Thursday, July 12, 2018

വ്യാഴവട്ടങ്ങളില്‍ ചിതറിത്തെറിക്കുന്നത്....31

https://www.facebook.com/echmu.kutty/posts/591510691028229
നോവല്‍ 31

കേസ് ഫയല്‍ ചെയ്താലും ഉടനെയൊന്നും സംഭവിക്കില്ലല്ലോ.അതീവ മെല്ലെ ഇഴയുന്ന ഒരു ജുഡീഷ്യല്‍ സംവിധാനമാണല്ലോ നമുക്കുള്ളത്. കോടതിക്കെട്ടിടത്തിലെ തൂണു പോലും പണമാവശ്യപ്പെടും. പിന്നെ കോടതി നോട്ടീസ് വരുമ്പോള്‍ പ്യൂണിനോ പോസ്റ്റ് മാനോ ഒക്കെ പണം കൊടുത്താല്‍ മതി, അവര്‍ ആള്‍ സ്ഥലത്തില്ല എന്ന കുറിപ്പോടെ നോട്ടീസും കൊണ്ട് മടങ്ങിപ്പൊക്കോളും. കുറച്ചു കൂടി കാശു കൊടുത്താല്‍ നോട്ടീസ് ഫോട്ടോസ്റ്റാറ്റ് എടുത്ത് തന്നിട്ട് ആള്‍ സ്ഥലത്തില്ല എന്നവര്‍ എഴുതിക്കൊണ്ടുപോകും. അയാള്‍ നല്ല മിടുക്കനായിരുന്നതുകൊണ്ട് നോട്ടീസിന്റെ ഫോട്ടോസ്റ്റാറ്റ് എടുപ്പിച്ച ശേഷമാണ് കോടതിയിലെ പ്യൂണിനെ മടക്കി അയച്ചത്.

പ്യൂണായാലും പോസ്റ്റ്മാനായാലും പറയുന്നത് പച്ചക്കള്ളമാണെന്ന് ജഡ്ജിയ്ക്ക് അറിയാം. പക്ഷെ, നോട്ടീസ് വീണ്ടും അയയ്ക്കുക എന്നതല്ലാതെ വേറേ ഒരു വഴിയുമില്ല. അങ്ങനെ ഈ നോട്ടീസ് അയാള്‍ കൈപ്പറ്റാന്‍ തന്നെ അനവധി ദിവസമെടുക്കും. അയാള്‍ സ്വയം കൈപ്പറ്റുകയില്ലെന്ന് ഉറപ്പാവുമ്പോള്‍ പിന്നെ കോടതി പത്രത്തില്‍ പരസ്യം കൊടുക്കും. അതിനും കോടതിയില്‍ ഹാജരാകാത്തവരുണ്ടാവുമ്പോള്‍ അവരുടെ വീട്ടഡ്രസ്സില്‍ നോട്ടീസ് പശ വെച്ചു പതിക്കും. പശവെച്ച് പതിക്കുമ്പോഴേക്കും ഒരുമാതിരി പെട്ടവരൊക്കെ വരും. പിന്നെയും വരാത്തവര്‍ക്കാണ് പോലീസിന്റെ പക്കല്‍ വാറന്റ് അയയ്ക്കുക. പോലീസും കാശു മേടിച്ച് വാറന്റ് കുറെ നാള്‍ ഒഴിവാക്കും. ഇതൊക്കെ കഴിഞ്ഞ് കേസ് ആരംഭിക്കുമ്പോഴേക്ക് മിനിമം ഒരു വര്‍ഷമെങ്കിലും ആകും.. തുമ്മുന്നതിനും ചീറ്റുന്നതിനും ഒക്കെ വിവാഹമോചനം നേടുന്നവരാണ് ഇപ്പോഴത്തെ പെണ്ണുങ്ങള്‍ എന്നൊക്കെ പറയുന്നവര്‍ക്ക് കോടതിയുമായി യാതൊരു ഇടപാടും ഒരിക്കലും ഉണ്ടായിട്ടില്ലെന്ന് കേസുമായി യഥാര്‍ഥത്തില്‍ ബന്ധപ്പെടുന്നവര്‍ക്കേ തിരിച്ചറിയാന്‍ കഴിയൂ.

അവളുടെ കാര്യത്തിലും അങ്ങനെയൊക്കെ തന്നെ സംഭവിക്കുകയായിരുന്നു. അയാള്‍ നോട്ടീസ് കൈപ്പറ്റിയില്ല എങ്കിലും ഫോട്ടൊസ്റ്റാറ്റ് എടുത്ത് അവളുടെ പരാതിയിലെ സകല വിവരവും അറിഞ്ഞു. നാലാമത്തെ ദിവസം അയാളുടെ രണ്ട് സുഹൃത്തുക്കള്‍ സമയം പറഞ്ഞുറപ്പിച്ച് ഓഫീസിനടുത്തുള്ള ഒരു ഷോപ്പിംഗ് മാളില്‍ അവളെ കാണാന്‍ വന്നു. അവളുടെ വീട്ടുകാരുടെ ധനാശയാണ് കാരണമെന്ന് അയാള്‍ അവരെ പറഞ്ഞു ബോധ്യമാക്കിയിരുന്നു. അതുകൊണ്ട് ചേട്ടത്തിയമ്മയെ അവളുടെ കൂടെ കണ്ടപ്പോള്‍ അവരുടെ മുഖം തികച്ചും മ്ലാനമായി.

എങ്കിലും കുറച്ചു മണിക്കൂറുകള്‍ ഒന്നിച്ചു സംസാരിച്ചപ്പോള്‍ മകനെക്കൊണ്ട് അവളെ തല്ലിച്ചതിനു യാതൊരു ന്യായീകരണവും അവര്‍ക്കും കിട്ടിയില്ല. അതുകൊണ്ട് തന്നെ അവളിനി അവിടെപ്പോയി പാര്‍ക്കണമെന്ന് പറയാന്‍ അവര്‍ക്ക് ധൈര്യവും വന്നില്ല. അവള്‍ കൂടെ പാര്‍ക്കില്ലെന്ന് അവരുടെ മുന്നില്‍ വെച്ച് അയാളോട് പറയണമെന്നായിരുന്നു കൂട്ടൂകാരുടേ ഡിമാന്‍ഡ്. മകനെ എനിക്ക് വിട്ടു തരാന്‍ പറയൂ, എന്റെ അമ്മ എനിക്ക് തന്ന ആഭരണങ്ങളെങ്കിലും എനിക്ക് തിരിച്ചു തരാന്‍ പറയൂ, എന്ന് രണ്ട് ഉപാധികള്‍ അവളും പകരം ആവശ്യപ്പെട്ടു.

ശ്രമിക്കാം എന്ന് വാഗ്ദാനം നല്‍കി അവര്‍ നിസ്സഹായരായി ഇറങ്ങിപ്പോയി.

 ചേട്ടത്തിയമ്മയ്‌ക്കൊപ്പം നടന്ന് വിലകൂടിയതും അവള്‍ എന്നും ഇടാന്‍ കൊതിച്ചതുമായ ഒരു ജോഡി ബ്രായും പാന്റീസും വാങ്ങി. അതു വാങ്ങുമ്പോള്‍ അവളുടെ കണ്ണില്‍ നീര്‍മണികള്‍ തിളങ്ങുന്നുണ്ടായിരുന്നു. പിന്നെ അവള്‍ക്ക് നന്നേ ഇഷ്ടപ്പെട്ട ചില സ്വീറ്റ്‌സും വാങ്ങിക്കഴിച്ചു.
'ഇനി മരിച്ചാലും പോട്ടേ, ഏട്ടത്തിഅമ്മേ' എന്നവള്‍ പറഞ്ഞപ്പോള്‍ അവര്‍ വിലക്കി. 'ദേ ആ ബ്രായും പാന്റീസുമൊക്കെ ഇട്ടിട്ട് മരിച്ചാല്‍ മതി.. എനിക്കെങ്ങും വേണ്ട അത്. നിന്റെ പിശുക്കന്‍ ചേട്ടന്‍ ഞാനിതൊക്കെ മേടിച്ചു എന്നറിഞ്ഞാല്‍ ആ നിമിഷം നെഞ്ചുപൊട്ടി മരിക്കും ' അപ്പോള്‍ അവള്‍ ചിരിച്ചു. പാതി വിടര്‍ന്ന ഒരു ചിരി.

മോന്റെ കൈയും പിടിച്ച് അവള്‍ ചുറ്റി നടക്കാറുള്ള കടകള്‍,ഈറ്റിംഗ് ജോയിന്റ്‌സ് ,ബ്യൂട്ടി പാര്‍ലര്‍, മോര്‍ ഷോപ്പുകള്‍,ബിഗ് ബസാര്‍ ... എല്ലാം അവള്‍ ചേട്ടത്തിയമ്മയ്ക്ക് കാണിച്ച് കൊടുത്തു. പിന്നെയും പിന്നെയും മോനിലേക്ക് തന്നെ മടങ്ങുന്ന അവളെയും കൊണ്ട് എന്തു ചെയ്യണമെന്നറിയാതെ നിന്ന ചേട്ടത്തിയമ്മ അവളെ കൂട്ടി ഒടുവില്‍ ഹനുമാന്റെ അമ്പലത്തില്‍ പോയി പ്രസാദം വാങ്ങി തൊടുവിച്ച് വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വന്നു.

സുഹൃത്തുക്കളുടെ നിര്‍ബന്ധത്തിനു വഴങ്ങി അയാള്‍ ഒരു ദിവസം മകനെ ഒരു മാളിലേക്ക് കൊണ്ടുവന്ന് അവള്‍ക്കൊപ്പം വിട്ടു. അവന്‍ 'അമ്മായി വീട്ടില്‍ നിന്നു പോയാലേ അവന്‍ അമ്മയ്‌ക്കൊപ്പം താമസിക്കു' എന്നൊരു ഉപാധി വെച്ചു. അവള്‍ സഹകരിച്ചില്ല. എന്നു മാത്രമല്ല, 'നീ എന്നെ പെരുവഴിയില്‍ കളഞ്ഞിട്ട് പോയ ദിവസം അമ്മായി കൂടെ ഇല്ലായിരുന്നെങ്കില്‍ ഞാന്‍ ആത്മഹത്യ ചെയ്യുമായിരുന്നു. ഞാന്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നതിനു കാരണം നിന്റെ ആ അമ്മായിയാണ്. അവരെ എനിക്ക് കളയാന്‍ പറ്റില്ല' എന്ന് ഉറപ്പിച്ചു പറഞ്ഞു.

അവന്‍ പെട്ടെന്ന് കരഞ്ഞുകൊണ്ട് അവളെ കെട്ടിപ്പിടിച്ചു.

'അമ്മ മരിക്കാന്‍ പാടില്ല. അമ്മ മരിച്ചാല്‍ എനിക്ക് പിന്നെ ആരുണ്ട്? അമ്മ ഒരിക്കലും മരിക്കാന്‍ പാടില്ല. മോന്‍ പ്രോമിസ് ചെയ്യൂ.. അമ്മ മരിക്കില്ലെന്ന് ..' എന്ന് വിതുമ്പി.

അവള്‍ അവന്റെ കൈയിലടിച്ച് മോന്‍ പ്രോമിസ് ചെയ്തു.

അതിന്റെ പിറ്റേന്നാള്‍ ഒരു ദിവസം അമ്മയ്‌ക്കൊപ്പം പാര്‍ക്കാനായി അവന്‍ അമ്മയുടേ വീട്ടിലേക്ക് വന്നു.

വീട്ടില്‍ ഉല്‍സവമുണ്ടായി.

അവന്‍ അമ്മായിയ്ക്കും മണ്ണാങ്കട്ടി ചേച്ചിയ്ക്കും ഉമ്മകള്‍ കൊടുത്തു. മണ്ണാങ്കട്ടി ചേച്ചിയെ എടുത്തു പൊക്കി വട്ടം കറക്കി. അഞ്ചടി പത്തിഞ്ചു പൊക്കമുള്ള പന്ത്രണ്ടുകാരനായിരുന്നുവല്ലോ അവന്‍.. മണ്ണാങ്കട്ടി ചേച്ചി നാലടി പൊക്കമുള്ള ഒരു പാവക്കുട്ടിയും.

ഭക്ഷണം കഴിച്ച് എല്ലാവരുമുറങ്ങാന്‍ കിടക്കുമ്പോള്‍ അവന്‍ മണ്ണാങ്കട്ടി ചേച്ചിയുടേയും അവന്റെ അമ്മയുടേയുമിടയിലാണ് കിടന്നത്. അമ്മായിയോട് അവന്റെ കാലിന്റരികേ കിടന്നോളാന്‍ അവന്‍ സദയം അനുവദിച്ചു. അല്ലെങ്കില്‍ ഒറ്റയ്ക്ക് ഒരു മുറിയില്‍ കിടന്നാല്‍ അമ്മായിയ്ക്ക് പേടിയാവില്ലേ എന്നായിരുന്നു അവന്റെ സംശയം.

അമ്മയോട് അവനെ നോക്കി കിടക്കണമെന്നും അവനുറങ്ങുമ്പോള്‍ അമ്മയുടെ മുഖം കാണുന്നത് അവനു ഒരുപാട് സമാധാനവും സന്തോഷവും നല്‍കുമെന്നും അവന്‍ പറഞ്ഞപ്പോള്‍ അവള്‍ അവനെ കെട്ടിപ്പിടിച്ചു നെഞ്ചോട് ചേര്‍ത്തു.

അപ്പോള്‍ തന്നെ അവന്‍ ഫോണ്‍ ചെയ്ത് അവന്റെ അച്ഛനെ അറിയിച്ചു, ഞാന്‍ നാളെ വരുന്നില്ല... കുറെ ദിവസങ്ങള്‍ കഴിഞ്ഞ് വരാമെന്ന് ...അയാള്‍ക്ക് അപ്പോള്‍ അത് സമ്മതിക്കുകയല്ലാതെ മറ്റു മാര്‍ഗമൊന്നുമുണ്ടായിരുന്നില്ല.

( തുടരും )

No comments: