Tuesday, September 4, 2018

സ്കൂള്‍ കുട്ടികള്‍ക്കൊപ്പം ഒരു ക്രിസ്തുമസ്സ് പകല്‍


https://www.facebook.com/echmu.kutty/posts/867317716780857

(ഒന്ന്)

ഇക്കഴിഞ്ഞ ക്രിസ്തുമസ്സ് പുലരിയില്‍ ഉണര്‍ന്നെണീക്കുമ്പോഴെ എന്‍റെ കണ്ണുകള്‍ പെയ്യുന്നുണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷം 2016 ലെ ക്രിസ്തുമസ്സ് ദിനത്തിലാണ് ഞങ്ങളുടെ അമ്മ മരിച്ചു പോയത്. എത്ര വേഗം ഒരു വര്‍ഷം കടന്നു പോയി എന്നോര്‍ക്കുമ്പോഴും അമ്മയില്ലാക്കുട്ടിയുടെ ഏങ്ങല്‍ ഇന്നും എന്‍റെ നെഞ്ചിനെ കഠിനമായി നോവിക്കുന്നുണ്ട്.

അതിരാവിലെ തിരുവനന്തപുരത്ത് നിന്ന് കൊടുങ്ങല്ലൂരിനടുത്തുള്ള എസ് എന്‍ പുരം എന്ന സ്ഥലത്തേക്ക് ബസ് കയറുമ്പോള്‍ ചുറ്റുവട്ടത്തുള്ള പള്ളികളെല്ലാം ഗംഭീരമായി അലങ്കരിക്കപ്പെട്ടിരിക്കുന്നത് ഞാന്‍ കാണാതിരുന്നില്ല. ഉണ്ണീശോ പിറന്നതിന്‍റെ ആഹ്ലാദം ആലക്തികദീപങ്ങളുടെ മാസ്മരപ്രഭയില്‍ വീഥികളെ സ്വര്‍ഗ്ഗസമാനമാക്കി.

ബസ്സില്‍ തിരക്കു കുറവായിരുന്നു, സൌകര്യമായി സീറ്റും ലഭിച്ചു. എത്ര നിയന്ത്രിച്ചിട്ടും എനിക്ക് കരയണമെന്ന് തന്നെ തോന്നുകയായിരുന്നു. എന്തിനാണ് നീ പിറന്ന ഈ ദിവസം ഞങ്ങള്‍ക്ക് അമ്മയില്ലാതാക്കിയതെന്ന് ഞാന്‍ ക്രിസ്തുവിനോട് ചോദിച്ചു. ഞാന്‍ ഇങ്ങനെ ഒരുപാട് ചോദ്യങ്ങള്‍ ചോദിക്കുന്നതു പതിവായതുകൊണ്ടാവാം ക്രിസ്തുവോ കൃഷ്ണനോ ആരും മറുപടി ഒന്നും പറയാറില്ല.

അമ്മീമ്മയുടെ വീട്ടില്‍ സ്ഥിരതാമസക്കാരായിരുന്നു ഗുരുവായൂരപ്പനും പരമശിവനും. അവരും ഒന്നും പറയാറില്ല. അയല്‍പ്പക്കങ്ങളിലൊക്കെ കല്യാണങ്ങള്‍ ഉണ്ടാവുമ്പോള്‍ ഞങ്ങളെ ആരും ക്ഷണിക്കുകയില്ലായിരുന്നു. അമ്മയുടെയും അച്ഛന്‍റെയും ജാതി മാറിയുള്ള കല്യാണം കൊണ്ട് ഭ്രഷ്ടരായിട്ടാണ് ഞങ്ങള്‍ വളര്‍ന്നത്. ഞങ്ങളെ വളര്‍ത്തുന്നുവെന്ന കുറ്റം കൊണ്ട് അമ്മീമ്മയ്ക്കും ഭ്രഷ്ട് ആയിരുന്നു.

കല്യാണം വിളിച്ചില്ലെങ്കിലും വേലിയിറമ്പില്‍ പോയി നിന്ന് കൊട്ടുമേളവുമായി പോകുന്ന കല്യാണഘോഷയാത്രകള്‍ ഞങ്ങള്‍ കാണാറുണ്ട്. അപ്പോള്‍ അതില്‍ നിന്ന് ഏതെങ്കിലും ഒരു കുട്ടി പതുക്കെ അടുത്തു വന്ന് നിന്ന് പറയും. 'ഇങ്ങനെ നോക്കീട്ട് ഒരു കാര്യോമില്ല. നിങ്ങളു മൂന്നാളേം ആരും കല്യാണം കഴിക്കില്ല. നിങ്ങക്ക് ജാതില്ലലോ..പിന്നെ ആരാ കല്യാണം കഴിക്കാ ' എന്നിട്ട് പിന്നിലായിപ്പോയോ എന്ന ശങ്കയോടെ കൊട്ടുമേള ഘോഷയാത്രയ്ക്കൊപ്പം എത്താനായി ഓടും. പിന്നെ പിറ്റേന്ന് സ്കൂളില്‍ വന്ന് കല്യാണസദ്യ, പലഹാരങ്ങള്‍ , അലങ്കാരം, പുതുവസ്ത്രങ്ങളുടെ നിറം തരം ഇതൊക്കെ വിശദീകരിച്ചുപറഞ്ഞ് വലിയ ആളാവും.

എനിക്കും അനിയത്തി റാണിക്കും ഇതൊരു വല്ലാത്ത മന:ശല്യമായിമാറി. ഒടുവില്‍ അമ്മീമ്മയോട് ഞങ്ങളെ ആരു കല്യാണം കഴിക്കുമെന്ന് ചോദിച്ച് കൃത്യമായ ഉത്തരം മേടിക്കാന്‍ തന്നെ തീര്‍ച്ചപ്പെടുത്തി.

അമ്മീമ്മ ഒരു പരിഭ്രമവുമില്ലാതെ തികഞ്ഞ ആത്മവിശ്വാസത്തോടേ പറഞ്ഞു. സ്വാമി വന്ത് കല്യാണം പണ്ണിപ്പാര്‍ ( ദൈവം വന്ന് കല്യാണം കഴിക്കുമെന്ന് )

ഏറ്റവും ചെറിയ അനിയത്തി അവള്‍ക്കു ചേര്‍ന്ന ദൈവഭര്‍ത്താവിനെ ഞൊടിയിടയില്‍ കണ്ടുപിടിച്ചു. ഗണപതി. ആള്‍ കല്യാണം കഴിച്ചിട്ടില്ല. അവളെപ്പോലെ ഭക്ഷണക്കാര്യത്തിലും കേമന്‍. അവളെപ്പോലെ തന്നെ ലേശം തടിച്ചുരുണ്ട് കുഞ്ഞിക്കുടവയറും ഒക്കെയായി ആകെപ്പാടെ രണ്ടുപേരും തമ്മില്‍ നല്ല ചേര്‍ച്ചയുമുണ്ട്.

എഗ്രീഡ് എന്ന് ഞങ്ങള്‍ രണ്ട് ചേച്ചിമാര്‍ തല കുലുക്കി സമ്മതിച്ചു.

ബാക്കി ദൈവങ്ങള്‍ ഒക്കെ രണ്ടും മൂന്നും എന്നൊന്നുമല്ല കണക്കില്ലാത്തത്രയും കല്യാണമാണ് കഴിച്ചിട്ടുള്ളത്. കൃഷ്ണനെ ഒന്നു കാണണമെങ്കില്‍ വര്‍ഷങ്ങള്‍ കാത്തിരിക്കണം. ശിവനു നിലവില്‍ രണ്ട് ഭാര്യമാരുണ്ട്. അങ്ങനെ ഒഴിവുള്ളവര്‍ ഒന്നുമില്ലെന്ന് നോക്കി നോക്കിയാണ് യേശുക്രിസ്തുവിലേക്ക് ഞങ്ങള്‍ എത്തിയത്. ആള്‍ കല്യാണം കഴിച്ചിട്ടില്ല. റാണിയേക്കാള്‍ മുതിര്‍ന്നവള്‍ ഞാന്‍ ആയതുകൊണ്ട് യേശുക്രിസ്തുവിനെ ഞാന്‍ തന്നെ കല്യാണം കഴിച്ചോളൂ എന്നവള്‍ എന്നെ അനുവദിച്ചു. യേശുവിന്‍റെ ചെമ്പന്‍ താടിയിലും തലമുടിയിലും വെന്തവെളിച്ചെണ്ണയില്‍ മയിലാഞ്ചിയും നെല്ലിയ്ക്കയും അരച്ചതും കൂട്ടിത്തേച്ച് കറുപ്പിക്കാമെന്നു വരെ അങ്ങനെ ഞങ്ങള്‍ പ്ലാന്‍ ചെയ്തതാണ്.

ക്രിസ്തുമസ്സ് പുലരിയില്‍ എന്നെ, ഞങ്ങളെ അമ്മയില്ലാക്കുട്ടികളാക്കിയതെന്ത് എന്ന് ക്രിസ്തുവിനോട് പലവട്ടം ചോദിക്കുമ്പോള്‍ ഞാന്‍ ഈ ബാല്യത്തേയും ഓര്‍ത്തു.

തണുത്ത കാറ്റിലും ബസ്സിന്‍റെ ഏകതാനമായ ഓട്ടത്തിലും പിന്നെ കരഞ്ഞതുകൊണ്ടുമായിരിക്കണം ഞാനുറങ്ങിപ്പോയി. അപ്പോഴാണ് യേശു എന്‍റെ അടുത്തു വന്നിരുന്നത്. എന്നെ തോളിലേക്ക് ചേര്‍ത്തു പിടിച്ചത്. ആ മിനുസമുള്ള മുടിയിഴകളും താടിരോമങ്ങളും എന്നെ സ്പര്‍ശിച്ചത്. ഞങ്ങളുടെ വീടിനെ സ്വന്തം വീടായി കരുതുന്നുവെന്നും ആവശ്യങ്ങളില്‍ സഹായവും സങ്കടങ്ങളില്‍ സാന്ത്വനവും നല്‍കിക്കൊള്ളാമെന്നും അല്‍പം പോലും ദുഖിക്കരുതെന്നും യേശു എന്നോട് കാരുണ്യത്തോടെ മന്ത്രിച്ചു.

അത്രമേല്‍ സുരക്ഷിതമായി സ്വയം മറന്ന് അടുത്ത കാലത്തൊന്നും ഞാനുറങ്ങിയിട്ടില്ല. അതുകൊണ്ട് അത് യേശു തന്നെയാണെന്ന് കരുതാനാണ് എനിക്കിഷ്ടം. തന്നെയുമല്ല എന്‍റെ യേശുവിന് വെന്തവെളിച്ചെണ്ണയുടെയും മയിലാഞ്ചിയുടെയും സുഖകരമായ സുഗന്ധമുണ്ടായിരുന്നു. കരുത്തുറ്റതെങ്കിലും മൃദുലമായ കൈപ്പടങ്ങളുമുണ്ടായിരുന്നു.
                                                        

(രണ്ട്)

എസ് എന്‍ പുരം എം ഇ എസ് ഹയര്‍ സെക്കന്‍ ഡറി സ്കൂളിലെ നാഷണല്‍ സര്‍വീസ് സ്കീം യൂണിറ്റിന്‍റെ സപ്തദിന സഹവാസക്യാമ്പ് വേക്കോട് ഗവണ്മെന്‍റ് ഫിഷറീസ് സ്കൂളിലായിരുന്നു സംഘടിപ്പിച്ചിരുന്നത്. പ്രോഗ്രാം ഓഫീസറായ ശ്രീമതി എം എന്‍ ശ്രീവിദ്യയാണ് എന്നെ ക്ഷണിച്ചത്. ലിംഗസമത്വം എന്ന വിഷയത്തെപ്പറ്റി കുട്ടികളുമായി സംവദിക്കുകയായിരുന്നു ഞാന്‍ ചെയ്യേണ്ടിയിരുന്നത്.

പതിനാറു പതിനേഴു വയസ്സുള്ള അമ്പതോളം കുട്ടികള്‍ . അവര്‍ക്കു മുന്നില്‍ ചെന്നപ്പോള്‍ എനിക്ക് നല്ല ആഹ്ലാദമനുഭവപ്പെട്ടു. കൌമാരത്തിന്‍റെ താളവും സുഗന്ധവും നന്മയും അവരിലുണ്ടായിരുന്നു.

ആദ്യമാദ്യം കുട്ടികള്‍ നിശ്ശബ്ദരായിരുന്നെങ്കിലും പിന്നീട് അവര്‍ തുറന്നിടപഴകാന്‍ തുടങ്ങി. കുട്ടികള്‍ക്ക് നല്ല നിരീക്ഷണവും കാര്യങ്ങളെക്കുറിച്ച് കുറെയൊക്കെ വ്യക്തമായ നിലപാടും ഉണ്ടെന്ന് എനിക്ക് വേഗം തന്നെ മനസ്സിലായി.

ഒരു മിടുക്കന്‍ പറഞ്ഞു.' അഞ്ചു വയസ്സായ പെണ്‍കുട്ടി അല്ലെങ്കില്‍ എട്ടു വയസ്സായ പെണ്‍കുട്ടി മുന്‍ വരിയിലെ പാല്‍പ്പല്ല് പോയി പുതിയ പല്ല് വന്നിട്ടേ ഉണ്ടാവൂ. അതിനോട് എല്ലാവരും പറയും കെട്ടിക്കാറായി എന്ന്. എനിക്കിത് കേള്‍ക്കുന്നതേ കലിയാണ്. ഈ കെട്ടിക്കാറാവലല്ലാതെ ബാക്കി ഒരു പണിയുമില്ലേ അതിന് ഈ ഭൂമിയില്‍ ചെയ്യാന്‍... അതിനു പഠിക്കേണ്ടേ .. വിവരം വെക്കേണ്ടേ.. ശരിക്കും വലുതാവണ്ടേ... ജോലി വേണ്ടേ ഈ വക പറച്ചിലുകളൊന്നുമില്ല. കെട്ടിക്കാറാവലാണ് ആദ്യം. ഞാന്‍ ജീവിതത്തില്‍ ഒരിക്കലും ഒരു പെണ്‍ കുട്ടിയോടും ഇങ്ങനെ പറയില്ല' എന്നവന്‍ നിറുത്തിയപ്പോള്‍ പെണ്‍കുട്ടികള്‍ കയ്യടിച്ചു ശരിവെച്ചു.

അവന്‍ തുടര്‍ന്നു. വീട്ടില്‍ ആണ്‍കുട്ടി മുതിര്‍ന്ന് ജോലിയായി പന പോലെ വലുതായാലും കെട്ടിക്കാറായി എന്ന് പറയുകയേ ഇല്ല. പെണ്‍കുട്ടികളോടാണ് ഇത്തരം പറച്ചിലുകള്‍. മുതിര്‍ന്നവര്‍ക്ക് വിവരക്കേട് കുറെഏറെയുണ്ട്...

അപ്പോള്‍ എല്ലാവരും പൊട്ടിച്ചിരിച്ചു.

വീട്ടുപണികള്‍ നിര്‍ബന്ധമായി ചെയ്യിപ്പിക്കുമെന്ന് പെണ്‍കുട്ടികള്‍ എല്ലാവരും പറഞ്ഞു. അത് ഒരു ഹോബി പോലെയോ ഇഷ്ടമുണ്ടെങ്കില്‍ ചെയ്തോ എന്ന മട്ടിലോ ഒന്നുമല്ല. ചുമതല പോലെയാണ്. ഒരു വീട്ടിലെ എല്ലാ ജോലിയും ചെയ്യാനറിയാമെന്ന് അവര്‍ ഒന്നിച്ചു സമ്മതിച്ചു. കാരണം അന്യവീട്ടില്‍ പോയി പാര്‍ക്കണം... വേറേ വീട്ടില്‍ ചെന്ന് ജീവിക്കണ്ടതാണ് ഈ പല്ലവി കേട്ട് കേട്ട് അന്യവീട്ടിലെ താമസം കേമമായിക്കോട്ടേ എന്ന് കരുതി എല്ലാ പണിയും ചെയ്തു പഠിക്കുകയാണ്. ചിലപ്പോഴൊക്കെ വലിയ സങ്കടം വരും. ജനിച്ചു വളരുന്നത് സ്വന്തം വീട്ടിലല്ല... ഇതുവരെ കാണാത്ത ഏതോ വീട്ടില്‍ ചെന്ന് പണിയെടുക്കാനുള്ള ട്രെയിനിംഗ് കിട്ടുന്ന ഒരു ഹോസ്റ്റലിലാണ്... അച്ഛനുമമ്മയും ഹോസ്റ്റല്‍ വര്‍ഡന്മാര്‍...

അന്യവീട്ടില്‍ ചെന്ന് പാര്‍ക്കുക എന്ന സങ്കല്‍പത്തില്‍ വളരുന്നത് യാതനാപൂര്‍ണമാണെന്ന് ആണ്‍കുട്ടികള്‍ തുറന്നു സമ്മതിച്ചു. അവര്‍ക്ക് അത് ഓര്‍ക്കാന്‍ പോലും വയ്യ. അന്യവീട്ടിലെ ആരെങ്കിലുമായി ചേര്‍ന്ന് പോകുന്നതേ ബുദ്ധിമുട്ടാണ് ... പിന്നല്ലേ അവിടെ പോയി പാര്‍ക്കുന്നത്. പെണ്‍കുട്ടികള്‍ക്ക് സ്വന്തം വീട് വിട്ട് ഭര്‍ത്താവിന്‍റെ വീട്ടീല്‍ പോയി നില്‍ക്കുന്നത് നാണക്കേടല്ല, അഭിമാനമാണെന്നുണ്ടെങ്കില്‍ ആണ്‍ കുട്ടികള്‍ക്ക് ഇനിയുള്ള കാലത്ത് ഭാര്യ വീട്ടില്‍ താമസിക്കുന്നതും അഭിമാനമായിത്തന്നെ മാറണമെന്ന് പെണ്‍കുട്ടികള്‍ ശബ്ദമുയര്‍ത്തി.

തുല്യജോലിക്ക് തുല്യവേതനം എന്ന കാര്യം അടിയന്തിരമായി തന്നെ നടപ്പിലാക്കപ്പെടണമെന്ന് ആണ്‍ കുട്ടികളാണ് വാദിച്ചത്. കെട്ടിട നിര്‍മ്മാണമേഖലയിലെ ഈ ചുഷണത്തെക്കുറിച്ച് കുട്ടികള്‍ പരക്കെ ബോധ്യമുള്ളവരായിരുന്നു.

ഫാഷനും അഴകളവുകളും ഒന്നുമല്ല നല്ല ആരോഗ്യമുള്ള ശരീരമാണ് പെണ്‍കുട്ടികള്‍ക്ക് വേണ്ടതെന്ന് അഭിപ്രായപ്പെട്ടതും ഒരു കൊച്ചു മിടുക്കനാണ്. ഇങ്ങോട്ട് നല്ല തട്ട് കിട്ടുമെന്ന കായികക്ഷമതയുള്ളവരോട് എല്ലാവരും സൂക്ഷിച്ചേ കൈയുയര്‍ത്തു എന്നവന്‍ തീര്‍ത്തു പറഞ്ഞു. ആരോഗ്യമുള്ള ശരീരത്തിന് ശരിയായ ഭക്ഷണവും വ്യായാമവും നിര്‍ബന്ധമാണെന്നും കുട്ടികള്‍ക്കറിവുണ്ട് . വീടുകളില്‍ ആണ്‍കുട്ടികളെക്കൊണ്ട് അധികം അങ്ങനെ ജോലിയെടുപ്പിക്കാറില്ലെങ്കിലും ഭക്ഷണകാര്യത്തില്‍ വേര്‍തിരിവ് ഒന്നുമില്ലെന്ന് പെണ്‍ കുട്ടികള്‍ സമ്മതിച്ചു.

രണ്ടു മണിക്കൂറിലധികം സമയം അവരോടിടപഴകി പുറത്തേക്ക് വരുമ്പോള്‍ ഭാവിയില്‍ പ്രകാശമുണ്ടെന്നാണ് എനിക്കു തോന്നിയത്... കുഞ്ഞുങ്ങള്‍ക്കല്ല നമ്മള്‍ മുതിര്‍ന്നവര്‍ക്കാണ് വിവരക്കേട്. ... അതാണ് അടിയന്തിരമായി മാറ്റേണ്ടതും.

No comments: