Monday, July 2, 2018

വ്യാഴവട്ടങ്ങളില്‍ ചിതറിത്തെറിക്കുന്നത്....4

https://www.facebook.com/echmu.kutty/posts/561665920679373?pnref=story

നോവല്‍ 4

ഒരു ഗര്‍ഭിണിയെ കൈയില്‍ കിട്ടിയാല്‍ പിന്നെ ഡോക്ടര്‍മാര്‍ കുറെ ടെസ്റ്റുകള്‍ ചെയ്യിക്കും. എല്ലാം ഗര്‍ഭത്തിന്റേയും ഗര്‍ഭിണിയുടെയും നന്മയ്ക്കാണെന്നാണ് വെപ്പ്.

ആയിരിക്കും.

പക്ഷെ, എല്ലാ ടെസ്റ്റിനും അവള്‍ക്ക് തനിച്ചാണ് പോവേണ്ടിയിരുന്നത്. ഓട്ടോ റിക്ഷാ ഡ്രൈവറോ റിക്ഷാക്കാരനോ ഓഫീസ് വണ്ടിയുടെ ഡ്രൈവറോ മാത്രമായിരുന്നു അവള്‍ക്ക് കൂട്ട്.

അവര്‍ക്കൊന്നും സൌകര്യമില്ലാത്ത ദിവസങ്ങളില്‍ അവള്‍ തനിച്ചും പോയി.. അതിപ്പോള്‍ ബ്ലഡ് ടെസ്റ്റോ അള്‍ട്രാസൌണ്ടോ സ്‌കാനോ എന്തു തന്നെയായാലും ശരി.

ഈ ടെസ്റ്റുകളുടെയൊന്നും യാതൊരു കാര്യവുമില്ലെന്ന് ഭര്‍ത്താവ് സിദ്ധാന്തിച്ചു,

ഡോക്ടര്‍മാര്‍ പണം പിടുങ്ങുകയാണ്. പണ്ട് ആരെങ്കിലും ഇതൊക്കെ ചെയ്തിരുന്നുവോ? പെണ്ണുങ്ങള്‍ വീട്ടു പണികള്‍ക്കിടയില്‍, നെല്ലു കുത്തുന്നതിനിടയില്‍, ചവറടിച്ചു കത്തിക്കുന്നതിനിടയില്‍ ചുമ്മാ പുഷ്പം പോലെ അങ്ങ് പ്രസവിക്കും...

അയാളുടെ അമ്മ എത്ര എളുപ്പത്തിലാണ് ആറേഴു വട്ടം പ്രസവിച്ചത് !

അവളുടെ അവശതയും ജോലിത്തിരക്കും അയാളില്‍ കോപതാപങ്ങള്‍ മാത്രമേ ഉണ്ടാക്കിയുള്ളൂ. പലപ്പോഴും അരിശം മൂത്ത് പാകപ്പെടുത്തിയ ആഹാര സാധനങ്ങള്‍ അയാള്‍ വലിച്ചെറിഞ്ഞു. രാത്രി മുഴുവന്‍ അവളെ അതി നിശിതമായി കുറ്റപ്പെടുത്തി. മുപ്പത്തിനാലുകാരിയും അനാരോഗ്യവതിയുമായ ഒരു കറുത്ത വൃദ്ധയെ കല്യാണം കഴിയ്‌ക്കേണ്ടി വന്ന സ്വന്തം ഗതികേടിനെ പഴിച്ചു.

അവള്‍ക്ക് മറുപടികള്‍ ഉണ്ടായിരുന്നില്ല.

കഠിനമായ ജോലിത്തിരക്കിലും മനസ്സമാധാനമില്ലായ്മയിലും ആയതുകൊണ്ട് അവള്‍ക്ക് കുഞ്ഞിനെ ഓര്‍ത്ത് പുളകം കൊള്ളാനൊന്നും കഴിഞ്ഞതേയില്ല. പ്രോജക്ട് തീര്‍ക്കലും ടാര്‍ഗെറ്റ് മുട്ടിക്കലും എങ്ങനെയെങ്കിലും വീട്ടില്‍ സമാധാനം ഉണ്ടാക്കാന്‍ ശ്രമിക്കലും ഒക്കെയായിരുന്നു അവളുടെ ലക്ഷ്യം. ജോലി നഷ്ടപ്പെടാതെ നോക്കലായിരുന്നു ഇതില്‍ ഏറ്റവും പ്രധാനം. അതുകൊണ്ട് ഗര്‍ഭത്തിന്റെ ഒരു റൊമാന്‍സും അവളുടെ ജീവിതത്തില്‍ കടന്നു വന്നില്ല.

ഗര്‍ഭം പൂര്‍ത്തിയായി വരുമ്പോഴാണ് ഒരു കാറു വാങ്ങാമെന്ന് അവള്‍ക്ക് തോന്നിയത്, കുഞ്ഞിനു സ്‌കൂട്ടറിലും ഓട്ടോയിലും ഒക്കെ പോവുന്നതിനേക്കാള്‍ എളുപ്പമായിരിക്കില്ലേ കാര്‍ യാത്ര എന്നവള്‍ വിചാരിച്ചു. അങ്ങനെ സ്വന്തം ശമ്പളത്തിന്റെ ബലത്തില്‍ ബാങ്കില്‍ നിന്ന് കടമെടുത്ത് അവള്‍ ഒരു കുഞ്ഞു മാരുതി കാര്‍ സ്വന്തമാക്കി.

അവളുടെ ഭര്‍ത്താവിനു കാര്‍ ഓടിയ്ക്കാന്‍ അറിയുമായിരുന്നില്ല. എന്നാലും പുതുതായി കിട്ടിയ കളിപ്പാട്ടത്തെ കൈകാര്യം ചെയ്യുന്ന കൌതുകത്തില്‍ ഡ്രൈവിംഗ് പഠിയ്ക്കാന്‍ അയാള്‍ നന്നായി ഉല്‍സാഹിച്ചു. ... കാര്‍ അരുമയോടെ അയാളുടെ കരങ്ങളില്‍ പൂര്‍ണമായും ഒതുങ്ങി.

അങ്ങനെ ആ ദിവസം വന്നു..

നാളെ അഡ്മിറ്റാവണമെന്ന് ഡോക്ടര്‍ അവളോട് പറഞ്ഞു.

അവള്‍ അന്നും ഓഫിസില്‍ പോയി. നിറവയറുമായി പെട്ടി ലിഫ്റ്റില്‍ കയറി... കാറ്റത്ത് ആകാശത്തില്‍ ഊഞ്ഞാലാടി... എല്ലാ ചെക്കിംഗും പൂര്‍ത്തിയാക്കി.. രാത്രി ഒമ്പതുമണി വരെ മീറ്റിംഗില്‍ പങ്കെടുത്തു. അത് കഴിഞ്ഞ് രണ്ട് കിലോമീറ്റര്‍ നടന്ന് അവള്‍ വീട്ടിലെത്തി. വീട്ടില്‍ കൊണ്ടു വിടട്ടേ എന്ന് ഓഫീസ് അധികാരികളൊ ഞാന്‍ വിളിയ്ക്കാന്‍ വരട്ടേ എന്ന് ഭര്‍ത്താവോ ചോദിച്ചില്ല.

ഗര്‍ഭം അവളുടെ മാത്രം പ്രശ്‌നമായിരുന്നുവല്ലോ.

അന്ന് വൈകുന്നേരം അവള്‍ക്ക് തികച്ചും അപ്രതീക്ഷിതമായി ഒരു വീട്ടു സഹായിയെ കിട്ടി. പതിനെട്ട് വയസ്സുള്ള ഒരു പെണ്‍കുട്ടിയെ..

ദൈവം അനുഗ്രഹിക്കുന്നത് ചിലപ്പോള്‍ ഇങ്ങനെയൊക്കെയായിരിക്കും ... അല്ലേ

( തുടരും )

No comments: