Wednesday, July 18, 2018

വ്യാഴവട്ടങ്ങളില്‍ ചിതറിത്തെറിക്കുന്നത്...46

https://www.facebook.com/echmu.kutty/posts/655687341277230
നോവല്‍ 46.

അന്നത്തെ കേസ് ദിവസത്തില്‍ അയാളും മകനും വക്കീലും വന്നു. മകന്‍ ശത്രുവിനെ നോക്കും പോലെ അവളെ നോക്കി.

ജഡ്ജി എത്താന്‍ വൈകി. കോടതി മുറികളാണെങ്കില്‍ അമ്പതോളമുണ്ട്. അവളുടെ വക്കീലിനു അതിലൊക്കെ കേസുകളുമുണ്ട്. അതുകൊണ്ട് ജഡ്ജി വരുമ്പോള്‍ വിളിക്കുവെന്നറിയിച്ച് വക്കീല്‍ മറ്റ് കോടതി മുറികളിലേക്ക് പാഞ്ഞു.

അവള്‍ കാത്തിരിക്കുമ്പോഴെല്ലാം വിചാരിച്ചു. മോന്‍ നോക്കും ഒരു കള്ളച്ചിരിയെങ്കിലും ചിരിക്കും. ഇല്ല. ഒന്നുമുണ്ടായില്ല. തികച്ചും അപരിചിതനായ ഒരു പുരുഷനെപ്പോലെ അവന്‍ അച്ഛന്റേയും വക്കീലിന്റേയുമിടയില്‍ സ്വസ്ഥമായി ഇരുന്നു.

അവളുടെ വക്കീല്‍ ഒരിക്കല്‍ വന്നു നോക്കി. അന്നേരവും ജഡ്ജി വന്നിരുന്നില്ല.

അവള്‍ കാത്തിരുന്നു ഉരുകിയുരുകി.

ഒടുവില്‍ ജഡ്ജി വന്നു. പല കേസുകള്‍ തുരുതുരെ വിളിച്ചു.

അവളുടെ കേസ് വിളിച്ചപ്പോള്‍ വക്കീല്‍ എത്തിച്ചേര്‍ന്നിരുന്നില്ല. വക്കീല്‍ വന്നിട്ടില്ലെന്നറിഞ്ഞപ്പോള്‍ ജഡ്ജിക്ക് കഠിനമായ ക്ഷോഭം തോന്നി.

അവര്‍ രൂക്ഷമായി പ്രതികരിച്ചു.

വക്കീല്‍ വന്നില്ലെന്ന് വെച്ച് കേസ് നടത്താതിരിക്കാന്‍ പറ്റുമോ?

അവള്‍ വക്കീലിനു മെസ്സേജ് അയച്ചു.

അപ്പോഴേക്കും അയാളുടെ വക്കീലും അയാളും മകനും കൂടി ഒന്നിച്ച് സംസാരിച്ചു തുടങ്ങിയിരുന്നു. കുട്ടിയുടെ ടി സി അവള്‍ വാങ്ങിച്ചെന്നും എന്നിട്ട് അവനെ പഠിപ്പിക്കാതെ റോഡിലലയാന്‍ വിടുകയായിരുന്നുവെന്നും അമ്മ അവന്റെ കൈ അടിച്ചൊടിച്ചുവെന്നും കൈ പൊള്ളിയപ്പോള്‍ നോക്കിയില്ലെന്നും അവര്‍ മല്‍സരിച്ചു പറഞ്ഞു.

അവള്‍ പല സ്‌ക്കൂളില്‍ അഡ്മിഷനു ശ്രമിച്ചതും ലക്ഷങ്ങള്‍ കെട്ടിവെച്ചതും എല്ലാം റെക്കാര്‍ഡുകളായി വക്കീലിന്റെ ഫയലിലുണ്ടായിരുന്നു, പക്ഷെ, അയാള്‍ വന്നിട്ടില്ലല്ലോ. അതുകൊണ്ട് വേറീസ് ദ റെക്കാര്‍ഡ് എന്ന് ജഡ്ജി ചോദിച്ചപ്പോഴൊന്നും അവള്‍ക്ക് ഒന്നും കാണിക്കാന്‍ കഴിഞ്ഞില്ല.
എങ്കിലുമവള്‍ വിശദമായി വിവരങ്ങള്‍ അവതരിപ്പിച്ചു.

മകന്‍ ഉറക്കെ ഉറക്കെ അലറി. 'അമ്മേടൊപ്പം പാര്‍ക്കില്ല... ബോര്‍ഡിംഗ് സ്‌കൂളില്‍ പോവില്ല. .. എന്നെ കാണാന്‍ വന്നിട്ട് അമ്മ എന്നെ അപമാനിക്കും. അമ്മ എന്നെ പെറ്റിട്ട് മാത്രമേയുള്ളൂ. വളര്‍ത്തിയതൊക്കെ അച്ഛനാണ്. '

ജഡ്ജി മകനെ ശാസിച്ചു. 'മോനെ നിനക്ക് നിന്റെ അമ്മയോട് യാതൊരു ബഹുമാനവുമില്ലെന്ന് എനിക്ക് മനസ്സിലായി. നീ ഇനി കൂടുതല്‍ സംസാരിക്കണമെന്നില്ല. '

ജഡ്ജി അവളോട് ചോദിച്ചു. 'നിങ്ങളുടെ മകന്‍ നിങ്ങള്‍ക്കൊപ്പം വരില്ലെന്ന് പറയുന്നു. എനിക്കവനെ എടുത്ത് മടിയില്‍ വെച്ചു തരാന്‍ കഴിയുമോ?'

അവളുടെ നെഞ്ച് ഒരു കരിമ്പാറക്കെട്ടില്‍ ഇടിച്ചു. അവള്‍ക്ക് തല കറങ്ങി. വായില്‍ ഉമിനീര്‍ വറ്റി..രക്തം ചുവച്ചു.

അടിവയര്‍ പൊട്ടിപ്പിളരുന്നതായി അവള്‍ക്ക് തോന്നി.

എങ്കിലും തകരാതെ അവള്‍ ജഡ്ജിയോട് പറഞ്ഞു. 'എന്റെ മകന്‍ എന്നെ അസഭ്യം പറയും. അച്ഛന്‍ പറയുന്നത് കേട്ട് അത് പറയുവാന്‍ ശീലിച്ചു. അവന്‍ എന്നെ അടിക്കും. അതും അവന്‍ അച്ഛനില്‍ നിന്ന് ശീലിച്ചതാണ്. ജീവിതമെന്തെന്ന് അറിയാത്ത ഒരു കുട്ടിയുടേ തീരുമാനത്തിനനുസരിച്ച് രൂപപ്പെടാന്‍ അവന്റെ ജീവിതത്തെ ബഹുമാനപ്പെട്ട കോടതി വിട്ടുകൊടുക്കരുത്, പെറ്റമ്മയൊടിങ്ങനെ പെരുമാറുന്ന മകന്‍ നാളെ ഏതു സ്ത്രീയോടുമിങ്ങനെ പെരുമാറും.'

ഏങ്ങലടിച്ചു കരയുന്ന അവളെ നിര്‍ന്നിമേഷം നോക്കിയിട്ട് ജഡ്ജി കേസ് മീഡിയേഷനു വെച്ചു. അടുത്ത മൂന്നാഴ്ചകളില്‍ മീഡിയേഷന്‍.. പിന്നെ വീണ്ടും കേസ്.

അവള്‍ കരഞ്ഞു കരഞ്ഞു കണ്ണും മുഖവും ചുവന്നു. വക്കീല്‍ ഓടിക്കിതെച്ചെത്തിയപ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു.

വക്കീലിനെ കണ്ടപ്പോള്‍ അവള്‍ക്ക് വലിയ ക്ഷോഭം തോന്നി. അവള്‍ വായില്‍ വന്നതെല്ലാം വിളിച്ചു പറഞ്ഞു.'ലക്ഷക്കണക്കിനു കാശും മേടിച്ച് വെച്ച് എന്റെ കേസ് നടക്കുമ്പോള്‍ നിങ്ങള്‍ എന്തുകൊണ്ട് വന്നില്ല ?'

വക്കീല്‍ എഴുന്നള്ളിച്ച ന്യായങ്ങളും ക്ഷമാപണങ്ങളുമൊന്നും അവള്‍ക്ക് ബോധ്യമായില്ല. അവള്‍ ഏങ്ങലടിച്ചു കരഞ്ഞുകൊണ്ടേയിരുന്നു. അപമാനമായിരുന്നു, വഞ്ചിക്കപ്പെടുന്നതിന്റെ നോവായിരുന്നു അവളുടേത്.

( തുടരും )

No comments: