Tuesday, April 1, 2014

വണ്ടിത്താവളങ്ങള്‍.


https://www.facebook.com/pratilipimalayalam/posts/821878797955700

 (2014 മാര്‍ച്ച് ലക്കം ഈ മഷിയില്‍ പോസ്റ്റ് ചെയ്തത് )
                                     

തേരി മാ കാ...     എന്ന്  വിളിച്ച് ആട്ടിയപ്പോഴും കാലു പിടിച്ചു നോക്കി. 
 
വേറെന്തു ചെയ്യാനാണ് ?  

അവന്‍  ഇട്ടിരിക്കുന്ന  കാക്കിയുടെ ബലം. വണ്ടിയുടെ പേപ്പറും ബുക്കും  കണ്‍സൈന്‍മെന്‍റ്  വിവരങ്ങളും എല്ലാം  അവന്‍റെ പക്കല്‍ നിന്ന്  റാഞ്ചിയെടുത്ത് നായിന്‍റെ മോന്‍റെ കരണത്ത്  പടപടായെന്ന് അഞ്ചാറു പൊട്ടിച്ചിട്ട്  ഇറങ്ങിപ്പോവുകയാണ് വേണ്ടത്. എന്നിട്ട്  ഒത്ത ഒരു ആണിനെപ്പോലെ  ചുണയായി, ഉറച്ച കാല്‍ വെപ്പുകളോടെ  ചെന്ന്  പിടിച്ചിട്ടിരിക്കുന്ന ലോറി  ഓടിച്ചു  പോകണം .  

സുരേന്ദറിനിതൊന്നും അറിയാതെയല്ല. 

അതു പക്ഷെ, സിനിമയിലേ  പറ്റൂ.. ജീവിതത്തില്‍  കാക്കിയിട്ട  ഒരുത്തനെ തൊട്ടാല്‍  ബാക്കി എല്ലാവരും കൂടി എടുത്തിട്ട്  ചവുട്ടിക്കുഴച്ചു കളയും.  വണ്ടിത്താവളങ്ങളില്‍ ഇങ്ങനെ  ഗതികെട്ട് കാത്തുകിടക്കുക എന്നത്  ഒരു  ലോറി ഡ്രൈവറുടെ  തലേലെഴുത്താണ്. 

ഇതാണ്  വെറുതേ  ഇരുന്നു  പോയാലൂള്ള  കുഴപ്പം. ഈ  ആവശ്യമില്ലാത്ത കാര്യങ്ങളൊക്കെ ഇങ്ങനെ  ഓര്‍മ്മ  വരും.. വളയം പിടിച്ചു കൊണ്ടിരുന്നാല്‍ ലോറി  ഓടിക്കൊണ്ടിരുന്നാല്‍  തല തണുത്തിരിക്കുമായിരുന്നു.  ചുണ്ടില്‍  ഏതെങ്കിലും ഒരു  വിഡ്ഡിപ്പാട്ടുണ്ടാവുമായിരുന്നു. ഒരു മിടുക്കനാണെന്ന് സ്വയം തോന്നുമായിരുന്നു. 

ഇങ്ങനെ തോറ്റവനായി  കഴിഞ്ഞു കൂടുന്നത് കഠിനമാണ്. 

സുരേന്ദര്‍  അരിശപ്പെട്ടുകൊണ്ട്  ലോറിയില്‍ ചെന്നു  കയറി ,  നാശം ,എവിടെയാണാവോ  ആ കുപ്പി വെച്ചത്

ചോട്ടൂ  അലറി വിളിച്ചിട്ടും ഉത്തരമില്ല. 

ചത്തോ ?  പണ്ടാരം.. 

കഹാം മര്‍ ഗയാ  ഇസ് കുത്തിയാ കാ ബച്ചാ?
 
അവനെ  കാണുന്നില്ലല്ലോ. വല്ലിടത്തും കിടന്നുറങ്ങുന്നുണ്ടാവും  കാലുകള്‍ക്കിടയില്‍ കൈയും തിരുകി... വൃത്തികെട്ട പിശാച്. അവനെ കണ്ടിരുന്നെങ്കില്‍ വേണ്ടിടത്തെല്ലാം  ഒന്നു  തടവിക്കുകയെങ്കിലും ചെയ്യാമായിരുന്നു.   ഒന്നിനും പോരാത്തവനാണെന്ന ഈ  വിചാരം ഇത്തിരി  കുറഞ്ഞു കിട്ടിയേനെ. തനിക്ക്  കഴപ്പിത്തിരി കൂടുതലാണെന്ന് അവന്‍  ആരോടോ അടക്കം പറഞ്ഞത് കേട്ടതില്‍ പിന്നെ പിശാചിനെ അങ്ങനെ അടുപ്പിക്കാറില്ല. ലോറിയുടെ ക്ലീനര്‍  മൂത്ത് മൂത്ത്  ഡ്രൈവറായിത്തീരണമെങ്കില്‍ ഈ  പരീക്ഷയും പാസ്സാവണമെന്ന് ഒരു  ദിവസം ആ വൃത്തികെട്ടവനോട് പറയണം.  തരത്തിനു  കൈയില്‍  കിട്ടും.  വരട്ടെ... 

എവിടെയൊക്കെയോ  പരതി. ഒടുവില്‍  കമ്പിളിക്കുള്ളില്‍ പുതഞ്ഞു  കിടന്ന കുപ്പി കൈയില്‍ തടഞ്ഞു.  ഒന്നും  നോക്കാതെ  കോര്‍ക്ക്  കടിച്ചൂരി അത്  വായിലേക്ക് കമിഴ്ത്തി. ആസനം  വരെ  ആളിക്കത്തിയപ്പോള്‍ കുപ്പി ഒരു  പ്രതികാരത്തോടെ  പുറത്തേക്ക് ആഞ്ഞെറിഞ്ഞു.  ദൂരെ എവിടെയോ അത്  പൊട്ടിച്ചിതറുന്ന ഒച്ചയില്‍   എന്തോ  ഒരു സുഖം തോന്നി. ആരുടേയോ തല  തല്ലിപ്പൊട്ടിക്കുന്നതിന്‍റെ ആനന്ദം. ഒരു തരി ഭക്ഷ ണം പോലും ഇറങ്ങിയിട്ടില്ലാത്ത വയറ്റിലേക്ക്  അഗ്നിയായി എരിവ് പടര്‍ന്നു കയറുമ്പോള്‍, പല്ലുകള്‍   സ്വയം അറിയാതെ അമര്‍ന്നു ഞെരിഞ്ഞു. ...  
  
ആ പോലീസുകാരനെയാണ്  അതു പോലെ  വലിച്ചെറിഞ്ഞു ഞെരിച്ചു പൊടിക്കേണ്ടത്. ഇന്നലെ  ഉച്ചയ്ക്കു മുതല്‍  ഇവിടെ  പണ്ടാരമടങ്ങിയതാണ്. രാത്രി  പുളിച്ച ദാല്‍ ഫ്രൈയും  നാലു നനഞ്ഞ  റൊട്ടിയുമാണ്  ധാബയില്‍  നിന്നു  കിട്ടിയത്.  ആ സര്‍ദാര്‍ജിയേയും പറഞ്ഞിട്ട് കാര്യമില്ല.  നേരത്തിനു ചെല്ലാന്‍  പറ്റിയില്ലല്ലോ ...  ആ നശിച്ച പോലീസുകാരന്‍റെ  കാലിന്‍റിടയിലായിരുന്നല്ലോ  തല. തെറ്റും  മാപ്പും പറഞ്ഞുകൊണ്ട്...  
   
ഹൌ, എന്തൊരു  പുകച്ചില്‍ ...  നല്ല  നാടന്‍  സുരയായിരുന്നു. കണ്ണിറുക്കിയടച്ച് തല കുടഞ്ഞു.  പിന്നെ മുഷിഞ്ഞ തോര്‍ത്ത് വിരിച്ച്  ഡ്രൈവറുടെ  സീറ്റിനു  പുറകിലുള്ള പെട്ടിപ്പുറത്ത്  മലര്‍ന്നു  കിടന്നു.  ആദ്യം  തോന്നിയ മുറുക്കം  ഒന്നയയട്ടെ...    നശിച്ച ലോകം ഒന്നു  സഹിക്കാന്‍  പറ്റുന്നതായിത്തീരട്ടെ. ... 

 മദ്യം കണ്ടു പിടിച്ചവനെ സമ്മതിക്കണം.  അവനു എന്തും  കൊടുക്കാമെന്നു  തോന്നിപ്പോകുന്നത്  ഇമ്മാതിരി  കുടുക്കില്‍ ചെന്നു വീഴുമ്പോഴാണ്...  അല്ലെങ്കില്‍ ഇപ്പോള്‍  എത്ര  പെട്ടെന്നാണ്  മനസ്സ്  അയഞ്ഞത്.  സുഖം തോന്നിത്തുടങ്ങിയപ്പോള്‍ കൈകാലുകള്‍ ആകാവുന്നത്ര അകത്തിപ്പരത്തി കിടന്നു.  പൈജാമക്കടിയില്‍  കൈ കടത്തി  വൃഷണങ്ങളില്‍   സുഖം ലഭിക്കും വിധം മെല്ലെ മെല്ലെ  ചൊറിഞ്ഞു... 

ഒരു പത്തു പതിനൊന്നു വയസ്സില്‍ പരിചയമായതാണ് ഈ ആനന്ദം. മടുപ്പ് തോന്നുമ്പോള്‍ , പേടിയും അസ്വസ്ഥതയും തോന്നുമ്പോള്‍ , പിന്നെപ്പിന്നെ സുഖം വേണമെന്ന് തോന്നുമ്പോള്‍ , ചൊറിയുമ്പോഴെല്ലാം സുഖം  കിട്ടുമെന്ന് തോന്നുമ്പോള്‍... അങ്ങനെയങ്ങനെ   അതൊരു  ശീലമായി. 

മൊബൈല്‍  അടിച്ചപ്പോഴേ മനസ്സിലായി...  വീട്ടില്‍ നിന്നാണ്..  എടുക്കാതിരുന്നിട്ട് കാര്യമൊന്നുമില്ല. അവള്‍  അമ്പതു പ്രാവശ്യം  വിളിക്കും. നായിന്‍റെ  മോള്‍ക്ക്  നാണമേയില്ല.  പതിനായിരം കാര്യങ്ങള്‍ പറയും.  ഒന്നും ചുരുക്കിപ്പറയാന്‍ പെണ്ണെന്ന വര്‍ഗത്തിനേ  അറിഞ്ഞു കൂടാ. നീട്ടിയും കുറുക്കിയും പരത്തിയും പറഞ്ഞു  അവസാനം കാശ്  വേണമെന്നു  അവസാനിപ്പിക്കും.  അപ്പോഴേക്കും  നാലു  പുളിച്ച തെറി പറയാനാണ് സുരേന്ദറിനു  തോന്നാറ്.
ഭാഗ്യം...  ഫോണ്‍  കട്ടായി.

തിരിച്ചു  വിളിക്കാതെങ്ങനെയാണ്?  മൂന്നു പെമ്പിള്ളേരും ഒരു  മോനുമുണ്ട്.  പിന്നെ  അവളുമുണ്ട്.  വല്ല വിശേഷവുമായിട്ട്  വിളിക്കുന്നതാണോ  എന്നറിയില്ല. 

നാശം,  കിട്ടുന്നില്ലല്ലോ. 

മൂന്നു  പെണ്ണിനെ പെറ്റിട്ടപ്പോഴേ  മടുത്തു അവളെക്കൊണ്ട്. ...  രണ്ടാമതു കല്യാണം  കഴിക്കാന്‍  ഗ്രാമത്തിലെല്ലാവരും  ഉപദേശിച്ചതാണ്.  പെണ്ണിനെ പെറ്റാല്‍  അവസാനിക്കാത്ത  ദാരിദ്ര്യവും  ആണ്‍ വീട്ടുകാര്‍  എക്കാലവും  തരുന്ന പുച്ഛവും  അപമാനവുമാണ്   ഭാവിഫലം. മക്കളായി  പെണ്ണുങ്ങളൂടെ  എണ്ണം കൂടുന്തോറും തല  കുനിച്ച്  കുനിച്ച് നട്ടെല്ല്  വളച്ച്  വളച്ച്   ജീവിതം തന്നെ  വെറുത്തു  പോകും മനുഷ്യന്‍.  അവളേതു  നേരവും  കരച്ചിലായിരുന്നു... ഉപേക്ഷിക്കല്ലേ  എന്ന്  കാലു പിടിച്ചുകൊണ്ട്...  ഇനി  പെണ്ണിനെ പെറരുതെന്ന്  കര്‍ശനമായി വിലക്കീട്ടാണ്  കൂടെ കിടന്നത്. 

പിന്നെ  പെറ്റത്  ആണൊരുത്തനെയാണ്.  അതുകൊണ്ട്  ഇപ്പോഴും അവള്‍ തന്നെയാണ്  ഭാര്യ. 

അവളെ ഇപ്പോള്‍ ഒന്നിനും കൊള്ളില്ല.  ഇരുപത്തിനാലു വയസ്സൊക്കെയെ  ആയിട്ടുള്ളൂ  എന്നാണവളൂടെ   തള്ള പറയുന്നത്.  പക്ഷെ,  അമ്പതു  വയസ്സായ ശരീരമാണ്.  കിടക്കുമ്പോഴേക്കും പോത്തു  പോലെ ഉറങ്ങും.. വായും തുറന്ന് ക് ര്‍ര്‍ര്‍ എന്ന്    കൂര്‍ക്കവും വലിച്ച്....  ജന്തു.  ഭര്‍ത്താവിനെ സുഖിപ്പിക്കാനും സന്തോഷിപ്പിക്കാനും അറിയാത്ത പെണ്ണുങ്ങളാണ്  ശരിക്കും ഈ  നാടിന്‍റെ  ശാപം. അത്തരം   അശ്രീകരങ്ങള്‍  കാരണമാണ് ആണുങ്ങള്‍ വേറെ പെണ്ണുങ്ങളെ അന്വേഷിച്ചു പോയി കുഴപ്പത്തില്‍  ചാടുന്നത്. ... ഒരു  പെണ്ണില്‍ മാത്രം ഒതുങ്ങാന്‍ പറ്റുന്നതല്ല ആണിന്‍റെ  ശരീരമെന്ന്   പെണ്ണുങ്ങള്‍  എന്നാണാവോ പഠിക്കുന്നത്? 

പെണ്ണുങ്ങള്‍ മാത്രമല്ല,  നമ്മുടെ നിയമവും  പോലീസും  ഒക്കെ ഇതു മനസ്സിലാക്കിയാല്‍ നാട്ടിലെ ഒരുപാട് പുലിവാലുകള്‍ തീരും..  അല്ല, പിന്നെ. സുരേന്ദറിന് അക്കാര്യത്തില്‍  ഒരു സംശയവുമില്ല.

രണ്ട്  മാസവും  മൂന്നു മാസവുമൊക്കെയാണ്  ലോറിയില്‍  തന്നെ   ജീവിക്കുന്നത്.  ഒരു പെണ്ണിനെ കീഴെക്കിടത്താതെ   അത്ര കാലം  നാമം ജപിച്ച് കഴിഞ്ഞു കൂടാന്‍  പറ്റില്ലെന്ന്..  ഇതു  പറഞ്ഞാല്‍  ആര്‍ക്കും ഒട്ടു മനസ്സിലാകുകയുമില്ല.   

മാരണം,  ആ വിചാരമങ്ങോട്ട്   മാഞ്ഞു പോകുന്നില്ലല്ലോ. ഇനി  ഇപ്പോള്‍   എന്തു ചെയ്യും? അയാള്‍ ശപിച്ചുകൊണ്ട് പുറത്തിറങ്ങി.  

ചെറിയ പച്ചക്കുന്നുകള്‍ക്കിടയിലെ കയറ്റം  കയറിയപ്പോള്‍ അല്‍പം കിതച്ചു. ആകെയൊരു  തണുപ്പുണ്ടെങ്കിലും  കമ്പിളിക്കുപ്പായമൊന്നും ആവശ്യമില്ല.  പോലീസ് ചെക് പോസ്റ്റ്  കുറച്ചു ദൂരെ  താഴെയാണ്. അവിടെ ഒരു നീര്‍ച്ചോല ഒഴുകുന്നത്  നേരത്തേ കണ്ടിരുന്നു.. അതീ അത്യാവശ്യം മുഴുപ്പുള്ള പച്ചക്കുന്നുകള്‍ക്കിടയില്‍  തലതല്ലിയാണ് താഴോട്ടെത്തുന്നത്.. 

ആദ്യം കണ്ട ധാബയില്‍  കയറി.. 

റൊട്ടിയും  ഇറച്ചിക്കറിയും പറഞ്ഞ്  കാത്തിരിക്കുമ്പോള്‍ ധാബയ്ക്കപ്പുറത്തെ  ചാക്കു വിരിയിട്ട  വാതില്‍ കടന്ന് ഒരാള്‍ പോവുന്നത് കണ്ടു... ഒരു മിന്നായമേ കണ്ടുള്ളൂ.. എങ്കിലും സുരേന്ദറിനു മനസ്സിലായി.  അതവന്‍ തന്നെ..  ആ നായിന്‍റെ മോന്‍.. ചെക് പോസ്റ്റ് താഴെയാണല്ലോ. അവനിവിടെ... 

  ചാക്കുവിരി  എന്തിന്‍റെ   മറവാണ്?  അപ്പോള്‍  കുപ്പിവളകള്‍  കിലുങ്ങുന്നതു മാതിരി തോന്നി. ഒന്നുംകൂടി നോക്കിയപ്പോള്‍  എല്ലാം  അതിവേഗം തെളിഞ്ഞു വന്നു.  എത്ര പെണ്ണുങ്ങളെ  കണ്ടതാണ്.  എവിടെ  തരത്തിനൊരു പെണ്ണിനെ കിട്ടുമെന്ന്  മണം പിടിച്ചാലറിയാം. 

കുപ്പിവളക്കിലുക്കം  ഒരു  സിഗ്നലാണ്. അടുത്ത പാര്‍ക്കിംഗ്  ആവാമെന്നാണ്. 

എല്ലാ  നിരുന്മേഷവും  മാറി... സുരേന്ദര്‍ ഒരു സെക്കന്‍ഡില്‍  ആകെയുണര്‍ന്നു.

മുന്നില്‍  വന്ന ആഹാരം കഴിക്കാനും  പിച്ചള ജഗ്ഗില്‍ നിന്ന്  വെള്ളം കുടിച്ച്  ആ വെള്ളം കൊണ്ടുതന്നെ കൈയും വായും കഴുകി ,  കാശുകൊടുത്ത്  പുറത്തിറങ്ങി ചാക്കുവിരി വകഞ്ഞു മാറ്റി അകത്തു കയറാനും ... അങ്ങനെ എല്ലാറ്റിനും  കൂടി ആകെ  അഞ്ചെട്ടു  നിമിഷമേ അയാള്‍ എടുത്തുള്ളൂ. 

വളകിലുക്കത്തിന്‍റെ  പ്രലോഭനം.. വരൂ, എന്ന് ക്ഷണിക്കുന്ന ഒരു  പെണ്ണിനെ അനുഭവിക്കുന്നത്  അപൂര്‍വമായി ലഭിക്കുന്ന ഭാഗ്യമാണ്,  ആനന്ദമാണ്.  ആണുങ്ങള്‍ക്ക് വേണ്ടി കിടന്നു തരുന്നു  എന്ന  ഭാവം പ്രദര്‍ശിപ്പിച്ചാണ് സകല  പെണ്ണുങ്ങളും എപ്പോഴും പതിവ്രത  ചമയുക... സിന്ദൂരവും ചാര്‍ത്തിച്ച് ചെലവിനു  കൊടുക്കുന്ന  പെണ്ണിനു മാത്രമല്ല, കാശ് കണക്കായി പിടിച്ചു  വാങ്ങുന്ന കൂത്തിച്ചികള്‍ക്കു  പോലുമുണ്ട് ആ  കള്ളനാട്യം.. 

നല്ല വെളിച്ചത്തില്‍ നിന്ന്  കയറിയതാവണം കുറച്ചു  നേരത്തേക്ക് ഒന്നും കാണാന്‍ കഴിഞ്ഞില്ല. 

കണ്ണുകള്‍ ഇരുട്ടുമായി  പരിചയപ്പെട്ടപ്പോള്‍ ,  ദാരിദ്ര്യം പിടിച്ച ഒരു മുറിയും  ഒടിഞ്ഞ ചാര്‍പ്പായിയും  അതിലൊരു അമ്മൂമ്മയും തെളിഞ്ഞു വന്നു...  ഒരു കഴുത്തറപ്പന്‍  വ്യാപാരിയുടെ  കുറുക്കന്‍ കണ്ണുള്ള  തള്ള.  ചരക്കുകളെ  അകത്ത്  വല്ലയിടത്തും പതുക്കി വെച്ചിരിക്കുകയാവും.. 

അത്ര  കേമമായതൊന്നും ഇല്ലെന്ന്  തോന്നുന്നു  ... പടുതി  കണ്ടിട്ട്.. എന്തെങ്കിലുമാവട്ടെ.  കാര്യം  നടന്നാല്‍ മതിയല്ലോ. 

തള്ള  നിര്‍വികാരതയോടെ അകത്തേക്കു വിരല്‍ ചൂണ്ടി. പൈസ മേടിച്ചിട്ട് അകത്തു കയറ്റി വിടുന്ന പുതിയ നഗര പരിഷ്ക്കാരം  ഇപ്പോഴും ഇവിടെ വന്നിട്ടില്ല.  എണീറ്റ് പോരുമ്പോള്‍ പെണ്ണിനെ  പൈസ ഏല്‍പിക്കുന്ന പഴയ രീതിയാണിപ്പോഴും.. 

സുരേന്ദറിനു സത്യത്തില്‍ ആ പഴയ രീതിയാണിഷ്ടം. അടിയില്‍ കിടന്ന് വിയര്‍ത്തവള്‍ക്കല്ലേ  കാശ് കൊടുക്കേണ്ടത്? അല്ലാതെ ചുമ്മാ ചുമരും നോക്കി കുത്തിയിരിക്കുന്ന നായിന്‍റെ മോള്‍ക്കല്ലല്ലോ.

മദ്യവും കാമവും കൂടി സുരേന്ദറിന്‍റെ  നില  തെറ്റിച്ചു.... ഒരു അശ്ലീല ഗാനം ചൂളമായി  ചുണ്ടില്‍ കുത്തി.

അകത്തെ  ഇരുണ്ട  മുറിയിലെ  വലിയൊരു കട്ടിലില്‍ പെണ്ണ് പുറം തിരിഞ്ഞിരിക്കുന്നുണ്ടായിരുന്നു.
അവളുടെ വെണ്മയുള്ള പുറം നഗ്നമാണെന്ന് കണ്ടപ്പോള്‍  സുരേന്ദര്‍  തിടുക്കത്തില്‍   കുപ്പായമൂരി.. ബലമായി കടന്നു പിടിച്ചപ്പോള്‍ ഒട്ടും പ്രതീക്ഷിക്കാത്ത  ഒതുക്കിയ കരച്ചിലാണ് സുരേന്ദറിന്‍റെ കാതില്‍  വീണത്. അതൊരു കുട്ടിയുടെ കരച്ചിലാണെന്ന് പെട്ടെന്ന്  തോന്നി. സുരേന്ദറിന്‍റെ കൈ അല്‍പം  അയഞ്ഞു.

മന്‍ നഹീ ഹേ ക്യാ.. ?  

വെറുപ്പോടെയാണ് ചോദിച്ചത്. 

മനസ്സില്ലെങ്കില്‍ പിന്നെ വേറെ  എവിടെയെങ്കിലും  പോകാം. എവിടെയും കിട്ടാത്ത അതിശയപ്പണ്ടമൊന്നുമല്ലല്ലോ ഏതെങ്കിലും  ഒരു പെണ്ണിന്‍റെ ശരീരം. 

മനസ്സെന്തിനാണ് ബാബു ..  ശരീരം എപ്പോഴും തയാറായി ഉണ്ടല്ലോ  എന്ന്  ആ കിളുന്ത് പെണ്ണ്  മറുപടി പറഞ്ഞപ്പോള്‍  സുരേന്ദര്‍ അല്‍പമൊന്ന്  അമ്പരന്നു. 

രക്തം കിനിഞ്ഞിറങ്ങി പരിക്ക് പറ്റിയ  ചെറിയ മുലകള്‍ ഒരു മടിയുമില്ലാതെ പ്രദര്‍ശിപ്പിച്ചുകൊണ്ട്  അവള്‍ ഒരു  പച്ചത്തെറി പറഞ്ഞു. അത്  എല്ലാം  കഴിഞ്ഞ് കൈയും വീശി ഇറങ്ങിപ്പോയ  ആ പോലീസുകാരനെ പറ്റിയായിരുന്നു. പോലീസിനു ഇതും ഫ്രീയാണെന്നത് സുരേന്ദറിനു പുതിയ  അറിവായിരുന്നില്ല.  എത്ര സൌജന്യമെടുത്താലും  ഒരു രൂപാ തുട്ടെങ്കിലും സമ്മാനം കൊടുക്കാതെ.. ഒരു  പെണ്ണിനെ..ഇങ്ങനെയൊക്കെ ... 

ഒപ്പം കിടന്നാല്‍ പെണ്ണിനു പണം കൊടുക്കണമെന്നതാണ് സുരേന്ദറീന്‍റെ  വിശ്വാസം. 

ഞാന്‍ മോക്ഷത്തിനല്ലല്ലോ  കാലകത്തിത്തരുന്നത്. എനിക്കും വിശപ്പുണ്ടല്ലോ.  എന്ന്  മുറുമുറുത്തുവെങ്കിലും അടുത്ത നിമിഷം  കട്ടിലില്‍ മലര്‍ന്നു കിടന്നുകൊണ്ട് കിളുന്തു പെണ്ണ്  നിര്‍ലജ്ജം ക്ഷണിച്ചു. .. 

ബാബു വരൂ , കുറച്ചു പതുക്കെ ആവാമോ?  ..  വല്ലാത്ത വേദനയുണ്ട്... 

സുരേന്ദറിനു വല്ലായ്മ തോന്നി.    പെണ്ണിനു  കൊച്ചുകുട്ടിയുടെ മുഖമാണെങ്കിലും ഒരു മുതിര്‍ന്നവളുടെ  പരിചയം...  കൂസലില്ലായ്മ.. 

കുറെക്കാലമായോ  നീ  ബിസിനസ്സിലായിട്ട്..  ?’  

അവള്‍ കളിയാക്കുന്ന മാതിരി  ചിരിച്ചു. 

ബാബൂ ... ഇത് പരിചയമാവാന്‍ കുറെക്കാലമെന്തിനാ?  വേറെ ഒരു വഴിയുമില്ലെന്ന്  ഉറപ്പായാല്‍ മാത്രം മതി . എന്നിട്ടും എത്ര അടങ്ങി  കിടന്നു കൊടുത്താലും  ചില  കഴുവേറി മക്കള്‍ ഇങ്ങനെ ദ്രോഹിച്ചിട്ടു  പോകുകയും  ചെയ്യും.   

അവള്‍  എണീറ്റിരുന്ന് മുഖം കുനിച്ച്  ഒരു നെയ്യപ്പം പോലെ ചുമന്ന്  കുമളിച്ച കൊച്ചു മുലകളില്‍ പതുക്കെപ്പതുക്കെ  ഊതി.. 

പെന്‍സില്‍ ചെത്തുമ്പോള്‍  മുറിഞ്ഞ വിരലില്‍  ഊതുന്ന മുന്നിമോളെ   എന്തുകൊണ്ടോ സുരേന്ദര്‍ ഓര്‍മ്മിച്ചു പോയി. 

ആ നിമിഷം അയാള്‍ തളര്‍ന്നു. അയാള്‍ക്ക് പിന്നെ  ഒന്നും വേണമെന്ന് തോന്നിയില്ല. 

നീ വല്ല മരുന്നും  പുരട്ടി വിശ്രമിക്കു  എന്ന് പറയാനാണ്  അയാള്‍ തുനിഞ്ഞത്. 

അയ്യോ! ബാബൂ.. അങ്ങനെയൊന്നുമില്ല. മടങ്ങിപ്പോവുകയാണോ.. അതൊന്നും സാരമില്ല.  ഈ നേരമായിട്ടും ഒന്നും സമ്പാദിച്ചില്ലേന്ന് ചോദിച്ച് ദാദി എന്നെ  അടിച്ചു കൊല്ലും. അവരിപ്പോ ആ ചിലങ്ക കിലുക്കി ഒച്ചയുണ്ടാക്കും . സമയം  വെറുതേ കളയാതെ ബാബൂ വരൂ.. എന്നാലല്ലേ  പണം  കിട്ടൂ.
 
ഹാര്...  ആരു കൊല്ലുമെന്ന്..  

ദാദി.. പുറത്തിരിക്കുന്നില്ലേ ... അവര് എന്‍റെ  സ്വന്തം അച്ഛന്‍റെ സ്വന്തം അമ്മയാണ്. എന്‍റെ സ്വന്തം ദാദി..  

അയാള്‍  അതിവേഗം കുപ്പായം ധരിച്ചു മുറിക്കു പുറത്തു  കടന്നു. ഒടിഞ്ഞ ചാര്‍പ്പായിയില്‍  കുത്തിയിരിക്കുന്ന വയസ്സിത്തള്ളയുടെ നേര്‍ക്ക് നൂറിന്‍റെ  ഒരു നോട്ട് എറിഞ്ഞു കൊടുത്തിട്ട് സുരേന്ദര്‍  അലറി. വല്ല വിഷവും മേടിച്ചു തിന്ന് ചത്തുകൂടെ പിശാചേ നിനക്ക്.
 
കൈ നീട്ടി നോട്ട്  എത്തിയെടുക്കാന്‍ ശ്രമിച്ചതല്ലാതെ തള്ള  ഒരു  വാക്കും മറുപടി പറഞ്ഞില്ല.

വണ്ടിത്താവളങ്ങളിലെ പോലീസുകാര്‍ മാത്രമല്ല,  ഇമ്മാതിരി പെണ്ണുങ്ങളും സുരേന്ദറിനെ ചിലപ്പോള്‍ തോല്‍പ്പിച്ചു  കളയാറുണ്ട്.  

42 comments:

Cv Thankappan said...

വേദനിപ്പിക്കുന്ന കഥ.
മനസ്സില്‍ അസ്വസ്ഥത.
നന്നായി എഴുതി.
ആശംസകള്‍

Shahida Abdul Jaleel said...

വേദനിപ്പിക്കുന്ന കഥ....

പട്ടേപ്പാടം റാംജി said...

ഇരകള്‍ എന്നും ഇരകളായി തന്നെ.
എങ്കിലും ചില മനസുകളിലെങ്കിലും ചെറിയ അനക്കങ്ങള്‍ കാണുന്നുവെന്നത് ആശ്വാസം നല്‍കുന്നുണ്ട്.

Pradeep Kumar said...

എന്തൊരു കഥയാണ് എച്ചുമു ഇത്.....

എച്ചുമുവിന്റെ കഥയെഴുത്തിന്റെ ഗ്രാഫ് കുത്തനെ ഉയരുകയാണ്. മനുഷ്യമനസ്സും, ജീവിതവും കൃത്യമായി എച്ചുമു കഥയിലേക്ക് പകർത്തി. പാർശ്വവൽക്കരിക്കപ്പെട്ട മനുഷ്യജീവിതങ്ങളെ നിരീക്ഷിച്ചും, പഠിച്ചും നല്ല ഉൾക്കാഴ്ചയും, അതോടൊപ്പം കഥയുടെ ക്രാഫ്റ്റിനുമേൽ നല്ല നിയന്ത്രണവും എച്ചുമുവിനുണ്ട് എന്ന് ഈ കഥ തെളിയിക്കുന്നു....

എച്ചുമുവിന്റെ രചനാലോകത്ത് എനിക്ക് പ്രിയപ്പെട്ട ഒന്നുകൂടി......

സിയാഫ് അബ്ദുള്‍ഖാദര്‍ said...

സ്ഥിരം ശൈലിയില്‍ നിന്നുള്ള മാറ്റം നന്നായി . എങ്കിലും ചിലയിടങ്ങളില്‍ എച്ചുമു മുഖം കാണിക്ക തന്നെ ചെയ്തു.എങ്കിലും ശൈലിയില്‍ ഉള്ള മാറ്റം പ്രശംസനീയം തന്നെ .

വീകെ said...

പച്ചയായ ജീവിതങ്ങൾ...
ചില കാഴ്ചകൾ, അനുഭവങ്ങൾ ഏതു ക്രൂരനേയും ഒന്നു മാറി ചിന്തിപ്പിക്കും. അത്തരം ഒന്നിന് ഹൃദയത്തിൽ മുറിവേൽ‌പ്പിക്കാൻ കഴിഞ്ഞാൽ പിന്നെ അവൻ തെറ്റുകാരാനായിരിക്കാൻ ഇഷ്ടപ്പെടുകയില്ല. അവൻ മറ്റൊരാളായി മാറും...
ഹൃദയദ്രവീകരണ കഥ.
ആശംസകൾ...

K.V Manikantan said...

താങ്കൾക്ക് അസാമാന്യ കയ്യടക്കം ഉണ്ട്. അമ്മീമ്മ കഥകൾ ആദ്യത്തെ നാലഞ്ചെണ്ണം വായിച്ചതു കാരണമാണ് ഇത് വായിക്കാൻ തുടങ്ങിയത്. ഗംഭീരമയായിരിക്കുന്നു. അയത്നലളിതമായി, ഉഷാറായി അന്തസ്സായി പറഞ്ഞിരിക്കുന്നു. ഭാവുകങ്ങൾ.

Joselet Joseph said...

സാധാരണ എച്മുക്കുട്ടി കഥകളില്‍ ചെറുകഥയുടെ സൌന്ദര്യത്തേക്കാള്‍ ചില നിലപാടുകളാണ് മുന്നില്‍നില്‍ക്കാറുള്ളത്. അത് എഴുത്തുകാരി ഇഷ്ടപ്പെടുന്നു എന്ന് സ്ഥിരം വായനക്കാരന് അറിയാം. എന്നാല്‍ ഈ കഥ അതിന്റെ പശ്ചാത്തലത്തിനു യോജിച്ച സകലതിനോടും കറകളഞ്ഞ വിധം ഇഴുകിചേര്‍ന്നു നിന്നു.
കലച്ചേച്ചിയുടെ ഏറ്റവും മികച്ച കഥകളില്‍ ഒന്ന്‍.

തുമ്പി said...

വായനയുടെ അന്ത്യം ഒരു നിമിഷം മനസ്സ് ശൂന്യമായി. പച്ചയായ എഴുത്തിന്റെ നിറവ്.കാമത്തിന്റെ ഭാവങ്ങളുള്‍ക്കൊണ്ട് ഇപ്പോള്‍ അത് സംഭവിക്കും എന്ന പ്രതീക്ഷയില്‍ വായന പോകവേ ,പെന്‍സില്‍ ചെത്തുമ്പോള്‍ മുറിഞ്ഞ വിരലില്‍ ഊതുന്ന മുന്നിമോളുടെ ഓര്‍മ്മ , ആ കാടത്തം നിറഞ്ഞ മനസ്സിന്റെ തെളീമയിലേക്കാണ് കൊണ്ടുപോയത്. ലൈംഗിക വൃത്തിക്ക് ബലിയാടായവളുടെ നിസ്സഹായതയും, കൂട്ടിക്കൊടുപ്പുകാരിയുടെ കറുത്ത മുഖവും വളരെയധികം പറയാതെ തന്നെ മനസ്സിലേക്ക് ഇടിച്ചുകയറി. അവള്‍ വണ്ടിക്കാരന് മേല്‍ നേടിയ വിജയം എങ്ങനെയോ അങ്ങനെതന്നെയാണ്, വായനക്കാരിയായ എനിക്ക് മേല്‍ കഥാകാരിയുടെ വിജയവും.

റോസാപ്പൂക്കള്‍ said...

എച്ചുമു,കഥ പറഞ്ഞ രീതി ഇഷ്ടമായി. എച്ചുമുവിനു മാത്രം പറയാന്‍ പറ്റുന്ന ആ രീതിക്ക് സലാം....പക്ഷെ വിഷയത്തില്‍ അത്ര പുതുമ തോന്നിയില്ല

ആചാര്യന്‍ said...

നല്ലൊരു കഥ...

ഭ്രാന്തന്‍ ( അംജത് ) said...

കഠിനമായ വാക്കുകളുടെയോ അത്യുഗ്ര ഉപമകളുടെയോ ആടയാഭരണങ്ങളില്ലാതെ ലളിതമായ ഭാഷ, പച്ചയായ ജീവിതത്തിന്‍റെ ഇരുള്‍പുറങ്ങള്‍ ചൂണ്ടിക്കാണിക്കുന്ന കഥ. സാധാരണക്കാരന് ജീവിതം സാധാരണമാണ്. അവന്‍റെ ചിന്തകളില്‍ വിശപ്പും വേഴ്ചയും മാത്രമേയുള്ളൂ. അവന്‍റെ സാധാരണതയെ ദുരുപയോഗം ചെയ്യുന്ന അധികാര വര്‍ഗ്ഗത്തിന്‍റെ മുഷ്ക്ക് നശിപ്പിക്കാന്‍ ഇനിയും കഴിയാത്ത മനോവ്യഥകളില്‍ പോലും നന്മനഷ്ടപ്പെടാത്ത ചില അസാധാരണ സാധാരണക്കാരന്‍ !

മൊബൈല്‍ അടിച്ചപ്പോഴേ മനസ്സിലായി... വീട്ടില്‍ നിന്നാണ്.. എടുക്കാതിരുന്നിട്ട് കാര്യമൊന്നുമില്ല. അവള്‍ അമ്പതു പ്രാവശ്യം വിളിക്കും. നായിന്‍റെ മോള്‍ക്ക് നാണമേയില്ല. പതിനായിരം കാര്യങ്ങള്‍ പറയും. ഒന്നും ചുരുക്കിപ്പറയാന്‍ പെണ്ണെന്ന വര്‍ഗത്തിനേ അറിഞ്ഞു കൂടാ. നീട്ടിയും കുറുക്കിയും പരത്തിയും പറഞ്ഞു അവസാനം കാശ് വേണമെന്നു അവസാനിപ്പിക്കും. അപ്പോഴേക്കും നാലു പുളിച്ച തെറി പറയാനാണ് സുരേന്ദറിനു തോന്നാറ്


ഇത് ശരിക്കും എന്‍റെ തന്നെ വിചാരമാണ്. അത് എച്മു എങ്ങിനെ മനസ്സിലാക്കി ... ഹോ അത്ഭുതം ദേ, അവള്‍ വിളിക്കുന്നു.... വീട്ടില്‍ നിന്നാ !

ഹരിപ്രിയ said...

നന്നായിട്ടുണ്ട് :)

ente lokam said...

പച്ച ആയ ജീവിതങ്ങൾ അതേ പാതയിൽ അക്ഷരങ്ങൾ ആയി പെയ്തിറങ്ങി..

നനവുകൾ കണ്ണീരിലും ചോരയിലും
ഒലിച്ചിറങ്ങി പാടുകൾ തീർക്കുന്നു
മനസ്സിൽ....

പ്രമേയത്തിൽ പുതുമ ഇല്ല എന്നത് സത്യം.പക്ഷെ ഈ തുടരുന്ന സത്യങ്ങൾ നിത്യ
പ്രമേയങ്ങൾ അല്ലേ?? ഇതിൽ എന്ത് പുതുമയും പഴമയും..

ആശംസകൾ എച്മു....

ശിഹാബ് മദാരി said...

എത്ര പറഞ്ഞാലും തീരാത്ത കഥകളുടെ തുടര്ച്ചയോ ബാക്കിയോ എന്തുമാകട്ടെ ,,,, വിഷയത്തിലെ പുതുമ എന്നൊരു സംഭവത്തിനു പ്രാധാന്യമേ ഇല്ല - പറയുന്നത് കൃത്യമായി പറയുകയും ഒരാള്ക്കെങ്കിലും അനുഭവിപ്പിക്കുകയും ചെയ്യുക എന്നതാണ് കഥ എന്ന് എനിക്ക് തോന്നുന്നതിനാൽ മികച്ച ക്രാഫ്റ്റിൽ അനാവഷ്യമൊന്നുമില്ലാത്ത ഇക്കഥക്ക് നമോവാകം.
----------------------------------
വയറ്റിലേക്ക് അഗ്നിയായി എരിവ് പടര്‍ന്നു കയറുമ്പോള്‍, >>>> ഇത് മാത്രം അതിശയോക്തിക്കു കരുതിക്കൂട്ടി ചെയ്ത പോലെ എനിക്ക് മാത്രം തോന്നി :D
-----------------------
വയറ്റിലേക്ക് എരിവ് പടര്‍ന്നു കയറുമ്പോള്‍ >>>> ഇതിൽ എല്ലാമുണ്ട് :D

vettathan said...

കഥ വളരെ നന്നായി. സാധാരണ നിലപാടുകളില്ല. (ഒന്നൊളിഞ്ഞു നോക്കി) ഈ ധൈര്യത്തിന് ഒരു സല്യൂട്ട്

അഷ്‌റഫ്‌ സല്‍വ said...

വാക്കുകളില്ല വിലയിരുത്താൻ...
നല്ല കഥ ,
അത് മതിയാകും

Sangeeth K said...

ഇ-മഷിയില്‍ വായിച്ചിരുന്നു...നല്ല കഥ...

ചന്തു നായർ said...

എചുമുക്കുട്ടിഉയരങ്ങളിലെക്കു തന്നെയാ...കഥാസാരം പഴയതോ പുതിയതോ ഒക്കെ ആകട്ടെ...പക്ഷേ കഥ പറയുന്നതിനു ഒരു ക്രാപ്റ്റ് ഉണ്ട്........ അതാണ് എച്ചുമുവിന്റെ എഴുത്തിന്റെ മേന്മയും...കഥ നന്നേ ബോധിച്ചു. തുറന്നെഴുത്തിനു നല്ല നമസ്കാരവും......... ആശംസകൾ

drpmalankot said...


വായന എന്നത് വിനോദത്തിനു മാത്രമല്ല; വിജ്ഞാനത്തിനും കൂടിയാണല്ലോ. വേണ്ടതും വേണ്ടാത്തതുമൊക്കെ ഉണ്ടെങ്കിലും എല്ലാം നാം മനസ്സിലാക്കിയിരിക്കയെങ്കിലും വേണം. പലതും നമ്മുക്ക് ഇഷ്ടപ്പെട്ടു എന്ന് വരില്ല. എന്നാൽ , നമുക്ക് ചുറ്റുമുള്ളവർ - സഹജീവികൾ, സാഹചര്യം, പശ്ചാത്തലം - ഇതൊക്കെ അറിഞ്ഞില്ലാ, അറിയാൻ മനസ് കാണിച്ചില്ല എങ്കിൽ അത് ശരിയല്ല. അടുത്തതായി, ''ആ നടൻ/നടി കഥാപാത്രമായി ജീവിക്കുകയാണ് പ്രസ്തുത കഥയിൽ/സിനിമയിൽ'' എന്നൊക്കെ നാം പറയാറില്ലേ?

ഇങ്ങനെയൊക്കെയാണ് എച്ച്മുവിന്റെ കഥ വായിച്ചപ്പോൾ എനിക്ക് മനസ്സിൽ തോന്നിയത്. ഒരു സാധാരണ മനുഷ്യന്റെ പച്ചയായ ജീവിതം നല്ല ഉള്ക്കാഴ്ചയോടെ കുറിച്ചിട്ടത് കഥാകാരിയുടെ രചനാപാടവത്തെ എടുത്തുകാണിക്കുന്നു. അസൂയാവഹം എന്ന് പറഞ്ഞാൽ അത് അതിശയോക്തി ആകില്ല. വീട്ടിൽ തമിഴ് സംസാരിച്ചിരുന്ന ഉള്ളൂർ, മലയാറ്റൂർ മുതലായ മഹാരഥന്മാർ ശരിക്കും മലയാളഭാഷ മാതൃഭാഷ ആയവരെ തോല്പ്പിച്ചുകൊണ്ട്‌ മലയാളത്തെ സമ്പന്നമാക്കിയവരുടെ കൂട്ടത്തിലല്ലേ? ഇതാ, ഈ എഴുത്തുകാരിയുടെ രീതിയും അതിൽനിന്നൊന്നും വിഭിന്നമല്ല എന്ന് തോന്നുന്നു. ആശംസകൾ, എച്മൂ.

drpmalankot said...
This comment has been removed by the author.
ശ്രീ said...

വീണ്ടുമൊരിയ്ക്കല്‍ കൂടി...
നന്നായെഴുതി, ചേച്ചീ

MINI ANDREWS THEKKATH said...

കഥയല്ലല്ലോ, അല്ലേ? . .സുരേന്ദ൪, ദാദിയുടെ തെറ്റു കണ്ടു പിടിച്ചു-മകളുടെ ഓർമ വന്നതു നന്നായി.

ഇലഞ്ഞിപൂക്കള്‍ said...

നല്ല കഥ എച്ച്മൂ.. അങ്ങനെ പറഞ്ഞാല്‍ മതിയാവില്ല. അത്യുഗ്രന്‍ കഥ.... വായനയുടെ മര്‍മ്മത്ത് കൊള്ളുന്ന ഈ ചങ്കൂറ്റമുള്ള എഴുത്തിന് പ്രണാമം.

Promodkp said...

വിഷയം പഴയതെങ്കിലും നല്ല വായന നല്‍കി

ശ്രീനാഥന്‍ said...

ലോറി ഡ്രൈവറുടെ കള്ളും പെണ്ണും സ്വവർഗ്ഗാനുരാഗവും വലിച്ചുവാരിത്തീറ്റയും കലിപ്പുകളുംവണ്ടിത്താവളങ്ങളിലെ പണ്ടാറമടങ്ങാനുള്ള കാത്തു നിൽ‌പ്പും, തീർത്താൽ തീരാത്ത കലിപ്പുകളും എല്ലാം കുമിഞ്ഞു കൂടിയ ജീവിതം വേണ്ടപോലെ അറിഞ്ഞ്, പറയേണ്ട ഭാഷയിൽ പറഞ്ഞത് ഒരു സ്ത്രിയാണെന്നോർക്കുമ്പോൾ അതിശയം. നിയമപാലകനിലെ കാട്ടാളത്തവും ഡ്രൈവറുടെ മനസ്സിലെ മനുഷ്യസ്നേഹത്തിന്റെ തെളിനീരുറവയും ആ നിരാലംബയായ പെണ്ണും, കൊച്ചു മോളുടെ പിമ്പായ അമ്മൂമ്മയും - എല്ലാം ചേർന്ന് ഗംഭീരമായി കഥ.

Sudheer Das said...

വളരെ വളരെ നന്നായിരിക്കുന്നു. എച്ചമു എന്ന എഴുത്തുകാരിക്ക് എല്ലാ അഭിനന്ദനങ്ങളും ആശംസകളും.

viddiman said...

പ്രമേയത്തിൽ പുതുമ അനുഭവപ്പെട്ടില്ല.

"ഒതുക്കിയ കരച്ചിലാണ് സുരേന്ദറിന്‍റെ കാതില്‍ വീണത്. അതൊരു കുട്ടിയുടെ കരച്ചിലാണെന്ന് പെട്ടെന്ന് തോന്നി. സുരേന്ദറിന്‍റെ കൈ അല്‍പം അയഞ്ഞു." >> ഇത്രത്തോളമെത്തുമ്പോഴേ കഥയുടെ അവസാനം എങ്ങനെയായിരിക്കുമെന്ന് ഊഹിക്കാൻ കഴിയുന്നു.

ഒരു പുരുഷന്റെ ചിന്തകളെ പകർത്താൻ എഴുത്തുകാരി വിജയിച്ചിട്ടുണ്ട്. അതിനുമപ്പുറം കൂടുതൽ സവിശേഷത ഈ കഥയ്ക്ക് അനുഭവപ്പെട്ടില്ല.

അഭി said...

വേദനിപ്പിക്കുന്ന കഥ

Unknown said...

ജീവിതത്തിന്‍റെ നഗ്നമായ യാഥാര്‍ത്യം പച്ചയായി വരച്ചെടുക്കാന്‍ എച്ച്മിക്കുടിക്ക്കഴിഞ്ഞു. മാസങ്ങളോളം വീടും നാടും വിട്ടു നില്കൂന്ന ഒരു ഡ്രൈവറുടെ കഥയിലൂടെ മനുഷ്യന്റെ മനസ്സിനെ വരച്ചുകട്ടാന്‍ താങ്കള്‍ക്ക് കഴിഞ്ഞു. ആശ്രയമില്ലാത്ത സ്ത്രീയുടെ വേദന അവളുടെ മുലഞ്ഞെട്ടിന്റെ നീറ്റലില്‍ ആവാഹിക്കാന്‍ കഴിഞ്ഞത് എഴുത്തിന്റെ ശക്തിയായി മാത്രമേ കാണാന്‍ കഴിയൂ. ആ സ്ത്രീയുടെ നീറല്‍ എനിക്കനുഭാവിക്കാന്‍ കഴിഞ്ഞു.

ഫൈസല്‍ ബാബു said...

പതിവ് ശൈലിയില്‍ നിന്നും വേറിട്ടൊരു സഞ്ചാരം , നൊമ്പരമായി ഒരു കഥ കൂടി,

പാന്ഥന്‍ said...

ഇര.... എന്തിന്റെയൊക്കെയോ...
നോവുന്നു... വല്ലാതെ...

uttopian said...

nalla kadha.. echmukutty :)

ഷാജു അത്താണിക്കല്‍ said...

ആശംസകൾ

Bipin said...

അച്ഛാ ഹെ. ലേകിൻ ഇത്രയും മുരടനായ സുരേന്ദർ ഇത്ര പെട്ടെന്ന് ഇത്രയും സോഫ്റ്റ് ആയത് അത്രയ്ക്ക് വിശ്വസനീയമായില്ല. നല്ല ഭാഷ, നല്ല എഴുത്ത്. ആശംസകൾ.

ajith said...
This comment has been removed by the author.
ajith said...

കഥ തരക്കേടില്ല എന്നേ തോന്നിയുള്ളു എച്മു.

kochumol(കുങ്കുമം) said...

ഒന്നും പറയാനില്ലാ ..
നന്നായി തുറന്നെഴുതി !!

Muralee Mukundan , ബിലാത്തിപട്ടണം said...

‘വളകിലുക്കത്തിന്‍റെ പ്രലോഭനം.. വരൂ, എന്ന് ക്ഷണിക്കുന്ന ഒരു പെണ്ണിനെ അനുഭവിക്കുന്നത് അപൂര്‍വമായി ലഭിക്കുന്ന ഭാഗ്യമാണ്, ആനന്ദമാണ്. ആണുങ്ങള്‍ക്ക് വേണ്ടി കിടന്നു തരുന്നു എന്ന ഭാവം പ്രദര്‍ശിപ്പിച്ചാണ് സകല പെണ്ണുങ്ങളും എപ്പോഴും പതിവ്രത ചമയുക... സിന്ദൂരവും ചാര്‍ത്തിച്ച് ചെലവിനു കൊടുക്കുന്ന പെണ്ണിനു മാത്രമല്ല, കാശ് കണക്കായി പിടിച്ചു വാങ്ങുന്ന കൂത്തിച്ചികള്‍ക്കു പോലുമുണ്ട് ആ കള്ളനാട്യം.‘

സത്യം ...അനുഭവം സാക്ഷി..!

Anas. M said...

ശക്തമായ പ്രമേയം. തീഷ്ണമായ അനുഭവങ്ങളുടെ സാന്നിധ്യം. ലളിതവും മനോഹരവും എന്നാൽ നോവുണത്തുന്നതുമായ രചനാശൈലി.

നളിനകുമാരി said...

എങ്ങനെ ധൈര്യം വന്നു എച്മു. ഇങ്ങനെ എഴുതാൻ?

സുധി അറയ്ക്കൽ said...

ഹോ.വല്ലാതെ ആയല്ലോ!!!!!