Sunday, September 9, 2018

മണ്ണിഷ്ടികകളുടെ എണ്ണമെടുക്കും കാലത്ത്....

https://www.facebook.com/photo.php?fbid=901312630048032&set=a.526887520823880.1073741826.100005079101060&type=3&theater

തികച്ചും അപ്രതീക്ഷിതമായാണ് ഈ പടം എടുക്കാന്‍ അവസരമുണ്ടായത്. ഈ കാണുന്ന കെട്ടിടത്തിലെ മണ്ണിഷ്ടികകളെല്ലാം എന്‍റെ കൈയിലുടേ കടന്നു പോയവയാണ്. ഞാന്‍ നീളവും വീതിയും കനവും നോക്കി അടയാളപ്പെടുത്തി ലോഗ് ബുക്കിലെഴുതി പാസ്സാക്കിയവ. ഈ കെട്ടിടം പണിയുന്ന കാലത്ത് അതിന്‍റെ ഫോട്ടൊ എടുക്കാനുള്ള സൌകര്യമൊന്നും എനിക്കുണ്ടായിരുന്നില്ല. ലാറി ബേക്കറിന്‍റെ ജന്മശതാബ്ദിയോടനുബന്ധിച്ച് ഈ കെട്ടിടത്തിന്‍റെ ഫോട്ടോയും പ്രദര്‍ശിപ്പിക്കപ്പെട്ടിരിക്കുന്നതു കണ്ടപ്പോള്‍ ഓര്‍മ്മകളുടെ തിരകളില്‍ നനഞ്ഞുകൊണ്ട് ഞാന്‍ ഒരു പടമെടുത്തു....

ഒരു ജൂണ്‍ മാസത്തിലായിരുന്നു ഇതിന്‍റെ നിര്‍മ്മാണം തുടങ്ങിയത്. ഡോ. സഞ്ജയ് പ്രകാശായിരുന്നു ചീഫ് ആര്‍ക്കിടെക്ട്. സൌമ്യ, സീനത്ത് നിയാസി, അഭിജാത്, ശ്രഷ്ടാന്ത് പട്ടാര എന്നീ ആര്‍ക്കിടെക്ടുമാര്‍ സൈറ്റിലുണ്ടായിരുന്നു. അച്ചേലാല്‍ എന്ന ലേബര്‍ കോണ്ട്റാക്ടര്‍ പണിക്കാരെ ആവശ്യം പോലെ ലോറികളില്‍ കൊണ്ടുവന്നിറക്കി, രവി എന്നൊരു ഹെഡ് മേസണ്‍ അവര്‍ക്ക് ജോലികള്‍ വിഭജിച്ച് നല്‍കി. ഡെവലപ്മെന്‍റ് ആള്‍ട്ടര്‍നേറ്റീവ് സ് ആയിരുന്നു സൈറ്റില്‍ പണികള്‍ ചെയ്തിരുന്നത്.

ജുണ്‍ മാസം ദില്ലിയിലെ ഏറ്റവും ചൂടു കൂടിയ മാസമാണ്. സൂര്യന്‍ നാല്‍പത്താറു ഡിഗ്രിയില്‍ ഉരുകുന്ന മാസം. ആ വെയില്‍ മുഴുവന്‍ ഏറ്റ് മണ്ണിഷ്ടികകള്‍ നിര്‍മ്മിക്കുന്നതും പരിശോധിക്കുന്നതും കണക്കെടുക്കുന്നതും ഒന്നും അത്ര എളുപ്പമായിരുന്നില്ല. പുറത്തെ കത്തുന്ന വെയിലിനേക്കാള്‍ ചൂട് എന്‍റെ മനസ്സിലുണ്ടായിരുന്നതുകൊണ്ട് ഞാന്‍ ജോലികള്‍ ചെയ്തു പോന്നുവെന്നു മാത്രം. എത്ര ചെറുതായാലും വെറും ആയിരത്തി ഇരുനൂറൂ രൂപ മാത്രം ശമ്പളം കിട്ടുന്നതായിരുന്നാലും ആ ജോലി ഇല്ലാതെ എനിക്ക് ജീവിക്കാന്‍ കഴിയുമായിരുന്നില്ല. കാരണം ഏറെപ്പണവും സ്വത്തും ശമ്പളവും സല്‍പ്പേരും തറവാടിത്തവും മറ്റുമുള്ളവരോട് നമ്മുടെ നീതിന്യായക്കോടതികളില്‍ വെച്ച് ഏറ്റുമുട്ടേണ്ട ഗതികേടിലായിരുന്നു അന്ന് ഞാന്‍.

രാജസ്ഥാനില്‍ നിന്നും മധ്യപ്രദേശില്‍ നിന്നും ഉത്തരപ്രദേശില്‍ നിന്നുമൊക്കെ പുരുഷന്മാര്‍ കാല്‍നടയായി ദില്ലിയിലേക്ക് ജോലിയന്വേഷിച്ച് വരുമെന്ന് അക്കാലങ്ങളില്‍ ഞാന്‍ മനസ്സിലാക്കി. സ്ത്രീകള്‍ ലേബര്‍ കോണ്ട്രാക്റ്റര്‍മാരുടെ കൈയിലകപ്പെട്ട് ദില്ലിയിലെത്തി വീട്ടുജോലികളിലും റോഡ് പണികളിലും കെട്ടിട നിര്‍മ്മാണത്തൊഴിലിലും ഏര്‍പ്പെട്ടു. അവരുടെ കുട്ടികള്‍ നാല്‍ക്കൂട്ടപ്പെരുവഴികളില്‍ ചന്ദനത്തിരികളും വിമാനത്തിന്‍റെ മോഡലുകളും കാറു തുടയ്ക്കാനുള്ള തുണികളും മറ്റും വിറ്റു ജീവിക്കാനുള്ള വഴി കണ്ടെത്താന്‍ പരിശ്രമിച്ചു. സ്ത്രീകളും പുരുഷന്മാരും കുട്ടികളും എല്ലാം ഇത്തരം ലേബര്‍ കോണ്‍ട്രാക്ട്രര്‍ മാരുടെ കൈയില്‍ എങ്ങനെയെല്ലാം ചൂഷണം ചെയ്യപ്പെടുമെന്ന് ഞാന്‍ നേരിട്ടു കണ്ടറിഞ്ഞു.

എന്‍റെ ആ അലച്ചിലിനൊന്നും യാതൊരു ഫലവുമുണ്ടായില്ലെന്ന് പറഞ്ഞു കൂടാ.. പലപ്പോഴും ട്രെയിനിലെ ജനറല്‍ കമ്പാര്‍ട്ട്മെന്‍റില്‍ പോലും എന്നെ അറിയുന്ന ഏതെങ്കിലുമൊരു പണിക്കാരന്‍ അല്ലെങ്കില്‍ പണിക്കാരി ഉണ്ടായി... അവര്‍ മാഡം എന്ന വിളിയോടെ എന്‍റെ സീറ്റും സുഖസൌകര്യങ്ങളും കാര്യമായി ശ്രദ്ധിച്ചു. ഹൈദരാബാദിലേക്ക് ആദ്യം ഒരു ജനറല്‍ കമ്പാര്‍ട്ട്മെന്‍റില്‍ കയറിപ്പോകുമ്പോള്‍ അവര്‍ എനിക്ക് നല്‍കിയ പരിഗണന എന്‍റെ കണ്ണുകളെ നനച്ചിട്ടുണ്ട്.

ലാറിബേക്കറിന്‍റെ ജന്മശതാബ്ദി ആഘോഷത്തില്‍ പങ്കെടുക്കാന്‍ ഡോ. സഞ്ജയ് പ്രകാശ് വന്നിരുന്നു. അദ്ദേഹത്തിന് എന്നെ ഒട്ടും ഓര്‍മ്മയുണ്ടായിരുന്നില്ല. സീനത്ത് നിയാസിയും ക്ഷണിതാവായിരുന്നു. അവള്‍ എന്നെ ഗാഢമായി ആലിംഗനം ചെയ്തു, തുരുതുരെ ഉമ്മ വെച്ചു. എന്‍റെ പുസ്തകങ്ങള്‍ ഇംഗ്ലീഷിലാക്കി എന്ന് അവള്‍ക്ക് വായിക്കാന്‍ കൊടുക്കുമെന്ന് ചോദിച്ചു... ഇന്ന് സീനത്ത് ഡെവലപ്മെന്‍റ് ആള്‍ട്ടര്‍നേറ്റീവ്സിന്‍റെ വൈസ് പ്രസിഡന്‍റാണ്. പഴയ ദിവസങ്ങള്‍ ഓര്‍മ്മിച്ച് ഞങ്ങള്‍ കരയുകയും ചിരിക്കുകയും ചെയ്തു. എന്‍റെ മാറ്റത്തില്‍ അവള്‍ സന്തോഷിച്ചു. അവളുടെ വളര്‍ച്ചയില്‍ ഞാനും..

കാലം കടന്നു പോകുന്നുവെന്ന് തിരിച്ചറിയുന്നത് ചിലപ്പോള്‍ ഇങ്ങനെയുമാണ്. അതുകൊണ്ട് എല്ലാ അനുഭവങ്ങള്‍ക്കും നന്ദി..

No comments: