Monday, July 30, 2018

കോഴിമുട്ട അമേരിക്കേല്‍ക്ക് പോയിരിക്കുന്നു. !!

https://www.facebook.com/echmu.kutty/posts/692106940968603

പഴകി മഞ്ഞച്ച അനവധി വാരികകളും മാസികകളും വീട്ടിലുണ്ടായിരുന്നു, അല്ല ഞങ്ങളുടെ വീടുകളിലുണ്ടായിരുന്നു. എന്നുവെച്ചാല്‍ അമ്മീമ്മയും ഞാനും അനിയത്തിയും പാര്‍ത്തിരുന്ന ഗ്രാമത്തിലെ വീട്ടിലും.. അച്ഛനും അമ്മയും കുഞ്ഞനിയത്തിയും പാര്‍ത്തിരുന്ന ടൌണിലെ വീട്ടിലും.

അമ്മീമ്മയുടെ വീട്ടിലുണ്ടായിരുന്ന പഴയ കുങ്കുമം വാരികകളില്‍ നിന്നാണ് ഞാന്‍ ആദ്യമായി രാമായണം , ആനന്ദക്കുറുപ്പിന്‍റെ ചരിത്രം തിരുത്തിക്കുറിച്ച പത്തു ദിവസങ്ങള്‍, ജൂലിയന്‍ ഫ്യൂച്ചിക്കിന്‍റെ കൊലമരത്തില്‍ നിന്നുള്ള കുറിപ്പുകള്‍,വി ടി നന്ദകുമാറിന്‍റെ വണ്ടിപ്പറമ്പന്മാര്‍, മലയാറ്റൂരിന്‍റെ ദ്വന്ദ്വയുദ്ധം,പി വല്‍സലയുടെ നെല്ല് , വൈക്കം ചന്ദ്രശേഖരന്‍ നായരുടെ വിത്തുകള്‍ ഒക്കെ വായിക്കുന്നത്. ആ പഴകിയ വാരികകളില്‍ വൈക്കം ചന്ദ്രശേഖരന്‍ നായര്‍ ഉത്തരമെഴുതുന്ന ഒരു പംക്തിയുണ്ടായിരുന്നു. അതിലാരോ 'കുറവന്‍ മൂത്താല്‍ കുറുപ്പ് ആകുമോ' എന്നൊരു ചോദ്യം ചോദിച്ചിരുന്നു. അന്ന് ശ്രീ ആനന്ദക്കുറുപ്പ് കുങ്കുമം പത്രാധിപസമിതിയില്‍ ഉണ്ടായിരുന്നു എന്നാണെന്‍റെ ഓര്‍മ്മ. വൈക്കം ചന്ദ്രശേഖരന്‍ നായരുടെ മറുപടി' ആനന്ദക്കുറുപ്പിനോട് ചോദിക്കുക 'എന്നായിരുന്നു. ജനയുഗത്തിന്‍റെ പഴയ ലക്കങ്ങളാണ് വാട്ടര്‍ഗേറ്റ് അഴിമതിയെക്കുറിച്ച് എന്നോട് പറഞ്ഞു തന്നത് , വിവി കനകലതയുടേയും കെ എ ബീനയുടേയും റഷ്യന്‍യാത്രകളെ പരിചയപ്പെടുത്തിയത്. അതുപോലെ ഒരു പഴയ മാതൃഭൂമി ആഴ്ചപ്പതിപ്പിലെ ഒരു പട്ടാള ഓഫീസറുടെ മകളുടെ കഥ വായിച്ച് ഞാന്‍ മൂന്ന് ദിവസം കരഞ്ഞിട്ടുണ്ട്. അത്ര സങ്കടമായിരുന്നു ആ കഥ. പിന്നെയും ഒരു പട്ടാളക്കാരന്‍റെ കഥയുണ്ടായിരുന്നു, യുദ്ധത്തില്‍ കാല്‍ നഷ്ടപ്പെടുന്ന ഒരാള്‍, ദേവാനന്ദിന്‍റെ ഹിന്ദി പടങ്ങള്‍ കാണുന്ന ഒരു കഥാപാത്രമായിരുന്നു ആ പട്ടാളക്കാരന്‍. അയാള്‍ നാട്ടില്‍ വരുമ്പോള്‍ കെ ആര്‍ വിജയയുടെ പടം കാണാന്‍ പോവുന്നതും മറ്റും ആ കഥയിലുണ്ടായിരുന്നു.

ഇലസ്റ്റ്റേറ്റഡ് വീക് ലി, ബ്ലിറ്റ്സ്, റീഡേഴ്സ് ഡൈജസ്റ്റ് തുടങ്ങിയ ഇംഗ്ലീഷ് വാരികകളും മറ്റ് പല വിദേശ മാസികകളും മറ്റും അച്ഛന്‍റെ ശേഖരത്തിലുണ്ടായിരുന്നു. കുഞ്ഞനിയത്തി കൂടുതല്‍ ഇംഗ്ലീഷ് പാണ്ഡിത്യം നേടാന്‍ അമ്മയുടെ പിച്ചും നുള്ളും അടിയും ഇമ്പോസിഷനും ഉള്‍പ്പെടുന്ന അശ്രാന്തപരിശ്രമത്തോടൊപ്പം ഈ പുസ്തകശേഖരവും കാരണമായിട്ടുണ്ട്.

അവള്‍ക്ക് ഗ്രെറ്റല്‍സ് ചിക്കന്‍ , നീണ്ട മൂക്കുള്ള പിനോഖ്യാ, തംബ് ലീന, സിന്‍ഡര്‍ല, മിക്കി മൌസ്, ഡൊണാള്‍ഡ് ഡക്ക്, ഗൂഫി എന്നിങ്ങനെ കുറേ വിദേശികളെയൊക്കെ നന്നെ കുട്ടിയായിരിക്കുമ്പോഴേ അറിയുമായിരുന്നു. ഈ ഗൂഫിയെ കല്യാണം കഴിക്കണമെന്നും അവള്‍ക്ക് മോഹമുണ്ടായിരുന്നു. ഇവരെപ്പറ്റിയുള്ള കഥകള്‍ ചേച്ചിമാരായ ഞങ്ങളെ കാണുന്ന അവസരങ്ങളില്‍ അവള്‍ പൊടിപ്പും തൊങ്ങലും വെച്ച് ഉഷാറായി വിളമ്പിത്തരും. ഞങ്ങള്‍ വായും പൊളിച്ചിരുന്ന് എല്ലാം തിന്നു രസിക്കും.

കഥകളുടെ രസച്ചരട് പൊട്ടുന്നത് ഞങ്ങള്‍ ചില ചോദ്യങ്ങളുന്നയിക്കുമ്പോഴാണ്. ചില്ലറ അസൂയയും ഉണ്ട് ആ ചോദ്യങ്ങളുടെ പിന്നില്‍. ഒന്നാമത് ഞങ്ങള്‍ വായിക്കാത്ത വിദേശ കഥകള്‍, വായില്‍ കൊള്ളാത്ത വികടപ്പേരുകള്‍, അതൊക്കെ അവള്‍ ചുമ്മാ ഇങ്ങനെ കാച്ചുന്നത് കേട്ടിട്ട് ഒരു പൊറുതികേട്. രണ്ടാമത് അവള്‍ എന്തു വായിച്ചാലും പഠിച്ചാലും ആഫ്റ്റര്‍ ആള്‍ വെറും ഒരു സിമ്പിള്‍ അനിയത്തി മാത്രമല്ലേ അവള്‍ എന്ന ചേച്ചിക്കുശുമ്പ്.

അവള്‍ക്കാണെങ്കില്‍ അത്രയ്ക്കൊന്നും കഥ പറയാന്‍ അറിയില്ല. ഇടയില്‍ ഒരു ചോദ്യം ചോദിച്ചാല്‍ ആകെ കുഴഞ്ഞു മറിയും കാര്യങ്ങള്‍. പിന്നെ എന്തോക്കേയോ കഷ്ടപ്പെട്ട് കുറെ വിശദീകരിക്കുമെങ്കിലും അതൊന്നും ഞങ്ങളുടെ ചോദ്യത്തിനുത്തരമാവില്ല.

അങ്ങനെ ഒരു ദിവസം പച്ച വെല്‍വെറ്റ് ഉടുപ്പിന്‍റെ മടി നിറയെ കറുവടാം എന്ന അരിക്കൊണ്ടാട്ടം ഇട്ട് ഓരോന്നായി കൊറിച്ചുകൊണ്ട് മൊട്ടത്തലയുള്ള കുഞ്ഞനിയത്തി കഥ പറയുകയാണ്. ഇരിക്കുന്നത് കശുമാവിന്‍റെ അല്‍പം ഉയര്‍ന്ന കവരത്തില്‍.... കാലുമാട്ടിയാട്ടി.. ബിസ്കറ്റ് കളര്‍ ഉടുപ്പിട്ട, കുറച്ചു കൂടെ തലമുടിയുള്ള ചേച്ചിമാര്‍ താഴത്തെ കവരത്തില്‍.. അവരും ഉശിരോടെ കാലാട്ടുന്നുണ്ട്. കറുവടാം കൊറിക്കുന്നുണ്ട്.

ആ കഥയില്‍ ഒരു കടല്‍ക്കൊള്ളക്കാരനുണ്ട് . അത് തന്നെ പിറേറ്റ് എന്ന ഇംഗ്ലീഷ് പേരില്‍ അറിയപ്പെടുന്നവന്‍. അവന്‍ ഇന്‍വിസിബിള്‍ മാനിനെപ്പോലെ എന്തോ ദ്രാവകം കുടിച്ച് അപ്രത്യക്ഷനാകും. അതൊന്നും അങ്ങ് മുഴുവന്‍ തലേല്‍ക്കയറിയില്ല. അങ്ങനെ കഷായം കുടിച്ചിരിക്കുമ്പോള്‍ അവള്‍ ഒരു ചോദ്യം ചോദിച്ചു.

'അവന്‍ എവിടെപ്പോയി?'

ഞങ്ങള്‍ക്കുത്തരമില്ല. എവിടെപ്പോയോ ആവോ?

കടല്‍ക്കൊള്ളക്കാരനല്ലേ? ഇഷ്ടം പോലെ കടലല്ലേ പരന്നു കിടക്കുന്നത് ? എങ്ങോട്ട് വേണമെങ്കിലും പോയ്ക്കൂടെ? ചേച്ചിമാര്‍ ഒന്നുമറിയാതെ അന്തംവിട്ട് ഇരിക്കുകയാണ്. അപ്പോള്‍ ശ്ശെ! ഈ ചേച്ചിമാര്‍ക്ക് ഇത്ര ബുദ്ധിയില്ലേ എന്ന മട്ടിലും ഭാവത്തിലും അവള്‍ പൂര്‍ത്തിയാക്കി. ' കോഴിമുട്ട അമേരിക്കേല്‍ക്ക് പോയിരിക്കുന്നു.'

ഞങ്ങള്‍ ചേച്ചിമാര്‍ രണ്ടും കുന്തസ്യാ. കടല്‍ക്കൊള്ളക്കാരന് കോഴിമുട്ട എന്ന പേരു വന്ന കാര്യം തന്നെ ഞങ്ങള്‍ക്ക് മനസ്സിലായിട്ടില്ലായിരുന്നു. അത് അവള്‍ പറഞ്ഞുമില്ലായിരുന്നു. അവള്‍ സമ്മതിക്കില്ല പറഞ്ഞിട്ടില്ലെന്ന് .. പറഞ്ഞുവെന്ന് ഞങ്ങളും സമ്മതിക്കില്ല.

ആകെ കുഴപ്പമായി.. കശപിശയായി. കണ്ണീരായി .

ഒടുവില്‍ എപ്പോഴത്തേയും പോലെ അമ്മീമ്മ ഇടപെട്ടു. കണ്ണീരൊലിപ്പിച്ച് ഏങ്ങലടിച്ച് അനിയത്തി അമ്മീമ്മയ്ക്ക് കഥ പറഞ്ഞുകൊടുത്തു.
ആ എന്തോ ഒരു ദ്രാവകം കുടിച്ച് അപ്രത്യക്ഷനായപ്പോള്‍ കടല്‍ക്കൊള്ളക്കാരന്‍റെ തലമുടി കൊഴിഞ്ഞു പോയി . തല കോഴിമുട്ട പോലെ മിനുസമായി. പിന്നെ അയാളെ എല്ലാവരും കോഴിമുട്ട എന്ന് വിളിച്ചു പോന്നു. അപ്പോള്‍ കള്ളനായ അയാള്‍ അതുമൊരു തക്കമാക്കി കൂടുതല്‍ കള്ളത്തരങ്ങള്‍ക്കായി അമേരിക്കയിലേക്ക് പോയതാണ്.

അതു ശരി . ഞങ്ങള്‍ തല കുലുക്കി. പിന്നെ വളരെ വേഗം തമ്മില്‍ സ്നേഹമായി.

അമ്മീമ്മ ഒരു പാഠം പഠിപ്പിച്ചു തന്നു. 'മനസ്സിലായില്ലെങ്കില്‍ പിന്നെയും പിന്നെയും ചോദിക്കണം. മനസ്സിലാവാത്തവര്‍ക്ക് പിന്നെയും പിന്നെയും പറഞ്ഞുകൊടുക്കണം. '

ഞങ്ങള്‍ മൂവര്‍ക്കും അത് അന്നു മാത്രമല്ല,പിന്നീടുള്ള ജീവിതത്തിലും ശരിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞില്ലെന്ന് ഇപ്പോള്‍ എനിക്ക് തോന്നുന്നുണ്ട്.

No comments: