Friday, July 6, 2018

വ്യാഴവട്ടങ്ങളില്‍ ചിതറിത്തെറിക്കുന്നത്....17

https://www.facebook.com/echmu.kutty/posts/575570999288865?pnref=story

നോവല്‍ 17.


അയാള്‍ വീട്ടില്‍ വെറുതേ ഇരിക്കുന്നതാണ് കുഴപ്പങ്ങള്‍ക്ക് വഴി വെയ്ക്കുന്നതെന്ന് അയാളുടെ വീട്ടുകാരുള്‍പ്പടെ എല്ലാവരും അഭിപ്രായപ്പെട്ടു. അവളുടെ ചേട്ടനും അനിയത്തിയും ആ അഭിപ്രായമുള്ളവരായിരുന്നു. ചേട്ടന്‍ പക്ഷെ, അവളുടെ ഭര്‍ത്താവിനോട് ഇക്കാര്യത്തെപ്പറ്റി സംസാരിക്കാന്‍ വിമുഖനായിരുന്നു. ചിലപ്പോഴൊക്കെ എന്തെങ്കിലും പറഞ്ഞാലും മുഖത്തടിച്ചതു പോലെ ' നീ ചെയ്യുന്നത് തെറ്റാണ് , നീ എന്റെ അനിയത്തിയോട് പെരുമാറുന്ന രീതി ഒട്ടും ശരിയല്ല, അതെനിക്ക് ഇഷ്ടപ്പെടുന്നില്ല ' എന്ന് തന്റേടത്തോടെ അവളുടെ രക്ഷാകര്‍ത്താവാണെന്ന മട്ടില്‍ പറയാന്‍ ഒരിയ്ക്കലുമൊരിയ്ക്കലും ചേട്ടന് കഴിഞ്ഞില്ല. ചേട്ടന്‍ സത്യമായും ഒരു പരമഭീരുവായിരുന്നു. പ്രശ്‌നങ്ങള്‍ വരുമ്പോള്‍ ചേട്ടത്തിയമ്മയെ മുന്നോട്ടുന്തി സുരക്ഷിതമായ ഒരു അകലം പാലിയ്ക്കാന്‍ ചേട്ടന്‍ എപ്പോഴും ശ്രദ്ധിച്ചിരുന്നു. അവളുടെ ചുമതല ഏറ്റെടുക്കാനോ അവള്‍ക്കായി ബലമുള്ള ഒരു നിലപാട് എടുക്കാനോ ചേട്ടനു സാധിച്ചിരുന്നില്ല. ചേട്ടനെ നേരിട്ട് സ്പര്‍ശിയ്ക്കാത്ത കാര്യങ്ങള്‍ മാത്രമേ അദ്ദേഹം ചെയ്തിരുന്നുള്ളൂ. അതുകൊണ്ടു തന്നെ എപ്പോഴും അവസാനിയ്ക്കാത്ത സമവായമായിരുന്നു ചേട്ടന്റെ രീതി.

ചേട്ടത്തിയമ്മയ്ക്കായിരുന്നു പിന്നെയും തന്റേടം. പക്ഷെ, 'നീ മിണ്ടല്ലേ, നീ മിണ്ടല്ലേ' എന്ന് അവരെ വാ തുറക്കാന്‍ ചേട്ടന്‍ സമ്മതിച്ചിരുന്നില്ല. ആദ്യമൊക്കെ ' നീ വിഷമിക്കരുത്, നിനക്ക് ചേട്ടനുണ്ട് ' എന്ന് പറഞ്ഞിരുന്ന ചേട്ടത്തിയമ്മ പിന്നെപ്പിന്നെ അങ്ങനെ പറയാതെയായി. സ്വന്തം ഭര്‍ത്താവിന്റെ ഭീരുത്വം അവര്‍ക്കും മനസ്സിലായിരുന്നിരിക്കണം.

അവളുടെ അനിയത്തി വിധവയും ഒരു പെണ്‍കുഞ്ഞിന്റെ അമ്മയുമായിരുന്നു. അനിയത്തിയുടെ കുഞ്ഞിന്റേയും അവളുടേയും ജാതകദോഷം കൊണ്ട് ഭര്‍ത്താവ് അകാലത്തില്‍ മരണപ്പെട്ടു എന്ന് വിശ്വസിക്കുന്ന ഭര്‍തൃവീട്ടുകാര്‍ അനിയത്തിയേയും കുഞ്ഞിനെയും ഓര്‍ക്കുക പോലും ചെയ്തിരുന്നില്ല. അവളുടെ അമ്മ അതുകൊണ്ട് അനിയത്തിയ്‌ക്കൊപ്പം മാത്രമേ പാര്‍ക്കുവാന്‍ തയാറായുള്ളൂ. അനിയത്തി ചില്ലറ ജോലികള്‍ ചെയ്ത് കുറച്ച് വരുമാനമുണ്ടാക്കിയിരുന്നു. എന്നാലും ഒരു സ്ഥിരം ജോലിയും വരുമാനവും അവള്‍ക്ക് കൈയെത്തിപ്പിടിയ്ക്കാന്‍ പറ്റുന്ന തരത്തിലായിരുന്നില്ല. അമ്മയുടെ പെന്‍ഷനിലാണ് അവര്‍ക്ക് ആകെ ഒരു ഉറപ്പുണ്ടായിരുന്നത്.ആ അമ്മയേയും അനിയത്തിയേയും സഹായിക്കുന്നുണ്ടോ അവള്‍ എന്ന് പരിശോധിക്കുന്നത് അയാളുടെ സ്ഥിരം പതിവായിരുന്നു.

പരിശോധന എളുപ്പമായിരുന്നു. അവളുടെ എ ടി എം കാര്‍ഡും ചെക്കു ബുക്കും അയാളുടെ പക്കലായിരുന്നു. എല്ലാ മാസവും ബാങ്ക് സ്‌റ്റേറ്റ്‌മെന്റ് അയാള്‍ക്ക് അവള്‍ അയച്ചു കൊടുത്തിരുന്നു.

എന്നാലും ഏതെങ്കിലും സൂത്രമുപയോഗിച്ച് അവള്‍ അവര്‍ക്ക് പണം നല്‍കുന്നുണ്ടാവുമോ എന്ന ആധി അയാളെ വല്ലാതെ അലട്ടി. ആരെയെങ്കിലും അവള്‍ പുതിയതായി പരിചയപ്പെട്ടാല്‍ അത് അവള്‍ വീട്ടുകാര്‍ക്ക് പണമെത്തിക്കുന്ന ഏജന്റായിരിക്കുമെന്ന് തീര്‍ച്ചയാക്കി അയാള്‍ അവളോട് ബഹളമുണ്ടാക്കി. 'മോനു മാത്രം കിട്ടേണ്ട പണം അമ്മ മറ്റാര്‍ക്കെങ്കിലും കൊടുക്കുന്നുണ്ടോ എന്ന് അച്ഛന്‍ പരിശോധിക്കുന്നതില്‍ എന്താണ് തെറ്റ് ' എന്നയാള്‍ മോനോട് ചോദിച്ചപ്പോള്‍ അവനും അത് ഗൌരവമായി തോന്നി.

'എന്റെ പണം അമ്മ ആര്‍ക്കും കൊടുക്കരുതെന്ന് ' അവന്‍ അവളോട് പറഞ്ഞു.

അവന്റെ കുഞ്ഞു ഗൌരവം കണ്ടപ്പോള്‍ അവള്‍ക്ക് ചിരിയാണ് വന്നത്.

'കൊടുത്താല്‍ ഞാന്‍ അമ്മയെ അടിക്കും' എന്നവന്‍ കൂടുതല്‍ ഗൌരവപ്പെട്ടപ്പോള്‍ അവളുടെ ചിരി സാവധാനം മാഞ്ഞു.

മകന്‍ അപകടകരമായി തെറ്റിദ്ധരിപ്പിക്കപ്പെടുന്നുണ്ടെന്ന് അവള്‍ക്ക് ബോധ്യമായി. അമ്മയെ അടിക്കുന്നതും മോശം വാക്കുകളില്‍ ചീത്ത പറയുന്നതും ഒക്കെ തെറ്റാണെന്ന് അവള്‍ അവനോട് പറഞ്ഞു.

അപ്പോള്‍ അവന്‍ ചിരിച്ചു.

'ഞാന്‍ അമ്മേടേ മോനാ.. ഞാന്‍ അമ്മേ അടിക്കുമോ?'

സാധിക്കുമ്പോഴെല്ലാം അല്ലെങ്കില്‍ തോന്നുമ്പോഴെല്ലാം അവളെ അടിയ്ക്കാനും കടിയ്ക്കാനും ഒക്കെ വരുമെങ്കിലും അവന്റെ ആ മറുപടി ആത്മാര്‍ഥമായിരുന്നു.

ഹോബികള്‍ മുമ്പോട്ട് കൊണ്ടു പോയി അയാളെ മുഴുവന്‍ സമയവും എന്തിലെങ്കിലും വ്യാപൃതനാക്കണമെന്നും കുട്ടിയെ തെറ്റിദ്ധരിപ്പിക്കുവാന്‍ സമയമില്ലാതാക്കണമെന്നും അവള്‍ വിചാരിച്ചു.

അയാള്‍ക്ക് തയിയ്ക്കാന്‍ ഇഷ്ടമാണെന്ന്, കുക്കിംഗ് ഇഷ്ടമാണെന്ന്, കമ്പ്യൂട്ടര്‍ പഠിപ്പിക്കാന്‍ ഇഷ്ടമാണെന്ന്, കൃഷി ചെയ്യാന്‍ ഇഷ്ടമാണെന്ന്, സംസ്‌കൃതം പഠിക്കാന്‍ ഇഷ്ടമാണെന്ന്, സാമൂഹ്യ സേവനം ഇഷ്ടമാണെന്ന് അയാള്‍ പറഞ്ഞു.

തയ്യല്‍ മെഷീന്‍ മേടിച്ചിട്ട് അവള്‍ക്കുള്ള വസ്ത്രങ്ങള്‍ അയാള്‍ തയിയ്ക്കാമെന്നും ഏതു ഫാഷന്‍ വേണമെങ്കിലും അയാള്‍ക്ക് വഴങ്ങുമെന്നും അയാള്‍ പൊങ്ങച്ചംകൊണ്ടു.

അവള്‍ക്ക് സന്തോഷം തോന്നി. വെറുതേ ഇരിക്കുന്നതിലും ഭേദമാണല്ലോ. ചുമ്മാ വല്ലതുമൊക്കെ ആലോചിച്ചു കൂട്ടുന്നതിലും ഭേദമാണല്ലോ.

അങ്ങനെ ഉശിരനൊരു തുന്നല്‍ മെഷീന്‍ വന്നു. അയാള്‍ തന്നെ തെരഞ്ഞെടുത്തത്.

അവള്‍ ഫ്‌ലാറ്റിനടുത്ത് തന്നെ ഒരു ചെറിയ കടമുറി വാങ്ങിയിട്ടു. അത് അയാളുടെ പേരില്‍ ലോണെടുത്ത് വാങ്ങാന്‍ ഒരു വഴിയുമുണ്ടായിരുന്നില്ല. ബാങ്കുകാര്‍ക്ക് സാലറി സ്ലിപ് വേണമല്ലോ കടം കൊടുക്കാന്‍.. അങ്ങനെ കടമുറി അവളുടെ പേരിലായി. അയാള്‍ അതിന്റെ കടലാസ്സുകള്‍ കൈവശം വെച്ചു. കടമുറി പൂട്ടി താക്കോലും അയാള്‍ സൂക്ഷിച്ചു.

എന്നാല്‍ അതില്‍ സൂപ്പ് കടയോ കമ്പ്യൂട്ടര്‍ ക്ലാസ്സോ ഒരുകാലത്തും അയാള്‍ ആരംഭിച്ചില്ല.

തുന്നല്‍ മെഷീന്‍ മെല്ലെ തുരുമ്പ് പിടിച്ചു.

രഘുവംശവും സിദ്ധരൂപവും അമരകോശവും അലമാരിയില്‍ ഇരട്ടവാലന്റെ ചുംബനങ്ങള്‍ ഏറ്റു വാങ്ങി.

അമ്പതിനായിരം രൂപയ്ക്ക് കുറച്ച് ഭൂമി പാട്ടത്തിനെടുത്ത് കൃഷി ചെയ്യാമെന്ന് അവള്‍ പറഞ്ഞപ്പോള്‍ അയാള്‍ കൂട്ടാക്കിയില്ല. കാരണം കൃഷി ചെയ്യുമ്പോള്‍ അതൊക്കെ കിളികളും കീടങ്ങളും തിന്നു തീര്‍ക്കുമെന്ന ന്യായമായിരുന്നു അയാളൂടേത്.

കുട്ടികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന എന്‍ ജി ഓകളിലും വൃദ്ധര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന എന്‍ ജി ഓ കളിലും എന്നിങ്ങനെ പറ്റാവുന്നിടത്തോളം സ്ഥലങ്ങളില്‍ സാമൂഹ്യ സേവനത്തിനു യോജിച്ച മേഖലകള്‍ അവള്‍ അയാള്‍ക്ക് ചൂണ്ടിക്കാണിച്ചു കൊടുത്തു. അവിടെയെല്ലാം വെറും ചൂഷണമാണെന്ന് ആരോപിച്ച് അയാള്‍ എങ്ങും പോയില്ല.

അവളുടെ ചില സഹപ്രവര്‍ത്തകരോട് ചേര്‍ന്ന് വല്ല പ്രോജക്റ്റുകളിലും അയാളെ ഉള്‍പ്പെടുത്താനാകുമോ എന്നും അവള്‍ ശ്രമിക്കാതിരുന്നില്ല. ഒന്നും നടന്നില്ലെന്ന് മാത്രമല്ല, ഇതിനെയെല്ലാം ചൊല്ലി വീട്ടില്‍ എപ്പോഴും വഴക്കുമുണ്ടായി. വിവരങ്ങള്‍ അറിഞ്ഞ അയാളുടെ ചേട്ടനും ഉറപ്പിച്ചു പറഞ്ഞു. 'നീ എന്തെങ്കിലുമൊക്കെ ചെയ്തില്ലെങ്കില്‍ നിന്റെ ജീവിതം നശിക്കുമെന്ന്.... '

അവന്റെ അച്ഛന്‍ വീട്ടില്‍ ചുമ്മാ ഇരിക്കുകയാണെന്ന് മകനു സങ്കടം തോന്നിത്തുടങ്ങി. അമ്മ ജോലിക്ക് പോയില്ലെങ്കില്‍ ജീവിക്കാന്‍ പ്രയാസമാകുമെന്ന് അവന്‍ പതുക്കെപ്പതുക്കെ അറിയുകയായിരുന്നു. പണ്ടൊക്കെ അവളോട് ജോലിക്ക് പോവണ്ട എന്നവന്‍ വാശി പിടിക്കാറുണ്ടായിരുന്നു. ഇപ്പോഴവന്‍ അത് പൂര്‍ണമായും നിറുത്തി.

( തുടരും )

No comments: