Friday, July 20, 2018

ഹരിയാണവി ജാട്ട്.

https://www.facebook.com/echmu.kutty/posts/629778480534783

നമുക്ക് കുറെ പൊതുവിശ്വാസങ്ങളുണ്ട്.. ബീഹാറിയെന്നാല്‍ ദരിദ്രന്‍.. തരം കിട്ടിയാല്‍ മോഷ്ടിക്കും. ബംഗാളി ബുദ്ധിമാന്‍... കുറെക്കാലത്തെ തുടര്‍ച്ചയായ കമ്യൂണിസ്റ്റ് ഭരണംകൊണ്ട് അങ്ങ് ക്ഷയിച്ചു പോയെങ്കിലും ബംഗാളിയുടെ ബുദ്ധി, കലാവാസന, സമരവീര്യം ഇതിലൊന്നും നമുക്കൊരു യാതൊരു സംശയവുമില്ല. സൌത്ത് ഇന്ത്യക്കാര്‍ പൊതുവേ ശാന്തശീലരാണ്.. ഇംഗ്ലീഷില്‍ പറഞ്ഞാല്‍ 'ദെ ആര്‍ നോട്ട് അഗ്രസ്സീവ്.' പഞ്ചാബി കഠിനാധ്വാനി. എല്ലുമുറിയെപ്പണിയലും പല്ലുമുറിയെ തിന്നലും അവര്‍ക്ക് സ്വന്തം. ഹിമാചലിയും കാശ്മീരിയുമൊക്കെ മടിയന്മാരാണ്. തണുപ്പത്ത് കുത്തിയിരുന്നു വെറാ വെറാ വെറയ്ക്കല്‍ തന്നെ. പിന്നെ കാശ്മീരിയുടെ രാജ്യസ്‌നേഹവും സംശയാസ്പദമാണ്. നോര്‍ത്തീസ്‌റ്റേണ്‍ സ്‌റ്റേറ്റുകാര്‍ മുഴുവന്‍ ചിങ്കികള്‍.. ( അവരെ അങ്ങനെ വിളിച്ചുകൂടായെന്ന് നിയമമുണ്ട് കേട്ടോ ) അവരുടെ സദാചാരത്തെപ്പറ്റിയും വസ്ത്രധാരണത്തെപ്പറ്റിയും ഇന്ത്യയോടുള്ള അവരുടെ കൂറിനെപ്പറ്റിയുമൊക്കെ നമുക്ക് എല്ലായ്‌പ്പോഴും എടുത്താല്‍ പൊങ്ങാത്ത സംശയങ്ങളുണ്ട്.

ഇതിലൊന്നും പെടാത്ത എരുമകളോടും പോത്തുകളോടും മാത്രം എപ്പോഴും ഉപമിക്കപ്പെടുന്ന ഒരു ജനവിഭാഗമാണ് ഹരിയാണവി ജാട്ടുകള്‍. സംസ്‌ക്കാരമില്ലാത്തവര്‍, എന്തെടാ എന്ന് ചോദിച്ചാല്‍ ഏതെടാ എന്ന് ഉത്തരം തരുന്നതും കരണക്കുറ്റി പുകയുംവിധം അടി വീഴുന്നതുമൊന്നിച്ചായിരിക്കും. പെണ്ണുങ്ങളോടുള്ള പെരുമാറ്റമാണെങ്കില്‍ അതീവ നിന്ദ്യം. ഭാഷ, തെറികള്‍ സമൃദ്ധിയായി നിറച്ച് സംസ്‌ക്കാരം തൊട്ടു തെറിക്കാത്തത്. 'അവനൊരു ഹരിയാണവി ജാട്ടാ...പിന്നെങ്ങനാ ശരിയാകുന്നേ' എന്നവരെ എഴുതിത്തള്ളാത്ത ആരും തന്നെയില്ല.

അതുകൊണ്ടായിരുന്നു എനിക്ക് ഇന്ദര്‍ജിത്തിനെ ഭയം.

അയാള്‍ എന്റെ അനിയത്തിയുടെ ഒരു സഹപ്രവര്‍ത്തകനാണ്. അതുകൊണ്ട് സൂക്ഷിക്കണം കേട്ടോ എന്ന് ഞാന്‍ അവള്‍ക്ക് ചിലപ്പോഴെല്ലാം താക്കീത് നല്‍കുമായിരുന്നു. എന്തിനാണ് അങ്ങനെ ഒരു താക്കീതു നല്‍കിയിരുന്നതെന്ന് എനിക്കറിയില്ല. ചുമ്മാ... ചേച്ചിയെന്ന അനുഭവ നാട്യത്തില്‍ ഒരു താക്കീത്.

അയാള്‍ക്ക് ഭാര്യയും രണ്ട് മക്കളുമുണ്ട്. …അമ്മയും അച്ഛനുമുണ്ട് … ഇതുവരെ മര്യാദയില്ലാതെ പെരുമാറിയിട്ടില്ല എന്നൊക്കെ അവള്‍ പറയുമെങ്കിലും ഞാന്‍ സംശയാലുവായിരുന്നു. ഉം അതെ അതെ.. ഹരിയാണവി ജാട്ടല്ലേ.. ആള്‍ .

ഒരിയ്ക്കല്‍ എന്റെ അനിയത്തി സ്വന്തം മകനേയും കൂട്ടി, അവളുടെ വര്‍ക്ക് ടീമംഗങ്ങളായ എന്‍ജിനീയര്‍മാരെ നയിച്ചുകൊണ്ട് കേരളം കാണാനെത്തി. ആലപ്പുഴയും തിരുവനന്തപുരവും ആയിരുന്നു പ്രധാന സന്ദര്‍ശന സ്ഥലങ്ങള്‍. രണ്ടും എനിക്ക് നല്ല പരിചയമുള്ള ഇടങ്ങള്‍.ഞാനും അവള്‍ക്കൊപ്പം കൂടി. അത്രയും സമയം ഒന്നിച്ച് ചെലവാക്കാമല്ലോ എന്ന അത്യാഗ്രഹവും എനിക്കുണ്ടായിരുന്നു. ചെറുപ്പന്നേ ചില്ലറ കാര്യങ്ങള്‍ക്ക് ഞങ്ങള്‍ വഴക്കിടുമ്പോള്‍ അമ്മീമ്മ ഓര്‍മ്മിപ്പിക്കുമായിരുന്നു. 'രണ്ട് പേരും ശണ്ഠ പോട്ടുക്കാതുങ്കോള്‍. പെരിശായി പുക്കാത്തിലെ പോനാല്‍ ഒന്ന് പാക്കറുതുക്ക് ആശപ്പെടുവേള്‍'

അമ്മീമ്മയുടെ പ്രവചനം സത്യമായി ഭവിച്ചു.

ഞങ്ങള്‍ മൂന്നു പേരും ഇന്ത്യയുടെ മൂന്നു ഭൂഭാഗങ്ങളില്‍ വളരെക്കാലം അകന്നു കഴിഞ്ഞു. ചിലപ്പോള്‍ ഫോണില്‍ സംസാരിക്കാന്‍ പോലും സാധിക്കാതെ വന്നിട്ടുണ്ട്. ജീവിതം അതിന്റെ എല്ലാ വ്യത്യസ്തതകളോടെയും ഞങ്ങളെ നിരന്തരം വേട്ടയാടി... ജീവന്‍ രക്ഷിക്കാനുള്‍പ്പടെയുള്ള നെട്ടോട്ടങ്ങളില്‍ പുകയിട്ട മാളത്തിലെ എലികളായി പലപ്പോഴും ഞങ്ങള്‍ . ചെറുതും വലുതും അതിഭീമവും ആയ എല്ലാ നഷ്ടങ്ങളേയും സഹിച്ചും മറന്നും കണ്ണീരും രക്തവും ചിന്തി മുന്നോട്ടു പോയി. കെട്ടിയിട്ടടിച്ചിട്ടും, നാട്ടുകൂട്ടങ്ങള്‍ പെരുമ്പറ കൊട്ടി വിചാരണയിട്ടിട്ടും രക്തം രക്തത്തേയും മാംസം മാംസത്തേയും അപമാനിക്കുകയും നിന്ദിക്കുകയും അകറ്റി നിറുത്തുകയും ചെയ്തിട്ടും നട്ടെല്ലൊടിഞ്ഞു വീഴാതെയും വഴികള്‍ തെറ്റാതെയും പിടിച്ചു നിന്നു. ഇന്ന് ചുമ്മാ തിരിഞ്ഞു നോക്കുമ്പോള്‍ പോലും അല്‍ഭുതവും ഭയവും അസ്വസ്ഥതയും മാത്രം നല്‍കുന്ന വ്യത്യസ്ത ചലച്ചിത്രങ്ങളായി ഞങ്ങള്‍ മൂന്നു പേരുടേയും ജീവിതം ഇപ്പോഴും തിയേറ്ററില്‍ നിന്ന് ഔട്ടാകാതെ ഓടിക്കൊണ്ടിരിക്കുന്നു.

ആ യാത്രയിലാണ് ഞാന്‍ ഇന്ദര്‍ജിത്തിനെ അടുത്ത് പരിചയപ്പെട്ടത്.

അയാള്‍ അതിമനോഹരമായ ഇംഗ്ലീഷിലും ഹിന്ദിയിലും അതീവ മര്യാദയോടെ സംസാരിച്ചു. ടിം ലീഡറായ എന്റെ അനിയത്തി ഇരിയ്ക്കാതെ വടക്കേ ഇന്ത്യക്കാര്‍ മാത്രം അംഗങ്ങളായ ആ ടീമില്‍ ആരും റെസ്റ്റാറന്റുകളില്‍ പോലും ഇരിയ്ക്കുമായിരുന്നില്ല. അവളുടെ മകന്‍ അവരുടെ എല്ലാം മുതുകില്‍ കയറിയിരുന്നു കളിച്ചുകൊണ്ടിരുന്നു. നീന്തല്‍ക്കുളങ്ങളില്‍ കണ്ണു ചുവക്കുവോളം നീന്തിത്തുടിച്ചുകൊണ്ടിരുന്നു.

ടീമിലുണ്ടായിരുന്ന രശ്മി എന്ന വനിതാ എന്‍ജിനീയര്‍ എന്റെ മകളെപ്പോലെ എന്നോട് അടുത്തു. എന്റെ കല്ലുമാലകളും കുപ്പിവളകളും അവള്‍ക്കിഷ്ടപ്പെട്ടു. അതെല്ലാം മാറിമാറിയണിഞ്ഞ് അവള്‍ സുന്ദരിയായി. രാത്രികളില്‍ എന്നെ കെട്ടിപ്പിടിച്ച് രശ്മി ഉറങ്ങുമ്പോള്‍ ആ മുടിയിഴകളില്‍ വിരലോടിച്ച് ഞാന്‍ സത്യമായും അവളുടെ അമ്മ തന്നെയായി.

ഇന്ദര്‍ജിത്ത് എന്നോട് ഒത്തിരി സംസാരിച്ചു. കേരള ചരിത്രവും സംസ്‌ക്കാരവുമെല്ലാം സംഭാഷണവിഷയങ്ങളായി. പലപ്പോഴും മൈക്ക് കൈയില്‍ പിടിച്ച് ഒരു ടൂര്‍ ഓപ്പറേറ്ററെന്ന പോലെ ആ ടീമംഗങ്ങള്‍ക്ക് കേരളത്തിലെ വിവിധയിടങ്ങളെക്കുറിച്ച് ഞാന്‍ വിവരണങ്ങള്‍ നല്‍കി. അവരുടെ ടീം ലീഡറായ എന്റെ അനിയത്തിക്ക് നല്‍കുന്ന അതേ ബഹുമാനം ഒരുപക്ഷെ, കുറച്ച് കൂടുതല്‍ ബഹുമാനം തന്നെ അവര്‍ എനിക്കും നല്‍കി.

ഹരിയാനയുടെ രാഷ്ട്രീയം, പോത്തുകള്‍, എരുമകള്‍, പെണ്ണുങ്ങളുടെ ജീവിതം, കേരള ഹരിയാണക്കല്യാണങ്ങള്‍ ,സാംസ്‌ക്കാരികമായ വ്യത്യാസം, അതിസുന്ദരമായ ഗസലുകള്‍ ഇതൊക്കെയും ഞാനും ഇന്ദര്‍ജിത്തും തമ്മിലുള്ള സംഭാഷണങ്ങളില്‍ കടന്നുവന്നു.

ഭാര്യയ്ക്ക് കേരള കസവ് കൈത്തറി സാരി തെരഞ്ഞെടുക്കുവാന്‍ ഇന്ദര്‍ജിത്ത് എന്നെ കൂടെ കൂട്ടി. ഭാര്യയുടെ പേര് സ്‌നേഹ് എന്നാണെന്ന് എന്നോട് പറയുമ്പോള്‍ അയാളുടെ ശബ്ദം സ്‌നേഹമായിത്തീര്‍ന്നു. എനിക്ക് അല്‍പം അസൂയ തോന്നാതിരുന്നില്ല.

അപ്പോഴാണ് അയാള്‍ ആ കഥ എന്നോട് പറഞ്ഞത്.

എന്‍ജിനീയറിംഗ് ബിരുദധാരിയായ സുന്ദരനും പരിഷ്‌ക്കാരിയുമായ അയാള്‍ക്ക് മാതാപിതാക്കള്‍ കണ്ടുവെച്ചത് ഒരു ഗ്രാമീണവധുവിനെ ആയിരുന്നു. അയാളുടെ അച്ഛന്‍ ഒരു സ്‌ക്കൂള്‍ അധ്യാപകനായിരുന്നു. ഗ്രാമീണനായ അച്ഛനും ഗ്രാമീണയായ അമ്മയ്ക്കും സ്‌നേഹ് എന്ന തനി ഹരിയാണവി നാടന്‍ പെണ്‍കുട്ടിയില്‍ ഒരു കുറ്റവും കാണാനൊത്തില്ല.

ഇന്ദര്‍ജിത്തിനു സ്‌നേഹിനെ വേണ്ടായിരുന്നു. നല്ല പരിഷ്‌ക്കാരിയായ ഒരു നാഗരിക എന്‍ജിനീയര്‍ വധുവിനെയാണ് അയാള്‍ ആശിച്ചത്.
അച്ഛനെ എതിര്‍ക്കാന്‍ സാധിക്കാതെ സ്‌നേഹിനെ അയാള്‍ ഭാര്യയാക്കി. അവളുടെ നാടന്‍ രീതികള്‍ മാറ്റി പരിഷ്‌ക്കരിപ്പിക്കാന്‍ കച്ചകെട്ടിയിറങ്ങി.

സ്‌നേഹ് നല്ല വ്യക്തിത്വമുള്ള പെണ്ണായിരുന്നു. അവളുടെ പ്രവൃത്തികളില്‍ പരിഷ്‌ക്കാരം നിര്‍ദ്ദേശിക്കാന്‍ വേണ്ടും ശരിക്കും ഒന്നുമുണ്ടായിരുന്നില്ല. എങ്കിലും ആദ്യമേ ഉള്ളില്‍ തോന്നിയ വേണ്ടായ്ക കൊണ്ട് ഇന്ദര്‍ജിത്തിനു അവള്‍ വളകളണിയുന്നതില്‍ പോലും കുറവ് കണ്ടെത്താന്‍ കഴിഞ്ഞു.

അതൃപ്തി മൂത്തു മുഴച്ചു വന്നു.

അങ്ങനെ അങ്ങനെ ഒരു ദിവസം ഉച്ചയ്ക്ക് സ്‌നേഹ് ഭക്ഷണം വിളമ്പിയതിലെ പരിഷ്‌ക്കാരമില്ലായ്മ ഇന്ദര്‍ജിത്തിനെ വല്ലാതെ അരിശം പിടിപ്പിച്ചു. അയാള്‍ ഭക്ഷണപ്പാത്രത്തിനിട്ട് ഒരു തട്ട് കൊടുക്കയും കുടിയ്ക്കാന്‍ കൊണ്ടുവന്ന ചൂടുവെള്ളം ഭാര്യയുടെ തലയിലൊഴിക്കുകയും ചെയ്തു.

അടുത്ത നിമിഷം ഇന്ദര്‍ജിത്തിന്റെ കരണം പുകഞ്ഞു. മറ്റാരുമായിരുന്നില്ല, സ്വന്തം അച്ഛനായിരുന്നു അത്. പെരുമാറ്റമര്യാദകള്‍ മറ്റൊരാളെ പഠിപ്പിക്കേണ്ടത് സ്വയം അപമര്യാദയായി പെരുമാറിക്കൊണ്ടല്ല എന്ന് അച്ഛന്‍ ശഠിച്ചു.

ഇന്ദര്‍ജിത്ത് പുഞ്ചിരി തൂകിക്കൊണ്ട് വാക്കുകള്‍ ഉപസംഹരിച്ചു.

' അന്ന് എന്റെ കണ്ണിലെ തിമിരം മാറി'

കേരളത്തില്‍ ഒരച്ഛന്‍ ഇത്തരമൊരു കുറ്റത്തിനു ഭാര്യയുടെ മുന്നിലിട്ട് മകനെ തല്ലുമോ എന്ന് ഇന്ദര്‍ജിത്ത് ചോദിച്ചപ്പോള്‍ സത്യത്തില്‍ എന്റെ കണ്ണിലെയും തിമിരം മാറുകയായിരുന്നു. അച്ഛന്‍ എന്നാല്‍ അങ്ങനെയുമാവണമെന്ന് ഞാനും അറിയുകയായിരുന്നു.

ഇപ്പോള്‍ ഇന്ദര്‍ജിത്തും സ്‌നേഹും മക്കളുമെല്ലാം എന്റെയും കൂട്ടുകാരാണ്. അയാള്‍ മക്കളുടെ സുരക്ഷിതഭാവിക്കായി എന്തുമാത്രം ജോലിയെടുക്കുന്നു എന്ന് ഞാന്‍ കാണുന്നുണ്ട്. അനാരോഗ്യത്താല്‍ ബുദ്ധിമുട്ടുന്ന മാതാപിതാക്കളെ എന്തുമാത്രം കാരുണ്യത്തോടെയും അലിവോടെയും സംരക്ഷിക്കുന്നുവെന്നും ഞാനറിയുന്നുണ്ട്. ഹരിയാനയിലെ ഉള്‍ഗ്രാമത്തിലുള്ള അയാളുടെ കൃഷിസ്ഥലത്ത് എങ്ങനെ ജോലികള്‍ നിവര്‍ത്തിക്കുന്നു എന്നും ആഴ്ചയില്‍ രണ്ടും മൂന്നും തവണ ഓഫീസ് ആവശ്യങ്ങള്‍ക്കായി ഇന്ത്യയിലെ വിവിധ നഗരങ്ങളില്‍ എങ്ങനെ യാത്ര പോകുന്നുവെന്നും ഞന്‍ മനസ്സിലാക്കുന്നുണ്ട്.

അദ്ധ്വാനത്തിനാവശ്യം, മര്യാദയ്ക്കാവശ്യം, പരിഷ്‌ക്കാരത്തിനാവശ്യം മനസ്സാണ്. അത് ജാട്ടിന്റെ ആയാലും തമിഴന്റെ ആയാലും ആ മനസ്സിന്റെ സ്പന്ദനങ്ങള്‍ ഒന്നായിരിക്കും.

പിന്‍ കുറിപ്പ്.

അനിയത്തി പിന്നീട് കമ്പനികള്‍ മാറി. അവളുടെ സഹപ്രവര്‍ത്തകരും മാറി. എങ്കിലും ഇക്കഴിഞ്ഞ ദിവസങ്ങളില്‍ അന്നത്തെ യാത്രയിലുണ്ടായിരുന്ന ഒരു ഒറീസ്സക്കാരന്‍ എന്‍ ജിനിയര്‍ എന്നെ ഫോണില്‍ വിളിച്ചു. ബ്രഹ്മപുരത്ത് പുതിയൊരു പ്രോജക്ട് വര്‍ക്കുമായി മറ്റൊരു കമ്പനിയുടെ ഉദ്യോഗസ്ഥനായി എത്തിയതായിരുന്നു അദ്ദേഹം. അന്നത്തെ യാത്രയുടെ സ്മരണകള്‍ അയവിറക്കി.

ലോകം പലപ്പോഴും ചെറുതാണ്. എന്നാല്‍ ചിലപ്പോള്‍ അത് വളരെ വലുതുമാകുന്നു.

2 comments:

© Mubi said...

മറ്റുള്ളവരെ കുറിച്ച് നമുക്ക് എന്തെല്ലാം മുൻവിധികളാണല്ലേ...

Muralee Mukundan , ബിലാത്തിപട്ടണം said...

അദ്ധ്വാനത്തിനാവശ്യം, മര്യാദയ്ക്കാവശ്യം, പരിഷ്‌ക്കാരത്തിനാവശ്യം
മനസ്സാണ്. അത് ജാട്ടിന്റെ ആയാലും തമിഴന്റെ ആയാലും ആ മനസ്സിന്റെ
സ്പന്ദനങ്ങള്‍ ഒന്നായിരിക്കും.