Saturday, September 1, 2018

കരിങ്കണ്ണി ദേവുവമ്മ

https://www.facebook.com/echmu.kutty/posts/856368271209135

ദേവുവമ്മയെ എല്ലാവരും കരിങ്കണ്ണി എന്ന് വിളിക്കും. അതില്‍ വാസ്തവമുണ്ടോ എന്നറിയില്ല. അവരുടെ കണ്ണ് തട്ടി പനി വന്ന കുട്ടികളെ കുഞ്ഞു പണിക്കത്തിയാര്‍ കരിങ്കണ്ണിനൂതും. അയണിത്തിരി, കുറ്റിച്ചൂലിന്‍റെ ഈര്‍ക്കില്‍, കടുക്, ഉപ്പ്, മുളക് ഇതൊക്കെ കൂട്ടിപ്പിടിച്ച് മൂന്നു പ്രാവശ്യം എന്തൊക്കെയോ മന്ത്രം ജപിച്ചാണ് പണിക്കത്തിയാര്‍ ഊതുക. പിന്നെ കുറച്ച് ഭസ്മം കൊടുക്കും. അതു മൂന്നു നേരം ദേഹത്ത് തൊടുവിച്ചാല്‍ പനി പോകും എന്നാണ് വിശ്വാസം.

ദേവുവമ്മയെ കാണുമ്പോള്‍ എല്ലാവരും നല്ല സാധനങ്ങളൊക്കെ ഒളിപ്പിക്കും. അതിപ്പോള്‍ ഇന്നത് എന്നൊന്നുമില്ല. നല്ലവണ്ണം മുട്ടയിടുന്ന കോഴി മുതല്‍ ആദ്യം പൂത്ത മാമ്പൂ വരെ.. എന്തും ഏതും ഒളിപ്പിക്കും. കഴിയുന്നത്ര വേഗം അവരെ വീട്ടില്‍ നിന്ന് പറഞ്ഞയയ്ക്കാന്‍ തിരക്ക് കൂട്ടുകയും ചെയ്യും. കണ്ണു തട്ടുമെന്ന ഭയം കൊണ്ട് ഇത്തിരി പുളി തര്വോന്നോ നാഴി മോരു തര്വോ ന്നോ എന്ത് ചോദിച്ചാലും ആള്‍ക്കാര്‍ വേഗം സാധനമെടുത്ത് കൊടുത്ത് ദേവുവമ്മയെ ഒഴിവാക്കീരുന്നു.

ഞങ്ങള്‍ കുട്ടികള്‍ക്ക് മറ്റുള്ളവര്‍ അവരെ വിളിക്കുന്നതു മാതിരി കരിങ്കണ്ണിയെന്നൊന്നും വിളിക്കാന്‍ അനുവാദമുണ്ടായിരുന്നില്ല. അമ്മീമ്മ ക്ഷുഭിതയാകുമായിരുന്നു. അവര്‍ക്ക് കരിങ്കണ്ണിടാന്‍ കഴിയുമെന്ന് അമ്മീമ്മ വിശ്വസിച്ചിരുന്നോ ഇല്ലയോ എന്നത് എനിക്കിന്നും നിശ്ചയമില്ലാത്ത കാര്യമാണ്. ഞങ്ങള്‍ അങ്ങനെ ചോദിക്കുമ്പോള്‍ അവര്‍ മനോഹരമായി ചിരിക്കുമായിരുന്നു, ഒരു തരം ചമ്മല്‍ ഒളിപ്പിച്ചുവെച്ച ചിരി .അതിനൊരു കാരണമുണ്ടായിരുന്നു.

കിണറിനരികേ നിന്നിരുന്ന വള്ളിനാരകമായിരുന്നു കഥയിലെ പ്രധാന കഥാപാത്രം. അതിമനോഹരിയായിരുന്നു ആ ചെടി. സ്വയം വെട്ടിയൊതുങ്ങി ഷേപ്പായതു പോലെയുള്ള ഉടലില്‍ മുത്തുക്കുലകളായി തൂങ്ങിക്കിടക്കുന്ന നാരങ്ങകള്‍. പച്ചമുളകും ഇഞ്ചിയും ഒരു നാരങ്ങയും അരിഞ്ഞു ഉപ്പും ചേര്‍ത്ത് അമ്മീമ്മ പിടീന്നൊരു അച്ചാറുണ്ടാക്കും. മുളകുപൊടിയും ഉപ്പും കായവും ഉലുവാപ്പൊടിയും കടുകും കറിവേപ്പിലയും നാരങ്ങയും നല്ലെണ്ണയും ചേര്‍ത്ത് അനവധി നാളുകള്‍ സൂക്ഷിച്ചുവെയ്ക്കാന്‍ പാകത്തില്‍ വേറൊരു അച്ചാര്‍. ദാഹിക്കുമ്പോള്‍ നാരങ്ങ പിഴിഞ്ഞ് പഞ്ചസാരയും ലേശം ഉപ്പും മണ്‍ കലത്തില്‍ വെച്ചു തണുപ്പിച്ച വെള്ളവുമായി ഒരു നാരങ്ങവെള്ളം കാച്ചല്‍, കറിവേപ്പിലയും ഇഞ്ചിയും പച്ചമുളകും ഉപ്പും നാരകത്തിലയും ഇടിച്ചു കലക്കിയ സംഭാരം അങ്ങനെ തികച്ചും വിപുലമായ ആഘോഷമായിരുന്നു വള്ളിനാരകവും ഞങ്ങളും തമ്മില്‍... നല്ല കായ് ഫലമുണ്ടായിരുന്നതുകൊണ്ട് അയല്‍പക്കക്കാര്‍ക്കും ആവശ്യം പോലെ പറിക്കാമായിരുന്നു. കണ്ണൂതിക്കളയുന്ന കുഞ്ഞുപണിക്കത്തിയാരും നാരങ്ങ പറിച്ചുകൊണ്ടു പോവാറുണ്ടായിരുന്നു.

മേടമാസം കാലമാണ്. അമ്മീമ്മയ്ക്ക് സ്കൂള്‍ അവധിക്കാലം. നല്ല ചൂടുള്ള ഒരു പതിനൊന്നുമണി നേരത്ത് ദേവുവമ്മ വന്നപ്പോള്‍ അമ്മീമ്മ നാരങ്ങകള്‍ പറിക്കുകയായിരുന്നു. അവരും കൂടി തന്നെയുമല്ല 'നല്ലോണം കായ്ച്ചിട്ടുണ്ട്.. എന്താ വലുപ്പം നാരങ്ങയ്ക്ക്.. ഇംഗ്ലീഷ് വളം വല്ലതും ഇട്ണ്ടോ ടീച്ചറേ' എന്നൊക്കെ തരാതരം പോലെ തട്ടിമൂളിക്കുകയും ചെയ്തു. ഞാനും അനിയത്തിമാരും കണ്ണില്‍ക്കണ്ണില്‍ നോക്കി നിശ്ശബ്ദരായി നിന്നതേയുള്ളൂ. അമ്മീമ്മ യുക്തിഭദ്രമായി സംസാരിച്ചില്ലെങ്കില്‍ കോപിക്കുമല്ലോ. എന്നാലും വെറുതേ ഒരു ഭയം. വള്ളിനാരകത്തിന്‍റെ ആയുസ്സെത്തിയെന്ന്.. അപ്പോള്‍ ഞങ്ങള്‍ മൂന്നു പേര്‍ക്കും ഒരു പോലെ സങ്കടം തോന്നുകയും ചെയ്തു. പിന്നെ സ്വയം സമാധാനിച്ചു അങ്ങനൊന്നുമുണ്ടാവില്ല. ഹേയ് .. അങ്ങനൊന്നുമുണ്ടാവില്ല.

ഗോവിന്നനും മാതുവുമൊക്കെ ഇതു കാണുന്നുണ്ടായിരുന്നു. നാരങ്ങാവെള്ളമൊക്കെ കുടിച്ച് ദേവുവമ്മ പോയപ്പോള്‍ ഗോവിന്നനും മാതുവും ഒരുപോലെ ഉല്‍ക്കണ്ഠാകുലരായി. കുഞ്ഞുപണിക്കത്തിയാരെ ഉടന്‍ വരുത്തി കണ്ണൂതിക്കളയണമെന്ന് അവര്‍ ഉറപ്പിച്ചു പറഞ്ഞു. അമ്മീമ്മ ആദ്യമൊക്കെ ചിരിച്ചു തള്ളിയെങ്കിലും അവരുടേ നിര്‍ബന്ധം മുറുകിയപ്പോള്‍ 'ഇഷ്ടം പോലെ ചെയ്യ് ഗോവിന്നാ' എന്ന് സമ്മതം മൂളി. ഗോവിന്നനെ അടിമുടി എതിര്‍ക്കാന്‍ അമ്മീമ്മയ്ക്ക് എന്നും വൈമനസ്യമുണ്ടായിരുന്നു. കാരണം പറമ്പിലെ എല്ലാ ചെടികളും ഗോവിന്നന്‍റെ ശുശ്രൂഷയും ലാളനയുമേറ്റിട്ടുള്ളവരാണ്. അവര്‍ തമ്മില്‍ ഒരു ആത്മബന്ധം കാണുമെന്നായിരുന്നു പുരാതനമായ ഒരു കാര്‍ഷികവിശ്വാസത്തിന്‍റെ ഭാഗമായ അമ്മീമ്മയുടെ ആ കരുതല്‍.

കുഞ്ഞു പണിക്കത്തിയാര്‍ വൈകുന്നേരമായപ്പോഴേക്കും വന്നു. നാരകത്തിന്‍റെ ഒപ്പം പൊക്കമെത്താത്തതുകൊണ്ട് ഒരു മേശ പിടിച്ചിട്ട് അതില്‍ക്കയറി നിന്നാണ് പണിക്കത്തിയാര്‍ മന്ത്രം ജപിച്ച് കണ്ണൂതിയത്. അടുപ്പിലിട്ടപ്പോള്‍ കടുകും മുളകുമെല്ലാം പടപടെന്ന് പൊട്ടിത്തെറിച്ചത് കരിങ്കണ്ണ് തട്ടിയതിന്‍റെയും അത് ഒഴിഞ്ഞു പോയതിന്‍റെയും ലക്ഷണമായി വ്യാഖ്യാനിക്കപ്പെട്ടു.

പക്ഷെ, ഇതുകൊണ്ടൊന്നും ഒരു കാര്യവുമുണ്ടായില്ല. വള്ളിനാരകം ഉണങ്ങാന്‍ തുടങ്ങി. നാരങ്ങകള്‍ തുരുതുരെയെന്ന് കൊഴിഞ്ഞു വീണു. കൃഷി വിദഗ്ദ്ധനായ ഗോവിന്നന്‍ അറിവുള്ള ശുശ്രൂഷയൊക്കെ ചെയ്തെങ്കിലും നാരകത്തെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞില്ല. അതിന്‍റെ വേരില്‍ ചിതല്‍ കയറിയിരുന്നു. ഭൂമിയിലെ ആ ഭാഗമാകെ ചിതലായിരുന്നു.

ചിതലെന്ന് അമ്മീമ്മയും കരിങ്കണ്ണെന്ന് ബാക്കിയുള്ളവരും വാദിച്ചുകൊണ്ടിരുന്നു. കരിങ്കണ്ണുണ്ടോ അമ്മാ ഊതിയാല്‍ അതു പോകുമോ എന്ന് ഞങ്ങള്‍ ഇടയ്ക്കിടെ അമ്മീമ്മയോട് ചോദിക്കുക പതിവാക്കി. അതൊരു കളിയാക്കലാണെന്ന് അമ്മീമ്മയ്ക്ക് അറിയാമായിരുന്നു. അപ്പോള്‍ അമ്മീമ്മ ചിരിക്കും... ചമ്മലൊളിപ്പിച്ചുവെച്ച മനോഹരമായ ചിരി.

No comments: