Friday, April 25, 2014

വനിതാ സംവരണ ബില്ല്.


https://www.facebook.com/echmu.kutty/posts/268093203369981

( കുടുംബമാധ്യമത്തിലെ സ്വകാര്യത്തില്‍ 2014 മാര്‍ച്ച്  14   ന്  പ്രസിദ്ധീകരിച്ചത് )

അങ്ങനെ വീണ്ടും  ലോക് സഭാ   തെരഞ്ഞെടുപ്പ്   വന്നു ചേര്‍ന്നു.. 

എന്താ...  ല്ലേ... എത്ര  വേഗമാണ്  അഞ്ചുകൊല്ലമൊക്കെ ഇങ്ങനെ  കടന്നു പോകുന്നത്... വാഗ്ദാനം ചെയ്ത ബില്ലൊന്നും  പാസ്സാക്കാന്‍ പറ്റിയില്ലെങ്കിലും നിയമമൊന്നും  നിര്‍മ്മിക്കാന്‍ പറ്റിയില്ലെങ്കിലും സാരമില്ല,    പിന്നേം പിന്നേം  തെരഞ്ഞെടുപ്പ് ഇങ്ങനെ  വന്നു കൊണ്ടിരിക്കും.. അനവധി വാഗ്ദാനങ്ങള്‍    ജനങ്ങള്‍ അങ്ങനെ  കേട്ടുകൊണ്ടിരിക്കും .... 

നമ്മള്‍ പെണ്ണുങ്ങള്‍ വിചാരിച്ചാല്‍  തെരഞ്ഞെടുപ്പില്‍ ചില  ചലനങ്ങള്‍ ഒക്കെയുണ്ടാക്കാന്‍ പറ്റുമെന്നാണ് പറഞ്ഞു കേള്‍ക്കുന്നത്. ടി വീയിലെ  പരസ്യത്തില്‍   മന്ത്രിക്കു ചായ  ഉണ്ടാക്കിക്കൊടുക്കുന്ന മന്ത്രിഭാര്യ കൊഞ്ചുന്നതും ആകെ  വോട്ടര്‍മാരില്‍ പകുതിയോളമുള്ള  സ്ത്രീകളെ അവഗണിക്കരുതെന്നും  സ്ത്രീകള്‍  വിചാരിച്ചാല്‍ ഭരണത്തിലേറ്റാനും ഇറക്കാനും  കഴിയുമെന്നും ഒക്കെയാണ്.  കേരളത്തിന്‍റെ  കാര്യമാണെങ്കില്‍  പുരുഷവോട്ടര്‍മാരെക്കാള്‍  കൂടുതല്‍ സ്ത്രീവോട്ടര്‍മാരുണ്ട് താനും. 

കഴിഞ്ഞാഴ്ചയായിരുന്നു അന്താരാഷ്ട്ര വനിതാ ദിനം. സ്ത്രീ സമത്വം  എല്ലാവരുടേയും പുരോഗതിയിലേക്ക് എന്നതായിരുന്നു  ഈ വര്‍ഷത്തിലെ   വനിതാ ദിനത്തിന്‍റെ മുദ്രാവാക്യം. അതുകൊണ്ടൊക്കെത്തന്നെ  വനിതാ ബില്ലിനെപ്പറ്റി ഓര്‍ക്കാന്‍ ഇതിലും പറ്റിയ ഒരവസരമില്ലെന്ന് തോന്നിപ്പോകുന്നു  ശരിക്കും.. 

നമ്മള്‍ പെണ്ണുങ്ങള്‍  നെഞ്ചത്ത്  കൈവച്ച്  ഒന്നു പറഞ്ഞേ.. ആ ബില്ല് പാസ്സാകുമെന്ന് തോന്നുന്നുണ്ടോ.. അടുത്ത ലോക് സഭയില്‍ ..    പുരോഗമനം  മൊത്തമായും  ചില്ലറയായും  പറയുന്ന ആരു  തന്നെ..   അധികാരത്തില്‍  വന്നാലും... 

എത്ര കാലമായി  അങ്ങനൊരു ബില്ലിനെപ്പറ്റി  പറഞ്ഞു കേള്‍ക്കാന്‍ തുടങ്ങീട്ട്..  ആ പറഞ്ഞ് കേള്‍ക്കല്‍ കാലത്തിനു  തന്നെ  പ്രായപൂര്‍ത്തി വോട്ടവകാശമായി. എന്നിട്ടും ഇതുവരെ അത്  ജനിച്ചിട്ടില്ല.  പതിനെട്ട്  വയസ്സായിട്ടും ജനിക്കാന്‍ പറ്റാത്ത  ഒരു വാവയാണ്  വനിതാ സംവരണബില്ല്. 12, 13, 14, 15  അങ്ങനെ  ഇക്കഴിഞ്ഞ  എല്ലാ  ലോക് സഭകളിലും  അവതരിപ്പിക്കപ്പെട്ട്  തല്ലിക്കൊല്ലപ്പെട്ട ഒരു  ചരിത്രമാണ് അതിനുള്ളത്. ഗര്‍ഭത്തിലുള്ളത് പെണ്‍കുട്ടിയാണെങ്കില്‍ പൊടുക്കനെ  ആരുമറിയാതങ്ങു  അലസിപ്പിച്ചു കളയാമെന്ന് വിചാരിക്കുന്ന   ഇന്ത്യാക്കാരുടെ ലോക് സഭയില്‍  ഇതിനപ്പുറം എന്തു നടക്കാനാണെന്ന് കരുതിയാല്‍ മതിയോ നമ്മള്‍ ?  

സര്‍ക്കാര്‍  തന്നെ,  മനമങ്ങും  മിഴിയിങ്ങും  എന്ന മട്ടിലാണ് സാധാരണ ഈ ബില്ലവതരിപ്പിക്കുക.  പന്ത്രണ്ടാമത്തെ ലോക് സഭ യില്‍ ആദ്യം അവതരിപ്പിക്കപ്പെട്ടതു മുതല്‍  ഇതാണ്  ബില്ലിന്‍റെ സ്ഥിതി. വനിതാ സംവരണബില്ലെന്നു കേട്ടാല്‍ ഭൂരിപക്ഷ അഭിപ്രായമനുസരിച്ച് കാര്യങ്ങള്‍ നടക്കുക എന്ന ജനാധിപത്യ രീതിയല്ല, പിന്നെ  കൈയാങ്കളിയാണ്. കൈയൂക്കുള്ളവര്‍ കാര്യക്കാരാവും. എപ്പോള്‍  ബില്ലവതരിപ്പിച്ചാലും മന്ത്രിമാരുടെ പക്കല്‍ നിന്ന് ബില്ല് തട്ടിപ്പറിച്ച്  വലിച്ചു കീറൂക, പുരുഷ എം  പി  മാര്‍   പോരുകാളകളെപ്പോലെ   അടികലശലുണ്ടാക്കുക ഇതൊക്കെയാണ് ലോക് സഭയില്‍ നടക്കുന്നത്.  2010  ല്‍  രാജ്യസഭയില്‍ ബില്ലു പാസ്സാക്കിയത്  രാജ്യസഭാ  ചെയര്‍മാനായ ഹമീദ് അന്‍സാരി മാര്‍ഷല്‍മാരെ വിളിച്ച് , ബഹളക്കാരായ  ഏഴംഗങ്ങളെ, പുറത്താക്കിച്ചതിനു ശേഷമായിരുന്നു. അതും പോരാഞ്ഞിട്ട് ബില്‍ ചര്‍ച്ചയ്ക്കെടുക്കാതെ നേരിട്ട്  വോട്ടിനിടുകയായിരുന്നു രാജ്യസഭയില്‍. 

അത്  കഴിഞ്ഞ്  2014  ലെ  അവസാന സമ്മേളനത്തില്‍  പോലും സര്‍ക്കാര്‍ ബില്ലവതരിപ്പിച്ചില്ല  ലോക് സഭയില്‍..അതിനുവേണ്ട സമവായമുണ്ടാക്കാനായില്ലത്രേ! കോണ്‍ഗ്രസ്സിന്‍റെ യു പി എക്കും, ബി ജെ പിക്കും, ഇടതുപക്ഷപാര്‍ട്ടികള്‍ക്കും, കരുണാനിധിയുടെ ഡി എം കെ ക്കും  ജയലളിതയുടെ എ ഐ എ ഡി എം കെ ക്കും ഒക്കെ  വനിതാ സംവരണബില്ലിനോട് യോജിപ്പായിരുന്നുവെന്നാണ് എപ്പോഴും പറഞ്ഞിരുന്നത്. അത് സത്യമാണെങ്കില്‍, രാജ്യസഭയില്‍ പാസ്സായ ഈ ബില്ല് ലോക് സഭയിലും   പാസ്സാവാനുള്ള സാധ്യത കൂടുതലായിരുന്നില്ലേ? എന്നിട്ടും സര്‍ക്കാര്‍ ബില്ല്  അവതരിപ്പിച്ചില്ല. അപ്പോള്‍  ഉണ്ടെന്ന് പറഞ്ഞിരുന്ന ആ   യോജിപ്പ് ചുമ്മാതായിരുന്നിരിക്കണം. 

സഭാനടപടികളൂടെ  തല്‍സമയ  പ്രക്ഷേപണം നിറുത്തിവെച്ചുകൊണ്ട് പതിനാറു  അംഗങ്ങളെ  സസ് പെന്‍ഡ്  ചെയ്തുകൊണ്ട് തെലുങ്കാനാബില്ല് പാസ്സാക്കാന്‍ സര്‍ക്കാര്‍ ആര്‍ജ്ജവം കാണിച്ചുവെന്നതും കൂടീ  ഇത്തരുണത്തില്‍ ഓര്‍മ്മിക്കണം കേട്ടോ.  എന്തായിരുന്നു  അംഗങ്ങള്‍ അന്ന്  ഉണ്ടാക്കിയ  പുകില്‍... കത്തി,  കുരുമുളക് സ്പ്രേ,  ടണ്‍ കണക്കിനു ബഹളം.. എന്നിട്ടും സര്‍ക്കാര്‍  കുലുങ്ങിയില്ല. തെലുങ്കാനാ  ബില്ലങ്ങു  പാസ്സാക്കി.  അപ്പോള്‍ വേണമെന്ന് വെച്ചാല്‍  സര്‍ക്കാരിനു  ബില്ലു പാസ്സാക്കാനും  പറ്റും. 

പറയുമ്പോള്‍  എല്ലാം പറയണമല്ലോ, നിലവിലുള്ള  സീറ്റുകളില്‍  പലതിലും പെണ്ണുങ്ങള്‍  മാത്രം  മല്‍സരിക്കുന്ന ഒരു  അവസ്ഥ  വന്നാല്‍  അത് എങ്ങനെ  സഹിക്കാന്‍ പറ്റുമെന്നതാണ്  പുരുഷന്മാരായ  എം പി മാരെ  അലട്ടുന്ന  യഥാര്‍ഥ പ്രശ്നം.  ചൊല്‍പ്പടിയിലുള്ള  പെണ്ണിനെ   നിറുത്തി ജയിപ്പിക്കാമെന്നൊക്കെ അവതാ  പറഞ്ഞാലും  നമ്മള്‍  സ്വയം  എം പി  യാവുന്നതുമാതിരിയല്ലല്ലോ  ചൊല്‍പ്പടിയിലുള്ള പെണ്ണ് എം  പി  ആവുന്നത്.  തന്നെയുമല്ല, സംവരണ സീറ്റില്‍ ജയിച്ചുകയറുന്ന  പെണ്ണുങ്ങള്‍ അഞ്ചുകൊല്ലം കൊണ്ട് സംവരണമില്ലാത്ത സീറ്റുകളിലും മല്‍സരിക്കാനുള്ള ആര്‍ജ്ജവവും  കഴിവും ഉണ്ടാക്കിയെടുത്തു കൂടെന്നുമില്ല.  ഫലം  ഭരണാധികാരം പെണ്ണുങ്ങളുടേതായിത്തീരുമെന്നതാണ്. 

ജനസംഖ്യയുടെ   പകുതിയോളം  വരുന്ന  പെണ്ണുങ്ങളുടെ പ്രാതിനിധ്യം പെണ്ണുങ്ങള്‍  വഹിക്കേണ്ട കാര്യമൊന്നുമില്ല, ആണുങ്ങള്‍ ഉണ്ടല്ലോ എല്ലാം ഭംഗിയായി നടത്താനെന്നാണ് പൊതുന്യായം. പതിനഞ്ചാം ലോക് സഭയില്‍ ആകെക്കൂടി  അമ്പത്തൊമ്പത്  സ്ത്രീകളാണ്  എം പി മാരായി  ഉണ്ടായിരുന്നത്. ഈ  നമ്പര്‍  കൂട്ടിക്കൊണ്ടു വരുന്നതിലാകട്ടെ  ആര്‍ക്കുമില്ല  താല്‍പര്യം.

അധികാരം കൈമാറുന്നത് എളുപ്പമല്ല. അസാമാന്യമായ  മനോബലവും ഇച്ഛാശക്തിയും  നീതിബോധവും  അതിനു  ആവശ്യമാണ്.  ബ്രിട്ടിഷുകാര്‍ക്കായാലും  ഇന്ത്യാക്കാര്‍ക്കായാലും അക്കാര്യത്തില്‍  യാതൊരു  ഭേദവുമില്ല. അധികാരമെന്ന ലഹരി  അനുഭവിച്ചവര്‍ ജീവന്‍  പോയാലും  അത്  കൈയൊഴിയാന്‍ തയാറാവില്ല. അധികാരം നിലനിറുത്താന്‍  അവര്‍  പുതിയ പുതിയ  ന്യായങ്ങള്‍  കണ്ടുപിടിച്ചുകൊണ്ടിരിക്കും. 
 

15 comments:

Echmukutty said...

ആറുമാസത്തേക്ക് എന്ന് ആരംഭിക്കുകയും രണ്ടേകാല്‍ വര്‍ഷം തുടര്‍ച്ചയായി എഴുതുകയും ചെയ്ത കുടുംബമാധ്യമം പേജിലെ സ്വകാര്യം എന്ന കോളത്തില്‍ വന്ന അവസാനകുറിപ്പ്..

കോളം വായിച്ച് എന്നെ മെയിലയച്ചു പ്രോല്‍സാഹിപ്പിച്ച എല്ലാ വായനക്കാര്‍ക്കും ഒത്തിരി നന്ദി.. എഴുതാന്‍ അവസരം നല്‍കിയ മാധ്യമം പത്രത്തിനും നന്ദി..

Unknown said...

ജയലളിതയോ മായാവതിയോ മമതയോ പ്രധാനമന്ത്രി ആകുന്നതിനു മുന്നേ വനിതാ ബില്ല് പാസ്സാവട്ടെ.

ചേച്ചിയുടെ പോസ്റ്റുകൾ വിഷയം ഗൗരവമെങ്കിലും എഴുത്തിലെ ലാളിത്യം ക്ഷമ ഇല്ലാത്ത എന്റെ മനസ്സിനെ പോലും അവസാന വാക്കുവരെ പിടിച്ചുനിർത്തുന്നു.

ആശംസകൾ !

പട്ടേപ്പാടം റാംജി said...

ആറു മാസത്തേക്ക് എന്ന് പറഞ്ഞിട്ട് രണ്ടേകാല്‍ വര്‍ഷം തുടര്‍ന്നുവെങ്കില്‍ എച്ച്മുവിന്റെ എഴുത്ത് വായനക്കാര്‍ ആഗ്രഹിക്കുന്നു എന്നാണ് ഉത്തരം. അതുകൊണ്ട് തന്നെ മാറ്റ് മാധ്യമങ്ങള്‍ തേടി വരും/വരട്ടെ അല്ലെങ്കില്‍ അവിടെ എത്തി എഴുതാന്‍ കഴിയും എന്ന് ആത്മാര്‍ഥമായി വിശ്വസിക്കുന്നു.

സ്ത്രീകള്‍ക്ക് വേണ്ടിയുള്ള മറ്റുള്ള പല കണ്ണടച്ച വെല്ലുവിളികള്‍ക്കും വാദങ്ങള്‍ക്കും ചെവി കൊടുക്കാതെ വസ്തുനിഷ്ഠമായ സാദ്ധ്യതകളും അഭിപ്രായങ്ങളും ചൂണ്ടിക്കാണിക്കുന്ന എല്ലാരേയും യോജിപ്പിച്ചുകൊണ്ടുള്ള ഇത്തരം ലേഖനങ്ങള്‍ ഇനിയും ധാരാളമായി ആ തൂലികയില്‍ നിന്ന് പിറവി കൊള്ളട്ടെ. കാത്തിരിക്കുന്നു.
അഭിനന്ദനങ്ങള്‍.

സിയാഫ് അബ്ദുള്‍ഖാദര്‍ said...

വനിതാ സംവരണം എന്നല്ല സംവരണം എന്ന ആശയത്തോട് തന്നെ യോജിപ്പില്ല.ഇനിയും നിരവധി ലേഖനങ്ങൾ എഴുതാൻ ഇടവരട്ടെ.

റോസാപ്പൂക്കള്‍ said...

കൈയ്യില്‍ കിട്ടിയത് കൊണ്ടുക്കളയാന്‍ ഇച്ചെരെ പ്രയാസം.....

Cv Thankappan said...

ഒന്നൊന്നിനും ഉറപ്പില്ലാത്ത സ്ഥിതി.....
കാത്തിരുന്നു കാണാം....
ലേഖനം നന്നായി
ആശംസകള്‍

വിനുവേട്ടന്‍ said...

എന്ത് പറ്റി എച്ച്മു... അപ്പോൾ മാധ്യമത്തിലെ “സ്വകാര്യം” പംക്തി നിർത്തലാക്കിയോ...?!

വീകെ said...

"ഫലം ഭരണാധികാരം പെണ്ണുങ്ങളുടേതായിത്തീരുമെന്നതാണ്."

തീർച്ചയായും ഇതു തന്നെയായിരിക്കും പുരുഷകേസരികളെ വനിതാബില്ലു പാസ്സാക്കുന്നതിൽ നിന്നും പിന്തിരിപ്പിക്കുന്നത്...!!

MINI ANDREWS THEKKATH said...

അധികാര൦ കൈമാറാ൯ എളുപ്പമല്ല, നരനു൦ നാരിയു൦ ഈ കാരൃത്തിൽ തുലൃർ.

vettathan said...

വനിതാ സംവരണ പ്രശ്നത്തില്‍ ആര്‍ക്കും ഒരു പാര്‍ട്ടിക്കും ആത്മാര്‍ഥതയില്ല.മൂലയാം സിംഗിന്‍റെ പാര്‍ട്ടി സത്യത്തില്‍ കോണ്‍ഗ്രസ്സിനും ബി.ജെ.പിക്കും വേണ്ടിയാണ് ബഹളമുണ്ടാക്കുന്നത്.

Echmukutty said...

ഗിരീഷിന്‍റെ നല്ല വാക്കുകള്‍ക്ക് നന്ദി.ഗിരീഷ് ചൂണ്ടിക്കാണിച്ചവര്‍ മാത്രമല്ല, നമ്മുടെ രാജ്യത്ത് അധികാരം കൈയാളുവാന്‍ ശേഷിയുള്ള സ്ത്രീകള്‍ എന്ന് വിനയപൂര്‍വം ഒരു തിരുത്ത് എഴുതിക്കോട്ടെ കേട്ടോ..
രാംജിയുടെ നല്ല വാക്കുകള്‍ക്കും പ്രോല്‍സാഹനത്തിനും നന്ദി.
ജാതി മത വര്‍ഗ വര്‍ണ ലിംഗ കാല ദേശ പരിഗണനകളില്ലാതെ അവസരങ്ങള്‍ ലഭ്യമാകുന്ന കാലത്ത് സംവരണമെന്ന് ആരും പറയില്ല സിയാഫ്.. ആശംസയ്ക്ക് നന്ദി.

Echmukutty said...

റോസാപ്പൂവിനും തങ്കപ്പന്‍ ചേട്ടനും നന്ദി.

മാധ്യമം പത്രത്തിന്‍റെ ഇന്‍റേര്‍ണല്‍ ചേഞ്ചസ് ആണ് വിനുവേട്ടാ.. കോളം അവര്‍ നിറുത്തി.

വി കെ മാഷിനു നന്ദി.

പെണ്ണിനു രാഷ്ട്രീയമതാധികാരമൊന്നും എവിടെയും അങ്ങനെ കാര്യമായി ഇതുവരെ ലഭ്യമയിട്ടില്ലല്ലോ മിനി.. വായനയില്‍ സന്തോഷം..

അതെ വെട്ടത്താന്‍ ചേട്ടാ.. അഭിപ്രായത്തിനു നന്ദി..

Joselet Joseph said...

ലാല് പ്രസാദിന്‍റെ ഭാര്യയും മകളും മത്സരിക്കുന്നു. സോണിയ രാഹുല്‍, പ്രിയങ്ക, കരുണാനിധി, കനിമൊഴി...
അങ്ങനെ ഓരോ എംപിമാരുടെയും അമ്മയും പെങ്ങന്മാരും ചേര്‍ന്നാലും അവര് കണക്ക് ഒപ്പിക്കും.അതുവഴി കുടുംബ വാഴ്ച രാഷ്ട്രീയത്തില്‍ പതിവിലും കൂടും. എങ്ങനെ വന്നാലും പൊതു ജനം വിഡ്ഢികളാകും.

Muralee Mukundan , ബിലാത്തിപട്ടണം said...

നമ്മള്‍ പെണ്ണുങ്ങള്‍ നെഞ്ചത്ത് കൈവച്ച് ഒന്നു പറഞ്ഞേ.. ആ ബില്ല് പാസ്സാകുമെന്ന് തോന്നുന്നുണ്ടോ.. അടുത്ത ലോക് സഭയില്‍ .. പുരോഗമനം മൊത്തമായും ചില്ലറയായും പറയുന്ന ആരു തന്നെ.. അധികാരത്തില്‍ വന്നാലും.


എവെടെ പാസാവാൻ ...ഈ ബില്ല് പാർലിമെന്റിന്റെ മേശപ്പുറത്ത് വരെ വരില്ലാ‍ാന്ന് മാത്രമല്ല , അവിടത്തെ ആണുങ്ങൾ ഇത് കൊണ്ടുവന്ന പെണ്ണുങ്ങളുടെ നെഞ്ചത്ത് കൈവെക്കുകയും ചെയ്യും..!

Lipi Ranju said...

ശരിയാ എച്മു, അധികാരമെന്ന ലഹരി അനുഭവിച്ചവര്‍ ജീവന്‍ പോയാലും അത് കൈയൊഴിയാന്‍ തയാറാവില്ല.. അതുകൊണ്ടുതന്നെ ആര് അധികാരത്തില്‍ വന്നാലും ആ ബില്ല് പാസ്സാവും എന്ന പ്രതീക്ഷയും ഇല്ലാ.. ആം ആദ്മി പാർട്ടിയിലെ ചില ശക്തരായ വനിതാ സ്ഥാനാർഥികളെ കണ്ടപ്പോൾ ചെറിയൊരു പ്രതീക്ഷ.. ബില്ലൊന്നും പാസ്സായില്ലെങ്കിലും കഴിവുള്ളവരെ സ്ത്രീ പുരുഷ വ്യത്യാസം നോക്കാതെ മത്സരിപ്പിക്കാൻ ഉള്ള വിവരം എങ്കിലും ആ പാർട്ടി കാണിച്ചുവല്ലോ..

ഫേസ് ബുക്കിൽ ലിങ്ക് കണ്ട് ഇപ്പോഴാ ഇതുവായിച്ചത്... ആശംസകൾ എച്മൂ..