Friday, September 7, 2018

ആരൊരാള്‍ ....

https://www.facebook.com/echmu.kutty/posts/884515008394461

എല്ലാ വര്‍ഷവും ലാറിബേക്കര്‍ മെമ്മോറിയല്‍ ട്രോഫി സമ്മാനിക്കാറുണ്ട് ഇന്ത്യയിലെമ്പാടുമുള്ള ആര്‍ക്കിടെക്ചര്‍ വിദ്യാര്‍ഥികള്‍ക്ക്... നാസ നടത്തുന്ന ഒരു മല്‍സരത്തിലൂടെയാണ് വിജയികളെ തെരഞ്ഞെടുക്കുക. അതിനു ജൂറിയായി എന്‍റെ കൂട്ടുകാരന്‍ പോകാറുണ്ട്. ഇത്തവണയും പോയി.. വാഗമണ്ണിലായിരുന്നു ഇപ്രാവശ്യത്തെ ജൂറി. രാത്രി ഒരു മണിക്കാണ് കൂട്ടുകാരന്‍ യാത്ര പുറപ്പെട്ടത്. എനിക്കും പോകാമായിരുന്നു. ഇടയ്ക്കിടെയുള്ള വീഴ്ചകള്‍ ശരീരത്തിലേല്‍പ്പിച്ച പരിക്ക്കൊണ്ട് സ്വതവേ ഒരു യാത്രപ്പണ്ടാരമാണെങ്കിലും ഞാന്‍ ഇപ്രാവശ്യം കൂടെ പുറപ്പെട്ടില്ല.

പിറ്റേന്ന് രാവിലെ മുതലാണ് എനിക്ക് വിചിത്രമായ ഒരു സാന്നിധ്യം അനുഭവപ്പെടാന്‍ തുടങ്ങിയത്. ആരോ അടുത്തുണ്ടെന്ന... എന്നെ ശ്രദ്ധിക്കുന്നുണ്ടെന്ന തോന്നലില്‍ ഭയം എന്നില്‍ വളര്‍ന്നു നിറഞ്ഞു. ആരുടേയോ വസ്ത്രാഞ്ചലം ഉലയുന്ന ശബ്ദം എനിക്ക് കേള്‍ക്കാന്‍ പറ്റിയിരുന്നു. ഞാന്‍ ലിവിംഗ് റൂമിലിരിക്കുമ്പോള്‍ ആരോ കിടപ്പുമുറിയില്‍ ഉലാത്തുന്നുണ്ട്. ചിലപ്പോള്‍ ആരുടേയോ ചൂടുള്ള ദീര്‍ഘനിശ്വാസം എന്‍റെ കവിളിലടിക്കുന്നുണ്ട്.

ആരായിരിക്കുമെന്ന് എന്‍റെ തല പുകയാന്‍ തുടങ്ങി. വായിച്ച ഹൊറര്‍ രചനകള്‍ എല്ലാം ഓര്‍മ്മയില്‍ തെളിഞ്ഞു. ഹൊറര്‍ ചലച്ചിത്രങ്ങള്‍ മനസ്സിന്‍റെ സ്ക്രീനില്‍ ഓടാന്‍ തുടങ്ങി. ഭയം കൊണ്ട് എന്‍റെ കൈത്തലങ്ങള്‍ വിയര്‍ക്കുകയും എനിക്ക് കമ്പിളി പുതയ്ക്കാന്‍ തോന്നുംവണ്ണം തണുക്കുകയും ചെയ്തു.

അപ്പോഴാണ് മരണത്തെപ്പറ്റി ഞാന്‍ ഓര്‍മ്മിക്കാന്‍ തുടങ്ങിയത്. അമ്മ മരിക്കുന്നതു കാണും വരെ മരണത്തെ എനിക്ക് വലിയ ഭയമായിരുന്നു. അമ്മ കടന്നു പോയതോടെ ആ ഭയം എന്നിലില്ലാതായി. എന്നു മാത്രമല്ല... അമ്മയെ ഇനിയും കാണുവാന്‍ കഴിയുമെങ്കില്‍ , എന്‍റെ അനാഥത്വം മാറിക്കിട്ടുമെങ്കില്‍ മരണം നല്ലൊരു കാര്യമല്ലേ, കഴിയുന്നത്ര വേഗം അവിടേക്ക് എത്തേണ്ടേ എന്നും എനിക്ക് തോന്നിത്തുടങ്ങി.

എന്നെപ്പോലെ ഒരുവളുടെ മനസ്സില്‍ മരണചിന്ത മൊട്ടിട്ടാല്‍ അത് പിന്നീട് വന്യമായ ഒരു ലഹരിയായി പടര്‍ന്നു കയറുമെന്ന് എനിക്കനുഭവമുണ്ട്. എല്ലാ മുറിവുകളും ഒറ്റയടിക്ക് ഉണങ്ങും. എല്ലാ പ്രശ്നങ്ങളും ഡിം എന്ന് അവസാനിക്കും.. വേദനകളോ പ്രയാസങ്ങളോ ബാക്കിയുണ്ടാവില്ല.. ഓരോ ദിവസവും മരണത്തോട് അടുക്കുകയാണല്ലോ എന്നോര്‍ത്ത് ഈ ജീവിതത്തില്‍ ഞാന്‍ സമാശ്വസിച്ചിട്ടുള്ളതിന് കൈയോ കണക്കോ ഇല്ല. അതുകൊണ്ടൊക്കെയാവാം ഈ ആരോ ഒരാളുടെ സാന്നിധ്യം, ശ്വാസം, കാല്‍പ്പെരുമാറ്റം, മുരടനക്കം എല്ലാം മരണമാണെന്ന ചിന്ത എന്നില്‍ നിറച്ചത്.

അതോടെ ഭയം മാറി. പകരം എങ്ങനെയാവും അതു സംഭവിക്കുക എന്നതിലായി എന്‍റെ ശ്രദ്ധ. വലിയ ആരോഗ്യപ്രശ്നങ്ങളൊന്നും ഇല്ല. തമസിക്കുന്ന കെട്ടിടം ഇടിഞ്ഞു പൊളിഞ്ഞു തലയില്‍ വീഴാന്‍ വഴിയില്ല. പറമ്പില്‍ നിന്ന് വല്ല പാമ്പോ മറ്റോ വീട്ടിനകത്ത് കയറിക്കൂടി കടിച്ചു കൊല്ലുകയാവുമോ ഉണ്ടാവുക എന്ന് ഞാന്‍ വിചാരിച്ചു. .. അതിനും അത്ര വലിയ സാധ്യത കാണുന്നില്ല. അതോ ഞാന്‍ സ്വയം മരണത്തെ വിളിച്ചു വരുത്തുമോ? എങ്കില്‍ എങ്ങനെ ? ആത്മഹത്യാശ്രമം നടത്തി പരാജയപ്പെട്ട് ചികില്‍സയും പോലീസും കേസും ഒക്കെയായി തുടര്‍ന്നു ജീവിക്കാന്‍ എനിക്കിഷ്ടമില്ല.

ശ്രമിക്കയാണെങ്കില്‍ മരണത്തെ ആഞ്ഞുപുല്‍കണം. മുറുകെ... തീര്‍ത്തും മുറുകെ ... ശ്വാസം നിലയ്ക്കും വരെ . ഒരിക്കലും ആര്‍ക്കും ആ ആലിംഗനത്തില്‍ നിന്ന് എന്നെ വേര്‍പെടുത്തിയെടുക്കാന്‍ സാധിക്കരുത്. ഇനിയും വേദനിപ്പിക്കാനും അപഹസിക്കാനും നിന്ദിക്കാനും ഒറ്റപ്പെടുത്താനും ബാക്കിയാക്കരുത്.

അപ്പോഴാണ് ആരോ ഊക്കോടെ പ്രഹരിച്ചതു പോലെ എന്‍റെ കണ്ണില്‍ ഇരുട്ട് കയറിയത്... ഭൂമിയും ആകാശവും ഒന്നാവുകയാണെന്ന മട്ടില്‍ കാല്‍ക്കീഴില്‍ നിന്ന് ഭൂമി തെന്നിപ്പോയത് . ഞാന്‍ വലിയ വായില്‍ ച്ഛര്‍ദ്ദിച്ചത്....

പിന്നീട് ഓര്‍മ്മ വരുമ്പോള്‍ ഞാന്‍ ആശുപത്രിയിലായിരുന്നു. എന്‍റെ തല അപ്പോഴും പമ്പരം പോലെ തിരിഞ്ഞുകൊണ്ടിരുന്നു. എന്‍റെ ചുറ്റും അപരിചിതരായ ആരൊക്കേയോ ഉണ്ടായിരുന്നു

കുറച്ചു കൂടിക്കഴിഞ്ഞപ്പോള്‍ എനിക്ക് അല്‍പാല്‍പം വെളിച്ചം കിട്ടിത്തുടങ്ങി. അതുവരെ ഇരുണ്ട ഒരു ഗുഹയിലൂടെ യാത്ര ചെയ്യുകയായിരുന്നു ഞാന്‍. കാണാന്‍ അത്യാഗ്രഹമുള്ള ചില മുഖങ്ങളെ ഞാന്‍ എന്തി വലിഞ്ഞു നോക്കിക്കൊണ്ടിരുന്നു, എങ്കിലും ഒന്നും വ്യക്തമായില്ല. വെളിച്ചം പരന്നു തുടങ്ങിയപ്പോള്‍ എന്‍റെ സുഹൃത്തായ സാജനെ ഞാന്‍ കണ്ടു. സാജന്‍റെ ഒപ്പം ജോലി ചെയ്യുന്ന പാര്‍വതിയേയും ശാരദപ്രിയയേയും കണ്ടു. അവരുടെ സംരക്ഷണത്തില്‍ എന്നെ ഏല്‍പ്പിച്ച് പോവുകയാണെന്ന് സാജന്‍ പറഞ്ഞത് എനിക്ക് മനസ്സിലായി. അവരിരുവരും എന്നെ സ്വന്തം അമ്മയെ എന്ന പോലെ പരിചരിക്കുന്നതും ഞാനറിഞ്ഞു.

എം ആര്‍ ഐ സ്കാനിംഗിനു തയാറെടുക്കുമ്പോള്‍ ഞാന്‍ ബഹളം വെച്ചു, എന്തിനെന്നറിയാതെ. എന്‍റെ തല നേരെ നില്‍ക്കുന്നുണ്ടായിരുന്നില്ല. അപ്പോഴും അതാരുടേയോ കൈയില്‍ അതിവേഗതയോടെ തിരിയുന്ന പമ്പരമായിരുന്നു. എന്തുകൊണ്ട് എന്ന എന്‍റെ ചോദ്യത്തിനുത്തരമൊന്നും അന്നേരം കിട്ടിയതുമില്ല.

എന്‍റെ സുഹൃത്തുക്കള്‍ അനിതയും ദിലീപും വന്നു. ശൈലജയും അമ്മുവും വന്നു. എനിക്ക് ആശുപത്രിയില്‍ രാത്രി കൂട്ടുകിടക്കാന്‍ പച്ചക്കറി വില്‍ക്കുന്ന രമ സന്ധ്യയാകുമ്പോഴേക്കും വന്നുചേര്‍ന്നു . അതുകൊണ്ട് മറ്റു സുഹൃത്തുക്കള്‍ക്ക് ഒട്ടു സമാധാനമായി.

രാവിലെ പച്ചക്കറി വില്‍ക്കാന്‍ വന്ന രമ തന്നെയാണ് എന്‍റെ കിടപ്പ് പന്തിയല്ലെന്ന് കണ്ട് തുറന്നു കിടന്ന ജനലിലൂടെ കൈയിട്ട് മുന്‍വാതില്‍ തുറക്കുകയും അയല്‍പക്കക്കാരെ അറിയിച്ച് എന്നെ ആശുപത്രിയിലാക്കുകയും ചെയ്തത്. അതൊന്നും എനിക്കോര്‍മ്മിക്കാന്‍ കഴിയുന്നുണ്ടായിരുന്നില്ല.

എല്ലാ പ്രയാസങ്ങളുടേയും ഉത്തരം വൈകാതെ എനിക്ക് ലഭിച്ചു. രക്തസമ്മര്‍ദ്ദം അല്‍പം വര്‍ദ്ധിക്കുകയും ഹൃദയം അല്‍പം കൂടുതല്‍ പിണങ്ങുകയും ചെയ്തതായിരുന്നു .... എന്നെയും എന്‍റെ അവസാനമില്ലാത്ത ദുരിതങ്ങളേയും ഇങ്ങനെ താങ്ങാന്‍ വയ്യ എന്ന താക്കീത് ഹൃദയം ഒരിയ്ക്കല്‍ക്കൂടി എനിക്ക് തന്നു കഴിഞ്ഞിരിക്കുന്നു.

No comments: