Monday, July 16, 2018

വ്യാഴവട്ടങ്ങളില്‍ ചിതറിത്തെറിക്കുന്നത്....40

https://www.facebook.com/echmu.kutty/posts/601206886725276?pnref=story
നോവല്‍ 40

മകനല്ലാതെ മറ്റാര്‍ക്കും അത് ചെയ്യാന്‍ കഴിയില്ലെന്ന് സൈബര്‍ സെല്ലുകാര്‍ ഉറപ്പിച്ചു പറഞ്ഞു. അയച്ച സമയമാണ് അവര്‍ പരിശോധിച്ചത്. അവള്‍ക്ക് ഉറപ്പുണ്ടായിരുന്നുവെങ്കിലും അത് ഒരു വിങ്ങുന്ന സംശയമായി മനസ്സില്‍ നില്‍ക്കേണ്ട എന്നാണ് അവള്‍ വിചാരിച്ചത്. മകന്‍ ഇനി വീട്ടില്‍ എത്തുകയാണെങ്കില്‍ സൈബര്‍ ഓഫീസര്‍മാര്‍ വീട്ടില്‍ വരണമെന്നും അവനെവേണ്ട രീതിയില്‍ ഉപദേശിക്കണമെന്നും അവള്‍ അവരോട് അപേക്ഷിച്ചു. അമ്മയുടെ ഫോണ്‍ ദുരുപയോഗം ചെയ്യുന്നതു പോലെ അല്ല, മറ്റാരുടേയെങ്കിലും ഫോണ്‍ ദുരുപയോഗം ചെയ്യുന്നതെന്നും അമ്മ ക്ഷമിക്കുന്നതു പോലെ മറ്റുള്ളവര്‍ ക്ഷമിക്കുകയില്ലെന്നും മറ്റും അവനെ പറഞ്ഞു മനസ്സിലാക്കാമെന്നും അവര്‍ വാഗ്ദാനം ചെയ്തു.

അവള്‍ അവരുടെ സന്മനസ്സിനു നന്ദി പറഞ്ഞ് ഇറങ്ങി.

കേസ് ഫയല്‍ ചെയ്താല്‍ പിന്നെ കോടതി ഒന്നേ രണ്ടേ എന്ന് നോട്ടീസ് അയയ്ക്കുവാന്‍ തുടങ്ങും . അയാള്‍ പതിവു പോലെ ആദ്യത്തെ പ്രാവശ്യം ഒഴിവായി , പക്ഷെ, മൂന്നു കേസുകള്‍ ഒന്നിച്ചുണ്ടെന്ന് അറിഞ്ഞപ്പോള്‍ പിന്നെ നോട്ടീസ് എടുക്കാതിരുന്നിട്ട് കാര്യമില്ലെന്ന് അയാള്‍ക്ക് മനസ്സിലായി . അയാള്‍ ഒന്നര മാസത്തിനുള്ളില്‍ നോട്ടീസ്സുകള്‍ എല്ലാം ഒന്നൊന്നായി സ്വീകരിച്ചു.

പക്ഷെ, അതിനകം അവള്‍ വാങ്ങിക്കൊടുത്ത ഭൂമി അയാള്‍ വിറ്റു കഴിഞ്ഞിരുന്നു. അയാളുടെ വിഹിതമായി ഇരുപത്തഞ്ചുലക്ഷമേ അയാള്‍ക്ക് കിട്ടിയുള്ളൂ. കാരണം എടുപിടീന്ന് വിറ്റതുകൊണ്ട് കൂടുതല്‍ ലാഭമൊന്നും ഉണ്ടായില്ല. എന്നാല്‍ അയാളെ സംബന്ധിച്ച് കിട്ടുന്നതെന്തും ലാഭമായിരുന്നുവല്ലോ.

അയാളുടെ സുഹൃത്ത് ഭൂമി വിറ്റ കാര്യം അവളെ കൃത്യമായി അറിയിച്ചു. എന്തിനതിനു സമ്മതിച്ചു, അങ്ങനെ അയാളെ എന്തിനു സഹായിച്ചുവെന്ന് അവള്‍ തിരക്കാതിരുന്നില്ല. അയാളെയും അയാളുടെ നിരന്തരമായ ഫോണ്‍ വിളികളേയും ആര്‍ക്കും താങ്ങാനാവില്ലെന്നായിരുന്നു സുഹൃത്തിന്റെ മറുപടി. പിന്നെ അവള്‍ ഒന്നും ചോദിച്ചില്ല.

പൊടുന്നനെ ഒരു ദിവസം അവന്റെ സ്‌ക്കൂളില്‍ നിന്ന് അവളെ അന്വേഷിച്ച് ഒരു ഫോണ്‍ വന്നു. അവള്‍ രാവിലെ പത്തുമണിയ്ക്ക് സ്‌കൂളില്‍ ചെല്ലണമെന്നായിരുന്നു അവരുടെ നിര്‍ദ്ദേശം. അതനുസരിച്ച് അവള്‍ അവിടെ പോയപ്പോള്‍ , അവര്‍ അയാളെയും വിളിച്ചു വരുത്തിയിരുന്നു. അവന്‍ എട്ടാംക്ലാസ്സില്‍ തോറ്റു പോയി എന്ന വര്‍ത്തമാനമായിരുന്നു സ്‌കൂളധികൃതര്‍ക്ക് നല്‍കാനുണ്ടായിരുന്നത്. അവള്‍ ഒരു വര്‍ഷം മാറി നിന്നപ്പോള്‍ അവന്‍ പരീക്ഷയില്‍ തോറ്റെന്ന വിവരം അറിഞ്ഞ് അവള്‍ക്ക് കടുത്ത വേദന തോന്നി. കുട്ടിയുടെ വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ സ്‌കൂള്‍ അധികൃതര്‍ അപ് ലോഡ് ചെയ്യുന്നത് കാണാന്‍ അവള്‍ക്ക് പറ്റുമായിരുന്നില്ല. കാരണം ആ പാസ് വേര്‍ഡ് അയാള്‍ മാറ്റിയിരുന്നു. വളരെയധികം സല്‍പേരുള്ള ആ ഇന്റര്‍നാഷണല്‍ സ്‌കൂളിനു അവനെ ഇനി അവിടെ തുടര്‍ന്ന് പഠിപ്പിക്കാന്‍ സാധിക്കില്ലെന്ന് അവര്‍ അറിയിച്ചു. പരീക്ഷയില്‍ തോല്‍ക്കുന്നത് മാത്രമല്ല വെറും 150 ദിവസത്തെ അറ്റന്‍ഡന്‍സേ അവനുണ്ടായിരുന്നുള്ളൂ. അതും സ്‌ക്കൂള്‍ അധികൃതര്‍ക്ക് അസഹ്യമായിരുന്നു. അവനെ ബോര്‍ഡിംഗ് സ്‌കൂളില്‍ വിടുക എന്ന അവരുടെ ആശയത്തോട് യാതൊരു ഗത്യന്തരവുമില്ലാതെ അയാള്‍ക്ക് യോജിക്കേണ്ടി വന്നു. അയാള്‍ ഏതു കടലാസ്സില്‍ വേണമെങ്കിലും ഒപ്പിട്ട് തരാമെന്നും അയാള്‍ക്ക് പണമില്ലെന്നും അവള്‍ മകനെ നല്ല ബോര്‍ഡിംഗ് സ്‌ക്കൂളില്‍ വിട്ട് പഠിപ്പിച്ചാല്‍ മതിയെന്നും അയാള്‍ക്ക് കേസൊന്നും തന്നെ വേണ്ടെന്നും അയാള്‍ക്ക് വല്ല ഗ്രാമപ്രദേശത്തും പോയി സമാധാനമായി ജീവിയ്ക്കാനാണിഷ്ടമെന്നും മറ്റും അയാള്‍ സ്‌കൂളധികൃതര്‍ക്ക് മുന്നില്‍ മുറിവേറ്റു പിടയുന്ന ചോര വാലുന്ന ആണ്‍കിളിയായി.

സ്‌കൂളധികൃതര്‍ ചില ബോര്‍ഡിംഗ് സ്‌ക്കൂളുകളുടെ പേരുകള്‍ നല്‍കി. അവിടെ ചേര്‍ക്കാനായി അവന്റെ മാര്‍ക് ലിസ്റ്റിനെ ഫെയില്‍ഡ് എന്നതില്‍ നിന്ന് പാസ്സ്ഡ് എന്ന് ആക്കിത്തരാമെന്നും അവര്‍ വാഗ്ദാനം ചെയ്തു.

കസ്റ്റഡി കേസ് കോടതിയില്‍ വരുന്ന ദിവസത്തിനു ഒരാഴ്ച മുമ്പ് മകന്‍ അവളെ വിളിച്ചു, അവന് അമ്മയുടെ അടുത്തേക്ക് വരണമെന്ന് പറഞ്ഞു. അവള്‍ അതിനെക്കുറിച്ച് ആരാഞ്ഞപ്പോള്‍ 'അവനെ വരണ്ട' എന്ന് പറയരുതെന്ന് വക്കീല്‍ അവള്‍ക്ക് ഉപദേശം നല്‍കി. അങ്ങനെ അവള്‍ ഓഫീസില്‍ നിന്ന് വൈകീട്ട് വരുമ്പോള്‍ അവനെ വിളിച്ചുകൊണ്ടു വന്നു. വീട്ടില്‍ വന്ന് കയറിയതും അവന്‍ അവളുടെ കാല്‍ക്കല്‍ വീണു മാപ്പു പറയുകയും അവനോട് അമ്മ പൊറുക്കണമെന്ന് അപേക്ഷിക്കുകയുംചെയ്തു. അമ്മായിയോട് അവന്‍ ഒരു പിണക്കവും കാണിച്ചില്ല. വളരെ സാധാരണമായിരുന്നു അവന്റെ പെരുമാറ്റം.

ഒരു സാധാരണ കുഞ്ഞിനെപ്പോലെ സ്‌നേഹത്തോടെ അവന്‍ പെരുമാറുന്നത് കണ്ട് അവളുടെ ചേട്ടത്തിയമ്മയ്ക്ക് പാവം തോന്നി അവളോടും ആ കുഞ്ഞിനോടും. അവനു വലിയൊരു ടെഡിബെയറിനേ അവര്‍ സമ്മാനിച്ചു. അതവനു വലിയ ഇഷ്ടമായി. അവനൊരു ബാത് റോബ് വേണമായിരുന്നു. അതും അവര്‍ വാങ്ങിക്കൊടുത്തു. വൈകുന്നേരങ്ങളില്‍ സാധിക്കുമ്പോഴെല്ലാം അവള്‍ക്കൊപ്പവും അല്ലാത്തപ്പോള്‍ ചേട്ടത്തിയമ്മയ്ക്ക് ഒപ്പവും അവന്‍ ജിംഖാന ക്ലബില്‍ നീന്താന്‍ പോയി. അപ്പോഴൊക്കെ അവനൊരു സാധാരണകുട്ടിയായിരുന്നു. രാത്രിയില്‍ മോമോസ് തിന്നണമെന്നതായിരുന്നു അവന്റെ മറ്റാനാവാത്ത ഒരു വാശി. 'അമ്മായീ, സോയ ചങ്ക്‌സ് കറി വെയ്ക്കു, തൈരും ചോറും തരൂ, ഉച്ചയ്ക്ക് ബട്ടര്‍ ചിക്കനായാലോ ' എന്നൊക്കെ അവന്‍ പറഞ്ഞു തുടങ്ങി. അത്തരം മാറ്റങ്ങള്‍ക്ക് കൂടുതല്‍ നേരമെടുത്തതേയില്ല. അവനില്‍ ആത്മാര്‍ഥത ഇല്ലെന്ന് ആര്‍ക്കും പറയാനാവുമായിരുന്നില്ല. അവന്‍ കാണുന്ന കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളെപ്പറ്റിയും അതില്‍ തന്നെ പ്രത്യേകിച്ച് വെജീറ്റയെപ്പറ്റിയും ഗോഗോയെപ്പറ്റിയും അവന്റെ കൂട്ടുകാരായ അമല്‍, ടോമി, കണ്ണന്‍ എന്നിവരെപ്പറ്റിയും ഒക്കെ അവന്‍ അമ്മായിയോട് ധാരാളം സംസാരിച്ചു. അച്ഛന്റെ ഫോണ്‍ വരുമ്പോള്‍ അവന്‍ വീട്ടില്‍ നിന്ന് പുറത്തിറങ്ങിപ്പോകും, അല്ലെങ്കില്‍ ടോയ്‌ലറ്റില്‍ കയറി വാതിലടയ്ക്കും. ആ ഫോണിനു ശേഷം സ്വാഭാവികമായി അവന്റെ സ്വഭാവത്തിലെ മാധുര്യം കുറഞ്ഞു വരുമായിരുന്നു.

പഴയ മാരുതി കാര്‍ അമ്മ എവിടെ കൊണ്ടുകളഞ്ഞു എന്നത് അവന്റെ ഒരു വിഷമമായിരുന്നു. കാരണം , അവനുണ്ടായപ്പോള്‍ അവനെ ആശുപത്രിയില്‍ നിന്ന് കൊണ്ടുവരാന്‍ വേണ്ടി അച്ഛന്‍ വാങ്ങിയ കാറാണത്. അത് അവനു വലിയ ഇഷ്ടമുള്ള ഒരു കാറാണ്. അമ്മ അത് എങ്ങനെ എടുത്ത് ദൂരെക്കളഞ്ഞുവെന്ന് അവനു മനസ്സിലാകുന്നില്ല. അച്ഛന്‍ വാങ്ങിച്ച സാധനങ്ങള്‍ അങ്ങനെ അമ്മ കളയാന്‍ പാടുണ്ടോ?

'നിന്നെ പത്തുമാസം ചുമന്ന ഈ വയറ്റില്‍ നീ ചവുട്ടി ,ആ വയറിനേക്കള്‍ വലുതാണോ നീ ആദ്യം യാത്ര ചെയ്ത കാര്‍' എന്ന് അവള്‍ ചോദിച്ചപ്പോള്‍ അവന്റെ മുഖം വല്ലാതെ വിവര്‍ണമായി.

അവനു വേണ്ടി ഇന്ത്യയിലെ ഏറ്റവും പണച്ചെലവുള്ള ബോര്‍ഡിംഗ് സ്‌ക്കൂളുകള്‍ അയാള്‍ തെരഞ്ഞു പിടിച്ച് അവള്‍ക്ക് ലിസ്റ്റ് അയക്കാന്‍ തുടങ്ങി. അവള്‍ ആത്മാര്‍ഥമായി അവിടെയെല്ലാം അന്വേഷിക്കാനും ആരംഭിച്ചു. അവിടെയൊക്കെ അവളും മോനും കൂടി പോകണമെന്നായിരുന്നു അയാളുടെ ആവശ്യം. ഇന്ത്യയിലങ്ങോളമിങ്ങോളമുള്ള സ്‌ക്കൂളുകളില്‍ വെറും അന്വേഷണത്തിനും സ്‌കൂള്‍ കാണാനുമായി പോയിവരുന്നത് മനുഷ്യസാധ്യമായ ഒരു കാര്യമായിരുന്നില്ല. തന്നെയുമല്ല, മിക്കവാറും സ്‌കൂളുകള്‍ അവനെ ഫോണിലൂടെയും ഈ മെയിലിലൂടെയും തന്നെ തള്ളിക്കളയുകയുമായിരുന്നു.

കസ്റ്റഡികേസ് കുടുംബകോടതിയില്‍ വന്ന ദിവസം, അയാള്‍ വക്കീലിനെ ഒന്നും ഏര്‍പ്പെടുത്താതെ ഒറ്റയ്ക്കാണ് എത്തിയത്. അയാള്‍ക്ക് വിസിറ്റിംഗ് റൈറ്റ്‌സ് മാത്രം മതിയെന്നും പെര്‍മനന്റ് കസ്റ്റഡി അവള്‍ എടുത്തുകൊള്ളട്ടെ എന്നും അയാള്‍ ഉദാരമനസ്‌ക്കനായി. കേസ് അങ്ങനെ ഉദ്ദേശിച്ചതിലും വളരെ വേഗം തീര്‍ന്നു. കോടതി ഉത്തരവ് അപ്പോള്‍ തന്നെ നിലവില്‍ വരികയും ചെയ്തു. അതനുസരിച്ച് അയാള്‍ക്ക് വളരെ ലിബറലായ വിസിറ്റിംഗ് റൈറ്റ്‌സ് അനുവദിച്ചിരുന്നു. കുട്ടിയെ ബോര്‍ഡിംഗില്‍ വിട്ട് പഠിപ്പിക്കാനും പിന്നെ അയാളുടെ മോഹം പോലെ ഡൂണ്‍ പബ്ലിക് സ്‌കൂളില്‍ ഒക്കെ അയാള്‍ കുട്ടിയ്ക്ക് അഡ്മിഷന്‍ വാങ്ങിക്കൊണ്ട് വരികയും അതിന്റെ പണച്ചെലവ് അയാള്‍ സ്വയം വഹിക്കുകയും ചെയ്യുകയാണെങ്കില്‍ ആ പഠിപ്പിക്കലിനു അവള്‍ തടസ്സം നില്‍ക്കരുതെന്നും കോടതി ഉത്തരവായി.

'അവന്‍ അച്ഛനെ കാണാന്‍ പോകരുതെന്ന് ആര്‍ക്കും പറയാന്‍ കഴിയില്ലല്ലോ അല്ലേ' എന്നു മാത്രമായിരുന്നു മോന്റെ പ്രതികരണം. കാരണം അവനാണ് അച്ഛന്റെ ഭാഗ്യമെന്ന് അച്ഛന്‍ അവനോട് പറഞ്ഞിട്ടുണ്ട്. അവനുണ്ടായതില്‍ പിന്നെയാണ് അച്ഛന് എല്ലാ നന്മയും പണവും ഒക്കെ ഉണ്ടായതെന്ന് അച്ഛന്‍ പറഞ്ഞിട്ടുണ്ട്. അവനാണ് ജീവിതത്തിന്റെ ആധാരമെന്ന് അച്ഛന്‍ അവനോട് പറഞ്ഞിട്ടുണ്ട്. സാധാരണ ഒരു കുട്ടിയും അമ്മയെ വിട്ട് അച്ഛന്റൊപ്പം നില്‍ക്കില്ല. ഇത്രയും കാലം അങ്ങനെ അച്ഛന്റൊപ്പം നിന്ന് അച്ഛനു പിന്തുണ കൊടുത്ത കുട്ടിയാണവന്‍. അവന്‍ അച്ഛന്റെ സ്‌പെഷ്യല്‍ കുട്ടിയാണ് .

അമ്മയും അച്ഛനും അവനും ഒന്നിച്ചു താമസിക്കുമ്പോള്‍ അച്ഛന്‍ അവനെ വിളിക്കുമായിരുന്ന കഴുതേ, തള്ളേടേ മോനെ, അറിവ് കെട്ടവനെ, യൂസ്ലസ്സേ, പണ്ടാരമേ, നീ എന്തിനു പിറന്നു എന്നതൊക്കെ അവന്‍ തീര്‍ത്തും മറന്നു കഴിഞ്ഞിരുന്നു. എന്നാല്‍ അമ്മ വല്ലപ്പോഴും അടിച്ചതും വഴക്കു പറഞ്ഞതും യൂണിഫോം മടക്കി വെക്കാഞ്ഞതും ഓംലെറ്റില്‍ അധികം മുളകിട്ടതും ഉച്ചയ്ക്ക് അമ്മ ഉറങ്ങുമ്പോള്‍ എഴുന്നേല്‍പ്പിച്ചതിനു ദേഷ്യപ്പെട്ടതും, സച്ചിന്‍ ടെണ്ടുല്‍ക്കര്‍ വന്ന പാര്‍ട്ടിയില്‍ അമ്മ അവനെ കൂട്ടിക്കൊണ്ടുപോയിട്ട്, അയാളുടെ അടുത്തിരുത്തുകയൊക്കെ ചെയ്‌തെങ്കിലും അവന്‍ പലവട്ടം അയാളോട് ഓട്ടോഗ്രാഫ് ചോദിച്ചിട്ടും അത് കിട്ടാതെ വന്നപ്പോള്‍ അത് മേടിച്ചു കൊടുക്കാതെ മറ്റുള്ളവരോട് സംസാരിച്ചുകൊണ്ടിരുന്നതും, അങ്ങനെ അമ്മയുടെ തുടക്കം മുതലുള്ള ഓരോരോ കഠിന വീഴ്ചകളും അവന്‍ കൃത്യമായി ഓര്‍മ്മിച്ചുകൊണ്ടുമിരുന്നു. അവനാണല്ലോ അവന്റെ അച്ഛന്റെ ഏറ്റവും മൂര്‍ച്ചയേറിയ ആയുധം. ആയുധത്തിനു സ്വന്തം മൂര്‍ച്ചയെപ്പറ്റി അറിവില്ലാത്തതു പോലെ അവനും അവന്റെ മൂര്‍ച്ചയെപ്പറ്റി അറിവുണ്ടായിരുന്നില്ലെന്ന് വേണം കരുതാന്‍...

( തുടരും )

No comments: