Tuesday, September 4, 2018

തലയ്ക്ക് നല്ല സുഖമില്ലാതാകുമ്പോള്‍ ........

https://www.facebook.com/echmu.kutty/posts/875620182617277

കേരളത്തില്‍ ആകെ നാല്‍പതിനായിരം കാറുകള്‍ ഓടിയിരുന്ന കാലത്ത് അതിലൊരു കാര്‍ അച്ഛന്‍റെയായിരുന്നു. ആ കാറില്‍ ഒരിക്കലും അവകാശബോധത്തോടെ ഞങ്ങളിരുന്നിട്ടില്ല. വളരെ ചുരുക്കമായേ അതില്‍ കയറിയിട്ടുള്ളൂ. ഉള്ളപ്പോള്‍ തന്നെ അമ്മയും അച്ഛനും തമ്മില്‍ പ്രശ്നങ്ങളായിരുന്നിരിക്കും. വാക്കേറ്റങ്ങളും ഒടുവില്‍ അമ്മയ്ക്കും മക്കള്‍ക്കും അച്ഛന്‍റേയോ ആ കാറിന്‍റേയോ എന്തെങ്കിലുമാവാന്‍ യോഗ്യതയില്ലെന്ന കഠിന വിധിയും കേള്‍ക്കും. കരച്ചിലും സങ്കടവും വേദനയും വിങ്ങലുമായി യാത്രകള്‍ തീരും.

അന്നൊക്കെ വിചാരിക്കുമായിരുന്നു വലുതായിട്ട് നല്ല ജോലിയൊക്കെ ആയി ഒരു നല്ല കാര്‍ വാങ്ങി അച്ഛനെ അതിലിരുത്തി കൊണ്ടുപോവണമെന്ന് .. വഴക്കും പ്രശ്നങ്ങളുമൊന്നുമില്ലാതെ. ആ മധുരപ്രതികാരം ഒരിക്കലും വീട്ടാന്‍ സാധിച്ചില്ല. ജീവിതത്തില്‍ ഞങ്ങള്‍ മക്കള്‍ എന്തെങ്കിലും ആവും മുമ്പേ അച്ഛന്‍ പോയി.

അച്ഛന്‍റെ മക്കളില്‍ ആദ്യം സ്വന്തം പേരില്‍ കാറു വാങ്ങിയത് രണ്ടാമത്തെ മകളായ റാണിയാണ്. അതില്‍ സമാധാനത്തിലോ അവകാശബോധത്തിലോ ഗമയിലോ ഒന്നും കയറാന്‍ അമ്മയ്ക്കും സാധിച്ചില്ല. കാരണം കാറ് ദില്ലിയിലും അമ്മ കേരളത്തിലുമായിരുന്നു. മൂന്നാമത്തെ മകളായ ഭാഗ്യ കാറു വാങ്ങുമ്പോള്‍ അമ്മ നടക്കാന്‍ തന്നെ പ്രയാസപ്പെട്ടുകൊണ്ടിരുന്നു. അമ്മയെ വണ്ടിയിലിരുത്തി ഡ്രൈവ് ചെയ്തു പോകണമെന്ന അവളുടെ മോഹം ഒരിക്കലും പൂവണിഞ്ഞില്ല. ആ കാറിലും ഒരിക്കലും കയറാതെ തന്നെ അമ്മ യാത്രയായി.

അച്ഛന്‍റെ മുപ്പതുകൊല്ലം പഴക്കമുള്ള മാരുതി കാര്‍ എന്‍റെ കൂട്ടുകാരന്‍ ഓടിക്കുന്നുണ്ട്. ഏങ്ങിയും വലിച്ചും കരഞ്ഞും അത് ഓടും. 'നമുക്ക് അമ്മ ഉള്ളപ്പോള്‍ ആ കാറു മാറ്റേണ്ട' എന്നായിരുന്നു ഞങ്ങളുടെ തീരുമാനം. അമ്മ പോയെങ്കിലും കാറു മാറ്റേണ്ട എന്നാണിപ്പോള്‍ .....

അതിനു ചില കാരണങ്ങളുണ്ട്.

മാറ്റിസ് കാര്‍ വന്ന കാലത്ത് അതിന്‍റെ ടോയ് മോഡല്‍ വാങ്ങി സമ്മാനിച്ച് എന്‍റെ കാര്‍ അത്യാഗ്രഹത്തെ സാധിപ്പിച്ചു തരുമ്പോള്‍ ദില്ലിയിലെ വാഹനത്തിരക്കായിരുന്നു ന്യായമായി അവതരിപ്പിച്ചത്. ( സാമര്‍ഥ്യം അന്നേ ലേശം അധികമാണ്. )

'ഒത്തിരി യാത്ര ചെയ്യുന്നതല്ലേ , ഭേദപ്പെട്ട ഒരു കാര്‍ വാങ്ങിയാല്‍ നഷ്ടമൊന്നുമില്ല' എന്ന എന്‍റെ നിര്‍ദ്ദേശത്തിനു ഉടനെ ഉത്തരം കിട്ടി.

'ഓ! ഈ കാറു മതി. അതിനു കുഴപ്പമൊന്നുമില്ല. അത് നന്നായി ഓടുന്നുണ്ട്. ' അവിശ്വാസം സ്ഫുരിക്കുന്ന എന്‍റെ മുഖത്തേക്ക് അടുത്ത വാചകം ഇങ്ങനെ വന്നു വീണു. 'എനിക്ക് തലയ്ക്ക് നല്ല സുഖമില്ലാതാകുമ്പോള്‍ കാറു മാറ്റി വാങ്ങാം.'

ചര്‍ച്ചകള്‍ ഇമ്മാതിരി അവസാനിപ്പിക്കാന്‍ എല്ലാവര്‍ക്കും കഴിയുമോ? ഇല്ലെന്നാണ് എന്‍റെ വിശ്വാസം. ഇനി കാര്‍ മാറ്റുന്നതിനെക്കുറിച്ച് ഈ ജന്മത്തില്‍ ഞാന്‍ സംസാരിക്കുകയേയില്ല......

എന്തൊരു മിടുക്ക് ... അല്ലേ?
------------------------------------------
അസ്ഥാനത്തും അനാവശ്യമായും ഒന്നും ചെയ്യാന്‍ പാടില്ല. ഏതൊരു കാര്യവും അത്രമേല്‍ അത്യാവശ്യമാണെങ്കിലേ ചെയ്യാവൂ എന്നാണ് ഗുരുനാഥനായ ലാറിബേക്കര്‍ എന്‍റെ കൂട്ടുകാരനെ പഠിപ്പിച്ചിട്ടുള്ളത്. അങ്ങനെ മാത്രമേ ജീവിക്കാന്‍ പാടുള്ളൂ. അനാവശ്യമായി ചെയ്യുന്ന ഏതൊരു കാര്യവും അന്യരോടുള്ള പരിഗണനക്കുറവാണ്. പ്രകൃതിയോടുള്ള അധികപ്രസംഗമാണ്.... അതുകൊണ്ടു തന്നെ ചൂഷണമെന്ന ക്രിമിനല്‍ കുറ്റമാണ്.

No comments: