Sunday, March 23, 2014

പെണ്‍ ജോലികള്‍


a

( കുടുംബമാധ്യമത്തിലെ സ്വകാര്യത്തില്‍ 2014 ഫെബ്രുവരി  28  ന്  പ്രസിദ്ധീകരിച്ചത് )

ഉത്തരേന്ത്യന്‍ വാസക്കാലത്താണ്..

ഒരു തോട്ടക്കാരന്‍ വരുമായിരുന്നു... അടുത്ത വീട്ടില്‍. അവിടെ നയനാനന്ദകരമായ ഒരു പൂന്തോട്ടമുണ്ട്.. അതിനെ പരിപാലിച്ചിരുന്നത് അയാളാണ്.. വലിയ വിദ്യാഭ്യാസമൊന്നുമില്ല. എങ്കിലും തോട്ടത്തിലെ ജോലികള്‍ അയാള്‍ ഒരുവിധം ഭംഗിയായി ചെയ്തിരുന്നു.
ഒരു ദിവസം അയാള്‍ അവിടത്തെ വീട്ടമ്മയോട് ഒച്ചവെച്ച് സംസാരിക്കുന്നത് കേട്ട് ഞാനൊന്നു എത്തി നോക്കി.

അയാള്‍ തോട്ടം നനച്ച്  ചളി ചവിട്ടിക്കയറ്റി വരാന്ത വൃത്തികേടാക്കിയിരുന്നു.. അവിടെ മൂലയിലിരുന്ന, നീണ്ട  വടിയുടെ അറ്റത്ത്  പിടിപ്പിച്ചിട്ടുള്ള മോഡേണ്‍ മോപ്പെടുത്ത് വരാന്ത ഒന്നു തുടച്ചേക്കാന്‍ വീട്ടമ്മ പറഞ്ഞു..

അയാള്‍ അലറി. 

'
ഈ പെണ്ണുങ്ങളെപ്പോലെ തറ തുടയ്ക്കുന്ന പണിയൊന്നും ഞാന്‍ ചെയ്യില്ല. കാരണം ഞാന്‍ ഒരു ആണാണ്..കാശുണ്ടെന്ന് കരുതി ഒരു പെണ്ണ് എന്നോട് തറ തുടയ്ക്കാന്‍ പറയാന്‍ പാടില്ല.. കാരണം ഞാന്‍ ഒരു ആണാണ്.'

അന്നു മുതല്‍ അയാള്‍ അവിടെ ജോലിക്കു വരാതായി.

പിന്നെ ദാ, കുറച്ച് നാള്‍ മുന്‍പ് കേരളത്തിലെ ഒരു സവര്‍ണ ഭവനം, ഞാന്‍ പതിവ് പോലെ കാഴ്ചക്കാരി , മൌനി.

അവരുടെ കാഴ്ചയില്‍ത്തന്നെ അതീവ സവര്‍ണനായ,  ഇംഗ്ലീഷ് പത്രമൊക്കെ  വായിക്കുന്ന ഡ്രൈവര്‍ അലറി... .' ഞാനൊരു  നായരാണ്... ആണൊരുത്തന്‍. എനിക്ക് ഗ്ലാസ് കഴുകേണ്ട ഗതികേടില്ല. അതൊക്കെ ബുദ്ധിയില്ലാത്ത പെണ്ണുങ്ങളുടെ പണിയാണ്. എന്‍ജിനീയറിംഗ് കോളേജില്‍ പ്രൊഫസറായതുകൊണ്ടൊന്നും കാര്യമില്ല, പെണ്ണുങ്ങള്‍ ആണുങ്ങളോട് പാത്രം കഴുകാന്‍ പറയരുത്. '

അവിടത്തെ വീട്ടമ്മ കേരളത്തിലെ പ്രശസ്തമായ ഒരു എന്‍ജിനീയറിംഗ് കോളേജില്‍ ഹെഡ് ഓഫ് ദി ഡിപ്പാര്‍ട്ട്മെന്‍റാണ്.

ഭര്‍ത്താവിന്‍റെ പിറന്നാള്‍ പ്രമാണിച്ച് അവര്‍ വീട്ടില്‍ പായസം വെച്ചു. ഡ്രൈവര്‍ക്കും ഒരു ഗ്ലാസ് പായസം കൊടുത്തു. ' പായസം കുടിച്ചിട്ട് ആ ഗ്ലാസ് ഒന്നു കഴുകി പോര്‍ച്ചിന്‍റെ ജനല്‍പ്പടിയില്‍ വെച്ചോളൂ , ഞാന്‍ അത് പിന്നെ എടുത്തോളാം ' എന്ന് പറഞ്ഞു അവര്‍ അകത്തേക്ക് പോകാന്‍ തുനിഞ്ഞു.

അപ്പോഴാണ് അയാള്‍ അലറിയത്.

അയാള്‍ പായസം കുടിക്കാതെ പോയി. പിന്നീട് അയാള്‍ അവിടെ ജോലിക്കു വന്നില്ല.

അതിപുരോഗമനം പറയുന്ന പല പുരുഷന്മാരും വീട്ടില്‍ അതിഥികളായി വരാറുണ്ടായിരുന്നു, ' ഞങ്ങള്‍ ഈ പ്ലേറ്റ് കഴുകി വെച്ചോട്ടെ ' എന്നവര്‍ വിനയം പ്രകടിപ്പിക്കുമ്പോള്‍ എനിക്കതില്‍ അല്‍ഭുതം തോന്നാറില്ല. അവരവര്‍ ഭക്ഷണം കഴിച്ച പ്ലേറ്റ് കഴുകിവെക്കുന്നതില്‍ എന്താണിത്ര വലിയ കാര്യമെന്ന് ഞാന്‍ കരുതാറുണ്ടായിരുന്നു. നന്നെ ചെറുപ്പത്തില്‍ വീട്ടമ്മ വേഷം കെട്ടാന്‍ പോയതിന്‍റെ അറിവില്ലായ്മയും കുഴപ്പവുമായിരുന്നു എനിക്ക്.  മനുഷ്യര്‍ ഭംഗിവാക്കുകളായി  പറയുന്നതൊക്കെ തികച്ചും സത്യമാണെന്നും ആത്മാര്‍ഥമാണെന്നും തെറ്റിദ്ധരിച്ചു കളയുമായിരുന്നു ഞാന്‍. എന്നാല്‍ ' അയ്യോ! വേണ്ട, ഞാനുള്ളപ്പോള്‍ നിങ്ങള്‍ അതു കഴുകുകയോ ' എന്ന് പറഞ്ഞ് അവരെ വിലക്കുകയാണ് ഞാന്‍ ചെയ്യേണ്ടിയിരുന്നതെന്ന് പിന്നെയാണ് എനിക്ക് മനസ്സിലായത്. കാരണം പ്ലേറ്റ് കഴുകിക്കഴിഞ്ഞാല്‍ അവരുടെ വീട്ടിലെ സ്ത്രീകള്‍ പുരുഷന്മാരെക്കൊണ്ട് പ്ലേറ്റ് കഴുകിക്കുന്നത് മഹാപാപമായിക്കാണുന്നവരാണെന്ന് എന്നെ അറിയിക്കുന്നതില്‍ ഇടതുപക്ഷത്തിന്‍റെ ഇടത്തേ അറ്റത്താണെന്ന് സ്വയം ഭാവിക്കുന്നവര്‍ പോലും യാതൊരു മടിയും വിചാരിക്കാറുണ്ടായിരുന്നില്ല....

പെണ്ണിന്‍റെ  അടിപ്പാവാട കഴുകുന്നവന്‍ എന്ന് പറഞ്ഞാല്‍ പുരുഷനെ സംബന്ധിച്ച് ഇത്രമേല്‍ ഒരു  അപമാനം വരാനില്ലത്രേ. ഈ അപമാനത്തെപ്പറ്റി എണ്ണിയാലൊടുങ്ങാത്ത രചനകളില്‍ നമ്മള്‍ വായിച്ചിട്ടുണ്ട്. ആ പുരുഷ കഥാപാത്രത്തിന്‍റെ  ഗതികേടും അഭിമാനമില്ലാത്ത ജീവിതവും ഓര്‍ത്ത് വായനക്കാര്‍ വിങ്ങി നീറണമെന്ന് ആ രചനകള്‍ നമ്മോട് പറഞ്ഞിട്ടുണ്ട്. 

നമ്മള്‍ പെണ്ണുങ്ങള്‍ നിത്യവും കഴുകിയിടുന്ന അടിവസ്ത്രങ്ങളുടെ കണക്ക് എത്രയാണ് ... മുകളില്‍ പറഞ്ഞ  നിലക്കാണെങ്കില്‍  പെണ്ണുങ്ങള്‍ക്ക് ബാക്കിയായി ഇനി  അഭിമാനത്തിന്‍റെ  തരി  പോലുമുണ്ടോ?

 ഭാര്യയുടെ കാല്‍ മുട്ടിനു കീഴെ ഭര്‍ത്താവ്  കൈ കൊണ്ട്  തൊടുന്നത് അയാളുടെ  പൌരുഷത്തിനു  കുറവാണെന്ന്  കരുതുന്ന  വിദ്യാസമ്പന്നരേയും  ഉന്നതോദ്യോഗസ്ഥരേയും  ഒക്കെ  വടക്കേ  ഇന്ത്യയില്‍  ഞാന്‍ കണ്ടിട്ടുണ്ട്. സ്വന്തം വ്യക്തി ജീവിതത്തില്‍  തന്‍റെ ഭാര്യയായ സ്ത്രീ   കാലു തടവിത്തരാമോ  എന്ന്  ചോദിച്ചത്  അയാളെ  ബഹുമാനമില്ലാത്തതുകൊണ്ടാണെന്ന് ഉറച്ചു  വിശ്വസിക്കുന്ന മൂഢന്‍മാര്‍ വലിയ പദവികളും  അധികാരങ്ങളും മറ്റും കൈകാര്യം ചെയ്യുന്ന  ഇടമാണ്  നമ്മുടെ  നാട്. ആണായി ജനിച്ചതുകൊണ്ട് മാത്രം സ്ത്രീയുടെ  അതിരില്ലാത്ത  പ്രീണനവും  അന്തമില്ലാത്ത സേവനവും  ലഭ്യമാകണമെന്ന്  മഹാഭൂരിപക്ഷം പേരും ഉറച്ചു വിശ്വസിക്കുന്നു. 

വേവിച്ച  ഭക്ഷണം  കഴിക്കാന്‍ ഇഷ്ടമുള്ളവെരെല്ലാം  ആഹാരം  പാകം ചെയ്യാന്‍  പഠിച്ചിരിക്കണമെന്നും  പാത്രങ്ങളില്‍ ഭക്ഷണം വേണമെന്നുള്ളവരെല്ലാം പാത്രങ്ങള്‍ കഴുകാന്‍ തയാറാവണമെന്നും തൂണിയുടുക്കുന്നവരെല്ലാം  അതു  കഴുകിയിടുവാനും  ഒരുങ്ങണമെന്നും  അതെല്ലാം ചെയ്യുന്നതല്ല പകരം  ചെയ്യാതിരിക്കുന്നതാണ് കുറവെന്നും മ്ലേച്ഛമെന്നും നമ്മള്‍  പഠിക്കേണ്ട  കാലം  കഴിഞ്ഞില്ലേ.. 

നമ്മുടെ  മക്കളെങ്കിലും  അങ്ങനെയുള്ള  തിരുമണ്ടന്‍ വിചാരങ്ങള്‍ക്ക് അടിമപ്പെടാതിരിക്കട്ടെ.  പാത്രം  കഴുകുന്നതും  തുണിയലക്കുന്നതും  കുഞ്ഞിന്‍റെ  നാപ്പി  മാറ്റുന്നതുമൊക്കെ താന്‍ ഭാര്യയോട്  ചെയ്യുന്ന ഒരു  ഔദാര്യമാണെന്ന് കരുതി വേദനപ്പെടുന്ന   ആണ്‍കുട്ടികള്‍ നമുക്ക് ഇനിയുള്ള കാലം  ജനിക്കാതിരിക്കട്ടെ.. 

നമുക്കൊപ്പം  എല്ലാം  പങ്കിടുന്ന  തോളോടുതോള്‍  ചേര്‍ന്ന് നീ വെറും പെണ്ണ് എന്ന്  നമ്മെ ഇകഴ്ത്താത്ത കൂട്ടുകാരായ  ആണ്‍കുട്ടികളെയും  പുരുഷന്മാരെയും കാണാന്‍ അടുത്ത  തലമുറയിലെ  പെണ്‍ കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും അവസരമുണ്ടാകട്ടെ...

22 comments:

Echmukutty said...

ഓര്‍ഗനൈസേഷന്‍ ഓഫ് എക്കോണോമിക് കോര്‍പ്പോറേഷന്‍ ആന്‍ഡ് ഡെവലപ്മെന്‍റ് ഈയിടെ നടത്തിയ സര്‍വേയിലെ വിവരമനുസരിച്ച് , ഇന്ത്യാക്കാരായ പുരുഷന്മാര്‍ ധന വരുമാനമില്ലാത്ത വീട്ടുജോലികള്‍ക്കായി ശരാശരി ചെലവാക്കുന്നത് ദിവസത്തിലെ വെറും പത്തൊമ്പത് നിമിഷങ്ങളാണ്.. സ്ത്രീകള്‍ ചെയ്യുന്ന ഏതു ജോലിയേയും അത് വെറും വീട്ടു പണി മാത്രമല്ല, ധനവരുമാനമുള്ള ജോലി തന്നെയാണെങ്കിലും അതിനെ രണ്ടാം തരമായി വിലകുറച്ച് കാണുന്നതും അമ്മാതിരി അഭിപ്രായങ്ങള്‍ തട്ടിമൂളിക്കുന്നതും സമൂഹത്തില്‍ പ്രബലമായ ഒരു നിലപാടു തന്നെയാണ്.

keraladasanunni said...

ദൌര്‍ഭാഗ്യമെന്നു പറയട്ടെ, ഇങ്ങിനെ ചിന്തിക്കുന്ന കുറച്ചു പേരെങ്കിലും നമ്മുടെ നാട്ടിലുണ്ട്. ഭര്‍ത്താവ് ഭക്ഷണം കഴിച്ച എച്ചില്‍പാത്രത്തില്‍ ആഹാരം വിളമ്പി ചില സ്ത്രീകള്‍ കഴിക്കുന്നത് കണ്ടിട്ടുമുണ്ട്. അത് ഒരു ആചാരമാണത്രേ.

Anonymous said...

ഞാൻ എഴാം ക്ലാസ്സിൽ പഠിക്കുന്ന ടൈം.."നിനക്കിത്രേം പ്രായമായില്ലേ സ്വന്തം ഡ്രസ്സ്‌ കഴുകി ഇടണം.. മുറ്റമടിക്കണം അമ്മയെ സഹായിക്കണം "എന്നൊക്കെ സ്ഥിരം ഉപദേ ശിചിരുന്നത് അച്ഛനാണ്. ഒരു ദിവസം ഞാൻ തിരിച്ചു ചോദിച്ചു..അച്ഛന് ഇപ്പൊ 45 വയസ്സായില്ലേ ഇതിനിടയിൽ എപ്പോഴെങ്കിലും ഈ പറയുന്ന ജോലി ഒക്കെ ചെയ്ത്ട്ണ്ടോന്നു ..ആണുങ്ങൾ അതൊന്നു ചെയ്യാറില്ല എന്നാ മറുപടി തന്നെയായിരുന്നു..."എന്റെ അച്ഛനും അമ്മയ്ക്കും ജോലി ഉണ്ട് രണ്ടു പേരും എനിക്ക് ഒരു പോലെയാണ്‌.."അച്ഛൻ പിന്നെ ഒന്നും പറയാതെ പോയി...ഈ സംസാരം ഒരു കാരണമായിരുന്നൊന്ന് എനിക്കറിയില്ല ...പക്ഷെ ഇപ്പോ മിക്കവാറും ജോലികളൊക്കെ ഞങ്ങൾ ഒരുമിച്ചാൻ ചെയ്യുന്നത്..എല്ലാവരും സ്വന്തം ഡ്രസ്സ്‌ കഴുകിയിടും..ഞങ്ങൾ ഒരുമിച്ച് പാത്രം കഴുകി വക്കും..പക്ഷെ എനിക്ക് ഏറ്റവും സന്തോഷമുള്ള കാര്യം ഞാൻ വീട്ടിലെ ജോലികള ചെയ്യാറുണ്ട് എന്ന് അച്ഛൻ അഭിമാനതോടെയാൻ പറയാറുള്ളത്

Pradeep Kumar said...

എച്ചുമു എഴുതിയത് ശരിയാണ് - എന്നാൽ തെറ്റുമാണ്. കുടുംബത്തിന്റെ സാമ്പത്തിക സംരക്ഷണം പുരുഷനിൽ മാത്രം നിക്ഷിപ്തമായിരുന്ന ഒരു കാലത്ത് വീട്ടുജോലികൾ സ്ത്രീകൾ ചെയ്തുതീർക്കുന്ന ഒരു അവസ്ഥയുണ്ടായിരുന്നു. പുരുഷൻ അരി കൊണ്ടുവരുന്നു - സ്ത്രീ അത് വെച്ചുവിളമ്പുന്ന എന്ന അവസ്ഥക്ക് അത്ര വലിയ കുഴപ്പമുണ്ട് എന്ന് എനിക്കു തോന്നിയിട്ടില്ല. ചില ദുരാചാരങ്ങൾ ഇതിന്റെ ഭാഗമായി കടന്നു വന്നപ്പോഴാണ് പ്രശ്നമുണ്ടായത്. എന്നാൽ ഇപ്പോൾ പതുക്കെയാണെങ്കിലും ഈ അവസ്ഥക്ക് മാറ്റം സംഭവിക്കുന്നത് എച്ചുമു കാണാതെ പോവരുത്. പണ്ടു നടന്ന കാര്യങ്ങൾ മാറ്റിവെച്ച് ഇപ്പോഴുള്ള കുടുംബങ്ങളിൽ ഈ ദുരാചാരം നിലനിൽക്കുന്നുണ്ടോ എന്നു പരിശോധിച്ച് നോക്കുക-

എച്ചുമുവിന്റെ കാഴ്ചപ്പാടുകൾ സ്ഥാപിക്കാനായി പറയുന്ന വസ്തുതകളിൽ ധാരാളം പഴുതുകൾ ഉണ്ട് ഓര്‍ഗനൈസേഷന്‍ ഓഫ് എക്കോണോമിക് കോര്‍പ്പോറേഷന്‍ ആന്‍ഡ് ഡെവലപ്മെന്‍റിന്റെ നിരീക്ഷണം നടന്നത് ഏതുതരത്തിൽപ്പെട്ട ആളുകൾക്കിടയിലാണ് . ഒരുപക്ഷേ പകൽ മുഴുവൻ കുടുംബത്തിന്റെ സാമ്പത്തികമായ നിലനിൽപ്പിനായി അദ്ധ്വാനിക്കുന്ന പുരുഷനുവേണ്ടി വീട്ടിലെ എൺപത്തിയൊന്നു ശതമാനം ജോലിയും സ്ത്രീ ചെയ്യുന്നത് പരസ്പരമുള്ള സഹകരണമായി കണ്ടുകൂടെ.ഹൈക്ലാസ് സൊസൈറ്റിയിലെ വീട്ടുജോലിക്കാരെപ്പറ്റി പറഞ്ഞു. അതിൽ ഒരാൾ തന്റെ ജാതിമാഹാത്മ്യം പറഞ്ഞതായും എഴുതി. ഇത്തരം സംഭവങ്ങൾക്ക് പിന്നിൽ സാധാരണയായി പലതരം പീഠനങ്ങളുടെ ഒരു നിരതന്നെയുണ്ടാവും. വലിയ വീടുകളിൽ താഴ്ന്ന ജോലികൾ ചെയ്യുന്നവർ അനുഭവിക്കേണ്ടിവരുന്ന ശാരീരികവും, മാനസികവുമായ പീഠനങ്ങളുടെ പ്രതികരണം പല രീതിയിൽ പുറത്തു വന്നേക്കാം. അതിനെ അടിസ്ഥാനമാക്കി സാമന്യവത്കരണത്തിന് മുതിരുന്നത് അവിവേകമാണ്

മുൻവിധികൾ മാറ്റിവെച്ച് കാര്യങ്ങളെ വ്യക്തമായി പഠിച്ചുള്ള ലേഖനങ്ങൾ പ്രതീക്ഷിക്കുന്നു......

ഗൗരിനാഥന്‍ said...

ഡ്രൈവര്‍മാര്‍ മാത്രമല്ല, ഞാന്‍ കണ്ടിട്ടുള്ള കേരളത്തിലെ തെക്കു മുതല്‍ വടക്കെ അറ്റം വരെ പല സ്ഥലതും, പലതട്ടിലുമുള്ള കുടുംബങ്ങളുമായി എനിക്ക് അടുത്തിടപഴകി ജോലി ചെയ്യേണ്ടി വന്നിട്ടുണ്ട്, അതു തന്ന കാഴ്ചകളില്‍ എറ്റവും അധികം ഞാന്‍ കണ്ടിട്ടുള്ള ഒന്നാണ് ഈ കാഴ്ച, എന്തിനു എന്റെ അച്ഛനും ഇതെ കാര്യം പറഞ്ഞ് അലറുന്നതു ഞാന്‍ എത്രയോ തവണ സാക്ഷി ആയിട്ടുണ്ട്..ഇതു വരെ ചൂലു കൈകൊണ്ട് അച്ഛന്‍ തൊട്ടിട്ടില്ല, അതൊന്നു എടുത്തു തരാന്‍ പറയുന്നതു പോലും അഭിമാനക്ഷതം ഉണ്ടാക്കാറുണ്ട്..അതോടൊപ്പം ബന്ധുവായ ചില വീട്ടിലെ പണികള്‍ സഹായിക്കുന്ന ആണുങ്ങളെ കളിയാക്കുന്നതും സര്‍വ്വസാധാരണമായ കാര്യമാണ്, അതു കാണാന്‍ നോര്‍ത്ത് ഇന്ത്യക്കാരനോന്നും ആകേണ്ട, ഡ്രൈവറോ, മറ്റ് സ്ഥാപനങ്ങള്‍ പഠനം നടത്തി തെളിയിക്കേണ്ടതുമില്ല, കണ്ണു തുറന്നു പിടിച്ചാല്‍ മാത്രം മതിയെന്നാ എനിക്കു തോന്നാറു... എന്റെ വീട്ടില്‍ വരുന്ന പലരും അവരുടെ എച്ചില്‍ പാത്രം എടുക്കാത്തതു കൊണ്ട് മാത്രം ഞാന്‍ പണിയെടുക്കാന്‍ മടിച്ചിയാണെന്നു പറയുന്നത് കേട്ടിട്ടുണ്ട്...നല്ല പോസ്റ്റ് എച്മു

Cv Thankappan said...

അതിഥികളെ ആദരിക്കുന്നത് നമ്മുടെ മര്യാദയെ സൂചിപ്പിക്കുന്നു.ആണായാലും,പെണ്ണായാലും അവര്‍ ഭക്ഷണംകഴിച്ചുകഴിഞ്ഞാല്‍ ഇലയെടുക്കാന്‍ സമ്മതിക്കാറില്ല.ഇല വീട്ടിലെ പുരുഷന്മാര്‍ തന്നെ എടുത്തുകളഞ്ഞെന്നുവരും.അന്തസിന്‍റെ പ്രശ്നം കണക്കാക്കാറില്ല.....
പിന്നെ മുമ്പുസൂചിപ്പിച്ച വേലക്കാരനും,ഡ്രൈവറും സ്വയം അറിഞ്ഞു ചെയ്യുമായിരുന്നു എന്നാണ് എന്‍റെ തോന്നല്‍‌.
ഇതില്‍ പരമാര്‍ശിച്ച വീട്ടമ്മമാര്‍ എന്തോ കാരണത്താല്‍ പെരുമാറ്റത്തിലും,സംഭാഷണരീതിയിലും മൃദുസമീപനം എടുത്തില്ല എന്നാണ് എനിക്ക് വായനയില്‍ മനസ്സിലാക്കാന്‍ കഴിഞ്ഞത്.
സ്ത്രീയും,പുരുഷനും പരസ്പരം അറിഞ്ഞുകൊണ്ട് പ്രവര്‍ത്തിക്കുമ്പോള്‍ ഒരുപ്രശ്നവും ഉടലെടുക്കുകയില്ല...............
ആശംസകള്‍

പട്ടേപ്പാടം റാംജി said...

നമുക്കൊപ്പം എല്ലാം പങ്കിടുന്ന തോളോടുതോള്‍ ചേര്‍ന്ന് ‘ നീ വെറും പെണ്ണ് ‘ എന്ന് നമ്മെ ഇകഴ്ത്താത്ത കൂട്ടുകാരായ ആണ്‍കുട്ടികളെയും പുരുഷന്മാരെയും കാണാന്‍ അടുത്ത തലമുറയിലെ പെണ്‍ കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും അവസരമുണ്ടാകട്ടെ...

അതെ. അത് സംഭവിച്ചുകൊണ്ടിരിക്കുന്നു എന്ന് ഞാന്‍ കാണുന്നു.

വീകെ said...

എച്മു പറഞ്ഞതു പോലുള്ള അനുഭവങ്ങൾ മുൻപുണ്ടായിരുന്നിരിക്കാം. പുതു കാലത്തിൽ രണ്ടു പേരും ജോലിക്കു പോകുന്നവരാണെങ്കിൽ പരസ്പ്പരം സഹായിക്കാതെ തരമില്ല. പുറം പണിക്ക് വരുന്നവർ ഇത്തരത്തിൽ പെരുമാറുമെന്ന് വിശ്വസിക്കാൻ പ്രയാസം. അല്ലെങ്കിൽ ആ ജോലിയിൽ അവർ തൃപ്തരല്ലായിരിക്കാം. ഇട്ടിട്ട് പോകാൻ ഒരു കാരണം തേടിയിരിക്കുന്നവർക്ക് ഇതൊക്കെ ധാരാളം.
ആശംസകൾ...

ajith said...

ഞങ്ങള്‍ വ്യത്യാസപ്പെട്ടവരാണ്. ശരിയ്ക്കും!!!

vettathan said...

എച്മു പറഞ്ഞത് പോലുള്ള മനുഷ്യര്‍ ധാരാളമുണ്ട്. പക്ഷേ അവരുടെ എണ്ണം കുറഞ്ഞുകൊണ്ടിരിക്കുന്നു. ഒരുകാര്യം പറയട്ടെ,ഈ രീതിയില്‍ പുരുഷന്മാര്‍ ചിന്തിക്കുന്നതിന്‍റെ പ്രധാന ഉത്തരവാദി വീട്ടിലെ അമ്മ തന്നെയാണ്.ആണ്‍ കുട്ടികളെക്കൊണ്ട് ഏത് ജോലിയും ചെയ്യിക്കാന്‍ പല അമ്മമാരും തയ്യാറല്ല.

റോസാപ്പൂക്കള്‍ said...

വീട്ടു ജോലിയും ഓഫീസ്‌ പോക്കുമായി തളരുന്ന ധാരാളം സ്ത്രീകളെ പഴയ തലമുറയില്‍ കണ്ടിട്ടുണ്ട്. എന്നാല്‍ പുതു തലമുറയില്‍ അശാവാഹമായ പല ചുവടുകളും കാണുന്നു എന്നത് പറയാതെ വയ്യ. ഭാര്യയും ഭര്‍ത്താവും ഒരുമിച്ചു വീട്ടില്‍ നിന്നിറങ്ങുന്ന അവര്‍ ജോലി പങ്കിട്ടെടുക്കുന്നണ്ട്.

Echmukutty said...

ആദ്യവായനയ്ക്കെത്തിയ ഉണ്ണ്യേട്ടന് നന്ദി. നമ്മുടെ മിക്കവാറും ആചാരങ്ങളും വിശ്വാസങ്ങളും രീതികളും ആണ്‍ കോയ്മയെയും സവര്‍ണതയേയും പണാധികാരത്തേയും മാത്രം ഊട്ടിയുറപ്പിക്കുന്ന വാഴ്ത്തുപാട്ടുകള്‍ മാത്രമല്ലേ ഉണ്ണ്യേട്ടാ.. അതിന്‍റെ പ്രചാരണം കണ്ട് കണ്ട് അതാണ് സത്യം, അതാണ് ലാളിത്യം, അതാണ് സ്നേഹം, അതാണ് ബഹുമാനം എന്നൊക്കെ എല്ലാവരും തെറ്റിദ്ധരിച്ചു പോകുന്നു.

Echmukutty said...

അനോണിമസിനു നന്ദി. ഞാന്‍ എഴുതാന്‍ ശ്രമിച്ചത് ചില ജോലികള്‍ സ്ത്രീകള്‍ക്ക് മാത്രമെന്ന് ... പെണ്ണായതുകൊണ്ട് അവ ചെയ്യാന്‍ അവള്‍ ബാധ്യസ്ഥയെന്ന് പറയുന്ന രീതിയെപ്പറ്റിയാണ്.. ആ ജോലി പുരുഷന്‍ ചെയ്യുന്നത് അവനു അഭിമാനക്കുറവാണെന്ന് അവനെ ബോധിപ്പിച്ചിട്ടുള്ള നമ്മുടെ സാമൂഹ്യ വ്യവസ്ഥയെപ്പറ്റിയാണ്.. അനോണിമസിന്‍റെ അനുഭവം പങ്കു വെച്ചതിനു നന്ദി.

Echmukutty said...

പ്രദീപ് മാഷ് എഴുതിയത് വായിച്ചു. അത് വീട്ടുജോലികളില്‍ പുരുഷന്‍ പങ്കു പറ്റാത്ത ഒരു കാര്യം മാത്രമല്ല, മാഷെ. അതൊരു മനോഭാവത്തിന്‍റെ പ്രശ്നമാണ്. പഴയകാലത്തു മാത്രമല്ല പുതിയ കാലത്തും ആ മനോഭാവത്തില്‍ കാതലായ മാറ്റമൊന്നുമില്ല. ചില്ലറ വ്യത്യാസങ്ങള്‍ കാണുന്നുണ്ടെങ്കിലും.പെണ്ണിനായി നീക്കിവെക്കപ്പെട്ടത് എന്ന നിസ്സാര ജോലികള്‍ ചെയ്യുന്നത് ആണ്മയ്ക്ക് കുറവാണെന്ന ചിന്ത പ്രബലമാണ്. ഞാന്‍ പരാമര്‍ശിച്ച രണ്ട് വീട്ടിലും വീട്ടമ്മയ്ക്ക് പകരം വീട്ടച്ഛനാണ് നിര്‍ദ്ദേശിച്ചിരുന്നതെങ്കില്‍ തോട്ടക്കാരനും ഡ്രൈവറും പിണങ്ങില്ലായിരുന്നു. അത് അവരുടെ മനസ്സില്‍ പതിഞ്ഞു പോയ പെണ്ണ് എന്ന അധമബോധത്തില്‍ നിന്നുരുത്തിരിഞ്ഞ പ്രതിഷേധമാണ്.. അതില്‍ മാഷ് ചൂണ്ടിക്കാണിച്ച പീഡനത്തിന്‍റെ കെട്ടു പൊട്ടിക്കലൊന്നുമില്ല. കാരണം ഇരു വീടുകളിലേയും വീട്ടമ്മമാര്‍ എന്‍റെ അടുത്ത പരിചയവലയത്തിലുള്ളവര്‍ തന്നെയായിരുന്നു.

പിന്നെ സര്‍ വേ അത് ഇന്ത്യയിലെ വിവിധ നഗരങ്ങളിലും ചെറുപട്ടണങ്ങളിലുമായിരുന്നു നടന്നത്, ഹിന്ദു പത്രത്തിലായിരുന്നു ഈ വിവരം ലഭിച്ചത്. ലോകമാകമാനം വീട്ടു ജോലികളില്‍ സഹകരിക്കുന്ന പുരുഷന്മാര്‍ കുറവ് തന്നെയാണല്ലോ. ഇനി അഥവാ ചെയ്യുമ്പോള്‍ പോലും അവര്‍ വല്ലാതെ വിഷമിക്കാറുണ്ട്.. ഇത് ചെയ്യേണ്ടി വരുന്നുവല്ലോ എന്ന്.. പുറമേ ആരും അത് അറിയരുതെന്നും അവര്‍ക്ക് തോന്നാറുണ്ട്.. അതിനവര്‍ പറയുന്ന കാര്യം.. പുറത്തറിഞ്ഞാല്‍ ആളുകള്‍ വീട്ടിലെ സ്ത്രീകളെ തന്നെയാണ് പരിഹസിക്കുക എന്നാണ്..

എന്‍റെ ഭാര്യ ഡോക്ടറാണെങ്കിലും വീട്ടു പണികളൊക്കെ നന്നായി ചെയ്യും എന്നല്ലേ ഭര്‍ത്താവ് അഭിമാനപ്പെടുന്നത്? അവള്‍ക്ക് വീട്ടു പണിയൊന്നും അത്രയ്ക്ക് അറിയില്ല.. അത് സാരമില്ല. പക്ഷേ, അവള്‍ ഒരു നല്ല സര്‍ജനാണ് എന്ന് അഭിമാനിക്കുന്ന ഭര്‍ത്താക്കന്മാര്‍ ഇനിയും ജനിച്ചിട്ടില്ല പ്രദീപ് മാഷ്.
പെണ്ണും അവളുടെ ജോലികളും അവളുടെ ശരീരവും അവളുടെ ചിന്തകളും രണ്ടാം തരമെന്ന് ബോധ്യപ്പെടുത്തുന്ന നമ്മുടെ സംസ്ക്കാരവും സമൂഹവും ആചാരവും വിശ്വാസങ്ങളും പുരുഷനേയും സ്ത്രീയേയും ഒരുപോലെ സമത്വചിന്തയില്ലാത്തവരാക്കുന്നു..


Echmukutty said...

നല്ലത്.. ഗൌരിനാഥാ.. ഇത് എന്‍റെ മാത്രം തോന്നലല്ല, അനുഭവമല്ല.. എന്നെഴുതിക്കണ്ടതില്‍ എനിക്ക് ആഹ്ലാദമുണ്ട്..
നന്ദി.. കേട്ടൊ.


Echmukutty said...

തങ്കപ്പന്‍ ചേട്ടന്‍റെ വായനയ്ക്ക് നന്ദി. ഇലയെടുത്ത് കളയുന്നത് ചെയ്യുമായിരിക്കും .. എന്നാല്‍ ഈ പാത്രം കഴുകുന്നത് വലിയ പ്രശ്നം തന്നെയാണ് ചേട്ടാ.. എന്‍റെ മാത്രം അനുഭവമൊന്നുമല്ല അത്..
വീട്ടമ്മ പറയുമ്പോള്‍ തോട്ടക്കാരനും ഡ്രൈവറും പുരുഷന്മാരാണെന്നും അവര്‍ക്ക് കുറച്ചില്‍ തോന്നുന്നുവെന്നുമുള്ള ആ പ്രശ്നം ഉയരുന്നത് തന്നെ വീട്ടമ്മയെ വെറും പെണ്ണ് അവള്‍ ആരു ഇങ്ങനെ നിര്‍ദ്ദേശിക്കാന്‍ എന്ന തോന്നല്‍ വരുമ്പോഴാണ്.. ഈ തോന്നലിനെ നമുക്ക് എവിടം വരെ വേണമെങ്കിലും വലിച്ചു നീട്ടാം.. പൊതുവേ നമ്മള്‍ പറയാറുണ്ടല്ലോ... ആ പെണ്ണ് പറഞ്ഞതിലാണ്, ചെയ്തതിലാണ് കുഴപ്പമെന്ന്.. അത് നമ്മൂടെ ഒരു സ്ഥിരം രീതിയല്ലേ..

Echmukutty said...

നല്ലത് രാംജി.. അങ്ങനെ സംഭവിക്കട്ടെ.. വായനയ്ക്ക് നന്ദി.

Echmukutty said...

വി കെ മാഷ് പറഞ്ഞപോലെ സഹകരിച്ച് ജീവിക്കുന്നുവെങ്കില്‍ നല്ലത്.. ഇനിയും അത് വര്‍ദ്ധിച്ചു വരട്ടെ..

അവരുടെ പെരുമാറ്റത്തിനു പ്രധാനകാരണമെന്ന് പലവട്ടം എഴുതിയതുകൊണ്ട് ഇനി ആവര്‍ത്തിക്കുന്നില്ല. വായനയ്ക്ക് നന്ദി.

Echmukutty said...

അജിത്തേട്ടന് നന്ദി.

ചീര I Cheera said...

പലപ്പോഴും പുരുഷന്മാരും സ്ത്രീകളും രണ്ടുകൂട്ടരും വ്യവസ്ഥയുടെ കണ്ടീഷിനിംഗിൽ തന്നെയാണ് ഇപ്പൊഴും. കുടുമ്പങ്ങളിൽ ഒരു ജീവിതത്തിൽ മറ്റുള്ളവരുടെ കൂടി ഇടപെടലുകളിൽ സ്വാഭാവികമായും വന്നുചേരുമ്പോൾ ഈ കണ്ടീഷനിംഗിൽ നിന്നു മോചനം പെട്ടെന്നു സാദ്ധയ്മാവാതെ വരുന്നുവെന്നും തോന്നുന്നു.പെണ്ണിന്റെ പിന്നാലെ പോകുന്നവൻ എന്ന് ഭർത്താവിനെ പഴി കേൾപ്പിക്കാതെ നോക്കേണ്ടത്, 'നല്ല' മരുമകളാവേണ്ട സ്ത്രീകളുടെ ബാദ്ധ്യത കൂടിയാവുന്നു, അതുപോല ഭർത്താവും സ്വന്തം വീട്ടിലെങ്കിലും തീരുമാനങ്ങളെള്ളാം തങ്ങളുടെ കയ്യിൽ തന്നെയാണെന്ന് ഉറപ്പു വരുത്തുവാൻ പെടാപാടു പെടുകയും ചെയ്യുന്ന അവസ്ഥകൾ വരുന്നു, ഭാര്യയെ ശാസിക്കുക, ഭാര്യയുടെ കാര്യങ്ങളിലും തീരുമാനങ്ങൾ നടപ്പിലാക്കുക തുടങ്ങി.ഇതൊക്കെ , ഇതിന്റെയൊക്കെ ഉള്ളിലെ കണ്ണികളെല്ലാം തന്നെ ഒരുപക്ഷേ വേർതിരിച്ചറിയുക കൂടിയില്ല, അത്രയേറേ വ്യവ്സ്ഥയുടെ ആണിനെ കേന്ദ്രീകരിച്ചുള്ള 'നിയമങ്ങൾ' ഓരോ മനസ്സുകളിലും ശക്തമാണ്. എത്ര തന്നെ സ്ത്രീ വിരുദ്ധത പറയുന്ന പുരുഷനിലും അറിയാതെയെങ്കിലും ആൺ അധികാരസ്വരം ചിലപ്പോൾ വന്നുപോകുന്നെങ്കിൽ അത് അവരുടെ കുറ്റമല്ല.
സ്ത്രീക്ക് എന്നാണോ സ്വന്തം കണ്ണിലൂടെ (വ്യവ്സഥയുടേയോ, പുരുഷന്റേയോ കണ്ണുകളിലൂടെയല്ലാതെ) ജീവിതത്തെ നോക്കിക്കാണാനാവുന്നത്, അന്നേ എന്തെങ്കിലും മാറ്റം പ്രതീക്ഷിക്കേണ്ടൂ.അതിനു മുമ്പ് പുരുഷന്മാരും തിരിച്ചറിയണം, കണ്ണു തുറന്നു നോക്കണം, സ്ത്രീകൾ എന്നാൽ സമൂഹത്തിൽ തുല്യ വ്യക്തിത്വത്തോടെ ജീവിക്കാൻ അവകാശമുള്ളവരാണെന്നും. എന്തിന്! പുരുഷന്മാർ തന്നെ വ്യവസ്ഥയുടെ മറ്റൊരു അർത്ഥത്തിൽ അറിയാതെ 'ഇര'കളായി പോവുകയാണെന്നും! അങ്ങിനെ ഒരു പ്ലോട്ടിൽ നിന്നും സ്ത്രീയും പുരുഷനും കൂടി ഒരുമിച്ച് ആദ്യം മുതൽ തുടങ്ങണ്ടി വരും, (I wonder!!) അതുവരെ ഇതൊക്കെ തുടർന്നു കൊണ്ടേയിരിക്കുമെന്നാണെനിക്കു തോന്നുന്നത്.

Muralee Mukundan , ബിലാത്തിപട്ടണം said...

മ്ടെ നാട്ടിലെ ആ പണ്ടത്തെ ആണിനിത് പെണ്ണിനിത് എന്ന് വേർതിരിച്ച് കാണുന്ന സിദ്ധാന്തം തലയിൽ കൊണ്ട് നടക്കുന്നതാണ് കുഴപ്പം..
ഇവരൊക്കെ അന്യ നാട്ടിലൊക്കെ ഒന്ന് പോട്ടെ അപ്പോൾ കാണാം ചേല്..!

എന്തിന് പറയാൻ ഞാനാണെന്റെ വീട്ടിലെ ‘ഡിഷ് വാഷർ‘..!

അന്നൂസ് said...

“ പള്ളീ പറഞ്ഞാ മതി..എച്മൂട്ട്യേ......”