Tuesday, September 18, 2018

കുഞ്ഞുങ്ങൾ എപ്പോഴും എത്ര വലിയ പാഠങ്ങളാണ് പഠിപ്പിക്കുന്നത്

https://www.facebook.com/echmu.kutty/posts/922500097929285

പരിചയമില്ലാത്തവരുമായി ഇടപഴകരുത്, ആരോടും ഒന്നും ചോദിക്കരുത് എന്നൊക്കെ പറഞ്ഞു കേട്ടാണ് ഞാനും വളർന്നതെങ്കിലും ജീവിതസമരം അതിനെയെല്ലാം മാറ്റിതീർത്തു. ഒത്തിരി അപരിചിതരോട് ഇടപഴകി. നല്ലതും ചീത്തയുമായ അനവധി അനുഭവങ്ങളുണ്ടായി. പലരോടും വസ്ത്രമുൾപ്പടെ ഇരന്നു വാങ്ങേണ്ട പരിതസ്ഥിതിയുണ്ടായിട്ടുണ്ട് ഈ ജീവിതത്തിൽ. യാചനയുടെ ദൈന്യവും എന്നിട്ടും അത് കിട്ടാതിരിക്കുന്നതിൻറെ സങ്കടവും എനിക്ക് സുപരിചിതമാണ്. വസ്ത്രമോ ഉമ്മയോ പണമോ സ്നേഹമോ വിശ്വാസമോ അംഗീകാരമോ എന്തായാലും...

ഇന്നലെ മൂന്നു വയസ്സുള്ള ഒരു കുഞ്ഞു മോൻ ചോക്ലേറ്റ് തിന്നുകയായിരുന്നു. അവനൊപ്പം കളിച്ചു കൊണ്ടിരിക്കുമ്പോൾ എനിക്കുമിത്തിരി ചോക്ലേറ്റ് തരാമോ എന്ന് ഞാൻ ചോദിച്ചു. അവൻ അരുമയോടെ തല കുലുക്കി. തരില്ലെന്നാണ് പറഞ്ഞതെന്ന് ഞാൻ മനസ്സിലാക്കി. എന്നാൽ ബാക്കി ചോക്ലേറ്റ് ബാർ മുഴുവനും എനിക്ക് തന്നിട്ട് അവൻ കൊഞ്ചിപ്പറഞ്ഞു. ഉം..വേം കയിച്ചോളൂ...

നിറഞ്ഞ കണ്ണുകളോടെ അവനെ വാരിയെടുക്കാൻ മാത്രമേ അപ്പോഴെനിക്ക് കഴിഞ്ഞുള്ളൂ.

കുഞ്ഞുങ്ങൾ എപ്പോഴും എത്ര വലിയ പാഠങ്ങളാണ് പഠിപ്പിക്കുന്നത്....

എല്ലാ തിരിയും അണഞ്ഞിട്ടില്ല.

https://www.facebook.com/echmu.kutty/posts/921739988005296

കുട്ടികളോട് വെറുതേ സംസാരിച്ചിരിക്കുന്നത് സന്തോഷം തരുന്ന ഒരു കാര്യമാണ്. ഏതു നാട്ടിലായാലും അവരില്‍ പൊതുവായ ഒരു ജൈവികതയും പുതുമയും എനിക്കെന്നും അനുഭവപ്പെട്ടിട്ടുണ്ട്. അതു പോലെ ചില കള്ളത്തരങ്ങളും സൂത്രവുമൊക്കെ തീര്‍ച്ചയായും കാണാറുണ്ട്. കുറ്റം പറയാന്‍ പറ്റില്ല. ഈ ഭൂമിയില്‍ തന്നെ ജീവിച്ചു പോകണമല്ലോ അവര്‍ക്കും. അപ്പോള്‍ ഇത്തിരി സൂത്രവും ഇത്തിരി കള്ളത്തരവുമൊക്കെ പഠിച്ചുവെക്കുമായിരിക്കും അവരും മെല്ലെ മെല്ലെ.

ഞാനിപ്പോള്‍ മഹാരാഷ്ട്രയിലാണ്. അലഞ്ഞു നടക്കുമ്പോള്‍ പലതരം കുട്ടികളെ കാണും. ഇവിടെ ഒരു കവലയില്‍ ബാല്‍ താക്കറേയുടെ പ്രതിമ വെച്ചിട്ടുണ്ട്. അനേകം വൈദ്യുതി വിളക്കുകളുടെ പ്രഭയില്‍ വെട്ടിത്തിളങ്ങുന്ന ഒരു പ്രതിമ. അതിനു മുന്നിലാണ് ആസിഫയ്ക്ക് നീതി വേണമെന്ന് പറഞ്ഞ് മെഴുകുതിരികള്‍ കൊളുത്തി അനേകം പേര്‍ പ്രകടനം നടത്തിയത്.

കുട്ടികള്‍ അതിനെക്കുറിച്ച് പറയുകയായിരുന്നു.
പതിമ്മൂന്നും പതിനേഴും വയസ്സൊക്കെയു ള്ള കുട്ടികള്‍.

സങ്കടമായിപ്പോയി ആ കുഞ്ഞിനെ ദ്രോഹിച്ചത് എന്ന് എല്ലാവരും പലപാട് പറഞ്ഞു. ഞാന്‍ മൂളി കേട്ടുകൊണ്ടിരുന്നു. അമ്പലത്തിലായതുകൊണ്ട് അവിടെ മാത്രം കയറി നോക്കിയില്ല ആ കുഞ്ഞിന്‍റെ അച്ഛന്‍ എന്നൊരാള്‍ പറഞ്ഞപ്പോള്‍ എന്നെ ഞെട്ടിച്ചുകൊണ്ട് അടുത്തയാള്‍ മുന്നോട്ട് വന്നു. ഇനി അമ്പലം, പള്ളി, മസ്ജിദ്, ദര്‍ഗ, ഗുരുദ്വാര എല്ലായിടത്തും അന്വേഷിക്കണം കുഞ്ഞുങ്ങളെ കാണാതെ ആയാല്‍.. ആണ്‍ കുട്ടികളെ ആയാലും അന്വേഷിക്കണം. കുട്ടികളെ ദ്രോഹിക്കുന്നവരും അതു കഴിഞ്ഞ് കൊല്ലുന്നവരും ഇപ്പോള്‍ കൂടി വരികയാണ്.. സ്കൂളിലൊക്കെ ഇതെല്ലാം പറഞ്ഞുകൊടുക്കണം. പരസ്പരം സ്നേഹിക്കണം ... സഹായിക്കണം എന്നൊക്കെ ടീച്ചര്‍മാര്‍ ശരിയായി പഠിപ്പിച്ചു കൊടുക്കണം.

എല്ലാമറിയുന്ന കുട്ടികള്‍ ...

അവര്‍ എന്തെങ്കിലും ദ്രോഹം അനുഭവിച്ചിട്ടുണ്ടോ എന്ന് ചോദിയ്ക്കാന്‍ എന്നിലെ ഭീരുവിന് ധൈര്യമുണ്ടായിരുന്നില്ല. അവരുടെ സംഭാഷണം എന്‍റെ നെഞ്ചു പിളര്‍ത്തിക്കഴിഞ്ഞിരുന്നു.

ഞാന്‍ ജനിച്ചു വളര്‍ന്ന ഈ ദേശത്തെ ഓര്‍ത്ത് എനിക്ക് കരയാന്‍ പോലും കഴിവില്ലാതായിരിക്കുന്നു.

ശരിയായ മതേതരത്വം ജീവിതത്തിൽ പുലർത്തുക

https://www.facebook.com/echmu.kutty/posts/920152074830754

ശരിയായ മതേതരത്വം ജീവിതത്തിൽ പുലർത്തുക എന്നത് ഇപ്പോൾ വാളിന്മേൽ നടക്കുന്ന പോലെ സൂക്ഷിച്ചു വേണം. ഒരു തികഞ്ഞ സമൂഹസ്നേഹിയുടെ നിതാന്തജാഗ്രത അതിനാവശ്യമുണ്ട്. എല്ലാ മതങ്ങളിലും നല്ല ആചാരങ്ങൾ, നന്മകൾ എന്നിവയുള്ളത് പോലെ അനാചാരങ്ങളും തിന്മകളും ഏറെയുണ്ട്. അതത് മതവിശ്വാസികൾക്ക് ആ പ്രത്യേക മതത്തിൽ അനാചാരങ്ങളൊ
ന്നും ഉള്ളതായി സാധാരണ തോന്നുകയി
ല്ല. അത് ജനിച്ചപ്പോൾ മുതൽ ആരംഭിക്കുന്ന ശീലപ്പെടലിൻറെ ഭാഗമാണ്. ഭക്ഷണം പോലെ . അതുകൊണ്ടാണ് മതവിശ്വാസം മിക്കവാറും ഒക്കെ അന്ധമായിപ്പോകുന്നത്. സ്വന്തം മതത്തെ വെള്ള പൂശാൻ എവിടുന്നെങ്കിലും എന്തെങ്കിലും ന്യായങ്ങൾ തേടി ഈ അന്ധത നിമിത്തമാണ് മനുഷ്യർ സദാ പരക്കം പായുന്നതും.

Sunday, September 16, 2018

ദീപക് ശങ്കരനാരായണൻന്റെ ജോലി തെറിപ്പിക്കാൻ

https://www.facebook.com/echmu.kutty/posts/919119041600724

ഒരു Kotak മാനേജരെ വീട്ടിലിരുത്തിയതിന്റെ പ്രതികാരമാകും ദീപക് ശങ്കരനാരായണൻന്റെ ജോലി തെറിപ്പിക്കാൻ കാണിക്കുന്ന ഈ ഉത്സാഹം.... സംഘികളോടും വർഗീയവിഷം തുപ്പുന്ന വിഷജന്തുക്കളോടും സംസാരിച്ചിട്ട് കാര്യമില്ല...

ദീപക് വിഷയത്തിൽ അടിയന്തിരമായി ചിലതു ചെയ്യേണ്ടതുണ്ട്. സംഘികളോടോ മറ്റു ഇത്തിൾക്കണ്ണികളോടോ ഒന്നും പറയാനുമില്ല എഴുതാനുമില്ല. പേക്കൂട്ടങ്ങളോട് കല്ലെടുത്തെറിഞ്ഞോ മാറി നടന്നോ ആണ് മനുഷ്യരുടെ ശീലം. പറയേണ്ടത് HP യോടാണ്. അവരുടെ ഫേസ്ബുക്, ട്വിട്ടർ പെയ്ജുകളിലാണ് സംഘികളുടെ കളി മുഴുവൻ. ദീപക്കിനെ പുറത്താക്കുകയാണ് ലക്ഷ്യം. അവരുടെ IT സെൽ കൊണ്ട് പിടിച്ചു ഇതിനു പുറകെയുണ്ട്.

അതുകൊണ്ടു ഈ രണ്ടു പ്ലാറ്റഫോമിലും അവരെ ഔട്ട് നമ്പർ ചെയ്യേണ്ടത് ഈ കോസിനു വേണ്ടി നിൽക്കുന്ന ഓരോരുത്തരുടെയും കടമയാണെന്നാണ് കരുതുന്നത്. എന്നാൽ പ്രധാന വിഷയത്തിൽ നിന്ന് ശ്രദ്ധ വഴുതി മാറുകയും ചെയ്യരുത് എന്നത് പ്രധാനമാണ്. താഴെ കാണുന്ന മെസ്സേജ്, അവരുടെ ഫേസ്ബുക് ട്വിറ്റർ പെയ്ജുകളിൽ അവരവരുടെ പേരുകൾ ചേർത്ത് അയക്കുക. കമന്റായോ മെസ്സേജായോ. വോളിലാണ് ഇടുന്നതെങ്കിൽ HP യെ ടാഗ് ചെയ്യാൻ മറക്കരുത്. ഇന്ന് ആഴ്ചയുടെ ആദ്യ പ്രവർത്തി ദിവസമാണ്. നമുക്ക് ക്ഷതമേൽക്കുന്ന തീരുമാനങ്ങൾ അവർ എടുക്കുന്നതിനു മുൻപ് പ്രവർത്തിക്കേണ്ടതുണ്ട്.

PS: ഈ പോസ്റ്റ് ഷെയർ ചെയ്യാതെ കോപ്പി ചെയ്യുക.
****

Dear HP India

Our Nation is going thru a very tough time. The communal tension in the country right now has shaken the very concept of our beautiful country which our forefathers built on trust, mutual respect, tolerance and above all democracy.

In the light of the recent brutal incidents happened in Kathua and Unnao, we see even the ministers are becoming rape apologists leading huge processions and campaigns to hinder the investigative process. Deepak Shankaranarayanan has been one of the most important activist to speak against them in the social media circles, especially in Kerala. And for the same reason, he has been wrongfully targeted by these forces to shut him down.

A hate campaign has been launched against him on a totally groundless argument, to dislodge him from HP and to forcefully silent him. Anybody with an open mind can see that, he clearly states a conditional clause, to put forth an action. But since his words were highly twisted and distorted to make a meaning which he never intended to make, he removed the post stating he regrets for the confusion that it caused. It seems they have been long waiting for an opportunity against him.

This is a historical cause and we, the people of India are hell bent to do everything that the democratic set up in this country permits us to show our discontent, disagreement and discordance to this politics of hatred that has befell this country. Therefore, we beseech you to see things as they are and recognize the hate campaigns in their true color. We stand by Deepak and this larger cause and we expect the whole HP team to be with us too.

#SolidarityWithDeepak

#Copied

എട്ടു വയസ്സുള്ള മുസ്ലീം കുഞ്ഞിനോട്

https://www.facebook.com/echmu.kutty/posts/917641825081779


എട്ടു വയസ്സുള്ള മുസ്ലീം കുഞ്ഞിനോട് ഇത്ര പൈശാചികത കാണിക്കുകയും അതിനു ന്യായങ്ങൾ ചമയ്ക്കുകയും ചെയ്യുന്നവരുള്ള, ഇങ്ങനൊരു ദുഷ്ടത അറിഞ്ഞതേയില്ലെന്ന് ഭാവിക്കുന്നവരുള്ള ഈ ലിംഗ മഹാരാജ്യം എൻറേതാണോ? ഈ രാജ്യത്തെ ഓർത്ത് ഒരു പെണ്ണിനെ പെററിട്ട ഞാൻ എന്ന പെണ്ണ് അഭിമാനിക്കണോ?... രോമങ്ങൾ എഴുന്ന് നിൽക്കുന്ന ഭയവും കത്തിപ്പടർന്ന് അവസാനിക്കട്ടെ ഈ ലിംഗ മഹാ രാജ്യമെന്ന ശാപവും മാത്രമാണുള്ളിൽ....

സഹിക്കാൻ കഴിയുന്നില്ല.....



                                        

https://www.facebook.com/echmu.kutty/posts/924328147746480

ദില്ലിയിൽ ബലാത്സംഗം ചെയ്യപ്പെട്ട പതിനൊന്നുകാരി മരിച്ചിട്ടില്ല. മൗലവിയും പ്രായപൂർത്തിയാകാത്ത ഒരാളുമാണ് ഈ ഹീനമായ കുറ്റം ചെയ്തതെന്ന് കുഞ്ഞ് മൊഴി നൽകിയിട്ടുണ്ട്.

ഇന്ത്യയിൽ ഞാനുൾപ്പടെയുള്ള സകല പെണ്ണുങ്ങളും വല്ല പകർച്ചവ്യാധികളും പിടിപെട്ട് മരിക്കണമെന്നാണ് എൻറെ ഇപ്പോഴത്തെ ആഗ്രഹം. പീഡനത്തെ ഏതെങ്കിലും തരത്തിൽ ന്യായീകരിക്കാനാഗ്രഹിക്കുന്ന പുരുഷന്മാർ പരസ്പരം ബലാത്സംഗം ചെയ്തും നിയമനിർമ്മാണം നടത്തിയും ജീവിക്കട്ടെ...





                                       

https://www.facebook.com/echmu.kutty/posts/924867751025853
                         വീഡിയോ കാണാം

വി കെ എൻ എഴുതിയത് സത്യമാണ്. ദൈവമില്ല. ഉണ്ടായിരുന്നെങ്കിൽ ആ നിമിഷം അദ്ദേഹം അലറിയടുത്ത് വീട്ടിലിരിക്കുന്ന പെങ്ങളുടെ യോനിയെ അധിക്ഷേപിക്കുന്ന ഈ ധനിക ആൺ അഹന്തയെ അവസാനിപ്പിക്കുമായിരുന്നു. ഇയാൾ ഒക്കെ ജീവിക്കുന്ന നാട് എൻറെ ആവുന്നതെങ്ങനെ?


https://www.facebook.com/aparna.kuttikkattu/videos/1832467190157489/

Thursday, September 13, 2018

ചുമ്മാ ഒരു ചിത്രം

https://www.facebook.com/photo.php?fbid=914414968737798&set=a.526887520823880.1073741826.100005079101060&type=3&theater


https://www.facebook.com/photo.php?fbid=916219715223990&set=a.526887520823880&type=3&theater
ആദ്യമായിട്ട് എഴുത്തിന് ഒരവാർഡ്... അടുക്കള ക്കപ്പുറം എന്ന ഫേസ്ബുക്ക് ഗ്രൂപ്പിൽ നിന്ന്... ശ്രീ മുരളി ഗോപി യാണ് അത് സമ്മാനിച്ചത്...
                                                  

വഴക്കിടുന്ന ഹൃദയം ഓര്‍മ്മിപ്പിച്ചത്

https://www.facebook.com/echmu.kutty/posts/913444978834797

വഴക്കാണ് എന്‍റെ ഹൃദയത്തിന് എന്നോട്. 'നിന്നെ ഇനി എനിക്ക് താങ്ങാന്‍ വയ്യ' എന്ന് ഹൃദയം ദേഷ്യപ്പെടാന്‍ തുടങ്ങീട്ട് കുറച്ച് കാലമായി. ചില്ലറ മരുന്നുകളും വ്യായാമവും ഒക്കെയായി ഞാന്‍ അതിനെ പാട്ടിലാക്കാന്‍ നോക്കുന്നുവെങ്കിലും ഒരുപാട് ഭാരം വലിപ്പിക്കുന്നുവെന്ന പരാതിയില്‍ അതു പിണങ്ങി നില്‍ക്കുകയാണ്. അതുകൊണ്ട് ഇടയ്ക്കിടെ ചില ടെസ്റ്റുകള്‍ ... മരുന്ന്... അങ്ങനെ .' ഞങ്ങള്‍ ദാ നോക്കിക്കോ ഇപ്പോ കാണാം എന്‍റെ ബലം' എന്ന മട്ടില്‍ പരസ്പരം മുറുമുറുത്തുകൊണ്ട് ബലം പരീക്ഷിക്കുകയാണ്. പല പല ടെസ്റ്റുകള്‍ക്ക് വിധേയയാവുന്നതുകൊണ്ടാണ് ആദ്യമായി ഇ സി ജി എന്ന ടെസ്റ്റിനു പോയ ആശുപത്രിയേയും ആ ടെക്നീഷ്യനേയും ഈയിടെയായി ഞാന്‍ എപ്പോഴും ഓര്‍ക്കുന്നത്. മാന്യത എന്ന വാക്കിനു പര്യായമായി ആ ടെക്നീഷ്യനെ ഞാന്‍ എന്നും ഓര്‍മ്മിക്കും..

സങ്കടങ്ങളുടെ തിരക്കോളുകളില്‍ അകപ്പെട്ടിരുന്ന വേവും കാലത്ത് ഒരു ദിവസം നട്ടുച്ച്യ്ക്ക് ഹൃദയം ദേഷ്യത്തോടെ മുറുമുറുത്തു. ചെറുപ്പത്തില്‍ വന്ന റുമാറ്റിക് ഫീവര്‍ ആണ് അതിനു കാരണമെന്ന് ആള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് അങ്ങ് പ്രഖ്യാപിച്ചു. അങ്ങനെ ചികില്‍സയും ആരംഭിച്ചു. അതിന്‍റെ ഭാഗമായിട്ടായിരു ന്നു ഇ സി ജി ടെസ്റ്റ്.

അതിനു ചെന്നപ്പോഴാണ് എനിക്ക് നന്നേ പരിചയമുള്ള എന്‍റെ കഷ്ടപ്പാടുകളെല്ലാം ശരിക്കറിയാവുന്ന മലയാളിയായ ടെക്നീഷ്യനാണവിടെയെന്ന് ഞാന്‍ അറിഞ്ഞത്. ഇ സി ജി എടുക്കുമ്പോള്‍ ബ്രായുടെ ഹുക്കും അഴിച്ച് കമ്മീസും ഉയര്‍ത്തി വെച്ച് മലര്‍ന്നു കിടക്കണമെന്ന് എനിക്കറിയില്ലായിരുന്നു. ' ആ ചേട്ടനാണല്ലേ.. ഇവിടെ .. എന്‍റെ ഇ സി ജി എടുക്കണം ' എന്ന് ഞാന്‍ അറിയിച്ചപ്പോള്‍ ഒരു നിമിഷം എന്‍റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കിയിട്ട് ആ ചേട്ടന്‍ ചോദിച്ചു 'കൊച്ചിനറിയാമോ എങ്ങനാ ആ ടെസ്റ്റ് എടുക്കുന്നതെന്ന് ?' ഞാന്‍ ഇല്ലെന്ന് തലയാട്ടി.. ചില പ്ലഗുകള്‍ കാലിലും കൈയിലുമെല്ലാം പിടിപ്പിക്കുമെന്ന് എനിക്കറിയാം. അതില്‍ക്കൂടുതല്‍ ഒന്നുമറിയില്ലായിരുന്നു.

'നമ്മള്‍ പരിചയക്കാരല്ലേ കൊച്ചേ ... ഞാന്‍ ചെയ്യുന്നില്ല. കൊച്ചിനു പിന്നീട് മനസ്സിനു വിഷമം വരരുത്...' എന്ന് പറഞ്ഞു മറ്റൊരാളെ അതിനു നിയോഗിച്ച് അദ്ദേഹം മാറി നിന്നു. ടെസ്റ്റ് കഴിഞ്ഞപ്പോഴാണ് ആ മാറി നില്‍ക്കലിന്‍റെ കാരണം എനിക്ക് മനസ്സിലായത്. ആ മാന്യതയും കരുതലും എന്‍റെ കണ്ണ് നനയിക്കാതിരുന്നില്ല.

അനിയത്തി റാണിയുടെ കല്യാണത്തിനു ആ ചേട്ടന്‍ ആദ്യവസാനക്കാരനായി ഞങ്ങളെ സഹായിക്കാനുണ്ടായിരുന്നു. കല്യാണത്തിന്‍റെ തലേന്ന് ദില്ലിയിലെത്തിയ ഞങ്ങളുടെ അച്ഛന്‍ ടെക്നീഷ്യന്‍ ചേട്ടനെ എങ്ങനെയാണ് എനിക്ക് പരിചയമെന്ന് തിരക്കി.

ഞാന്‍ ഒരു നിമിഷം ഒന്നും പറഞ്ഞില്ല. പിന്നെ തല നിവര്‍ത്തി അച്ഛന്‍റെ കണ്ണുകളില്‍ കണ്ണു നട്ട് ഉത്തരം കൊടുത്തു. ' ഒരുപാട് കാലമായിട്ടുള്ള പരിചയമാണ് അച്ഛാ... എനിക്കൊന്നുമില്ലാതിരുന്ന കാലത്തും അല്‍പാല്‍പം വല്ലതുമൊക്കെ ഉണ്ടായിത്തുടങ്ങിയ കാലത്തും ചേട്ടന്‍ ഒരേ പോലെ ഒപ്പമുണ്ടായിരുന്നു അച്ഛാ..'

അച്ഛന്‍റെ മുഖം വല്ലാതെ വിവര്‍ണമായി.

എനിക്കൊന്നുമില്ലാതിരുന്ന കഷ്ടപ്പാടുകളുടെ കാലത്ത് അച്ഛനും എനിക്കുണ്ടായിരുന്നില്ലല്ലോ.

അച്ഛന്‍ പരുങ്ങലോടെ എന്‍റെ തലയില്‍ തടവി
എന്നിട്ട് പതുക്കെ മന്ത്രിച്ചു. 'നിന്‍റെ പ്രശ്നങ്ങളൊന്നും വേണ്ട സമയത്ത് വേണ്ടതു പോലെ മനസ്സിലാക്കാന്‍ എനിക്ക് കഴിഞ്ഞില്ല.'

ഞാന്‍ ചിരിച്ചു, ' സാരമില്ല... അച്ഛാ. മച്ച് വാട്ടര്‍ ഹാസ് ഫ്ലോണ്‍ അണ്ടര്‍ ദ ബ്രിഡ്ജ്. '

എനിക്ക് വല്ലാതെ സങ്കടം വരുന്നുണ്ടായിരുന്നു.

എങ്കിലും ആ കണ്ണീര് അച്ഛനു മുന്നില്‍ പ്രദര്‍ശിപ്പിക്കാന്‍ അന്നേരം എനിക്ക് തോന്നിയതേയില്ല.

Wednesday, September 12, 2018

ദുരഭിമാനക്കൊല...ജാതിയും മതവും ഇല്ലാതെയാണ്

https://www.facebook.com/echmu.kutty/posts/907013656144596
ദുരഭിമാനക്കൊല നമുക്ക് പുതിയതല്ല. എത്രയോ വട്ടം പറ്റാവുന്നിടത്തൊക്കെ നമ്മൾ അത് ചെയ്തിട്ടുണ്ട്.

താഴ്ത്തപ്പെട്ട ജാതിക്കാരനെ വിവാഹം കഴിച്ച കുറ്റത്തിന് എൻറെ അമ്മ സഹിച്ച പീഡനങ്ങൾ... കോടതി ക്കേസ്സുകൾ.

അമ്മയ്ക്കൊപ്പം നിന്നത് കൊണ്ട് മാത്രം തികച്ചും ഒറ്റപ്പെട്ടു പോയ അമ്മീമ്മയുടെ ജീവിതം....

ഞങ്ങൾ മൂന്നു മക്കൾ ഇന്നും കേൾക്കേണ്ടി വരുന്ന ജാതി മത അഹന്തകൾ.....

കേരളത്തിൽ എന്നും ജാതിയും മതവും അതിശക്തമായിരുന്നു. അതിൻറെ ചാട്ടയടിയേറ്റിട്ടുള്ളവർക്കേ ആ നീറ്റലറിയൂ...

ആതിര എന്ന നിത്യവേദന.....

---------------------------------------------------------

https://www.facebook.com/echmu.kutty/posts/910347952477833

ജാതിയും മതവും ഇല്ലാതെയാണ് പിറന്നതും വളർന്നതും ഇതുവരെ ജീവിച്ചതും.... ഇനീം അങ്ങനെ തന്നെ ജീവിക്കാനാണ് തീരുമാനം... ജാതികളും മതങ്ങളും ഏൽപ്പിച്ച എല്ലാ മുറിവുകളും നഷ്ടങ്ങളും അപമാനങ്ങളും സഹിച്ചപ്പോഴും ജാതിയും മതവും വേണമെന്ന് തോന്നിയിട്ടില്ല. .....ജാതിയിലും മതത്തിലും മാത്രം ബന്ധിതരായവരെ കാണുമ്പോൾ എക്കാലവും വിഷമം തോന്നീട്ടുണ്ട്.... ജാതിയും മതവും വേലി കെട്ടാത്ത മനുഷ്യർ ധാരാളമായി ഉണ്ടാവട്ടെ എന്ന് മോഹിച്ചുകൊണ്ട്......

                                                  
https://www.facebook.com/echmu.kutty/posts/922116434634318


കേരളത്തിന്റെ ചീഫ് സെക്രട്ടറി ആയി വിരമിച്ച, കവി കൂടിയായ ശ്രീ കെ ജയകുമാർ ഐ എ എസ് ടൂറിസം വകുപ്പിന്റെ ഭരണത്തലവനായിരിക്കുമ്പോഴാണ് കേരള ത്തിന് ദൈവത്തിന്റെ സ്വന്തം നാടെന്ന പേര് നൽകിയത്. ആ പേര് വിശ്വസിച്ച് വന്നതാവും ലിഗ. ദൈവം ഇന്ത്യ തന്നെ വിട്ടു പോയത് അവരറിഞ്ഞിരിക്കില്ല. കേരളത്തിൽ ഇങ്ങനെ നടന്നല്ലോ എന്ന് ഞാൻ സങ്കടപ്പെട്ടപ്പോൾ , അവർ ബലാത്സംഗം ചെയ്യപ്പെട്ടില്ലെന്ന് സമാധാനിക്കൂ എന്നാശ്വസിപ്പിച്ച മറാഠി വീട്ടമ്മ ഇന്നത്തെ ഇന്ത്യയുടെ ശരിയായ അവസ്ഥ യെ ഓർമ്മിപ്പിക്കുകയായിരുന്നു.

എല്ലാ നിന്ദിതരോടും പീഡിതരോടും ഒപ്പം....എന്നുമെന്നും എപ്പോഴും....

ഡോ. വല്ലത്ത് ബാലകൃഷ്ണന്‍

https://www.facebook.com/photo.php?fbid=905512702961358&set=a.526887520823880.1073741826.100005079101060&type=3&theater
                                                  

പോയി ...

അച്ഛന്‍റെ ബാലന്‍.. ഞങ്ങള്‍ക്കും അദ്ദേഹം അച്ഛന്‍റെ ബാലനായിരുന്നു. അമ്മാവാ , അങ്കിള്‍ എന്നൊന്നും ഞങ്ങള്‍ ഒരിക്കലും വിളിച്ചിട്ടില്ല. അച്ഛന്‍റെ ബാലന് വേറേ ഒരു പേരെന്തിനാണ് ?

സ്നേഹിച്ചവരെല്ലാം മണിക്കൂറുകളുടെ ഇടവേളകളില്‍ ഒരിക്കലും മടങ്ങി വരാനാവാത്ത വഴി തിരിഞ്ഞു പോവുന്ന കാലമാണെനിക്കിത്. കരഞ്ഞാല്‍ തീരുകയില്ലെന്നതുകൊണ്ട് ഞാന്‍ മൌനമായിരിക്കുന്നു.

അച്ഛന്‍ ഫോണ്‍ ചെയ്തു സംസാരിക്കും. ' ബാലാ....' തമാശകള്‍ പറഞ്ഞ് പൊട്ടിച്ചിരിച്ച്... അവരുടെ സൌഹൃദത്തിനു ഒത്തിരി പഴക്കമുണ്ടായിരുന്നു.

അമ്മയ്ക്ക് ക്ഷയരോഗം ബാധിച്ച കാലമായിരുന്നു. രോഗമെന്തെന്ന് ശരിക്കറിയാതെ പലവിധ ചികില്‍സകള്‍ ചെയ്ത് അമ്മയുടെ ജീവിതം നരകമായ കാലം. ഒടുവില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ കൊണ്ടുപോകാന്‍ തീരുമാനമായി. അന്ന് അച്ഛന്‍റെ ബാലന്‍ തിരുവനന്തപുരത്തെ ഗാസ്റ്റ്രോ എന്‍ററോളജി ഡിപ്പാര്‍ട്ടുമെന്‍റില്‍ പ്രൊഫസറാണ്.
ഞാനും അമ്മയും അച്ഛനും കൂടി ലില്ലിപ്പൂക്കളും ബൊഗയിന്‍ വില്ലകളും നിറഞ്ഞ അദ്ദേഹത്തിന്‍റെ വീട്ടില്‍ ചെന്നു കയറുമ്പോള്‍ തികഞ്ഞ പ്രസാദാത്മകതയോടെ അച്ഛന്‍റെ ബാലന്‍ പാടി ...

'ചെല്ലപ്പാ .. ചെല്ലപ്പാ.. ചെല്ലപ്പാ... ചെല്ലപ്പാ..ചെല്ലപ്പാ.. ചെല്ലപ്പാ... ചെല്ലപ്പാപ്പാ..'

രോഗിണിയും അതീവ ക്ഷീണിതയുമായിരുന്നെങ്കിലും അമ്മ പോലും പൊട്ടിച്ചിരിച്ചു പോയി ആ സ്വാഗതവചനത്തില്‍.
സ്നേഹമധുരമായി സ്വീകരിച്ചു സരളയാന്‍റി.

പിറ്റേന്ന് മെഡിക്കല്‍ കോളേജിലെ ഓര്‍ത്തോപെഡിക് സര്‍ജനെ കാണിച്ച് അമ്മയുടെ വലം കൈ പ്ലാസ്റ്ററിടുവോളം അച്ഛന്‍റെ ബാലന്‍ ഒപ്പമുണ്ടായിരുന്നു. അതുവരെ ബോണ്‍ ടി ബിയുടെ അസഹ്യ വേദനയില്‍ തുടിച്ചിരുന്ന അമ്മ പ്ലാസ്റ്ററിട്ടു കഴിഞ്ഞപ്പോള്‍ വേദന കുറഞ്ഞതായി സ്വയം സമാധാനിച്ചു. കോര്‍ട്ടി സോണ്‍ എന്ന ഇന്‍ജെക്ഷന്‍ അനാവശ്യമായി നല്‍കിയതു കൊണ്ട് അമ്മയുടെ ശരീരത്തിലെ ഹോര്‍മോണ്‍ സന്തുലിതാവസ്ഥയില്‍ മാറ്റം വരികയും ഇന്‍സുലിന്‍ ഉല്‍പ്പാദനം തകരാറാവുകയും ചെയ്തിരുന്നു. അമ്മയ്ക്ക് വേണ്ട സ്പെഷ്യല്‍ ഡയറ്റ് അച്ഛന്‍റെ ബാലന്‍ എഴുതിത്തയാറാക്കി. സദാ വായ്പുണ്ണു കൊണ്ട് കരഞ്ഞിരുന്ന എനിക്കും അല്‍പം മരുന്നും ഡയറ്റും അദ്ദേഹം തീരുമാനിച്ചു.

അന്നു വൈകീട്ട് അമ്മയേം കൂട്ടി തണ്ണീര്‍ത്തണ്ണീര്‍ എന്ന മൂവി കാണാന്‍ പോകാമെന്ന് അച്ഛന്‍റെ ബാലന്‍ പരിപാടിയിട്ടു. അമ്മ സന്തോഷവതിയായിരിക്കേണ്ടത് ഈ രോഗം മാറുന്നതിന് അത്യാവശ്യമാണെന്നായിരുന്നു അദ്ദേഹത്തിന്‍റെ നിലപാട്. സരളയാന്‍റിയും വിജി എന്ന മോളും ബാലചന്ദ്രന്‍ എന്ന ബാല്‍സി മോനും ഞങ്ങള്‍ എല്ലാവരുമായി അന്ന് ആ മൂവി കണ്ടു.

ആ വീട്ടില്‍ വെച്ച് അച്ഛന്‍റെ ബാലനാണ് പെട്ടീരിയര്‍ ഡെക്കൊറേഷന്‍ എനിക്ക് പരിചയപ്പെടുത്തിത്തന്നത്. ആര്‍മിയില്‍ സേവനമനുഷ്ഠിച്ചിരുന്നതുകൊണ്ട് ഒത്തിരി പെട്ടികള്‍ അവരുടെ പക്കല്‍ ഉണ്ടായിരുന്നുവെന്നും അവയെ അടുക്കിവെച്ച് നല്ല വിരിപ്പും കുഷനും കൊണ്ടലങ്കരിച്ച് സോഫയായും കട്ടിലായും ഒക്കെ രൂപപ്പെടുത്താമെന്നും ഞാന്‍ അന്ന് മനസ്സിലാക്കി.

ബോംബിന്‍റെ ഒരു ലോഹകവചം അലങ്കാരമെന്ന മട്ടില്‍ സ്വീകരണമുറിയില്‍ ഉണ്ടായിരുന്നു. വിവിധ തരം ബോംബുകളെക്കുറിച്ചും അതിന്‍റെ നശീകരണ ശക്തിയെക്കുറിച്ചും ഒക്കെ അച്ഛനുമായി ദീര്‍ഘനേരം വാചകമടിച്ചിട്ട് ഒടുവില്‍ ബോംബിന്‍റെ ആ ലോഹകവചം ഊരുമ്പോള്‍ വലിയ ശബ്ദം ഉണ്ടാവുമെന്നും ഭയപ്പെടരുതെന്നും പ്രത്യേകം പറഞ്ഞിട്ടാണ് അച്ഛന്‍റെ ബാലന്‍ അത് ഊരിക്കാണിച്ചത്. എങ്കിലും ആ ശബ്ദത്തില്‍ വിരണ്ടു പോയ ഞാന്‍ സരളയാന്‍റി ഉണ്ടാക്കി വിളമ്പിത്തന്ന ഐസ്ക്രീം ബൌള്‍ സഹിതം താഴെയിട്ടു പൊട്ടിക്കുകയും ഉറക്കെ കരയുകയും ചെയ്തു.

അച്ഛന്‍റെ ബാലന് വിഷമമായി... അദ്ദേഹം എന്‍റെ കവിളില്‍ തട്ടി ആശ്വസിപ്പിച്ചു.

അച്ഛന്‍ അധികാരത്തിന്‍റെ ഓരോ പടവുകള്‍ കയറുമ്പോഴും ബാലനുമായുള്ള സൌഹൃദം മുറിഞ്ഞിരുന്നില്ല. പല ഡോക്ടര്‍മാരുടേയും ഇരട്ടപ്പേരുകള്‍ അച്ഛന്‍ ബാലനുമായി പങ്കു വെയ്ക്കുന്നത് ഞങ്ങള്‍ കേട്ടിട്ടുണ്ട്. അച്ഛന്‍റെ ബാലന്‍ ആര്‍മി യൂണിഫോമില്‍ നില്‍ക്കുന്ന പടവും ഞങ്ങളുടെ അല്‍ബത്തില്‍ ഉണ്ടായിരുന്നു. ഉണ്ടായിരുന്നു എന്നല്ല ഇന്നും ഉണ്ട്.

ജീവിതം തല്ലിപ്പഴുപ്പിച്ച് പതം വരുത്തിയ ശേഷമാണ് ഞാന്‍ അച്ഛന്‍റെ ബാലനെ വീണ്ടും കാണുന്നത്. അത് അമൃത ഹോസ്പിറ്റലില്‍ അമ്മയെ ചികില്‍സിക്കാന്‍ കൊണ്ടുപോയപ്പോഴായിരുന്നു. എല്ലാ വിഷമങ്ങള്‍ക്കിടയിലും ചെല്ലപ്പന്‍റെ മക്കള്‍ നന്നായിരിക്കുന്നുവെന്ന അറിവ് അദ്ദേഹത്തിനു ഒത്തിരി സന്തോഷം പകര്‍ന്നു. പ്രത്യേകിച്ച് റാണി എന്ന എന്‍റെ അനിയത്തി വളരെ ഉയര്‍ന്ന ഉദ്യോഗത്തിലാണെന്നുള്ളത് അദ്ദേഹത്തെ ഒത്തിരി ആഹ്ലാദിപ്പിച്ചു. ഞങ്ങള്‍ അമ്മയെ കാര്യമായി കരുതുന്നു എന്നതിലും അദ്ദേഹം ഒത്തിരി സന്തോഷവാനായിരുന്നു.

അച്ഛന്‍ അമൃതാ ഹോസ്പിറ്റലില്‍ ഹാര്‍ട്ട് അറ്റാക് വന്ന് മരിക്കുമ്പോള്‍ അച്ഛന്‍റെ ബാലന്‍ അവിടെ ജോലി ചെയ്യുന്നുണ്ടായിരുന്നു. 'എങ്കിലും എനിക്ക് കാണാനോ അറിയാനോ കഴിഞ്ഞില്ലെന്ന്' പറയുമ്പോള്‍ ഒരിട അദ്ദേഹത്തിന്‍റെ ശബ്ദമിടറി.

സമകാലിക മലയാളം വാരികയില്‍ അദ്ദേഹത്തെക്കുറിച്ച് വന്ന ലേഖനം ഞാന്‍ ദില്ലിയിലിരുന്ന് വായിച്ചെന്നറിയിച്ചപ്പോള്‍ അച്ഛന്‍റെ ബാലന് കു റച്ചൊരു അല്‍ഭുതമുണ്ടായി. കഥാകൃത്ത് പ്രിയ ഏ എസിനെ ചികില്‍സിച്ചതിനെക്കുറിച്ചും ഞാന്‍ വായിച്ചറിഞ്ഞിരുന്നു എന്ന് പറഞ്ഞപ്പോള്‍ അദ്ദേഹത്തിനു അതിശയം നിയന്ത്രിക്കാനായില്ല.

ബാല്‍സി എന്ന മോന്‍ എന്‍ ജിനീയര്‍ ആയെന്നും മക്കള്‍ ഇരുവരും വിവാഹിതരാണെന്നും അദ്ദേഹം പറഞ്ഞു. അതും ആ ലേഖനത്തിലുണ്ടായിരുന്നല്ലോ എന്ന് ഞാന്‍ ഓര്‍മ്മിച്ചു. കുറച്ചൊക്കെ എഴുതുമെന്നും അമ്മീമ്മക്കഥകള്‍ എന്നൊരു ബുക് പ്രസിദ്ധീകരിച്ചുവെന്നും ഞാന്‍ പറഞ്ഞപ്പോള്‍ ബുക് അമൃത ആശുപത്രിയിലെ റിസപ്ഷനില്‍ ഏല്‍പ്പിക്കാമോ എന്ന് അച്ഛന്‍റെ ബാലന്‍ ചോദിക്കാതിരുന്നില്ല. അപ്പോഴെന്‍റെ കണ്ണുകള്‍ നിറഞ്ഞ് ഒഴുകി.

അമ്മയുടെ ചികില്‍സകള്‍ക്ക് വേണ്ടി പിന്നെയും ചിലപ്പോഴൊക്കെ ഞങ്ങള്‍ അച്ഛന്‍റെ ബാലനോട് സംസാരിക്കാറുണ്ടായിരുന്നു. പിന്നെപ്പിന്നെ അത് ക്രമേണ കുറഞ്ഞുവന്നു. അമ്മ ആറു മാസം അബോധാവസ്ഥയില്‍ കിടന്നാണല്ലൊ ഞങ്ങളെ വിട്ടു പിരിഞ്ഞത്.

അച്ഛന്‍ പോയി...

ഇന്ന് അച്ഛന്‍റെ ബാലനും പോയി... അവര്‍ ഒന്നിച്ച് പാടുമായിരിക്കുമോ .. ചെല്ലപ്പാ... ബാലപ്പാ... ചെല്ലപ്പാ.. ബാലപ്പാ.. ചെല്ലപ്പാ.. ബാലപ്പാ... ചെല്ലപ്പാപ്പാ...

ചിലപ്പോള്‍ അങ്ങനെ പാടുമായിരിക്കും.. അല്ലേ..

എന്‍റെ പ്രിയപ്പെട്ട ദത്ത് മാഷ്...

സമകാലികം

                                             

ഇന്ന് രാവിലെ അഞ്ചുമണിയോടെ മാഷ് പോയി. പരിഹാരമില്ലാത്ത പ്രശ്നങ്ങളൊന്നുമില്ല എന്ന് എപ്പോഴും എന്നെ സമാശ്വസിപ്പിച്ചിരുന്ന മാഷ് പ്രശ്നങ്ങളും വേദനകളും പരിഹാരങ്ങളും ഒന്നുമില്ലാത്തിടത്തേക്ക് യാത്രയായി.

എനിക്ക് നഷ്ടപ്പെട്ടത് കോസ്റ്റ്ഫോര്‍ഡിന്‍റെ ദത്ത് മാഷിനെ മാത്രമല്ല. എപ്പോഴും ഏതു നിമിഷത്തിലും ഓടിച്ചെന്ന് ആവലാതിപ്പെടാനും എന്‍റെ പ്രശ്നം പരിഹരിക്കാന്‍ ഒരു വഴി കണ്ടുപിടിച്ചു തരൂ എന്ന് പൊട്ടിക്കരയാനുമുള്ള ഒരു ദൈവികസാന്നിധ്യത്തെ കൂടിയാണ്. മാഷെപ്പോലെ ഒരാള്‍ ഇനി ഈ ജീവിതത്തില്‍ കടന്നുവരില്ല. അദ്ദേഹം ഒഴിച്ചിട്ടു പോയ ആ സിംഹാസനം നിത്യശൂന്യമായിരിക്കും.

പരിചയപ്പെട്ട ആദ്യകാലങ്ങളില്‍ അന്നത്തെ ഏതൊരു ഇടതുപക്ഷക്കാരനേയും പോലെ മാഷും എന്‍റെ സ്ത്രീവാദങ്ങളെ പരിഹസിച്ചിട്ടുണ്ട്. ആ തെറ്റിദ്ധാരണകള്‍ക്കുള്ളില്‍ നിന്നുകൊണ്ട് എന്‍റെ നീറുന്ന വേദനകളെ അറിയാതെ പോയിട്ടുണ്ട്. മാഷുടെ അത്തരം ഇടപെടലുകള്‍ എനിക്ക് ഭീകരമായ ഗാര്‍ഹിക മര്‍ദ്ദനങ്ങളും സാമൂഹികമായ ഒറ്റപ്പെടലുകളും നല്‍കിയിട്ടുണ്ട്.

പക്ഷെ, കാര്യങ്ങള്‍ മനസ്സിലാക്കിയ അന്ന് മുതല്‍ മാഷ് വേറേ ഒരാളായി മാറുകയായിരുന്നു. തനിക്ക് പറ്റിയ അബദ്ധത്തെക്കുറിച്ച് ഏറ്റ് പറഞ്ഞ് എന്നോട് മാപ്പിരക്കാനുള്ള സന്മനസ്സ് അദ്ദേഹത്തിന്‍റെ പോലെ മറ്റാര്‍ക്കും ഉണ്ടാവുകയില്ല. സ്വകാര്യസദസ്സില്‍ മാത്രമല്ല പൊതുസദസ്സിലും എന്‍റെ ജീവിതത്തില്‍ നെഗറ്റീവായി ഇടപെട്ടുവെന്ന് സമ്മതിക്കുവാന്‍ അദ്ദേഹം തയാറായിരുന്നു. ആ മനസ്ഥിതി എന്‍റെ കണ്ണ് നിറച്ചിട്ടുണ്ട്.

ഞാനും എന്‍റെ കൂട്ടൂകാരനും ജീവിതമാരംഭിക്കുന്നത് ഗുരുവായൂരമ്പലത്തില്‍ നിന്നായിരിക്കുമെന്ന് കിട്ടിയ ഒരു തെറ്റായ അറിയിപ്പ് വിശ്വസിച്ച് ഒരു പകല്‍ മുഴുവന്‍ തികഞ്ഞ ഇടതുപക്ഷക്കാരനായ അദ്ദേഹം അമ്പലത്തില്‍ ചെലവാക്കി. ഞങ്ങള്‍ അതറിഞ്ഞത് വളരെക്കഴിഞ്ഞാണ്. 'അങ്ങനെ ഞങ്ങള്‍ക്കായി കാത്തിരിക്കുമെന്ന് അറിഞ്ഞില്ല മാഷെ' എന്നൊരു മാപ്പപേക്ഷ മാത്രമേ അന്നേരം ഞങ്ങളുടെ പക്കല്‍ ഉണ്ടായിരുന്നുള്ളൂ.

ആദ്യത്തെ ക്യാന്‍ സര്‍ സര്‍ജറി കഴിഞ്ഞ് വളരെയേറെ രൂപഭേദം വന്ന മുഖഭാവവുമായി ദില്ലിയില്‍ വന്നപ്പോളാണ് പിന്നെ ഞാന്‍ മാഷെ കാണുന്നത്. ഒരു അച്ഛന്‍റെ സ്നേഹത്തോടെ മാഷ് അന്ന് എന്നെ ചേര്‍ത്തു പിടിച്ചു. മാഷുടെ സംഭാഷണം കുറെയേറെ അവ്യക്തമായിരുന്നു. 'മലയാളത്തില്‍ കൂട്ടക്ഷരങ്ങള്‍ കൂടുതലായതുകൊണ്ട് മലയാളം പറഞ്ഞാല്‍ മനസ്സിലാവാന്‍ പ്രയാസമാണ്. ഇംഗ്ലീഷാണെങ്കില്‍ വേഗം മനസ്സിലാവും. ഇംഗ്ലീഷില്‍ കൂട്ടക്ഷരങ്ങള്‍ ഇല്ലല്ലോ' എന്നായിരുന്നു പൊട്ടിച്ചിരിയുടെ അകമ്പടിയോടെ ശസ്ത്രക്രിയയ്ക്കു ശേഷം വന്ന മാറ്റത്തെപ്പറ്റി മാഷ് പറഞ്ഞത്. അങ്ങനെ തമാശയൊക്കെ പറഞ്ഞെങ്കിലും നമുക്ക് പെട്ടെന്ന് മനസ്സിലാവുന്നില്ല എന്ന് തോന്നുന്ന കാര്യങ്ങള്‍ എഴുതിക്കാണിക്കാന്‍ അദ്ദേഹത്തിനു ഒട്ടും തന്നെ മടിയുണ്ടായിരുന്നില്ല.

എന്‍റെ എഴുത്തെല്ലാം മാഷിനിഷ്ടമായിരുന്നു. ഞാനും മുല്ലയും കൂടി നടത്തിയ കുടജാദ്രി യാത്ര വായിച്ച് 'ഇനി എനിക്ക് അങ്ങോട്ട് പോകണമെന്നില്ല., അത്രമാത്രം ഞാന്‍ നിനക്കൊപ്പം യാത്ര ചെയ്തുകഴിഞ്ഞു'വെന്ന് അദ്ദേഹം എനിക്ക് മെസ്സേജയച്ചു. എന്‍റെ ആദ്യപുസ്തകമായ 'അമ്മീമ്മക്കഥകള്‍' മാഷാണ് പ്രകാശിപ്പിച്ചത്. കാണുമ്പോഴെല്ലാം ' ഇനിയും എഴുതണം മലയാളഭാഷയ്ക്ക് നിന്നെ ആവശ്യമുണ്ട് 'എന്ന് അദ്ദേഹം പ്രോല്‍സാഹിപ്പിക്കുമായിരുന്നു.

കോസ്റ്റ്ഫോര്‍ഡില്‍ എപ്പോള്‍ ചെന്നാലും ' നീയെന്തെങ്കിലും കഴിച്ചോ ഇല്ലെങ്കില്‍ ക്യാന്‍റീനില്‍ പോയി ആഹാരം കഴിയ്ക്കു' എന്ന് ഒരമ്മയെപ്പോലെയുള്ള വാല്‍സല്യത്തൊടെ അദ്ദേഹം പറയുമായിരുന്നു. കൈയില്‍ കാശില്ല എന്ന് പറഞ്ഞാല്‍ മാഷ് എങ്ങനെയായാലും ഒരു ആയിരം രൂപ ഒപ്പിച്ചു തരും. അങ്ങനെയൊന്നും ചെയ്യാന്‍ മറ്റാരുമുണ്ടായിട്ടില്ല ജീവിതത്തില്‍... അത്രമാത്രം സ്വാതന്ത്ര്യത്തോടെ അവകാശത്തോടെ ചോദിയ്ക്കാനും ആരുമുണ്ടായിട്ടില്ല.

എന്‍റെ കൂട്ടുകാരന്‍ സര്‍ക്കാര്‍ ഉദ്യോഗം ഉപേക്ഷിക്കുമ്പോള്‍ മാഷ് വിലക്കി. മറ്റൊന്നുമല്ല പറഞ്ഞത് 'അവളെ വേദനിപ്പിക്കുന്ന ഒന്നും ചെയ്യരുത് ' എന്നു മാത്രമാണ് . എനിക്കു വേണ്ടി അങ്ങനൊരു ശുപാര്‍ശ പറയാന്‍ ഈ ലോകത്തില്‍ മാഷു മാത്രമേ ഉണ്ടായിരുന്നുള്ളൂ.

എന്‍റെ അനിയത്തിയുടെ ജീവിതം തകര്‍ന്നു തരിപ്പണമാവുന്ന നീറുന്ന കാലത്തില്‍ മാഷ് ആര്‍ക്കും സാധിക്കാത്തവിധം ഒരു ശക്തിദുര്‍ഗ്ഗമായി അവള്‍ക്കൊപ്പം നിന്നു. നിയമസഹായത്തിനും പലപ്പോഴും ഭക്ഷണത്തിനും പണത്തിനും വൈകാരികമായ പിന്തുണയ്ക്കും എല്ലാം അവള്‍ മാഷെ ആശ്രയിച്ചിരുന്നു. ഒരുപാധിയുമില്ലാത്ത പിന്തുണയാണ് മാഷ് അനിയത്തിക്ക് നല്‍കിയത്. ഞങ്ങള്‍ മൂന്നു പെണ്‍ കുട്ടികളെ അദ്ദേഹം ദത്തെടുക്കുകയായിരുന്നുവെന്ന് പറഞ്ഞാല്‍ അതില്‍ ഒരു തെറ്റുമില്ല. മകളുടെ ഭര്‍ത്താവിനെ ഭയന്ന് ഞങ്ങളുടെ അമ്മ സമനില തെറ്റിയ പോലെ പെരുമാറാന്‍ തുടങ്ങിയപ്പോള്‍ ഞാനോടിച്ചെന്നത് മാഷുടെ നെഞ്ചിലേക്കാണ്. 'അമ്മയ്ക്കെന്തു പറ്റി എന്ന് എനിക്ക് മനസ്സിലാകുന്നി'ല്ലെന്ന് ഞാന്‍ മാഷെ കെട്ടിപ്പിടിച്ച് ഏങ്ങലടിച്ച് കരഞ്ഞു. അന്നും മാഷ് സമാധാനിപ്പിച്ചു. 'നീ ധൈര്യമായിരിക്ക്, എല്ലാം പരിഹരിക്കാം. പരിഹാരമില്ലാത്ത പ്രശ്നമൊന്നുമില്ല.'

രണ്ടാമതും ക്യാന്‍ സര്‍ പിടിമുറുക്കുന്നുവെന്ന് അറിഞ്ഞത് ഈയിടെയാണ്. എന്നിട്ടും ലാറിബേക്കര്‍ ജന്മശതാബ്ദി ആഘോഷങ്ങളില്‍ അദ്ദേഹം ഉടനീളം പങ്കെടുത്തു. ശസ്ത്രക്രിയ കഴിഞ്ഞ് ഞാന്‍ കൂടുതല്‍ മിടുക്കനായി തിരിച്ചു വരും എന്ന് ഞങ്ങളോട് പറഞ്ഞു. വേറിട്ട് മാത്രം കത്തിയമരുന്ന ചില ശരീരങ്ങള്‍ എന്ന എന്‍റെ നോവല്‍ ശസ്ത്രക്രിയ കഴിഞ്ഞുള്ള വിശ്രമവേളയില്‍ വായിക്കാമെന്ന് അദ്ദേഹം എനിക്ക് വാക്കു തന്നു. ഞങ്ങള്‍ സ്വന്തമായി പണിയിക്കുന്ന വീട്ടില്‍ വരാന്‍ വലിയ ആഗ്രഹമുണ്ടെന്ന് പറഞ്ഞു... ഒപ്പം ഉണ്ടായിരുന്ന എല്ലാം കൊണ്ടും മാഷുടെ പകുതി ഭാഗമായ ടീച്ചറും അപ്പോള്‍ അതു ശരിവെച്ച് തലകുലുക്കി.

എന്നിട്ട്.. എന്നിട്ട്.. വെറും ഒരു കാര്‍ഡിയാക് അറസ്റ്റിന്‍റെ കൈയും പിടിച്ച് മാഷ് പോയിരിക്കുന്നു ..വിളിച്ചാല്‍ കേള്‍ക്കാത്തദൂരത്തേയ്ക്ക്... കാണാന്‍ പറ്റാത്ത അകലത്തേയ്ക്ക്.. ഞങ്ങള്‍ക്ക് ആര്‍ക്കും പ്രവേശനമില്ലാത്ത സ്ഥലത്തേയ്ക്ക്..

ഞാന്‍ കരയാന്‍ പോലും ആവാതെ ശ്വാസം മുട്ടിയിരിക്കുന്നു. എന്‍റെ കണ്ണുകള്‍ വേവുകയാണ്.


സമകാലിക മലയാളം
സമകാലിക മലയാളം
                                                   
                                                          

ഇന്ന് ദത്ത് മാഷിൻറെ ഓർമദിനം... തൃശ്ശൂർ സാഹിത്യ അക്കാദമി ഹാളിൽ.....
                                                     

Sunday, September 9, 2018

മണ്ണിഷ്ടികകളുടെ എണ്ണമെടുക്കും കാലത്ത്....

https://www.facebook.com/photo.php?fbid=901312630048032&set=a.526887520823880.1073741826.100005079101060&type=3&theater

തികച്ചും അപ്രതീക്ഷിതമായാണ് ഈ പടം എടുക്കാന്‍ അവസരമുണ്ടായത്. ഈ കാണുന്ന കെട്ടിടത്തിലെ മണ്ണിഷ്ടികകളെല്ലാം എന്‍റെ കൈയിലുടേ കടന്നു പോയവയാണ്. ഞാന്‍ നീളവും വീതിയും കനവും നോക്കി അടയാളപ്പെടുത്തി ലോഗ് ബുക്കിലെഴുതി പാസ്സാക്കിയവ. ഈ കെട്ടിടം പണിയുന്ന കാലത്ത് അതിന്‍റെ ഫോട്ടൊ എടുക്കാനുള്ള സൌകര്യമൊന്നും എനിക്കുണ്ടായിരുന്നില്ല. ലാറി ബേക്കറിന്‍റെ ജന്മശതാബ്ദിയോടനുബന്ധിച്ച് ഈ കെട്ടിടത്തിന്‍റെ ഫോട്ടോയും പ്രദര്‍ശിപ്പിക്കപ്പെട്ടിരിക്കുന്നതു കണ്ടപ്പോള്‍ ഓര്‍മ്മകളുടെ തിരകളില്‍ നനഞ്ഞുകൊണ്ട് ഞാന്‍ ഒരു പടമെടുത്തു....

ഒരു ജൂണ്‍ മാസത്തിലായിരുന്നു ഇതിന്‍റെ നിര്‍മ്മാണം തുടങ്ങിയത്. ഡോ. സഞ്ജയ് പ്രകാശായിരുന്നു ചീഫ് ആര്‍ക്കിടെക്ട്. സൌമ്യ, സീനത്ത് നിയാസി, അഭിജാത്, ശ്രഷ്ടാന്ത് പട്ടാര എന്നീ ആര്‍ക്കിടെക്ടുമാര്‍ സൈറ്റിലുണ്ടായിരുന്നു. അച്ചേലാല്‍ എന്ന ലേബര്‍ കോണ്ട്റാക്ടര്‍ പണിക്കാരെ ആവശ്യം പോലെ ലോറികളില്‍ കൊണ്ടുവന്നിറക്കി, രവി എന്നൊരു ഹെഡ് മേസണ്‍ അവര്‍ക്ക് ജോലികള്‍ വിഭജിച്ച് നല്‍കി. ഡെവലപ്മെന്‍റ് ആള്‍ട്ടര്‍നേറ്റീവ് സ് ആയിരുന്നു സൈറ്റില്‍ പണികള്‍ ചെയ്തിരുന്നത്.

ജുണ്‍ മാസം ദില്ലിയിലെ ഏറ്റവും ചൂടു കൂടിയ മാസമാണ്. സൂര്യന്‍ നാല്‍പത്താറു ഡിഗ്രിയില്‍ ഉരുകുന്ന മാസം. ആ വെയില്‍ മുഴുവന്‍ ഏറ്റ് മണ്ണിഷ്ടികകള്‍ നിര്‍മ്മിക്കുന്നതും പരിശോധിക്കുന്നതും കണക്കെടുക്കുന്നതും ഒന്നും അത്ര എളുപ്പമായിരുന്നില്ല. പുറത്തെ കത്തുന്ന വെയിലിനേക്കാള്‍ ചൂട് എന്‍റെ മനസ്സിലുണ്ടായിരുന്നതുകൊണ്ട് ഞാന്‍ ജോലികള്‍ ചെയ്തു പോന്നുവെന്നു മാത്രം. എത്ര ചെറുതായാലും വെറും ആയിരത്തി ഇരുനൂറൂ രൂപ മാത്രം ശമ്പളം കിട്ടുന്നതായിരുന്നാലും ആ ജോലി ഇല്ലാതെ എനിക്ക് ജീവിക്കാന്‍ കഴിയുമായിരുന്നില്ല. കാരണം ഏറെപ്പണവും സ്വത്തും ശമ്പളവും സല്‍പ്പേരും തറവാടിത്തവും മറ്റുമുള്ളവരോട് നമ്മുടെ നീതിന്യായക്കോടതികളില്‍ വെച്ച് ഏറ്റുമുട്ടേണ്ട ഗതികേടിലായിരുന്നു അന്ന് ഞാന്‍.

രാജസ്ഥാനില്‍ നിന്നും മധ്യപ്രദേശില്‍ നിന്നും ഉത്തരപ്രദേശില്‍ നിന്നുമൊക്കെ പുരുഷന്മാര്‍ കാല്‍നടയായി ദില്ലിയിലേക്ക് ജോലിയന്വേഷിച്ച് വരുമെന്ന് അക്കാലങ്ങളില്‍ ഞാന്‍ മനസ്സിലാക്കി. സ്ത്രീകള്‍ ലേബര്‍ കോണ്ട്രാക്റ്റര്‍മാരുടെ കൈയിലകപ്പെട്ട് ദില്ലിയിലെത്തി വീട്ടുജോലികളിലും റോഡ് പണികളിലും കെട്ടിട നിര്‍മ്മാണത്തൊഴിലിലും ഏര്‍പ്പെട്ടു. അവരുടെ കുട്ടികള്‍ നാല്‍ക്കൂട്ടപ്പെരുവഴികളില്‍ ചന്ദനത്തിരികളും വിമാനത്തിന്‍റെ മോഡലുകളും കാറു തുടയ്ക്കാനുള്ള തുണികളും മറ്റും വിറ്റു ജീവിക്കാനുള്ള വഴി കണ്ടെത്താന്‍ പരിശ്രമിച്ചു. സ്ത്രീകളും പുരുഷന്മാരും കുട്ടികളും എല്ലാം ഇത്തരം ലേബര്‍ കോണ്‍ട്രാക്ട്രര്‍ മാരുടെ കൈയില്‍ എങ്ങനെയെല്ലാം ചൂഷണം ചെയ്യപ്പെടുമെന്ന് ഞാന്‍ നേരിട്ടു കണ്ടറിഞ്ഞു.

എന്‍റെ ആ അലച്ചിലിനൊന്നും യാതൊരു ഫലവുമുണ്ടായില്ലെന്ന് പറഞ്ഞു കൂടാ.. പലപ്പോഴും ട്രെയിനിലെ ജനറല്‍ കമ്പാര്‍ട്ട്മെന്‍റില്‍ പോലും എന്നെ അറിയുന്ന ഏതെങ്കിലുമൊരു പണിക്കാരന്‍ അല്ലെങ്കില്‍ പണിക്കാരി ഉണ്ടായി... അവര്‍ മാഡം എന്ന വിളിയോടെ എന്‍റെ സീറ്റും സുഖസൌകര്യങ്ങളും കാര്യമായി ശ്രദ്ധിച്ചു. ഹൈദരാബാദിലേക്ക് ആദ്യം ഒരു ജനറല്‍ കമ്പാര്‍ട്ട്മെന്‍റില്‍ കയറിപ്പോകുമ്പോള്‍ അവര്‍ എനിക്ക് നല്‍കിയ പരിഗണന എന്‍റെ കണ്ണുകളെ നനച്ചിട്ടുണ്ട്.

ലാറിബേക്കറിന്‍റെ ജന്മശതാബ്ദി ആഘോഷത്തില്‍ പങ്കെടുക്കാന്‍ ഡോ. സഞ്ജയ് പ്രകാശ് വന്നിരുന്നു. അദ്ദേഹത്തിന് എന്നെ ഒട്ടും ഓര്‍മ്മയുണ്ടായിരുന്നില്ല. സീനത്ത് നിയാസിയും ക്ഷണിതാവായിരുന്നു. അവള്‍ എന്നെ ഗാഢമായി ആലിംഗനം ചെയ്തു, തുരുതുരെ ഉമ്മ വെച്ചു. എന്‍റെ പുസ്തകങ്ങള്‍ ഇംഗ്ലീഷിലാക്കി എന്ന് അവള്‍ക്ക് വായിക്കാന്‍ കൊടുക്കുമെന്ന് ചോദിച്ചു... ഇന്ന് സീനത്ത് ഡെവലപ്മെന്‍റ് ആള്‍ട്ടര്‍നേറ്റീവ്സിന്‍റെ വൈസ് പ്രസിഡന്‍റാണ്. പഴയ ദിവസങ്ങള്‍ ഓര്‍മ്മിച്ച് ഞങ്ങള്‍ കരയുകയും ചിരിക്കുകയും ചെയ്തു. എന്‍റെ മാറ്റത്തില്‍ അവള്‍ സന്തോഷിച്ചു. അവളുടെ വളര്‍ച്ചയില്‍ ഞാനും..

കാലം കടന്നു പോകുന്നുവെന്ന് തിരിച്ചറിയുന്നത് ചിലപ്പോള്‍ ഇങ്ങനെയുമാണ്. അതുകൊണ്ട് എല്ലാ അനുഭവങ്ങള്‍ക്കും നന്ദി..

ആ കർഷകർക്കായി.... സമരം വിജയിക്കട്ടെ.

https://www.facebook.com/echmu.kutty/posts/900117156834246

കർഷകർക്ക് ആത്മഹത്യ ചെയ്യാൻ മാത്രമല്ല, കിലോമീറ്ററുകളോളം നടന്നെത്തി നിയമസഭ വളയാനും സാധിക്കും..... മരിച്ചാൽ മതിയെന്ന് ഈ ജീവിതം പലപ്പോഴും എന്നെ തോന്നിപ്പിച്ചിട്ടുള്ളത്കൊണ്ട് , നിരാശയിൽ നിന്ന് സമരത്തിലേക്കുള്ള തയാറെടുപ്പ് എത്ര മാത്രം ബുദ്ധിമുട്ടേറിയതാണെന്ന് ശരിക്കും അറിയാവുന്നത്കൊണ്ട് ...... എൻെറ എല്ലാ പിന്തുണയും....
ആ കർഷകർക്കായി.... സമരം വിജയിക്കട്ടെ.

കഥയരങ്ങില്‍

https://www.facebook.com/photo.php?fbid=896468757199086&set=a.526887520823880.1073741826.100005079101060&type=3&theater

മാര്‍ച്ച് 8നു വനിതാദിനം പ്രമാണിച്ച് ഞാന്‍ കഥയരങ്ങില്‍ പങ്കെടുക്കുന്നു. 

                                            

Saturday, September 8, 2018

ഡാഡി ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കില്‍ അദ്ദേഹത്തിനു മാര്‍ച്ച് 2നു 100 വയസ്സാകുമായിരുന്നു



https://www.facebook.com/echmu.kutty/posts/894937744018854We are happy to inform you that an International Seminar on Sustainable Habitat will be held on 04, 05 and 06 March, 2018 at the Kanakakunnu Palace and an exhibition: Enduring Legacy of Laurie Baker will be held from 04 to 11 March, 2018 in the Suryakanthi Grounds, Thiruvananthapuram as part of the Laurie Baker Birth Centenary celebrations. The celebrations are being held at the initiative of the Centre of Science and Technology for Rural Development (COSTFORD) and Laurie Baker Centre for Habitat Studies (LBC) with the support of the Government of Kerala.
Considering your cooperation with COSTFORD over the years and commitment toward sustainable habitat, we request you to share your experiences and observations regarding COSTFORD, sustainable habitat development and other related subjects, in social media platforms. Pictures of your residence may also be included in the article.


 



                                                                              
 



1. ചിരിക്കുന്ന വീടുകളുടെ തമ്പുരാന്‍

കുട്ടിയായിരിക്കുമ്പോള്‍ ഒരു ദിവസം അച്ഛനാണ് ലാറി ബേക്കര്‍ എന്ന് ആദ്യമായി പറഞ്ഞു കേള്‍പ്പിച്ചത്. തിരുവനന്തപുരത്ത് ബ്രിട്ടീഷുകാരനായ ഒരു ആര്‍ക്കിടെക്ട് സായിപ്പുണ്ടെന്നും വിചിത്രമായ ചില കെട്ടിടങ്ങള്‍ നിര്‍മ്മിക്കുകയാണ് അദ്ദേഹത്തിന്‍റെ ജോലിയെന്നും അച്ഛന്‍ പറഞ്ഞു. സായിപ്പുണ്ടാക്കുന്ന വീടുകള്‍ പാട്ടു പാടുകയും പല്ലു കാട്ടി ചിരിക്കുകയും ഒക്കെ ചെയ്യുമെന്ന് കേട്ടപ്പോള്‍ ഞങ്ങള്‍ അല്‍ഭുതപ്പെട്ടു പോയി.നല്ല കാറ്റും വെളിച്ചവുമുള്ള വീടുകളാണ് അവയെന്നാണ് അച്ഛന്‍ ഉദ്ദേശിച്ചത്. അത്തരം കെട്ടിടങ്ങളില്‍ സമൃദ്ധമായുണ്ടായിരുന്ന വിവിധ തരം ജാലി വര്‍ക്കുകളായിരുന്നു അച്ഛന്‍ ചൂണ്ടിക്കാട്ടിയ ചിരിക്കുന്ന പല്ലുകള്‍. അച്ഛന്‍റെ ഒരു സുഹൃത്ത് അതുമാതിരിയൊരു വീട്ടിലാണ് താമസിക്കുന്നതെന്നും ഇനി തിരുവനന്തപുരത്ത് പോകുമ്പോള്‍ ആ വീട് കാണിച്ചു തരാമെന്നും അച്ഛന്‍ വാഗ്ദാനം ചെയ്തു. പിന്നീട് പലവട്ടം അച്ഛനൊപ്പം തിരുവനന്തപുരത്ത് പോയെങ്കിലും ആ വീട് ഞാനൊരിക്കലും കാണുകയുണ്ടായില്ല.

നല്ലവണ്ണം മുതിര്‍ന്നതിനു ശേഷമാണ് ഒരിക്കല്‍, ഈ ആര്‍ക്കിടെക്ട് സായിപ്പിന്‍റെ ക്ലാസ് കേള്‍ക്കാന്‍ അവസരമുണ്ടായത്. ഒരു സാധാരണ മലയാളം മീഡിയം സ്കൂളില്‍ പഠിച്ച എനിക്ക്, ശുദ്ധമായ ബ്രിട്ടീഷ് ശൈലിയില്‍ സായിപ്പ് പറഞ്ഞതൊന്നും തന്നെ കാര്യമായി മനസ്സിലായില്ല. മനുഷ്യര്‍ കടം വാങ്ങി വീടു വെക്കുന്നുവെന്നും പിന്നീട് ആജീവനാന്തകാലം ആ കടം അടച്ച് സ്വന്തം എന്നു കരുതപ്പെടുന്ന വീട്ടില്‍ വാടകക്കാരനായി കഴിയുന്നുവെന്നും അദ്ദേഹം പറഞ്ഞു. ആകെപ്പാടെ അതു മാത്രമാണ് എന്‍റെ തലയില്‍ കയറിയത് . എങ്കിലും സദസ്സിലുണ്ടായിരുന്ന മഹാന്മാരും മറ്റു വിവരമുള്ളവരും ചിരിക്കുമ്പോഴും തല കുലുക്കുമ്പോഴും എല്ലാം മനസ്സിലായ മട്ടില്‍ ഞാനും അവരെപ്പോലെ ചിരിക്കുവാനും തല കുലുക്കുവാനും പണിപ്പെട്ടു.

അങ്ങേയറ്റം പ്രതികൂല സാഹചര്യങ്ങളിലെ ഒരു കെട്ടിട നിര്‍മ്മാണത്തിനിടയിലാണ് ഞാന്‍ പിന്നീട് സായിപ്പിനെ കാണുന്നത്. ചില കെട്ടിടങ്ങള്‍ അങ്ങനെയുമാവാറുണ്ടല്ലോ, ആഗ്രഹിച്ചു പണിയുമ്പോഴും നമ്മെ അടിമുടി തകര്‍ത്തു കളയുന്നവ, ആശിച്ചും മോഹിച്ചും ഒന്നിക്കുമ്പോഴും നമ്മെ നുറുങ്ങുകളായി ചിതറിച്ചു കളയുന്ന ചില ജീവിതങ്ങളെ പോലെ... അത്തരമൊരു തീവ്രനൊമ്പരമായിരുന്നു ആ കെട്ടിട നിര്‍മ്മാണം. പടികള്‍ അടര്‍ന്നു പോയ ഏണി കയറി പെട്ടെന്ന് മുമ്പില്‍ പ്രത്യക്ഷപ്പെട്ട അദ്ദേഹത്തെ കണ്ട് ഞാന്‍ അമ്പരന്നു നിന്നു. അദ്ദേഹം വരുമെന്നുള്ളതിന്‍റെ ഒരു സൂചനയും എനിക്ക് ലഭിച്ചിരുന്നില്ല. അതുകൊണ്ടു തന്നെ ഒന്നു കൈകൂപ്പുവാനോ ഒരു ഗ്ലാസ് പച്ചവെള്ളം എടുത്തു കൊടുക്കുവാനോ പോലും അന്നെനിക്ക് സാവകാശമുണ്ടായില്ല. ബേക്കര്‍ ചിരിക്കുകയും കെട്ടിടവും വര്‍ക് സൈറ്റും എനിക്ക് ആഹ്ലാദം പകരുന്നുണ്ടോ എന്ന് അന്വേഷിക്കുകയും ചെയ്തു. ആ കെട്ടിടത്തിന്‍റെ മുക്കിലും മൂലയിലും പോലും അദ്ദേഹത്തിന്‍റെ സൂക്ഷ്മദൃഷ്ടികള്‍ പതിയുന്നത് ഞാന്‍ വിസ്മയത്തോടെ വീക്ഷിച്ചു .

ദില്ലിയിലെ ജോലിസ്ഥലത്തു വെച്ച് ബേക്കറെ കാണുമ്പോള്‍ എന്‍റെ ജീവിത സാഹചര്യങ്ങളും കാഴ്ചപ്പാടുകളും എന്തിനു രൂപം തന്നെയും മാറിക്കഴിഞ്ഞിരുന്നു. തീരെ പരിമിത സാഹചര്യങ്ങളില്‍, അതീവ നിസ്സാരമെന്ന് എണ്ണപ്പെടാവുന്ന ജോലി ചെയ്തിരുന്ന എന്നോടും വലിയ പരിഗണനയോടെ അദ്ദേഹം സംസാരിച്ചു. വളരെ ഉയര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാരൊന്നിച്ചു വര്‍ക് സൈറ്റിലേക്ക് വന്ന ബേക്കറോട് നേരത്തെ കണ്ടിട്ടുണ്ടെന്ന് പറയുവാനുള്ള ധൈര്യമോ മനസ്സാന്നിധ്യമോ ആത്മവിശ്വാസമോ എനിക്ക് ഉണ്ടായിരുന്നില്ല. ഏണിപ്പടികള്‍ കയറി കെട്ടിടത്തിന്‍റെ മുകള്‍ നിലയിലേക്ക് അദ്ദേഹം പോകുന്നത് നോക്കി ഞാന്‍ നിശ്ശബ്ദയായി നിന്നതേയുള്ളൂ.

എന്നെ അമ്പരപ്പിച്ചുകൊണ്ട് രണ്ട് മിനിറ്റിനകം ബേക്കര്‍ താഴെക്കു വന്നു. ‘ഓ ഇറ്റ്സ് യൂ ... ഇറ്റ്സ് യൂ’ എന്നായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. എന്നെ മറന്നുപോയതില്‍ ഞാന്‍ അദ്ദേഹത്തോട് ക്ഷമിക്കണമെന്ന് പറഞ്ഞ ആ ശബ്ദത്തില്‍ സത്യസന്ധമായ ആത്മാര്‍ഥത തുളുമ്പിയിരുന്നു. മനുഷ്യരില്‍ പൊതുവേ സുലഭമായി കാണാറുള്ള അല്‍പ്പത്തം ബേക്കറെ തൊട്ടു തീണ്ടിയിരുന്നില്ല. ഇന്ത്യയുടെ ക്യാബിനറ്റ് സെക്രട്ടറിയും വര്‍ക് സൈറ്റില്‍ മണ്ണിഷ്ടിക എണ്ണുന്നവളും മനുഷ്യരെന്ന നിലയില്‍ തുല്യരാണെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു. മനുഷ്യരില്‍ അധികം പേര്‍ക്കും ഇല്ലാത്ത, അതുകൊണ്ടു തന്നെ തികച്ചും അപൂര്‍വമായ മാനവികതാ ബോധമായിരുന്നു അത്.

പിന്നീട് ദില്ലിയില്‍ എത്തുമ്പോഴൊക്കെയും ഞങ്ങളുടെ ചെറിയ മുറിയില്‍ അദ്ദേഹം വന്നു. പ്രഭാത ഭക്ഷണം ഇന്ത്യന്‍ പ്രസിഡന്‍റിനൊപ്പം കഴിക്കുകയും, ഉച്ചയൂണു കഴിക്കുവാന്‍ ഞങ്ങളുടെ കൊച്ചുമുറിയില്‍ വരികയും ചെയ്യുക എന്നത് ബേക്കര്‍ക്ക് മാത്രം സാധിക്കുന്ന മഹനീയ ലാളിത്യമാണ്. അതീവ ലളിതമായ ഭക്ഷണം ആസ്വദിച്ചു കഴിച്ചുകൊണ്ട് ഒട്ടനവധി നേരമ്പോക്കുകള്‍ പറഞ്ഞ് അദ്ദേഹം പൊട്ടിച്ചിരിക്കുകയും ഞങ്ങളെ എല്ലാവരേയും ചിരിപ്പിക്കുകയും ചെയ്തു. അസുലഭമായ നര്‍മ്മ ബോധം ബേക്കറുടെ കൂടപ്പിറപ്പായിരുന്നുവല്ലോ. അപ്പൂപ്പന്മാരുടെ മടിത്തട്ടുകളില്‍ ഒരിക്കലും പൂര്‍ണമായും സ്വാഗതം ചെയ്യപ്പെട്ടിട്ടില്ലാത്ത എന്‍റെ മകള്‍ക്ക് ആ മടിയിലിരിക്കാനും ആ താടിയില്‍ റബര്‍ ബാന്‍ഡ് ചുറ്റി വിവിധ സ്റ്റൈലുകള്‍ വരുത്താനും അനുവാദമുണ്ടായിരുന്നു. മകള്‍ വരച്ചയക്കാറുള്ള പിക്ചര്‍ പോസ്റ്റ് കാര്‍ഡുകളും ‘ബേക്കര്‍ മുത്തശ്ശാ’ എന്ന സംബോധനയും വളരെ സന്തോഷിപ്പിക്കാറുള്ളതായി, എപ്പോഴും അദ്ദേഹം പുഞ്ചിരി തൂകിയിരുന്നു.

ഒരു അധ്യാപികയാകാന്‍ ആഗ്രഹിച്ച മകളോട് അധ്യാപനമെന്ന അതീവ ഗൌരവതരമായ ചുമതലയെക്കുറിച്ചും അധ്യാപകര്‍ നയിക്കേണ്ട കാപട്യമില്ലാത്ത മാതൃകാ ജീവിതത്തെക്കുറിച്ചും അദ്ദേഹം വാചാലനായി. ഭാവിയിലേക്ക് ചൂണ്ടപ്പെട്ട വിരലുകളാണ് അധ്യാപകന്‍റേതെന്നും ഭൂതകാലത്തില്‍ മാത്രം ജീവിക്കുന്നവര്‍ അധ്യാപകരാകുന്നത് വിദ്യാര്‍ഥികളുടെ മാത്രമല്ല ഒരു രാഷ്ട്രത്തിന്‍റെ ഭാവിയെ സംബന്ധിച്ചു കൂടി ആത്മഹത്യാപരമാണെന്നും ബേക്കര്‍ വിശ്വസിച്ചിരുന്നു. അടിത്തട്ടു കാണാവുന്ന നൈര്‍മല്യവും നിരന്തരമായ ഒഴുക്കും ഉള്ള ജലമാവണം അധ്യാപകരെന്ന് അദ്ദേഹം കരുതി. അധ്യാപകരുടെ ചുമലുകള്‍ക്ക് വിദ്യാര്‍ഥികളുടെ താങ്ങാവാനുള്ള അസാധാരണമായ കരുത്തുണ്ടാവണമെന്ന് അദ്ദേഹം മകളോട് പറഞ്ഞു.

ബേക്കറുടെ സമയ ബോധവും കൃത്യനിഷ്ഠയും അപാരമായിരുന്നു. തൊണ്ണൂറു വയസ്സിനടുത്തായിരിക്കുമ്പോഴും മഞ്ഞുകാലമോ മഴക്കാലമോ വേനല്‍ക്കാലമോ എന്നില്ലാതെ കൃത്യസമയത്ത് അദ്ദേഹം വര്‍ക് സൈറ്റുകളില്‍ എത്തിയിരുന്നു. ഉയരങ്ങളിലും താഴ്ചകളിലും ഭയമോ ചാഞ്ചല്യമോ കൂടാതെ അദ്ദേഹം ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും പരിശോധനകള്‍ നടത്തുകയും ചെയ്തു . സാങ്കേതിക വിദഗ്ദ്ധരായ പല ചെറുപ്പക്കാര്‍ക്കും മറ്റു പല കാര്യങ്ങളിലുമെന്ന പോലെ ഇക്കാര്യത്തിലും ബേക്കറോടൊപ്പമെത്താന്‍ കഴിഞ്ഞിരുന്നില്ല. അതുകൊണ്ടാണ് മങ്ങിപ്പോയ കാഴ്ചയോടെ ‘മൈ ഡ്രോയിംഗ് ഡേയ്സ് ആര്‍ ഓവര്‍’ എന്നദ്ദേഹം പറഞ്ഞപ്പോള്‍ എന്‍റെ കണ്ണുകള്‍ നിറഞ്ഞത്. അനിവാര്യമായത് ആരംഭിക്കുകയായിരുന്നു,അപ്പോള്‍.

വാസ്തുവിദ്യയുടെ അതി വിശാലമായ ലോകത്ത് ബേക്കര്‍ ആരായിരുന്നുവെന്നും എന്തായിരുന്നുവെന്നും വിലയിരുത്താനുള്ള സാങ്കേതിക പരിജ്ഞാനമോ ബൌദ്ധിക വിജ്ഞാനമോ ഒന്നും എനിക്കില്ല. പക്ഷെ, നമ്മുടേതു മാതിരി ഒരു രാജ്യത്തില്‍ കഴിഞ്ഞ അഞ്ചു തലമുറകളായിപ്പോലും പാര്‍പ്പിടമില്ലാതെ ജീവിക്കുന്ന മനുഷ്യരുണ്ടെന്നും ഏകദേശം നാല്‍പത്തൊമ്പതിനായിരം ചേരികളിലായി പത്തുകോടിയോളം മനുഷ്യജന്മങ്ങള്‍ വെറും പുഴുക്കളെപ്പോലെ കഴിഞ്ഞു കൂടുന്നുണ്ടെന്നും മിസ്സോറാമില്‍ മാത്രമാണ് എല്ലാവരുടേയും തലയ്ക്കു മുകളില്‍ കൂരകളുള്ളതെന്നും ഞാനും മനസ്സിലാക്കിയിട്ടുണ്ട്. കെട്ടിട നിര്‍മ്മാണ മേഖലയിലെ അഴിമതിയും കെടുകാര്യസ്ഥതയും പാവപ്പെട്ടവരെ എങ്ങനെയെല്ലാമാണ് തെരുവോരങ്ങളിലേക്കും പലപ്പോഴും ചക്രവാളത്തിന്‍റെ അതിരുകളിലേക്കും വരെ ഒതുക്കിക്കളയുന്നതെന്ന് കണ്ടു നില്‍ക്കേണ്ടി വന്നിട്ടുണ്ട്. ഒരിക്കലും ന്യായീകരിക്കാനാവാത്ത പൊങ്ങച്ചവും ധൂര്‍ത്തും കോരിയൊഴിച്ച് നിര്‍മ്മിക്കപ്പെടുന്ന അരോചകമായ കെട്ടിടങ്ങള്‍, എല്ലാവര്‍ക്കും അവകാശപ്പെട്ട പ്രകൃതി വിഭവങ്ങളെ എവ്വിധമെല്ലാം മാരകമായി കൊള്ളയടിക്കുന്നുവെന്ന് വേദനയോടെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഈ ദുശ്ശീലങ്ങളിലെല്ലാം തന്നെ കെട്ടിടങ്ങളുടെ ഏറ്റവും വലിയ ജന്മിയായ സര്‍ക്കാറും ഒരു കെട്ടിടമെങ്കിലും ഉണ്ടാക്കാന്‍ കഴിവുള്ള സാധാരണ ജനങ്ങളും എപ്പോഴും ഞാനധികം ഞാനധികം എന്ന് പരസ്പരം മല്‍സരിക്കുകയാണ് ചെയ്യാറ്. അപ്പോഴെല്ലാം സ്വന്തം ജീവിതം കൊണ്ട് ബേക്കര്‍ ചൂണ്ടിക്കാണിക്കാന്‍ ശ്രമിച്ച അതിനിശിതമായ ലാളിത്യവും മറ്റു മനുഷ്യരോടും പ്രകൃതിയോടുമുള്ള ആ കരുതലും പരിഗണനയും ഏറ്റവും അത്യാവശ്യമായത് മാത്രം ചെയ്യുക എന്ന അദ്ദേഹത്തിന്‍റെ സന്ദേശവും എത്രമാത്രം കൃത്യമാണെന്ന് ബോധ്യമാവാതെ വയ്യ.

കൂടെ ജോലി ചെയ്തവര്‍ക്ക് അദ്ദേഹം ഡാഡിയും ആ ജീവിതം മുഴുവന്‍ ഒന്നിച്ചു പങ്കിട്ട ഡോ.എലിസബെത്ത് ബേക്കര്‍ മമ്മിയുമായിരുന്നു. മമ്മിയോട് പ്രേമവും സ്നേഹവും മാത്രമല്ല, നിറഞ്ഞ ബഹുമാനവും ആദരവും കൂടി ഉണ്ടെന്ന് തുറന്നു സമ്മതിക്കാന്‍ അദ്ദേഹത്തിനു ഒരിക്കലും മടിയുണ്ടായിരുന്നില്ല.

ഡാഡിയില്ലാതെ ജീവിയ്ക്കേണ്ടി വന്ന കാലങ്ങളില്‍, തമ്മില്‍ കാണുമ്പോഴെല്ലാം മമ്മി സംസാരിച്ചിരുന്നത് അദ്ദേഹത്തെപ്പറ്റി മാത്രമായിരുന്നു. തൊണ്ണൂറു വയസ്സിനു മുകളില്‍ നിന്നുകൊണ്ട് അസാധാരണമായ സ്നേഹവായ്പോടെയും ഹൃദയംഗമമായ അടുപ്പത്തോടെയും മമ്മി സംസാരിക്കുമ്പോള്‍ ലാറി ബേക്കര്‍ എന്ന പച്ചമനുഷ്യന് ആയിരം സ്നേഹസൂര്യന്മാരുടെ അതിശയപ്രഭയുണ്ടെന്ന് ഞാന്‍ മനസ്സിലാക്കുകയായിരുന്നു.

എപ്പോള്‍ കാണുമ്പോഴും അതീവ വാല്‍സല്യത്തോടെ ബേക്കര്‍ എന്നെ ആ നെഞ്ചോട് ചേര്‍ത്തു പിടിച്ചു. അദ്ദേഹം കടന്നു പോയപ്പോള്‍ എനിക്കില്ലാതായത് ആ അടുപ്പവും കരുതലു മാണ്. സ്നേഹവും വാല്‍സല്യവും മിടിക്കുന്ന ആ നെഞ്ചോടു ചേര്‍ന്നു നില്‍ക്കാനായിരുന്ന അപൂര്‍വ സൌഭാഗ്യമാണ്.

എന്‍റെ കണ്ണുകള്‍ ഇപ്പോള്‍ നിറയുന്നതും അതുകൊണ്ടാണ്......
-------------------------------------------------------------------------------

2. പുനര്‍നിര്‍മ്മിച്ചത് ഒരു മനസ്സിനെ ആയിരുന്നു.

ഫോണ്‍ ചെയ്തപ്പോള്‍ അവനു തലവേദനയാണെന്ന് പറഞ്ഞു. എങ്കിലും അവന്‍റെ വീട്ടില്‍ പോയി. അടുത്ത ദിവസം വീണ്ടും യാത്ര പുറപ്പെടാനുള്ളതാണ്. ഈ നഗരത്തില്‍ വന്നിട്ട് അവനെ കാണാതെ പോകുന്നതെങ്ങനെ.. അങ്ങനെ പോകേണ്ടി വന്നിട്ടുള്ളപ്പോഴൊക്കെ മനസ്സില്‍ വെറുതെയെങ്കിലും ഒരു വിഷാദം പടര്‍ന്നിട്ടുണ്ട്..

എത്ര കാലത്തെ പരിചയം.. ആദ്യം കാണുമ്പോള്‍ അവനു മീശ കിളുര്‍ത്തിരുന്നില്ല. എന്‍റെ മകള്‍ക്ക് കാക്കേ പൂച്ചേന്നൊക്കെ പറഞ്ഞ് കാച്ചിയ മോരൊഴിച്ച് ഒപ്പി വടിച്ചിട്ട് മാമു കൊടുക്കുമ്പോള്‍ ചില ദിവസങ്ങളില്‍ ഞാന്‍, അവനും കുഞ്ഞിയുരുളകള്‍ വാരിക്കൊടുത്തിട്ടുണ്ട്. നിഷ്കളങ്കമായി ഒരു കൊച്ചുകുഞ്ഞിനെപ്പോലെ വായ് പൊളിച്ച് അവന്‍ ആ ഉരുളകള്‍ വാങ്ങുമായിരുന്നു.

ജീവിതം അതിനു തോന്നിയ കഠിന വഴിത്താരകളിലൂടെ എന്നെ വലിച്ചിഴച്ച കാലങ്ങളില്‍ , സാധിക്കുമ്പോഴെല്ലാം അവന്‍ കാണുവാന്‍ വന്നു.. എന്‍റെ കഷ്ടപ്പാടുകളും ദാരിദ്ര്യവും കണ്ണീരും വേദനകളും അനുഭവിച്ചു, പരാജയങ്ങളില്‍ സാന്ത്വനിപ്പിച്ചു. അല്‍പ വിജയങ്ങളില്‍ ആഹ്ലാദിച്ചു. കണ്ണീരും ചോരയും പേനയില്‍ നിറച്ച് ഞാനെഴുതിയ, നിറംകെട്ടു മങ്ങിയ കുറിപ്പുകള്‍ വായിച്ച് നിറഞ്ഞ കണ്ണുകളോടെ എന്നെ കൂടുതലെഴുതുവാന്‍ എക്കാലവും പ്രേരിപ്പിച്ചു...

അവനെ മനസ്സിലാക്കാതിരിക്കില്ല ഞാനെന്ന് സ്വന്തം ജീവിതത്തിന്‍റെ പല സന്നിഗ്ദ്ധ ഘട്ടങ്ങളിലും തികച്ചും ആത്മാര്‍ഥമായി ആവര്‍ത്തിക്കുമ്പോള്‍, എന്‍റെ സൌഹൃദത്തില്‍ അവനുള്ള വിശ്വാസം പൌര്‍ണമിച്ചന്ദ്രനെന്ന പോലെ മിന്നിത്തിളങ്ങി .

കഴിഞ്ഞ ദിവസം കണ്ടപ്പോള്‍ അവന്‍ പറഞ്ഞു തന്നതാണ്...

ഒരു മൊട്ടക്കുന്നായിരുന്നു വാസ്തു ശില്‍പി വീടു വെയ്ക്കാന്‍ വാങ്ങിയത്. അധികം പണമൊന്നും ശില്‍പിയുടെ പക്കല്‍ ഉണ്ടായിരുന്നില്ല. പതുക്കെ പ്പതുക്കെ ഓരോ കല്ലും പെറുക്കിപ്പെറുക്കി പത്തു പതിനഞ്ചു വര്‍ഷമെടുത്ത് വീട്ടില്‍ അത്യാവശ്യത്തിനുള്ള മുറികള്‍ അത്യാവശ്യമുള്ളപ്പോള്‍ , തികച്ചും അത്യാവശ്യമായ സൌകര്യങ്ങളോടെ ആ വാസ്തുശില്‍പി നിര്‍മ്മിച്ചു. നാലു കമ്പാര്‍ട്ടുമെന്‍റുകളായി തിരിക്കാവുന്ന നീണ്ട മുറിയില്‍ നാലു ബെഡ് റൂമുകള്‍ മാതാപിതാക്കള്‍ക്കും കുഞ്ഞുങ്ങള്‍ക്കുമായി ഉണ്ടാക്കി. ഓരോ കുട്ടിയും വളര്‍ന്നു വലുതായി വിവാഹം കഴിച്ചു പോയപ്പോള്‍ കമ്പാര്‍ട്ടുമെന്‍റുകള്‍ നിവര്‍ന്നു നിവര്‍ന്നു അസാധാരണമായി നീളം തോന്നിപ്പിച്ച മുറി, പിന്നീട് വാസ്തു ശില്‍പിയുടെ ഉറക്കറയും വായനാമുറിയും ജോലിമുറിയും ഇരുപ്പുമുറിയുമായിത്തീര്‍ന്നു.

ആയിടയ്ക്കാണ് വാസ്തുശില്‍പിയുടെ ഭാര്യാസഹോദരന്‍റെ മക്കള്‍ നഗരത്തില്‍ പഠിക്കാനെത്തിയത്. പഠിക്കാനും വിശ്രമിക്കാനും വേണ്ട സ്വകാര്യതയുള്ള, നല്ല വെളിച്ചവും കാറ്റോട്ടവുമുള്ള വൃത്താകാരമായ ഒരു മുറി അവര്‍ക്കായി ഒരുക്കപ്പെട്ടു. ചെറു പാചകത്തിനാവശ്യമായ സൌകര്യവും മറപ്പുരയും കുളിമുറിയുമായി, അങ്ങനെ തികച്ചും സ്വയം പര്യാപ്തമായ ഒരു യൂണിറ്റായിരുന്നു വാസ്തുശില്‍പിയുടെ ഡിസൈന്‍.

ഒറ്റ ഒരു മേസ്തിരിയെ വെച്ചാണത്രേ വാസ്തു ശില്‍പി ഇതെല്ലാം നിര്‍മ്മിച്ചത്.

അത്ര ക്ഷാമമായിരുന്നോ മേസ്തിരിമാര്‍ക്കെന്നായിരുന്നു സ്വാഭാവികമായും എന്‍റെ ചോദ്യം.

അപ്പോള്‍ അവന്‍ മനസ്സുകളെപ്പറ്റിയും വിഷാദത്തെപ്പറ്റിയും കണ്ണീരുപ്പിനെപ്പറ്റിയും മരണത്തെപ്പറ്റിയുമൊക്കെ പറഞ്ഞു തുടങ്ങി. എനിക്കറിയാത്തതല്ലല്ലോ ഇതൊന്നും എന്ന് നിനയ്ക്കുമ്പോഴും, ക്ഷമയോടെ ഞാനവനെ കേട്ടുകൊണ്ടിരുന്നു.

അതൊരു പണിചികില്‍സയായിരുന്നുവെന്ന് അവന്‍ വിശദീകരിച്ചു. കരള്‍ പിളരുന്ന വേദനകളില്‍
വിഷാദം ഘനീഭവിച്ച മനസ്സുമായി കണ്ണീരിന്‍റെ മൌനത്തിലാണ്ടു പോയ ഒരാളായിരുന്നു ആ മേസ്തിരി. അതുകൊണ്ട് ഭ്രാന്തനെന്ന മുദ്ര ചാര്‍ത്തി അയാളെ എല്ലാവരും ജോലിയില്‍ നിന്നകറ്റി നിര്‍ത്തി.

മനുഷ്യര്‍ക്കെല്ലാം പൊതുവേ വേദനയേയും മൌനത്തെയും വല്ലാത്ത ഭയമാണ്. കാരണം വേദനയും മൌനവും എന്തിനെയാണ് ഗര്‍ഭത്തില്‍ വഹിക്കുന്നതെന്ന് ആരും അറിയുന്നില്ല.

വാസ്തുശില്‍പിയുടെ ഒരു പഴയ ഷര്‍ട്ടു ധരിച്ച്, വാസ്തുശില്‍പിയായി മാറി പ്ലാനും ഡിസൈനും മനസ്സിലാക്കിയ മേസ്തിരി സ്വന്തം ഷര്‍ട്ട് ധരിച്ച് , മേസ്തിരിയാവുകയും ഇഷ്ടിക പണിയുകയും വേറൊരു ഷര്‍ട്ടിട്ട് മെയ്ക്കാടു പണിക്കാരനായി സിമന്‍റും മണലും കൂട്ടുകയും ചെയ്തു. മൌന മുദ്രിതമായ ചുണ്ടുകളുള്ള ആ മേസ്തിരിയൊഴിച്ച് മറ്റൊരു പണിക്കാരനും ആ വര്‍ക് സൈറ്റില്‍ ഒരിക്കലും ഉണ്ടായിരുന്നുമില്ല.

തീര്‍ത്തും മൌനിയായി, ഇത്തരമൊരു പകര്‍ന്നാട്ടത്തിലൂടെ നിത്യവും ജോലി ചെയ്തിരുന്ന മേസ്തിരിയോട് സാധിക്കുമ്പോഴെല്ലാം വാസ്തു ശില്‍പി സംസാരിച്ചുകൊണ്ടിരുന്നു . മേസ്തിരിക്ക് ഒന്നും മനസ്സിലായിട്ടുണ്ടാവില്ലെന്ന് അവന്‍ പറഞ്ഞപ്പോള്‍ ഞാന്‍ ചോദിച്ചു ... ‘അത്രമാത്രം സാങ്കേതികജഡിലമായിരുന്നോ വാസ്തു ശില്‍പിയുടെ വാക്കുകള്‍?’

അവന്‍ ചിരിച്ചു.

‘ അല്ല, വാസ്തു ശില്‍പിക്ക് മേസ്തിരിയുടെ ഭാഷ വശമുണ്ടായിരുന്നില്ല. അദ്ദേഹം സ്വന്തം മാതൃഭാഷയിലാണ് സംസാരിച്ചുകൊണ്ടിരുന്നത്. ആ ഭാഷ മേസ്തിരിക്കും അറിയില്ലായിരുന്നു. ‘

കെട്ടിടം പണി തീര്‍ന്നപ്പോഴേക്കും മേസ്തിരി ഇടയ്ക്കു വെച്ച് മറന്നു പോയ സംസാരവും ചിരിയും വീണ്ടെടുത്തു കഴിഞ്ഞിരുന്നു.

വാസ്തുശില്‍പി കെട്ടിടങ്ങളെ മാത്രമല്ല തകര്‍ന്നു തുടങ്ങിയ ഒരു മനസ്സിനെയും പുനര്‍നിര്‍മ്മിക്കാന്‍ കഴിവുള്ള ആളായിരുന്നുവോ? ക്ഷമയും സ്നേഹവും വിശ്വാസവും സ്വന്തം സാന്നിധ്യവുമായിരുന്നോ അതിന് ഉപയോഗിച്ച നിര്‍മ്മാണ പദാര്‍ഥങ്ങള്‍ ?

പിന്‍ കുറിപ്പ്

മനുഷ്യസ്നേഹിയായ ആ വാസ്തുശില്‍പിയുടെ പേര് ലാറി ബേക്കര്‍ എന്നായിരുന്നു.

ഫെബ്രുവരി മാസം.

https://www.facebook.com/echmu.kutty/posts/890073224505306

എന്‍റെ ജന്മമാസമാണ് ഫെബ്രുവരി.. അക്കാര്യം അങ്ങ് മറന്നാല്‍ ജീവിതത്തെ വല്ലാതെ വേദനിപ്പിച്ചിട്ടുള്ള ഒരു മാസം. ഫെബ്രുവ രി അഞ്ചും പതിനൊന്നും ഇരുപതും ഇരുപത്തിമൂന്നുമെല്ലാം എന്‍റെ തലച്ചോറിലും മനസ്സിലും രക്തമൊഴുകുന്ന മുറിവുകളാണ്. ഇത്രയും കാലമായിട്ടും ഉണങ്ങാത്ത മുറിവുകള്‍ ഇനി ഉണങ്ങുമെന്ന് കരുതാനും എനിക്ക് വയ്യ.

ഇപ്പോള്‍ ഇരുപത്തിമൂന്നിനെക്കുറിച്ച് എഴുതാം.
ഞങ്ങളുടെ ദൈവം മരിച്ച ദിവസമാണ് ഫെബ്രുവരി ഇരുപത്തിമൂന്ന്. അമ്മീമ്മ എന്ന ദൈവം. ഞങ്ങള്‍ മൂന്നു പെണ്‍ കുട്ടികളായിരുന്നു ആ ജീവിതത്തിന്‍റെ ഒരേയൊരു ലക്ഷ്യവും മാര്‍ഗവും മോക്ഷവും. ആ ശരീരത്തിനും മനസ്സിനും ആവുന്നതെല്ലാം അവര്‍ ഞങ്ങള്‍ക്കു വേണ്ടി ചെയ്തു. ഞങ്ങളുടെ നന്മയില്‍ക്കവിഞ്ഞ് ഒരു സ്വപ്നവും ആ മിഴികള്‍ കണ്ടിരുന്നില്ല.

ഇപ്പോള്‍ പതിനഞ്ചുവര്‍ഷമായി അമ്മീമ്മ പോയിട്ട്.. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങളുണ്ടായി. ഈ ലോകം തന്നെയും ഒരുപാട് മാറി. പക്ഷെ.. അമ്മീമ്മ ഉണ്ടാക്കിയ ശൂന്യത നികത്താന്‍ പോന്ന ആരും ജീവിതത്തില്‍ കടന്നുവന്നില്ല. അത്രമാത്രം തീവ്രമായഒരു ബന്ധവുംവളര്‍ന്നു പൂവിട്ടില്ല.

അമ്മീമ്മയെ അമ്മയാണ് ശുശ്രൂഷിച്ചത്. ജീവിതത്തില്‍ ഞാനെടുത്ത ഒത്തിരി അബദ്ധത്തീരുമാനങ്ങളുടെ ശിക്ഷയായി അമ്മീമ്മയില്‍ നിന്ന് അകന്ന് നില്‍ക്കേണ്ട ഗതികേടിലായിരുന്നു ഞാന്‍. തൊട്ടുമുമ്പുള്ള ഡിസംബര്‍ മാസത്തില്‍ അമ്മീമ്മയെ കാണാന്‍ വന്ന എന്നോട് തികച്ചും അവശയായിരുന്നിട്ടും രാഷ്ട്രീയവും സാഹിത്യവും സംഗീതവുമെല്ലാം അമ്മീമ്മ പങ്കുവെച്ചു. എന്നെ അമ്മീമ്മയ്ക്ക് കഴിയും മട്ടെല്ലാം ആശ്വസിപ്പിച്ചു. ഒത്തിരി നേരമ്പോക്കുകള്‍ പറഞ്ഞു. ഞങ്ങള്‍ കുറെ ചിരിച്ചു. ആ ശരീരം മാത്രമേ അവശമായിരുന്നുള്ളൂ. മനസ്സ് അപ്പോഴും യുവത്വത്തിലായിരുന്നു. റാണിയുടെ മകനെ ഒന്നു കാണണമെന്നായിരുന്നു അമ്മീമ്മയ്ക്ക് അന്ന് ബാക്കിയുണ്ടായിരുന്ന ഒരേയൊരു ആഗ്രഹം.

അതുകൊണ്ടു തന്നെ ഫെബ്രുവരി മാസത്തില്‍ അമ്മീമ്മ പോകുമെന്ന് ഞാന്‍ കരുതിയതേയില്ല. എങ്കിലും റാണിയോട് മകനൊപ്പം വന്ന് അമ്മീമ്മയെ കാണുവാന്‍ ഞാന്‍ നിര്‍ബന്ധിച്ചു. ആ മോനെ നെഞ്ചത്തു കിടത്തി തടവി 'ഉം, അവന് കനമൊക്കെയുണ്ട്' എന്ന് റാണിയോട് പറഞ്ഞു കഴിഞ്ഞ് അധികം വൈകാതെ അമ്മീമ്മ ബോധഹീനയായി. പിറ്റേന്ന് അവര്‍ ഈ ലോകം വിട്ടുപോവുകയും ചെയ്തു.

അമ്മീമ്മ ബോധഹീനയായെന്നും ആശുപത്രിയിലാണെന്നും അറിഞ്ഞപ്പോള്‍ മുതല്‍ എനിക്ക് വിശപ്പും ദാഹവും ഒന്നുമില്ലാതായി.

മൂവായിരം കിലോമീറ്ററിനപ്പുറത്തിരുന്ന് ഞാന്‍ അമ്മീമ്മയുടെ മണം ശ്വസിച്ചു. രാത്രി ഇരുണ്ടപ്പോള്‍ എന്‍റെ മുറിയുടെ ജനലിനപ്പുറത്തു കൂടെ അമ്മീമ്മയുടെ സാരി ഉലയുന്ന ശബ്ദവും ആ നടത്തയുടെ വേഗവും ഞാനറിഞ്ഞു...

പിറ്റേന്ന് രാവിലെ റാണി ഫോണ്‍ ചെയ്തു പറഞ്ഞു... അമ്മീമ്മ പോയി.. രാത്രി മുഴുവന്‍ ഭാഗ്യയാണ് കൂട്ടിരുന്നത്. അവള്‍ വല്ലാത്തൊരു മാനസികാവസ്ഥയിലാണ്.. അവള്‍ക്ക് താങ്ങാന്‍ വയ്യ ആ ആഘാതം.

ഞാന്‍ പരമഭീരുവായ ഞാന്‍ അമ്മീമ്മയുടെ ശരീരം കാണാന്‍ വന്നില്ല. അമ്മീമ്മയെ അങ്ങനെ കാണാനുള്ള ബലമെനിക്ക് ഇല്ലായിരുന്നു എന്നതാണ് സത്യം. തിരക്കുകളില്‍ ആണ്ടുമുങ്ങി അതിസമര്‍ഥമായി വീട്ടുഭരണവും ടീച്ചര്‍ ഉദ്യോഗവും ഭരിച്ചിരുന്ന എല്ലാവരും ബഹുമാനിച്ചിരു ന്ന ലോകകാര്യങ്ങളെക്കുറിച്ച് വ്യക്തമായ അഭിപ്രായവും തനതു കാഴ്ചപ്പാടുമുണ്ടായിരുന്ന അമ്മീമ്മയുടെ ചുറുചുറുക്കുള്ളആ രൂപംഎന്‍റെ മനസ്സില്‍ മാറ്റി വരയ്ക്കാന്‍ എനിക്ക് ധൈര്യമുണ്ടായിരുന്നില്ല.

അതുകൊണ്ട് ഞാന്‍ വന്നില്ല. ഒന്നു രണ്ട് ദിവസം ഭക്ഷണം കഴിക്കാതെ ഒരു തുള്ളി വെള്ളം പോലും കുടിയ്ക്കാതെ ഞാന്‍ മൌനമായിരുന്നു. എനിക്കുണ്ടായ നഷ്ടംഎന്‍റെ മനസ്സില്‍ പരന്നലിയുന്നതും കാത്ത്.... ഞാന്‍ മൌനമായിരുന്നു.

ഫെബ്രുവരി ഇരുപത്തിമൂന്ന് വീണ്ടും വന്നിരിക്കുന്നു. എല്ലാ വര്‍ഷവുമെന്ന പോലെ

കാഴ്ചകളിലെ സന്മനസ്സുകള്‍

https://www.facebook.com/echmu.kutty/posts/886607334851895

അമ്മയ്ക്ക് നടക്കുവാന്‍ തീരെ പ്രയാസമായ കാലത്താണ് കൂടുതല്‍ ഉയരവും അതിനൊത്ത തടിമിടുക്കും വേണമെന്ന് എനിക്ക് തോന്നാന്‍ തുടങ്ങിയത്. അമ്മയെ വാരിയെടുത്ത് കാറിലിരുത്തുക, കിടക്കയില്‍ കിടത്തുക, ശുചിമുറിയില്‍ കൊണ്ടുപോവുക, ഡോക്ടറെ കാണിക്കാന്‍ പോവുക... ഈയവസരങ്ങളിലെല്ലാം അമ്മയെ വാരിയെടുക്കാനുള്ള ശരീരശേഷി ഇല്ലാതായതില്‍ എനിക്ക് കഠിനമായ മന;പ്രയാസം തോന്നീട്ടുണ്ട്. എന്‍റെ അനിയത്തിമാര്‍ക്കും അത് തോന്നിയിട്ടുണ്ട്.

ഇന്നലെ അമ്മയെപ്പറ്റി സംസാരിക്കുമ്പോള്‍ അനിയത്തി അതൊക്കെ ഓര്‍മ്മിക്കുകയായിരുന്നു. അമ്മ അവളുടെ അടുത്തായിരുന്നതുകൊണ്ട് ഈ പ്രയാസം ഏറ്റവും കൂടുതല്‍ തവണ അനുഭവിച്ചിട്ടുള്ളതും അവള്‍ തന്നെയാണ്. ഞങ്ങള്‍ സ്വന്തമെന്ന് കരുതി മനസ്സും വപുസ്സും പകുത്തുകൊടുത്തവരൊന്നും ഒരു വിരല്‍ നീട്ടീപ്പോലും ഇക്കാര്യത്തില്‍ സഹായിച്ചിട്ടില്ലെങ്കിലും അന്യര്‍ എന്നും സഹായത്തിനു വന്നിരുന്നു.

ഒരിയ്ക്കല്‍ റ്റാക്സി വിളിച്ച് അമ്മയെ ആശുപത്രിയിലേക്ക് കൊണ്ടുപോവാനുള്ള പരിശ്രമത്തിലായിരുന്നു അനിയത്തി. അവള്‍ മെല്ലെ മെല്ലെ ഓരോ ഇഞ്ചായി അമ്മയെ നടത്തിക്കൊണ്ടു വരാന്‍ പരിശ്രമിക്കുന്നത് കണ്ട് വണ്ടിയുടെ ഡ്രൈവര്‍ അമ്മയോട് ചോദിച്ചു... ഞാന്‍ അമ്മച്ചിയെ എടുത്ത് കാറിലിരുത്തട്ടെ? അമ്മയ്ക്ക് എത്രയും ആശ്വാസദായകമായിരുന്നു അത്. അയാള്‍ ഒരു കിളിക്കുഞ്ഞിനെ എടുക്കും പോലെ അമ്മയെ എടുത്ത് കാറിലിരുത്തി. ഡോക്ടറുടെ മുറിയിലേക്ക് എടുത്തുകൊണ്ടുപോയി, തിരികേ അതു പോലെ വീട്ടിലാക്കിത്തരികയും ചെയ്തു. അമ്മയ്ക്ക് 'അവന്‍ എന്നോട് പുള്ളൈ മാതിരി' എന്ന് എത്ര പറഞ്ഞിട്ടും മതിയാകുന്നുണ്ടായിരുന്നില്ല.

മനസ്സാണ് പ്രധാനം.. ബന്ധമല്ല.

ചെന്നൈ സെന്‍ട്രല്‍ സ്റ്റേഷനില്‍ ഭാരം കൂടിയ ബാഗും ചുമന്ന് വേച്ച് വേച്ച് നടക്കുകയായിരുന്നു ഞാന്‍. എന്‍റൊപ്പം ആരുമുണ്ടായിരുന്നില്ല. ഒരു ചെറുപ്പക്കാരന്‍ അടുത്തു വന്ന് ആ ബാഗ് മേടിച്ചിട്ട് പറഞ്ഞു. 'ഞാന്‍ കൊണ്ടുത്തറേന്‍ അക്കാ.. ഏതു കമ്പാര്‍ട്ട്മെന്‍റ്ന്ന് ശൊന്നാപ്പോതും. ' എന്നെ ട്രെയിനില്‍ കയറ്റി ഭദ്രമായി ഇരുത്തിയിട്ട് ശുഭയാത്ര നേര്‍ന്ന് ആ അനിയന്‍ തിരക്കില്‍ അപ്രത്യക്ഷനായി.

മനസ്സാണ് പ്രധാനം. . ബന്ധമല്ല.

എന്‍റെ കാതു നിറച്ചും കമ്മലുകളുണ്ട്. വലിയ സങ്കടവും വേദനയും ഒറ്റപ്പെടലും തോന്നുമ്പോള്‍ ഞാന്‍ പോയി കാതു കുത്തും. പിന്നെ കുറെ ദിവസം ആ വേദന സഹിക്കേണ്ടി വരുമ്പോള്‍ മനസ്സിന്‍റെ വേദനയ്ക്ക് ചെറിയ ഒരു സമാധാനം കിട്ടും. ഇപ്പോഴും കുത്തി.. മൂന്നാലു മാസമായി.. എന്തുകൊണ്ടോ കാതു പഴുത്തു ചുവന്നു. ആര്‍ക്കും മനസ്സിലായില്ല അത്. എനിക്ക് വേദനയുണ്ടായിരുന്നു. വേദനകള്‍ സാരമില്ലെന്ന് വെയ്ക്കലാണല്ലോ എന്‍റെ പതിവ്. പക്ഷെ, സുഹൃത്തായി മാറിയ ഡോക്ടറെ കണ്ട് നെഞ്ചിലിടിച്ചു കരയുകയും എനിക്ക് ഈ ഭൂമിയേ വേണ്ട.. ഈ ലോകമേ വേണ്ട എന്ന് പറയുകയും ചെയ്യുമ്പോള്‍ അദ്ദേഹം പൊടുന്നനെ ചോദിച്ചു...

കാതിനെന്തു പറ്റി?

എനിക്കല്‍ഭുതമുണ്ടായി. എന്‍റെ പാറിപ്പറന്നു കിടക്കുന്ന മുടിയിഴകള്‍ക്കുള്ളിലൂടെ കാതിലെ നീരും ചുവന്ന നിറവും അദ്ദേഹം എങ്ങനെ തിരിച്ചറിഞ്ഞു? കാതിന്‍റെ കാര്‍ട്ടിലേജ് പഴുത്താല്‍ വലിയ പ്രയാസമാകുമെന്ന് പറഞ്ഞ് അദ്ദേഹം ഉടനെ മരുന്ന് എഴുതിത്തന്നു. ഇപ്പോള്‍ അസുഖം മാറിയിട്ടുണ്ട്.

വെറും കാഴ്ച എളുപ്പമാണെന്നും എന്നാല്‍ നിരീക്ഷണം ഒരു വലിയ കലയാണെന്നും ഷെര്‍ലക് ഹോംസ് എന്ന എന്‍റെ നിത്യകാമുകന്‍ പറയാറുണ്ട്. ഡോ. വാട്സണോടാണ് അതു പറയുന്നതെങ്കിലും ഇവരൊക്കെ ആ കല അഭ്യസിച്ചവരും അത് പ്രാബല്യത്തില്‍ വരുത്തി മറ്റുള്ളവരെ സഹായിക്കുന്നവരുമാണെന്ന് എനിക്ക് തോന്നുന്നു. അങ്ങനെ എത്രയോ മനുഷ്യര്‍... അവരനുഗ്രഹിച്ചു തരുന്നതല്ലേ ഈ ജീവിതം... അതെ. തീര്‍ച്ചയായും അതെ. അതുകൊണ്ട് അറിയുന്നവരേക്കാള്‍ അറിയാത്തവരോട് ഞാന്‍ കടപ്പെട്ടിരിക്കുന്നു.

Friday, September 7, 2018

ജന്മദിനമെന്ന പ്രണയദിനം

https://www.facebook.com/echmu.kutty/posts/885107555001873

അനവധി അനവധി വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രേമിച്ച് മിശ്രവിവാഹം കഴിച്ച എന്‍റെ അച്ഛനും അമ്മയ്ക്കും ആദ്യത്തെ കുഞ്ഞായി ഒരു ഫെബ്രുവരി 14 നാണ് ഞാന്‍ പിറക്കുന്നത്. ഇരുണ്ട നിറത്തില്‍ നന്നെ മെലിഞ്ഞ ഒരു കുട്ടി. എങ്കിലും മുഖത്തിനു നല്ല ഓമനത്തമുണ്ടായിരുന്നുവെന്നും കിരീടം പോലെ ഇടതൂര്‍ന്ന് തലമുടിയുണ്ടായിരുന്നുവെന്നും അമ്മ എക്കാലവും എന്നെ വാല്‍സല്യപ്പെട്ടിരുന്നു. മെലിഞ്ഞാലും കറുത്താലും അമ്മ എന്നെ മോശക്കാരിയെന്നു പറയുമോ ? .... നോ .. നെവര്‍..

ഫെബ്രുവരി 14 പ്രണയിക്കുന്നവരുടെ ദിനമായി മാറിയത് അപ്പോഴൊന്നും നമ്മുടെ നാട്ടില്‍ ആരും അറിഞ്ഞിരുന്നില്ല. കാലം പോകെപ്പോകെയാണ് എന്‍റെ ജന്മദിനം ലോകം മുഴുവന്‍ ആഘോഷിക്കുമെന്ന അറിവിലേക്കും അഹങ്കാരത്തിലേക്കും ഞാനും നടന്നു കയറിയത്.. ആ, അതു തന്നെ ഹാപ്പി വാലന്‍റൈന്‍സ് ഡേ.

ചിലരുടെയൊക്കെ ഭാഷയില്‍ പറഞ്ഞാല്‍ നമ്മുടെ സംസ്ക്കാരത്തിനു തീരെ നിരക്കാത്ത ഒരാഘോഷം!

കമിതാക്കളെ ലോകം മുഴുവന്‍ സ്നേഹിക്കുന്നുവെന്ന് ഒരു ഇംഗ്ലീഷ് പഴമൊഴിയുണ്ട്. പഴമൊഴി എന്തു തന്നെയായാലും യഥാര്‍ഥപ്രണയം നമ്മെ ധീരരും കരുത്തരുമാക്കും. ലോകം മുഴുവന്‍ എതിര്‍ത്താലും പിടിച്ചു നില്‍ക്കാനുള്ള ബലം തരും. അതുകൊണ്ടാണല്ലോ പ്രണയത്തിന്‍റെ പേരില്‍ ദുരഭിമാനക്കൊലകള്‍ നടക്കുന്ന നാടുകളില്‍പ്പോലും ഇപ്പോഴും പ്രണയങ്ങള്‍ തളിര്‍ക്കുന്നതും പൂവിടുന്നതും.

അങ്ങനെ ഓരോന്നോര്‍മ്മിച്ചപ്പോഴാണ് റോസിടീച്ചറുടെ പ്രണയലുത്തിനീയകള്‍ രണ്ടാം പതിപ്പിറങ്ങിയെന്ന കാര്യവും മനസ്സില്‍ കടന്നുവന്നത്. ആ പുസ്തകത്തിന്‍റെ ആദ്യപതിപ്പേ ഞാന്‍ കണ്ടിട്ടുള്ളൂ. രണ്ടാം പതിപ്പ് ഒരു ഓട്ടോഗ്രാഫ് പോലെ സുന്ദരമാണെന്ന് കേട്ടറിഞ്ഞു. പ്രണയദിനത്തില്‍ പരസ്പരം സമ്മാനിക്കാന്‍ അനുയോജ്യമായ ഒരു പുസ്തകം...

വിത്ത് ജീവനെ കാത്തു വെക്കും പോലെ
സമയമാകും വരെ ഞാന്‍ എന്‍റെ പ്രണയം കാത്തുവെക്കും ( പ്രണയ ലുത്തിനീയ )

എന്‍റെ പ്രണയിനിക്ക്...

ആരൊരാള്‍ ....

https://www.facebook.com/echmu.kutty/posts/884515008394461

എല്ലാ വര്‍ഷവും ലാറിബേക്കര്‍ മെമ്മോറിയല്‍ ട്രോഫി സമ്മാനിക്കാറുണ്ട് ഇന്ത്യയിലെമ്പാടുമുള്ള ആര്‍ക്കിടെക്ചര്‍ വിദ്യാര്‍ഥികള്‍ക്ക്... നാസ നടത്തുന്ന ഒരു മല്‍സരത്തിലൂടെയാണ് വിജയികളെ തെരഞ്ഞെടുക്കുക. അതിനു ജൂറിയായി എന്‍റെ കൂട്ടുകാരന്‍ പോകാറുണ്ട്. ഇത്തവണയും പോയി.. വാഗമണ്ണിലായിരുന്നു ഇപ്രാവശ്യത്തെ ജൂറി. രാത്രി ഒരു മണിക്കാണ് കൂട്ടുകാരന്‍ യാത്ര പുറപ്പെട്ടത്. എനിക്കും പോകാമായിരുന്നു. ഇടയ്ക്കിടെയുള്ള വീഴ്ചകള്‍ ശരീരത്തിലേല്‍പ്പിച്ച പരിക്ക്കൊണ്ട് സ്വതവേ ഒരു യാത്രപ്പണ്ടാരമാണെങ്കിലും ഞാന്‍ ഇപ്രാവശ്യം കൂടെ പുറപ്പെട്ടില്ല.

പിറ്റേന്ന് രാവിലെ മുതലാണ് എനിക്ക് വിചിത്രമായ ഒരു സാന്നിധ്യം അനുഭവപ്പെടാന്‍ തുടങ്ങിയത്. ആരോ അടുത്തുണ്ടെന്ന... എന്നെ ശ്രദ്ധിക്കുന്നുണ്ടെന്ന തോന്നലില്‍ ഭയം എന്നില്‍ വളര്‍ന്നു നിറഞ്ഞു. ആരുടേയോ വസ്ത്രാഞ്ചലം ഉലയുന്ന ശബ്ദം എനിക്ക് കേള്‍ക്കാന്‍ പറ്റിയിരുന്നു. ഞാന്‍ ലിവിംഗ് റൂമിലിരിക്കുമ്പോള്‍ ആരോ കിടപ്പുമുറിയില്‍ ഉലാത്തുന്നുണ്ട്. ചിലപ്പോള്‍ ആരുടേയോ ചൂടുള്ള ദീര്‍ഘനിശ്വാസം എന്‍റെ കവിളിലടിക്കുന്നുണ്ട്.

ആരായിരിക്കുമെന്ന് എന്‍റെ തല പുകയാന്‍ തുടങ്ങി. വായിച്ച ഹൊറര്‍ രചനകള്‍ എല്ലാം ഓര്‍മ്മയില്‍ തെളിഞ്ഞു. ഹൊറര്‍ ചലച്ചിത്രങ്ങള്‍ മനസ്സിന്‍റെ സ്ക്രീനില്‍ ഓടാന്‍ തുടങ്ങി. ഭയം കൊണ്ട് എന്‍റെ കൈത്തലങ്ങള്‍ വിയര്‍ക്കുകയും എനിക്ക് കമ്പിളി പുതയ്ക്കാന്‍ തോന്നുംവണ്ണം തണുക്കുകയും ചെയ്തു.

അപ്പോഴാണ് മരണത്തെപ്പറ്റി ഞാന്‍ ഓര്‍മ്മിക്കാന്‍ തുടങ്ങിയത്. അമ്മ മരിക്കുന്നതു കാണും വരെ മരണത്തെ എനിക്ക് വലിയ ഭയമായിരുന്നു. അമ്മ കടന്നു പോയതോടെ ആ ഭയം എന്നിലില്ലാതായി. എന്നു മാത്രമല്ല... അമ്മയെ ഇനിയും കാണുവാന്‍ കഴിയുമെങ്കില്‍ , എന്‍റെ അനാഥത്വം മാറിക്കിട്ടുമെങ്കില്‍ മരണം നല്ലൊരു കാര്യമല്ലേ, കഴിയുന്നത്ര വേഗം അവിടേക്ക് എത്തേണ്ടേ എന്നും എനിക്ക് തോന്നിത്തുടങ്ങി.

എന്നെപ്പോലെ ഒരുവളുടെ മനസ്സില്‍ മരണചിന്ത മൊട്ടിട്ടാല്‍ അത് പിന്നീട് വന്യമായ ഒരു ലഹരിയായി പടര്‍ന്നു കയറുമെന്ന് എനിക്കനുഭവമുണ്ട്. എല്ലാ മുറിവുകളും ഒറ്റയടിക്ക് ഉണങ്ങും. എല്ലാ പ്രശ്നങ്ങളും ഡിം എന്ന് അവസാനിക്കും.. വേദനകളോ പ്രയാസങ്ങളോ ബാക്കിയുണ്ടാവില്ല.. ഓരോ ദിവസവും മരണത്തോട് അടുക്കുകയാണല്ലോ എന്നോര്‍ത്ത് ഈ ജീവിതത്തില്‍ ഞാന്‍ സമാശ്വസിച്ചിട്ടുള്ളതിന് കൈയോ കണക്കോ ഇല്ല. അതുകൊണ്ടൊക്കെയാവാം ഈ ആരോ ഒരാളുടെ സാന്നിധ്യം, ശ്വാസം, കാല്‍പ്പെരുമാറ്റം, മുരടനക്കം എല്ലാം മരണമാണെന്ന ചിന്ത എന്നില്‍ നിറച്ചത്.

അതോടെ ഭയം മാറി. പകരം എങ്ങനെയാവും അതു സംഭവിക്കുക എന്നതിലായി എന്‍റെ ശ്രദ്ധ. വലിയ ആരോഗ്യപ്രശ്നങ്ങളൊന്നും ഇല്ല. തമസിക്കുന്ന കെട്ടിടം ഇടിഞ്ഞു പൊളിഞ്ഞു തലയില്‍ വീഴാന്‍ വഴിയില്ല. പറമ്പില്‍ നിന്ന് വല്ല പാമ്പോ മറ്റോ വീട്ടിനകത്ത് കയറിക്കൂടി കടിച്ചു കൊല്ലുകയാവുമോ ഉണ്ടാവുക എന്ന് ഞാന്‍ വിചാരിച്ചു. .. അതിനും അത്ര വലിയ സാധ്യത കാണുന്നില്ല. അതോ ഞാന്‍ സ്വയം മരണത്തെ വിളിച്ചു വരുത്തുമോ? എങ്കില്‍ എങ്ങനെ ? ആത്മഹത്യാശ്രമം നടത്തി പരാജയപ്പെട്ട് ചികില്‍സയും പോലീസും കേസും ഒക്കെയായി തുടര്‍ന്നു ജീവിക്കാന്‍ എനിക്കിഷ്ടമില്ല.

ശ്രമിക്കയാണെങ്കില്‍ മരണത്തെ ആഞ്ഞുപുല്‍കണം. മുറുകെ... തീര്‍ത്തും മുറുകെ ... ശ്വാസം നിലയ്ക്കും വരെ . ഒരിക്കലും ആര്‍ക്കും ആ ആലിംഗനത്തില്‍ നിന്ന് എന്നെ വേര്‍പെടുത്തിയെടുക്കാന്‍ സാധിക്കരുത്. ഇനിയും വേദനിപ്പിക്കാനും അപഹസിക്കാനും നിന്ദിക്കാനും ഒറ്റപ്പെടുത്താനും ബാക്കിയാക്കരുത്.

അപ്പോഴാണ് ആരോ ഊക്കോടെ പ്രഹരിച്ചതു പോലെ എന്‍റെ കണ്ണില്‍ ഇരുട്ട് കയറിയത്... ഭൂമിയും ആകാശവും ഒന്നാവുകയാണെന്ന മട്ടില്‍ കാല്‍ക്കീഴില്‍ നിന്ന് ഭൂമി തെന്നിപ്പോയത് . ഞാന്‍ വലിയ വായില്‍ ച്ഛര്‍ദ്ദിച്ചത്....

പിന്നീട് ഓര്‍മ്മ വരുമ്പോള്‍ ഞാന്‍ ആശുപത്രിയിലായിരുന്നു. എന്‍റെ തല അപ്പോഴും പമ്പരം പോലെ തിരിഞ്ഞുകൊണ്ടിരുന്നു. എന്‍റെ ചുറ്റും അപരിചിതരായ ആരൊക്കേയോ ഉണ്ടായിരുന്നു

കുറച്ചു കൂടിക്കഴിഞ്ഞപ്പോള്‍ എനിക്ക് അല്‍പാല്‍പം വെളിച്ചം കിട്ടിത്തുടങ്ങി. അതുവരെ ഇരുണ്ട ഒരു ഗുഹയിലൂടെ യാത്ര ചെയ്യുകയായിരുന്നു ഞാന്‍. കാണാന്‍ അത്യാഗ്രഹമുള്ള ചില മുഖങ്ങളെ ഞാന്‍ എന്തി വലിഞ്ഞു നോക്കിക്കൊണ്ടിരുന്നു, എങ്കിലും ഒന്നും വ്യക്തമായില്ല. വെളിച്ചം പരന്നു തുടങ്ങിയപ്പോള്‍ എന്‍റെ സുഹൃത്തായ സാജനെ ഞാന്‍ കണ്ടു. സാജന്‍റെ ഒപ്പം ജോലി ചെയ്യുന്ന പാര്‍വതിയേയും ശാരദപ്രിയയേയും കണ്ടു. അവരുടെ സംരക്ഷണത്തില്‍ എന്നെ ഏല്‍പ്പിച്ച് പോവുകയാണെന്ന് സാജന്‍ പറഞ്ഞത് എനിക്ക് മനസ്സിലായി. അവരിരുവരും എന്നെ സ്വന്തം അമ്മയെ എന്ന പോലെ പരിചരിക്കുന്നതും ഞാനറിഞ്ഞു.

എം ആര്‍ ഐ സ്കാനിംഗിനു തയാറെടുക്കുമ്പോള്‍ ഞാന്‍ ബഹളം വെച്ചു, എന്തിനെന്നറിയാതെ. എന്‍റെ തല നേരെ നില്‍ക്കുന്നുണ്ടായിരുന്നില്ല. അപ്പോഴും അതാരുടേയോ കൈയില്‍ അതിവേഗതയോടെ തിരിയുന്ന പമ്പരമായിരുന്നു. എന്തുകൊണ്ട് എന്ന എന്‍റെ ചോദ്യത്തിനുത്തരമൊന്നും അന്നേരം കിട്ടിയതുമില്ല.

എന്‍റെ സുഹൃത്തുക്കള്‍ അനിതയും ദിലീപും വന്നു. ശൈലജയും അമ്മുവും വന്നു. എനിക്ക് ആശുപത്രിയില്‍ രാത്രി കൂട്ടുകിടക്കാന്‍ പച്ചക്കറി വില്‍ക്കുന്ന രമ സന്ധ്യയാകുമ്പോഴേക്കും വന്നുചേര്‍ന്നു . അതുകൊണ്ട് മറ്റു സുഹൃത്തുക്കള്‍ക്ക് ഒട്ടു സമാധാനമായി.

രാവിലെ പച്ചക്കറി വില്‍ക്കാന്‍ വന്ന രമ തന്നെയാണ് എന്‍റെ കിടപ്പ് പന്തിയല്ലെന്ന് കണ്ട് തുറന്നു കിടന്ന ജനലിലൂടെ കൈയിട്ട് മുന്‍വാതില്‍ തുറക്കുകയും അയല്‍പക്കക്കാരെ അറിയിച്ച് എന്നെ ആശുപത്രിയിലാക്കുകയും ചെയ്തത്. അതൊന്നും എനിക്കോര്‍മ്മിക്കാന്‍ കഴിയുന്നുണ്ടായിരുന്നില്ല.

എല്ലാ പ്രയാസങ്ങളുടേയും ഉത്തരം വൈകാതെ എനിക്ക് ലഭിച്ചു. രക്തസമ്മര്‍ദ്ദം അല്‍പം വര്‍ദ്ധിക്കുകയും ഹൃദയം അല്‍പം കൂടുതല്‍ പിണങ്ങുകയും ചെയ്തതായിരുന്നു .... എന്നെയും എന്‍റെ അവസാനമില്ലാത്ത ദുരിതങ്ങളേയും ഇങ്ങനെ താങ്ങാന്‍ വയ്യ എന്ന താക്കീത് ഹൃദയം ഒരിയ്ക്കല്‍ക്കൂടി എനിക്ക് തന്നു കഴിഞ്ഞിരിക്കുന്നു.

പ്രതിലിപി





പ്രതിലിപിയുടെ അറിയിപ്പനുസരിച്ച്‌ രണ്ട് ലക്ഷത്തിലധികം വായനക്കാർ എൻെറ രചനകൾ വായിച്ചു കഴിഞ്ഞിരിക്കുന്നു....

ഒത്തിരി സന്തോഷം....

                                     
https://malayalam.pratilipi.com/user/%E0%B4%8E%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%8D%E0%B4%AE%E0%B5%81%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BF-zqwkt3xu6g

Tuesday, September 4, 2018

തലയ്ക്ക് നല്ല സുഖമില്ലാതാകുമ്പോള്‍ ........

https://www.facebook.com/echmu.kutty/posts/875620182617277

കേരളത്തില്‍ ആകെ നാല്‍പതിനായിരം കാറുകള്‍ ഓടിയിരുന്ന കാലത്ത് അതിലൊരു കാര്‍ അച്ഛന്‍റെയായിരുന്നു. ആ കാറില്‍ ഒരിക്കലും അവകാശബോധത്തോടെ ഞങ്ങളിരുന്നിട്ടില്ല. വളരെ ചുരുക്കമായേ അതില്‍ കയറിയിട്ടുള്ളൂ. ഉള്ളപ്പോള്‍ തന്നെ അമ്മയും അച്ഛനും തമ്മില്‍ പ്രശ്നങ്ങളായിരുന്നിരിക്കും. വാക്കേറ്റങ്ങളും ഒടുവില്‍ അമ്മയ്ക്കും മക്കള്‍ക്കും അച്ഛന്‍റേയോ ആ കാറിന്‍റേയോ എന്തെങ്കിലുമാവാന്‍ യോഗ്യതയില്ലെന്ന കഠിന വിധിയും കേള്‍ക്കും. കരച്ചിലും സങ്കടവും വേദനയും വിങ്ങലുമായി യാത്രകള്‍ തീരും.

അന്നൊക്കെ വിചാരിക്കുമായിരുന്നു വലുതായിട്ട് നല്ല ജോലിയൊക്കെ ആയി ഒരു നല്ല കാര്‍ വാങ്ങി അച്ഛനെ അതിലിരുത്തി കൊണ്ടുപോവണമെന്ന് .. വഴക്കും പ്രശ്നങ്ങളുമൊന്നുമില്ലാതെ. ആ മധുരപ്രതികാരം ഒരിക്കലും വീട്ടാന്‍ സാധിച്ചില്ല. ജീവിതത്തില്‍ ഞങ്ങള്‍ മക്കള്‍ എന്തെങ്കിലും ആവും മുമ്പേ അച്ഛന്‍ പോയി.

അച്ഛന്‍റെ മക്കളില്‍ ആദ്യം സ്വന്തം പേരില്‍ കാറു വാങ്ങിയത് രണ്ടാമത്തെ മകളായ റാണിയാണ്. അതില്‍ സമാധാനത്തിലോ അവകാശബോധത്തിലോ ഗമയിലോ ഒന്നും കയറാന്‍ അമ്മയ്ക്കും സാധിച്ചില്ല. കാരണം കാറ് ദില്ലിയിലും അമ്മ കേരളത്തിലുമായിരുന്നു. മൂന്നാമത്തെ മകളായ ഭാഗ്യ കാറു വാങ്ങുമ്പോള്‍ അമ്മ നടക്കാന്‍ തന്നെ പ്രയാസപ്പെട്ടുകൊണ്ടിരുന്നു. അമ്മയെ വണ്ടിയിലിരുത്തി ഡ്രൈവ് ചെയ്തു പോകണമെന്ന അവളുടെ മോഹം ഒരിക്കലും പൂവണിഞ്ഞില്ല. ആ കാറിലും ഒരിക്കലും കയറാതെ തന്നെ അമ്മ യാത്രയായി.

അച്ഛന്‍റെ മുപ്പതുകൊല്ലം പഴക്കമുള്ള മാരുതി കാര്‍ എന്‍റെ കൂട്ടുകാരന്‍ ഓടിക്കുന്നുണ്ട്. ഏങ്ങിയും വലിച്ചും കരഞ്ഞും അത് ഓടും. 'നമുക്ക് അമ്മ ഉള്ളപ്പോള്‍ ആ കാറു മാറ്റേണ്ട' എന്നായിരുന്നു ഞങ്ങളുടെ തീരുമാനം. അമ്മ പോയെങ്കിലും കാറു മാറ്റേണ്ട എന്നാണിപ്പോള്‍ .....

അതിനു ചില കാരണങ്ങളുണ്ട്.

മാറ്റിസ് കാര്‍ വന്ന കാലത്ത് അതിന്‍റെ ടോയ് മോഡല്‍ വാങ്ങി സമ്മാനിച്ച് എന്‍റെ കാര്‍ അത്യാഗ്രഹത്തെ സാധിപ്പിച്ചു തരുമ്പോള്‍ ദില്ലിയിലെ വാഹനത്തിരക്കായിരുന്നു ന്യായമായി അവതരിപ്പിച്ചത്. ( സാമര്‍ഥ്യം അന്നേ ലേശം അധികമാണ്. )

'ഒത്തിരി യാത്ര ചെയ്യുന്നതല്ലേ , ഭേദപ്പെട്ട ഒരു കാര്‍ വാങ്ങിയാല്‍ നഷ്ടമൊന്നുമില്ല' എന്ന എന്‍റെ നിര്‍ദ്ദേശത്തിനു ഉടനെ ഉത്തരം കിട്ടി.

'ഓ! ഈ കാറു മതി. അതിനു കുഴപ്പമൊന്നുമില്ല. അത് നന്നായി ഓടുന്നുണ്ട്. ' അവിശ്വാസം സ്ഫുരിക്കുന്ന എന്‍റെ മുഖത്തേക്ക് അടുത്ത വാചകം ഇങ്ങനെ വന്നു വീണു. 'എനിക്ക് തലയ്ക്ക് നല്ല സുഖമില്ലാതാകുമ്പോള്‍ കാറു മാറ്റി വാങ്ങാം.'

ചര്‍ച്ചകള്‍ ഇമ്മാതിരി അവസാനിപ്പിക്കാന്‍ എല്ലാവര്‍ക്കും കഴിയുമോ? ഇല്ലെന്നാണ് എന്‍റെ വിശ്വാസം. ഇനി കാര്‍ മാറ്റുന്നതിനെക്കുറിച്ച് ഈ ജന്മത്തില്‍ ഞാന്‍ സംസാരിക്കുകയേയില്ല......

എന്തൊരു മിടുക്ക് ... അല്ലേ?
------------------------------------------
അസ്ഥാനത്തും അനാവശ്യമായും ഒന്നും ചെയ്യാന്‍ പാടില്ല. ഏതൊരു കാര്യവും അത്രമേല്‍ അത്യാവശ്യമാണെങ്കിലേ ചെയ്യാവൂ എന്നാണ് ഗുരുനാഥനായ ലാറിബേക്കര്‍ എന്‍റെ കൂട്ടുകാരനെ പഠിപ്പിച്ചിട്ടുള്ളത്. അങ്ങനെ മാത്രമേ ജീവിക്കാന്‍ പാടുള്ളൂ. അനാവശ്യമായി ചെയ്യുന്ന ഏതൊരു കാര്യവും അന്യരോടുള്ള പരിഗണനക്കുറവാണ്. പ്രകൃതിയോടുള്ള അധികപ്രസംഗമാണ്.... അതുകൊണ്ടു തന്നെ ചൂഷണമെന്ന ക്രിമിനല്‍ കുറ്റമാണ്.

യഥാര്‍ത്ഥ ഫെമിനിസ്റ്റ്....

https://www.facebook.com/echmu.kutty/posts/871803106332318
ഫെമിനിസം പുരുഷവിരോധമാണെന്ന്‍ പുരുഷന്മാര്‍ തന്നെ പ്രചരിപ്പിച്ചതാണ്. ജന്മം കൊണ്ട് മാത്രം പുരുഷനു കിട്ടുന്ന കുറെ പ്രിവിലേജെസ് ഉണ്ട്. അത് ചൂണ്ടിക്കാണിക്കുമ്പോള്‍, അതിനു നേരിയ ഇളക്കം വരുമെന്ന് തോന്നുമ്പോള്‍ ഫെമിനിസം എന്ന സമത്വത്തിന്റെ ആശയങ്ങളെ പൊതുസമൂഹം എതിര്‍ക്കും കളിയാക്കും. സമത്വം എന്ന ആശയത്തില്‍ വിശ്വസിക്കുന്ന ആണിനും പെണ്ണിനും ട്രാന്‍സ്ജെന്റെഴ്സിനും ഒക്കെ ഫെമിനിസ്റ്റ് ആയെ തീരു. ചൂഷണത്തെ അനുകൂലിക്കാത്തവര്‍ക്കെല്ലാം ഫെമിനിസ്റ്റ് ആയെ തീരു. പെണ്ണിനു പ്രശ്നം വരുമ്പോള്‍ പെണ്ണുതന്നെ വന്ന്‍ സഹായിക്കണം എന്ന നിയമമൊന്നുമില്ല. ആ പ്രശ്നത്തിന്റെ ആഴവും വേദനയും മനസ്സിലാക്കുന്ന ഏതൊരാള്‍ക്കും സഹായിക്കാം.

 

https://www.facebook.com/echmu.kutty/posts/870220686490560

ഫെമിനിസ്റ്റ് ‍‍.... ഫെമിനിച്ചി

പെണ്ണെന്ന നിലയില്‍ മാനസികമായും ശാരീരികമായും ആത്മീയമായും സാമ്പത്തികമായും ചൂഷണം ചെയ്യപ്പെട്ടിട്ടുണ്ട്.മുഖമടച്ചുള്ള അടിയില്‍ വായില്‍ നിന്ന് ചോര പൂക്കുറ്റി പോലെ തെറിച്ചിട്ടുണ്ട്. കേട്ടാലറയ്ക്കുന്ന തെറിവിളികളാല്‍ ചെവി കല്ലിച്ചിട്ടുണ്ട്. പെറ്റിട്ട കുഞ്ഞിനെ വളര്‍ത്താന്‍ ധനവും സല്‍സ്വഭാവവും ഇല്ലെന്ന വിധി കേട്ടിട്ടുണ്ട്. ഇപ്പോഴും അതി തീവ്രമായ ഒരു ചൂഷണത്തിന്‍റെ തീത്തൊട്ടിയില്‍ തന്നെയാണ് കാലമര്‍ത്തിയിട്ടുള്ളത്. തീയാളിപ്പടരാതിരിക്കാന്‍ ആവുന്നത്ര പൊരുതുന്നുണ്ട്.

ഇതിനെല്ലാം ഒറ്റക്കാരണമേയുള്ളൂ... പെണ്മ.

സമത്വമെന്ന ആശയം പ്രാണനേക്കാള്‍ വിലപിടിപ്പുള്ളതാണെന്ന് പൊള്ളിപ്പിടഞ്ഞുകൊണ്ട് മനസ്സിലായതങ്ങനെയാണ്. . .

അതുകൊണ്ട് ഞാന്‍ ഒരു ഫെമിനിസ്റ്റാണ്... ഫെമിനിച്ചിയാണ്.

സ്കൂള്‍ കുട്ടികള്‍ക്കൊപ്പം ഒരു ക്രിസ്തുമസ്സ് പകല്‍


https://www.facebook.com/echmu.kutty/posts/867317716780857

(ഒന്ന്)

ഇക്കഴിഞ്ഞ ക്രിസ്തുമസ്സ് പുലരിയില്‍ ഉണര്‍ന്നെണീക്കുമ്പോഴെ എന്‍റെ കണ്ണുകള്‍ പെയ്യുന്നുണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷം 2016 ലെ ക്രിസ്തുമസ്സ് ദിനത്തിലാണ് ഞങ്ങളുടെ അമ്മ മരിച്ചു പോയത്. എത്ര വേഗം ഒരു വര്‍ഷം കടന്നു പോയി എന്നോര്‍ക്കുമ്പോഴും അമ്മയില്ലാക്കുട്ടിയുടെ ഏങ്ങല്‍ ഇന്നും എന്‍റെ നെഞ്ചിനെ കഠിനമായി നോവിക്കുന്നുണ്ട്.

അതിരാവിലെ തിരുവനന്തപുരത്ത് നിന്ന് കൊടുങ്ങല്ലൂരിനടുത്തുള്ള എസ് എന്‍ പുരം എന്ന സ്ഥലത്തേക്ക് ബസ് കയറുമ്പോള്‍ ചുറ്റുവട്ടത്തുള്ള പള്ളികളെല്ലാം ഗംഭീരമായി അലങ്കരിക്കപ്പെട്ടിരിക്കുന്നത് ഞാന്‍ കാണാതിരുന്നില്ല. ഉണ്ണീശോ പിറന്നതിന്‍റെ ആഹ്ലാദം ആലക്തികദീപങ്ങളുടെ മാസ്മരപ്രഭയില്‍ വീഥികളെ സ്വര്‍ഗ്ഗസമാനമാക്കി.

ബസ്സില്‍ തിരക്കു കുറവായിരുന്നു, സൌകര്യമായി സീറ്റും ലഭിച്ചു. എത്ര നിയന്ത്രിച്ചിട്ടും എനിക്ക് കരയണമെന്ന് തന്നെ തോന്നുകയായിരുന്നു. എന്തിനാണ് നീ പിറന്ന ഈ ദിവസം ഞങ്ങള്‍ക്ക് അമ്മയില്ലാതാക്കിയതെന്ന് ഞാന്‍ ക്രിസ്തുവിനോട് ചോദിച്ചു. ഞാന്‍ ഇങ്ങനെ ഒരുപാട് ചോദ്യങ്ങള്‍ ചോദിക്കുന്നതു പതിവായതുകൊണ്ടാവാം ക്രിസ്തുവോ കൃഷ്ണനോ ആരും മറുപടി ഒന്നും പറയാറില്ല.

അമ്മീമ്മയുടെ വീട്ടില്‍ സ്ഥിരതാമസക്കാരായിരുന്നു ഗുരുവായൂരപ്പനും പരമശിവനും. അവരും ഒന്നും പറയാറില്ല. അയല്‍പ്പക്കങ്ങളിലൊക്കെ കല്യാണങ്ങള്‍ ഉണ്ടാവുമ്പോള്‍ ഞങ്ങളെ ആരും ക്ഷണിക്കുകയില്ലായിരുന്നു. അമ്മയുടെയും അച്ഛന്‍റെയും ജാതി മാറിയുള്ള കല്യാണം കൊണ്ട് ഭ്രഷ്ടരായിട്ടാണ് ഞങ്ങള്‍ വളര്‍ന്നത്. ഞങ്ങളെ വളര്‍ത്തുന്നുവെന്ന കുറ്റം കൊണ്ട് അമ്മീമ്മയ്ക്കും ഭ്രഷ്ട് ആയിരുന്നു.

കല്യാണം വിളിച്ചില്ലെങ്കിലും വേലിയിറമ്പില്‍ പോയി നിന്ന് കൊട്ടുമേളവുമായി പോകുന്ന കല്യാണഘോഷയാത്രകള്‍ ഞങ്ങള്‍ കാണാറുണ്ട്. അപ്പോള്‍ അതില്‍ നിന്ന് ഏതെങ്കിലും ഒരു കുട്ടി പതുക്കെ അടുത്തു വന്ന് നിന്ന് പറയും. 'ഇങ്ങനെ നോക്കീട്ട് ഒരു കാര്യോമില്ല. നിങ്ങളു മൂന്നാളേം ആരും കല്യാണം കഴിക്കില്ല. നിങ്ങക്ക് ജാതില്ലലോ..പിന്നെ ആരാ കല്യാണം കഴിക്കാ ' എന്നിട്ട് പിന്നിലായിപ്പോയോ എന്ന ശങ്കയോടെ കൊട്ടുമേള ഘോഷയാത്രയ്ക്കൊപ്പം എത്താനായി ഓടും. പിന്നെ പിറ്റേന്ന് സ്കൂളില്‍ വന്ന് കല്യാണസദ്യ, പലഹാരങ്ങള്‍ , അലങ്കാരം, പുതുവസ്ത്രങ്ങളുടെ നിറം തരം ഇതൊക്കെ വിശദീകരിച്ചുപറഞ്ഞ് വലിയ ആളാവും.

എനിക്കും അനിയത്തി റാണിക്കും ഇതൊരു വല്ലാത്ത മന:ശല്യമായിമാറി. ഒടുവില്‍ അമ്മീമ്മയോട് ഞങ്ങളെ ആരു കല്യാണം കഴിക്കുമെന്ന് ചോദിച്ച് കൃത്യമായ ഉത്തരം മേടിക്കാന്‍ തന്നെ തീര്‍ച്ചപ്പെടുത്തി.

അമ്മീമ്മ ഒരു പരിഭ്രമവുമില്ലാതെ തികഞ്ഞ ആത്മവിശ്വാസത്തോടേ പറഞ്ഞു. സ്വാമി വന്ത് കല്യാണം പണ്ണിപ്പാര്‍ ( ദൈവം വന്ന് കല്യാണം കഴിക്കുമെന്ന് )

ഏറ്റവും ചെറിയ അനിയത്തി അവള്‍ക്കു ചേര്‍ന്ന ദൈവഭര്‍ത്താവിനെ ഞൊടിയിടയില്‍ കണ്ടുപിടിച്ചു. ഗണപതി. ആള്‍ കല്യാണം കഴിച്ചിട്ടില്ല. അവളെപ്പോലെ ഭക്ഷണക്കാര്യത്തിലും കേമന്‍. അവളെപ്പോലെ തന്നെ ലേശം തടിച്ചുരുണ്ട് കുഞ്ഞിക്കുടവയറും ഒക്കെയായി ആകെപ്പാടെ രണ്ടുപേരും തമ്മില്‍ നല്ല ചേര്‍ച്ചയുമുണ്ട്.

എഗ്രീഡ് എന്ന് ഞങ്ങള്‍ രണ്ട് ചേച്ചിമാര്‍ തല കുലുക്കി സമ്മതിച്ചു.

ബാക്കി ദൈവങ്ങള്‍ ഒക്കെ രണ്ടും മൂന്നും എന്നൊന്നുമല്ല കണക്കില്ലാത്തത്രയും കല്യാണമാണ് കഴിച്ചിട്ടുള്ളത്. കൃഷ്ണനെ ഒന്നു കാണണമെങ്കില്‍ വര്‍ഷങ്ങള്‍ കാത്തിരിക്കണം. ശിവനു നിലവില്‍ രണ്ട് ഭാര്യമാരുണ്ട്. അങ്ങനെ ഒഴിവുള്ളവര്‍ ഒന്നുമില്ലെന്ന് നോക്കി നോക്കിയാണ് യേശുക്രിസ്തുവിലേക്ക് ഞങ്ങള്‍ എത്തിയത്. ആള്‍ കല്യാണം കഴിച്ചിട്ടില്ല. റാണിയേക്കാള്‍ മുതിര്‍ന്നവള്‍ ഞാന്‍ ആയതുകൊണ്ട് യേശുക്രിസ്തുവിനെ ഞാന്‍ തന്നെ കല്യാണം കഴിച്ചോളൂ എന്നവള്‍ എന്നെ അനുവദിച്ചു. യേശുവിന്‍റെ ചെമ്പന്‍ താടിയിലും തലമുടിയിലും വെന്തവെളിച്ചെണ്ണയില്‍ മയിലാഞ്ചിയും നെല്ലിയ്ക്കയും അരച്ചതും കൂട്ടിത്തേച്ച് കറുപ്പിക്കാമെന്നു വരെ അങ്ങനെ ഞങ്ങള്‍ പ്ലാന്‍ ചെയ്തതാണ്.

ക്രിസ്തുമസ്സ് പുലരിയില്‍ എന്നെ, ഞങ്ങളെ അമ്മയില്ലാക്കുട്ടികളാക്കിയതെന്ത് എന്ന് ക്രിസ്തുവിനോട് പലവട്ടം ചോദിക്കുമ്പോള്‍ ഞാന്‍ ഈ ബാല്യത്തേയും ഓര്‍ത്തു.

തണുത്ത കാറ്റിലും ബസ്സിന്‍റെ ഏകതാനമായ ഓട്ടത്തിലും പിന്നെ കരഞ്ഞതുകൊണ്ടുമായിരിക്കണം ഞാനുറങ്ങിപ്പോയി. അപ്പോഴാണ് യേശു എന്‍റെ അടുത്തു വന്നിരുന്നത്. എന്നെ തോളിലേക്ക് ചേര്‍ത്തു പിടിച്ചത്. ആ മിനുസമുള്ള മുടിയിഴകളും താടിരോമങ്ങളും എന്നെ സ്പര്‍ശിച്ചത്. ഞങ്ങളുടെ വീടിനെ സ്വന്തം വീടായി കരുതുന്നുവെന്നും ആവശ്യങ്ങളില്‍ സഹായവും സങ്കടങ്ങളില്‍ സാന്ത്വനവും നല്‍കിക്കൊള്ളാമെന്നും അല്‍പം പോലും ദുഖിക്കരുതെന്നും യേശു എന്നോട് കാരുണ്യത്തോടെ മന്ത്രിച്ചു.

അത്രമേല്‍ സുരക്ഷിതമായി സ്വയം മറന്ന് അടുത്ത കാലത്തൊന്നും ഞാനുറങ്ങിയിട്ടില്ല. അതുകൊണ്ട് അത് യേശു തന്നെയാണെന്ന് കരുതാനാണ് എനിക്കിഷ്ടം. തന്നെയുമല്ല എന്‍റെ യേശുവിന് വെന്തവെളിച്ചെണ്ണയുടെയും മയിലാഞ്ചിയുടെയും സുഖകരമായ സുഗന്ധമുണ്ടായിരുന്നു. കരുത്തുറ്റതെങ്കിലും മൃദുലമായ കൈപ്പടങ്ങളുമുണ്ടായിരുന്നു.
                                                        

(രണ്ട്)

എസ് എന്‍ പുരം എം ഇ എസ് ഹയര്‍ സെക്കന്‍ ഡറി സ്കൂളിലെ നാഷണല്‍ സര്‍വീസ് സ്കീം യൂണിറ്റിന്‍റെ സപ്തദിന സഹവാസക്യാമ്പ് വേക്കോട് ഗവണ്മെന്‍റ് ഫിഷറീസ് സ്കൂളിലായിരുന്നു സംഘടിപ്പിച്ചിരുന്നത്. പ്രോഗ്രാം ഓഫീസറായ ശ്രീമതി എം എന്‍ ശ്രീവിദ്യയാണ് എന്നെ ക്ഷണിച്ചത്. ലിംഗസമത്വം എന്ന വിഷയത്തെപ്പറ്റി കുട്ടികളുമായി സംവദിക്കുകയായിരുന്നു ഞാന്‍ ചെയ്യേണ്ടിയിരുന്നത്.

പതിനാറു പതിനേഴു വയസ്സുള്ള അമ്പതോളം കുട്ടികള്‍ . അവര്‍ക്കു മുന്നില്‍ ചെന്നപ്പോള്‍ എനിക്ക് നല്ല ആഹ്ലാദമനുഭവപ്പെട്ടു. കൌമാരത്തിന്‍റെ താളവും സുഗന്ധവും നന്മയും അവരിലുണ്ടായിരുന്നു.

ആദ്യമാദ്യം കുട്ടികള്‍ നിശ്ശബ്ദരായിരുന്നെങ്കിലും പിന്നീട് അവര്‍ തുറന്നിടപഴകാന്‍ തുടങ്ങി. കുട്ടികള്‍ക്ക് നല്ല നിരീക്ഷണവും കാര്യങ്ങളെക്കുറിച്ച് കുറെയൊക്കെ വ്യക്തമായ നിലപാടും ഉണ്ടെന്ന് എനിക്ക് വേഗം തന്നെ മനസ്സിലായി.

ഒരു മിടുക്കന്‍ പറഞ്ഞു.' അഞ്ചു വയസ്സായ പെണ്‍കുട്ടി അല്ലെങ്കില്‍ എട്ടു വയസ്സായ പെണ്‍കുട്ടി മുന്‍ വരിയിലെ പാല്‍പ്പല്ല് പോയി പുതിയ പല്ല് വന്നിട്ടേ ഉണ്ടാവൂ. അതിനോട് എല്ലാവരും പറയും കെട്ടിക്കാറായി എന്ന്. എനിക്കിത് കേള്‍ക്കുന്നതേ കലിയാണ്. ഈ കെട്ടിക്കാറാവലല്ലാതെ ബാക്കി ഒരു പണിയുമില്ലേ അതിന് ഈ ഭൂമിയില്‍ ചെയ്യാന്‍... അതിനു പഠിക്കേണ്ടേ .. വിവരം വെക്കേണ്ടേ.. ശരിക്കും വലുതാവണ്ടേ... ജോലി വേണ്ടേ ഈ വക പറച്ചിലുകളൊന്നുമില്ല. കെട്ടിക്കാറാവലാണ് ആദ്യം. ഞാന്‍ ജീവിതത്തില്‍ ഒരിക്കലും ഒരു പെണ്‍ കുട്ടിയോടും ഇങ്ങനെ പറയില്ല' എന്നവന്‍ നിറുത്തിയപ്പോള്‍ പെണ്‍കുട്ടികള്‍ കയ്യടിച്ചു ശരിവെച്ചു.

അവന്‍ തുടര്‍ന്നു. വീട്ടില്‍ ആണ്‍കുട്ടി മുതിര്‍ന്ന് ജോലിയായി പന പോലെ വലുതായാലും കെട്ടിക്കാറായി എന്ന് പറയുകയേ ഇല്ല. പെണ്‍കുട്ടികളോടാണ് ഇത്തരം പറച്ചിലുകള്‍. മുതിര്‍ന്നവര്‍ക്ക് വിവരക്കേട് കുറെഏറെയുണ്ട്...

അപ്പോള്‍ എല്ലാവരും പൊട്ടിച്ചിരിച്ചു.

വീട്ടുപണികള്‍ നിര്‍ബന്ധമായി ചെയ്യിപ്പിക്കുമെന്ന് പെണ്‍കുട്ടികള്‍ എല്ലാവരും പറഞ്ഞു. അത് ഒരു ഹോബി പോലെയോ ഇഷ്ടമുണ്ടെങ്കില്‍ ചെയ്തോ എന്ന മട്ടിലോ ഒന്നുമല്ല. ചുമതല പോലെയാണ്. ഒരു വീട്ടിലെ എല്ലാ ജോലിയും ചെയ്യാനറിയാമെന്ന് അവര്‍ ഒന്നിച്ചു സമ്മതിച്ചു. കാരണം അന്യവീട്ടില്‍ പോയി പാര്‍ക്കണം... വേറേ വീട്ടില്‍ ചെന്ന് ജീവിക്കണ്ടതാണ് ഈ പല്ലവി കേട്ട് കേട്ട് അന്യവീട്ടിലെ താമസം കേമമായിക്കോട്ടേ എന്ന് കരുതി എല്ലാ പണിയും ചെയ്തു പഠിക്കുകയാണ്. ചിലപ്പോഴൊക്കെ വലിയ സങ്കടം വരും. ജനിച്ചു വളരുന്നത് സ്വന്തം വീട്ടിലല്ല... ഇതുവരെ കാണാത്ത ഏതോ വീട്ടില്‍ ചെന്ന് പണിയെടുക്കാനുള്ള ട്രെയിനിംഗ് കിട്ടുന്ന ഒരു ഹോസ്റ്റലിലാണ്... അച്ഛനുമമ്മയും ഹോസ്റ്റല്‍ വര്‍ഡന്മാര്‍...

അന്യവീട്ടില്‍ ചെന്ന് പാര്‍ക്കുക എന്ന സങ്കല്‍പത്തില്‍ വളരുന്നത് യാതനാപൂര്‍ണമാണെന്ന് ആണ്‍കുട്ടികള്‍ തുറന്നു സമ്മതിച്ചു. അവര്‍ക്ക് അത് ഓര്‍ക്കാന്‍ പോലും വയ്യ. അന്യവീട്ടിലെ ആരെങ്കിലുമായി ചേര്‍ന്ന് പോകുന്നതേ ബുദ്ധിമുട്ടാണ് ... പിന്നല്ലേ അവിടെ പോയി പാര്‍ക്കുന്നത്. പെണ്‍കുട്ടികള്‍ക്ക് സ്വന്തം വീട് വിട്ട് ഭര്‍ത്താവിന്‍റെ വീട്ടീല്‍ പോയി നില്‍ക്കുന്നത് നാണക്കേടല്ല, അഭിമാനമാണെന്നുണ്ടെങ്കില്‍ ആണ്‍ കുട്ടികള്‍ക്ക് ഇനിയുള്ള കാലത്ത് ഭാര്യ വീട്ടില്‍ താമസിക്കുന്നതും അഭിമാനമായിത്തന്നെ മാറണമെന്ന് പെണ്‍കുട്ടികള്‍ ശബ്ദമുയര്‍ത്തി.

തുല്യജോലിക്ക് തുല്യവേതനം എന്ന കാര്യം അടിയന്തിരമായി തന്നെ നടപ്പിലാക്കപ്പെടണമെന്ന് ആണ്‍ കുട്ടികളാണ് വാദിച്ചത്. കെട്ടിട നിര്‍മ്മാണമേഖലയിലെ ഈ ചുഷണത്തെക്കുറിച്ച് കുട്ടികള്‍ പരക്കെ ബോധ്യമുള്ളവരായിരുന്നു.

ഫാഷനും അഴകളവുകളും ഒന്നുമല്ല നല്ല ആരോഗ്യമുള്ള ശരീരമാണ് പെണ്‍കുട്ടികള്‍ക്ക് വേണ്ടതെന്ന് അഭിപ്രായപ്പെട്ടതും ഒരു കൊച്ചു മിടുക്കനാണ്. ഇങ്ങോട്ട് നല്ല തട്ട് കിട്ടുമെന്ന കായികക്ഷമതയുള്ളവരോട് എല്ലാവരും സൂക്ഷിച്ചേ കൈയുയര്‍ത്തു എന്നവന്‍ തീര്‍ത്തു പറഞ്ഞു. ആരോഗ്യമുള്ള ശരീരത്തിന് ശരിയായ ഭക്ഷണവും വ്യായാമവും നിര്‍ബന്ധമാണെന്നും കുട്ടികള്‍ക്കറിവുണ്ട് . വീടുകളില്‍ ആണ്‍കുട്ടികളെക്കൊണ്ട് അധികം അങ്ങനെ ജോലിയെടുപ്പിക്കാറില്ലെങ്കിലും ഭക്ഷണകാര്യത്തില്‍ വേര്‍തിരിവ് ഒന്നുമില്ലെന്ന് പെണ്‍ കുട്ടികള്‍ സമ്മതിച്ചു.

രണ്ടു മണിക്കൂറിലധികം സമയം അവരോടിടപഴകി പുറത്തേക്ക് വരുമ്പോള്‍ ഭാവിയില്‍ പ്രകാശമുണ്ടെന്നാണ് എനിക്കു തോന്നിയത്... കുഞ്ഞുങ്ങള്‍ക്കല്ല നമ്മള്‍ മുതിര്‍ന്നവര്‍ക്കാണ് വിവരക്കേട്. ... അതാണ് അടിയന്തിരമായി മാറ്റേണ്ടതും.