അമ്മയുടെ മരണവുമായി ബന്ധപ്പെട്ടുള്ള ആചാരങ്ങളിലാണ് ഞാനിപ്പോള്‍.. കുറെ പൂജകള്‍, പ്രാര്‍ഥനകള്‍, വിളക്കു വെയ്ക്കല്‍, രണ്ടു നേരവും കുളി... മന്ത്രങ്ങള്‍ ഉരുവിടല്‍ അങ്ങനെയങ്ങനെ..
അസ്ഥി ഒഴുക്കുവാന്‍ പോയപ്പോള്‍ കാക്കയ്ക്കു നല്‍കാനുള്ള പിണ്ഡവുമുണ്ടായിരുന്നു.
ഇപ്പോള്‍ പരിസ്ഥിതീമലിനീകരണഭീഷണിയുള്ളതുകൊണ്ട് എവിടെ ഒഴുക്കാം എവിടെ പാടില്ല എന്നൊക്കെ കര്‍ശനനിര്‍ദ്ദേശങ്ങള്‍ ഉണ്ട്.. അത് നല്ലൊരു കാര്യമായിത്തന്നെ എനിക്ക് തോന്നി. എല്ലായിടത്തും ചപ്പും ചവറും നിറഞ്ഞ് വൃത്തികേടാവുന്നത് ഒട്ടും നല്ല കാര്യമല്ല.
പിണ്ഡമായ അരിയും എള്ളും ഭക്ഷിക്കാന്‍ ഏറ്റവും അര്‍ഹരായവര്‍ കാക്കബ്രാഹ്മണരാണ്. ബലിയിടുന്ന സ്ഥലങ്ങളിലെല്ലാം ഇവര്‍ക്ക് ഭയങ്കര ഡംഭുമാണ്. ആടുകളേയും പശുവിനേയും ഒക്കെ മനുഷ്യര്‍ ഓടിച്ചു കളയുകയും കാക്കബ്രാഹ്മണരെ കൈ തട്ടി വിളീച്ചു ആദരിച്ച് പിണ്ഡം എടുക്കാന്‍ അപേക്ഷിക്കുകയും ചെയ്യും.
പശൂവും ആടുമൊക്കെ വിശന്നു വലഞ്ഞു നടക്കുകയാണവിടെ.നല്ല ശാപ്പാട് കഴിച്ച് കാക്കകള്‍ പശുവിന്റെ പുറത്തും ആടിന്റെ പുറത്തും ഒക്കെ കയറിയിരുന്നു ഫുള്‍ ഗമയില്‍ സഞ്ചരിക്കുകയും ചെയ്യുന്നു.
അമ്മയുടെ പിണ്ഡം എന്തായാലും വിശന്നു വലഞ്ഞ ഒരു പശു തന്നെ കഴിച്ചു. എന്നിട്ട് അത് ഞങ്ങളെ കൃതജ്ഞതയോടെ നോക്കി. കാരണം ഞങ്ങള്‍ അതിനെ അടിച്ചോടിക്കാനൊന്നും പോയില്ല. അമ്മ പറയുമായിരുന്നു... 'പശിയെടുക്കറവാളുക്ക് ശാപ്പാട് പോടണം.'
ഞങ്ങള്‍ അമ്മയുടെ വാക്ക് പാലിച്ചു.
No comments:
Post a Comment