Friday, September 25, 2009

ന്റെ അനീത്തി…… അല്ലാ,… ന്റെ മോള്…… ന്റെ…ന്റെ…

കുട്ടിയെ മുത്തശ്ശിക്കൊപ്പം നിർത്തി അമ്മയും അച്ഛനും ജോലിസ്ഥലമായ എറണാകുളത്തേക്ക് പോയത് ആ നഗരത്തിൽ പണിക്കാരികളെ കിട്ടാൻ വിഷമമായത് കൊണ്ട് മാത്രമായിരുന്നില്ല; വളരെ ഉത്തരവാദപ്പെട്ട ജോലികളാണ് അവർക്ക് ചെയ്യാനുണ്ടായിരുന്നത് എന്നതു കൊണ്ടും കൂടിയായിരുന്നു.

നേരത്തിനും കാലത്തിനും വീട്ടിൽ മടങ്ങിയെത്താനൊക്കെ ബുദ്ധിമുട്ടാണ്. ജോലിയുടെ തരം പോലെ വൈകുവാൻ മതി. അങ്ങനെ ഉറപ്പിച്ച് ഒരു നേരം പാലിക്കാനൊന്നും പറ്റില്ല. ക്ഷീണിച്ച് തളർന്ന് വീട്ടിൽ വരുമ്പോൾ കുട്ടിയുടെ കാര്യങ്ങൾ ഒന്നും വേണ്ടപോലെ നോക്കാൻ മനസ്സും ക്ഷമയും ഉണ്ടാവില്ല. എല്ലാവർക്കും പ്രയാസമാകും, കുട്ടിക്ക് ഏറ്റവും ബുദ്ധിമുട്ടാവും. പിന്നെ മുത്തശ്ശിയാണെങ്കിൽ ഗ്രാമത്തിൽ തനിച്ച് ജീവിക്കുകയുമാണ്. കുട്ടി കൂട്ടുണ്ടാവുന്നത് അവർക്കും സന്തോഷം തന്നെയായിരിക്കുമല്ലോ.

അങ്ങനെയാണ് നാലു വയസ്സുള്ള കുട്ടി ഗ്രാമീണാന്തരീക്ഷത്തിൽ സാമാന്യം വലിയൊരു വീട്ടിൽ മുത്തശ്ശിക്കൊപ്പം താമസമായത്.

കുട്ടി കാലത്തെഴുന്നേറ്റ് വരുമ്പോഴേക്കും മുത്തശ്ശി കുളിയും ജപവുമൊക്കെ കഴിച്ച്  കറിക്ക് നുറുക്കുന്ന ലക്ഷ്മിയ്ക്ക് നിർദ്ദേശങ്ങൾ കൊടുക്കുകയാവും. അല്ലെങ്കിൽ നാമം ചൊല്ലിക്കൊണ്ട് തൈരു കലക്കുകയാവും. കുട്ടിയെ കാണുമ്പോഴേക്കും പൊന്നൂ, ചക്കരേ, മുത്തേ എന്നൊക്കെ വിളിച്ച് കൊണ്ട് ചെയ്യുന്ന പണി നിറുത്തി എണീറ്റ് വരും.

ലക്ഷ്മിക്ക് അതു കാണുമ്പോൾ ഒരു കള്ളച്ചിരിയുണ്ട്; ആ ചിരിക്ക് നല്ല ഭംഗിയുണ്ടെന്ന് കുട്ടി കണ്ടുപിടിച്ചു.

കുട്ടിയെ കുളിപ്പിക്കുന്നതും മുത്തശ്ശിയാണ്. എണ്ണയൊക്കെ തേപ്പിച്ച് തിരുമ്മി വളരെ സാവധാനത്തിൽ വിസ്തരിച്ചാണ് കുളിപ്പിക്കുക. ലക്ഷ്മി അടുത്തിരുന്ന് ഒരു മൊന്ത കൊണ്ട് കുറേശ്ശയായി വെള്ളം ഒഴിച്ച് കൊടുക്കും. അധികം വെള്ളമൊഴിച്ചാൽ മുത്തശ്ശി ‘പതുക്കെ പതുക്കെ എന്താദ് തെരക്ക്‘ എന്നു പറയും. കുളിപ്പിച്ച് രാസ്നാദിപ്പൊടി തലയിൽ തിരുമ്മിയിട്ട്  മുത്തശ്ശി ആ വിരൽ കുട്ടിക്ക് മണപ്പിക്കാൻ കൊടുക്കുമ്പോൾ കുട്ടി ഛി, ഛി എന്നു തുമ്മും. അപ്പോഴൊക്കെ മുത്തശ്ശിക്കും മുമ്പേ ലക്ഷ്മി ‘ഹരി ക്റുഷ്ണാ‘ എന്നു വിളിക്കും.

ആഹാരം കഴിക്കാൻ കുട്ടിക്ക് മടിയായിരുന്നു. മുത്തശ്ശി കുട്ടിക്ക് ചോറ് കൊടുക്കുമ്പോൾ ലക്ഷ്മി പാട്ട് പാടിക്കൊടുക്കും, പാവാട എടുത്ത് കുത്തി ഡാൻസു കളിക്കും, പിന്നെ കണ്ണുരുട്ടി നാക്ക് പുറത്തേക്ക് നീട്ടി പേടിപ്പിക്കുന്ന പൂതമായി വരും. ‘ലക്ഷ്മിയില്ലെങ്കിൽ ഞാൻ തോറ്റത് തന്നെ‘ എന്നു പലവട്ടം പറഞ്ഞുകൊണ്ടാണ് മുത്തശ്ശി കുട്ടിക്ക് ആഹാരം കൊടുക്കുക. കുട്ടി മുഴുവൻ കഴിക്കുന്നത് വരെ ലക്ഷ്മിയുടെ കലാപരിപാടികൾ തുടരും, അത് കാണുമ്പോൾ കുട്ടി അറിയാതെ തന്നെ വായ് ഇടക്കിടെ തുറന്നു പോകും, മതീ മതീ എന്ന് എത്ര വിചാരിച്ചാലും.

ഉച്ചയ്ക്ക് മുത്തശ്ശി നടുവിലെ മുറിയിൽ പുൽപ്പായ വിരിച്ച് കുട്ടിയെ അടുത്ത് കിടത്തി ഉറക്കാൻ നോക്കും. എപ്പോഴും ആദ്യം ഉറങ്ങുക മുത്തശ്ശിയാണ്. കുട്ടിക്ക് ഉറക്കം വരാറില്ല. മുത്തശ്ശി ഉറങ്ങിയാൽ കുട്ടി പതുക്കെ എണീറ്റ് അടുക്കള മുറ്റത്തേക്ക് ചെല്ലും. ലക്ഷ്മി അവിടെ ഓരോരോ പണികൾ ചെയ്യുന്നത് നോക്കിയിരിക്കും.

അപ്പോഴൊക്കെ ലക്ഷ്മി കുട്ടിയോട്  ഒരു ചോദ്യം ചോദിക്കും

‘അമ്മേം അച്ഛനും പണീട്ക്കണ നാട്ടില് വല്ല ആപ്പീസും അടിച്ച് വാരണ പണിയാക്കിത്തരാൻ പറ്യോ മോളെ?‘

കുട്ടി തല കുലുക്കും, പക്ഷേ ഒന്നും പറയില്ല. കുട്ടിയെ തന്നെ ഇവിടെയാക്കി പോയ അമ്മേം അച്ഛനും കുട്ടി പറഞ്ഞാൽ ലക്ഷ്മിക്ക് പണി കൊടുക്കാൻ പോണുണ്ടോ.

കൂടെപ്പോണമെന്ന് വാശി പിടിച്ച് കരഞ്ഞപ്പോൾ ‘നിന്നെ നോക്കാൻ അവിടെ ആരാണിരിക്കുന്നത്?‘ എന്നാണ് അമ്മ ചോദിച്ചത്.

അച്ഛൻ സ്വന്തം ചെവിയിൽ വിരൽ കൊണ്ട് നിറുത്താതെ ചൊറിയുകയായിരുന്നു, കുട്ടി കരയുമ്പോഴൊക്കെ. അങ്ങനെയാണ് കുട്ടി കരച്ചിൽ നിർത്തിയത്. ആരും നോക്കാനായി വീട്ടിലില്ലെങ്കിൽ അമ്മേം അച്ഛനും ഓഫീസിൽ പോകുമ്പോൾ കുട്ടിക്ക് പേടിയാവില്ലേ. അതുകൊണ്ടല്ലേ കുട്ടിയെ മുത്തശ്ശീടടുത്ത് നിറുത്തിയിരിക്കുന്നത്.

 ഈ കാര്യങ്ങളൊക്കെ ലക്ഷ്മിക്കും അറിയാം. എന്നാലും വെറുതെ ഒരു ചോദ്യം………..

കുട്ടി അടുക്കള മുറ്റത്തിറങ്ങിയാൽ ലക്ഷ്മി ആധി പിടിക്കും,

 ‘ഇങ്ങട് പോര്വോ. വല്ല കല്ലോ മുള്ളോ കൊള്ളും. മുത്തശ്ശ്യമ്മ വന്നാ ലക്ഷ്മിയെ ചീത്തപറഞ്ഞ് ഓടിക്കും. പിന്നെ ഞാൻ എന്താ കാട്ടാ? ഓടി വരാൻ ഒരെടോം ഇല്ലാണ്ടായാലേ … ന്റെ മോളെ …‘

എന്നാലും കുട്ടി പെട്ടെന്നൊന്നും അകത്തേക്ക് വരില്ല. അപ്പോൾ ലക്ഷ്മി കഥ പറയാൻ തുടങ്ങും, മടിയിലിരുത്തി തലമുടിയിൽ പരതിക്കൊണ്ടാണ് കഥ പറയുക. അവിടെയാണ് കുട്ടിയും തോറ്റ് പോകുന്നത്. കാരണം അപ്പോൾ കുട്ടിയും അറിയാതെ ഉറങ്ങിപ്പോകും.

വൈകുന്നേരം  വലിയ ഒരു പാത്രത്തിൽ ചോറും കൊണ്ടാണ് ലക്ഷ്മി അവളുടെ വീട്ടിലേക്ക് പോകുന്നത്. അവൾ കുളിച്ചിട്ട് പോയാൽ മതിയെന്ന് മുത്തശ്ശി നിർബന്ധിക്കും. അതുകൊണ്ട് കുളിച്ച് വസ്ത്രം മാറി  നുള്ള് ഭസ്മം കൊണ്ട് നെറ്റിയിൽ ഒരു കുറിയും വരച്ചിട്ടാണ് പോവുക.

 ‘ലക്ഷ്മി സൂക്ഷിക്കണം. നോക്കീം കണ്ടും നിക്കണം.വാതലു കുറ്റീടാണ്ട് ഒറ്ങ്ങരുത്‘ എന്നാണ് മുത്തശ്ശി അവളെ യാത്രയാക്കുന്നത്.

വിളക്ക് വെക്കുന്നതിനു മുമ്പേ തന്നെ രാത്രി എന്നും മുത്തശ്ശിക്ക് കൂട്ട് കിടക്കാൻ വരുന്ന നാണിത്തള്ള എത്തും.  അവർ വന്നാലുടനെ മുത്തശ്ശി വിളക്ക് കൊളുത്തിക്കാണിക്കാറുണ്ട്. തുളസിത്തറയിലും മുത്തശ്ശൻ ഉറങ്ങുന്നേടത്തും ഇരുട്ട് പിടിച്ച പാമ്പിൻ കാവിലും എല്ലാം. മുത്തശ്ശിക്ക് ഇരുട്ടിനെയൊന്നും പേടിയില്ല. കുട്ടിയും നാണിത്തള്ളയും മുത്തശ്ശിയും കൂടിയാണ് നാമം ചൊല്ലാനിരിക്കുന്നത്. കുട്ടിയും മുത്തശ്ശിയും അകത്ത് വിളക്കിനടുത്ത് ഇരിക്കും, നാണിത്തള്ള പുറത്ത് വരാന്തയിലാണിരിക്കുക. നാമം ചൊല്ലൽ കഴിഞ്ഞ് നമസ്ക്കരിക്കുന്നതിനു മുമ്പേ ‘ലക്ഷ്മിയെ കാക്കണേ എന്റെ തേവരെ‘ എന്നൊരു പ്രാർഥനയുമുണ്ട് മുത്തശ്ശിക്ക്. ലക്ഷ്മി വഴിയിലൊന്നും തട്ടിത്തടഞ്ഞ് വീഴാതെ ചോറ് കളയാതെ വീട്ടിലെത്താനാണത്രെ. അതു കേട്ട് കേട്ട് കുട്ടിയും അങ്ങനെ പ്രാർഥിക്കാൻ തുടങ്ങി, കുറച്ച് കഴിഞ്ഞപ്പോൾ.

രാത്രിയിൽ കഞ്ഞി കുടിക്കുന്നത് നാണിത്തള്ളയുടെ വർത്തമാനങ്ങൾ കേട്ടുകൊണ്ടാണ്. നാണിത്തള്ളയ്ക്ക് അറിഞ്ഞു കൂടാത്ത ഒരു കാര്യവുമില്ല.  അയൽ പക്കത്തുള്ള എല്ലാ വീട്ടുകാരെയും പറ്റി ഓരോരോ കാര്യങ്ങൾ മുത്തശ്ശിയോട് പറഞ്ഞു കൊടുക്കും. ഇടക്കിടക്ക് ഒരു കുഞ്ഞിക്കിളിയുടെ ചിലയ്ക്കൽ പോലെ ചിരിക്കുകയും ചെയ്യും.  കുട്ടിക്ക് കഞ്ഞി കൊടുത്ത് ഉറക്കാൻ കിടത്തിയിട്ടാണ് മുത്തശ്ശി കഞ്ഞി കുടിക്കുക. കുട്ടിയെ മെല്ലെ മെല്ലെ തട്ടിക്കൊണ്ട് കേട്ടാൽ ഉറക്കം വരുന്ന പോലെയുള്ള  ഒരു ഒച്ചയിൽ നാണിത്തള്ള മുത്തശ്ശിയോട് സംസാരിച്ച് കൊണ്ടിരിക്കും. അത് കേട്ടുകൊണ്ടാണ് കുട്ടി എന്നും ഉറങ്ങിപ്പോവുക.

ലക്ഷ്മിക്ക് എണീക്കാനേ പറ്റാത്ത ഒരമ്മയും നാലു അനിയത്തിമാരും ഒരു പണിയും ചെയ്യാത്ത ഒരച്ഛനുമുണ്ടെന്ന് നാണിത്തള്ളയാണ് കുട്ടിയോട് പറഞ്ഞത്. ‘അവളക്ക് കഷ്ടപ്പാടാ എപ്പളും‘ എന്നും തള്ള പറഞ്ഞു. അമ്പലത്തിലെ പറയെടുപ്പിന് ആനയും വെളിച്ചപ്പാടും പരിവാരങ്ങളും  വന്ന ദിവസമായിരുന്നു അത്. അന്ന് ലക്ഷ്മിയുടെ കൂടെ നാലു കുട്ടികളും വന്നിരുന്നു. പറയെടുപ്പ് കഴിഞ്ഞാൽ സദ്യ ഉണ്ണാൻ കിട്ടുമെന്ന് വെച്ചാണ് പട്ടിണിക്കുന്തങ്ങൾ വന്നതെന്നാണ് നാണിത്തള്ള പറഞ്ഞത്. മുത്തശ്ശിയുടെ തിരക്ക് കഴിഞ്ഞിട്ട് വേണം പട്ടിണിക്കുന്തങ്ങളെന്ന് വെച്ചാൽ എന്താണെന്ന് ചോദിച്ച് മനസ്സിലാക്കാനെന്ന് കുട്ടി വിചാരിച്ചു.

ആ കുട്ടികൾ ചോറുണ്ണുന്നത് കണ്ടപ്പോൾ കുട്ടിക്ക് പേടിയായി. എത്ര വേഗത്തിലാണ് ഉണ്ടു തീർക്കുന്നതെന്നോ. അവർക്ക് കഥയും പാട്ടും പൂതത്തിന്റെ കളിയുമൊന്നും വേണ്ട ഊണു കഴിക്കാൻ. പായസം ഇലയിൽ തന്നെ വിളമ്പിയാണ് കഴിച്ചത്. ഒരു തുള്ളി പോലും പുറത്ത് പോയില്ല. കുട്ടി അവരെ നോക്കി അതിശയത്തോടെയും സ്നേഹത്തോടെയും ചിരിച്ചു, പക്ഷെ അവർ ചിരിച്ചില്ല, കുറച്ച് കഴിഞ്ഞപ്പോൾ കൂട്ടത്തിൽ വലുതെന്ന് തോന്നിപ്പിച്ച കുട്ടിയുടെ  തലയിൽ ഒരു പാത്രം ചോറും വെച്ച് കൊടുത്ത് ലക്ഷ്മി അവരെ യാത്രയാക്കി.

അന്ന് ഊണു കഴിക്കുമ്പോൾ കുട്ടി മിടുക്കത്തിയായി ആഹാരം കഴിച്ചു. ആ നാലു കുട്ടികളിൽ ഏറ്റവും ചെറിയ കുട്ടിക്ക് പോലും തന്നെക്കാൾ വേഗത്തിൽ ഉണ്ണാൻ പറ്റുമെന്ന് കുട്ടി കണ്ടു. താനും അതു പോലെ പെട്ടെന്ന് കഴിക്കാൻ പഠിക്കണമെന്ന് കുട്ടി നിശ്ചയിച്ചു. പതുക്കെപ്പതുക്കെ ഊണു കഴിക്കുന്നത് ഒരു മോശം പരിപാടിയാണെന്ന് കുട്ടിക്ക് മനസ്സിലായി. മുത്തശ്ശി ചോറുരുട്ടിത്തരുന്നതും ശരിയല്ല. സ്വയം കഴിക്കുകയാണ് വേണ്ടത്. ഒരു ദിവസം  വിളമ്പിത്തരുന്ന ആഹാരം മുഴുവനും വേഗത്തിൽ കഴിച്ച് എല്ലാവരെയും അതിശയിപ്പിക്കണമെന്ന് കുട്ടി തീരുമാനിച്ചു. അത് നാളെയാവട്ടെ എന്നു നിശ്ചയിച്ചാണ് കുട്ടി അന്ന് രാത്രി ഉറങ്ങിയത്.

പിറ്റേന്ന് രാവിലെ കുട്ടി എണീറ്റ് വരുമ്പോഴും നാണിത്തള്ള പോയിരുന്നില്ല. അടുക്കള വരാന്തയിൽ താടിക്ക് കൈയും കൊടുത്തിരിക്കുന്നുണ്ടായിരുന്നു. അത് തീരെ പതിവില്ലാത്ത കാര്യമായതു കൊണ്ട് കുട്ടിക്ക് അതിശയം തോന്നി.സാധാരണയായി രാവിലത്തെ മുറ്റമടിയും കഴിഞ്ഞ് , ഒരു വെറും ചായയും കുടിച്ച് നാണിത്തള്ള പോയിരിക്കും. മുറ്റമടിച്ചതിനു പല കുറവുകളും ലക്ഷ്മി എന്നും കണ്ട് പിടിക്കാറുണ്ട്. ‘നാണിത്തള്ള ഒരു സൂത്രാലിയാ‘ എന്ന് കണ്ണിറുക്കിക്കൊണ്ട് പറയും. അങ്ങനെയാണ് നാണിത്തള്ളയാണ് മുറ്റമടിക്കുന്നതെന്നും മറ്റും കുട്ടിക്ക് മനസ്സിലായത്.

 അപ്പോഴേക്കും  അടുക്കളയിലെ ഇരുട്ടിൽ നിന്ന് ലക്ഷ്മിയുടെ പൊട്ടിക്കരച്ചിൽ ഉയർന്നു. പരിഭ്രമത്തോടെ കുട്ടി ഓടിച്ചെന്ന് ലക്ഷ്മിയോട് ‘ന്താണെന്താണ് ‘എന്ന് ചോദിച്ചു. ലക്ഷ്മി കൂടുതൽ ഉച്ചത്തിൽ കരഞ്ഞതല്ലാതെ ഒന്നും പറഞ്ഞില്ല. അടുത്ത നിമിഷം കുട്ടിയും ഉറക്കെ കരയാൻ തുടങ്ങി. കുട്ടിക്ക് ലക്ഷ്മി കരയുന്നതു കണ്ടിട്ട് അത്രയധികം സങ്കടം വരുന്നുണ്ടായിരുന്നു. അടുക്കളയിലെ ഇരുട്ടിൽ മുത്തശ്ശിയുമുണ്ടായിരുന്നുവെന്ന് അവർ കുട്ടിയെ വാരിയെടുത്തപ്പോഴാണ് കുട്ടിയറിഞ്ഞത്. മുത്തശ്ശി കുട്ടിയെ ചേർത്തുപിടിച്ച് സമാധാനിപ്പിക്കുവാൻ ശ്രമിച്ചു. അവർ ഒന്നും തന്നെ സംസാരിച്ചില്ല.

അതും കണ്ട് വരാന്തയിലെ ഇരുപ്പ് മതിയാക്കി, നാണിത്തള്ള കുട്ടിയെ എടുക്കുവാൻ വന്നപ്പോൾ കുട്ടി കൈകാലുകൾ കുടഞ്ഞ് പ്രതിഷേധിച്ചു. അപ്പോൾ മുത്തശ്ശി ഒരു തരം അടഞ്ഞ ഒച്ചയിൽ ‘മോളു കരേണ്ട, ലക്ഷ്മിക്ക് സുഖല്ല്യ , നാണിത്തള്ള പാട്ട് പാടി തരും, പൊക്കോളൂ ‘ എന്നു പറഞ്ഞു. വയസ്സായെങ്കിലും നാണിത്തള്ളയ്ക്ക് നല്ല ബലമുണ്ടെന്ന് കുട്ടിക്ക് വേഗം മനസ്സിലായി. കുട്ടിക്ക് ഒന്നും ചെയ്യാൻ പറ്റുന്നതിനു മുൻപ് അല്ലെങ്കിൽ മുത്തശ്ശിയുടെ കൈയിൽ നിന്ന് കുട്ടിയെ എടുക്കാൻ സാധിക്കുമോ? 

പിറ്റേന്നും അതിന്റെ പിറ്റേന്നുമൊന്നും ലക്ഷ്മി വന്നില്ല. മുത്തശ്ശിയും ലക്ഷ്മിയെ അന്വേഷിക്കാതെ സാധാരണപോലെ ജോലികൾ ചെയ്തു കൊണ്ടിരുന്നു. കുട്ടി ചോദിച്ചപ്പോഴൊക്കെ ‘ലക്ഷ്മിക്ക് സുഖമില്ല‘ എന്നു മാത്രമേ മുത്തശ്ശി പറഞ്ഞുള്ളൂ. നാണിത്തള്ള സന്ധ്യക്കു മാത്രമല്ല പകലുകളിലും ജോലി ചെയ്യാൻ വന്നെത്തിയത് കുട്ടിക്ക് അത്ര ഇഷ്ടമായില്ല. ലക്ഷ്മി വരാതായപ്പോൾ പാട്ടും ഡാൻസും പൂതത്തിന്റെ കളിയുമെല്ലാം നിന്നു. നാണിത്തള്ളയുടെ ‘തള്ളേ തള്ളേ‘ പാട്ട് കേട്ട് കുട്ടിക്ക് വല്ലാതെ മടുത്തു. എത്ര നാൾ കഴിഞ്ഞിട്ടും ലക്ഷ്മി വന്നില്ല. മുത്തശ്ശിയും നാണിത്തള്ളയുമാണെങ്കിൽ ലക്ഷ്മിയെ മറന്ന മാതിരിയാണ്. ഇത്രയധികം കാലം സൂക്കേടായിക്കിടക്കാൻ മാത്രം എന്തു പനിയാണാവോ ലക്ഷ്മിക്ക് വന്നത്?

കുട്ടി ഇംഗ്ലീഷ് അക്ഷരമാല  മുഴുവനും ഒരു തെറ്റും കൂടാതെ എഴുതാൻ പഠിച്ചതിന്റെ പിറ്റേദിവസമാണ് കുറേ നാളു കൂടി ലക്ഷ്മി വന്നത്. നല്ല മഴ പെയ്യുന്നുണ്ടായിരുന്നു. ആ നേരത്ത് അടുക്കള വരാന്തയിൽ പരിചയമില്ലാത്ത ഒരു കരച്ചിൽ ഉയർന്നു. കുട്ടിക്കിപ്പോൾ പണ്ടത്തെ മാതിരി അടുക്കള വരാന്തയിലിരിക്കാനൊന്നും ഇഷ്ടം തോന്നുന്നില്ല. കുട്ടി വലുതായി, സ്കൂളിൽ പോകാറായി, അവിടേം ഇവിടേം ഇരുന്ന് സമയം കളയാതെ പഠിക്കണമെന്ന് അമ്മയും അച്ഛനും കുട്ടിയോട് പറഞ്ഞിട്ടുണ്ട്. എന്നാലും കരച്ചിൽ കേട്ടപ്പോൾ  നോക്കിക്കൊണ്ടിരുന്ന പടപ്പുസ്തകം അടച്ച് വെച്ച് കുട്ടി അങ്ങോട്ട് പോയി.

അതിശയമായിരിക്കുന്നല്ലോ, വന്നിരിക്കുന്നത് ലക്ഷ്മിയാണ്. കുട്ടിക്ക് വലിയ സന്തോഷം തോന്നിയെങ്കിലും അത്രക്കങ്ങോട്ട് കൂട്ടാവണ്ട എന്നാണ് കുട്ടി കരുതിയത്. ഒരക്ഷരം പറയാതെ പോയില്ലേ, ലക്ഷ്മി. പിന്നെ എത്ര നാൾ കഴിഞ്ഞു, ഇതു വരെ ഒന്നു വന്നു നോക്കിയോ, ഒരു പാട്ട് പാടിത്തന്നോ? കുട്ടി ഇപ്പോൾ വലുതായി, പാട്ടും കളിയുമൊന്നും ഇല്ലാതെ തന്നെ ഊണു കഴിക്കാറൊക്കെയായി. വളരെ പതുക്കെ ഒന്നു ചിരിക്കാമെന്നു കരുതി കുട്ടി നോക്കുമ്പോഴുണ്ട് വരാന്തയിൽ ശീതനടിക്കാതെ കുറച്ച് മാറി ഒരു തുണി വിരിച്ച് അതിലൊരു കുഞ്ഞിനെ കിടത്തിയിരിക്കുന്നു. നന്നെ ചെറിയ ഒരു ചുവന്ന കുഞ്ഞ്, അതിനെ വേണമെങ്കിൽ എടുത്ത് മുത്തശ്ശിയുടെ പൂത്തട്ടത്തിൽ ഇടാമെന്ന് കുട്ടിക്ക് തോന്നി. മുത്തശ്ശി അതിന്റെ വായിൽ എന്തോ ഇറ്റിക്കുന്നുണ്ട്. അതും നോക്കി ഏങ്ങലടിച്ച് കരയുകയാണ് ലക്ഷ്മി. 

കുട്ടിയെ കണ്ടപ്പോൾ ലക്ഷ്മി ചിരിച്ചു. എന്നിട്ട് കണ്ണീരു തുടച്ചു.

ലക്ഷ്മിയുടെ ചിരിക്ക് പഴയ ഭംഗിയൊന്നുമില്ലെന്ന് കുട്ടിക്ക് തോന്നി. വാടിയ മുല്ലമാല പോലെ ഒരു ഉണങ്ങിയ ചിരി.

ലക്ഷ്മി കൈയിൽ പിടിച്ചുകൊണ്ട് ചോദിച്ചു. ‘എന്നെ മറന്നോ മോളുക്കുട്ടീ?‘

കുട്ടി ചിരിച്ചു കൊണ്ട് ഇല്ല എന്ന അർഥത്തിൽ തലയാട്ടി.

എന്നിട്ട് ചുവന്ന കുഞ്ഞിനെച്ചൂണ്ടി കുട്ടി ചോദിച്ചു, ‘ഇതേതാ ഈ കുട്ടി, ഇതിനെ എവിട്ന്നാ കിട്ടീത്? മുത്തശ്ശീടെ പൂത്തട്ടിലിടാലോ അതിനെ’.

ലക്ഷ്മി പൊട്ടിക്കരഞ്ഞുകൊണ്ട് പറഞ്ഞു. ‘ന്റെ അനീത്തി……അല്ലാ,… ന്റെ മോള്……ന്റെ…ന്റെ…ഞാൻ എന്താ പറ്യേണ്ട് ….ഹെന്റീശ്വരാ‘.

ലക്ഷ്മിയുടെ കരച്ചിൽ കണ്ട് കുട്ടി പേടിച്ച് പോയി. പരിഭ്രമം കൊണ്ട് കുട്ടി വിക്കുന്നുണ്ടായിരുന്നു. ‘അയ്യോ നിക്ക് വേണ്ടാ ആ കുട്ടീനെ. ലക്ഷ്മിയന്നെ എട്ത്തോളൊ.‘

കുട്ടി നോക്കുമ്പോൾ മുത്തശ്ശിയും കരയുകയായിരുന്നു. അപ്പോൾ കുട്ടിക്കും കരച്ചിൽ വന്നു.

Wednesday, September 23, 2009

ദൈവത്തിന്റെ വിരലുകൾ ഗിറ്റാർ വായിക്കുമ്പോൾ (മൗനത്തിനപ്പുറത്തേക്ക്)


അഭിരാമം, Street Light, അഭിരാമവാരഫലം


                                             

അത്ര നല്ലതൊന്നുമല്ലാത്ത ഒരു ഗിറ്റാർ എന്റെ പക്കലുണ്ട്.

ഓൾഡ് ഡൽഹിയിലെ ഒരു ഷോപ്പിൽ നിന്നും കരസ്ഥമാക്കിയത്.

അതിൽ വല്ലപ്പോഴും ചില ശബ്ദങ്ങളൊക്കെ ഞാനുണ്ടാക്കിപ്പോന്നു. അത് താങ്ങാവുന്നതിനപ്പുറമാകുമ്പോൾ എന്റെ മകൻ ഒരു ഗാനം മീട്ടി എന്നെ നിശ്ശബ്ദയാക്കാറുണ്ടായിരുന്നു.

അങ്ങനെ ഒരു ദിവസം അവൻ മീട്ടിയ ഗാനം പൊടുന്നനെ ‘ക്ടിം‘ എന്ന് മുറിഞ്ഞു. ഗിറ്റാറിന്റെ ഒരു കമ്പി പൊട്ടിപ്പോയതാണ്.

അതിനു ശേഷം ആ ഗിറ്റാർ അനാഥമായി തറയിൽ വിരിച്ച മെത്തമേൽ കുറെക്കാലം വിശ്രമിച്ചു.

ഒരു നാൾ ഗിറ്റാറിന്റെ പൊട്ടിപ്പോയ കമ്പി വാങ്ങുമ്പോൾ,  ഷോപ്പുടമയോട് ഞാൻ വെറുതെ ചോദിച്ചു. ‘വീട്ടിൽ വന്ന് ഗിറ്റാർ പഠിപ്പിച്ച് തരാൻ പറ്റിയ ആരെങ്കിലും ഉണ്ടോ?‘

അവർ എന്റെ മേൽ വിലാസവും ഫോൺ നമ്പറും കുറിച്ചെടുത്തു. ഒരു അധ്യാപകനുണ്ടെന്നും അദ്ദേഹം ഫോൺ ചെയ്ത് സമയം ചോദിച്ചിട്ട് വീട്ടിൽ വന്നു കാണുമെന്നും അവർ പറഞ്ഞു.

ഞാൻ അത് അപ്പോൾ തന്നെ മറന്നുവെന്നതാണ് സത്യം.

പിറ്റേന്ന് വൈകുന്നേരം ഞാൻ ഗിറ്റാർ പഠിപ്പിക്കുന്ന സാറാണെന്നും സൌകര്യമുണ്ടെങ്കിൽ ഇപ്പോൾ വന്നു കാണാമെന്നും ഫോണിലൂടെ പരിചയപ്പെടുത്തിയ സ്വരത്തിനോട് എനിക്ക് യാതൊരു താൽപ്പര്യവും തോന്നിയില്ല.

മോശമായ ഹിന്ദി.

അതിലും മോശമായ ഇംഗ്ലീഷ്.

‘ശരി, വരൂ‘ എന്ന് വളരെ ഹ്രസ്വമായി പറഞ്ഞ് ഫോൺ ‘ക്ടിം‘ ശബ്ദത്തോടെ ഞാൻ താഴെ വെച്ചു.

സന്ധ്യയോടടുപ്പിച്ച് മൂന്നാം നിലയിലെ ഫ്ലാറ്റിൽ കിതച്ച് കൊണ്ട് എത്തിയ അധ്യാപകനെ ആദ്യം തണുത്ത വെള്ളവും പിന്നെ ചായയും ബിസ്ക്കറ്റും കൊടുത്ത് ഞാൻ സ്വീകരിച്ചു.

എനിക്കയാൾ ഒരു കോമാളിയാണെന്നു തോന്നി.

കറുത്ത് തടിച്ച് കുറുതായ ഒരു മനുഷ്യൻ.

എലിവാലു പോലെയിരിക്കുന്ന തലമുടി നീട്ടി വളർത്തി റബർ ബാൻഡിട്ടിരിക്കുന്നു.

നന്നെ നീളം കുറഞ്ഞ് കണ്ടാൽ കൂർക്ക പോലെ, ഉരുണ്ടു കറുത്ത തടിച്ച വിരലുകൾ, അവയുടെ പിൻപുറത്ത് നിറയെ കറുത്ത രോമങ്ങളും.

ഹിന്ദിയും ഇംഗ്ലീഷും ഇട കലർത്തി ഒരു വ്യാകരണവുമില്ലാത്ത അവിയലോ എരിശ്ശേരിയോ ആയ ഭാഷ.

സാമാന്യം രൂക്ഷമായ വിയർപ്പു ഗന്ധം.

അയ്യേ! ഈ നാശം പിടിച്ചവൻ എന്തു പഠിപ്പിക്കാനാണ്? പൊയ്ക്കോളാൻ പറഞ്ഞേക്കാം.

എന്റെ പ്രസന്നതയില്ലാത്ത മുഖം എന്റെ വികാരങ്ങളെ വെളിപ്പെടുത്തിയോ ?

എന്തായാലും ആ പഴയ ഗിറ്റാർ കൈയിലെടുത്ത് തന്റെ  കറുത്ത ഉരുണ്ട വിരലുകൾ അയാൾ അതിന്മേൽ പായിച്ചു.

പൊടുന്നനെ എന്റെ വരണ്ടുണങ്ങിയ ഫ്ലാറ്റിൽ ആയിരമായിരം നീർമലരുകൾ പൊട്ടി വിടർന്നു. പുതു പുഷ്പങ്ങളുടെ സൌരഭ്യം അവിടെയാകെ പടർന്നൊഴുകി. ആ പഴഞ്ചൻ ഫ്ലാറ്റ് ഇളം കാറ്റിൽ ആടുന്ന ഇലകളും, പാടുന്ന പഞ്ചവർണ്ണക്കിളികളും നിറഞ്ഞ ഒരു പൂങ്കാവനമായി മാറി.

നാദപ്രപഞ്ചം എന്റെ മുൻപിൽ മോഹിപ്പിക്കുന്ന ഇന്ദ്രജാലമായി ഇതൾ നിവർന്നു.

എന്റെ ഉള്ളിൽ കുയിലുകൾ പാടി, മയിലുകൾ പീലി വിടർത്തിയാടി.

ഞാൻ ചിരിച്ചു.

ഞാൻ കരഞ്ഞു.

ദൈവത്തിന്റെ വിരലുകൾ ഗിറ്റാർ വായിക്കുന്നത് ഞാൻ കാണുകയായിരുന്നു.

വിരൂപനായ ആ ഗുരുവിനെ ഞാൻ നമസ്ക്കരിച്ചു.

അങ്ങനെയാണ് ഞാൻ ഗിറ്റാർ പഠിച്ചു തുടങ്ങിയത്. ഗിറ്റാർ എനിക്ക് വഴങ്ങിയില്ല. എങ്കിലും ഞാൻ അതു വായിച്ചുപോന്നു. ചില സ്വരങ്ങൾ മെല്ലെ മെല്ലെ ശരിയായി. കൂടുതൽ സ്വരങ്ങളും എന്നെ പരിഹസിച്ചുകൊണ്ട് അകലെ മാറി നിന്നു.

താഴത്തെയും മുകളിലെയും വശങ്ങളിലെയും ഫ്ലാറ്റുകളിലെ അയൽക്കാർ പരിഭവം പ്രകടിപ്പിച്ചു. ‘ഈ വയസ്സു കാലത്ത് ഇതിന്റെ ആവശ്യമുണ്ടോ?‘

ഞാൻ ചിരിച്ചു, ‘നേരം പോകേണ്ടേ?’

‘ശരി, ആന്റി അങ്ങനെയാകട്ടെ, ഞങ്ങൾ പഞ്ഞി വെച്ചുകൊള്ളാം‘ അവർ ഒരേ സ്വരത്തിൽ പാടി.

എന്റെ ഗുരുനാഥൻ ക്ഷമാപൂർവം എന്നെ പഠിപ്പിച്ചു. ഒരിക്കലും അസഹ്യത പ്രകടിപ്പിച്ചില്ല. പരിഹസിക്കുകയോ പുച്ഛിക്കുകയോ ചെയ്തില്ല.

അങ്ങനെ ഒരു ദിവസം ക്ലാസ്സ് കഴിയവേ ഞാൻ വെറുതേ അന്വേഷിച്ചു. ‘സാറിന്റെ ഫാമിലി, കുട്ടികൾ…..’ 

‘ഞാൻ അവിവാഹിതനാണ്.‘

അവിടെ നിറുത്തേണ്ടതായിരുന്നില്ലേ ഞാൻ? ബുദ്ധിയില്ലാത്തതുകൊണ്ട്  എനിക്ക്  അത് തോന്നിയില്ല.

‘എന്താണ് സാർ, കല്യാണം കഴിക്കാതിരിക്കുന്നത്?’

അദ്ദേഹം ഒരു നിമിഷം മൌനമായിരുന്നു.പിന്നെ വളരെ മെല്ലെ പറഞ്ഞു. ‘ഞാൻ ആഗ്രഹിച്ചവളെ സ്വന്തമാക്കാനുള്ള കഴിവ് എനിക്കുണ്ടായില്ല‘.

അധികം നീളമുള്ള  കഥയൊന്നുമല്ല. ചെറിയ ഒരു കഥ.

ഇരുപത്തഞ്ചു വർഷം മുൻപ് യൌവനത്തിൽ അദ്ദേഹം ഒരു പെൺകുട്ടിയെ സ്നേഹിച്ചിരുന്നു. അവളും അദ്ദേഹത്തെ സ്നേഹിച്ചു. അവരൊരുമിച്ച് സ്വപ്നങ്ങൾ നെയ്തു, എല്ലാവരേയും പോലെ. ഒടുവിലാണ് അദ്ദേഹത്തിന്റെ വരുമാനം തീരെ കുറവാണെന്ന് ആ പെൺകുട്ടിയുടെ വീട്ടുകാർ കണ്ടെത്തിയത്.

ഗിറ്റാറിൽ പാട്ടു വായിച്ചാൽ വയറ് നിറയുമോ?

വെള്ളിപ്പാത്രങ്ങളും രത്നം പതിച്ച ആഭരണങ്ങളും പട്ടു സാരികളും വാങ്ങാൻ കഴിയുമോ?

അതുകൊണ്ട് അവർ അവളെ ധനാഢ്യനായ ഒരാൾക്ക് വിവാഹം ചെയ്തു കൊടുത്തു.

മണ്ടശ്ശിരോമണിയായ ഞാൻ തുടർന്നും സംസാരിച്ചു.

‘ശരി, അവർ സാറിനെ വിട്ടു പോയി. സാർ ഇങ്ങനെ ഏകാകിയാകുന്നതെന്തിന്? അവരെ മറന്നിട്ട് മറ്റൊരാളെ ഇഷ്ടപ്പെടുകയും ഒന്നിച്ച് ജീവിക്കുകയും ചെയ്തു കൂടേ?‘

മറുപടി വളരെ ചെറുതായിരുന്നു.

‘മറ്റൊരു സ്ത്രീയെ മനസ്സുകൊണ്ടും ശരീരം കൊണ്ടും ആഗ്രഹിക്കുവാൻ ഇതുവരെ സാധിച്ചിട്ടില്ല, സാധിക്കുമ്പോൾ ഒന്നിച്ച് ജീവിക്കാനായേക്കും.‘

പറഞ്ഞു തീർന്നപ്പോൾ ആ കണ്ണുകളിൽ നനവുണ്ടായി.

ഞാൻ സ്തംഭിച്ചിരുന്നു.

എന്നെ മറന്നുവെന്ന് എനിക്ക് തോന്നിയ ആരേയും ഞാൻ ഓർമ്മിച്ചിരുന്നില്ല. എനിക്ക് ഫോൺ ചെയ്ത് ക്ഷേമമന്വേഷിക്കാത്തവരെ ഞാനും അന്വേഷിച്ചിരുന്നില്ല. എനിക്ക് കത്തയയ്ക്കാത്തവർക്ക് ഞാനും കത്തയച്ചിരുന്നില്ല. എന്നെ കാണാൻ വരാത്തവരുടെ വീട്ടിൽ പോകാൻ ഞാൻ വിസമ്മതിച്ചു. വല്ലപ്പോഴുമൊരിക്കൽ ഇതിലേതെങ്കിലും വേണ്ടി വന്നാൽ ഞാൻ വലിയ ഒരു ത്യാഗം ചെയ്യുന്നതു മാതിരി, രക്തസാക്ഷിയുടെ റോൾ അഭിനയിക്കുമായിരുന്നു.

ഇതാ, എന്റെ മുൻപിലിരിക്കുന്ന ഈ മനുഷ്യൻ തന്നെ എന്നേക്കുമായി വിട്ടു പോയ ആ സ്ത്രീയെ കഴിഞ്ഞ ഇരുപത്തഞ്ചു വർഷമായി സ്നേഹിക്കുകയാണ്!!

ഞാൻ വാക്കുകൾക്ക് വേണ്ടി പരതി.

‘സാർ.. അവരെക്കുറിച്ച് …… അവരുടെ ജീവിതം നന്നായിരിക്കുന്നോ?....’

ഞാൻ പകുതിയിൽ നിറുത്തി. മറ്റൊരു പെണ്ണിനെ എന്തു ബന്ധത്തിന്റെ പേരിലായാലും, ഒരു പുരുഷൻ അല്പമെങ്കിലും പരിഗണിക്കുന്നതു കാണുമ്പോൾ തന്നെ, അസഹിഷ്ണുത നിമിത്തം പുകഞ്ഞു പോകുന്ന ഒരു പെണ്ണിനെപ്പോലെ എന്റെ ഉള്ളിലെ അസൂയക്കാരിയും ഫണം നിവർത്തുകയായിരുന്നു. എങ്കിലും ഞാനത് കൌശലത്തോടെ ഒതുക്കിവെച്ചു.  ഒരു തരം അതീവ നിഷ്കളങ്കത്വം അഭിനയിക്കുന്ന ഈശ്വര ഭക്തയുടെ മുഖം മൂടി മനസ്സിനെ ധരിപ്പിച്ചുകൊണ്ട് ഞാനാശിച്ചു. 

അവൾക്ക് ദൈവം ശിക്ഷ കൊടുത്തിരിക്കും….. ഇങ്ങനെയൊരാളെ തള്ളിക്കളഞ്ഞവൾക്ക് ….

പക്ഷെ, ഞാനാഗ്രഹിച്ച ഉത്തരമേയല്ല എനിക്ക് കിട്ടിയത്.

‘നല്ലൊരു ജീവിതമാണ് അവൾക്കുള്ളത്. എനിക്കതാണ് ഏറ്റവും വലിയ ആഹ്ലാദം. അവൾ വേദനിക്കുന്നുവെന്നറിയുകയും എനിക്കൊന്നും ചെയ്യാൻ പറ്റാതാവുകയുമാണെങ്കിൽ…… സ്നേഹിക്കുന്നവർ ദു:ഖിക്കുന്നുവെന്നറിയുക കഠിനമാണ്.‘

എനിക്ക് സഹിക്കുവാൻ സാധിച്ചില്ല.

എന്റെ നിറഞ്ഞ കണ്ണുകൾ അദ്ദേഹത്തിൽ നിന്ന് ഒളിപ്പിക്കുവാൻ വേണ്ടി ഞാൻ തിടുക്കത്തിൽ അടുക്കളയിലേക്കു നടന്നു.

ചായയുണ്ടാക്കുമ്പോൾ ഗിറ്റാറിന്റെ ശബ്ദം കേട്ടു തുടങ്ങി.

അതെ, ദൈവം തന്റെ വിരലുകൾ കൊണ്ട് ഗിറ്റാർ വായിക്കുകയാണ്.

Thursday, September 17, 2009

അയ്യോ, ഭർത്താവിനെ ഇപ്പോ കൊണ്ടു വരണ്ട!!!

കുറച്ച് ദിവസമായി ഡ്രൈവിംഗ് പഠിക്കാനുള്ള കഠിന പരിശ്രമത്തിലാണ്, ഞാൻ.

സ്ത്രീ ജന്മം പുണ്യജന്മമെന്ന് സീരിയലിൽ പറഞ്ഞാലും ശരിക്കും അതൊരു ആജീവനാന്ത വികലാംഗ ജന്മമാണെന്ന മട്ടിലായിരുന്നു എന്നെ സദാ അരുതുകളുടെ മതിൽക്കെട്ടുകളിൽ അടക്കമൊതുക്കത്തോടെ വളർത്തിയിരുന്നത്. അതുകൊണ്ട് കുഞ്ഞുന്നാളിൽ പോലും എന്റെ ചേട്ടൻ സൈക്കിൾ ഓടിക്കുമ്പോൾ എനിക്ക് അതു നോക്കി നിൽക്കുക മാത്രമേ സാധിച്ചിരുന്നുള്ളൂ.

ആ ഞാനാണ് ഇപ്പോൾ ഈ സാഹസം കാണിക്കുന്നത്.

ഈ വയസ്സ് കാലത്ത് കാറോടിച്ച് എങ്ങോട്ട് പോകാനാണ് സ്വർഗ്ഗത്തിലേക്കല്ലാതെ എന്നൊക്കെ എല്ലാവരും പറഞ്ഞുവെങ്കിലും നല്ല കരളുറപ്പോടെ, പാലം കുലുങ്ങിയാലും കുലുങ്ങാത്ത കേളനെ നമിച്ച് ഞാൻ ഡ്രൈവിംഗ് പഠിച്ചു വരികയാണ്.

എന്നും രാവിലെ ഒന്നു രണ്ട് വിദ്യാർഥിനികൾക്കൊപ്പം പഠിപ്പിക്കുന്ന അധ്യാപകൻ കാറുമായി വരും. ഞാൻ ഓടിക്കുമ്പോൾ മുപ്പത്തഞ്ചിലും  നാൽപ്പതിലുമൊക്കെ നിൽക്കുന്ന സഹപാഠിനികൾ പൂർണ നിശ്ശബ്ദരായി  അവരുടെ ഉൽക്കണ്ഠകൾ രേഖപ്പെടുത്തിയിരുന്നു. വല്ലപ്പോഴുമൊക്കെ,‘അയ്യോ സ്റ്റിയറിംഗ് സ്റ്റെഡി‘ എന്ന് അവർ പറഞ്ഞു. ‘ഹേയ് ഞാനെത്ര കാറുകൾ ഓടിച്ചിരിക്കുന്നു‘വെന്ന് നിസ്സാരമായി ഭാവിക്കാനുള്ള ആത്മവിശ്വാസമാണെങ്കിലോ എത്ര മേക്കപ്പിട്ടിട്ടും കവിളുകൾ അമർത്തിത്തിരുമ്മി ചുവപ്പിച്ചിട്ടും എന്റെ ചുളിവുകളുള്ള മുഖത്ത് വരുത്തുവാൻ സാധിക്കുന്നുമില്ല.

ക്ലച്ച്, ബ്രേക്ക്, ആക്സില്, ഗിയറ്, ന്യൂട്ടറ്,  സിഗ്നല്, ഇൻഡിക്കേറ്ററ്, എഞ്ചിൻ ഓഫാക്കല്, സ്വിച്ച് കീ തിരിക്കല്…….അങ്ങനെ എന്റെ പദസമ്പത്തും പ്രായോഗികമായ അറിവുകളും കഷ്ടിപിഷ്ടിയായ ആത്മവിശ്വാസവും  പോഷകാഹാരക്കുറവുള്ള കുട്ടിയെപ്പോലെ മെല്ലെ മെല്ലെ വളരുകയാണ്. ഒരു നാൾ ഞാനുമൊരു ഡ്രൈവറാകും എന്ന് ഞാനിപ്പോൾ വിക്കലോടെയാണെങ്കിലും എല്ലാവരോടും പറയുന്നുണ്ട്.

ഇന്ന്, കാർ ക്ലാസ്സിൽ വെച്ച് നാൽപ്പതുകാരി പറഞ്ഞു, ‘സാർ, എന്റെ ഭർത്താവ് നാളെ കാറിലിരിക്കാമെന്ന് അറിയിച്ചിട്ടുണ്ട്, ഞാൻ എങ്ങനെയാണ് വണ്ടി ഓടിക്കുന്നതെന്ന് മനസ്സിലാക്കാൻ,‘

‘അയ്യോ! ഭർത്താവിനെ ഇപ്പോ കൊണ്ടു വരണ്ട മാഡം, അതിനു നേരമാകുമ്പോ ഞാൻ പറയാം.‘

ഞാൻ സാറിനെ അത്ഭുതത്തോടെ നോക്കി, അങ്ങനേയും ഒരു പ്രത്യേക നേരമുണ്ടോ?

‘അത് ശരിയാവില്ല, മാഡം. ഞാൻ ഇത് ഇന്നലേം മിനിഞ്ഞാന്നും തൊടങ്ങിയതല്ല, കാലം ഒരുപാടായി, ഒട്ടനവധി പേര് പഠിച്ചും കഴിഞ്ഞു. മാഡങ്ങളുടെ സാറുമ്മാരു വരും, വണ്ടി ഓടിക്കണതു കണ്ട് പറയും എടീ നീ ഇത്ര നാളു കൊണ്ട് ഇത്രേം കാശും തൊലച്ചിട്ട് ഇതാണോ പഠിച്ചത്? ഇങ്ങനെയാണോ തിരിക്കണത്?, ഇതാണോ സിഗ്നല്? ഇങ്ങനെ അബദ്ധങ്ങള് കാണിക്കാനാണോ നീ വെളുപ്പിനു പോരണത്?....അങ്ങനെ ഒരു അഞ്ചാറ് ചോദ്യം ചോദിക്കും, കാര്യം അവരു നോക്കുമ്പോ എന്താണിതില് ഇത്ര പണി? അവരു എന്നും ചുമ്മാ പുല്ലു പോലെ വണ്ടി ഓടിക്കണതല്ലേ? അതോടെ മാഡങ്ങളുടെ പരിപാടി തീർന്നു. ഇന്നതും പറഞ്ഞ് സാറുമ്മാരു പോകും. നാളെ കാലത്ത് മാഡങ്ങള് കീ തിരിച്ച് വണ്ടി സ്റ്റാർട്ടാക്കാനും കൂടി പേടിച്ച് അങ്ങനെ ഇരിക്കും, ഈ കാറില്.  മാഡങ്ങള് ഡോക്ടറായാലും വക്കീലായാലും എഞ്ചിനീയറായാലും ഒക്കെ ഈ കണക്ക് തന്നെ. സാറുമ്മാരു പതിനെട്ട് വയസ്സ് മൊതല് വണ്ടി ഓടിക്കണതാണ്. അവർക്ക് നിസ്സാരം. മാഡങ്ങള് നാപ്പത് വയസ്സിലാണ് പഠിക്കാൻ വരണത് തന്നെ. ഇക്കാര്യം നിങ്ങള് മാഡങ്ങളുക്കും നിങ്ങടെ സാറുമ്മാർക്കും ഓരോന്ന് കേക്കുമ്പോളും പറേമ്പോളും ഓർമ്മ വരില്ല. ഞാൻ ഇതു വരെ പഠിപ്പിച്ചതൊക്കെ പിന്നേം പിന്നേം പഠിപ്പിക്കണ്ടതായിട്ട് വരും. മാഡങ്ങള് നന്നായി പഠിച്ചിട്ട് നമ്മ്ക്ക് സാറുമ്മാരെ വിളിക്കാം.‘

എന്റെയും സഹപാഠിനികളുടേയും എല്ലാ സംശയങ്ങളും മാറ്റിക്കൊണ്ട് സാറ് വളരെ നിസ്സാരമായി പറഞ്ഞു നിറുത്തി.

ഭർത്താവിനെ ഇരുത്തിക്കൊണ്ട്  പുല്ലു പോലെ കാറ് ഓടിക്കാൻ പറ്റുന്ന ആ സുന്ദര ദിനവും കാത്ത് ഞങ്ങൾ പഠനം തുടരാൻ തീരുമാനിച്ചു.

Friday, September 11, 2009

ഒരു ജീവചരിത്രം
                                                                             പെണ്ണിടം
ഇന്ന് ചിങ്ങത്തിലെ പൂരാടമാണ്.

ഗോവിന്നൻ മരിച്ച ദിവസം.

വീട്ടു മുറ്റത്തെ പതിനെട്ടാം പട്ട തെങ്ങ് വെച്ച ദിവസം.

ആ തെങ്ങ് ഗോവിന്നൻ വെച്ചതാണ്.

ഇത് ഗോവിന്നന്റെ ജീവചരിത്രമാണ്. എന്റെ ഓർമ്മകളിൽ നിന്ന് ഞാനെഴുതുന്നത്.

ഗോവിന്നൻ അമ്മീമ്മയുടെ വീട്ടിലെ ആസ്ഥാന പണിക്കാരനായിരുന്നു. അറിഞ്ഞു കൂടാത്ത പണികളില്ല. മൂത്ത മുളകളും മുള്ളുകളും വെട്ടിക്കൊണ്ട് വന്ന് അരയേക്കർ പറമ്പിന് വേലി കെട്ടുന്നത് സ്വന്തം അവകാശമായി ഗോവിന്നൻ കരുതിയിരുന്നു. അതു കൊണ്ട് അയൽ പക്കത്തെ പറമ്പുകളിൽ പതിവായി വേലി കെട്ടുന്ന  മൂപ്പന്മാരും രാമൻ നായരുമെല്ലാം വേലി കെട്ടേണ്ടേ എന്നു ചോദിച്ച് വരുമ്പോഴെല്ലാം അമ്മീമ്മ പല കാരണങ്ങൾ പറഞ്ഞ് ഒഴിഞ്ഞുപോന്നു.

കാലം എത്ര വൈകിയാലും ഗോവിന്നൻ വേലി കെട്ടുമ്പോൾ മതി, ഗോവിന്നൻ പയറ് നടുമ്പോൾ മതി, ഗോവിന്നൻ വാഴ വെയ്ക്കുമ്പോൾ മതി, ഗോവിന്നൻ വേനപ്പഞ്ച കുത്തുമ്പോൾ മതി എന്നായിരുന്നു അമ്മീമ്മയുടെ നിലപാട്. ഈ നേരം വൈകലിനെക്കുറിച്ച് അവർ തമ്മിൽ അവസാനിക്കാത്ത ഉശിരൻ തർക്കങ്ങളും പതിവായിരുന്നു. കുറെ തർക്കിച്ച ശേഷം, എന്നും ഗോവിന്നൻ കൈക്കോട്ടുമായി പറമ്പിലേക്കും അമ്മീമ്മ അടുക്കളയിലേക്കും പിൻ വാങ്ങി.

ഗ്രാമസേവകന്റെ കാർഷിക പരിഷ്ക്കാരങ്ങളെയെല്ലാം തികഞ്ഞ പരിഹാസത്തോടെ മാത്രമേ ഗോവിന്നൻ കണ്ടിരുന്നുള്ളൂ. ഉദാഹരണത്തിനു ആപ്പിൾ മരം വെച്ച് പിടിപ്പിക്കാൻ ഗ്രാമസേവകൻ വലിയ ഉത്സാഹം കാണിച്ചപ്പോൾ അമ്മീമ്മയും അതു സമ്മതിച്ച് നാലു ആപ്പിൾത്തൈകൾ വാങ്ങി.

തുടങ്ങിയല്ലോ ഗോവിന്നന്റെ വക പരിഹാസം. ‘ങ്ങള് എവിടത്തെ ടീച്ച് റാ? ഇയ് നാട്ട്ല് ഇതേ വരെ ഏതെങ്കിലും ഒരു പറ്മ്പ് ല് ഈ ആപ്പ് ൾന്ന് പറേണ സാദനം ഇണ്ടായിട്ട്ണ്ടാ? അതീ ജമ്മത്ത് ഇവിടെ ഇണ്ടാവാൻ പോണില്ല. അയിന്റെ നാട് വേറ് എവിട്യാണ്ടാ. പാവം, വായ തൊറക്കാൻ പറ്റാത്തോണ്ട് അത് വന്ന് നിൽക്കണതാ. അത് പൂക്കും ല്യാ കായ്ക്കും ല്യാ. നെലോളിച്ചോണ്ട് അങ്ങനെ നിക്കും, ചെലപ്പോ ദുക്കം കാരണം മരിച്ചൂന്നും വരും.’

അമ്മീമ്മ വിട്ടു കൊടുക്കാതെ ആപ്പിൾ മരങ്ങളെ ശുശ്രൂഷിച്ചു. പക്ഷെ അവ ഒരിക്കലും വലുതായില്ല. ഗോവിന്നൻ പറഞ്ഞതു പോലെ സങ്കടപ്പെട്ടു കൊണ്ട് അവിടെ നിന്നു. ഒരിക്കലും പൂക്കുകയൊ കായ്ക്കുകയൊ ചെയ്തില്ല. അതു കൊണ്ട് ഗ്രാമസേവകൻ വീട്ടിൽ വരുമ്പോഴൊക്കെ ആപ്പിൾ മരത്തിന്റെ മുരടിപ്പിനെക്കുറിച്ച് ഉൽക്കണ്ഠപ്പെടുന്നതും ഗോവിന്നൻ തന്റെ ഒരു അവകാശമാക്കി മാറ്റി.

അക്ഷരം എഴുതാനറിയില്ലെങ്കിലും ഗോവിന്നൻ വലിയ കണക്കുകാരനായിരുന്നു. എത്ര മണിക്കൂർ പണിതു അതിനു എത്ര കൂലി വേണം എന്ന് തെറ്റാതെ പറയുവാൻ അയാൾക്ക് കഴിഞ്ഞിരുന്നു. ഒരു വയസ്സായ മുത്താച്ചിയല്ലാതെ ആരുമില്ലാത്ത ഗോവിന്നൻ ഇത്ര കണക്കു പറഞ്ഞ് കാശ് വാങ്ങുന്നതെന്തിനാണെന്ന് പണിക്കാരികളിലാരെങ്കിലും ചോദിച്ചാൽ, ഉടനെ ഗോവിന്നനു കലിയിളകും, അവരെ ചീത്ത പറയാതെ പിന്നെ വേറൊന്നിലും അയാൾക്ക് ശ്രദ്ധിക്കുവാൻ തന്നെ പറ്റിയിരുന്നില്ല.

 ‘കൂലി ന്റെ അവകാശാ, അത് ഞാൻ വിട്ട് തരില്ല്യ‘ എന്ന് കമ്യൂണിസ്റ്റ് ഗോവിന്നൻ ഉറക്കെ പ്രഖ്യാപിച്ചു പോന്നു.

അതു മാത്രമല്ല, എത്ര ചാക്ക് വളം വേണം, എത്ര ചാണകം വേണം, എത്ര തരം പച്ചക്കറി വിത്തുകൾ വേണം, നട്ട വിത്തുകൾ എന്നേക്ക് മുളക്കും, മഴ എപ്പോൾ പെയ്യും  അങ്ങനെ എല്ലാറ്റിന്റേയും കണക്കുകൾ ഗോവിന്നന് മനഃപാഠമായിരുന്നു.

ഈ കഴിവുകളെല്ലാമുള്ള ഗോവിന്നൻ ജീവിച്ചിരുന്നതോ തന്റെ മുത്താച്ചിക്കു വേണ്ടി മാത്രവും. ഗോവിന്നന് അമ്മയും അച്ഛനും ഉണ്ടായിരുന്നതായി നാട്ടുകാർക്ക് പോലും ഓർമ്മയില്ല.  ചൊറി പിടിച്ചളിഞ്ഞ ശരീരവും കുട്ടിത്തേവാങ്കിന്റെ മുഖച്ഛായയുമുള്ള ഒരു കൊച്ചിന്റെ കൈയും പിടിച്ച് യാചിച്ചു നടന്നിരുന്ന മുത്താച്ചിയെ മാത്രമേ നാട്ടുകാർ ഓർക്കുന്നുള്ളൂ. ആ മുത്താച്ചിക്ക് അന്നു തന്നെ ഇത്രയും വയസ്സുണ്ടായിരുന്നുവത്രെ.

മുത്താച്ചി ഗോവിന്നനെ കാര്യമായി വളർത്തിയെങ്കിലും നാട്ടുകാർക്കൊന്നും ആ തള്ളയെ തീരെ ഇഷ്ടമില്ലായിരുന്നു. തള്ള അതീവ സാമർഥ്യക്കാരിയാണെന്ന് പണിക്കാരികൾ എപ്പോഴും അമ്മീമ്മയോട് പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്. തള്ള പോരെടുത്തിട്ടാണത്രെ ഗോവിന്നന്റെ ഭാര്യ അയാളെ ഉപേക്ഷിച്ച പോയത്. തള്ളയ്ക്ക് ഗോവിന്നൻ സമ്പാദിക്കുന്നതെല്ലാം തനിക്ക് മാത്രമായികിട്ടണമെന്നായിരുന്നു ആഗ്രഹം.

 ‘ആ പണ്ടാരം ചത്ത് തൊലഞ്ഞാ ഓയിന്നൻ കമ്മള് ലച്ചപ്പെടു‘മെന്ന് മുറ്റമടിക്കാൻ വന്നിരുന്ന പാറുക്കുട്ടി എപ്പോഴും പറയുമായിരുന്നു.

ആൾക്കാരെന്തും പറഞ്ഞോട്ടെ, ഗോവിന്നൻ ഒരിക്കലും മുത്താച്ചിയെ കുറ്റപ്പെടുത്തിയില്ല. തന്നെയുമല്ല, ജോലി ചെയ്തിരുന്ന പറമ്പുകളിൽ നിന്ന് പഴുത്ത മാമ്പഴവും ചാമ്പക്കയും പറങ്കിമാങ്ങയുമെല്ലാം പാളപ്പൊതികളിൽ നിറച്ച് അവർക്ക് കൊണ്ടു പോയിക്കൊടുത്തു.അയാൾ ഇടക്ക് ആ തള്ളയുടെ മുടി ചീകി പേൻ കൊല്ലാറുമുണ്ടെന്ന് പാറുക്കുട്ടി ഒരു തരം അറപ്പോടെ അമ്മീമ്മയോട് പറഞ്ഞിരുന്നു.

എന്റെ ബാല്യകാലത്ത് ഞാൻ അവരെ കാണുമ്പോൾത്തന്നെ ആ മുത്താച്ചി ഒരു പടു കിഴവിയും ഏറെക്കുറെ അന്ധയുമായിക്കഴിഞ്ഞിരുന്നു. ടൌണിൽ നടന്ന അന്ധതാ പരിശോധന ക്യാമ്പിലേക്ക് ഗോവിന്നൻ മുത്താച്ചിയേയും കൊണ്ട് പോയത് എന്റെ അച്ഛൻ എഴുതിക്കൊടുത്ത ഒരു സ്പെഷ്യൽ പാസ്സുമായാണ്. പക്ഷെ, കാര്യമുണ്ടായില്ല. മുത്താച്ചിയുടെ കണ്ണുകളിൽ കനമുള്ള ഒരു വെളുത്ത പാട മൂടിക്കഴിഞ്ഞിരുന്നു.

ആ ക്യാമ്പിൽ പോകാൻ വേണ്ടിയാണ് ഗോവിന്നൻ ജീവിതത്തിൽ ആദ്യമായി ഒരു ഷർട്ട് ധരിച്ചത്.

മുത്താച്ചിയുടെ അന്ധത നിമിത്തം സ്വന്തം വീട്ടിലെ വെപ്പും അലക്കും മറ്റ് പണികളുമെല്ലാം തീർത്ത് ഒരു പത്ത് മണിയോടെ മാത്രമെ ഗോവിന്നൻ മറ്റ് വീടുകളിലെ പറമ്പുകളിൽ ജോലിക്ക് വന്നിരുന്നുള്ളൂ. നേരം വൈകിയെന്ന് ആരെങ്കിലും പ്രതിഷേധിച്ചാൽ ശാന്തനായ ഗോവിന്നന്റെ മട്ട് മാറും,

 ‘ആ കണ്ണ് കാണാത്ത തള്ളേടെ കഴുത്ത് പിരിക്കാൻ പറ്റോ നിങ്ങടോടെ പണിക്ക് വരണംന്ന്ച്ചട്ട്. പറ്റ്ല്യാലോ, അപ്പോത്തിരി വൈകീന്ന് വരും.’

പിന്നെ ആരും ഒന്നും പറയില്ല.

എല്ലാ വീടുകളിലെയും അമ്മമാർക്ക് ഗോവിന്നനോട് ഇത്തിരി അധികം താൽ‌പ്പര്യമുണ്ടായിരുന്നുവെന്നത് ഒരു സത്യമാണ്. മുത്താച്ചിയുടെ ഭാഗ്യത്തിൽ ചില്ലറ അസൂയയും. എത്ര സ്നേഹത്തോടെയാണ്, കരുതലോടെയാണ് ഗോവിന്നൻ തള്ളയെ നോക്കുന്നത്. ശരിക്കും ആ തള്ള ഗോവിന്നന്റെ സ്വന്തം മുത്താച്ചിയൊന്നുമല്ല എന്നും അവരെടുത്ത് വളർത്തിയെന്നെ ഉള്ളൂ എന്നുമൊക്കെ അമ്മീമ്മയോട് പല സ്ത്രീകളും പറയുമായിരുന്നു.

‘തള്ളേടെ ഭാഗ്യം’ പെണ്ണുങ്ങൾ കൂട്ടമായും ഒറ്റക്കും നെടുവീർപ്പിടും.

ഗോവിന്നന്റെ ഒരാഴ്ച മാത്രം നീണ്ട ദാമ്പത്യത്തിന്റെ കഥ കേട്ടിട്ടുള്ളവരായിരുന്നു എല്ലാ പെണ്ണുങ്ങളും. ചിലരാകട്ടെ മരുമകളുടെ ദയാദാക്ഷിണ്യത്തിൽ കഴിയുന്നവരുമായിരുന്നു.

ആ സംഭവം ഇങ്ങനെ.

തൊട്ടടുത്ത ഗ്രാമത്തിലെ ഒരു പെണ്ണായിരുന്നു ഗോവിന്നന്റെ വധുവായി വന്നത്. കല്യാണ ദിവസം രാത്രിയിൽ തന്നെ ഗോവിന്നന്റെ കുടിലിൽ നിന്ന് ചില ബഹളങ്ങളൊക്കെ കേട്ടുവത്രെ. എന്തോ ഒരു പന്തിയില്ലായ്മയുണ്ടെന്ന് പാറുക്കുട്ടിയാണ് ആദ്യം കണ്ടു പിടിച്ചത്. എന്തായാലും കല്യാണം കഴിഞ്ഞ് നാലാം ദിവസം രാവിലെ ഗോവിന്നന്റെ മുത്താച്ചി ‘ഒന്ന് വരണം, അവളെ ഒന്ന് കാര്യം പറഞ്ഞ് മനസ്സിലാക്കണ‘മെന്ന് ആവശ്യപ്പെട്ടു കൊണ്ട് അമ്മീമ്മയെ കാണാൻ പ്രാഞ്ചി പ്രാഞ്ചി വന്നെത്തി.

അമ്മീമ്മ ആ പുരയിലെത്തുമ്പോൾ കാര്യങ്ങൾ വല്ലാതെ കുഴഞ്ഞിരുന്നു.

ധാരാളം പെണ്ണുങ്ങളും ചുരുക്കം ആണുങ്ങളും കാഴ്ച കാണാനെത്തിയിട്ടുണ്ട്.

പുതുപ്പെണ്ണാണെങ്കിൽ അലറിക്കരയുകയും നെഞ്ചത്തിടിക്കുകയുമാണ്.

ഗോവിന്നൻ ഒരു മന്ദബുദ്ധിയെപ്പോലെ പല്ലിളിച്ച് തല കാൽമുട്ടുകൾക്കിടയിൽ പ്രതിഷ്ഠിച്ച് കുത്തിയിരിക്കുന്നു, പരിപൂർണമായും തോറ്റവന്റെ നൈരാശ്യത്തോടെ.

മുത്താച്ചിയെ കണ്ടതും പെണ്ണിന്റെ ഭാവം മാറി.  പിന്നെ സങ്കടമല്ല, പുറത്തേക്ക് വരുന്നത്, പകയും വൈരാഗ്യവുമാണ്.

‘മുത്താച്ചീനെ മതീന്നുള്ളോരെന്തിനാ എന്നെ കെട്ടീട്ത്തത്? രാത്രിയായ തൊട്ങ്ങും തള്ളക്ക് ഒരോരോ കുരിപ്പ് ദീനം. അത് കേട്ട് തള്ളെ സുസ്രൂശിക്കാൻ ഓട് ല്ലേ ആണൊരുത്ത്ൻ.‘

‘അയിന് ഇയാള് ആണാ? എന്റെ ജമ്മം തൊലഞ്ഞൂലൊ ദയ്‌വേ, ഈ പണ്ടാറ തള്ള ചാവാണ്ട് നിക്ക് ഒരു ഗതീം ഇണ്ടാവില്യലോ.’

പെണ്ണ് പിന്നെയും നെഞ്ചത്തിടിക്കുകയാണ്.

അമ്മീമ്മ വളരെ സമാധാനമായി പറഞ്ഞു.’ മോളെ, നീ സമാധാനിക്ക്, ഒക്കെ ശര്യാവും. ജീവിതം തൊടങ്ങിയല്ലേള്ളൂ. ഇനി എത്ര നാളുണ്ട്, എല്ലാ കാര്യങ്ങളും ശരിയാകും. മുത്താച്ചിയേം ഗോവിന്നനേം ഒക്കെ പറ്ഞ്ഞ് മനസ്സിലാക്കാം. നീ ബഹളം വെക്കല്ലേ’

പെണ്ണിനു കലി കയറുക തന്നെയാണ്.

‘ഞാനേയ് ആരുല്യാത്തോളൊന്ന്ല്ലാ.  ഈ മുത്ക്കീന്റെ ഓശാരത്തില് കെട്യോന്റെ കൂടെ കെട്ക്കണ്ട ഗതികേട് നിക്ക് ല്യ്. ബന്ധൊഴിഞ്ഞാ മതി. ന്റെ ചേട്ടമ്മാര് ന്നെ നോക്കിക്കോളും. നല്ല ഉശിരുള്ള ആണിന് ന്നെ കൊട്ക്കാൻ അവർക്ക് പറ്റും.‘

അവൾ കാർക്കിച്ച് തുപ്പി. 

അമ്മീമ്മ വീണ്ടും സംസാരിക്കാൻ ശ്രമിച്ചപ്പോൾ അവൾ സർപ്പത്തെപ്പോലെ ചീറി. പിന്നെ വന്നത് ഭയങ്കരമായ വാക്കുകളായിരുന്നു.

‘നിങ്ങള് ഒന്നും പറേണ്ട. ആണൊരുത്തന്റൊപ്പം ഒരൂസം കഴിയാത്ത ങ്ങക്ക് എന്റെ ദണ്ണങ്ങനെയാ അറ്യാ. എന്നെ വീട്ട് ലാക്കിയാ മതി. എനിക്ക് വയ്യാ ഈ മുത്താച്ചി ദാസന്റൂടെ കഴിയാൻ.‘

‘അടിക്കെടാ ഗോവിന്നാ അവളെ, അവളെന്താ ആ ടീച്ച്റോട് തോന്ന്യാസം പറേണ്, അവൾടെ ചെപ്പക്കുറ്റിക്ക് ഒന്ന് കൊടക്കടാ, നീയൊരു ആണാ‍ണെങ്കില്.‘ മുത്താച്ചി ദൈന്യത കൈവെടിഞ്ഞ് ഉറക്കെ അലറി.

കെട്ടിയ പെണ്ണിന്റെ മുൻപിൽ മാത്രമല്ല, വളർത്തിയ മുത്താച്ചിയുടെ മുൻപിലും ആണാകാൻ ഗോവിന്നന് കഴിഞ്ഞില്ല.

ഒരു കഥയുമില്ലാത്ത ആചാരങ്ങളിൽ തട്ടി തകർന്നു പോയ തന്റെ ജീവിതത്തെ, ഒരു കിളുന്ന് പെണ്ണ് ഇത്ര പരസ്യമായി നിസ്സാരമാക്കിയിട്ടും അമ്മീമ്മ തെല്ലും പതറിയില്ല. അയ്യോ, ആൺ കാവലില്ലാത്തതു കൊണ്ട് എന്നെ എല്ലാവരും അപമാനിക്കുന്നുവല്ലോ, ഞാൻ ഒരു അനാഥയാണല്ലോ, എന്റെ ജീവിതം ഇതാ ഇങ്ങനെ ചിതറിപ്പോകുന്നുവല്ലോ എന്ന് മുഖം പൊത്തിക്കരയുന്ന ദുർബലയായിരുന്നില്ല അവർ. ബാധ കയറിയതു പോലെ ക്ഷോഭിക്കുന്ന ആ പെണ്ണിനോട് അവർ ചിരിച്ചു കൊണ്ട് പറഞ്ഞു.

‘ശര്യാടീ മോളെ, ആണൊരുത്തന്റൊപ്പം കഴിയാൻള്ള യോഗം ദൈവം എനിക്ക് തന്നില്ല, നിനക്ക് യോഗം വന്നിട്ടും കഴിയാൻ പറ്റ്ണില്ല. നീയായിട്ട് കിട്ടിയ യോഗം ഇല്ലാണ്ടാക്കണ്ട. നമ്ക്ക് ഒക്കെ പറ്ഞ്ഞ് ശര്യാക്കാം. നീയ് ഒന്ന് ക്ഷമിക്ക്, കുളിച്ച് ഇത്തിരി കഞ്ഞി കുടിക്ക്, ന്ന്ട്ട് എന്റെ കൂടെ മഠത്തിലേക്ക് വാ, ഇത്തിരി കഴീമ്പോ ഗോവിന്നനും മുത്താച്ചീം അങ്ങ്ട് വരട്ടെ. നമ്ക്ക് ഒക്കെ ശര്യാക്കാം.‘

പെണ്ണ് കരഞ്ഞ് കലങ്ങിയ കണ്ണുകളോടെ, അഴിഞ്ഞു വീണ തലമുടിയോടെ,ജാക്കറ്റിനുള്ളിൽ അമർത്തി വെച്ച  വലുപ്പമുള്ള മുലകളെ മുന്നോട്ടുന്തി, രണ്ട് കൈകളും എളിയിൽ വെച്ച് അലറി,

‘ഒന്നു പോണ് ണ്ടോ ങ്ങള്? ഞായെന്ത്നാ ഈ ആണും പെണ്ണും കെട്ടോന്റെ കൂടെ ങ്ങ്ടോടെക്ക് വരണ്? ങ്ങള് വേണങ്കി അയിനെ കൊണ്ടോയി ങ്ങ്ടെ പറ്മ്പില് പണീട്പ്പിച്ചോളൊ.’

ആ നേരത്ത് ഒരു ആവശ്യവുമില്ലാതെ അവിടെ കൂടിയിരുന്ന ചില പുരുഷന്മാർ ഒതുക്കി ചിരിച്ചു.

അപ്പോഴാണ് ഗോവിന്നൻ ഇരുന്നേടത്ത് നിന്ന് എണീറ്റ് പെണ്ണിനോട് പറഞ്ഞത്.

‘മുണ്ടും തുണീം എട്ത്തോ, ഞാൻ നിന്നെ നിന്റോടെയാക്കിത്തരാം, ഒക്കെ മതി. ഇനി ഒന്നും പറേണ്ട, ഇബടേ ആരും.’

ഗോവിന്നന്റെ മുഖത്തു നോക്കാൻ  അപ്പോൾ എല്ലാവർക്കും ഭയം തോന്നിയെന്നാണ് അന്നവിടെ കൂടിയ പെണ്ണുങ്ങൾ പിന്നീട് പറഞ്ഞത്.

എന്തായാലും ഗോവിന്നന്റെ ദാമ്പത്യം അന്നു തീർന്നു. ഭാര്യയെ വേറെ കല്യാണം കഴിപ്പിക്കാൻ അവളുടെ സഹോദരന്മാരോട് പറഞ്ഞിട്ടാണ് ഗോവിന്നൻ എന്നേക്കുമായി ഭാര്യ വീടിന്റെ പടിയിറങ്ങിപ്പോന്നത്. ഭാര്യ മറ്റൊരാളെ കല്യാണം കഴിച്ച് സുഖമായി കഴിയുന്നത് തന്റെ ആണത്തത്തിനു  സംഭവിക്കുന്ന അതിഭയങ്കരമായ കുറവായി ഗോവിന്നന് തോന്നിയതേയില്ല.

‘നീയ് ഇത്ര തെരക്ക് കൂട്ടേണ്ട കാര്യം ന്തായിരുന്നു, ഗോവിന്നാ‘ എന്ന് വാരര് മാഷ് ചോദിച്ചപ്പോൾ ഗോവിന്നൻ പറഞ്ഞു, ‘അത് ശര്യാവില്ല, മാഷെ. എനിക്ക് ഒരു കാര്യോം നന്നായി ചിയ്യാൻ പറ്റാണ്ടെയാവും.അതിലും ഭേദം കൊറ്ച്ച് കാര്യങ്ങള് നന്നാക്കി ചിയ്യാലോ.’

യാതൊന്നും വിശേഷിച്ച് സംഭവിക്കാത്തതു പോലെ ഗോവിന്നൻ നാട്ടിലെ മിക്കവാറും പറമ്പുകളിൽ ജോലി ചെയ്തും മുത്താച്ചിയെ ശുശ്രൂഷിച്ചും മാത്രം കഴിഞ്ഞു കൂടി.

ആ മുത്താച്ചി കുറച്ച് കാലം കൂടി കഴിഞ്ഞപ്പോൾ  അവരുടെ ഗോവിന്നനെ ശരിക്കും തനിച്ചാക്കിയിട്ട് മരിച്ച് പോയി.

അന്നു മുതൽ ഗോവിന്നൻ ആരോടും തർക്കുത്തരം പറയാതെയായി, കണക്ക് പറഞ്ഞ് കൂലി വാങ്ങാതെയായി. എന്തു  കൊടുത്താലും ഒന്നുമുരിയാടാതെ വാങ്ങും.

ഭയാനകമായ ഏകാന്തത ഗോവിന്നനെ കാർന്നു തിന്നുകയായിരുന്നു.

മുത്താച്ചിയില്ലാത്ത ലോകം ഗോവിന്നനെ തുറിച്ച് നോക്കിക്കൊണ്ടിരുന്നു.  ആ ലോകമാകട്ടെ അങ്ങേയറ്റം അപരിചിതമായി തോന്നി, പാവത്തിന്.

ആരോഗ്യവാനായിരുന്ന ഗോവിന്നന്റെ ഇരു പാദങ്ങളിലും കടുത്ത നീര് പ്രത്യക്ഷപ്പെട്ടപ്പോൾ വൈദ്യശാലയിലെ ഗോപാലൻ തികച്ചും സൌജന്യമായി മരുന്ന് കൊടുത്ത് ചികിത്സിക്കാൻ തുടങ്ങി. എന്നാൽ ഗോവിന്നൻ  സമയത്തിനു മരുന്ന് കഴിക്കുന്നില്ലെന്നും പഥ്യം നോക്കുന്നില്ലെന്നും ഗോപാലൻ കാണുന്നവരോടെല്ലാം പരാതിപ്പെട്ടു.

 ‘എന്താ ഗോവിന്നാ അസുഖം മാറ്ണ്ടേ‘ എന്ന് ചോദിച്ചവരോടൊക്കെ ഒരു വിഷാദച്ചിരി മാത്രം ഉത്തരമായിക്കൊടുത്ത് ഗോവിന്നൻ നടന്നു.

പൂരാടത്തിന്റെ അന്ന് രാവിലെ ഞാനും അനിയത്തിയും കൂടി വലിയ പൂക്കളമൊക്കെയിട്ട് ‘ഞാനിട്ടതിനാ ഭംഗി‘ എന്ന് തമ്മിൽത്തമ്മിൽ വീറോടെ വാദിക്കുമ്പോഴാണ് നീരു വെച്ച കാലുകളുമായി ഗോവിന്നൻ പടി കടന്നു വന്നത്. വന്ന പാടെ അമ്മീമ്മയെ വിളിച്ച് മുറ്റത്ത് എടുത്തിട്ടിരിക്കുന്ന കുഴിയിൽ അടിയന്തിരമായി തെങ്ങു വെയ്ക്കേണ്ടതിനെക്കുറിച്ച് വളരെ ഗൌരവമായി സംസാരിച്ചു.

‘അതിനു നിനക്ക് വയ്യല്ലോ ഗോവിന്നാ,  നിന്റെ സൂക്കേടൊക്കെ മാറട്ടെ‘ എന്ന് അമ്മീമ്മ പറഞ്ഞപ്പോൾ, പഴയ ഉശിരോടേ അയാൾ പ്രതിഷേധിച്ചു.

‘നിക്ക് ഒരു കുന്തോല്യ, ആ ഗോപാലന്റെ വിചാരം ഞാനൊരു അരപ്രാണനാന്നാ. ങ്ങ്ള് കാശ് കാട്ട്വോ, ഞാൻ പോയി തെങ്ങും തൈ കൊണ്ടരട്ടെ.‘

കാശും മേടിച്ച് പോകാനൊരുമ്പെട്ട ഗോവിന്നൻ പെട്ടെന്ന് അമ്മീമ്മയോട് ഒരാവശ്യമുന്നയിച്ചു. ‘നിക്ക്ന്ന് ഇബടെ ചോറ് തരണം, ഉച്ചയ്ക്ക്.

അമ്മീമ്മ ചിരിച്ചു, ‘അത് ല് എന്താപ്പോ ഒരു പുതുമ? ഇബടെ നീയെത്ര നാള് ഊണു കഴിച്ച്ട്ട് ണ്ട്?

‘അതേയ്, ങ്ങ്ടെ അരച്ചിലക്കീം, മെഴ്ക്ക്പെരട്ടീം മോരും കടുമാങ്ങേം ആയ്ട്ട് ള്ള പറ്റിക്കല് വേണ്ട, നിക്ക് ഒരു ഓണസദ്യ മതി, പായസോം വേണം. ങാ‘

അമ്മീമ്മ പിന്നെയും ചിരിച്ചു.

ഗോവിന്നൻ നല്ല ഉഷാറിലാണെന്നു കണ്ടപ്പോൾ മുറ്റം അടിച്ചു തീർത്ത് നിവർന്ന പാറുക്കുട്ടിയും ചിരിച്ചു.

ഞാനും അനിയത്തിയും കൂടി ചിരിച്ചു പോയി.

ഗോവിന്നൻ താമസിക്കാതെ തെങ്ങും തൈ കൊണ്ടു വന്നു, കൈക്കോട്ടെടുത്ത് കുഴി വിശദമായി വിസ്താരപ്പെടുത്തി, ഉപ്പും മണലും ചാരവും വിതറി, തെങ്ങും തൈ നെഞ്ചോട് ചേർത്ത് പിടിച്ച് കണ്ണടച്ച് പ്രാർഥിച്ച ശേഷം വളരെ മെല്ലെ കുഴിയിലേക്ക് വെച്ചു. തൈ വെച്ച നിവർന്ന ഗോവിന്നന്റെ കണ്ണ് നിറഞ്ഞിരുന്നു, അനിയത്തി അതു കണ്ട് ‘ന്ത്നാ കരയണേ‘ എന്നു ചോദിച്ചതും ‘ഹേയ്, ഞാൻ കരഞ്ഞില്ല മോളെ, അതു ഒരു കരടാ‘ എന്ന് ഗോവിന്നൻ പറഞ്ഞതും ഞാനിപ്പോഴും ഓർമ്മിക്കുന്നു.

അടുക്കളയുടെ പുറം തിണ്ണയിൽ വലിയൊരു നാക്കില വെച്ച് അമ്മീമ്മയും പാറുക്കുട്ടിയും കൂടി ഗോവിന്നനു സദ്യ വിളമ്പി. പാലില്ലാത്തത് കൊണ്ട് ശർക്കരപ്പായസമാണുണ്ടാക്കിയതെന്ന് അമ്മീമ്മ പറഞ്ഞു. തിരുവോണത്തിനു പാലടയുണ്ടാക്കുമെന്നും അന്ന് ഗോവിന്നൻ സദ്യയുണ്ണാൻ വരണമെന്നും കൂടി ക്ഷണിച്ചിട്ടാണ് അമ്മീമ്മ ഗോവിന്നനെ യാത്രയാക്കിയത്. കൂലിയും മാരാരുടെ തുണിപ്പീടികയിൽ നിന്ന് ഒരു മുണ്ടിനും തോർത്തിനുമുള്ള പണവും അവർ ഗോവിന്നനെ ഏല്പിച്ചു.

ഗോവിന്നൻ ഒരു നിമിഷം എന്തോ ഓർത്തു നിന്നു, എന്നിട്ട് എല്ലാവരോടുമായി പറഞ്ഞു.

‘പതിനെട്ട് പട്ട വന്നാ അപ്പൊ കായ്ക്കും, കുട്ട്യോൾക്ക് എളന്നീരു ഇട്ട് കൊടുക്കാൻ എളുപ്പണ്ട്. അതാ പതിനെട്ടാം പട്ട തന്നെയാവട്ടെന്ന്ച്ച്ത്.’

അതും പറഞ്ഞ് ഗോവിന്നൻ പടി കടന്ന് പോയി.

ഉത്രാടത്തിന്റെ അന്നു രാവിലെ വാരരു മാഷ്  വലിയ കിതപ്പോടെ കയറി വന്നു. ഒരു വാചകമെ പറഞ്ഞുള്ളൂ.

‘നമ്മ്ടെ ഗോവിന്നൻ പോയി, എന്റെ ടീച്ച് റെ, അവൻ ഒരു കഷണം കയറ് ചെലവാക്കി’

ഒരു പുതിയ മുണ്ടും തോർത്തും ഗോവിന്നൻ പുരയിൽ വെച്ചിരുന്നു. അതുടുപ്പിച്ചാണ് ഗോവിന്നനെ ചിതയിൽ വെച്ചത്.

ഇപ്പോഴും ആ പതിനെട്ടാം പട്ട തെങ്ങ് ഓലകളിളക്കി മുറ്റത്ത് നിൽക്കുന്നു. ഇളന്നീർ ധാരാളമുണ്ട്.