Sunday, April 6, 2014

കണ്ണീരുപ്പിട്ട ഓര്‍മ്മസ്സുഗന്ധങ്ങള്‍


https://www.facebook.com/echmu.kutty/posts/260423127470322

എവിടേയോ  മറന്നു പോയത്.. 

ചിലപ്പോഴൊക്കെ പെട്ടെന്ന് ഓര്‍മ്മ വരുന്നത്.. 

അന്വേഷിച്ചാലും ഒരിക്കലും കൃത്യമായി  ലഭ്യമാകാത്തത്.. എന്നാല്‍ ഇപ്പോള്‍ കിട്ടും ഞാനിതാ ഇവിടുണ്ട്  എന്ന മട്ടില്‍  കൊതിപ്പിക്കുന്നത്
 
ഒടുവില്‍ തീവ്ര നഷ്ടസ്മൃതികളില്‍  കണ്ണു  നനയിക്കുന്നത്... ഇടനെഞ്ചു കലക്കിക്കളയുന്നത്.. 

സുഗന്ധങ്ങള്‍  അങ്ങനെയായിരുന്നു.. 

ഇപ്പോള്‍  ഒരു സുഗന്ധവും  ഉപയോഗിക്കാറില്ല.. എന്തിനാ വെറുതേ  എന്നു തോന്നും. ഇനി  അതൊരു നഷ്ടസ്മരണയായി ആരുടേയും കണ്ണ്  നനയിക്കാതിരിക്കട്ടെ എന്നും തോന്നാറുണ്ട്  ചിലപ്പോള്‍ ... 

വെള്ളാമ്പല്‍പ്പൂ പോലെയുള്ള  ഇഡ്ഡലി,  നെയ്യും  പഞ്ചസാരയും ചേര്‍ത്ത് കുഞ്ഞു കഷ്ണമായി വായില്‍  വെച്ചു തന്നിരുന്ന  അമ്മയുടെ  കൈയിന്‍റെ  സുഗന്ധമാണ് ഒരുപക്ഷെ, എന്‍റെ  ആദ്യത്തെ  ഗന്ധമോര്‍മ്മ. കുളി കഴിഞ്ഞ്  വന്ന്  ഭക്ഷണം  എടുത്തു തരുന്ന അമ്മയെ, അമ്മയ്ക്ക്  ഓഫീസില്‍  പോണം, കുട്ടി  വാശി പിടിയ്ക്കാതെ കഴിക്കു  എന്ന് പറഞ്ഞിരുന്ന അമ്മയെ  പൊതിഞ്ഞ്  അപ്പോഴെല്ലാം  പിയേഴ്സ്  സോപ്പിന്‍റെ  സുഗന്ധമുയര്‍ന്നു. അധികകാലമൊന്നും  അങ്ങനെ  ഉണ്ടായില്ല. പിന്നെ  ഞാന്‍  അമ്മയെ പട്ടണത്തില്‍ വിട്ട്  അമ്മീമ്മയുടെ ഗ്രാമത്തിലേക്ക്   മാറിത്താമസിക്കാന്‍ തുടങ്ങി.. അങ്ങനെ  അമ്മ എനിക്ക്  പട്ടണത്തിന്‍റെ  ഗന്ധമായിത്തീര്‍ന്നു. അമ്മ വരുമ്പോള്‍ കാറിനകത്തെ റിഫ്രഷണറുടെ മണം.. ചിലപ്പോള്‍  പുത്തന്‍ സാരിയുടെ മണം.. അമുല്‍ ബട്ടറിന്‍റെയും  മൊരിഞ്ഞ ബ്രഡിന്‍റെയും മണം.. 

അച്ഛനെ  എന്നും  ലൈസോളും  ഡെറ്റോളും  മണത്തിരുന്നു. മറ്റൊരു ഗന്ധവും  അച്ഛന്‍ അവശേഷിപ്പിച്ചിരുന്നില്ല. വസ്ത്രങ്ങള്‍ ചുളിക്കരുതെന്ന് കര്‍ശനക്കാരനായതുകൊണ്ട് അച്ഛന്‍റെ  ഉടുപ്പിനെ  ഒരു സ്നേഹഗന്ധമായി എനിക്കോര്‍ക്കാനാവുന്നില്ല. എന്നാലും പലരും ആശുപത്രി മണം  എന്നു മുഖം ചുളിക്കുന്ന  ഡെറ്റോളിന്‍റെ മണം  എനിക്കൊരുപാട് ഓര്‍മ്മകള്‍ തരുന്നു... 

അമ്മീമ്മയുടേതായി സത്യത്തില്‍ ഗന്ധമേയില്ലായിരുന്നു. കഠിനമായി വിയര്‍ത്ത്  ജോലി ചെയ്യുമ്പോഴും  അവരില്‍  നിന്ന്  ഒരു ഗന്ധവും ആവിര്‍ഭവിച്ചില്ല. അതിന്‍റെ  കാരണമെന്തെന്ന് ഞാന്‍ എപ്പോഴും അല്‍ഭുതപ്പെട്ടിരുന്നു. എങ്കിലും ചിലപ്പോള്‍    നെറ്റിയിലെ സിന്ദൂരപ്പൊട്ടിന്‍റെ  സുഗന്ധം, എനിക്ക് മാത്രം ഓര്‍മ്മിക്കാനും തിരിച്ചറിയാനുമാവുന്ന  അമ്മീമ്മയുടെ സാരിയുടെ  സുഗന്ധം .. ഇതാ ഇവിടെയുണ്ടെന്ന്   ആരോ  പറയുന്ന , ഞാനിപ്പോഴും തേടാനൊരുക്കമുള്ള ആ നഷ്ട സുഗന്ധം..   കെട്ടിപ്പിടിച്ചുറങ്ങാന്‍ ആഗ്രഹമുള്ള    സുഗന്ധം.. എന്നേക്കുമായി അത്  നഷ്ടപ്പെട്ടു പോയി.. ആ സിന്ദൂരപ്പൊട്ടിന്‍റെ  തിളക്കവും ജീവിതത്തില്‍ നിന്ന്  മാഞ്ഞു പോയി.

ചുട്ടു പഴുത്ത മണ്ണില്‍  മഴയുതിരുമ്പോഴുള്ള മണ്ണിന്‍റെ  ... .കിളച്ചൊരുക്കിയ  ചുവന്ന മണ്ണിന്‍റെ  മദിപ്പിക്കുന്ന  കൊതിപ്പിക്കുന്ന  ഗന്ധം..  ഗോവിന്നന്‍റെ, രാവുണ്ണിയുടെ, മല്ലുവിന്‍റെ... പാറുക്കുട്ടിയുടേയും മാതുവിന്‍റേയും അമ്മിണിയുടേയും ഒക്കെ ഓര്‍മ്മകള്‍ തരുന്ന  ആ ഗന്ധവും  എത്രയോ കാലമായി അ കലെ.. മറവിയിലേക്ക് പതുക്കെപ്പതുക്കെ .. എന്നാല്‍  വീണ്ടെടുക്കാന്‍  എന്നും കൊതിപ്പിച്ചുകൊണ്ട്.. 

മുല കുടിക്കുന്ന  കുഞ്ഞിന്‍റെ   ഓര്‍മ്മകള്‍ക്കൊപ്പം  എന്തൊക്കേയോ സുഗന്ധങ്ങളുമുണ്ടായിരുന്നു.. വെന്ത വെളിച്ചെണ്ണയുടെ , മൃദുലമായൊരു ടര്‍ക്കി ടവ്വലിന്‍റെ, പച്ച നിറമുള്ള  ഒരു  ജിബിലക്കുപ്പായത്തിന്‍റെ..മുലപ്പാലൊഴുകുന്ന  ഇളം ചുവപ്പു ചോരിവായുടെ  അതിന്‍റെയൊക്ക സുഗന്ധം... ഒരുപക്ഷെ, അത് കുഞ്ഞിന്‍റെ മാത്രം  ഗന്ധമായിരുന്നുവോ.. സ്നേഹത്തിന്‍റെ  വാല്‍സല്യത്തിന്‍റെ  ഗന്ധമായിരുന്നുവോ? ചില  സുഗന്ധങ്ങള്‍ അങ്ങനെ  തിരിച്ചു പിടിക്കാന്‍  ഒരിക്കലുമാവാതെ.. നെഞ്ചോടമര്‍ത്താന്‍   കൊതിയുള്ളപ്പോഴും അകലെ..അകലെ ..  ചക്രവാളത്തിനുമപ്പുറത്ത്. ..

കണ്ണീരുപ്പിട്ട  അനവധി ഓര്‍മ്മസ്സുഗന്ധങ്ങള്‍..

15 comments:

vettathan said...

ഞാനോര്‍ക്കുകയായിരുന്നു-എച്ച്മു എഴുതി എഴുതി സുഗന്ധം പരത്തുന്നു.ആ രചനാ രീതി കൂടുതല്‍ കൂടുതല്‍ മിഴിവാര്‍ന്നതായിട്ടുണ്ട്

Pradeep Kumar said...

പലതും ഓർത്തുവെക്കേണ്ടത് ജീവിക്കാൻ അത്യാവശ്യമായി വന്നപ്പോൾ, മസ്തിഷ്കത്തിലെ മെമ്മറിയിൽ വേണ്ടത്ര സ്പെയിസ് ഇല്ലാത്തതുകൊണ്ട് ഓർമ്മയുടെ ഫോൾഡറുകളിൽ സൂക്ഷിച്ച ഒരുപാട് ഗന്ധങ്ങൾ ഡിലീറ്റ് ചെയ്യാതെ മറ്റൊരു പോംവഴിയും കണ്ടെത്താനായില്ല.എച്ചുമു എഴുതിയത് വായിച്ചപ്പോൾ അതിന്റെ വല്ലാത്ത നഷ്ടബോധം ...

വീകെ said...

ഈ സുഗന്ധം നേരത്തെ കിട്ടിയതാണല്ലൊ...

വീകെ said...
This comment has been removed by the author.
ajith said...

കാലം പോകെപ്പോകെ പണ്ട് അത്രയ്ക്ക് ഇഷ്ടപ്പെടാത്ത ഗന്ധങ്ങള്‍ പോലും സുഗന്ധമായിത്തീരുന്നു. ഇനി ഒരു മടങ്ങിവരവ് ഉണ്ടാവില്ലെന്നോര്‍മ്മയാല്‍ത്തന്നെ!

© Mubi said...

ഓര്‍മ്മകളുടെ സുഗന്ധം....

ശ്രീ said...

ശരിയാണ്, ചില രുചികളും ഗന്ധങ്ങളും കാലമെത്ര കഴിഞ്ഞാലും മനസ്സിലും ഓര്‍മ്മകളിലും തങ്ങി നില്‍ക്കുന്നു...

"ഓര്‍മ്മകള്‍ക്കെത്ര സുഗന്ധം...
എന്നാത്മാവിന്‍ നഷ്ട സുഗന്ധം..."

Joselet Joseph said...

ഞാനും ഇപ്പോഴാ ഗന്ധങ്ങളെകുറിച്ച് ആലോചിക്കുന്നത്.
എങ്കിലും മെമ്മറി കുറവാ....

'അമ്മീമ കഥകള്‍' എന്ന
പേര് എങ്ങനെ ഉത്ഭവിച്ചു എന്നതിനൊരു ഉത്തരവും കിട്ടി കേട്ടോ...
സന്തോഷം.

ഐക്കരപ്പടിയന്‍ said...

എച്ച്മുന്റെ ഓര്‍മകള്‍ക്ക് എന്തൊരു സുഗന്ധം...ഹായ്...

പട്ടേപ്പാടം റാംജി said...

ഓര്‍മ്മകളിലൂടെ..

drpmalankot said...


ഓർമ്മകൾക്കെന്തൊരു സുഗന്ധം....
ആശംസകൾ.

Aarsha Abhilash said...

സുഗന്ധങ്ങള്‍ ഓര്‍മ്മപ്പെടുത്തലുകള്‍ ആണ് - പലരെയും പലതിനെയും...സ്നേഹം കലേച്ചീ

Cv Thankappan said...

സ്നേഹവാത്സല്യങ്ങളുടെ സുഗന്ധം പരത്തുന്ന ഓര്‍മ്മകള്‍........
ആശംസകള്‍

Muralee Mukundan , ബിലാത്തിപട്ടണം said...

ഞാനിപ്പോഴും തേടാനൊരുക്കമുള്ള ആ നഷ്ട സുഗന്ധം.. കെട്ടിപ്പിടിച്ചുറങ്ങാന്‍ ആഗ്രഹമുള്ള ആ സുഗന്ധം.. എന്നേക്കുമായി അത് നഷ്ടപ്പെട്ടു പോയി.. ആ സിന്ദൂരപ്പൊട്ടിന്‍റെ തിളക്കവും ജീവിതത്തില്‍ നിന്ന് മാഞ്ഞു പോയി.

Vineeth M said...

keep going........