍ കണ്ണിമയ്ക്കാതെ നോക്കി..
അയാളെ അഭിനന്ദിക്കാന്‍ മനസ്സുവെച്ചവനോട് നിറഞ്ഞ ആദരവും ബഹുമാനവും പ്രണയവും തോന്നി.
12 comments:
നല്ല പൂവ്.
പ്രണയത്തിന്റെ ആഴം അളക്കുന്നത് ഇങ്ങനെയൊക്കെയായിരിക്കുമോ...?
നല്ല പൂവ്...!
കുറ്റം പറയാന്‍ നമുക്ക് വലിയ മിടുക്കാണ്.മികവിന് ഒരു നല്ല വാക്ക് പറയാന്‍ ഭയങ്കര മടിയും.
അയാളെ അഭിനന്ദിക്കാന്‍ മനസ്സുവെച്ചവനോട് നിറഞ്ഞ ആദരവും ബഹുമാനവും പ്രണയവും തോന്നി.... Natural.
Best wishes.
ആ മനസ്സിനെ എന്റെ ആദരവും, സ്നേഹവും അറിയിക്കുക ....
ചെയ്യുന്ന സത്കര്‍മ്മത്തിന് അഭിനന്ദനം ലഭിക്കുമ്പോഴാണ് നമുക്കു തോന്നുക,ഇതാദ്യമേ ചെയ്യേണ്ടതായിരുന്നുവെന്ന്.
എപ്പോഴും അങ്ങനെയായിരിക്കുമല്ലോ!!!
ഇപ്പോള്‍ ആദരവും,ബഹുമാനവും,സ്നേഹവും തോന്നി.
ആശംസകള്‍
ഈ പ്രണയം
വരുന്ന ഓരൊ വഴികളേ...!
ഈ കൂട്ടുകാരന്റെ ഐഡിയ ഞാനിത്
വരെ പരീക്ഷിച്ചിട്ടില്ല ,ഇനി ട്രൈ ചെയ്യാം ...!
ആദരവ് ..
പ്രിയ പ്രണയിനീ...എഴുത്ത് കലക്കി.ദാ..ഒരു പൂവ്...വാങ്ങൂ......
രണ്ടാമത് വായിക്കുമ്പോഴും പൂവ് പോലെ സുഗന്ധി
വായിച്ചും നല്ലവാക്കുകള്‍ പറഞ്ഞും പ്രോല്‍സാഹിപ്പിച്ച എല്ലാവര്‍ക്കും നന്ദി...സ്നേഹം.
എനിക്ക് ഖുശ് വന്ത് സിംഗ് എന്ന് പറയുമ്പോഴേ "ട്രെയിന്‍ ടു പാക്കിസ്ഥാന്‍" ആണ് മനസ്സില്‍ വരുക പിന്നെ ശ്രി .സക്കറിയ അദേഹമൊത്തുള്ള ഡല്‍ഹി അനുഭവങ്ങള്‍ പങ്കുവെചില്ലേ...അതും !എല്ലാംകൂടി നല്ലൊരു ഓര്‍മ്മയാണ് ഖുശ് വന്ത് സിംഗ് എനിക്ക് .
Post a Comment