അവള്‍ സന്തോഷ് എന്ന പാര്‍വതി എന്റെ അമ്മയുടെ സഹോദരന്റെ മകള്‍. ഞങ്ങള്‍ ഒരു ഗ്രാമത്തില്‍ വളര്‍ന്നു. പരസ്പരം സംസാരിക്കാതെ മുഖത്ത് നോക്കാതെ.
അപരിചിതര്‍ പോലും ചോദിച്ചിരുന്നു നിങ്ങള്‍ സഹോദരികളാണോ? അത്ര മുഖച്ഛായ ഉണ്ടായിരുന്നു ഞങ്ങള്‍ക്ക് ചെറുപ്പത്തില്‍, ആ ചോദ്യം ചോദിച്ചവരോടെല്ലാം ഹേയ് ഞങ്ങള്‍ക്ക് ഒരു ബന്ധവുമില്ലെന്ന് സമര്‍ഥമായി നടിച്ചു. മാമാ എന്ന് വിളിച്ച് അതിസുന്ദരനായിരുന്ന ആറടിപ്പൊക്കക്കാരനായിരുന്ന അവളുടെ അച്ഛന്റെ മടിയില്‍ ഒരിക്കല്‍ പോലും ഞങ്ങള്‍ ഇരുന്നില്ല. മാമി എന്ന് വിളിച്ച് അവളുടെ അമ്മയുടെ അടുത്ത് പോയതേയില്ല. അവളുടെ ചേച്ചിയോടും ചേട്ടനോടും ഒരിക്കല്‍ ഒരിക്കല്‍പോലും സംസാരിച്ചിട്ടില്ല.
ജീവിതം കടന്നുപോയി... ഞങ്ങള്‍ക്കെല്ലാം കണ്ണീരാഴക്കടലില്‍ ആഞ്ഞു തുഴയാന്‍ ദൈവമോരോരോ ജീവിതത്തോണികള്‍ കരുതിവെച്ചിരുന്നു. ആ ആഴക്കടലില്‍ മുങ്ങാതെ പിടിച്ചു നില്‍ക്കുമ്പോള്‍ വാട്ട്‌സാപ്പ് എന്ന അല്‍ഭുതം ഒരു ആഹ്ലാദം കൊണ്ടുത്തന്നു എനിക്ക്.
അമ്മയുടെ മറ്റൊരു സഹോദരന്റെ മകള്‍ ഒരു ഗ്രൂപ്പ് തുടങ്ങി, അതില്‍ ഭ്രഷ്ടരാക്കപ്പെട്ട ഞങ്ങള്‍ മൂന്നു സഹോദരങ്ങളേയും അഡ്മിനുകളാക്കി. ഒട്ടും പ്രതീക്ഷിക്കാത്ത ഒരു കാര്യമായിരുന്നു അത്. ഇപ്പോള്‍ ഞങ്ങളുടെ തലമുറയിലെ ഇരുപത്തഞ്ചു പേര്‍ പരസ്പരം പരിചിതരും സന്ദേശങ്ങളും ഫോട്ടോകളും കൈമാറുന്നവരുമായിരിക്കുന്നു.
അങ്ങനെയാണ് ഞാന്‍ സന്തോഷിനെ പോയിക്കണ്ടത്. അല്‍ഭുതം! അവളുടെ മകള്‍ക്ക് എന്റെ അനിയത്തിയുടെ മകളുടെ ച്ഛായയുണ്ട്.
ഞങ്ങള്‍ ഒരുപാട് സംസാരിച്ചു.കുംഭകോണം ഡിഗിരിക്കാപ്പി കുടിച്ചു. പരസ്പരം തൊട്ടു.. കെട്ടിപ്പിടിച്ചു.. ഉമ്മവെച്ചു.
അവളെ അത്ര അടുത്ത് കാണുമ്പോള്‍ സംസാരിക്കുമ്പോള്‍ തൊടുമ്പോള്‍ ഞാന്‍ ജന്മാന്തരങ്ങളിലെ ചില ബന്ധങ്ങളുണ്ടെന്ന് ഓര്‍ക്കുകയായിരുന്നു
No comments:
Post a Comment