Wednesday, September 12, 2018

എന്‍റെ പ്രിയപ്പെട്ട ദത്ത് മാഷ്...

സമകാലികം

                                             

ഇന്ന് രാവിലെ അഞ്ചുമണിയോടെ മാഷ് പോയി. പരിഹാരമില്ലാത്ത പ്രശ്നങ്ങളൊന്നുമില്ല എന്ന് എപ്പോഴും എന്നെ സമാശ്വസിപ്പിച്ചിരുന്ന മാഷ് പ്രശ്നങ്ങളും വേദനകളും പരിഹാരങ്ങളും ഒന്നുമില്ലാത്തിടത്തേക്ക് യാത്രയായി.

എനിക്ക് നഷ്ടപ്പെട്ടത് കോസ്റ്റ്ഫോര്‍ഡിന്‍റെ ദത്ത് മാഷിനെ മാത്രമല്ല. എപ്പോഴും ഏതു നിമിഷത്തിലും ഓടിച്ചെന്ന് ആവലാതിപ്പെടാനും എന്‍റെ പ്രശ്നം പരിഹരിക്കാന്‍ ഒരു വഴി കണ്ടുപിടിച്ചു തരൂ എന്ന് പൊട്ടിക്കരയാനുമുള്ള ഒരു ദൈവികസാന്നിധ്യത്തെ കൂടിയാണ്. മാഷെപ്പോലെ ഒരാള്‍ ഇനി ഈ ജീവിതത്തില്‍ കടന്നുവരില്ല. അദ്ദേഹം ഒഴിച്ചിട്ടു പോയ ആ സിംഹാസനം നിത്യശൂന്യമായിരിക്കും.

പരിചയപ്പെട്ട ആദ്യകാലങ്ങളില്‍ അന്നത്തെ ഏതൊരു ഇടതുപക്ഷക്കാരനേയും പോലെ മാഷും എന്‍റെ സ്ത്രീവാദങ്ങളെ പരിഹസിച്ചിട്ടുണ്ട്. ആ തെറ്റിദ്ധാരണകള്‍ക്കുള്ളില്‍ നിന്നുകൊണ്ട് എന്‍റെ നീറുന്ന വേദനകളെ അറിയാതെ പോയിട്ടുണ്ട്. മാഷുടെ അത്തരം ഇടപെടലുകള്‍ എനിക്ക് ഭീകരമായ ഗാര്‍ഹിക മര്‍ദ്ദനങ്ങളും സാമൂഹികമായ ഒറ്റപ്പെടലുകളും നല്‍കിയിട്ടുണ്ട്.

പക്ഷെ, കാര്യങ്ങള്‍ മനസ്സിലാക്കിയ അന്ന് മുതല്‍ മാഷ് വേറേ ഒരാളായി മാറുകയായിരുന്നു. തനിക്ക് പറ്റിയ അബദ്ധത്തെക്കുറിച്ച് ഏറ്റ് പറഞ്ഞ് എന്നോട് മാപ്പിരക്കാനുള്ള സന്മനസ്സ് അദ്ദേഹത്തിന്‍റെ പോലെ മറ്റാര്‍ക്കും ഉണ്ടാവുകയില്ല. സ്വകാര്യസദസ്സില്‍ മാത്രമല്ല പൊതുസദസ്സിലും എന്‍റെ ജീവിതത്തില്‍ നെഗറ്റീവായി ഇടപെട്ടുവെന്ന് സമ്മതിക്കുവാന്‍ അദ്ദേഹം തയാറായിരുന്നു. ആ മനസ്ഥിതി എന്‍റെ കണ്ണ് നിറച്ചിട്ടുണ്ട്.

ഞാനും എന്‍റെ കൂട്ടൂകാരനും ജീവിതമാരംഭിക്കുന്നത് ഗുരുവായൂരമ്പലത്തില്‍ നിന്നായിരിക്കുമെന്ന് കിട്ടിയ ഒരു തെറ്റായ അറിയിപ്പ് വിശ്വസിച്ച് ഒരു പകല്‍ മുഴുവന്‍ തികഞ്ഞ ഇടതുപക്ഷക്കാരനായ അദ്ദേഹം അമ്പലത്തില്‍ ചെലവാക്കി. ഞങ്ങള്‍ അതറിഞ്ഞത് വളരെക്കഴിഞ്ഞാണ്. 'അങ്ങനെ ഞങ്ങള്‍ക്കായി കാത്തിരിക്കുമെന്ന് അറിഞ്ഞില്ല മാഷെ' എന്നൊരു മാപ്പപേക്ഷ മാത്രമേ അന്നേരം ഞങ്ങളുടെ പക്കല്‍ ഉണ്ടായിരുന്നുള്ളൂ.

ആദ്യത്തെ ക്യാന്‍ സര്‍ സര്‍ജറി കഴിഞ്ഞ് വളരെയേറെ രൂപഭേദം വന്ന മുഖഭാവവുമായി ദില്ലിയില്‍ വന്നപ്പോളാണ് പിന്നെ ഞാന്‍ മാഷെ കാണുന്നത്. ഒരു അച്ഛന്‍റെ സ്നേഹത്തോടെ മാഷ് അന്ന് എന്നെ ചേര്‍ത്തു പിടിച്ചു. മാഷുടെ സംഭാഷണം കുറെയേറെ അവ്യക്തമായിരുന്നു. 'മലയാളത്തില്‍ കൂട്ടക്ഷരങ്ങള്‍ കൂടുതലായതുകൊണ്ട് മലയാളം പറഞ്ഞാല്‍ മനസ്സിലാവാന്‍ പ്രയാസമാണ്. ഇംഗ്ലീഷാണെങ്കില്‍ വേഗം മനസ്സിലാവും. ഇംഗ്ലീഷില്‍ കൂട്ടക്ഷരങ്ങള്‍ ഇല്ലല്ലോ' എന്നായിരുന്നു പൊട്ടിച്ചിരിയുടെ അകമ്പടിയോടെ ശസ്ത്രക്രിയയ്ക്കു ശേഷം വന്ന മാറ്റത്തെപ്പറ്റി മാഷ് പറഞ്ഞത്. അങ്ങനെ തമാശയൊക്കെ പറഞ്ഞെങ്കിലും നമുക്ക് പെട്ടെന്ന് മനസ്സിലാവുന്നില്ല എന്ന് തോന്നുന്ന കാര്യങ്ങള്‍ എഴുതിക്കാണിക്കാന്‍ അദ്ദേഹത്തിനു ഒട്ടും തന്നെ മടിയുണ്ടായിരുന്നില്ല.

എന്‍റെ എഴുത്തെല്ലാം മാഷിനിഷ്ടമായിരുന്നു. ഞാനും മുല്ലയും കൂടി നടത്തിയ കുടജാദ്രി യാത്ര വായിച്ച് 'ഇനി എനിക്ക് അങ്ങോട്ട് പോകണമെന്നില്ല., അത്രമാത്രം ഞാന്‍ നിനക്കൊപ്പം യാത്ര ചെയ്തുകഴിഞ്ഞു'വെന്ന് അദ്ദേഹം എനിക്ക് മെസ്സേജയച്ചു. എന്‍റെ ആദ്യപുസ്തകമായ 'അമ്മീമ്മക്കഥകള്‍' മാഷാണ് പ്രകാശിപ്പിച്ചത്. കാണുമ്പോഴെല്ലാം ' ഇനിയും എഴുതണം മലയാളഭാഷയ്ക്ക് നിന്നെ ആവശ്യമുണ്ട് 'എന്ന് അദ്ദേഹം പ്രോല്‍സാഹിപ്പിക്കുമായിരുന്നു.

കോസ്റ്റ്ഫോര്‍ഡില്‍ എപ്പോള്‍ ചെന്നാലും ' നീയെന്തെങ്കിലും കഴിച്ചോ ഇല്ലെങ്കില്‍ ക്യാന്‍റീനില്‍ പോയി ആഹാരം കഴിയ്ക്കു' എന്ന് ഒരമ്മയെപ്പോലെയുള്ള വാല്‍സല്യത്തൊടെ അദ്ദേഹം പറയുമായിരുന്നു. കൈയില്‍ കാശില്ല എന്ന് പറഞ്ഞാല്‍ മാഷ് എങ്ങനെയായാലും ഒരു ആയിരം രൂപ ഒപ്പിച്ചു തരും. അങ്ങനെയൊന്നും ചെയ്യാന്‍ മറ്റാരുമുണ്ടായിട്ടില്ല ജീവിതത്തില്‍... അത്രമാത്രം സ്വാതന്ത്ര്യത്തോടെ അവകാശത്തോടെ ചോദിയ്ക്കാനും ആരുമുണ്ടായിട്ടില്ല.

എന്‍റെ കൂട്ടുകാരന്‍ സര്‍ക്കാര്‍ ഉദ്യോഗം ഉപേക്ഷിക്കുമ്പോള്‍ മാഷ് വിലക്കി. മറ്റൊന്നുമല്ല പറഞ്ഞത് 'അവളെ വേദനിപ്പിക്കുന്ന ഒന്നും ചെയ്യരുത് ' എന്നു മാത്രമാണ് . എനിക്കു വേണ്ടി അങ്ങനൊരു ശുപാര്‍ശ പറയാന്‍ ഈ ലോകത്തില്‍ മാഷു മാത്രമേ ഉണ്ടായിരുന്നുള്ളൂ.

എന്‍റെ അനിയത്തിയുടെ ജീവിതം തകര്‍ന്നു തരിപ്പണമാവുന്ന നീറുന്ന കാലത്തില്‍ മാഷ് ആര്‍ക്കും സാധിക്കാത്തവിധം ഒരു ശക്തിദുര്‍ഗ്ഗമായി അവള്‍ക്കൊപ്പം നിന്നു. നിയമസഹായത്തിനും പലപ്പോഴും ഭക്ഷണത്തിനും പണത്തിനും വൈകാരികമായ പിന്തുണയ്ക്കും എല്ലാം അവള്‍ മാഷെ ആശ്രയിച്ചിരുന്നു. ഒരുപാധിയുമില്ലാത്ത പിന്തുണയാണ് മാഷ് അനിയത്തിക്ക് നല്‍കിയത്. ഞങ്ങള്‍ മൂന്നു പെണ്‍ കുട്ടികളെ അദ്ദേഹം ദത്തെടുക്കുകയായിരുന്നുവെന്ന് പറഞ്ഞാല്‍ അതില്‍ ഒരു തെറ്റുമില്ല. മകളുടെ ഭര്‍ത്താവിനെ ഭയന്ന് ഞങ്ങളുടെ അമ്മ സമനില തെറ്റിയ പോലെ പെരുമാറാന്‍ തുടങ്ങിയപ്പോള്‍ ഞാനോടിച്ചെന്നത് മാഷുടെ നെഞ്ചിലേക്കാണ്. 'അമ്മയ്ക്കെന്തു പറ്റി എന്ന് എനിക്ക് മനസ്സിലാകുന്നി'ല്ലെന്ന് ഞാന്‍ മാഷെ കെട്ടിപ്പിടിച്ച് ഏങ്ങലടിച്ച് കരഞ്ഞു. അന്നും മാഷ് സമാധാനിപ്പിച്ചു. 'നീ ധൈര്യമായിരിക്ക്, എല്ലാം പരിഹരിക്കാം. പരിഹാരമില്ലാത്ത പ്രശ്നമൊന്നുമില്ല.'

രണ്ടാമതും ക്യാന്‍ സര്‍ പിടിമുറുക്കുന്നുവെന്ന് അറിഞ്ഞത് ഈയിടെയാണ്. എന്നിട്ടും ലാറിബേക്കര്‍ ജന്മശതാബ്ദി ആഘോഷങ്ങളില്‍ അദ്ദേഹം ഉടനീളം പങ്കെടുത്തു. ശസ്ത്രക്രിയ കഴിഞ്ഞ് ഞാന്‍ കൂടുതല്‍ മിടുക്കനായി തിരിച്ചു വരും എന്ന് ഞങ്ങളോട് പറഞ്ഞു. വേറിട്ട് മാത്രം കത്തിയമരുന്ന ചില ശരീരങ്ങള്‍ എന്ന എന്‍റെ നോവല്‍ ശസ്ത്രക്രിയ കഴിഞ്ഞുള്ള വിശ്രമവേളയില്‍ വായിക്കാമെന്ന് അദ്ദേഹം എനിക്ക് വാക്കു തന്നു. ഞങ്ങള്‍ സ്വന്തമായി പണിയിക്കുന്ന വീട്ടില്‍ വരാന്‍ വലിയ ആഗ്രഹമുണ്ടെന്ന് പറഞ്ഞു... ഒപ്പം ഉണ്ടായിരുന്ന എല്ലാം കൊണ്ടും മാഷുടെ പകുതി ഭാഗമായ ടീച്ചറും അപ്പോള്‍ അതു ശരിവെച്ച് തലകുലുക്കി.

എന്നിട്ട്.. എന്നിട്ട്.. വെറും ഒരു കാര്‍ഡിയാക് അറസ്റ്റിന്‍റെ കൈയും പിടിച്ച് മാഷ് പോയിരിക്കുന്നു ..വിളിച്ചാല്‍ കേള്‍ക്കാത്തദൂരത്തേയ്ക്ക്... കാണാന്‍ പറ്റാത്ത അകലത്തേയ്ക്ക്.. ഞങ്ങള്‍ക്ക് ആര്‍ക്കും പ്രവേശനമില്ലാത്ത സ്ഥലത്തേയ്ക്ക്..

ഞാന്‍ കരയാന്‍ പോലും ആവാതെ ശ്വാസം മുട്ടിയിരിക്കുന്നു. എന്‍റെ കണ്ണുകള്‍ വേവുകയാണ്.


സമകാലിക മലയാളം
സമകാലിക മലയാളം
                                                   
                                                          

ഇന്ന് ദത്ത് മാഷിൻറെ ഓർമദിനം... തൃശ്ശൂർ സാഹിത്യ അക്കാദമി ഹാളിൽ.....
                                                     

No comments: