Wednesday, March 19, 2014

ദൈവം മരിക്കുന്ന ദിവസം


https://www.facebook.com/echmu.kutty/posts/257103667802268

അമ്മീമ്മയും  എന്‍റെ അമ്മയും  സീമന്തരേഖയില്‍  സിന്ദൂരമണിഞ്ഞിരുന്നു.  അത്  അവരുടെ ചമയത്തിന്‍റെ ഒരു  അംശമായിരുന്നുവെന്നാണ്  ഞാന്‍  കരുതിപ്പോന്നത്.  അതില്‍  ഭര്‍ത്താവ്  ജീവിച്ചിരിക്കണമെന്ന അല്ലെങ്കില്‍    സാന്നിധ്യം  ചുറ്റുമുള്ളവര്‍ക്ക് കൂടി  ബോധ്യമാവണമെന്ന  അര്‍ഥം  കൂടിയുണ്ടെന്ന്  വിളിച്ചു  പറഞ്ഞ്,   പൊടുന്നനെ  ഒരു ദിവസം  കുത്തിത്തുളയ്ക്കുന്ന  പരിഹാസവുമായി  എന്നെ  വേദനിപ്പിച്ചത്  അയല്‍പക്കത്തെ  രവിയായിരുന്നു.
അമ്മീമ്മ  സിന്ദൂരമിടുവാന്‍  പാടില്ലെന്ന്  രവി  പ്രഖ്യാപിച്ചു,  അതിനുള്ള   വിവരം  അവന്  സ്വന്തം വീട്ടില്‍ നിന്ന് കിട്ടിയതാണ്. 
അതു പറയാന്‍  നീയാരാ  എന്ന് ചോദിച്ചുവെങ്കിലും എന്‍റെ ഒച്ചയ്ക്ക്  ഒട്ടും ഉറപ്പുണ്ടായിരുന്നില്ല.  കേള്‍ക്കുമ്പോള്‍ വല്ലാതെ  വേദനയുളവാക്കുന്നതെന്തെങ്കിലും  അവന്‍ എഴുന്നള്ളിക്കുമെന്ന്  എനിക്ക്  ഒരു ഉള്‍വിളിയുണ്ടായിരുന്നു. എന്‍റെ   അച്ഛനമ്മമാര്‍  തമ്മില്‍  ഇടയ്ക്കിടെ   അതിഘോരമായി വഴക്കുണ്ടാക്കുന്നതിനെപ്പറ്റിയും  അമ്മീമ്മയുടെ  വീടിനെക്കുറിച്ചുള്ള  അവസാനിക്കാത്ത   കോടതി കേസിനെപ്പറ്റിയും എന്‍റെയും  അനിയത്തിയുടെയും ഗതികേടു നിറഞ്ഞ   ജാതിയില്ലായ്മയെപ്പറ്റിയും ഒക്കെ  പരിഹസിച്ചു  പറയുന്നത്  അവന്‍റെ ഒരു  ശീലവും  നിശ്ശബ്ദയായി തലയും  കുമ്പിട്ട്  സങ്കടത്തോടെ  വീട്ടിലേക്ക് മടങ്ങുന്നത്  എന്‍റെ  പതിവും ആയിരുന്നു.
എവിടെയാ  ടീച്ചറുടെ  സാമി? അല്ലെങ്കി   എവിടെയാ കുട്ടീടെ പെരിയപ്പാവ്?’  അവന്‍  മുഖം ചുളിച്ചുകൊണ്ട് ചോദ്യങ്ങള്‍  തൊടുത്തു വിടാന്‍  തുടങ്ങി.
ആ സാമി ടീച്ചറെ വിട്ട് പോയിട്ട് കാലെത്ര്യായീന്നറിയോ ?  ചത്തു പോയിട്ട്ണ്ടാവും  അയാളിപ്പോ..  ടീച്ച്റുടെ മുട്യൊക്കെ നരച്ചില്ലേ  ... അപ്പോ ആ  സാമി ചത്ത്   പോയിട്ട്ണ്ടാവും. ടീച്ച്റേക്കാള്‍  കൊറെ വയസ്സ് കൂടുതലുണ്ടായിരുന്നു ആ സാമിക്ക്...  ടീച്ച്റെ കല്യാണം കഴിക്കുമ്പോ തന്നെ.  
കൈയിലുണ്ടായിരുന്ന കശുമാങ്ങ  കടിച്ചീമ്പിക്കൊണ്ട്  അവന്‍ വിധി  പറഞ്ഞു.  അതോണ്ട്  ടീച്ച്റ്  സിന്ദൂരം തൊടാനോ  പൊട്ടുകുത്താനോ പാടില്ല. അങ്ങനെ ചെയ്താല്‍  ദൈവം കോപിക്കും  
ഒരു കല്ലെടുത്ത്  നല്ല ഉന്നത്തില്‍  അവനെ   എറിയണമെന്ന്  എനിക്ക്  തോന്നി.  മുഖത്ത്  തന്നെ കൊള്ളണം.  മുഖം ചമ്മന്തിയാവണം. അസത്ത്.   എല്ലാം നേരിട്ട്  കണ്ട്  പരിചയമുള്ളതു പോലെയാണ്  ആ കോന്ത്രന്‍പല്ലന്‍റെ   വര്‍ത്തമാനം. അവന്  എന്നേക്കാള്‍  മൂന്നാലു വയസ്സിന്‍റെ  മൂപ്പേ ഉണ്ടാവൂ.  എന്നാലും  എന്തു പറയുന്നതും  ഇതുമാതിരിയാണ്..ഈപ്പറയുന്ന എല്ലാ  സംഭവങ്ങളും നടന്നത് അവന്‍റെ കണ്‍ മുന്നിലാണെന്ന മാതിരി.....  
നിനക്കെങ്ങന്യാ ഇതൊക്കെ  അറിയാ   എന്ന് ചോദിച്ചാല്‍ ഉടനെ വരും ഉത്തരം. ഞാന്‍ നമ്മടെ  വീട്ടീന്നറിഞ്ഞതാ. ...
ഹൌ! ഇങ്ങനെ  ഒരു വീട് !  വേറെ  ആര്‍ക്കും  ഉണ്ടാവില്ല .  എന്‍റെ  വീട്ടിലെ  എല്ലാ കാര്യങ്ങളും അറിയിച്ചുകൊടുക്കുന്ന അവന്‍റെ   ഒരു വീട്.
പിന്നെ  ദൈവത്തിന്‍റെ  കാര്യമാണെങ്കില്‍  പറയുകയും വേണ്ട. ഓര്‍മ്മ  വെച്ച  നാളു  മുതല്‍ തുടങ്ങിയതാണ്  ഇങ്ങനെ കളിയാക്കലുകളും പരിഹാസങ്ങളും  സങ്കടങ്ങളും  പേടികളും  മാത്രം  തരല്... വല്ലാത്ത   ഒരു ദൈവം...
  സ്വാമി എന്നെങ്കിലും  കടന്നു വന്ന് അമ്മീമ്മയെ  ഞങ്ങളില്‍ നിന്നകറ്റി മാറ്റുമോ എന്നോര്‍ത്ത്  ഞാനും അനിയത്തിയും  വല്ലാതെ  സങ്കടപ്പെട്ടിട്ടുണ്ട്,  പലപ്പോഴും.  സ്വാമിയുടെ മുഖച്ഛായ എന്തായിരിക്കുമെന്ന്,  എങ്ങനെയാവും  സ്വാമി    വീട്ടില്‍  താമസിക്കുന്നതെന്ന്  ഞങ്ങളുടെ മനസ്സ് ഉല്‍ക്കണ്ഠപ്പെട്ടിട്ടുണ്ട്.  എന്തായാലും  പെരിയപ്പാ എന്നൊന്നും ആ  സ്വാമിയെ  ഒരു കാലത്തും  വിളിക്കാന്‍ കഴിയില്ലെന്ന് ഞങ്ങള്‍ ആരും കേള്‍ക്കാതെ  പരസ്പരം മന്ത്രിച്ചിരുന്നു.

എല്ലാം ഒര്‍ത്തുകൊണ്ട്  ഞാന്‍ പതിവു  പോലെ തലയും കുമ്പിട്ട്  വീട്ടിലേക്ക്  നടന്നു.
അമ്മീമ്മയോട്  ഞാനൊന്നും  പറഞ്ഞില്ല.  പറയുന്നത്  ശരിയല്ലെന്ന്  എനിക്ക്  തോന്നി .  സീമന്ത രേഖയില്‍ ചാര്‍ത്തുന്ന സിന്ദൂരത്തിനു  പുറമേ , ആ സ്വാമി  കെട്ടിയ തിരുമംഗല്യവും ( താലി )   അമ്മീമ്മയുടെ കഴുത്തിലുണ്ടായിരുന്നു. സീതാ മാമിയേയും  സരളാ മാമിയേയും  പോലെ കുളികഴിഞ്ഞാല്‍   തിരുമംഗല്യത്തില്‍ പൊട്ടു  തൊടുവിക്കുകയോ  തിരുമംഗല്യമെടുത്ത്  ഭക്തിപൂര്‍വം കണ്ണില്‍ വെയ്ക്കുകയോ  ഒന്നും അമ്മീമ്മ  ഒരിക്കലും  ചെയ്തിരുന്നില്ല. സ്വാമി മരിച്ചു  പോയെങ്കില്‍  കുഞ്ചത്തയെയും  നാഗമാമിയേയും പോലെ  അമ്മീമ്മക്കും  തിരുമംഗല്യം  ഊരി മാറ്റേണ്ടതായി  വരുമെന്ന് എനിക്കറിയാമായിരുന്നു.
അങ്ങനെ  വല്ലാതെ അസ്വസ്ഥമായ  മനസ്സോടെ ഇക്കാര്യങ്ങളെല്ലാം  ഞാന്‍ എന്നില്‍ത്തന്നെ  ഒതുക്കിവെച്ചു.
വായനയുടെ അതിവിശാലമായ ലോകത്തേക്ക്  പ്രവേശിക്കുകയും സ്വന്തമായി  അഭിപ്രായങ്ങള്‍  രൂപപ്പെടാന്‍  തുടങ്ങുകയും ചെയ്തപ്പോള്‍  താലി  സിന്ദൂരം  എന്നു തുടങ്ങിയ ഏകപക്ഷീയമായ സൂചകങ്ങളെക്കുറിച്ച് ഞാന്‍ അസ്വസ്ഥയായി.  അനിയത്തിമാരോടും  ചില  സുഹൃത്തുക്കളോടും ഇമ്മാതിരി  സംശയങ്ങള്‍   ചര്‍ച്ച  ചെയ്യാന്‍ ശ്രമിച്ചു.
തിരുമംഗല്യത്തിലും  സിന്ദൂരത്തിലുമൊന്നും  യാതൊരു  കാര്യവുമില്ലെന്നും പരസ്പര സൌഹൃദമില്ലെങ്കില്‍  ഇതൊക്കെ  കനത്ത ചങ്ങലകളാണെന്നും ഉറപ്പിച്ചു പറയുമ്പോള്‍  എന്‍റെ  അനിയത്തിക്ക്  പതിനാറു  വയസ്സു  തികഞ്ഞിരുന്നില്ല.ഡോളി  എന്ന കൂട്ടുകാരി തിരുമംഗല്യത്തിലെ  അല്ലെങ്കില്‍  താലിയിലെ ലൈംഗികസാന്നിധ്യത്തെ   ലേശം  ഒരു  പരിഹാസത്തോടെ ചൂണ്ടിക്കാണിച്ചതും  അന്നു തന്നെയായിരുന്നു.  
എങ്കിലും അമ്മീമ്മയോട്  ഞാനൊന്നും  നേരിട്ട്  ചോദിച്ചില്ല.
പുരുഷന്  താലി  വേണ്ടേ സിന്ദൂരം വേണ്ടേ എന്നൊക്കെ ബാലിശമായി തുടങ്ങി ,  അല്‍പം  ചുറ്റി വളച്ചാണ്  ഇക്കാര്യത്തെപ്പറ്റി  അമ്മീമ്മയുമായി  സംസാരിക്കാന്‍  ഞാന്‍ തുനിഞ്ഞത്.  അമ്മീമ്മയുടെ മനസ്സിനെ നൊമ്പരപ്പെടുത്തുന്ന  ഒന്നും എന്‍റെ  നാവില്‍ നിന്ന്  വീണു പോകരുതെന്ന്   എനിക്ക്  ശാഠ്യമുണ്ടായിരുന്നു.
അമ്മീമ്മ  ചിരിച്ചു. 
  താലിയിലും സീമന്ത രേഖയിലെ സിന്ദൂരത്തിലുമൊന്നും  ആര്‍ക്കും ഒരു പങ്കുമില്ല. അതിലൊന്നും ഒരു കഥയുമില്ല. അതൊക്കെ  എന്‍റെ  അലങ്കാരങ്ങള്‍  മാത്രമാണ്. എന്‍റെ  പരിതാപകരമായിപ്പോയ അനാഥത്വത്തിന്‍റെ  ഓര്‍മ്മപ്പെടുത്തലുകള്‍.  വേട്ടാത്തിലെ ( വേളി  കഴിച്ചു കൊണ്ടു പോയ  മഠത്തില്‍ )  എന്നെ ആര്‍ക്കും  ആവശ്യമില്ലായിരുന്നു.  വിവാഹം ചെയ്തയച്ചതുകൊണ്ട്  പിറന്ന  വീട്ടിലും  എന്നെ  ആര്‍ക്കും വേണ്ടാതെയായി. ആരുമില്ലാതായ എനിക്ക്   പിന്നെ  ദൈവം  മാത്രമേ  ഉണ്ടായിരുന്നുള്ളൂ.  ദൈവം  മരിക്കുന്ന ദിവസം ഞാനീ അലങ്കാരമൊക്കെ അഴിച്ചുവെയ്ക്കും.  പുലയും വൈധവ്യവും  ആചരിക്കും..
ആ ശബ്ദത്തില്‍  ഒട്ടും  ഇടര്‍ച്ചയുണ്ടായിരുന്നില്ല.  
ദൈവം മരിക്കുന്ന  ദിവസം... അമ്മീമ്മയുടെ ജീവിതത്തില്‍  ഒരിക്കലുമുണ്ടായില്ലെങ്കിലും  അമ്മീമ്മ  ഇല്ലാതായ  ദിവസം  ഞങ്ങളുടെ   ജീവിതത്തില്‍  ദൈവം  മരിച്ചു. 

25 comments:

Echmukutty said...


അമ്മീമ്മക്കഥകള്‍ എന്ന പുസ്തകത്തില്‍ ഈ കഥ ചേര്‍ത്തിട്ടുണ്ട്...

വിനുവേട്ടന്‍ said...

തിരുമംഗല്യത്തിലും സിന്ദൂരത്തിലുമൊന്നും യാതൊരു കാര്യവുമില്ലെന്നും പരസ്പര സൌഹൃദമില്ലെങ്കില്‍ ഇതൊക്കെ കനത്ത ചങ്ങലകളാണെന്നും ഉറപ്പിച്ചു പറയുമ്പോള്‍ എന്‍റെ അനിയത്തിക്ക് പതിനാറു വയസ്സു തികഞ്ഞിരുന്നില്ല.

അതെ... യുക്തിസഹമായി ചിന്തിച്ചാൽ അത്രയേയുള്ളൂ കാര്യം... എല്ലാം ഒരു വിശ്വാസമല്ലേ... വിശ്വാസം മാത്രം...

Pradeep Kumar said...

ഓർമ്മകളെ കഥയാക്കിമാറ്റിയ മികവിന് പ്രണാമം...

വായിച്ചു മുന്നേറുമ്പോൾ ഇവിടെ കമന്റായി പറയണമെന്ന് എനിക്കു തോന്നിയ അതേ വാചകം തന്നെയാണ് അമ്മീമ്മ അവസാനം പറഞ്ഞ വരികളുടെ ആദ്യഭാഗം...

ശരിയാണ് എച്ചുമു കാണപ്പെട്ട ദൈവങ്ങൾ നമ്മുടെ ജീവിതത്തിൽ നിന്ന് മരിക്കുന്ന ദിവസം നമ്മുടെ ദൈവം മരിച്ചുപോവുന്നു....

Cv Thankappan said...

"അമ്മീമ്മ കഥകളില്‍" വായിച്ചിട്ടുണ്ട്.
ഹൃദയസ്പര്‍ശിയായ കഥ.
ആശംസകള്‍

റോസാപ്പൂക്കള്‍ said...

ഇത് അമ്മീമ്മക്കഥകളില്‍ വായിച്ചു എച്ചുമു ..
ഇനിയും അമ്മീമ്മയെക്കുറിച്ച് എന്തെങ്കിലും പൊട്ടും പൊടിയും ഓര്‍മ്മ വരുമ്പോള്‍ എഴുതണേ..

vettathan said...

ജീവിതം ശരിയായി കണ്ട ആ അമ്മീമ്മയാണ് യഥാര്‍ത്ഥ ഫിലോസഫര്‍

വീകെ said...

ബഹുഭൂരിപക്ഷം പേരിലും ദൈവം എന്നേ മരിച്ചു കഴിഞ്ഞിരിക്കുന്നു. ഇപ്പോൾ ചത്തതിനൊക്കുമേ ജീവിതം എന്നു പറയുന്നതു പോലെയല്ലെ.
ഒരർത്ഥവുമില്ലാത്ത അലങ്കാരങ്ങൾ തന്നെയാണ് താലിയും സിന്ദൂരവും.
ആശംസകൾ...

ഉദയപ്രഭന്‍ said...

അമ്മീമ്മക്കഥ ഇഷ്ടായി. ആശംസകള്‍

ഉദയപ്രഭന്‍ said...

അമ്മീമ്മക്കഥ ഇഷ്ടായി. ആശംസകള്‍

ഉദയപ്രഭന്‍ said...

അമ്മീമ്മക്കഥ ഇഷ്ടായി. ആശംസകള്‍

ഉദയപ്രഭന്‍ said...

അമ്മീമ്മക്കഥ ഇഷ്ടായി. ആശംസകള്‍

പട്ടേപ്പാടം റാംജി said...

അമ്മീമ്മ ഇല്ലാതായ ദിവസം ഞങ്ങളുടെ ജീവിതത്തില്‍ ദൈവം മരിച്ചു.

വായിച്ചിരുന്നു.

AnuRaj.Ks said...

Good grandma.....r

Unknown said...

അമ്മീമ്മയുടെ ഈ കഥ ഇപ്പോള്‍ വായിച്ചു. ഇഷ്ടം. പുസ്തകം വായിച്ചോളാം. ആശംസകള്‍

കുസുമം ആര്‍ പുന്നപ്ര said...

ഈ താലിയിലും സീമന്ത രേഖയിലെ സിന്ദൂരത്തിലുമൊന്നും ആര്‍ക്കും ഒരു പങ്കുമില്ല. അതിലൊന്നും ഒരു കഥയുമില്ല. അതൊക്കെ എന്‍റെ അലങ്കാരങ്ങള്‍ മാത്രമാണ്. എന്‍റെ പരിതാപകരമായിപ്പോയ അനാഥത്വത്തിന്‍റെ ഓര്‍മ്മപ്പെടുത്തലുകള്‍. വേട്ടാത്തിലെ ( വേളി കഴിച്ചു കൊണ്ടു പോയ മഠത്തില്‍ ) എന്നെ ആര്‍ക്കും ആവശ്യമില്ലായിരുന്നു. വിവാഹം ചെയ്തയച്ചതുകൊണ്ട് പിറന്ന വീട്ടിലും എന്നെ ആര്‍ക്കും വേണ്ടാതെയായി. ആരുമില്ലാതായ എനിക്ക് പിന്നെ ദൈവം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ദൈവം മരിക്കുന്ന ദിവസം ഞാനീ അലങ്കാരമൊക്കെ അഴിച്ചുവെയ്ക്കും. പുലയും വൈധവ്യവും ആചരിക്കും.. ‘
നല്ല കഥ

asrus irumbuzhi said...

അമ്മീമ്മ നൊമ്പരങ്ങള്‍ ...
ആശംസകളോടെ
@srus..

മിനി പി സി said...

ആചാരങ്ങള്‍ക്കപ്പുറവും ഇതിലൊക്കെ എന്തോ ഉണ്ടല്ലേ ....

Muralee Mukundan , ബിലാത്തിപട്ടണം said...

അമ്മീമ്മ റോക്കിങ്ങ് എഗ്യ്ൻ...
ഒരു "അമ്മീമ്മ കഥകളില്‍‘
നാട്ടിൽ വരുമ്പോൾ എനിക്ക്
കൈയ്യൊപ്പിട്ട് തന്നുകൊള്ളണം കേട്ടൊ എച്മു...
കാശ് പൌണ്ട് ആയിട്ടേ തരികയുള്ളൂ..!

Sudheer Das said...

"...ഒരു കല്ലെടുത്ത് നല്ല ഉന്നത്തില്‍ അവനെ എറിയണമെന്ന് എനിക്ക് തോന്നി. മുഖത്ത് തന്നെ കൊള്ളണം. മുഖം ചമ്മന്തിയാവണം. അസത്ത്...."

നിഷ്‌കളങ്കമായ ഹൃദയസ്പര്‍ശിയായ അവതരണശൈലി.

ajith said...

അമ്മീമ്മ!!!

ഫൈസല്‍ ബാബു said...

‘ ഈ താലിയിലും സീമന്ത രേഖയിലെ സിന്ദൂരത്തിലുമൊന്നും ആര്‍ക്കും ഒരു പങ്കുമില്ല. അതിലൊന്നും ഒരു കഥയുമില്ല. അതൊക്കെ എന്‍റെ അലങ്കാരങ്ങള്‍ മാത്രമാണ്. എന്‍റെ പരിതാപകരമായിപ്പോയ അനാഥത്വത്തിന്‍റെ ഓര്‍മ്മപ്പെടുത്തലുകള്‍. വേട്ടാത്തിലെ ( വേളി കഴിച്ചു കൊണ്ടു പോയ മഠത്തില്‍ ) എന്നെ ആര്‍ക്കും ആവശ്യമില്ലായിരുന്നു. വിവാഹം ചെയ്തയച്ചതുകൊണ്ട് പിറന്ന വീട്ടിലും എന്നെ ആര്‍ക്കും വേണ്ടാതെയായി. ആരുമില്ലാതായ എനിക്ക് പിന്നെ ദൈവം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ദൈവം മരിക്കുന്ന ദിവസം ഞാനീ അലങ്കാരമൊക്കെ അഴിച്ചുവെയ്ക്കും. പുലയും വൈധവ്യവും ആചരിക്കും.----- അമ്മീമ ഇപ്പോള്‍ വായനക്കാരുടെയും കൂടി ആവുന്നു .

Echmukutty said...

പോസ്റ്റിലൂടെ കടന്നു പോയ എല്ലാവരോടും നന്ദി ... സ്നേഹം..

Echmukutty said...

പോസ്റ്റിലൂടെ കടന്നു പോയ എല്ലാവരോടും നന്ദി ... സ്നേഹം..

kochumol(കുങ്കുമം) said...

അമ്മീമ്മയെ വായിച്ചിരുന്നു ...

the man to walk with said...

ഇഷ്ടായി വിശ്വാസങ്ങൾ സന്തോഷിക്കുവാൻ തന്നെയുള്ളതാണ്
ആശംസകൾ