Wednesday, July 11, 2018

വ്യാഴവട്ടങ്ങളില്‍ ചിതറിത്തെറിക്കുന്നത്....28


https://www.facebook.com/echmu.kutty/posts/588584847987480?pnref=story
നോവല്‍ 28.

ഫ്‌ലാറ്റ് സമുച്ചയത്തിലെ ആര്‍ ഡബ്ലിയുക്കാരുടെ എന്‍ ഓ സി കിട്ടാന്‍ അവള്‍ കമ്പനിയില്‍ ജോലി ചെയ്യുന്നുവെന്ന സാക്ഷ്യപത്രം, അവളുടെ ഇലക് ഷന്‍ കാര്‍ഡ് ,മോന്റെ ഫോട്ടൊ, അവന്റെ സ്‌ക്കൂള്‍ ഐ ഡി കാര്‍ഡ് ഒക്കെ വേണമായിരുന്നു. അവന്റെ സ്‌കൂള്‍ ഐ ഡി ഒഴിച്ച് ബാക്കിയെല്ലാം അവള്‍ സംഘടിപ്പിച്ചു. അവളുടെ ആധാര്‍ കാര്‍ഡ് പഴയ വീട്ടില്‍ത്തന്നെ പെട്ടു പോയിരുന്നു. അതു ആ വഴിയ്ക്ക് പോട്ടെ എന്ന് അവള്‍ കരുതി.

എന്തായാലും പേരുകേട്ട ഒരു വക്കീലിനെ കാണുവാനും കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനും ചേട്ടനും ചേട്ടത്തിയമ്മയും അവളെ നിര്‍ബന്ധിച്ചു.

അങ്ങനെ ചേട്ടന്റെ വനിതാ സുഹൃത്തു വഴി അവരുടെ പരിചയക്കാരനായ ഒരു വക്കീലിനെ തന്നെ കണ്ടു കിട്ടി.

ചൈല്‍ഡ് കസ്റ്റഡിക്കും ഡൊമസ്റ്റിക് വയലന്‍സിനും ഡൈവോഴ്‌സിനും പ്രത്യേകം കേസുകള്‍ വേണ്ടി വരുമെന്നും ലക്ഷങ്ങളാണ് ഫീസെന്നും വക്കീല്‍ അറിയിച്ചു. ഒന്നും രണ്ടും അല്ല. മൂന്നു കേസിനും കൂടി ആറരലക്ഷം രൂപ..

അവളുടെ തല അച്ചുതണ്ടില്‍ തിരിയുന്ന ഭൂമിയെപ്പോലെ കറങ്ങി.

ഇത്രയുമായപ്പോള്‍ ചേട്ടത്തിയമ്മയെ ഒപ്പം നിറുത്തിയിട്ട് ചേട്ടന്‍ അന്ന് ഉച്ചയ്ക്കുള്ള വിമാനത്തില്‍ തന്നെ മടങ്ങിപ്പോയി. എല്ലാ വിവരങ്ങളും അപ്പപ്പോള്‍ അറിയിക്കണമെന്നും ചേട്ടനോട് ആലോചിക്കാതെ ഒന്നും ചെയ്യരുതെന്നും അദ്ദേഹം ചേട്ടത്തിയമ്മയോട് പറഞ്ഞിരുന്നു.

മകന്റെ ഐഡന്റിറ്റി കാര്‍ഡുണ്ടാക്കാന്‍, അവരുടേ പഴയ കോളനിയില്‍ പാര്‍ക്കുന്ന അവന്റെ കൂട്ടുകാരന്റെ കാര്‍ഡ് വാട്ട്‌സാപ്പില്‍ വരുത്തി മോന്റെ ഫോട്ടൊ വെച്ച് ഫോട്ടൊഷോപ്പ് ചെയ്തു നോക്കിയെങ്കിലും അത് അത്ര കുറ്റമറ്റതായി വന്നില്ല. അവള്‍ക്ക് ഭയവും പരിഭ്രമവും തോന്നി. ഇനി അത് കൃത്രിമമാണെന്ന് കണ്ടുപിടിച്ചാലെന്തു ചെയ്യും എന്നവള്‍ ചേട്ടത്തിയമ്മയോട് ചോദിച്ചു. നല്ല ആത്മവിശ്വാസത്തില്‍ നിന്നാല്‍ മതിയെന്നായിരുന്നു അവരുടെ ഉത്തരം.

എന്തായാലും അത്ര കേമമായ സൂക്ഷ്മ പരിശോധനയൊന്നും കൂടാതെ അവള്‍ക്ക് എന്‍ ഓ സി കിട്ടി.

മകന്‍ പിന്നീട് അവളെ വിളിച്ചതേയില്ല. അവള്‍ എന്നും മുപ്പതും നാല്‍പ്പതും പ്രാവശ്യം അവനെ വിളിച്ചു. അവന്‍ ഫോണ്‍ എടുക്കുക പോലും ചെയ്തില്ല.

അവള്‍ അയാളുടെ സുഹൃത്തുക്കളെ വിളിച്ചു സഹായമഭ്യര്‍ഥിച്ചു. അവരോട് വരാന്‍ പറഞ്ഞു. അവള്‍ റ്റിക്കറ്റ് അയച്ചു തരാമെന്ന് പറഞ്ഞു. എല്ലാവരും സഹതപിച്ചതല്ലാതെ, വരാമെന്ന് പറഞ്ഞതല്ലാതെ, ആരും വന്നില്ല.

അവള്‍ അയാളുടെ ചേട്ടനെ വിളിച്ചു,ചേട്ടത്തിയമ്മയെ വിളിച്ചു. ചേച്ചിയുടെ മകളെ വിളിച്ചു. എല്ലാവര്‍ക്കും വളരെ സങ്കടമുണ്ടായി , അവളില്ലെങ്കില്‍ മോന്‍ ആ വീട്ടില്‍ നശിച്ചു പോകുമെന്ന് എല്ലാവരും പറഞ്ഞു. അയാള്‍ ഒന്നും പറഞ്ഞാല്‍ അനുസരിക്കില്ലെന്നതുകൊണ്ട് അവരാരും പറഞ്ഞു നാണം കെടാനോ വരാനോ തയാറായില്ല.

എല്ലാവര്‍ക്കും അവരവരുടെ ഈഗോ വലുതാണല്ലോ.

അപ്രതീക്ഷിതമായി അവള്‍ക്ക് കൂട്ടുപാര്‍ക്കാന്‍ അനാഥപ്പെണ്ണ് വന്ന് ചേര്‍ന്നു, അവള്‍ക്ക് ഒരു ഫോണ്‍ ചെയ്തിട്ട് ഹൈദരാബാദില്‍ നിന്ന് നേരേ വണ്ടി കയറി വരികയായിരുന്നു ആ പെണ്ണ്. അവള്‍ ഞെട്ടിപ്പോയി. അനാഥപ്പെണ്ണ് അവളെ കെട്ടിപ്പിടിച്ചു, 'ഞാനുണ്ട്, ഞാനുണ്ട് എന്നും ഞാനുണ്ടെന്ന് ' പറഞ്ഞു. അനാഥര്‍ക്ക് അങ്ങനെ വമ്പന്‍ ഈഗോ ഉണ്ടാവാറില്ലല്ലോ.

ചേട്ടത്തിയമ്മയ്ക്ക് സമാധാനമായി. അവളെ തനിച്ചു വിട്ട് പോവുന്നതെങ്ങനെ എന്നോര്‍ത്ത് സങ്കടത്തിലായിരുന്നു അവര്‍.കൃത്യം സമയത്ത് അനാഥപ്പെണ്ണ് എത്തിച്ചേര്‍ന്നു. മണ്ണാങ്കട്ടി എന്നായിരുന്നു അനാഥപ്പെണ്ണിന്റെ പേരെങ്കിലും അവളിപ്പോള്‍ ഒരു പൊന്നാങ്കട്ടിയായി തോന്നി ചേട്ടത്തിയമ്മയ്ക്ക്.

മണ്ണാങ്കട്ടി ചേച്ചി വന്നിട്ടുണ്ടെന്നും കാണണ്ടേ എന്നും ചോദിച്ച് അവള്‍ മകനു മെസ്സേജ് അയച്ചു, മറുപടി അയാളാണെഴുതിയത്. അവന്‍ സമാധാനമായി അയാള്‍ക്കൊപ്പം കഴിയുകയാണെന്നും ഓരോന്നു പറഞ്ഞ് അവനെ അവളിലേക്കാകര്‍ഷിക്കേണ്ടെന്നും അമ്മയെ അവനില്‍ നിന്നകറ്റുന്ന ആരുമായും അവനു ബന്ധമുണ്ടാവുകയില്ലെന്നുമായിരുന്നു ആ മറുപടി.

ചേട്ടത്തിയമ്മയും അവളും പലവട്ടം വക്കീലിന്റടുത്ത് പോയി. കേസ് കൊടുക്കുക എന്നത് കഥയിലും ലേഖനത്തിലും ഒക്കെ പറയുന്നതു പോലെ അത്ര എളുപ്പമൊന്നുമല്ലല്ലോ. എല്ലാ കഥയും കൃത്യമായി എഴുതണം. ലോവര്‍കോര്‍ട്ടില്‍ എഴുതിക്കൊടുക്കുന്നതാണ് സുപ്രീം കോടതി വരെ വാദിക്കാനാവുന്ന കേസിന്റെ അടിആധാരം. അതുകൊണ്ട് അത് ബലമുറ്റതായിരിക്കണം.

അതിനും പുറമേ അവള്‍ ഓഫീസില്‍ പോയി , സൈറ്റില്‍ പോയി, ട്രാന്‌സ്‌ഫോര്‍മറുകള്‍ കമ്മീഷന്‍ ചെയ്തു, സബ്‌സ്റ്റേഷനുകള്‍ എനര്‍ജൈസ് ചെയ്യാനുള്ള ഇന്‍ സ്‌പെക് ഷനുകള്‍ നടത്തി. ബോയിലറുകള്‍ പരിശോധിച്ചു, കൂറ്റന്‍ ഫ്‌ലാറ്റു സമുച്ചയങ്ങളുടേയും ഹോട്ടലുകളുടേയും ഡ്രോയിംഗുകള്‍ ചെക് ചെയ്തു, ഒരുപാട് മനുഷ്യരുടെ ജീവന്‍ ഉള്‍പ്പെടുന്ന ആ ജോലിയെല്ലാം കുറ്റമറ്റതായി ചെയ്തുകൊണ്ടിരുന്നു. കരഞ്ഞും പിഴിഞ്ഞും പട്ടിണി കിടന്നും മദ്യപിച്ചും സിഗരറ്റു വലിച്ചും ആണിനെ പിടിച്ചും ഒന്നും ദു:ഖം മറന്ന് ജീവിക്കാനുള്ള പരിതസ്ഥിതി അവള്‍ക്ക് ഉണ്ടായിരുന്നില്ലല്ലോ. മദ്യപാനിയെന്നോ പരപുരുഷനെ ഇഷ്ടപ്പെടുന്നവളെന്നോ വന്നാല്‍ പിന്നെ കോടതി പോലും അവളുടെ മാതൃത്വത്തെ വിലവെയ്ക്കുകയില്ല. പെറ്റാലും അതിനെ വളര്‍ത്താന്‍ കാശുണ്ടായാലും മാത്രം പോരാ , സ്വഭാവശുദ്ധി കൂടി പെണ്ണിനു വേണം കുട്ടിയെ സ്‌നേഹിക്കണമെങ്കിലും വളര്‍ത്തണമെങ്കിലും. കുട്ടി കുറച്ചു മുതിര്‍ന്നാല്‍ പിന്നെ പെറ്റിട്ട കുഞ്ഞിന്റെ സമ്മതവും കൂടി വേണം.

ജോലി കഴിഞ്ഞു വരുമ്പോള്‍,അല്ലെങ്കില്‍ ഓരോ ഒഴിവു നിമിഷത്തിലും അവളുടെ മനസ്സില്‍ മകന്‍ എന്നും ആഴമുള്ള മുറിവായി ചോര വീഴ്ത്തി. അവന്‍ കൂടെയില്ലാത്ത ഓരോ ദിവസവും അവള്‍ അവനെ രക്തം ചിന്തിക്കൊണ്ട് പ്രസവിച്ചു. അവനു മുല കൊടുത്തു. അവനെ നെഞ്ചില്‍ കിടത്തി ഓമനത്തിങ്കള്‍ പാടിയുറക്കി. അവന്റെ അപ്പിയും മൂത്രവും ച്ഛര്‍ദ്ദിയും കോരി, അവന്റെ പനി ശുശ്രൂഷിച്ചു മാറ്റി, അവന്റെ കുഞ്ഞി വിരലില്‍ പെന്‍സിലും പേനയും കൊടുത്ത് എഴുതിപ്പിച്ചു, അവന്റെ കൂടെ ഓടിക്കളിച്ചു, ഒളിച്ചു കളിച്ചു. അവനെ വാരിയെടുത്ത് ഉമ്മകള്‍ കൊണ്ടു മൂടി, നാമം ചൊല്ലിച്ചു, അവളുടെ മൊബൈല്‍ നമ്പര്‍ വിരല്‍ മടക്കിയും നീര്‍ത്തിയും പഠിപ്പിച്ചു, കുഞ്ഞി വിരലില്‍ പിടിച്ച് ഓഫീസിലെ പാര്‍ട്ടികളിലേക്ക് കൊണ്ടുപോയി... അവനു ചോക്ലേറ്റും പിറ്റ്‌സയും വാങ്ങിക്കൊടുത്തു. അവന്റെ കുഞ്ഞിച്ചെവിയില്‍ പാട്ടു പാടി കേള്‍പ്പിച്ചു. മൃഗങ്ങള്‍ സ്‌ക്കൂളില്‍ പോയി പഠിക്കുന്ന കഥ പറഞ്ഞുകൊടുത്തു, അവന്‍ ഹരിണാക്ഷി എന്നും കടിച്ചാപ്പൊട്ടിക്കല്യാണി എന്നും മൂസ്സത് എന്നും മറ്റും നാക്കു തിരിയാതെ പറയുന്നത് കേട്ട് ആനന്ദിച്ചു.

തീരെ താങ്ങാന്‍ പറ്റാതായ ഒരു ദിവസം രാത്രി വളരെ വൈകി അവള്‍ മോനു ഫോണ്‍ ചെയ്ത് പൊട്ടിക്കരഞ്ഞുകൊണ്ട് അവനോട് പറഞ്ഞു, 'മോന്റെ ഒരു ഉടുപ്പ് അമ്മയ്ക്ക് തരൂ. അമ്മ നാളെ ഡ്രൈവറെ പറഞ്ഞു വിടാം.. അമ്മ അതു മണത്ത് കിടന്നോട്ടെ?'

അവന്‍ ചിരിച്ചു, 'ങാ ഹാ. അമ്മയായിരുന്നോ വേറെ ആരോ എന്ന് കരുതീട്ടാ ഫോണ്‍ എടുത്തത്. ഒരു ജട്ടീല്‍ അപ്പിയിട്ടിട്ട് പൊതിഞ്ഞു കൊടുത്തയക്കാം . മണത്തോളൂ. ' അവളുടെ നെഞ്ചു പൊട്ടിയുള്ള കരച്ചില്‍ കേള്‍ക്കാതെ അവന്‍ ഫോണ്‍ വെക്കുകയും ചെയ്തു.

അവള്‍ അവന്റെ റ്റീച്ചര്‍മാരെ പോയിക്കണ്ടു. അവരുടെ സഹായം ചോദിച്ചു. പത്തുകൊല്ലം അവള്‍ മോനുമൊന്നിച്ചു താമസിച്ച ആ കോളനിയില്‍ അവക്കൊരുപാട് സ്ത്രീ സുഹൃത്തുക്കളുണ്ടായിരുന്നു. അവരോടൊക്കെ അവള്‍ സംസാരിച്ചു. അവന്റെ തലയില്‍ ഒരല്‍പമെങ്കിലും വെളിച്ചം പകര്‍ന്നു കൊടുക്കാന്‍ സഹായിക്കാമോ എന്ന് ചോദിച്ചു. എല്ലാവരും അവളുടെ വേദന മനസ്സിലാക്കുന്നുണ്ടായിരുന്നു. എന്നാല്‍ അവരോടൊക്കെയും വീട്ടിലൊരു പ്രശ്‌നവുമില്ലെന്ന് നുണ പറയാന്‍ അതിനകം അവന്‍ പഠിച്ചുകഴിഞ്ഞിരുന്നു. 'ഹി ഈസ് ടോട്ടലി അണ്ടര്‍ ഹിസ് ഫാദേഴ്‌സ് കണ്‍ട്രോള്‍ ' എന്നായിരുന്നു അവരുടെ എല്ലാം ഉത്തരം .

ചേട്ടത്തിയമ്മയ്ക്ക് അവളുടെ നെഞ്ചകം നീറുന്നത് കാണാന്‍ പറ്റുന്നുണ്ടായിരുന്നു. അവര്‍ കാര്യങ്ങള്‍ വേണ്ടതു മാതിരി ചെയ്യുന്നില്ലെന്ന് ചേട്ടന്‍ സദാ ഫോണ്‍ ചെയ്ത് അവരെ വഴക്ക് പറഞ്ഞുകൊണ്ടിരുന്നു. അത് പിന്നെ അങ്ങനെയാണല്ലോ. ചേട്ടന്റെ ഉല്‍ക്കണ്ഠയും ഭാരവും ചുമതലയുമൊന്നും ഇറയ്ക്കി വെയ്ക്കാന്‍ വേറെ തോളുകളൊന്നും അദ്ദേഹത്തിനില്ലല്ലോ.

ഒരു ദിവസം രാത്രി അയാളും മകനും കൂടി പൊടുന്നനെ വന്ന് ബെല്ലടിച്ചു, ഫ്‌ലാറ്റിലെ വരാന്ത നല്ല ഇരുട്ടിലായിരുന്നതുകൊണ്ട് ചേട്ടത്തിയമ്മയ്ക്ക് അവരെ കാണാന്‍ കഴിയുന്നുണ്ടായിരുന്നില്ല. അവര്‍ വാതില്‍ തുറന്നപ്പോള്‍ 'ഇവിടെ ഏതു തേവിടിശ്ശിമോനോടൊപ്പമാണ് എന്റെ ഭാര്യ കിടക്കുന്നതെന്ന് ഞാനറിയട്ടെ' എന്ന് ആക്രോശിച്ചുകൊണ്ട് അയാള്‍ മോന്റെ കൂടെ അകത്തു കയറി.

( തുടരും )

No comments: