അമ്മയ്ക്ക് നടക്കുവാന്‍ തീരെ പ്രയാസമായ കാലത്താണ് കൂടുതല്‍ ഉയരവും അതിനൊത്ത തടിമിടുക്കും വേണമെന്ന് എനിക്ക് തോന്നാന്‍ തുടങ്ങിയത്. അമ്മയെ വാരിയെടുത്ത് കാറിലിരുത്തുക, കിടക്കയില്‍ കിടത്തുക, ശുചിമുറിയില്‍ കൊണ്ടുപോവുക, ഡോക്ടറെ കാണിക്കാന്‍ പോവുക... ഈയവസരങ്ങളിലെല്ലാം അമ്മയെ വാരിയെടുക്കാനുള്ള ശരീരശേഷി ഇല്ലാതായതില്‍ എനിക്ക് കഠിനമായ മന;പ്രയാസം തോന്നീട്ടുണ്ട്. എന്‍റെ അനിയത്തിമാര്‍ക്കും അത് തോന്നിയിട്ടുണ്ട്.
ഇന്നലെ അമ്മയെപ്പറ്റി സംസാരിക്കുമ്പോള്‍ അനിയത്തി അതൊക്കെ ഓര്‍മ്മിക്കുകയായിരുന്നു. അമ്മ അവളുടെ അടുത്തായിരുന്നതുകൊണ്ട് ഈ പ്രയാസം ഏറ്റവും കൂടുതല്‍ തവണ അനുഭവിച്ചിട്ടുള്ളതും അവള്‍ തന്നെയാണ്. ഞങ്ങള്‍ സ്വന്തമെന്ന് കരുതി മനസ്സും വപുസ്സും പകുത്തുകൊടുത്തവരൊന്നും ഒരു വിരല്‍ നീട്ടീപ്പോലും ഇക്കാര്യത്തില്‍ സഹായിച്ചിട്ടില്ലെങ്കിലും അന്യര്‍ എന്നും സഹായത്തിനു വന്നിരുന്നു.
ഒരിയ്ക്കല്‍ റ്റാക്സി വിളിച്ച് അമ്മയെ ആശുപത്രിയിലേക്ക് കൊണ്ടുപോവാനുള്ള പരിശ്രമത്തിലായിരുന്നു അനിയത്തി. അവള്‍ മെല്ലെ മെല്ലെ ഓരോ ഇഞ്ചായി അമ്മയെ നടത്തിക്കൊണ്ടു വരാന്‍ പരിശ്രമിക്കുന്നത് കണ്ട് വണ്ടിയുടെ ഡ്രൈവര്‍ അമ്മയോട് ചോദിച്ചു... ഞാന്‍ അമ്മച്ചിയെ എടുത്ത് കാറിലിരുത്തട്ടെ? അമ്മയ്ക്ക് എത്രയും ആശ്വാസദായകമായിരുന്നു അത്. അയാള്‍ ഒരു കിളിക്കുഞ്ഞിനെ എടുക്കും പോലെ അമ്മയെ എടുത്ത് കാറിലിരുത്തി. ഡോക്ടറുടെ മുറിയിലേക്ക് എടുത്തുകൊണ്ടുപോയി, തിരികേ അതു പോലെ വീട്ടിലാക്കിത്തരികയും ചെയ്തു. അമ്മയ്ക്ക് 'അവന്‍ എന്നോട് പുള്ളൈ മാതിരി' എന്ന് എത്ര പറഞ്ഞിട്ടും മതിയാകുന്നുണ്ടായിരുന്നില്ല.
മനസ്സാണ് പ്രധാനം.. ബന്ധമല്ല.
ചെന്നൈ സെന്‍ട്രല്‍ സ്റ്റേഷനില്‍ ഭാരം കൂടിയ ബാഗും ചുമന്ന് വേച്ച് വേച്ച് നടക്കുകയായിരുന്നു ഞാന്‍. എന്‍റൊപ്പം ആരുമുണ്ടായിരുന്നില്ല. ഒരു ചെറുപ്പക്കാരന്‍ അടുത്തു വന്ന് ആ ബാഗ് മേടിച്ചിട്ട് പറഞ്ഞു. 'ഞാന്‍ കൊണ്ടുത്തറേന്‍ അക്കാ.. ഏതു കമ്പാര്‍ട്ട്മെന്‍റ്ന്ന് ശൊന്നാപ്പോതും. ' എന്നെ ട്രെയിനില്‍ കയറ്റി ഭദ്രമായി ഇരുത്തിയിട്ട് ശുഭയാത്ര നേര്‍ന്ന് ആ അനിയന്‍ തിരക്കില്‍ അപ്രത്യക്ഷനായി.
മനസ്സാണ് പ്രധാനം. . ബന്ധമല്ല.
എന്‍റെ കാതു നിറച്ചും കമ്മലുകളുണ്ട്. വലിയ സങ്കടവും വേദനയും ഒറ്റപ്പെടലും തോന്നുമ്പോള്‍ ഞാന്‍ പോയി കാതു കുത്തും. പിന്നെ കുറെ ദിവസം ആ വേദന സഹിക്കേണ്ടി വരുമ്പോള്‍ മനസ്സിന്‍റെ വേദനയ്ക്ക് ചെറിയ ഒരു സമാധാനം കിട്ടും. ഇപ്പോഴും കുത്തി.. മൂന്നാലു മാസമായി.. എന്തുകൊണ്ടോ കാതു പഴുത്തു ചുവന്നു. ആര്‍ക്കും മനസ്സിലായില്ല അത്. എനിക്ക് വേദനയുണ്ടായിരുന്നു. വേദനകള്‍ സാരമില്ലെന്ന് വെയ്ക്കലാണല്ലോ എന്‍റെ പതിവ്. പക്ഷെ, സുഹൃത്തായി മാറിയ ഡോക്ടറെ കണ്ട് നെഞ്ചിലിടിച്ചു കരയുകയും എനിക്ക് ഈ ഭൂമിയേ വേണ്ട.. ഈ ലോകമേ വേണ്ട എന്ന് പറയുകയും ചെയ്യുമ്പോള്‍ അദ്ദേഹം പൊടുന്നനെ ചോദിച്ചു...
കാതിനെന്തു പറ്റി?
എനിക്കല്‍ഭുതമുണ്ടായി. എന്‍റെ പാറിപ്പറന്നു കിടക്കുന്ന മുടിയിഴകള്‍ക്കുള്ളിലൂടെ കാതിലെ നീരും ചുവന്ന നിറവും അദ്ദേഹം എങ്ങനെ തിരിച്ചറിഞ്ഞു? കാതിന്‍റെ കാര്‍ട്ടിലേജ് പഴുത്താല്‍ വലിയ പ്രയാസമാകുമെന്ന് പറഞ്ഞ് അദ്ദേഹം ഉടനെ മരുന്ന് എഴുതിത്തന്നു. ഇപ്പോള്‍ അസുഖം മാറിയിട്ടുണ്ട്.
വെറും കാഴ്ച എളുപ്പമാണെന്നും എന്നാല്‍ നിരീക്ഷണം ഒരു വലിയ കലയാണെന്നും ഷെര്‍ലക് ഹോംസ് എന്ന എന്‍റെ നിത്യകാമുകന്‍ പറയാറുണ്ട്. ഡോ. വാട്സണോടാണ് അതു പറയുന്നതെങ്കിലും ഇവരൊക്കെ ആ കല അഭ്യസിച്ചവരും അത് പ്രാബല്യത്തില്‍ വരുത്തി മറ്റുള്ളവരെ സഹായിക്കുന്നവരുമാണെന്ന് എനിക്ക് തോന്നുന്നു. അങ്ങനെ എത്രയോ മനുഷ്യര്‍... അവരനുഗ്രഹിച്ചു തരുന്നതല്ലേ ഈ ജീവിതം... അതെ. തീര്‍ച്ചയായും അതെ. അതുകൊണ്ട് അറിയുന്നവരേക്കാള്‍ അറിയാത്തവരോട് ഞാന്‍ കടപ്പെട്ടിരിക്കുന്നു.
No comments:
Post a Comment