Thursday, September 17, 2009

അയ്യോ, ഭർത്താവിനെ ഇപ്പോ കൊണ്ടു വരണ്ട!!!

കുറച്ച് ദിവസമായി ഡ്രൈവിംഗ് പഠിക്കാനുള്ള കഠിന പരിശ്രമത്തിലാണ്, ഞാൻ.

സ്ത്രീ ജന്മം പുണ്യജന്മമെന്ന് സീരിയലിൽ പറഞ്ഞാലും ശരിക്കും അതൊരു ആജീവനാന്ത വികലാംഗ ജന്മമാണെന്ന മട്ടിലായിരുന്നു എന്നെ സദാ അരുതുകളുടെ മതിൽക്കെട്ടുകളിൽ അടക്കമൊതുക്കത്തോടെ വളർത്തിയിരുന്നത്. അതുകൊണ്ട് കുഞ്ഞുന്നാളിൽ പോലും എന്റെ ചേട്ടൻ സൈക്കിൾ ഓടിക്കുമ്പോൾ എനിക്ക് അതു നോക്കി നിൽക്കുക മാത്രമേ സാധിച്ചിരുന്നുള്ളൂ.

ആ ഞാനാണ് ഇപ്പോൾ ഈ സാഹസം കാണിക്കുന്നത്.

ഈ വയസ്സ് കാലത്ത് കാറോടിച്ച് എങ്ങോട്ട് പോകാനാണ് സ്വർഗ്ഗത്തിലേക്കല്ലാതെ എന്നൊക്കെ എല്ലാവരും പറഞ്ഞുവെങ്കിലും നല്ല കരളുറപ്പോടെ, പാലം കുലുങ്ങിയാലും കുലുങ്ങാത്ത കേളനെ നമിച്ച് ഞാൻ ഡ്രൈവിംഗ് പഠിച്ചു വരികയാണ്.

എന്നും രാവിലെ ഒന്നു രണ്ട് വിദ്യാർഥിനികൾക്കൊപ്പം പഠിപ്പിക്കുന്ന അധ്യാപകൻ കാറുമായി വരും. ഞാൻ ഓടിക്കുമ്പോൾ മുപ്പത്തഞ്ചിലും  നാൽപ്പതിലുമൊക്കെ നിൽക്കുന്ന സഹപാഠിനികൾ പൂർണ നിശ്ശബ്ദരായി  അവരുടെ ഉൽക്കണ്ഠകൾ രേഖപ്പെടുത്തിയിരുന്നു. വല്ലപ്പോഴുമൊക്കെ,‘അയ്യോ സ്റ്റിയറിംഗ് സ്റ്റെഡി‘ എന്ന് അവർ പറഞ്ഞു. ‘ഹേയ് ഞാനെത്ര കാറുകൾ ഓടിച്ചിരിക്കുന്നു‘വെന്ന് നിസ്സാരമായി ഭാവിക്കാനുള്ള ആത്മവിശ്വാസമാണെങ്കിലോ എത്ര മേക്കപ്പിട്ടിട്ടും കവിളുകൾ അമർത്തിത്തിരുമ്മി ചുവപ്പിച്ചിട്ടും എന്റെ ചുളിവുകളുള്ള മുഖത്ത് വരുത്തുവാൻ സാധിക്കുന്നുമില്ല.

ക്ലച്ച്, ബ്രേക്ക്, ആക്സില്, ഗിയറ്, ന്യൂട്ടറ്,  സിഗ്നല്, ഇൻഡിക്കേറ്ററ്, എഞ്ചിൻ ഓഫാക്കല്, സ്വിച്ച് കീ തിരിക്കല്…….അങ്ങനെ എന്റെ പദസമ്പത്തും പ്രായോഗികമായ അറിവുകളും കഷ്ടിപിഷ്ടിയായ ആത്മവിശ്വാസവും  പോഷകാഹാരക്കുറവുള്ള കുട്ടിയെപ്പോലെ മെല്ലെ മെല്ലെ വളരുകയാണ്. ഒരു നാൾ ഞാനുമൊരു ഡ്രൈവറാകും എന്ന് ഞാനിപ്പോൾ വിക്കലോടെയാണെങ്കിലും എല്ലാവരോടും പറയുന്നുണ്ട്.

ഇന്ന്, കാർ ക്ലാസ്സിൽ വെച്ച് നാൽപ്പതുകാരി പറഞ്ഞു, ‘സാർ, എന്റെ ഭർത്താവ് നാളെ കാറിലിരിക്കാമെന്ന് അറിയിച്ചിട്ടുണ്ട്, ഞാൻ എങ്ങനെയാണ് വണ്ടി ഓടിക്കുന്നതെന്ന് മനസ്സിലാക്കാൻ,‘

‘അയ്യോ! ഭർത്താവിനെ ഇപ്പോ കൊണ്ടു വരണ്ട മാഡം, അതിനു നേരമാകുമ്പോ ഞാൻ പറയാം.‘

ഞാൻ സാറിനെ അത്ഭുതത്തോടെ നോക്കി, അങ്ങനേയും ഒരു പ്രത്യേക നേരമുണ്ടോ?

‘അത് ശരിയാവില്ല, മാഡം. ഞാൻ ഇത് ഇന്നലേം മിനിഞ്ഞാന്നും തൊടങ്ങിയതല്ല, കാലം ഒരുപാടായി, ഒട്ടനവധി പേര് പഠിച്ചും കഴിഞ്ഞു. മാഡങ്ങളുടെ സാറുമ്മാരു വരും, വണ്ടി ഓടിക്കണതു കണ്ട് പറയും എടീ നീ ഇത്ര നാളു കൊണ്ട് ഇത്രേം കാശും തൊലച്ചിട്ട് ഇതാണോ പഠിച്ചത്? ഇങ്ങനെയാണോ തിരിക്കണത്?, ഇതാണോ സിഗ്നല്? ഇങ്ങനെ അബദ്ധങ്ങള് കാണിക്കാനാണോ നീ വെളുപ്പിനു പോരണത്?....അങ്ങനെ ഒരു അഞ്ചാറ് ചോദ്യം ചോദിക്കും, കാര്യം അവരു നോക്കുമ്പോ എന്താണിതില് ഇത്ര പണി? അവരു എന്നും ചുമ്മാ പുല്ലു പോലെ വണ്ടി ഓടിക്കണതല്ലേ? അതോടെ മാഡങ്ങളുടെ പരിപാടി തീർന്നു. ഇന്നതും പറഞ്ഞ് സാറുമ്മാരു പോകും. നാളെ കാലത്ത് മാഡങ്ങള് കീ തിരിച്ച് വണ്ടി സ്റ്റാർട്ടാക്കാനും കൂടി പേടിച്ച് അങ്ങനെ ഇരിക്കും, ഈ കാറില്.  മാഡങ്ങള് ഡോക്ടറായാലും വക്കീലായാലും എഞ്ചിനീയറായാലും ഒക്കെ ഈ കണക്ക് തന്നെ. സാറുമ്മാരു പതിനെട്ട് വയസ്സ് മൊതല് വണ്ടി ഓടിക്കണതാണ്. അവർക്ക് നിസ്സാരം. മാഡങ്ങള് നാപ്പത് വയസ്സിലാണ് പഠിക്കാൻ വരണത് തന്നെ. ഇക്കാര്യം നിങ്ങള് മാഡങ്ങളുക്കും നിങ്ങടെ സാറുമ്മാർക്കും ഓരോന്ന് കേക്കുമ്പോളും പറേമ്പോളും ഓർമ്മ വരില്ല. ഞാൻ ഇതു വരെ പഠിപ്പിച്ചതൊക്കെ പിന്നേം പിന്നേം പഠിപ്പിക്കണ്ടതായിട്ട് വരും. മാഡങ്ങള് നന്നായി പഠിച്ചിട്ട് നമ്മ്ക്ക് സാറുമ്മാരെ വിളിക്കാം.‘

എന്റെയും സഹപാഠിനികളുടേയും എല്ലാ സംശയങ്ങളും മാറ്റിക്കൊണ്ട് സാറ് വളരെ നിസ്സാരമായി പറഞ്ഞു നിറുത്തി.

ഭർത്താവിനെ ഇരുത്തിക്കൊണ്ട്  പുല്ലു പോലെ കാറ് ഓടിക്കാൻ പറ്റുന്ന ആ സുന്ദര ദിനവും കാത്ത് ഞങ്ങൾ പഠനം തുടരാൻ തീരുമാനിച്ചു.

8 comments:

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്:
ഉപദേശം കൊള്ളാം എന്തോ ഇത് സ്വന്തം സ്വഭാവത്തിലുമുണ്ട്. മൊത്തം ഒഴിവാക്കാന്‍ പറ്റുമോ എന്നറീല എന്നാലും ശ്രമിച്ച് നോക്കാം അല്ലേ?
ഓടോ:ആദ്യ തവണ കമന്റിടാന്ന് വന്നപ്പോള്‍ ബ്രൌസര്‍ ക്രാഷായി എന്നാപ്പിന്നെ ഇട്ടേപറ്റൂ എന്നായി ലിങ്കൊക്കെ തപ്പിയെടുത്ത് പിന്നേം വന്നു.

Unknown said...

എന്തെൻകിലും വായിചു ഉരക്കെ ചിരിചിട്ടു ഒരുപദു കാലമായിരുന്നു. ഇന്നു ചിരിചു.

Echmukutty said...

അമ്മുവിനെ ചിരിപ്പിക്കാൻ സാധിച്ചതിൽ സന്തോഷം. കരയിക്കുന്നത്ര എളുപ്പമല്ലല്ലോ ചിരിപ്പിക്കാൻ അല്ലേ.
നന്ദി.
കുട്ടിച്ചാത്തനു നമസ്കാരം.നന്ദി.
തിരുത്താൻ ശ്രമിക്കാമെന്നു പറയുന്ന ചാത്തന്റെ മനസ്സിനു പ്രത്യേകമായ ഒരു അർച്ചന!!
ഒരിക്കൽക്കൂടി നന്ദി പറഞ്ഞുകൊണ്ട്...

ഗൗരിനാഥന്‍ said...

എന്നാണ് ആരും തകര്‍ത്താല്‍ തകരാത്ത ആത്മ്മവിശ്വാസം പെണ്ണുങ്ങള്‍കുണ്ടാകുക

said...

നന്നായി ചിരിച്ചു... വൈകി മാത്രം ആത്മ വിശ്വാസം ലഭിക്കുന്ന പുണ്യ ജന്മങ്ങള്‍ വേറെയും ഉണ്ടെന്നറിഞ്ഞപ്പോള്‍ ഗൂഡമായ ഒരു സന്തോഷവും... ആജീവനാന്ത വികലാംഗ ജന്മമെന്ന പദം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തു...

Echmukutty said...

ഗൌരിനാഥനെ കണ്ടതിൽ ആഹ്ലാദം.ആ ആത്മവിശ്വാസം തേടുകയാണല്ലോ നമ്മൾ എല്ലാവരും ജീവിതം മുഴുവൻ. അമ്മയുടെ ആത്മവിശ്വാസം മകൾക്ക് ജീനുകളിലൂടെ പകർന്നു കിട്ടുന്ന കാലം വരുമെന്ന് കരുതാം അതങ്ങനെ കുറെ തലമുറകളിലാകുമ്പോൾ ആർക്കും തകർക്കാൻ പറ്റാതാകുമെന്ന് കരുതാം. വന്നതിനും അഭിപ്രായം പറഞ്ഞതിനും നന്ദി.

ചക്കിമോളുടെ അമ്മയെ ചിരിപ്പിക്കാനും സന്തോഷിപ്പിക്കാനും ചിന്തിപ്പിക്കാനും സാധിച്ചതിൽ ആഹ്ലാദം. വരുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും നന്ദി.

ajith said...

bold bold bold

mirshad said...

പുരുഷകേന്ത്രീകതസമൂഹത്തിന്റെ ഒരു ചെറിയ വശം മാത്രം . . . രസകരമായിരുന്നു വായന . . .

ഒരു എഴുത്തുകാരിയുടെ വളര്‍ച്ച മനസ്സിലാക്കാന്‍ ബ്ലോഗ് ആര്‍ചീവ് മാത്രം മതിയെന്നു തോന്നുന്നു