Wednesday, September 23, 2009

ദൈവത്തിന്റെ വിരലുകൾ ഗിറ്റാർ വായിക്കുമ്പോൾ (മൗനത്തിനപ്പുറത്തേക്ക്)


അഭിരാമം, Street Light, അഭിരാമവാരഫലം


                                             

അത്ര നല്ലതൊന്നുമല്ലാത്ത ഒരു ഗിറ്റാർ എന്റെ പക്കലുണ്ട്.

ഓൾഡ് ഡൽഹിയിലെ ഒരു ഷോപ്പിൽ നിന്നും കരസ്ഥമാക്കിയത്.

അതിൽ വല്ലപ്പോഴും ചില ശബ്ദങ്ങളൊക്കെ ഞാനുണ്ടാക്കിപ്പോന്നു. അത് താങ്ങാവുന്നതിനപ്പുറമാകുമ്പോൾ എന്റെ മകൻ ഒരു ഗാനം മീട്ടി എന്നെ നിശ്ശബ്ദയാക്കാറുണ്ടായിരുന്നു.

അങ്ങനെ ഒരു ദിവസം അവൻ മീട്ടിയ ഗാനം പൊടുന്നനെ ‘ക്ടിം‘ എന്ന് മുറിഞ്ഞു. ഗിറ്റാറിന്റെ ഒരു കമ്പി പൊട്ടിപ്പോയതാണ്.

അതിനു ശേഷം ആ ഗിറ്റാർ അനാഥമായി തറയിൽ വിരിച്ച മെത്തമേൽ കുറെക്കാലം വിശ്രമിച്ചു.

ഒരു നാൾ ഗിറ്റാറിന്റെ പൊട്ടിപ്പോയ കമ്പി വാങ്ങുമ്പോൾ,  ഷോപ്പുടമയോട് ഞാൻ വെറുതെ ചോദിച്ചു. ‘വീട്ടിൽ വന്ന് ഗിറ്റാർ പഠിപ്പിച്ച് തരാൻ പറ്റിയ ആരെങ്കിലും ഉണ്ടോ?‘

അവർ എന്റെ മേൽ വിലാസവും ഫോൺ നമ്പറും കുറിച്ചെടുത്തു. ഒരു അധ്യാപകനുണ്ടെന്നും അദ്ദേഹം ഫോൺ ചെയ്ത് സമയം ചോദിച്ചിട്ട് വീട്ടിൽ വന്നു കാണുമെന്നും അവർ പറഞ്ഞു.

ഞാൻ അത് അപ്പോൾ തന്നെ മറന്നുവെന്നതാണ് സത്യം.

പിറ്റേന്ന് വൈകുന്നേരം ഞാൻ ഗിറ്റാർ പഠിപ്പിക്കുന്ന സാറാണെന്നും സൌകര്യമുണ്ടെങ്കിൽ ഇപ്പോൾ വന്നു കാണാമെന്നും ഫോണിലൂടെ പരിചയപ്പെടുത്തിയ സ്വരത്തിനോട് എനിക്ക് യാതൊരു താൽപ്പര്യവും തോന്നിയില്ല.

മോശമായ ഹിന്ദി.

അതിലും മോശമായ ഇംഗ്ലീഷ്.

‘ശരി, വരൂ‘ എന്ന് വളരെ ഹ്രസ്വമായി പറഞ്ഞ് ഫോൺ ‘ക്ടിം‘ ശബ്ദത്തോടെ ഞാൻ താഴെ വെച്ചു.

സന്ധ്യയോടടുപ്പിച്ച് മൂന്നാം നിലയിലെ ഫ്ലാറ്റിൽ കിതച്ച് കൊണ്ട് എത്തിയ അധ്യാപകനെ ആദ്യം തണുത്ത വെള്ളവും പിന്നെ ചായയും ബിസ്ക്കറ്റും കൊടുത്ത് ഞാൻ സ്വീകരിച്ചു.

എനിക്കയാൾ ഒരു കോമാളിയാണെന്നു തോന്നി.

കറുത്ത് തടിച്ച് കുറുതായ ഒരു മനുഷ്യൻ.

എലിവാലു പോലെയിരിക്കുന്ന തലമുടി നീട്ടി വളർത്തി റബർ ബാൻഡിട്ടിരിക്കുന്നു.

നന്നെ നീളം കുറഞ്ഞ് കണ്ടാൽ കൂർക്ക പോലെ, ഉരുണ്ടു കറുത്ത തടിച്ച വിരലുകൾ, അവയുടെ പിൻപുറത്ത് നിറയെ കറുത്ത രോമങ്ങളും.

ഹിന്ദിയും ഇംഗ്ലീഷും ഇട കലർത്തി ഒരു വ്യാകരണവുമില്ലാത്ത അവിയലോ എരിശ്ശേരിയോ ആയ ഭാഷ.

സാമാന്യം രൂക്ഷമായ വിയർപ്പു ഗന്ധം.

അയ്യേ! ഈ നാശം പിടിച്ചവൻ എന്തു പഠിപ്പിക്കാനാണ്? പൊയ്ക്കോളാൻ പറഞ്ഞേക്കാം.

എന്റെ പ്രസന്നതയില്ലാത്ത മുഖം എന്റെ വികാരങ്ങളെ വെളിപ്പെടുത്തിയോ ?

എന്തായാലും ആ പഴയ ഗിറ്റാർ കൈയിലെടുത്ത് തന്റെ  കറുത്ത ഉരുണ്ട വിരലുകൾ അയാൾ അതിന്മേൽ പായിച്ചു.

പൊടുന്നനെ എന്റെ വരണ്ടുണങ്ങിയ ഫ്ലാറ്റിൽ ആയിരമായിരം നീർമലരുകൾ പൊട്ടി വിടർന്നു. പുതു പുഷ്പങ്ങളുടെ സൌരഭ്യം അവിടെയാകെ പടർന്നൊഴുകി. ആ പഴഞ്ചൻ ഫ്ലാറ്റ് ഇളം കാറ്റിൽ ആടുന്ന ഇലകളും, പാടുന്ന പഞ്ചവർണ്ണക്കിളികളും നിറഞ്ഞ ഒരു പൂങ്കാവനമായി മാറി.

നാദപ്രപഞ്ചം എന്റെ മുൻപിൽ മോഹിപ്പിക്കുന്ന ഇന്ദ്രജാലമായി ഇതൾ നിവർന്നു.

എന്റെ ഉള്ളിൽ കുയിലുകൾ പാടി, മയിലുകൾ പീലി വിടർത്തിയാടി.

ഞാൻ ചിരിച്ചു.

ഞാൻ കരഞ്ഞു.

ദൈവത്തിന്റെ വിരലുകൾ ഗിറ്റാർ വായിക്കുന്നത് ഞാൻ കാണുകയായിരുന്നു.

വിരൂപനായ ആ ഗുരുവിനെ ഞാൻ നമസ്ക്കരിച്ചു.

അങ്ങനെയാണ് ഞാൻ ഗിറ്റാർ പഠിച്ചു തുടങ്ങിയത്. ഗിറ്റാർ എനിക്ക് വഴങ്ങിയില്ല. എങ്കിലും ഞാൻ അതു വായിച്ചുപോന്നു. ചില സ്വരങ്ങൾ മെല്ലെ മെല്ലെ ശരിയായി. കൂടുതൽ സ്വരങ്ങളും എന്നെ പരിഹസിച്ചുകൊണ്ട് അകലെ മാറി നിന്നു.

താഴത്തെയും മുകളിലെയും വശങ്ങളിലെയും ഫ്ലാറ്റുകളിലെ അയൽക്കാർ പരിഭവം പ്രകടിപ്പിച്ചു. ‘ഈ വയസ്സു കാലത്ത് ഇതിന്റെ ആവശ്യമുണ്ടോ?‘

ഞാൻ ചിരിച്ചു, ‘നേരം പോകേണ്ടേ?’

‘ശരി, ആന്റി അങ്ങനെയാകട്ടെ, ഞങ്ങൾ പഞ്ഞി വെച്ചുകൊള്ളാം‘ അവർ ഒരേ സ്വരത്തിൽ പാടി.

എന്റെ ഗുരുനാഥൻ ക്ഷമാപൂർവം എന്നെ പഠിപ്പിച്ചു. ഒരിക്കലും അസഹ്യത പ്രകടിപ്പിച്ചില്ല. പരിഹസിക്കുകയോ പുച്ഛിക്കുകയോ ചെയ്തില്ല.

അങ്ങനെ ഒരു ദിവസം ക്ലാസ്സ് കഴിയവേ ഞാൻ വെറുതേ അന്വേഷിച്ചു. ‘സാറിന്റെ ഫാമിലി, കുട്ടികൾ…..’ 

‘ഞാൻ അവിവാഹിതനാണ്.‘

അവിടെ നിറുത്തേണ്ടതായിരുന്നില്ലേ ഞാൻ? ബുദ്ധിയില്ലാത്തതുകൊണ്ട്  എനിക്ക്  അത് തോന്നിയില്ല.

‘എന്താണ് സാർ, കല്യാണം കഴിക്കാതിരിക്കുന്നത്?’

അദ്ദേഹം ഒരു നിമിഷം മൌനമായിരുന്നു.പിന്നെ വളരെ മെല്ലെ പറഞ്ഞു. ‘ഞാൻ ആഗ്രഹിച്ചവളെ സ്വന്തമാക്കാനുള്ള കഴിവ് എനിക്കുണ്ടായില്ല‘.

അധികം നീളമുള്ള  കഥയൊന്നുമല്ല. ചെറിയ ഒരു കഥ.

ഇരുപത്തഞ്ചു വർഷം മുൻപ് യൌവനത്തിൽ അദ്ദേഹം ഒരു പെൺകുട്ടിയെ സ്നേഹിച്ചിരുന്നു. അവളും അദ്ദേഹത്തെ സ്നേഹിച്ചു. അവരൊരുമിച്ച് സ്വപ്നങ്ങൾ നെയ്തു, എല്ലാവരേയും പോലെ. ഒടുവിലാണ് അദ്ദേഹത്തിന്റെ വരുമാനം തീരെ കുറവാണെന്ന് ആ പെൺകുട്ടിയുടെ വീട്ടുകാർ കണ്ടെത്തിയത്.

ഗിറ്റാറിൽ പാട്ടു വായിച്ചാൽ വയറ് നിറയുമോ?

വെള്ളിപ്പാത്രങ്ങളും രത്നം പതിച്ച ആഭരണങ്ങളും പട്ടു സാരികളും വാങ്ങാൻ കഴിയുമോ?

അതുകൊണ്ട് അവർ അവളെ ധനാഢ്യനായ ഒരാൾക്ക് വിവാഹം ചെയ്തു കൊടുത്തു.

മണ്ടശ്ശിരോമണിയായ ഞാൻ തുടർന്നും സംസാരിച്ചു.

‘ശരി, അവർ സാറിനെ വിട്ടു പോയി. സാർ ഇങ്ങനെ ഏകാകിയാകുന്നതെന്തിന്? അവരെ മറന്നിട്ട് മറ്റൊരാളെ ഇഷ്ടപ്പെടുകയും ഒന്നിച്ച് ജീവിക്കുകയും ചെയ്തു കൂടേ?‘

മറുപടി വളരെ ചെറുതായിരുന്നു.

‘മറ്റൊരു സ്ത്രീയെ മനസ്സുകൊണ്ടും ശരീരം കൊണ്ടും ആഗ്രഹിക്കുവാൻ ഇതുവരെ സാധിച്ചിട്ടില്ല, സാധിക്കുമ്പോൾ ഒന്നിച്ച് ജീവിക്കാനായേക്കും.‘

പറഞ്ഞു തീർന്നപ്പോൾ ആ കണ്ണുകളിൽ നനവുണ്ടായി.

ഞാൻ സ്തംഭിച്ചിരുന്നു.

എന്നെ മറന്നുവെന്ന് എനിക്ക് തോന്നിയ ആരേയും ഞാൻ ഓർമ്മിച്ചിരുന്നില്ല. എനിക്ക് ഫോൺ ചെയ്ത് ക്ഷേമമന്വേഷിക്കാത്തവരെ ഞാനും അന്വേഷിച്ചിരുന്നില്ല. എനിക്ക് കത്തയയ്ക്കാത്തവർക്ക് ഞാനും കത്തയച്ചിരുന്നില്ല. എന്നെ കാണാൻ വരാത്തവരുടെ വീട്ടിൽ പോകാൻ ഞാൻ വിസമ്മതിച്ചു. വല്ലപ്പോഴുമൊരിക്കൽ ഇതിലേതെങ്കിലും വേണ്ടി വന്നാൽ ഞാൻ വലിയ ഒരു ത്യാഗം ചെയ്യുന്നതു മാതിരി, രക്തസാക്ഷിയുടെ റോൾ അഭിനയിക്കുമായിരുന്നു.

ഇതാ, എന്റെ മുൻപിലിരിക്കുന്ന ഈ മനുഷ്യൻ തന്നെ എന്നേക്കുമായി വിട്ടു പോയ ആ സ്ത്രീയെ കഴിഞ്ഞ ഇരുപത്തഞ്ചു വർഷമായി സ്നേഹിക്കുകയാണ്!!

ഞാൻ വാക്കുകൾക്ക് വേണ്ടി പരതി.

‘സാർ.. അവരെക്കുറിച്ച് …… അവരുടെ ജീവിതം നന്നായിരിക്കുന്നോ?....’

ഞാൻ പകുതിയിൽ നിറുത്തി. മറ്റൊരു പെണ്ണിനെ എന്തു ബന്ധത്തിന്റെ പേരിലായാലും, ഒരു പുരുഷൻ അല്പമെങ്കിലും പരിഗണിക്കുന്നതു കാണുമ്പോൾ തന്നെ, അസഹിഷ്ണുത നിമിത്തം പുകഞ്ഞു പോകുന്ന ഒരു പെണ്ണിനെപ്പോലെ എന്റെ ഉള്ളിലെ അസൂയക്കാരിയും ഫണം നിവർത്തുകയായിരുന്നു. എങ്കിലും ഞാനത് കൌശലത്തോടെ ഒതുക്കിവെച്ചു.  ഒരു തരം അതീവ നിഷ്കളങ്കത്വം അഭിനയിക്കുന്ന ഈശ്വര ഭക്തയുടെ മുഖം മൂടി മനസ്സിനെ ധരിപ്പിച്ചുകൊണ്ട് ഞാനാശിച്ചു. 

അവൾക്ക് ദൈവം ശിക്ഷ കൊടുത്തിരിക്കും….. ഇങ്ങനെയൊരാളെ തള്ളിക്കളഞ്ഞവൾക്ക് ….

പക്ഷെ, ഞാനാഗ്രഹിച്ച ഉത്തരമേയല്ല എനിക്ക് കിട്ടിയത്.

‘നല്ലൊരു ജീവിതമാണ് അവൾക്കുള്ളത്. എനിക്കതാണ് ഏറ്റവും വലിയ ആഹ്ലാദം. അവൾ വേദനിക്കുന്നുവെന്നറിയുകയും എനിക്കൊന്നും ചെയ്യാൻ പറ്റാതാവുകയുമാണെങ്കിൽ…… സ്നേഹിക്കുന്നവർ ദു:ഖിക്കുന്നുവെന്നറിയുക കഠിനമാണ്.‘

എനിക്ക് സഹിക്കുവാൻ സാധിച്ചില്ല.

എന്റെ നിറഞ്ഞ കണ്ണുകൾ അദ്ദേഹത്തിൽ നിന്ന് ഒളിപ്പിക്കുവാൻ വേണ്ടി ഞാൻ തിടുക്കത്തിൽ അടുക്കളയിലേക്കു നടന്നു.

ചായയുണ്ടാക്കുമ്പോൾ ഗിറ്റാറിന്റെ ശബ്ദം കേട്ടു തുടങ്ങി.

അതെ, ദൈവം തന്റെ വിരലുകൾ കൊണ്ട് ഗിറ്റാർ വായിക്കുകയാണ്.

17 comments:

ശ്രീ said...

താന്‍ സ്നേഹിയ്ക്കുന്നവര്‍ എന്നും സുഖമായിരിയ്ക്കട്ടെ എന്ന് തിരിച്ച് യാതൊന്നും പ്രതീക്ഷിയ്ക്കാതെ ആത്മാര്‍ത്ഥമായി ആഗ്രഹിയ്ക്കാന്‍... പ്രാര്‍ത്ഥിയ്ക്കാന്‍ കഴിയുന്നവര്‍ തീര്‍ച്ചയായും വലിയ ഹൃദയമുള്ളവരാണ്. ആ ഗിത്താര്‍ വിദ്വാനെയും നമുക്ക് ആ ഗണത്തില്‍ പെടുത്താം.

നല്ല പോസ്റ്റ്!

VEERU said...

വളരെ മനോഹരമായിട്ടെഴുതിയിരിക്കുന്നു..മറ്റുപോസ്റ്റുകൾ വായിച്ചിട്ടില്ല സമയപരിമിതി തന്നെ... ചില വാചകങ്ങൾ കൂടുതൽ പറയുന്നു (ഉദാ:എന്റെ മുഖം എന്നെ വഞ്ചിച്ചുവോ ?) നന്നായിട്ടുണ്ട് തുടരുക..!!

ഗൗരിനാഥന്‍ said...

എന്നെ മറന്നുവെന്ന് എനിക്ക് തോന്നിയ ആരേയും ഞാൻ ഓർമ്മിച്ചിരുന്നില്ല. എനിക്ക് ഫോൺ ചെയ്ത് ക്ഷേമമന്വേഷിക്കാത്തവരെ ഞാനും അന്വേഷിച്ചിരുന്നില്ല. എനിക്ക് കത്തയയ്ക്കാത്തവർക്ക് ഞാനും കത്തയച്ചിരുന്നില്ല. എന്നെ കാണാൻ വരാത്തവരുടെ വീട്ടിൽ പോകാൻ ഞാൻ വിസമ്മതിച്ചു. വല്ലപ്പോഴുമൊരിക്കൽ ഇതിലേതെങ്കിലും വേണ്ടി വന്നാൽ ഞാൻ വലിയ ഒരു ത്യാഗം ചെയ്യുന്നതു മാതിരി, രക്തസാക്ഷിയുടെ റോൾ അഭിനയിക്കുമായിരുന്നു..... ഞാനൂമതെയ്...എന്നായിരിക്കും അതൊക്കെ മറന്ന് അയാളെ പോലെയാകുക...

said...

പ്രതിഫലമിശ്ചിക്കാതെയുള്ള സ്നേഹം എപ്പൊഴും ആഗ്രഹിക്കാറുണ്ടെങ്കിലും അതുപൊലെ സ്നേഹിക്കാന്‍ സ്വയം കഴിയുമൊ എന്നു ഒരിക്കല്‍ കൂടി വേദനയോടെ ചിന്തിച്ചു പോകുന്നു.... സങ്കടങ്ങളുടെ നടുകടലില്‍ ഒറ്റപെട്ടുപോയപ്പോഴൊക്കെ പകയാണു പോരാടാനും ജീവിതം നിലനിര്‍ത്താനും സഹായിക്കുന്നതു എന്നുകരുതി കെടാതെ സൂക്ഷിക്കുന്ന ഓര്‍മ്മയുടെ കനലുകള്‍ എന്നെ നോക്കി പരിഹസിക്കുന്ന പോലെ......... !!

വയ്സ്രേലി said...

Echmu കുട്ടി, അതിമനോഹരം. നനായി രസിച്ചു വായിച്ചു. ആദ്യമായി ആണ് ഞാന്‍ ഈ വഴി ഒക്കെ... ഞാന്‍ ഇനിയും വരും. ബൈ ദി ബൈ ഞാന്‍ പഴയ പോസ്റ്റുകളും വായിക്കും കേട്ടോ. അഭിപ്രായം എഴുതാം.

നന്ദി

dhanya said...

echumukuttiya kalakki tta. mashaepole avanonnum eejanmam pattiilla. ee rare species ne introduce cheythathinau thanks.

Veendum kanam.

മുകിൽ said...

Ellarum parayumpole jnanum parayunnu.'Jorayirikkunnu'. Dhaivathinu nandi, ithharam viralukal bhoomiyil avatharippikkunnathinu. Ezhuthunna ee viralukaleyum jnanathil koottunnu.

Echmukutty said...

ശ്രീ പറഞ്ഞതു ശരിയാണ്. വലിയ ഹ്റുദയമുള്ളവർക്ക് മാത്രമേ അത്തരം ജീവിതം നയിക്കാനാകു. നന്ദി, ശ്രീ.
വീരുവിനു സ്വാഗതം. ഇരുപത് വർഷമായി ഞാൻ എന്തെങ്കിലും എഴുതിയിട്ട്. അതിന്റെ കുറവുകൾ ഉണ്ട്, വീരു. വന്നതിനും പ്രോത്സാഹിപ്പിച്ചതിനും നന്ദി.ഇനിയും വരുമല്ലോ.
ഗൌരിനാഥനെ വീണ്ടും കാണാനായതിൽ സന്തോഷം. നന്ദി, തുടർന്നും വരുമല്ലൊ.

ചക്കി മോളുടെ അമ്മേ,നമ്മുടെ ജീവിതം അവസാനിപ്പിക്കുവാൻ തുനിഞ്ഞവരുടെ മുൻപിൽ വീണുപോകാതെ പിടിച്ച് നിൽക്കാൻ നമ്മെ പ്രേരിപ്പിക്കുന്ന ഒന്നിനും വലുപ്പ ചെറുപ്പമില്ല.എല്ലാം ശ്രേഷ്ഠമാണ്.ചക്കി മോളുടെ എനിക്ക് തരുന്നത് വലിയ പ്രോത്സാഹനമാണ്. നന്ദി. ഇനിയും വരുമല്ലോ.

അംജിതിനു സ്വാഗതം. ഇനിയും വരുമെന്നറിയിച്ചതിൽ സന്തോഷം. അഭിനന്ദനത്തിന് നന്ദി.

ഉരുക്കുവിന് സ്വാഗതം. അഭിനന്ദനത്തിനു നന്ദി.
ഇനിയും വരുമല്ലോ.

സതീദേവിയുടെ അഭിനന്ദനം മനസ്സിനെ തൊട്ടുവെന്ന് പറയട്ടെ, അംഗീകാരങ്ങളും അഭിനന്ദനങ്ങളും നന്നെക്കുറച്ച് മാത്രം പരിചയമുള്ള ഒരാൾക്ക് നിറകണ്ണുകളോടെ മാത്രമേ അതു വായിക്കാനാകുന്നുള്ളൂ. നന്ദി, വീണ്ടും വരുമല്ലോ.

tt said...

Chila pranayangalkku Nakshathra janmamanu.Udichuyarnnu kuree... kazhinjee.. kannilethoo.
Chilawa, kettadangi orupaa..du kalam kazhinjum,
oru nilavu pole santhwanippichu kondiriykkum.

(No Guarantee about the existence of Stars I see from my baloney, at that time. To make it simple Ref:- Hindi film TARE ZAMEEN PAR."kabhi kabhi, Jo diktha hey, woh hota nahi, Our jo hothaa hey woh dikha nahi").

Pranayathinum,guruvinum namaskaram.

Echmukkutty...
ithrayum unarthiyeduthadu,
ee kadhayanu.

Ithryum parayuvaan kazhivundayirunnegil,....!!

Oru nakshthram, vadakkudidichu nilkkunnu,
dead or alive, who knowes?..

Iniyum ezhuthuka , kathiriykkunnu.

Echmukutty said...

ടിടിക്കു സ്വാഗതം. അഭിപ്രായത്തിനും ആസ്വാദനത്തിനും നന്ദി. ഇനിയും വരുമല്ലൊ.

ടിടി യുടെ ഭാഷയ്ക്കും നിരീക്ഷണങ്ങൾക്കും അസാധാരണമായ ചാരുതയുണ്ടെന്നറിയിക്കട്ടെ.

ചേച്ചിപ്പെണ്ണ്‍ said...

daivam ...really !!!!!!!!!!!1

Echmukutty said...

ദൈവത്തിന്റെ ഒരു രൂപം അങ്ങനെയായിരുന്നു.ചേച്ചിപ്പെണ്ണ് വന്ന് വായിച്ചതിൽ സന്തോഷം.

ശ്രീനാഥന്‍ said...

അതെ ദൈവം തന്നെ, അളവില്ലാതെ, തിരിച്ചാഗ്രഹിക്കാതെ, സ്നേഹിക്കാനുള്ള കഴിവ് ദൈവീകമാണ്, ദൈവമാകണമെന്നു നാമാഗ്രഹിച്ചാൽ മനുഷ്യനെങ്കിലും ആകാൻ കഴിയും, നല്ല കഥ, എച്ചുംകുട്ടിയുടെ വിരലുകൾ കഥകൾ രചിക്കുമ്പോൾ ഇനിയും വായിക്കാനെത്താം!

പട്ടേപ്പാടം റാംജി said...

മറ്റൊരു പെണ്ണിനെ എന്തു ബന്ധത്തിന്റെ പേരിലായാലും, ഒരു പുരുഷൻ അല്പമെങ്കിലും പരിഗണിക്കുന്നതു കാണുമ്പോൾ തന്നെ, അസഹിഷ്ണുത നിമിത്തം പുകഞ്ഞു പോകുന്ന ഒരു പെണ്ണിനെപ്പോലെ എന്റെ ഉള്ളിലെ അസൂയക്കാരിയും ഫണം നിവർത്തുകയായിരുന്നു.

തിരിച്ചൊന്നും പ്രതീക്ഷിക്കാത്ത സ്നേഹം മധുരമാണ്.
ഇഷ്ടപ്പെട്ടു എന്ന് പറയേണ്ടതില്ലല്ലോ.

ente lokam said...

സ്നേഹിക്കുന്നവര്‍ക്ക് വേണ്ടി ജീവന്‍ ത്യജിക്കുന്നതിനേക്കാള് വലിയ സ്നേഹം ഇല്ല (ബൈബിള്‍)...ഇതും ഒരു ജീവന്‍ ത്യജിക്കല്‍ അല്ലെ?നല്ല
കഥ നന്നായി എഴുതി എച്മു.അഭിനന്ദനങ്ങള്‍

ajith said...

പഴയ ബ്ലോഗുകള്‍ നോക്കുമ്പോള്‍ ഒരു ഗുണമുണ്ട്. മുമ്പത്തെ അനേക ബ്ലോഗര്‍മാരെ കാണാന്‍ പറ്റും. പലരും കട്ടയും പടവുമൊക്കെ മടക്കിവച്ചു, ചിലര്‍ ഇപ്പോഴും തുടരുന്നു.

എച്ച്മു, ഈ തീം ബേസ് ചെയ്ത് ഒരു കഥ എന്റെ മനസ്സിലുണ്ട്. ഇതുവരെ തുടങ്ങിയില്ല എഴുതാന്‍.

സുധി അറയ്ക്കൽ said...

ചേച്ചീടെ ഒരോ കഥ വായിക്കുമ്പൊഴും ഓരോ കഥാപാത്രങ്ങൾ മനസിലേക്ക്‌ കയറുകയാണല്ലോ.!!

നഷ്ടപ്രണയത്തിന്റെ ഭൂതകാലബാധ്യതകളിൽ ജീവിക്കുന്ന പാവം ഗിറ്റാർ ഗുരു !!!നല്ലതു വരട്ടെ.പാവം.