സംശയമുണ്ടോ ഏതെങ്കിലും മണ്ടശ്ശിരോമണിക്ക്……? പൊതുവെ ബുദ്ധീം വിവരോം ദൈവഭയോം തന്തേം തള്ളേം പറ്റി കരുതലും, … ആ അത് തന്നേ.. അങ്ങനെ നല്ല സ്വഭാവമുള്ള മനുഷ്യരൊന്നും പ്രേമിക്കാനും ജാതീം മതോം മാറി കല്യാണം കഴിച്ച് നാണക്കേടുണ്ടാക്കാനുമൊന്നും പോവില്ല.ഒന്നാമത് ഈ പ്രേമം എന്ന് വെച്ചാൽ നമ്മുടെ നാട്ടിൽ ഒരു അപവാദാണ്, എന്തിനാന്ന് വെറുതെ ചീത്തപ്പേരുണ്ടാക്കണത്? പിന്നെ ഈ പ്രേമത്തിന്റെയും സങ്കരക്കല്യാണത്തിന്റെയും ഉത്തരവാദിത്തം ഏൽക്കലൊക്കെ വലിയ തൊന്തരവാന്ന് ബുദ്ധിയുള്ളവർക്ക് അറിയാം.നമ്മളെ കാർന്നോന്മാര് വളർത്തിയെടുക്കുന്നത് നല്ല അനുസരണ ശീലത്തോടെയാണല്ലോ, അല്ലാതെ ചിന്തിച്ചും തീരുമാനങ്ങൾ എടുക്കാൻ പ്രാപ്തരാക്കിയും എടുത്ത തീരുമാനങ്ങളുടെ ഉത്തരവാദിത്തം വഹിക്കാൻ ചുണയുള്ളവരാക്കിയുമൊന്നുമല്ലല്ലോ. കാർന്നോന്മാരങ്ങനെ സകല കാര്യങ്ങളെപ്പറ്റിയും കൂട്ടിയും കുറച്ചും ഗുണിച്ചും ഹരിച്ചും മഷിയിട്ട് നോക്കിയും പലവുരു പരിചിന്തനം ചെയ്ത് ശരിപ്പെടുത്തി വെച്ചിരിക്കയല്ലേ? പിന്നെന്തിനാ ആലോചിച്ച് കഷ്ടപ്പെടണത്? അവരു കാണിച്ച് തരുന്ന വഴിയിലൂടെ അങ്ങട് പോയാൽ മതീലോ. അതു ചില വിഡ്ഡി കൂശ്മാണ്ഡങ്ങള് ചെയ്യാത്തോണ്ടല്ലേ പഴമയുടെ നന്മയെപ്പറ്റി പാട്ടായിട്ടും കഥയായിട്ടും ലേഖനമായിട്ടും നാടകമായിട്ടും ഒക്കെ കാക്കത്തൊള്ളായിരം രീതികളിൽ തലമുറകളെ ബോധവൽക്കരിക്കേണ്ടി വരുന്നത്.
അങ്ങനെ കാർന്നോന്മാർക്ക് അംഗീകരിക്കാനാവാത്ത ഈ പ്രേമ സങ്കര ജാതിക്കല്യാണങ്ങൾ പൊളിഞ്ഞു പാളീസടിക്കുന്നതിനു എത്ര ഉദാഹരണങ്ങൾ വേണമെങ്കിലും നമ്മുടെ ചരിത്രത്താളുകളിൽ ലഭ്യമാണ്. സ്നേഹിക്കാൻ എല്ലാവരും കൂടി എടുത്ത് തരുന്ന ആളെ വേണം സ്നേഹിക്കാൻ. പിന്നെ നല്ല ഗുരുത്വം വേണം. മുതിർന്നവരുടെ അനുഗ്രഹോം ആശിസ്സുമില്ലാണ്ട് നടത്തേണ്ടതല്ല കല്യാണം. പണ്ടത്തെ ബന്ധങ്ങൾക്കൊക്കെ ഈ മുതിർന്നവരുടെ ഇടപെടലുണ്ടായിരുന്ന കാരണം എന്തൊരുറപ്പും ബലവും ആയിരുന്നു.കോൺക്രീറ്റിട്ടതു പോലത്തെ സ്ഥിതിയായിരുന്നു.
സംഗതി ഈപ്പറഞ്ഞതൊന്നുമല്ലാന്ന് , പൊളിയണ കല്യാണങ്ങൾ നോക്കിയാൽ ഏത് മരങ്ങോടനും ഏത് കെഴങ്ങിക്കും തിരിയും. പക്ഷെ അറിയാത്തത് പോലെ കണ്ണുമടച്ച് തലയും കുമ്പിട്ട് ഇരിക്കുകയേയുള്ളൂ. ഉത്തരവാദിത്തപ്പിശാചിനെ പേടിച്ചിട്ടാണേ. അതായത് ഈ പ്രേമ സങ്കര ജാതി കല്യാണങ്ങൾ കഴിക്കുന്നവർ കല്യാണത്തിനു തൊട്ട് മുൻപത്തെ നിമിഷം വരെ ഭയങ്കര വിപ്ലവകാരികളായിരിക്കും. നിലവിലുള്ള വ്യവസ്ഥിതിയിലെ ജാതി മത ചിന്ത, സാമ്പത്തിക നിലയിലും തറവാട് നിലയിലും മറ്റുമുള്ള വ്യത്യാസങ്ങൾ , വിദ്യാഭ്യാസ , ഔദ്യോഗിക നിലവാരങ്ങളിലെ അന്തരം അങ്ങനെ ബുദ്ധീം വിവരവും ഉള്ള എല്ലാവരും കാര്യമായി എടുക്കുന്ന എല്ലാ അന്തരങ്ങളെയും വിപ്ലവകാരികൾ പുല്ലു പോലെ,സ്വന്തം പ്രേമത്തിനു വേണ്ടി വലിച്ചെറിയും.
എന്നിട്ട് ഈ കല്യാണമൊന്ന് കഴിഞ്ഞോട്ടെ, അപ്പ കാണാം പൂരം. ഈ ഭയങ്കര വിപ്ലവകാരികൾ അവരുപേക്ഷിച്ചതെന്ന് അവരെയും മറ്റുള്ളവരേയും വിശ്വസിപ്പിച്ച, ഈ സമൂഹത്തിന്റെ സകലമാന ജീർണമൂല്യങ്ങളെയും ഓക്കാനമുണ്ടാക്കുന്ന വിധത്തിൽ വാരിപ്പുണരുന്നത് കാണാം. കാർന്നോന്മാരുടേയും ജാതി മതങ്ങളുടേയും സന്തുബന്ധുക്കളുടേയും മാലോകരുടേയുമെല്ലാം അംഗീകാരം നേടിയെടുക്കാനായി ഈ വിപ്ലവകാരികളായിരുന്ന പഴയ കമിതാക്കൾ തങ്ങളെ ഒന്നിപ്പിച്ച തങ്ങളുടെ പ്രേമത്തിനെപ്പോലും ബലി കൊടുക്കും.
പിന്നെ കല്യാണം ഒരു പന്നിപ്പടക്കം പോലെ പൊട്ടാനെന്താണു പാട് ?.
അപ്പോൾ പൊള്ളൽ, പരിക്ക്, വേദന, കരിഞ്ഞ മണം…… ഡിം …
Tuesday, May 19, 2009
തരൂ…തരൂ… എന്ന് ആവശ്യപ്പെടുമ്പോൾ
ദരിദ്രരെയും അഗതികളെയും കറുത്തവരെയും അങ്ങനെ നമ്മുടെയൊക്കെ കൂട്ടത്തിലൊന്നും ചേർക്കാൻ പറ്റാത്തവരെയും കാണുമ്പോൾ നമ്മൾ ഒന്നുകിൽ കാണാത്തപോലെ നടക്കും. അല്ലെങ്കിൽ അവരെ ചീത്ത പറയും.അതുമല്ലെങ്കിൽ നമ്മുടെ അറപ്പു കാണിക്കാൻ തുപ്പും, അവരു ഒരു പണിയും ചെയ്യാണ്ട് മടിയും പിടിച്ച് ഇരിക്കണതു കൊണ്ടാണു നന്നാവാത്തത് എന്നു കാരണം കാണിക്കും. പിന്നെ വല്ല ദാനമോ ധർമമോ മറ്റോ ചെയ്ത് പുണ്യം നേടേണ്ടുന്ന ആവശ്യം വന്നുകൂടുമ്പോൾ മാത്രമാണു ഇവറ്റകളൊക്കെ ഓർമയിൽ വരിക.
വൻ നഗരങ്ങളിലെയും അത്ര വൻ അല്ലാത്ത നഗരങ്ങളിലെയും പിന്നെ ചെറു ഗ്രാമങ്ങളിലെയും തിരക്ക് കൂടിയ റോഡുകളിലും മറ്റിടങ്ങളിലുമൊക്കെ ഇത്തരം അനാഥ ജന്മങ്ങൾ ഒരു നിത്യക്കാഴ്ചയാണ്. നമ്മുടെ കാലു തൊട്ട് തൊഴുത് പിഞ്ച് കുഞ്ഞുങ്ങളും ആരോഗ്യമില്ലാത്ത ഗർഭിണികളും വയസ്സന്മാരും എന്നു വേണ്ട നേരത്തെ പറഞ്ഞ തരത്തിലുള്ള ഈ ആർക്കും വേണ്ടാത്ത മനുഷ്യർ ഭിക്ഷ ചോദിച്ചു നമ്മുടെ തെളങ്ങണ നാട്ടിനെയും നമ്മളെപ്പോലത്തെ ആൾക്കാരെയുമൊക്കെ ടൂറിസ്റ്റുകൾക്ക് മുൻപിലും മറ്റും അപമാനിക്കും. എത്ര കിട്ടിയാലും പിന്നേം പിന്നേം തരൂ, തരൂ എന്ന് യാചിച്ച് കൊണ്ടിരിക്കും. നോക്കുമ്പോൾ കാര്യം ശരി തന്നെയാ. വീട്, കാശ്, ജോലി, സ്വത്ത്, പഠിപ്പ്, അന്തസ്സ്, അഭിമാനം ഇങ്ങനത്തെ ഗംഭീരൻ സാധനങ്ങളൊക്കെ നമ്മുടെ കൈയ്യിലാ. പിന്നെ തരൂ തരൂ എന്നല്ലാണ്ട് അവരെന്താ പറയ്യാ? അതെ തരൂ തരൂ ഞങ്ങൾക്കും ഇതെല്ലാം കുറേശ്ശെ തരൂ, തരൂ എന്നല്ലേ പറയാൻ പറ്റൂ.

Subscribe to:
Posts (Atom)