Sunday, April 27, 2014

രണ്ട് പ്രണയ ലേഖനങ്ങളും ദേവാനന്ദിന്‍റെ ബോംബെ നഗരവും


https://www.facebook.com/echmu.kutty/posts/268726076640027

ഇന്ന്  മുംബൈ എന്നു പേരു വിളിക്കുന്ന  പഴയ ബോംബെ നഗരത്തെപ്പറ്റി  ഏറ്റവും കാല്‍പനികമായ  നിറച്ചാര്‍ത്തോടെയുള്ള  സ്വപ്നങ്ങള്‍ എനിക്കു പകര്‍ന്നു തന്നിട്ടുള്ളത് ഞാന്‍ കണ്ടു തീര്‍ത്ത  ഹിന്ദിസിനിമകളോ  സ്വപ്നാത്മകമായ  വിചിത്ര  ഭാവനകളോടെ ഞാന്‍ വായിച്ചവസാനിപ്പിച്ച ഹിന്ദി നോവലുകളോ  സ്ഥിരം  മുംബൈക്കാര്‍ ആയ എന്‍റെ അനവധി  സുഹൃത്തുക്കളോ അല്ല.

അമ്മീമ്മയാണ്. 

അമ്മീമ്മയുടെ  മനസ്സിന്‍റെ ഒരു ഭാഗം  എന്നും ബോംബെയെ ധ്യാനിച്ചിരുന്നു. ആ  നഗരത്തെപ്പറ്റിയുള്ള ഏതു  വര്‍ത്തമാനവും   അവര്‍ എപ്പോഴും  താല്‍പര്യപൂര്‍വം  അറിഞ്ഞു . ദേവാനന്ദ്  പാടിയഭിനയിച്ച  പാട്ടുകള്‍  റേഡിയോയില്‍ കേള്‍ക്കുന്നത്   അമ്മീമ്മയുടെ  ഒരു ദൌര്‍ബല്യമായിരുന്നു. പില്‍ക്കാലത്ത്  ടി വിയില്‍ ദേവാനന്ദിനെ കാണുവാന്‍ സാധിക്കുമ്പോഴൊക്കെയും  അമ്മീമ്മ  ഏറെ  ആഹ്ലാദവതിയായി. ഖൊയാ ഖൊയാ ചാന്ദ്  ഖുലാ  ആസ്‍മാന്‍  എന്ന പാട്ടു കേള്‍ക്കുമ്പോള്‍    മുഖം  അല്‍പം  ലജ്ജയുടെ ചുവപ്പു പുരണ്ട്  അതീവ സുന്ദരമായിത്തീരുന്നത്   ഞങ്ങള്‍ തമാശയോടെ  വീക്ഷിച്ചു. അമ്മീമ്മയുടെ മൃദുലസ്വപ്നങ്ങളെ  ഏതെങ്കിലും ഒരു  കാലത്ത് ദേവാനന്ദ്  വര്‍ണാഭമാക്കിയിരുന്നിരിക്കണം... 
  
ഇരുപതുവയസ്സുകളിലെ കുറെക്കൊല്ലങ്ങള്‍ അമ്മീമ്മ ബോംബെ നഗരത്തില്‍  ചെലവാക്കിയിട്ടുണ്ടെന്ന്  എനിക്കറിയാമായിരുന്നു.  ആചാരങ്ങളിലും  മാമൂലുകളിലും ഉറച്ചു വിശ്വസിച്ചിരുന്ന   അമ്മീമ്മയുടെ മഠത്തില്‍ നിന്ന്  അക്ഷരമറിയാത്ത അവര്‍  എങ്ങനെ ബോംബെയില്‍  എത്തിപ്പെട്ടുവെന്നും അവിടെ എങ്ങനെ ജീവിച്ചുവെന്നും ഞാന്‍ അതിശയിച്ചിട്ടുണ്ട്. മലയാളവും തമിഴുമൊന്നും എഴുതാനറിയാതിരുന്ന അവര്‍  ബോംബെയില്‍ വെച്ച്  ചില  അയല്‍പ്പക്കക്കാരികളായ സ്ത്രീകളില്‍  നിന്ന്  ഹിന്ദി  എഴുതാനും വായിക്കാനും പഠിക്കുകയും ഏതാനും  ചില ചെറിയ  ഹിന്ദി പരീക്ഷകള്‍ പാസ്സാവുകയും ചെയ്തു.  തുച്ഛ വരുമാനമായിരുന്നെങ്കിലും, ആ പരീക്ഷകളുടെ  ബലത്തില്‍,   നന്നെ ചെറിയ ചില   ജോലികളും അവര്‍ അവിടെ ചെയ്യുകയുണ്ടായി. 

അമ്മീമ്മയുടെ  സഹോദരന്മാരാണ് അവരെ  ബോംബെയിലേക്ക്  കൊണ്ടു പോയത്.  ഭര്‍ത്താവില്ലാത്ത പെണ്ണ് അടുക്കളക്കെട്ടില്‍ നിന്ന്  പുറത്തിറങ്ങരുതെന്ന്,  അരവയര്‍ ഭക്ഷിച്ച്, തെരുതെരെ നാമം ചൊല്ലി താഴോട്ടു മാത്രം നോക്കി  കഴിഞ്ഞു കൂടണമെന്ന് ഉറച്ചു  വിശ്വസിച്ചിരുന്ന അവരെ  ഇമ്മാതിരിയൊരു  കാര്യം ചെയ്യാന്‍  പ്രേരിപ്പിച്ചതെന്തായിരിക്കും.?

അമ്മീമ്മയ്ക്ക്  വായിച്ചറിയാന്‍ പോലും സാധിക്കാതെ പോയ  രണ്ടു പ്രണയലേഖനങ്ങളായിരുന്നുവത്രേ ആ  പ്രേരണ ! 

അമ്മീമ്മയുടെ അപ്പാ ഗ്രാമത്തിലെ  ഒരു മുഖ്യനായിരുന്നു.  ധാരാളം പണം, കനത്ത  ഭൂസ്വത്ത്, ആണ്‍ മക്കള്‍ക്കെല്ലാം വന്‍നഗരങ്ങളില്‍ വലിയ  ഉദ്യോഗങ്ങള്‍...  ഇതൊക്കെയല്ലേ  സാധാരണ ഗതിയില്‍  ഒരാളെ  മുഖ്യനാക്കി  മാറ്റുന്നത്?  ബന്ധുക്കളും സുഹൃത്തുക്കളും പരിചയക്കാരും ആശ്രിതരുമായി അനവധി പേര്‍ എപ്പോഴും ആ മഠത്തിലുണ്ടാകുമായിരുന്നു. 

അവരില്‍  രണ്ടുപേരാണ് ആ കുഴപ്പമുണ്ടാക്കിയത്.

ഒരാള്‍ പെട്ടെന്നു പെട്ടെന്ന് കവിത കെട്ടിയുണ്ടാക്കുന്ന  മിടുക്കനായിരുന്നു. എപ്പോള്‍ വേണമെങ്കിലും എത്ര വേണമെങ്കിലും പ്രേമം തുളുമ്പുന്ന വരികള്‍ ചൊല്ലാന്‍ അയാള്‍ക്ക് കഴിഞ്ഞിരുന്നു. ഭാര്യയും അനവധി  മക്കളുമുണ്ടായിരുന്ന  അയാള്‍  ഉയര്‍ന്ന ജാതിക്കാരനായ ഒരു  ജന്മിയായിരുന്നുവത്രെ. 

മറ്റൊരാള്‍  ആയുര്‍വേദം അരച്ചു കലക്കിക്കുടിച്ചിരുന്ന ഒരു  വൈദ്യനായിരുന്നു. ഒറ്റമൂലികളില്‍ സമര്‍ഥനായിരുന്ന അയാളും ഉന്നത ജാതിക്കാരനും ഒരു  ഭര്‍ത്താവും  കുറെ കുട്ടികളുടെ അച്ഛനുമായിരുന്നു.  അയാള്‍ക്കും നല്ല ധനശേഷിയുണ്ടായിരുന്നു. 

പടിപ്പുരയുടെ  ചുവരിനരികിലായി ഭംഗിയുള്ള ഒരു കടലാസ് വെച്ചിട്ടുണ്ട് .  എടുത്ത്  നോക്കു   എന്നായിരുന്നു കവി  വചനമെങ്കില്‍ വൈദ്യന്‍ മുഖക്കുരുവിനുള്ള  മരുന്ന്  കടലാസ്സില്‍  വെച്ചിട്ടുണ്ട്. തൊഴുത്തിനടുത്താണ് അത്  വെച്ചിരിക്കുന്നത്. ആരും  കാണാതെ പോയി അതെടുത്തോളൂ .  പിന്നെ വിവരം തന്നാല്‍ മതി   എന്നാണ് പറഞ്ഞത്. 

അമ്മീമ്മ   രണ്ടു  കടലാസ്സും  പോയി എടുക്കുകയും അതീവ  വിഷണ്ണയാവുകയും ചെയ്തു.  കാരണം  അതില്‍  എഴുതിയിരുന്നതെന്താണെന്ന്  വായിച്ചു മനസ്സിലാക്കാനുള്ള അറിവ്  അവര്‍ക്കില്ലായിരുന്നു. അക്ഷരമറിയാത്തവളാണ് അമ്മീമ്മയെന്ന് എഴുത്തുകള്‍  എഴുതിയവര്‍  അറിഞ്ഞിരുന്നുമില്ല. ജീവിതത്തിലാകെക്കൂടി കിട്ടിയ  രണ്ട് പ്രണയലേഖനങ്ങള്‍   വായിച്ചു മനസ്സിലാക്കാന്‍  പോലും കഴിയാതിരുന്നതാണ് അമ്മീമ്മയുടെ പ്രണയഭാഗ്യം.

അമ്മീമ്മ  പക്ഷെ, കൃത്യമായി പിടിക്കപ്പെട്ടു.

മഠത്തില്‍ പേമാരിയും  കൊടുങ്കാറ്റും മാത്രമല്ല  അഗ്നിപാതവും  ഉണ്ടായി.  അമ്മീമ്മ പിഴച്ചുവെന്നതിന്‍റെ അല്ലെങ്കില്‍ പിഴയ്ക്കാന്‍ കൊതിച്ചുവെന്നതിന്‍റെ  ഉത്തമ ദൃഷ്ടാന്തമായിരുന്നുവല്ലോ  ആ കത്തുകള്‍.  

ഒരേ ദിവസം  രണ്ട് പുരുഷന്മാരില്‍ നിന്ന്  കത്തുകള്‍ കിട്ടുന്ന  പെണ്ണോ   ... അവള്‍  ഭയങ്കരി തന്നെ.

ഇത്തിരി തീയില്ലാതെ  ഇത്തിരി പുകയുണ്ടാവുമോ 

ആണുങ്ങളെ  കണ്ണു കാണിച്ചാല്‍  ഏതു സുന്നരീടെ ഭര്‍ത്താവായാലും  എത്ര മക്കളുടെ  അച്ഛനായാലും അവര്‍  കത്തെഴുതി  കൊടുക്കില്ലേ..  പെണ്ണല്ലേ  കരുതിയിരിക്കേണ്ടത്..

ഇതിനു മുന്‍പ്  ആരൊക്കെ കത്തു കൊടുത്തിട്ടുണ്ടെന്ന് ആര്‍ക്കറിയാം.. 

അല്ലെങ്കിലും  ആണുങ്ങളുള്ള  ഭാഗത്ത് ചുറ്റിപ്പറ്റി നില്ക്കലുണ്ട് ഇവള്‍ക്ക് .. 

ഇങ്ങനെ വാക്കുകള്‍ കൊണ്ട് ക്രൂരമായി   ആക്രമിക്കുമ്പോഴും നീണ്ട മുടിപിടിച്ചുലയ്ക്കുമ്പോഴും  കരണത്തടിയ്ക്കുമ്പോഴും മുറിയില്‍  പൂട്ടിയിടുമ്പോഴും   കിട്ടിയ കത്തുകള്‍  ആ പെണ്‍കുട്ടിയ്ക്ക് വായിക്കാന്‍ കൂടി കഴിയില്ലെന്ന്  ആരും  ഓര്‍മ്മിച്ചില്ല. 

അക്ഷരമറിയാത്തതിന്‍റെ ദണ്ഡമെന്നത്  ചിലപ്പോഴൊക്കെ അങ്ങനെയും  കൂടിയാണ്. 

ഈ സങ്കടമൊക്കെ കുടിച്ചിറക്കുമ്പോള്‍ മരിക്കാന്‍ തോന്നിയിട്ടില്ലേ   എന്ന ചോദ്യത്തിനുത്തരമായി   ആത്മഹത്യ ചെയ്യുന്നവരെ ഭീരുക്കള്‍  എന്നും മറ്റും  വിളിച്ച് പരിഹസിക്കരുതെന്നും ആത്മഹത്യ കലയായും ചിലപ്പോള്‍  ഒരു  രാഷ്ട്രീയ പ്രവര്‍ത്തനമായും  മാറാറുണ്ടെന്നും   അപ്പോഴാണ് അമ്മീമ്മ  പറഞ്ഞു  തന്നത് . പൊതുസമൂഹത്തിന്‍റെ മിക്കവാറും  എല്ലാ  മുന്‍വിധികളോടും പഴഞ്ചൊല്ലുകളോടും അമ്മീമ്മ  എന്നും  ഇടം തിരിഞ്ഞുനിന്നിരുന്നു.  നിശിതമായി  ആലോചിക്കാതെ ആ പഴഞ്ചൊല്ലുകളും മുന്‍വിധികളും  അങ്ങനെ എല്ലാവരേയും  പോലെ എടുത്തുപയോഗിക്കുന്നത്  അവര്‍ ഒട്ടും ഇഷ്ടപ്പെട്ടിരുന്നില്ല. ഞങ്ങള്‍ കുട്ടികളിലും ആ ശീലം വളര്‍ത്താന്‍  അവര്‍  എപ്പോഴും പരിശ്രമിച്ചിരുന്നു. 

സഹോദരന്‍റെ  ഭാര്യയുടെ പ്രസവ ശുശ്രൂഷയ്ക്കായാണ് അമ്മീമ്മ ആദ്യമായി ബോംബെയിലേക്ക്  പോയത്. അമ്മീമ്മ പിഴച്ചു പോവാതിരിക്കാന്‍,  മഠത്തിനു  ചീത്തപ്പേരു വരാതിരിക്കാന്‍,  എന്ന ന്യായം സഹോദരന്മാരുടെ ആ  പ്രവൃത്തിയെ  തികഞ്ഞ ഉപകാരമായി കാണാന്‍ എല്ലാവരേയും പ്രേരിപ്പിച്ചു. പിന്നീട് ആറേഴു വര്‍ഷങ്ങള്‍ക്ക്  ശേഷമേ  സഹോദരന്മാര്‍ അമ്മീമ്മയെ ഗ്രാമത്തിലേക്ക്  തിരിച്ചുകൊണ്ടുവന്നുള്ളൂ. അപ്പോഴേക്കും  സഹോദരഭാര്യമാരുടെ പ്രസവങ്ങള്‍ നിലയ്ക്കുകയും ശുശ്രൂഷകള്‍ വേണ്ടാതാവുകയും കുട്ടികള്‍ മുതിരുകയും  ചെയ്തുകഴിഞ്ഞിരുന്നു. 

പ്രസവ ശുശ്രൂഷ വിചിത്രമായ ഒരനുഭവമാണെന്ന് അമ്മീമ്മ പറഞ്ഞു . തികച്ചും  അവശയായ സ്ത്രീക്ക് ശുശ്രൂഷയും  ശുശ്രൂഷിക്കുന്ന സ്ത്രീയും ഹൃദ്യമായി തോന്നാമെങ്കിലും അവശത കുറയുന്നതനുസരിച്ച് ഹൃദ്യതയും സ്വീകാര്യതയും കുറഞ്ഞുകുറഞ്ഞു വരും. പിന്നെപ്പിന്നെ സഹായിയായി തോന്നിയ സ്ത്രീ അനാവശ്യവും എത്രയും പെട്ടെന്ന്  നാടു കടത്തപ്പെടേണ്ടവളും കുടുംബത്തിലെ  ശല്യവും ആയിത്തീരും. അവള്‍ അനാഥയാണെങ്കില്‍  പിന്നെ, തികച്ചും  വെറുക്കപ്പെട്ടവള്‍  ആയതു തന്നെ. അവള്‍ക്കു വേണ്ടി ചെലവാക്കപ്പെടുന്ന അരിമണികളും തുണിക്കഷണങ്ങളുമെല്ലാം  കുടുംബവരുമാനത്തിന്‍റെ  താളം  തെറ്റിക്കും.  

ഹിന്ദിയില്‍  ബില്ലെഴുതുന്ന  ചില്ലറക്കടകളില്‍  പാര്‍ട്ട് ടൈം  ജോലിക്കു  പോവാന്‍  അമ്മീമ്മയ്ക്ക് കഴിഞ്ഞത്  ഈ അനാവശ്യതയും  വെറുപ്പും അനാഥത്വവും ഒഴിവാക്കപ്പെടലും  ഒക്കെക്കൊണ്ടു തന്നെയായിരുന്നു.

വിക്ടോറിയ ടെര്‍മിനസ്സും  ഫ്ലോറാ ഫൌണ്ടനും ചര്‍ച്ച് ഗേറ്റും  ജൂഹു ബീച്ചും  അമ്മീമ്മയുടെ  ബോംബെ സ്മരണകളില്‍ നിറഞ്ഞുനിന്നു.  ബോബെയുടെ നിരത്തുകളിലെയും  റെയില്‍വേ സ്റ്റേഷനുകളിലെയും അനുസ്യൂതമായ ജനപ്രവാഹത്തെപ്പറ്റിയും ഡബ്ബാവാലകളുടെ മാനേജുമെന്‍റ്  സ്കില്ലിനെപ്പറ്റിയും അവര്‍  വിശദീകരിച്ചു. ബോംബെയിലെ ചേരികളില്‍ അടിഞ്ഞു കൂടുന്ന  ഇന്ത്യന്‍ ജനതയുടെ  കഠിനയാതനകളെപ്പറ്റി വെറുതേയുള്ള  നിരീക്ഷണങ്ങളിലൂടെ മാത്രം  അവര്‍ ശരിയായി മനസ്സിലാക്കിയിരുന്നു.  ദാദര്‍, താനെ, ചെമ്പൂര്‍, മാട്ടുംഗ, സയാണ്‍, ബാന്ദ്ര, മലബാര്‍ ഹില്‍സ്,  മലാഡ്, ഗോരെഗാണ്‍, വൈലെപാര്‍ലേ  എന്നൊക്കെയുള്ള സ്ഥലപ്പേരുകളും അവര്‍ കൃത്യമായി ഓര്‍മ്മിച്ചിരുന്നു. മൈഥിലീ ശരണ്‍  ഗുപ്തയുടെയും ഹരിവംശറായ് ബച്ചന്‍റെയും  കവിതകള്‍  അവര്‍   ചൊല്ലിക്കേള്‍പ്പിച്ചിട്ടുണ്ട്. പ്രേംചന്ദിന്‍റെ കഥകളും അവര്‍ക്കറിയാമായിരുന്നു.  ഷണ്‍മുഖാനന്ദ ഹാളില്‍ കമലാലക്ഷ്മണന്‍റേയും ലളിതാ പത്മിനിമാരുടേയും  ബാല സരസ്വതിയുടേയും  വൈജയന്തിമാലയുടേയും നൃത്തപരിപാടികള്‍ ഉണ്ടാകുന്നതിനെപ്പറ്റിയും അത്  കാണാന്‍ അവര്‍ മോഹിച്ചിരുന്നതിനെപ്പറ്റിയും ഒക്കെ അമ്മീമ്മ വാചാലയായിരുന്നു. എം എസ്  സുബ്ബലക്ഷ്മിയുടെ കച്ചേരി കേള്‍ക്കാനും അവര്‍ക്ക്  ആഗ്രഹമുണ്ടായിരുന്നു. 

പാഴ്സികളുടെ ശ്മശാനമായ  ടവര്‍ ഓഫ് സൈലന്‍സിനെപ്പറ്റിയും ശവശരീരം കഴുകന്മാര്‍ക്കും മറ്റും  തിന്നാന്‍ നല്‍കി  സംസ്ക്കരിക്കുന്നതിനെപ്പറ്റിയും അമ്മീമ്മ  പറഞ്ഞു തന്നപ്പോള്‍ ഞങ്ങള്‍ ശരിക്കും അസ്വസ്ഥരായി.  ഞങ്ങള്‍ കുട്ടികള്‍  മാത്രമല്ല, കേട്ടുകൊണ്ടിരുന്ന മുതിര്‍ന്നവര്‍ക്കു പോലും  ആ ശവസംസ്ക്കാരരീതി  കഠിനമായി തോന്നി.  ഗ്രാമത്തിന്‍റെ  ചുരുങ്ങിയ വട്ടത്തില്‍ നിന്ന്  പുറത്തിറങ്ങുമ്പോള്‍ ലോകവും  അതിലെ  മനുഷ്യരും   എത്രമാത്രം വൈവിധ്യപൂര്‍ണമാകാമെന്ന് മനസ്സിലാക്കിത്തരികയായിരുന്നു അമ്മീമ്മ. ദാരുവാല, ഘീവാല, ഊണ്‍വാല  എന്നൊക്കെ  കുടുംബപ്പേരുകളുള്ള പാഴ്സികളെപ്പറ്റി ,  ബ്രിട്ടിഷ് ഇന്ത്യയില്‍  താജ് മഹല്‍ എന്ന  ഹോട്ടല്‍  നിര്‍മ്മിച്ച്  അതിനു മുന്നില്‍ ഇംഗ്ലീഷുകാര്‍ക്കും പട്ടികള്‍ക്കും  പ്രവേശനമില്ല എന്ന് ഒരു  ദിവസമെങ്കില്‍ ഒരു ദിവസം  ബോര്‍ഡു  തൂക്കാന്‍ ധൈര്യം കാണിച്ച ടാറ്റ എന്ന പാഴ്സിയെപ്പറ്റിയൊക്കെ അമ്മീമ്മ വിശദമായി സംസാരിച്ചിരുന്നു. കടം  കയറി തരിപ്പണമായതുകൊണ്ട്  ജുഹു ബീച്ചില്‍ ചെന്ന് കുടുംബസമേതം ആത്മഹത്യ  ചെയ്ത അയല്‍ക്കാരും അവരുടെ പിഞ്ചുകുഞ്ഞുങ്ങളും എന്നും  അവരുടെ നൊമ്പരമായി. കോളിളക്കം സൃഷ്ടിച്ച നാനാവതി കൊലക്കേസിനെക്കുറിച്ചും അമ്മീമ്മ   പറഞ്ഞു തന്നിട്ടുണ്ട്.

കുറെനാള്‍ ബോബെയില്‍    ജീവിച്ച,  വ്യത്യസ്തമായ  അനവധി  ചിന്തകളുള്ള   അമ്മീമ്മ എന്തുകൊണ്ട് ഒരു  പ്രണയത്തിലകപ്പെട്ടില്ല ആരെയെങ്കിലും വിവാഹം കഴിച്ചില്ല എന്നൊക്കെയുള്ള ചോദ്യങ്ങള്‍ എന്നിലുയര്‍ന്നു വന്നിട്ടൂണ്ട്. പ്രണയകഥകളും പുരുഷന്‍റെ  മധുരകരമായ സ്നേഹവുമൊക്കെ വായനകളില്‍ ധാരാളമായി കടന്നു വന്ന യൌവനാരംഭത്തില്‍, തീര്‍ച്ചയായും എന്നിലും അനിയത്തിയിലും ഈ ചോദ്യങ്ങളുണ്ടായിരുന്നു. 
അമ്മീമ്മ  തന്ന മറുപടി  എനിക്കൊരിക്കലും മറക്കാനും കഴിഞ്ഞിട്ടില്ല. 

പ്രണയം  ഒരു  യുദ്ധമാണ്  കുട്ടീ. അതിലേര്‍പ്പെടുവാന്‍  ഒരുപാട് ധൈര്യം വേണം. അത് സാക്ഷാത്കരിക്കാന്‍, നില നിറുത്താന്‍ , അത് നഷ്ടപ്പെടുത്താന്‍  എല്ലാറ്റിനും അസാമാന്യമായ  ധൈര്യം ആവശ്യമാണ്. പ്രേമിക്കാന്‍ കഴിവുള്ളവരാകുന്നത് ശരിക്കും വളരെക്കുറച്ചു പേര്‍ മാത്രമാണ്. അധികം പേരും പ്രേമം പോലെ  തോന്നിപ്പിക്കുന്ന  എന്തോ ചില  കുഞ്ഞ് ആകര്‍ഷണങ്ങളില്‍ കുടുങ്ങി കഷ്ടപ്പെടുന്നവരാണ്. അതുകൊണ്ടാണ് വെല്ലുവിളികളുടെ കഠിന സന്ദര്‍ഭങ്ങളില്‍  പ്രേമമില്ലെന്ന് തിരിച്ചറിഞ്ഞ്   നെഞ്ചത്തടിക്കുന്നത് 
 
പ്രേമിക്കാനുള്ള  ധൈര്യമില്ലായിരുന്നുവെന്ന്,  പ്രേമത്തിനു വേണ്ടി  ലോകത്തെ  ചോദ്യം ചെയ്യാനുള്ള ആത്മവിശ്വാസം പകരാനാവുന്ന ഒരു വ്യക്തിയേയും ജീവിതത്തില്‍ ഒരിക്കലും കണ്ടുമുട്ടിയതുമില്ലെന്ന് , അമ്മീമ്മ തുറന്നു സമ്മതിച്ചു..    

ബോംബെ നഗരം  വീണ്ടും കാണണമെന്ന് അവര്‍  എന്നും  മോഹിച്ചിരുന്നു . പക്ഷെ, ആ മോഹമൊരിക്കലും  പൂവണിയുകയുണ്ടായില്ല.

ഓരോ തവണ ബോംബെ നഗരത്തില്‍ പോവുമ്പോഴും  അമ്മീമ്മ പകര്‍ന്നു നല്‍കിയ  ബോംബെ സ്മരണകള്‍,  എന്നെ കൌതുകം വിടരുന്ന മിഴികളുള്ള  ഒരു കൊച്ചുകുട്ടിയാക്കി മാറ്റുന്നു. 

Friday, April 25, 2014

വനിതാ സംവരണ ബില്ല്.


https://www.facebook.com/echmu.kutty/posts/268093203369981

( കുടുംബമാധ്യമത്തിലെ സ്വകാര്യത്തില്‍ 2014 മാര്‍ച്ച്  14   ന്  പ്രസിദ്ധീകരിച്ചത് )

അങ്ങനെ വീണ്ടും  ലോക് സഭാ   തെരഞ്ഞെടുപ്പ്   വന്നു ചേര്‍ന്നു.. 

എന്താ...  ല്ലേ... എത്ര  വേഗമാണ്  അഞ്ചുകൊല്ലമൊക്കെ ഇങ്ങനെ  കടന്നു പോകുന്നത്... വാഗ്ദാനം ചെയ്ത ബില്ലൊന്നും  പാസ്സാക്കാന്‍ പറ്റിയില്ലെങ്കിലും നിയമമൊന്നും  നിര്‍മ്മിക്കാന്‍ പറ്റിയില്ലെങ്കിലും സാരമില്ല,    പിന്നേം പിന്നേം  തെരഞ്ഞെടുപ്പ് ഇങ്ങനെ  വന്നു കൊണ്ടിരിക്കും.. അനവധി വാഗ്ദാനങ്ങള്‍    ജനങ്ങള്‍ അങ്ങനെ  കേട്ടുകൊണ്ടിരിക്കും .... 

നമ്മള്‍ പെണ്ണുങ്ങള്‍ വിചാരിച്ചാല്‍  തെരഞ്ഞെടുപ്പില്‍ ചില  ചലനങ്ങള്‍ ഒക്കെയുണ്ടാക്കാന്‍ പറ്റുമെന്നാണ് പറഞ്ഞു കേള്‍ക്കുന്നത്. ടി വീയിലെ  പരസ്യത്തില്‍   മന്ത്രിക്കു ചായ  ഉണ്ടാക്കിക്കൊടുക്കുന്ന മന്ത്രിഭാര്യ കൊഞ്ചുന്നതും ആകെ  വോട്ടര്‍മാരില്‍ പകുതിയോളമുള്ള  സ്ത്രീകളെ അവഗണിക്കരുതെന്നും  സ്ത്രീകള്‍  വിചാരിച്ചാല്‍ ഭരണത്തിലേറ്റാനും ഇറക്കാനും  കഴിയുമെന്നും ഒക്കെയാണ്.  കേരളത്തിന്‍റെ  കാര്യമാണെങ്കില്‍  പുരുഷവോട്ടര്‍മാരെക്കാള്‍  കൂടുതല്‍ സ്ത്രീവോട്ടര്‍മാരുണ്ട് താനും. 

കഴിഞ്ഞാഴ്ചയായിരുന്നു അന്താരാഷ്ട്ര വനിതാ ദിനം. സ്ത്രീ സമത്വം  എല്ലാവരുടേയും പുരോഗതിയിലേക്ക് എന്നതായിരുന്നു  ഈ വര്‍ഷത്തിലെ   വനിതാ ദിനത്തിന്‍റെ മുദ്രാവാക്യം. അതുകൊണ്ടൊക്കെത്തന്നെ  വനിതാ ബില്ലിനെപ്പറ്റി ഓര്‍ക്കാന്‍ ഇതിലും പറ്റിയ ഒരവസരമില്ലെന്ന് തോന്നിപ്പോകുന്നു  ശരിക്കും.. 

നമ്മള്‍ പെണ്ണുങ്ങള്‍  നെഞ്ചത്ത്  കൈവച്ച്  ഒന്നു പറഞ്ഞേ.. ആ ബില്ല് പാസ്സാകുമെന്ന് തോന്നുന്നുണ്ടോ.. അടുത്ത ലോക് സഭയില്‍ ..    പുരോഗമനം  മൊത്തമായും  ചില്ലറയായും  പറയുന്ന ആരു  തന്നെ..   അധികാരത്തില്‍  വന്നാലും... 

എത്ര കാലമായി  അങ്ങനൊരു ബില്ലിനെപ്പറ്റി  പറഞ്ഞു കേള്‍ക്കാന്‍ തുടങ്ങീട്ട്..  ആ പറഞ്ഞ് കേള്‍ക്കല്‍ കാലത്തിനു  തന്നെ  പ്രായപൂര്‍ത്തി വോട്ടവകാശമായി. എന്നിട്ടും ഇതുവരെ അത്  ജനിച്ചിട്ടില്ല.  പതിനെട്ട്  വയസ്സായിട്ടും ജനിക്കാന്‍ പറ്റാത്ത  ഒരു വാവയാണ്  വനിതാ സംവരണബില്ല്. 12, 13, 14, 15  അങ്ങനെ  ഇക്കഴിഞ്ഞ  എല്ലാ  ലോക് സഭകളിലും  അവതരിപ്പിക്കപ്പെട്ട്  തല്ലിക്കൊല്ലപ്പെട്ട ഒരു  ചരിത്രമാണ് അതിനുള്ളത്. ഗര്‍ഭത്തിലുള്ളത് പെണ്‍കുട്ടിയാണെങ്കില്‍ പൊടുക്കനെ  ആരുമറിയാതങ്ങു  അലസിപ്പിച്ചു കളയാമെന്ന് വിചാരിക്കുന്ന   ഇന്ത്യാക്കാരുടെ ലോക് സഭയില്‍  ഇതിനപ്പുറം എന്തു നടക്കാനാണെന്ന് കരുതിയാല്‍ മതിയോ നമ്മള്‍ ?  

സര്‍ക്കാര്‍  തന്നെ,  മനമങ്ങും  മിഴിയിങ്ങും  എന്ന മട്ടിലാണ് സാധാരണ ഈ ബില്ലവതരിപ്പിക്കുക.  പന്ത്രണ്ടാമത്തെ ലോക് സഭ യില്‍ ആദ്യം അവതരിപ്പിക്കപ്പെട്ടതു മുതല്‍  ഇതാണ്  ബില്ലിന്‍റെ സ്ഥിതി. വനിതാ സംവരണബില്ലെന്നു കേട്ടാല്‍ ഭൂരിപക്ഷ അഭിപ്രായമനുസരിച്ച് കാര്യങ്ങള്‍ നടക്കുക എന്ന ജനാധിപത്യ രീതിയല്ല, പിന്നെ  കൈയാങ്കളിയാണ്. കൈയൂക്കുള്ളവര്‍ കാര്യക്കാരാവും. എപ്പോള്‍  ബില്ലവതരിപ്പിച്ചാലും മന്ത്രിമാരുടെ പക്കല്‍ നിന്ന് ബില്ല് തട്ടിപ്പറിച്ച്  വലിച്ചു കീറൂക, പുരുഷ എം  പി  മാര്‍   പോരുകാളകളെപ്പോലെ   അടികലശലുണ്ടാക്കുക ഇതൊക്കെയാണ് ലോക് സഭയില്‍ നടക്കുന്നത്.  2010  ല്‍  രാജ്യസഭയില്‍ ബില്ലു പാസ്സാക്കിയത്  രാജ്യസഭാ  ചെയര്‍മാനായ ഹമീദ് അന്‍സാരി മാര്‍ഷല്‍മാരെ വിളിച്ച് , ബഹളക്കാരായ  ഏഴംഗങ്ങളെ, പുറത്താക്കിച്ചതിനു ശേഷമായിരുന്നു. അതും പോരാഞ്ഞിട്ട് ബില്‍ ചര്‍ച്ചയ്ക്കെടുക്കാതെ നേരിട്ട്  വോട്ടിനിടുകയായിരുന്നു രാജ്യസഭയില്‍. 

അത്  കഴിഞ്ഞ്  2014  ലെ  അവസാന സമ്മേളനത്തില്‍  പോലും സര്‍ക്കാര്‍ ബില്ലവതരിപ്പിച്ചില്ല  ലോക് സഭയില്‍..അതിനുവേണ്ട സമവായമുണ്ടാക്കാനായില്ലത്രേ! കോണ്‍ഗ്രസ്സിന്‍റെ യു പി എക്കും, ബി ജെ പിക്കും, ഇടതുപക്ഷപാര്‍ട്ടികള്‍ക്കും, കരുണാനിധിയുടെ ഡി എം കെ ക്കും  ജയലളിതയുടെ എ ഐ എ ഡി എം കെ ക്കും ഒക്കെ  വനിതാ സംവരണബില്ലിനോട് യോജിപ്പായിരുന്നുവെന്നാണ് എപ്പോഴും പറഞ്ഞിരുന്നത്. അത് സത്യമാണെങ്കില്‍, രാജ്യസഭയില്‍ പാസ്സായ ഈ ബില്ല് ലോക് സഭയിലും   പാസ്സാവാനുള്ള സാധ്യത കൂടുതലായിരുന്നില്ലേ? എന്നിട്ടും സര്‍ക്കാര്‍ ബില്ല്  അവതരിപ്പിച്ചില്ല. അപ്പോള്‍  ഉണ്ടെന്ന് പറഞ്ഞിരുന്ന ആ   യോജിപ്പ് ചുമ്മാതായിരുന്നിരിക്കണം. 

സഭാനടപടികളൂടെ  തല്‍സമയ  പ്രക്ഷേപണം നിറുത്തിവെച്ചുകൊണ്ട് പതിനാറു  അംഗങ്ങളെ  സസ് പെന്‍ഡ്  ചെയ്തുകൊണ്ട് തെലുങ്കാനാബില്ല് പാസ്സാക്കാന്‍ സര്‍ക്കാര്‍ ആര്‍ജ്ജവം കാണിച്ചുവെന്നതും കൂടീ  ഇത്തരുണത്തില്‍ ഓര്‍മ്മിക്കണം കേട്ടോ.  എന്തായിരുന്നു  അംഗങ്ങള്‍ അന്ന്  ഉണ്ടാക്കിയ  പുകില്‍... കത്തി,  കുരുമുളക് സ്പ്രേ,  ടണ്‍ കണക്കിനു ബഹളം.. എന്നിട്ടും സര്‍ക്കാര്‍  കുലുങ്ങിയില്ല. തെലുങ്കാനാ  ബില്ലങ്ങു  പാസ്സാക്കി.  അപ്പോള്‍ വേണമെന്ന് വെച്ചാല്‍  സര്‍ക്കാരിനു  ബില്ലു പാസ്സാക്കാനും  പറ്റും. 

പറയുമ്പോള്‍  എല്ലാം പറയണമല്ലോ, നിലവിലുള്ള  സീറ്റുകളില്‍  പലതിലും പെണ്ണുങ്ങള്‍  മാത്രം  മല്‍സരിക്കുന്ന ഒരു  അവസ്ഥ  വന്നാല്‍  അത് എങ്ങനെ  സഹിക്കാന്‍ പറ്റുമെന്നതാണ്  പുരുഷന്മാരായ  എം പി മാരെ  അലട്ടുന്ന  യഥാര്‍ഥ പ്രശ്നം.  ചൊല്‍പ്പടിയിലുള്ള  പെണ്ണിനെ   നിറുത്തി ജയിപ്പിക്കാമെന്നൊക്കെ അവതാ  പറഞ്ഞാലും  നമ്മള്‍  സ്വയം  എം പി  യാവുന്നതുമാതിരിയല്ലല്ലോ  ചൊല്‍പ്പടിയിലുള്ള പെണ്ണ് എം  പി  ആവുന്നത്.  തന്നെയുമല്ല, സംവരണ സീറ്റില്‍ ജയിച്ചുകയറുന്ന  പെണ്ണുങ്ങള്‍ അഞ്ചുകൊല്ലം കൊണ്ട് സംവരണമില്ലാത്ത സീറ്റുകളിലും മല്‍സരിക്കാനുള്ള ആര്‍ജ്ജവവും  കഴിവും ഉണ്ടാക്കിയെടുത്തു കൂടെന്നുമില്ല.  ഫലം  ഭരണാധികാരം പെണ്ണുങ്ങളുടേതായിത്തീരുമെന്നതാണ്. 

ജനസംഖ്യയുടെ   പകുതിയോളം  വരുന്ന  പെണ്ണുങ്ങളുടെ പ്രാതിനിധ്യം പെണ്ണുങ്ങള്‍  വഹിക്കേണ്ട കാര്യമൊന്നുമില്ല, ആണുങ്ങള്‍ ഉണ്ടല്ലോ എല്ലാം ഭംഗിയായി നടത്താനെന്നാണ് പൊതുന്യായം. പതിനഞ്ചാം ലോക് സഭയില്‍ ആകെക്കൂടി  അമ്പത്തൊമ്പത്  സ്ത്രീകളാണ്  എം പി മാരായി  ഉണ്ടായിരുന്നത്. ഈ  നമ്പര്‍  കൂട്ടിക്കൊണ്ടു വരുന്നതിലാകട്ടെ  ആര്‍ക്കുമില്ല  താല്‍പര്യം.

അധികാരം കൈമാറുന്നത് എളുപ്പമല്ല. അസാമാന്യമായ  മനോബലവും ഇച്ഛാശക്തിയും  നീതിബോധവും  അതിനു  ആവശ്യമാണ്.  ബ്രിട്ടിഷുകാര്‍ക്കായാലും  ഇന്ത്യാക്കാര്‍ക്കായാലും അക്കാര്യത്തില്‍  യാതൊരു  ഭേദവുമില്ല. അധികാരമെന്ന ലഹരി  അനുഭവിച്ചവര്‍ ജീവന്‍  പോയാലും  അത്  കൈയൊഴിയാന്‍ തയാറാവില്ല. അധികാരം നിലനിറുത്താന്‍  അവര്‍  പുതിയ പുതിയ  ന്യായങ്ങള്‍  കണ്ടുപിടിച്ചുകൊണ്ടിരിക്കും.