Friday, July 13, 2018

വ്യാഴവട്ടങ്ങളില്‍ ചിതറിത്തെറിക്കുന്നത്..34

https://www.facebook.com/echmu.kutty/posts/594957600683538?pnref=story
നോവല്‍ 34

അവള്‍ ഓഫീസിലെ എല്ലാ ഔട്ട് സ്‌റ്റേഷന്‍ പ്രോജക്ടുകളും ഏറ്റെടുത്തു. അവള്‍ കൂടെ കിടന്നില്ലെങ്കില്‍ മോന്‍ ഉറങ്ങുകയില്ല എന്ന അവസ്ഥയുണ്ടായിരുന്നത് ഇപ്പോള്‍ മാറിയല്ലോ. അവന് അവളെ വേണ്ട എന്നവന്‍ അറിയിച്ചു കഴിഞ്ഞ സ്ഥിതിയ്ക്ക് അവള്‍ രാവിലെ ദൂരസ്ഥലങ്ങളിലെ സൈറ്റുകളില്‍ പോയി വൈകീട്ട് ഓടിപ്പിടച്ച് തിരികെ വരേണ്ട കാര്യമില്ലാതായി.

കല്‍ക്കത്തയിലും ബോംബയിലും അഹമ്മദാബാദിലും ബങ്കളൂരുവിലും ഹൈദ്രാബാദിലും ആസ്സാമിലും എന്നുവേണ്ട കമ്പനിയ്ക്ക് എത്ര സൈറ്റുണ്ടോ അവിടെല്ലാം അവള്‍ പോവാന്‍ തയാറായി. ആഴ്ചയില്‍ മൂന്നും നാലും ദിവസമെങ്കിലും അവള്‍ ടൂറിലായി.

കാണാനും തൊഴാനും ഒക്കെ ആഗ്രഹമുണ്ടായിരുന്ന അമ്പലങ്ങളില്‍ എല്ലാം പോയി ധാരാളം സമയം പ്രാര്‍ഥിച്ചു.

മണ്ണാങ്കട്ടിയേയും സ്വന്തം ചെലവില്‍ എല്ലായിടത്തും കൂട്ടിക്കൊണ്ടു പോയി. തമിഴ് സിനിമകളും മലയാളം സിനിമകളും ഹിന്ദി സിനിമകളുമൊക്കെ അവര്‍ ഒന്നിച്ച് കണ്ടു രസിച്ചു.

മാളുകളിലും പൂന്തോട്ടങ്ങളിലും പോയി. ഹില്‍സ്‌റ്റേഷനുകളും മരുഭൂമിയും ഹിമാലയന്‍ താഴ്വരകളും കണ്ടു.

രാത്രിയില്‍ കണ്ണീരിറ്റി വീഴാതിരിക്കാന്‍ അവള്‍ മണ്ണാങ്കട്ടിയെ കെട്ടിപ്പിടിച്ചു കിടന്നു. മോന്റെ സ്പര്‍ശനത്തിനും ഓര്‍മ്മയ്ക്കും അവന്റെ ട്രൌസറും ബനിയനും ധരിച്ചു.

എങ്കിലും കരയാതിരിക്കാന്‍ അവള്‍ ശീലിച്ചു.

അവള്‍ ആരേയും അന്വേഷിച്ചില്ല.

ദീപാവലി വന്നപ്പോള്‍ അവള്‍ പഴയ വീട്ടിലാണ് താമസമെന്ന് കരുതി അവളുടെ പേരില്‍ അനവധി സമ്മാനങ്ങളും മധുരപ്പെട്ടികളും അവിടെ ചെന്നു. അച്ഛനും മകനും അതൊന്നും വേണ്ട എന്ന് പറഞ്ഞില്ല. അവളുടേ വരുമാനവും സമ്മാനങ്ങളും എല്ലാം എന്നും അവരുടേതാണല്ലോ. അത് സ്വീകരിക്കുന്നതില്‍ അവര്‍ക്ക് ലജ്ജിക്കാനായി ഒന്നും തന്നെ ഇല്ലല്ലോ.

അവള്‍ ദീപാവലിക്ക് അമ്മയെ കാണുവാന്‍ പോയി. പിങ്കി മോള്‍ക്ക് ഒത്തിരി സമ്മാനങ്ങള്‍ കൊണ്ടു കൊടുത്തു. ആദ്യമായിട്ടായിരുന്നു അത്. മോള്‍ക്ക് പതിനഞ്ചു തികഞ്ഞിരുന്നുവെങ്കിലും ഇഷ്ടം പോലെ ഒന്നും ആ കുഞ്ഞിനു സമ്മാനമായി നല്‍കാന്‍ അവള്‍ക്ക് സാധിച്ചിരുന്നില്ല. അവള്‍ക്ക് നല്ല പുസ്തകങ്ങളും നല്ല വസ്ത്രങ്ങളും കൊടുക്കാന്‍ കഴിഞ്ഞപ്പോള്‍ വലിയമ്മ എന്ന നിലയില്‍ അവള്‍ക്ക് ഒരു അഭിമാനമൊക്കെ തോന്നി.

പിങ്കിമോള്‍ അവളോട് വലിയ കൂട്ടായിരുന്നു. വലിയമ്മയുടെ ഹൃദയം പൊട്ടുന്നുണ്ടെന്ന് അറിയുന്നതുകൊണ്ട് അവള്‍ പാട്ടുപാടിയും ഡാന്‍സ് ചെയ്തും ബാഡ്മിന്റണ്‍ കളിച്ചും മനസ്സ് തുറന്ന് സംസാരിച്ചും അവളെ സ്‌നേഹംകൊണ്ട് പൊതിഞ്ഞു. ആ സ്‌നേഹമാധുര്യം അവളുടെ മനസ്സിനെ കുറച്ചൊക്കെ ആശ്വസിപ്പിക്കാതിരുന്നില്ല.

അമ്മയോട് അവള്‍ സത്യമൊന്നും പറഞ്ഞില്ല. തികഞ്ഞ അനാരോഗ്യവതിയും വൃദ്ധയുമായ അമ്മയ്ക്ക് താങ്ങാന്‍ കഴിയുന്ന സങ്കടങ്ങളല്ലല്ലോ അവള്‍ അനുഭവിക്കുന്നത്. അതു കേട്ടാല്‍ അമ്മയുടെ ആരോഗ്യം കൂടുതല്‍ മോശമായാലോ എന്ന സങ്കടം അവളെ ആധി പിടിപ്പിച്ചു. അമ്മ മനസ്സ് ചുട്ട് വല്ലതും പറഞ്ഞു പോയാല്‍ അത് അവളുടെ മകനു ഒരു ശാപമായി മാറരുതെന്ന ഭീതിയും അവളിലെ അമ്മക്കുണ്ടായിരുന്നു. അനിയത്തിക്കാകട്ടേ നിശ്ശബ്ദയായി അവള്‍ പറയുന്ന സങ്കടങ്ങള്‍ കേട്ടുകൊണ്ടിരിക്കാന്‍ കഴിയുന്നുണ്ടായിരുന്നു. എങ്കിലും എല്ലാംകേട്ടു കഴിഞ്ഞ് അനിയത്തി ഉറപ്പിച്ച് പ്രഖ്യാപിച്ചു. കോടതിയെ ധിക്കരിക്കുന്ന അയാളുടേ പ്രവൃത്തിയെ കോടതിക്കു മുന്നില്‍ വെളിപ്പെടുത്തണം.നിയമപരമായി അയാളില്‍ നിന്ന് വേര്‍പെടുകയും വേണം.

അകന്നിരിക്കുന്ന മക്കളുടെ സ്‌നേഹവും വിശ്വാസവും നേടിയെടുക്കാന്‍ ആധിയുള്ള അമ്മ തേടിപ്പിടിക്കുന്ന വിവരങ്ങള്‍ ഈ ലോകത്തിലെ വലിയൊരു പാണ്ഡിത്യശാഖയാണെന്ന പാശ്ചാത്യ വിജ്ഞാനം ആദ്യമൊന്നും അവള്‍ കാര്യമായി കരുതീരുന്നില്ല. പിന്നീട് അവള്‍ക്ക് അത് സത്യമാണെന്ന് മനസ്സിലായി.. അവനെ മറക്കാന്‍ അവള്‍ക്ക് കഴിയില്ല. ദേഹത്തിലെ ഓരോ അണുവും അവനെ കാത്തിരിക്കുകയാണ്. അവന്റെ വിശ്വാസം വീണ്ടെടുക്കാന്‍ എന്താണ് വഴിയെന്ന് ചിന്തിച്ചുകൊണ്ട് അവള്‍ കൌണ്‍സിലര്‍മാരെ പിന്നെയും പോയിക്കണ്ടു, വക്കീല്‍മാരോടു സംസാരിച്ചു, അവന്റെ സ്‌ക്കൂള്‍ ടീച്ചര്‍മാരെയും അവളുടെ കൂട്ടുകാരികളായ പഴയ അയല്‍പ്പക്കക്കാരികളേയും കണ്ടു, ജ്യോതിഷിയെ സമീപിച്ചു. അവന്റെ സ്‌നേഹം മടക്കിക്കിട്ടാന്‍ എന്തു ചെയ്യാനും അവളിലെ അമ്മ ഒരുക്കമായിരുന്നു. എങ്കിലും ഓരോരുത്തരുമായുള്ള ഓരോ കൂടിക്കാഴ്ചയ്ക്കും ശേഷം, മോന്റെ മുന്നിലും അയാളുടെ മുന്നിലും യാചനയുമായി പോകണ്ട എന്ന അവളുടെ തീരുമാനത്തിനു നല്ല കരുത്തുണ്ടായി. അനാവശ്യമായ ഇടത്ത് വിലപിടിപ്പുള്ള സ്‌നേഹം വിളമ്പരുതെന്ന് അവള്‍ തീരുമാനിച്ചു.

അപ്പോഴാണ് മണ്ണാങ്കട്ടിയുടെ വളരെ വളരെ അകന്ന ഒരു ബന്ധു അവള്‍ക്ക് ഒരു കല്യാണ ആലോചനയുമായി വന്നെത്തിയത്.

ഗള്‍ഫിലെ ജോലിക്കാരനായിരുന്നു പയ്യന്‍. വലിയ ആവശ്യങ്ങള്‍ ഇല്ല. പക്ഷെ, കല്യാണം കഴിച്ചാല്‍ മണ്ണാങ്കട്ടി അയാളുടെ വീട്ടില്‍ പാര്‍ക്കണം. അവിടെ വയസ്സായ അമ്മയും അച്ഛനും ഉണ്ട്. അവരെ നോക്കണം. അയാള്‍ക്ക് വര്‍ഷത്തില്‍ രണ്ട് മാസം ലീവ്കിട്ടും. അപ്പോഴേ വരാനൊക്കു.

അവള്‍ മണ്ണാങ്കട്ടിയ്ക്ക് വേണ്ടി അയാളുടെ വീടും ചുറ്റുപാടും ഒക്കെ പോയിക്കണ്ടു. മണ്ണാങ്കട്ടി എന്ന നന്മയെപ്പറ്റി അവരോടൊക്കെ ആവോളം പുകഴ്ത്തിപ്പറഞ്ഞു. അവളുടെ മകളാണ് മണ്ണാങ്കട്ടി എന്ന് പറഞ്ഞപ്പോള്‍ സത്യമായും അവരെല്ലാവരുടേയും കണ്ണു നിറഞ്ഞു. വരന്‍ ആ നിമിഷം കുനിഞ്ഞ് അവളുടെ കാല്‍ തൊട്ട് തൊഴുതു... എന്നിട്ട് 'അമ്മ .. അമ്മ... ദൈവമാണമ്മ' എന്ന് തൊണ്ടയിടറി.

അവളുടെയും കണ്ണുകള്‍ സജലങ്ങളായി.

അങ്ങനെ കല്യാണം തീരുമാനമാനിക്കപ്പെട്ടു. മണ്ണാങ്കട്ടിയ്ക്ക് നാലഞ്ചു നല്ല പട്ടുപുടവകളും മൂന്നാലു പാര്‍ട്ടി വെയര്‍ സല്‍വാര്‍ കമ്മീസുകളും ഒരു നീണ്ട മാലയും നെക്ലേസും അഞ്ചാറു വളകളും വരനുള്ള മോതിരവും കമ്മലും ജിമുക്കിയുമെല്ലാമവള്‍ വാങ്ങിക്കൊടുത്തു. താലിച്ചെയിനും മോതിരവും നല്ല ഘനമായി പണിതത് തന്നെയാണ് വരന്‍ മണ്ണാങ്കട്ടിയെ അണിയിച്ചത്.

കല്യാണം വന്നതിലും വധുവാകാന്‍ ഭാഗ്യമുണ്ടായതിലും ആരുടെയെങ്കിലും ആരെങ്കിലുമൊക്കെ ആവാനായതിലും മണ്ണാങ്കട്ടിയ്ക്ക് ആഹ്ലാദമുണ്ടായിരുന്നു. പക്ഷെ, അവളെ വിട്ടിട്ടു പോവുന്നതില്‍ പരമസങ്കടവുമായിരുന്നു. അവള്‍ കരഞ്ഞുകൊണ്ട് ചിരിക്കുകയും ചിരിച്ചുകൊണ്ട് കരയുകയും ചെയ്തു.

മണ്ണാങ്കട്ടിയ്ക്ക് നല്ല ജീവിതമുണ്ടാവാന്‍ പ്രാര്‍ഥിക്കുകയും വ്രതം നോല്‍ക്കുകയും ചെയ്ത് അമ്മയായി തന്നെ നിന്ന് അവള്‍ ആ അനാഥപ്പെണ്‍കുട്ടിയെ വരന്റെ കൈപിടിച്ച് ഏല്‍പ്പിച്ചു.

തിരികെ വീട്ടില്‍ വന്നപ്പോള്‍ ഇരുണ്ട് ഏകാന്തമായ ആ വാടക വീട് അവളെ കാത്തിരിപ്പുണ്ടായിരുന്നു. അവള്‍ അന്നു മുതല്‍ ആ വീട്ടില്‍ തികച്ചും ഏകാകിനിയായി.

( തുടരും )

No comments: