Thursday, August 26, 2010

പ്രാന്തത്തി


a


ദിനേശന് താങ്ങാൻ പറ്റുന്നുണ്ടായിരുന്നില്ല.

ഇങ്ങനത്തെ ഒരു മണ്ടനെയാണല്ലോ ദൈവം തന്റെ ചേട്ടനായി ഭൂമിയിലേയ്ക്ക് പറഞ്ഞു വിട്ടത്. എക്കേടും കെട്ട് ഏതു വഴിയ്ക്കെങ്കിലും തുലഞ്ഞു പോകട്ടെ എന്ന് വിചാരിച്ച് മൌനമായിരിയ്ക്കാനും കഴിയുന്നില്ല. അനിയനാണെന്നു കരുതി ചേട്ടൻ കാണിയ്ക്കുന്ന അബദ്ധങ്ങൾക്കെല്ലാം ഒത്ത് മൂളാനൊക്കുമോ?

ചേടത്തിയമ്മയാണ് എല്ലാറ്റിനും കാരണം.

അവരിവിടെ വന്നു കയറിയ ദിവസം തന്നെ എന്തോ ഒരു കുഴപ്പമുണ്ടെന്ന് തോന്നാഞ്ഞിട്ടല്ല. ആർക്കും പറഞ്ഞാൽ ബോധ്യമായില്ലെങ്കിലോ എന്നു വിചാരിച്ച് മിണ്ടാതിരുന്നതാണ്.

ഒരു പൊടിയ്ക്ക് സ്വർണം ധരിയ്ക്കാതെയാണ് അവർ വന്നത്. കല്യാണം രജിസ്റ്റർ ചെയ്യുമ്പോൾ താലി കെട്ടുന്നത് അവർക്കിഷ്ടമില്ലാത്തതുകൊണ്ട് ചേട്ടൻ അതും ഒഴിവാക്കി. വലിയ പകിട്ടൊന്നുമില്ലാത്ത ചുരിദാറുമിട്ട് ഒരു വധു കയറി വരിക! അമ്മാവന്മാർക്കും വല്യമ്മമാർക്കും മറ്റ് ബന്ധുക്കൾക്കുമൊക്കെ വല്ലാത്ത കുറച്ചിലാണുണ്ടായത്.

അമ്മയും അച്ഛനും കൂടി ചേട്ടന്റെ പ്രേമത്തെ അംഗീകരിച്ചതിന് കിട്ടിയ സമ്മാനമാണിതെന്ന് ബന്ധുക്കൾ പരാതിപ്പെട്ടു.

ആഡംബരമൊഴിവാക്കുന്നത് നല്ലത് തന്നെ, എന്നു വെച്ച് താലി കെട്ടാതെയും പട്ടു സാരിയുടുക്കാതെയും മുല്ലപ്പൂ ചൂടാതെയും കല്യാണം കഴിയ്ക്കണോ?

അമ്മയ്ക്ക് നാലാളുടെ മുൻപിൽ നാണം കെട്ടുവെന്ന സങ്കടം അന്നു തുടങ്ങിയതാണ്. മനസ്സു നിറഞ്ഞ് വിളക്കു കൊളുത്തിക്കയറ്റിയതായിരുന്നില്ല അമ്മ. ചേട്ടനെ വേദനിപ്പിയ്ക്കണ്ട എന്നു വെച്ച് സഹിയ്ക്കുകയായിരുന്നു.

ചേട്ടത്തിയമ്മ ആരോടും ഒരക്ഷരം പോലും കയർത്ത് സംസാരിക്കുകയോ ദേഷ്യപ്പെടുകയോ ഒന്നുമില്ല. ആദരവോടെ മാത്രമേ പെരുമാറുകയുള്ളൂ. എപ്പോഴും ഒരു പുഞ്ചിരിയുണ്ടാവും മുഖത്ത്. മൂളിപ്പാട്ടും പാടി സന്തോഷമായി മാത്രമേ അവരെ ഇതു വരെ കാണാൻ പറ്റിയിട്ടുള്ളൂ.

അതു പക്ഷെ, ഈ ലോകത്തു നടക്കുന്ന യാതൊന്നും അവരെ ബാധിയ്ക്കുന്നില്ല എന്ന മട്ടിലൊരു സന്തോഷമാണെന്നാണ് തോന്നുന്നത്. അതാണു എല്ലാവർക്കും ഇത്ര ഉൾഭയം.

അവരുടെ ശീലങ്ങളെല്ലാം വിചിത്രമായിരുന്നു.

പാലും തൈരും വെണ്ണയും നെയ്യുമൊന്നും അവർ കഴിയ്ക്കാറില്ല. സസ്യഭക്ഷണം മാത്രം. അതും ഒരു കിളി തിന്നുന്ന അത്രയും മതി.

മുളപ്പിച്ച പയറും തേങ്ങ ചുരണ്ടിയതും ക്യാരറ്റും തക്കാളിയും വെള്ളരിയ്ക്കയുമാണ് ഇഷ്ടാഹാരം. വാഴപ്പിണ്ടിയും കുമ്പളങ്ങയും കൂടിയായാൽ അവർക്ക് സദ്യയായി.

ചിക്കനും മട്ടണും ബീഫും മത്സ്യവുമെല്ലാം ഇഷ്ടം പോലെ തട്ടിവിട്ടിരുന്ന ചേട്ടൻ അവരുടെ സ്വാധീനത്തിൽ ഒരു പരിപൂർണ സസ്യഭുക്കായി മാറി. അമ്മയുണ്ടാക്കുന്ന ബീഫ് ഉലർത്തിയതും കൊഞ്ചു കറിയും പോലും ഉപേക്ഷിച്ചു.

‘എന്നാലും അവള് വന്നപ്പോ എന്റെ മോന് ഞാൻ വെച്ച ഭക്ഷണം കൂടി വേണ്ടാണ്ടായി‘ എന്നും പറഞ്ഞാണ് അമ്മ അന്ന് സങ്കടപ്പെട്ടത്.

ഒരു പെൺകോന്തൻ തന്നെയാണ് ചേട്ടൻ.

അടുക്കളയിൽ അവരെ ഒരു സഹായിയായി കാണാൻ മാത്രമേ അമ്മ തയാറായുള്ളൂ. തന്റെ ഭാര്യ ഉഷയെ അടുക്കള ഏല്പിയ്ക്കുന്ന മാതിരി അമ്മ ഒരിയ്ക്കലും അവരെ അടുക്കള ജോലികൾ ഏല്പിച്ചില്ല. ആ പാചക നൈപുണ്യം അമ്മയ്ക്ക് അംഗീകരിയ്ക്കാനായിരുന്നില്ല.

പ്ലാസ്റ്റിക്കും പേപ്പറും ഒക്കെ ഉപയോഗിയ്ക്കുന്നതിലാണ് പിന്നെ പ്രശ്നം ഉണ്ടായത്. ആരു ഷോപ്പിൽ പോകാൻ തുടങ്ങിയാലും അവരോടി വന്ന് രണ്ട് തുണി സഞ്ചി കൈയിൽ പിടിപ്പിയ്ക്കും. ഷോപ്പിൽ നിന്ന് പ്ലാസ്റ്റിക് കവറുകൾ വാങ്ങാതിരിയ്ക്കാമല്ലോ എന്നൊരു ന്യായവും പറയും. എങ്ങനെയാണാവോ ഇത്രയും ശ്രദ്ധിച്ച് മറ്റുള്ളവരുടെ നീക്കങ്ങൾ അറിയുന്നത്?

പ്ലാസ്റ്റിക് കവറുകളും കുപ്പികളും കടലാസ്സും ബാറ്ററിയും ചപ്പും ചവറും ഒക്കെ വേർതിരിച്ച് ചാക്കിലാക്കി കെട്ടി വയ്ക്കുന്നതും അതൊക്കെ വാങ്ങിക്കൊണ്ട് പോകുന്ന ചില സന്നദ്ധപ്രവർത്തകർക്ക് കൊടുക്കുന്നതുമാണ് അവരുടെ ഒരു പ്രധാന ജോലി. വേസ്റ്റ് തരം തിരിയ്ക്കുന്നതിൽ വലിയ ആഹ്ലാദമാണ്. കുപ്പി പാട്ട തകരം പെറുക്കുകാരുടെ എം ഡി യാവാനുള്ള എല്ലാ യോഗ്യതകളും തികഞ്ഞ ഒരു സ്ത്രീ.

ഒരു വശം മാത്രം ഉപയോഗിച്ച പേപ്പറുകളൊക്കെ അടുക്കി ക്ലിപ്പിട്ട് വെയ്ക്കും. അതിലാണ് അവരെഴുതുന്നതത്രയും. എല്ലാവരോടും അങ്ങനെ ചെയ്യാൻ പറഞ്ഞു നോക്കുകയും ചെയ്യും.

ഒട്ടും മടുക്കാതെ ഇതൊക്കെ കൃത്യമായി ഇങ്ങനെ ചെയ്യുന്നതിന് അവരെ കഴിഞ്ഞേ വേറെയാരുമുള്ളൂ.

പിന്നെയുമുണ്ട് കിറുക്കുകൾ.

ടാപ്പുകൾ ഫുൾ ഫോഴ്സിൽ തുറക്കരുതെന്നും അനാവശ്യമായി ഇലക്ട്രിസിറ്റി ചെലവാക്കരുതെന്നും അവർ എല്ലാവരോടും പറഞ്ഞു. ഫാനോ ലൈറ്റോ ഓണായി കിടക്കുന്നതു കണ്ടാലുടനെ ഓടി വന്ന് ഓഫ് ചെയ്യുക അവരുടെ പതിവായിരുന്നു. എല്ലാവരുടെയും മേൽ അവർക്കെപ്പോഴും ഒരു കണ്ണുണ്ടാവും.

ചെടികൾ കൊണ്ടു വന്ന് നടുകയും അവയ്ക്ക് വെള്ളമൊഴിച്ച് വളമിട്ട് ശുശ്രൂഷിയ്ക്കുകയും ചെയ്യുന്നത് നല്ലത് തന്നെ. പക്ഷെ,വീട്ടിൽ ഒരു കമ്പോസ്റ്റ് കുഴിയുണ്ടാക്കി അതിൽ ഇന്നയിന്ന സാധനങ്ങൾ ഇട്ട് ആ വളം മാത്രം ഉപയോഗിച്ച് ചെടികൾ വളർത്തണമെന്നായാലോ?

കള പറിയ്ക്കരുതെന്നും ചപ്പും ചവറുമൊന്നും കത്തിയ്ക്കരുതെന്നും മരങ്ങളൊന്നും മുറിയ്ക്കരുതെന്നും ആശിച്ചാലോ?

തീർന്നില്ല, മാരണം. പുകയിലക്കഷായവും തുരിശു ലായനിയും ഉപയോഗിച്ച് വേണം കീടങ്ങളെ അകറ്റാനത്രെ!

വല്ല റോസോ ഓർക്കിഡോ ഒക്കെ നട്ട് പിടിപ്പിച്ചാൽ നാലാൾ വരുമ്പോൾ കാണാനൊരു ഗമയുണ്ട്. അതിനു പകരം ചെറൂള, കൃഷ്ണക്രാന്തി, ബ്രഹ്മി, കയ്യോന്നി…….ഈ ജാതി ആർക്കും വേണ്ടാത്ത ചെടികളും തനി നാടൻ പച്ചക്കറികളുമാണ് അവർക്കിഷ്ടം. കുറെ ചെമ്പരത്തിയും നട്ടിട്ടുണ്ട്. പൂത്താൽ അവരുടെ ചെവിയിൽ തന്നെ വെയ്ക്കാം. നല്ല ചേർച്ചയായിരിയ്ക്കും .

ചേടത്തിയമ്മയുടെ തടവിലായി എന്നും പറഞ്ഞാണ് അമ്മയുടെ സങ്കടം.

‘അവള് പറേണോട്ത്ത് വേണ്ടേ ഞാൻ മുള്ളാനും തുപ്പാനും? എന്റൊരു തലേലെഴുത്ത് !‘

അതു കേൾക്കുമ്പോൾ സങ്കടം തോന്നാറുണ്ട്.

പെൺകുട്ടികളുടെ ഭർത്താക്കന്മാർ ഭാര്യാഗൃഹത്തിന്റെ ശീലങ്ങളും രീതികളുമെല്ലാം അപരിഷ്കൃതമാണെന്ന് പറയാറുണ്ടെങ്കിലും ആൺകുട്ടികളുടെ ഭാര്യമാർ ഭർതൃഗൃഹവുമായി ഇണങ്ങിച്ചേരുന്നതല്ലേ നാട്ടു നടപ്പ്. ഭർതൃഗൃഹം പരിഷ്ക്കരിയ്ക്കാൻ സ്ത്രീകൾ സാധാരണ തുനിയാറില്ല.

ഉഷയ്ക്ക് ഇത്തരം പരിഷ്ക്കാരഭ്രമമൊന്നുമില്ല. ഉണ്ടായാൽ നിർത്തേണ്ടിടത്ത് നിറുത്താൻ തനിയ്ക്കറിയാം. ചേട്ടനല്ല ഈ ദിനേശൻ.

ആകെ മൂന്നാലു പരുത്തിക്കുപ്പായങ്ങളേയുള്ളൂ അവർക്ക്. കല്യാണത്തിനായാലും പാർട്ടികൾക്കായാലും അതുമിട്ട് ഇറങ്ങിക്കോളും. തലമുടി ബോബ് ചെയ്തതുകൊണ്ട് ഇലയും പൂവുമൊന്നും ചൂടേണ്ട. കുളിച്ച് ഒരുങ്ങിയിറങ്ങാൻ അഞ്ചു മിനുട്ട് തികച്ച് എടുക്കില്ല. തലയുയർത്തിപ്പിടിച്ച് അവർ നടന്ന് വരുന്നത് തികഞ്ഞ ആത്മവിശ്വാസത്തോടെയാണ്.

ചേട്ടൻ അഭിമാനത്തോടെയും ആരാധനയോടെയും അവരെ നോക്കിയിരിയ്ക്കുന്നതു കാണുമ്പോൾ ചിരി വരും. ഉഷ ചിലപ്പോൾ അമ്മയെ നോക്കി അമർത്തിച്ചിരിയ്ക്കുന്നതു കാണാം.

ഇടയ്ക്കിടെ ലൈബ്രറിയിലേയ്ക്ക് ഒരു പോക്കുണ്ട്. അവർക്കൊഴിച്ച് വേറെയാർക്കും വായിച്ചാൽ മനസ്സിലാവാത്ത ചില പുസ്തകങ്ങൾ കൊണ്ടു വരും. അമ്മയും ഉഷയും വായിയ്ക്കുന്ന വനിതയും ഗൃഹലക്ഷ്മിയുമൊന്നും മറിച്ചു കൂടി നോക്കില്ല.

റോഡിലോ ബസ്സിലോ ഒക്കെ വച്ച് വല്ല കമന്റും കേട്ടാൽ, ആരെങ്കിലും ഒന്നു തോണ്ടുകയോ മറ്റോ ചെയ്താൽ പ്രതികരിച്ചേ മടങ്ങൂ. കുടുംബക്കാരായ പെണ്ണുങ്ങൾക്ക് സാധാരണ ഇത്തരം കാര്യങ്ങൾ പരസ്യപ്പെടുന്നത് ഇഷ്ടമാവാറില്ല. ഇത് നേരെ തിരിച്ചാണ്. അതുകൊണ്ടെന്തായി? രണ്ട് പ്രാവശ്യം പോലീസ് സ്റ്റേഷനിലും പോകേണ്ടി വന്നു. പരാതി കൊടുത്താൽ പിന്നെ അതിന്റെ പിന്നാലെ നടക്കാതെ പറ്റുമോ?

അമ്മയ്ക്ക്തോടെ മതിയായി. അന്നാണ് അമ്മ പറഞ്ഞത്, ‘ഓ! ആരെങ്കിലും ഒന്നു തോണ്ടുമ്പളേയ്ക്കും അലിഞ്ഞു പോന്ന ഒരു ചാരിത്ര്യക്കുടുക്ക!’

ചേട്ടന്റെ തലേലെഴുത്ത്. അല്ലാതെന്താ?

മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ച് പറ്റുന്ന രീതിയിൽ, സ്ത്രീകളിൽ കാണാറുള്ള ഒരു തരം ഭയമുണ്ടല്ലോ, അതവരെ തൊട്ടു തീണ്ടിയിട്ടില്ല. മുറ്റത്ത് ഒരു മൂർഖൻ പാമ്പിനെ കണ്ട ദിവസം പോലും അവർ ഭയന്നില്ല, തന്നെയുമല്ല അതിനെ കൊല്ലരുതെന്ന് ആവുന്നത്ര വിലക്കുകയും ചെയ്തു.

ആരും അത് ചെവിക്കൊണ്ടില്ലെങ്കിലും.

ജന്തുസ്നേഹം കലശലാണ്, അതുകൊണ്ട് പരിക്കേറ്റ ഏതു മൃഗത്തെ കണ്ടാലും വീട്ടിലേയ്ക്ക് കൊണ്ട് വരും. അതിന്റെ അസുഖം മാറ്റിയിട്ടേ പറഞ്ഞു വിടൂ. അത്തരം ശല്യങ്ങൾ അമ്മയെ ഇത്തിരിയൊന്നുമല്ല വെറുപ്പിച്ചിട്ടുള്ളത്.

പാവം അമ്മ.

കമ്പ്യൂട്ടർ എൻജിനീയറായ ചേട്ടന് അന്യായ ശമ്പളമാണ് കിട്ടുന്നതെന്ന് അവർ പറഞ്ഞപ്പോൾ ഒന്നിലും ഇടപെടാത്ത സമാധാന പ്രിയനായ അച്ഛനും കൂടി മൂക്കത്ത് വിരൽ വെച്ചു പോയി. ആ ശമ്പളം കൊണ്ടല്ലേ ഇത്ര ആർഭാടമായി കഴിയാൻ സാധിയ്ക്കുന്നത്?

അവർക്കതിനുമുണ്ടല്ലോ ഒരു സ്പെഷ്യൽ അഭിപ്രായം.

ആർഭാടമായി ജീവിയ്ക്കുന്നത് തെറ്റാണത്രെ.

അഞ്ചാറു തരം ഭക്ഷണ പദാർത്ഥങ്ങൾ ഉണ്ടാക്കുന്നത്, വിലപിടിച്ച വസ്ത്രങ്ങൾ വാങ്ങുന്നത്, വജ്രം പതിച്ച സ്വർണാഭരണങ്ങൾ ധരിയ്ക്കുന്നത്, വില കൂടിയ നല്ല കാറിൽ സഞ്ചരിയ്ക്കുന്നത്…………….

അവരുടെ നോട്ടത്തിൽ എല്ലാം പാടില്ലാത്ത കാര്യങ്ങളാണ്.

അവരുടെ ദിവ്യവാണിയിൽ മയങ്ങി ചേട്ടൻ എട്ട് കിലോ മീറ്റർ ദൂരെയുള്ള ഓഫീസിലേയ്ക്ക് സൈക്കിളിൽ പോകാൻ തുടങ്ങി. അമ്മയ്ക്ക് അതു തീരെ സഹിയ്ക്കാൻ സാധിച്ചിട്ടില്ല.

ചേട്ടന് ക്ഷീണമാവില്ലേ, ബസ്സും കാറും ഓടണ വഴിയല്ലേ, അപകടമെന്തെങ്കിലും വന്നാലോ എന്നാണ് അമ്മയുടെ ആധി.

‘അവൾക്ക് ഭർത്താവിനെ വേറെ കിട്ടും, എനിക്ക് മോൻ വേറെ കിട്ട്ല്യ‘ എന്നു പിറുപിറുക്കുമ്പോൾ അമ്മ പല്ലു കടിയ്ക്കുന്നുണ്ടായിരുന്നു.

അത്യാവശ്യത്തിലധികമായി എന്തുപയോഗിയ്ക്കുന്നതും ഒന്നിനും നിവൃത്തിയില്ലാത്തവരോടുള്ള ക്രൂരതയാണെന്ന് അവർ പറഞ്ഞപ്പോൾ അച്ഛന്റേയും അമ്മയുടേയും മുഖം കറുത്തു.

കഷ്ടിച്ച് ചെലവ് കഴിഞ്ഞ് പോയിരുന്ന ആ പഴയ കാലം അവരിരുവരും ഇപ്പോൾ ഓർക്കാൻ പോലും ആഗ്രഹിയ്ക്കുന്നില്ല.

അതുകൊണ്ട് തന്നെ ധനമുണ്ടാകുമ്പോൾ വന്നു കൂടുന്ന വിലയും നിലയുമൊന്നും കാര്യമില്ലെന്നുള്ള ചേടത്തിയമ്മയുടെ വാദം അമ്മയ്ക്കും അച്ഛനും അസഹ്യമായിരുന്നു.

ചേട്ടൻ ജോലി രാജി കൊടുത്ത് ഒരു മൂന്നാലേക്കർ പറമ്പ് വാങ്ങി അവരു രണ്ട് പേരും കൂടി കൃഷിയൊക്കെ ചെയ്ത്, ജീവിയ്ക്കാനാവശ്യമുള്ള സാധനങ്ങൾ ആ പറമ്പിൽ നിന്ന് തന്നെ ഉണ്ടാക്കി അങ്ങനെ കഴിയുന്നതാണ് ചേടത്തിയമ്മക്കിഷ്ടം.

പഴയ കെട്ടിടങ്ങൾ പൊളിച്ച് വില്പനയ്ക്ക് വച്ചിരിയ്ക്കുന്നവരുടെ അടുത്ത് നിന്ന് കെട്ടിടം വെയ്ക്കാനാവശ്യമായ പദാർത്ഥങ്ങൾ വാങ്ങി വീട് വെച്ച് ഓല കൊണ്ടോ പുല്ലു കൊണ്ടോ മേഞ്ഞ് അതിൽ താമസിയ്ക്കുവാനാണ് അവരാഗ്രഹിയ്ക്കുന്നത്.

അമ്മയും അച്ഛനും ചത്തിട്ട് മതി, ആ അക്രമം കാണിയ്ക്കുന്നതെന്ന് അമ്മ പറഞ്ഞപ്പോൾ അവരും ചേട്ടനും കൂടി ചിരിച്ചതേയുള്ളൂ.

ഓഫീസിൽ നിന്നെത്തി വൈകുന്നേരത്തെ ചായ കുടിയ്ക്കുകയായിരുന്നു. ഉഷ കൊഞ്ചലോടെ അടുത്ത് വന്നിരുന്നു.

‘ഈ ചേട്ടത്തീടെ കാര്യമറിഞ്ഞോ‘ എന്ന് അവൾ ചോദിച്ചപ്പോഴാണ് കാര്യമെന്താണെന്നന്വേഷിച്ചത്.

ഉഷ മടിച്ച് മടിച്ച് സംസാരിച്ചു.

‘ചേട്ടത്തിയ്ക്കു മുൻപേ അനിയത്തി പ്രസവിയ്ക്കൂലോ എന്ന് അടുക്കളയിൽ നിൽക്കണ കുട്ടിയമ്മ അവരോട് പറഞ്ഞുവത്രെ.‘

‘നിന്റെ ഗർഭം ഞാനുണ്ടാക്കിത്തന്നതല്ലേ, അതിന് കുട്ടിയമ്മയ്ക്കെന്താ?‘

‘ഈ ദിനേശേട്ടൻ, മുഴുവൻ കേൾക്കാണ്ട് ഓരോന്ന് പറയാച്ചാൽ ഞാനിനി ഒന്നും പറയണില്ല.‘

‘എന്നാൽ ശരി, നീ പറയ്.‘

‘അപ്പോ കുട്ടിയമ്മേ നോക്കി വെറുതേ ചിരിച്ചിട്ട് ചേട്ടത്തി എന്നോട് പറഞ്ഞതാ. അവർക്ക് ശരീരം കൊണ്ട് അമ്മയാവാനൊന്നും ആശല്യാത്രെ.‘

‘നീയെന്താ പറഞ്ഞോണ്ട് വരണേ? അമ്മയാവാൻ ആശയില്ലാത്ത പെണ്ണുങ്ങള് ഈ ഭൂമീലില്ല. ഇതുവരെ ജനിച്ചിട്ടില്ല, ഇനി ജനിയ്ക്കാനും പോണില്ല.‘

വലിയ ചെലവൊന്നുമില്ലാത്ത ഒരു പൊതു വിജ്ഞാനമാണ് ഉഷയുടെ മുൻപിൽ വിളമ്പിയത്.

‘അതേതെ. അതും പറഞ്ഞ് ഇരുന്നാ മതി. ചേട്ടനും അവരും കൂടി ഒരു കുട്ടിയെ ദത്തെടുക്കാൻ പോവ്വാത്രെ. എത്ര അനാഥ കുട്ടികളുണ്ട് ഈ ലോകത്തില്. അതിലൊരാൾക്ക് നല്ല ജീവിതമുണ്ടാക്കാൻ പറ്റിയാ നന്നായില്ലേന്നാ അവരു ചോദിയ്ക്കണേ. ഇല്ലാത്ത ഒരു കുട്ടിയെ ഭൂമിയിലേയ്ക്ക് കൊണ്ടന്ന് വളർത്തണേനു പകരം ഉള്ള കുട്ടികളെ നോക്കല്ലേ വേണ്ടേന്ന്.’

ഈ സ്ത്രീ എന്തിനുള്ള പുറപ്പാടാണ്? പ്രാന്ത് മൂത്ത് വല്ല ചാക്കന്റേയും പോക്കന്റേയുമൊക്കെ കൊച്ചിനെയും ഏറ്റിക്കൊണ്ട് വരുമോ? ഏതോ ഒരു അശ്രീകരം പിടിച്ച കുട്ടി വന്ന് തന്നെ കൊച്ചച്ഛാ എന്നു വിളിയ്ക്കുന്ന ഗതികേടാവുമോ? അതോ ഇനി അവർ തന്നെ നേരത്തെ രഹസ്യമായി പ്രസവിച്ച കുട്ടിയുണ്ടായിരിയ്ക്കുമോ വല്ല ദിക്കിലും?

ചേട്ടൻ ഇത്ര ഒരു മന്തനായിപ്പോയല്ലോ. അവരുടെ കിറുക്ക് കൊണ്ട് ചേട്ടന് വന്നു ഭവിയ്ക്കാവുന്ന ഗതികേടിനെക്കുറിച്ച് ഉഷയോടും പിന്നെ അച്ഛനമ്മമാരോടും വിശദമായി സംസാരിയ്ക്കണമെന്നുറപ്പിച്ചിട്ടാണ് അന്ന് കിടന്നുറങ്ങിയത്.

പക്ഷെ, പിറ്റേന്ന് രാവിലെ എണീറ്റപ്പോൾ വൈകി, ഓഫീസിൽ ചെന്നതും ഒരാഴ്ചത്തെ ടൂർ പ്രോഗ്രാം വന്നു. ഇനി സംസാരമെല്ലാം ടൂറ് കഴിഞ്ഞ് വന്നിട്ടേ പറ്റൂ.

ടൂറ് കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴേയ്ക്കും വീട്ടിൽ നല്ല ചർച്ചയായിക്കഴിഞ്ഞിരുന്നു.

അടുക്കളയിലെ കുട്ടിയമ്മയ്ക്കാണത്രെ അഭിപ്രായം തുറന്നു പറയാൻ ആദ്യം ധൈര്യം വന്നത്.

‘തലയ്ക്ക് ഇത്തിരി സ്ഥിരതക്കുറവുണ്ടോന്നാ ആദ്യം നോക്കേണ്ടത്.‘

അമ്മയ്ക്ക് അത് ശരിയാണെന്നു നേരത്തെ തോന്നിക്കഴിഞ്ഞിരുന്നു. പക്ഷെ, അത് അമ്മായിയമ്മപ്പോരായി വ്യഖ്യാനിയ്ക്കപ്പെട്ടാലോ എന്നായിരുന്നു പാവത്തിന്റെ ഭയം. അച്ഛനും ഉഷയും കൂടി സംശയം ശരിവെച്ചപ്പോഴാണ് അമ്മയ്ക്ക് മെല്ലെ അക്കാര്യം അവതരിപ്പിയ്ക്കാനായത്.

മനോവേദന കൊണ്ട് അമ്മ കരയുകയായിരുന്നു.

‘അവനെതിർത്താൽ അവള് വല്ല അതിക്രമോം കാണിച്ചാലോ? അവനെന്റെ കണ്മണിയാണ്. ഒരു നട്ട പ്രാന്തത്തീടെ കൂടെ കഴിയാനാണല്ലോ ഈശ്വരൻ വഴി വെച്ചത്. എന്റെ മോനെ…….. ഓർത്തിട്ട് എനിയ്ക്ക് സഹിയ്ക്കണില്ലടാ………‘

ചേടത്തിയമ്മയ്ക്ക് ലേശം ലൂസുണ്ട്. അതാണ് സത്യം.

ചേട്ടന് സമാധാനമായി ജീവിയ്ക്കണമെങ്കിൽ അവരെ ചികിത്സിയ്ക്കുക തന്നെ വേണം.

വീട്ടിലിരുന്ന് ചേട്ടനുമായി ഇക്കാര്യമെങ്ങനെ പറയും? അതുകൊണ്ടാണ് വൈകുന്നേരം ചേട്ടന്റെ ഓഫീസിലെത്തിയത്.

അധികം വളച്ചു കെട്ടാനൊന്നും നിന്നില്ല. അല്ലെങ്കിലും ആ വക പരിപാടിയൊന്നും തനിയ്ക്കറിയില്ല.

കാര്യം പറഞ്ഞപ്പോൾ ചേട്ടൻ കുറച്ച് നേരം നിശ്ശബ്ദനായി ഇരുന്നു.

പിന്നെ പറഞ്ഞതിതാണ്.

‘അവളുടെ പ്രാന്ത് ചികിത്സിച്ച് മാറ്റേണ്ടതല്ല, ദിനേശാ. നിനക്ക് അത് മനസ്സിലാവാത്തതുകൊണ്ടാണ്. ഈ തരം പ്രാന്ത് കൂടീട്ട് അവളെന്നെ ഉപദ്രവിച്ചാലോ എന്നല്ലേ നിന്റെ പേടി? ഞാൻ അത് സഹിച്ചോളാം. അവളുടെ പ്രാന്തു കാരണം വീട്ടിലെല്ലാവർക്കും ബുദ്ധിമുട്ടാവണതിന് എന്താ വഴി എന്നാലോചിയ്ക്കാം. എന്നെ പറ്റി ആധി പിടിയ്ക്കണ്ട.‘

പിന്നെ ഒന്നും പറയാൻ കഴിഞ്ഞില്ല. എല്ലാർക്കും അവരവരുടെ തലേലെഴുത്ത് പോലെയേ ജീവിയ്ക്കാനാകൂ.

അക്കാര്യം ഉഷയോട് പറഞ്ഞപ്പോൾ അവളുണ്ട് കണ്ണീരൊലിപ്പിയ്ക്കുന്നു!

ഈ വന്നു കയറുന്ന പെണ്ണുങ്ങളൊക്കെയും പ്രാന്തത്തികളാണോ?

എന്റെ ഈശ്വരാ!..........

Wednesday, August 11, 2010

ബോയ്ഫ്രണ്ട്

https://www.facebook.com/echmu.kutty/posts/518906574955308
20/01/16
(തര്‍ജ്ജനി, ജൂണ്‍ 2010, Volume 6, No. 6 ൽ ഈ കഥ വന്നിരുന്നു.)

https://www.facebook.com/echmu.kutty/posts/1140172906162002
20/02/19

അച്ഛാ…

അച്ഛാ……

ഉം.

അച്ഛാ…………….

എന്താ?

എനിക്ക് ..

നിനക്ക്..?

എത്ര വയസ്സായി?

നിനക്കോ? നിനക്ക് ……… ഇരുപതാവാൻ പോകുന്നു.

ആ, അപ്പോ അച്ഛനറിയാം. ഞാൻ ഒരു സുന്ദരീം മിടുക്കീം നല്ല സ്വഭാവള്ള കുട്ടീമല്ലേ?

പിന്നെ അല്ലേ? അച്ഛനക്കാര്യത്തിലൊന്നും ഒരു സംശയവുമില്ല.

എന്നാലേ …….എനിക്ക് ഒരു ബോയ്ഫ്രണ്ടിനെ വേണം.

ആരെ?

ഇതെന്താ ചെവി കേക്കാത്ത മാതിരി……. എനിക്ക് ഒരു ബോയ്ഫ്രണ്ടിനെ വേണം.

ഓ. അങ്ങനെ, ബോയ് ഫ്രണ്ട്.

ആ, അതന്നെ, ഒരു ബോയ്ഫ്രണ്ട്. കോളേജിലെല്ലാർക്കും ഉണ്ടച്ഛാ, എന്റെ മിക്കവാറും എല്ലാ കൂട്ടുകാരികൾക്കും ഉണ്ട്.

അതേയോ? അപ്പോ നിനക്കും വേണം. ശരി തന്നെയാ. ആട്ടെ, എന്തിനാ നിനക്ക് ബോയ്ഫ്രണ്ട്?

അത്…… പിന്നെ, ആങ്….കോളേജ് വിടുമ്പോ ഗേറ്റിലു കാത്ത് നിൽക്കാൻ…

അതു മതിയോ?

ഈ അച്ഛൻ……അതൊന്നും പോരാ…….

പിന്നെ?

കൈ പിടിച്ച് ഫുട്പാത്തിലൂടെ നടക്കാൻ……. പിന്നെ ഐസ്ക്രീമും കപ്പലണ്ടീം വാങ്ങിത്തിന്നാൻ…….

നീ വാങ്ങി അവനു കൊടുക്കോ അതോ അവൻ വാങ്ങീട്ട്……..

അങ്ങനെ എപ്പളും ഓസണ്ട……. രണ്ടാളും മാറി മാറി……വാങ്ങിയ്ക്കണം.

വേറെ എന്താ ആവശ്യം?

ങാ…….പിന്നെ കോളേജിന്റെ മുൻപിലെ സി സി ഡി ല് പോയി ഐസ്ഡ് എസ്കിമോ കുടിയ്ക്കണം. നല്ല ചക്കര ബോയ്ഫ്രണ്ടായാ വല്ലപ്പോഴും പി വി ആറില് പോയി ഒരു മൂവീം കാണാം.

ഓ, അപ്പോ അതൊക്കെയാ പരിപാടികള്……

ങാ, പിന്നെ നല്ല നല്ല എസ് എം എസ് അയയ്ക്കണം, ഇടയ്ക്കിടയ്ക്ക് ഫോൺ ചെയ്യണം.

ശരി.

നല്ല ബുക്കുകളെപ്പറ്റീം സിനിമകളെപ്പറ്റീം പാട്ടുകളെപ്പറ്റീം ഒക്കെ സംസാരിയ്ക്കണം.

അങ്ങനെയാവട്ടെ, ഇങ്ങനൊരുത്തനെ എവിടന്നു കിട്ടും?

അതിനല്ലേ അച്ഛൻ? അച്ഛൻ തേടിക്കണ്ടുപിടിച്ചോണ്ട് വാ.

വല്ല പത്രത്തിലും പരസ്യം കൊടുക്കേ; ഫ്ലാറ്റിന്റെ മുൻപില് ഒരു ബോർഡ് വെക്കേ; എന്റെ കൂട്ടുകാരോടും നമ്മടെ ബന്ധുക്കളോടും പറയേ; അങ്ങനെ ഒക്കെ ചെയ്തു നോക്കാം, ന്താ?

ന്തായാലും തരക്കേടില്ല, എനിക്ക് അടിയന്തിരമായിട്ട് ഒരു ബോയ്ഫ്രണ്ട് വേണം. എന്റെ കൂട്ടുകാരുടെ ഒപ്പം എനിക്കും ഗമേല് നടക്കണം. പിന്നെ ബോയ്ഫ്രണ്ട് അതു പറഞ്ഞു, ഇത് പറഞ്ഞു എന്നൊക്കെ അവരു പറയണ മാതിരി എനിക്കും പറയാലോ, ഇടയ്ക്ക് ഓരോ ഷാളും പേനേമൊക്കെ കാണിച്ച് ഇത് അവൻ വാങ്ങിത്തന്നതാ എന്നു വീമ്പയടിയ്ക്കാലോ…….

അതു ശരി, അപ്പോ അങ്ങനെയാണ് കാര്യങ്ങള്. അച്ഛൻ ശ്രമിയ്ക്കാം, ഈ വക കാര്യങ്ങളില് ഒറപ്പൊന്നും പറയാൻ പറ്റില്ല.

**********************************************

അച്ഛാ…

അച്ഛാ……

ഉം.

അച്ഛാ…………….

എന്താ?

എനിക്ക് ..

നിനക്ക്..?

ബോയ് ഫ്രണ്ടിനെ വേണ്ട.

ഹായ്, ന്താ അത്? അച്ഛൻ ശ്രമിയ്ക്കണ്ട്, ഇത്തിരിം കൂടി ക്ഷമിക്ക്.

വേണ്ടച്ഛാ. അത് ശരിയാവില്ല.

എന്തേ?

വലിയ ബുദ്ധിമുട്ടാ, ഒരു ബോയ് ഫ്രണ്ടിനെ കൊണ്ട് നടക്കാൻ. അത്രമാത്രം പണീട്ക്കാൻ എനിക്കിപ്പോ പറ്റില്ല. അതു മാത്രം പോരല്ലോ. പഠിയ്ക്കേം വേണ്ടേ?

എന്താ പറ്റിയേ?

എന്റെ കൂടെ പഠിയ്ക്കണ സോനമില്ലേ, ഇന്നാള് ഇവിടെ വന്ന് മീനൊക്കെക്കൂട്ടി ഉണ്ടിട്ട് ബഹുത്ത് അച്ഛാ, വെരി റ്റേസ്റ്റി എന്നൊക്കെ പറഞ്ഞ സോനം?

ഉവ്വ്, അവൾക്കെന്തു പറ്റി?

ഒന്നും പറ്റീല്യാ, അവൾക്ക് ഒരു ബോയ്ഫ്രണ്ടുണ്ട്. ഒരു കമ്പനീൽ ജോലി ചെയ്യാ, അവര് രണ്ടാൾടേം വീട്ടില് ഒക്കെ അറിയും.

അപ്പോ ബോയ്ഫ്രണ്ട് മാത്രല്ല, ഭാവി വരനും കൂടിയാണ് എന്നുണ്ടോ?

ആദ്യമൊക്കെ ഫ്രണ്ട് എന്നാ പറഞ്ഞിരുന്നേ, പിന്നെ എപ്പോഴോ അങ്ങനേം ആയി എന്നു തോന്നുന്നു. അവൾക്കിപ്പോ അയാൾടെ ഫ്ലാറ്റില് മായീടെ ജോലി കിട്ടീട്ടുണ്ട്.

മായീടെ ജോലിയോ? അച്ഛന് മനസ്സിലായില്ല, മോളേ…….

ഈ അച്ഛൻ…… മായീന്ന് പറഞ്ഞാൽ ശരിയ്ക്കള്ള മായി തന്നെ. അയാൾടെ ഫ്ലാറ്റ് അടിച്ച് വാരിത്തൊടയ്ക്കാ, പാത്രങ്ങള് കഴ്കി വെയ്ക്കാ, അയാൾടെ തുണികള് അലക്കിത്തേച്ച് വയ്ക്കാ, പിന്നെ പലതരം സബ്ജികള്ണ്ടാക്കി ഫ്രിഡ്ജില് വയ്ക്കാ. ആഴ്ചേലാഴ്ചേല് അവള് പോയി ഈ ജോലിയൊക്കെ ചെയ്തു വരും.

അയാൾക്ക് സഹായത്തിനാരുല്യേ…. തനിച്ചാ പാർക്കണേ?

ആ…….തന്നെയാ. വീട്ട്കാരൊക്കെ വളരെ ദൂരെയാ. നാട്ടില്. ജോലി ചെയ്താലും പോരാ, പിന്നേം വലിയ പ്രശ്നങ്ങളാ അച്ഛാ…………

എന്താ മോളെ പ്രശ്നം?

അയാള് അവളെ ഫോണില് വിളിച്ച് എപ്പഴും ചീത്ത പറയും, സബ്ജി മോശായിരുന്നു, അലക്കീപ്പോ ഷർട്ടിലെ ബട്ടൺ എളകിപ്പോയി…… അങ്ങനെയൊക്കെ. പിന്നെ; അവള് ആരോടും മിണ്ടാൻ പാടില്ല. അയാളെ മാത്രേ നോക്കാവൂ. അയാള് വിളിയ്ക്കുമ്പോ ഫോൺ എൻഗേജ്ഡ് ആയിരുന്നാൽ ഭയങ്കര വഴക്കായിത്തീരും. പോരാഞ്ഞിട്ട്……..

പോരാഞ്ഞിട്ട് ?

ഇന്നലെ അയാൾ അവളെ അടിയ്ക്കേം ചെയ്തു.

അയ്യോ!

അവള് ക്ലാസ്സിൽ കേറാണ്ടും പഠിയ്ക്കാണ്ടും ഇരുന്ന് എപ്പഴും കരച്ചിലാ……….

കഷ്ടം!

ബോയ് ഫ്രണ്ട്സുള്ളവരൊക്കെ പറയണത് അവരൊക്കെ അവരുടെ ഫ്രണ്ട്സിന്റെ ഇഷ്ടത്തിനാ എല്ലാ കാര്യങ്ങളും ചെയ്യണേന്നാ. ബോയ്ഫ്രണ്ട്സിനിഷ്ടള്ള ഉടുപ്പാ ഇടാ. ചായ കുടിയ്ക്കണതും കൂടി അവര്ടെ ഇഷ്ടത്തീനാത്രേ. അതാണ് ബോയ്ഫ്രണ്ടിനോടുള്ള സ്നേഹം.

അതവരുടെ ബോയ്ഫ്രണ്ട്സും അങ്ങനെയായിരിയ്ക്കും. ഗേൾഫ്രണ്ട്സിന് ഇഷ്ടള്ളതൊക്കെയേ അവരും ചെയ്യുള്ളൂ.

ഈ അച്ഛൻ …… എന്താ എന്നെ കളിയാക്കാ? ഗേൾസിന്റെ വാക്ക് കേട്ടാൽ ബോയ്സ് പെരുവഴീലാവുംന്നാത്രെ അവര് പറയാ. ബോയ്സിന്റെ വാക്ക് കേട്ട് നടക്കാണ് നല്ല ഗേൾസ് ചെയ്യേണ്ടത്. പിന്നെ ബുദ്ധി കമ്പ്ലീറ്റായിട്ടും ബോയ്സിനാത്രെ ഉള്ളത്.

ഓ. അതു ശരി.

എന്താ അച്ഛൻ ശരീന്ന് പറയണത്?

അല്ലാ, അച്ഛൻ ആലോചിയ്ക്കായിരുന്നു………

അധികം ആലോചിയ്ക്കണ്ട അച്ഛൻ.

അല്ലാ, മോൾക്ക് ഒരു ബോയ്ഫ്രണ്ടിനെ നോക്കല്ലേ അച്ഛൻ? അപ്പോ എല്ലാം ആലോചിയ്ക്കണ്ടേ?

അതാ ഞാൻ പറഞ്ഞേ, എനിക്ക് വേണ്ടാന്ന്.

എല്ലാവരും സോനത്തിന്റെ ബോയ്ഫ്രണ്ടിനെപ്പോലെ ആയിരിയ്ക്കില്ല.

അങ്ങനെ ഞാൻ പറഞ്ഞില്ല, അച്ഛാ.

പിന്നെ?

എനിക്ക്……..

നിനക്ക്?

ഒന്നൂല്യാ അച്ഛാ.

നീ പറഞ്ഞോ, ധൈര്യായിട്ട്…….. അച്ഛനോടല്ലേ?

എനിക്ക്…….ഒരു……ഒരു…….വെറും ബോയ്നെ വേണ്ടാ അച്ഛാ, ഫ്രണ്ടിനെ മതി.

മോളെ………