വഴക്കാണ് എന്‍റെ ഹൃദയത്തിന് എന്നോട്. 'നിന്നെ ഇനി എനിക്ക് താങ്ങാന്‍ വയ്യ' എന്ന് ഹൃദയം ദേഷ്യപ്പെടാന്‍ തുടങ്ങീട്ട് കുറച്ച് കാലമായി. ചില്ലറ മരുന്നുകളും വ്യായാമവും ഒക്കെയായി ഞാന്‍ അതിനെ പാട്ടിലാക്കാന്‍ നോക്കുന്നുവെങ്കിലും ഒരുപാട് ഭാരം വലിപ്പിക്കുന്നുവെന്ന പരാതിയില്‍ അതു പിണങ്ങി നില്‍ക്കുകയാണ്. അതുകൊണ്ട് ഇടയ്ക്കിടെ ചില ടെസ്റ്റുകള്‍ ... മരുന്ന്... അങ്ങനെ .' ഞങ്ങള്‍ ദാ നോക്കിക്കോ ഇപ്പോ കാണാം എന്‍റെ ബലം' എന്ന മട്ടില്‍ പരസ്പരം മുറുമുറുത്തുകൊണ്ട് ബലം പരീക്ഷിക്കുകയാണ്. പല പല ടെസ്റ്റുകള്‍ക്ക് വിധേയയാവുന്നതുകൊണ്ടാണ് ആദ്യമായി ഇ സി ജി എന്ന ടെസ്റ്റിനു പോയ ആശുപത്രിയേയും ആ ടെക്നീഷ്യനേയും ഈയിടെയായി ഞാന്‍ എപ്പോഴും ഓര്‍ക്കുന്നത്. മാന്യത എന്ന വാക്കിനു പര്യായമായി ആ ടെക്നീഷ്യനെ ഞാന്‍ എന്നും ഓര്‍മ്മിക്കും..
സങ്കടങ്ങളുടെ തിരക്കോളുകളില്‍ അകപ്പെട്ടിരുന്ന വേവും കാലത്ത് ഒരു ദിവസം നട്ടുച്ച്യ്ക്ക് ഹൃദയം ദേഷ്യത്തോടെ മുറുമുറുത്തു. ചെറുപ്പത്തില്‍ വന്ന റുമാറ്റിക് ഫീവര്‍ ആണ് അതിനു കാരണമെന്ന് ആള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് അങ്ങ് പ്രഖ്യാപിച്ചു. അങ്ങനെ ചികില്‍സയും ആരംഭിച്ചു. അതിന്‍റെ ഭാഗമായിട്ടായിരു ന്നു ഇ സി ജി ടെസ്റ്റ്.
അതിനു ചെന്നപ്പോഴാണ് എനിക്ക് നന്നേ പരിചയമുള്ള എന്‍റെ കഷ്ടപ്പാടുകളെല്ലാം ശരിക്കറിയാവുന്ന മലയാളിയായ ടെക്നീഷ്യനാണവിടെയെന്ന് ഞാന്‍ അറിഞ്ഞത്. ഇ സി ജി എടുക്കുമ്പോള്‍ ബ്രായുടെ ഹുക്കും അഴിച്ച് കമ്മീസും ഉയര്‍ത്തി വെച്ച് മലര്‍ന്നു കിടക്കണമെന്ന് എനിക്കറിയില്ലായിരുന്നു. ' ആ ചേട്ടനാണല്ലേ.. ഇവിടെ .. എന്‍റെ ഇ സി ജി എടുക്കണം ' എന്ന് ഞാന്‍ അറിയിച്ചപ്പോള്‍ ഒരു നിമിഷം എന്‍റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കിയിട്ട് ആ ചേട്ടന്‍ ചോദിച്ചു 'കൊച്ചിനറിയാമോ എങ്ങനാ ആ ടെസ്റ്റ് എടുക്കുന്നതെന്ന് ?' ഞാന്‍ ഇല്ലെന്ന് തലയാട്ടി.. ചില പ്ലഗുകള്‍ കാലിലും കൈയിലുമെല്ലാം പിടിപ്പിക്കുമെന്ന് എനിക്കറിയാം. അതില്‍ക്കൂടുതല്‍ ഒന്നുമറിയില്ലായിരുന്നു.
'നമ്മള്‍ പരിചയക്കാരല്ലേ കൊച്ചേ ... ഞാന്‍ ചെയ്യുന്നില്ല. കൊച്ചിനു പിന്നീട് മനസ്സിനു വിഷമം വരരുത്...' എന്ന് പറഞ്ഞു മറ്റൊരാളെ അതിനു നിയോഗിച്ച് അദ്ദേഹം മാറി നിന്നു. ടെസ്റ്റ് കഴിഞ്ഞപ്പോഴാണ് ആ മാറി നില്‍ക്കലിന്‍റെ കാരണം എനിക്ക് മനസ്സിലായത്. ആ മാന്യതയും കരുതലും എന്‍റെ കണ്ണ് നനയിക്കാതിരുന്നില്ല.
അനിയത്തി റാണിയുടെ കല്യാണത്തിനു ആ ചേട്ടന്‍ ആദ്യവസാനക്കാരനായി ഞങ്ങളെ സഹായിക്കാനുണ്ടായിരുന്നു. കല്യാണത്തിന്‍റെ തലേന്ന് ദില്ലിയിലെത്തിയ ഞങ്ങളുടെ അച്ഛന്‍ ടെക്നീഷ്യന്‍ ചേട്ടനെ എങ്ങനെയാണ് എനിക്ക് പരിചയമെന്ന് തിരക്കി.
ഞാന്‍ ഒരു നിമിഷം ഒന്നും പറഞ്ഞില്ല. പിന്നെ തല നിവര്‍ത്തി അച്ഛന്‍റെ കണ്ണുകളില്‍ കണ്ണു നട്ട് ഉത്തരം കൊടുത്തു. ' ഒരുപാട് കാലമായിട്ടുള്ള പരിചയമാണ് അച്ഛാ... എനിക്കൊന്നുമില്ലാതിരുന്ന കാലത്തും അല്‍പാല്‍പം വല്ലതുമൊക്കെ ഉണ്ടായിത്തുടങ്ങിയ കാലത്തും ചേട്ടന്‍ ഒരേ പോലെ ഒപ്പമുണ്ടായിരുന്നു അച്ഛാ..'
അച്ഛന്‍റെ മുഖം വല്ലാതെ വിവര്‍ണമായി.
എനിക്കൊന്നുമില്ലാതിരുന്ന കഷ്ടപ്പാടുകളുടെ കാലത്ത് അച്ഛനും എനിക്കുണ്ടായിരുന്നില്ലല്ലോ.
അച്ഛന്‍ പരുങ്ങലോടെ എന്‍റെ തലയില്‍ തടവി
എന്നിട്ട് പതുക്കെ മന്ത്രിച്ചു. 'നിന്‍റെ പ്രശ്നങ്ങളൊന്നും വേണ്ട സമയത്ത് വേണ്ടതു പോലെ മനസ്സിലാക്കാന്‍ എനിക്ക് കഴിഞ്ഞില്ല.'
ഞാന്‍ ചിരിച്ചു, ' സാരമില്ല... അച്ഛാ. മച്ച് വാട്ടര്‍ ഹാസ് ഫ്ലോണ്‍ അണ്ടര്‍ ദ ബ്രിഡ്ജ്. '
എനിക്ക് വല്ലാതെ സങ്കടം വരുന്നുണ്ടായിരുന്നു.
എങ്കിലും ആ കണ്ണീര് അച്ഛനു മുന്നില്‍ പ്രദര്‍ശിപ്പിക്കാന്‍ അന്നേരം എനിക്ക് തോന്നിയതേയില്ല.
2 comments:
മച്ച് വാട്ടര്‍ ഹാസ് ഫ്ലോണ്‍ അണ്ടര്‍ ദ ബ്രിഡ്ജ് ....
വായനയുടെ വിങ്ങൽ മനസ്സിനു തരുന്ന എഴുത്ത് !
Post a Comment