Saturday, July 7, 2018

വ്യാഴവട്ടങ്ങളില്‍ ചിതറിത്തെറിക്കുന്നത്....20

https://www.facebook.com/echmu.kutty/posts/578901865622445

നോവല്‍ 20

യാത്ര കഴിഞ്ഞ് മടങ്ങിയെത്തിയപ്പോള്‍ അയാള്‍ പലവട്ടം അവളെ തെറി വിളിച്ചു. അവളുടെ മൊബൈല്‍ ഫോണ്‍ അനേകം തവണ പരിശോധിച്ചു. അവളുണ്ടാക്കിയ ചായയും ഭക്ഷണവും തൊട്ടു നോക്കിയില്ല. തെറിവിളിക്കു ശേഷം പതിവുള്ള മൌനവ്രതവും ഉണ്ണാവ്രതവും അയാള്‍ പാലിച്ചു.

അവള്‍ മാപ്പു പറയാന്‍ ഒട്ടും കൂട്ടാക്കിയില്ല. ഈ ബന്ധം പൊട്ടിപ്പോക്കോട്ടെ എന്ന് അവളുടെ മനസ്സ് തീരുമാനിക്കുകയായിരുന്നു.

ശനിയാഴ്ച രാവിലെ മകന്‍ ഓഫീസിലേക്ക് കൂടെ വരുന്നുണ്ടെന്ന് പറഞ്ഞപ്പോള്‍ അവള്‍ക്ക് സന്തോഷം തോന്നി. അതും ഇടയ്‌ക്കൊക്കെ പതിവാണ്. അവന്‍ അവിടെയുള്ള അവളുടെ എല്ലാ ജൂനിയര്‍മാരുമായും വലിയ കൂട്ടാണ്. വീഡിയോ ഗെയിം കളിച്ച് രസിക്കും. മൊബൈലില്‍ സിനിമ കണ്ട് പൊട്ടിപ്പൊട്ടിച്ചിരിക്കും. അച്ഛന്‍ വാങ്ങിച്ചു കൊടുക്കാത്ത പിറ്റ്‌സ വാങ്ങിക്കഴിക്കും. എന്നിട്ട് അത് തിന്ന ആഹ്ലാദം താങ്ങാന്‍ പറ്റാതെ വീട്ടില്‍ വന്ന് 'അമ്മ പിറ്റ്‌സ വാങ്ങിത്തന്നല്ലോ' എന്ന് അച്ഛനോട് പറയും.

ഉടനെ തുടങ്ങുകയായി വഴക്ക്... ഒടുവില്‍ അവനു തന്നെ വിഷമമാവും..

പിന്നെപ്പിന്നെ അവള്‍ അവനെ വിലക്കുമായിരുന്നു.. 'പിറ്റ്‌സ വാങ്ങിത്തരില്ല.. എനിക്ക് വയ്യ വഴക്ക് താങ്ങാന്‍.. '

അവന്‍ ചിരിച്ചു മയക്കും.. വാഗ്ദാനം ചെയ്യും. ഒടുവില്‍ അവള്‍ വഴങ്ങും.

അന്നും അതൊക്കെ തന്നെയുണ്ടായി .

പക്ഷേ, വൈകീട്ട് വീട്ടിലെത്തിയപ്പോള്‍ അവളെ അമ്പരപ്പിച്ചുകൊണ്ട് അവന്‍ പറഞ്ഞു. ' 'അമ്മയെ ആരൊക്കെ ആണുങ്ങള്‍ നോക്കിയെന്ന് ഞാന്‍ കണ്ടുപിടിച്ചിട്ടുണ്ട് അച്ഛാ..' അവന്റെ ആ പ്രത്യേക കണ്ടുപിടുത്തത്തിലെ ത്രില്ലില്‍ കഴിച്ച പിറ്റ്‌സയുടെ കാര്യവും അവന്‍ വെളിപ്പെടുത്തി.

അവള്‍ സ്തംഭിച്ച് നിന്നു പോയി. അവന്‍ അയാളുടെ ചാരനായിട്ടാണ് കൂടെ വന്നത്. അവളുടെ മകനായിട്ടല്ല.

അവള്‍ക്ക് മരിയ്ക്കണമെന്ന് തോന്നി. ആരും വേണ്ട.. ഭര്‍ത്താവും മകനും കുടുംബവും ജോലിയും സ്വത്തും ഈ ലോകവുമൊന്നും വേണ്ട.

മരിയ്ക്കണം.. എട്ടാം നിലയില്‍ നിന്ന് ചാടിയാലും വേണ്ടില്ല. അയാളുടെ അലര്‍ച്ചകള്‍ക്കും വഴക്കുകള്‍ക്കും ശേഷവും അവള്‍ ഒന്നും സംസാരിച്ചില്ല. 'ഈ മകന്‍ നിന്റെ വ്യഭിചാരത്തിനു സാക്ഷിയാണെടീ വേശ്യേ 'എന്നയാള്‍ അലറീട്ടും അവളുടെ ഉടയാത്ത മൌനം ഒടുവില്‍ മകനെ വേദനിപ്പിച്ചു.

അവന്‍ അടുത്തു വന്നിരുന്നു കെഞ്ചി . ' അമ്മ എന്നോട് ദേഷ്യപ്പെടൂ , എന്നെ തല്ലൂ പക്ഷെ, എന്നെ മൈന്‍ഡ് ചെയ്യാതിരിക്കരുത്..പ്ലീസ്. '

അവള്‍ അവനെ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞു.

അവള്‍ക്ക് ഭയങ്കര വാശി തോന്നുകയായിരുന്നു പിന്നീട്. ഇനി എന്തായാലെന്ത് എന്നൊരു വിചാരം. ഏതെങ്കിലും കൊള്ളാവുന്ന മറ്റൊരു പുരുഷനുമായി മാനസികവും ശാരീരികവുമായി അടുക്കണമെന്നും ഭര്‍ത്താവായ അയാളെ വഞ്ചിക്കണമെന്നും അവള്‍ക്ക് തോന്നി. അങ്ങനെ ആലോചിക്കുമ്പോള്‍ ഒരു പ്രതികാരം ചെയ്യുന്ന ആനന്ദം അവള്‍ക്കനുഭവപ്പെട്ടു. അപ്പോഴാണ് രണ്ടാമത്തെ യാത്ര വന്നത്..

അതൊരു ഓഫീസ് ട്രിപ്പായിരുന്നു. അവളുടെ ടീമിലെ പന്ത്രണ്ട് എന്‍ജിനീയര്‍മാരുമൊന്നിച്ച് , അതില്‍ പത്തുപേരും പുരുഷന്മാരായിരുന്നു. അവളുടെ ജൂനിയര്‍മാര്‍.. പത്തും പന്ത്രണ്ടും വയസ്സിനിളപ്പമുള്ളവര്‍ , അവളുടെ മുന്നില്‍ ഇരിയ്ക്കാത്തവര്‍, ഒരോ പുതിയ പ്രോജക്ട് ആരംഭിക്കുമ്പോഴും അവളുടെ കാല്‍ തൊട്ട് തലയില്‍ വെയ്ക്കുന്നവര്‍ അവര്‍ക്കൊപ്പമാണ് അവള്‍ വ്യഭിചരിക്കുന്നതെന്നായിരുന്നല്ലോ അയാളുടെ കണ്ടെത്തല്‍... അതിലൊരു ഇരുപത്തഞ്ചുകാരിയായ പെണ്‍കുട്ടിയുമുണ്ടായിരുന്നു. ആ കുട്ടി യാത്ര പോകാന്‍ മോഹിച്ചതുകൊണ്ടാണ് അവളും അതിനിറങ്ങിത്തിരിച്ചത്. അല്ലെങ്കില്‍ അവള്‍ ഒരിയ്ക്കലും ആ ട്രിപ്പിനു പോകുമായിരുന്നില്ല.

മകനെ കാവലായി കൂടെക്കൊണ്ടുപോകണമെന്ന് അയാള്‍ ശാഠ്യം പിടിച്ചു. അവള്‍ ഒട്ടും തന്നെ എതിര്‍ത്തില്ല. അവള്‍ ചേട്ടത്തിയമ്മയേയും ട്രിപ്പിനു ക്ഷണിച്ചിരുന്നു. അതയാള്‍ക്ക് അറിയാമായിരുന്നില്ല. ചേട്ടത്തിയമ്മ അവളുടെ അനിയത്തിയുടെ മകളുമൊത്താണ് വന്നത് . ആ ദിവസങ്ങളില്‍ അവള്‍ മതിമറന്നാഹ്ലാദിച്ചു. മകനെ അവളുടെ ജൂനിയര്‍മാര്‍ ഒരു യുവരാജാവിനെപ്പോലെയാണ് കൊണ്ടുനടന്നത്. അവനും ആഹ്ലാദഭരിതനായിരുന്നു. അയാള്‍ അവനു വിലക്കിയിരുന്ന എല്ലാ ഭക്ഷണവും പിറ്റ്‌സയും വേഫര്‍ ബിസ്‌ക്കറ്റുകളും ഉള്‍പ്പടെ അവള്‍ വാങ്ങിച്ചുകൊടുത്തു. ടീഷര്‍ട്ടുകളും ട്രൌസറുകളും അവനു പിടിച്ച ബെല്‍റ്റുകളും സിഡികളും വാങ്ങി. അവളും ഇഷ്ടമുള്ള ആഹാരമെല്ലാം വയറു നിറയെ വാങ്ങിക്കഴിച്ചു. ബാത് ടബ്ബില്‍ ഫോമും പുരട്ടി പതപ്പിച്ച് വിശ്രമിച്ച് സ്വന്തം നഗ്‌നതയെ പാവം പാവം എന്ന് പറഞ്ഞു സ്വയം താലോലിച്ചു. മകനെ കെട്ടിപ്പിടിച്ചു കട്ടിലില്‍ കിടന്ന് കിഷോര്‍ കുമാറിന്റെ പാട്ടു കേട്ടു.. ഷാറൂഖ് ഖാന്റെ സിനിമകള്‍ കണ്ടു. താമസിച്ച ഹോട്ടലിലെ ബ്യൂട്ടി സലൂണില്‍ പോയി ഫേഷ്യലും ഹെയര്‍ മസ്സാജും ഒക്കെ ചെയ്ത് ആഹ്ലാദിച്ചു.അയാള്‍ വിലക്കുന്നതെല്ലാം ഒരോന്നാരോന്നായി ചെയ്യുമ്പോള്‍ അവള്‍ക്ക് രതിമൂര്‍ച്ഛയോളം പോന്ന ആനന്ദമുണ്ടായി. ഇടയ്‌ക്കെല്ലാം കണ്ണില്‍ പൊട്ടി വന്ന അനാഥത്വത്തെ അവള്‍ പുറത്തുവരരുതെന്ന് കര്‍ശനമായി താക്കീതുചെയ്തു അകറ്റി നിറുത്തി.

അയാള്‍ ഫ്‌ലാറ്റിലിരുന്ന് വെന്തുരുകി. അവളുടെ ചേട്ടത്തിയമ്മയും അനിയത്തിയുടെ മകളും ട്രിപ്പിനു വന്നിട്ടുണ്ടെന്നറിഞ്ഞപ്പോള്‍ അയാള്‍ക്ക് പൊറുക്കാന്‍ കഴിഞ്ഞില്ല. മകനെ ഇടയ്ക്കിടെ വിളിച്ച് അമ്മ എവിടെയാണ് കിടക്കുന്നത് ? നീ എവിടെയാണ് കിടക്കുന്നത് എന്നൊക്കെ അയാള്‍ ചോദിച്ചുകൊണ്ടിരുന്നു. അമ്മയുടെ വലതു വശത്ത് അവനും ഇടതു വശത്ത് പിങ്കിചേച്ചിയും കിടക്കുമെന്നും വേറാരും മുറിയില്‍ കിടക്കാറില്ലെന്നും അവന്‍ എന്നും ഉത്തരം നല്‍കി. അവന്റെ അമ്മായിയും അമ്മയുടെ കൂട്ടുകാരിയും വേറൊരു മുറിയിലാണ് ഉറങ്ങുന്നതെന്നും അയാള്‍ ചോദിച്ചറിഞ്ഞു.

കുട്ടിയായതുകൊണ്ട് എന്ത് എവിടെ എങ്ങനെ പറയണമെന്ന് അവനറിയില്ലായിരുന്നു. അച്ഛന്‍ അവനെ അയച്ചിരിക്കുന്നത് അമ്മയോട് ആരൊക്കെ സംസാരിക്കുന്നു അമ്മയെ ആരൊക്കെ നോക്കുന്നുവെന്നറിയാനാണെന്നും അച്ഛന് അവന്‍ എന്നും കൃത്യമായി റിപ്പോര്‍ട്ട് നല്‍കുന്നുണ്ടെന്നും അവന്‍ പരസ്യമായി പറഞ്ഞു. അവളുടെ സഹപ്രവര്‍ത്തകര്‍ അന്തംവിട്ട് പരസ്പരം നോക്കി. അവര്‍ ഒറ്റയക്ഷരം പിന്നീട് ശബ്ദിച്ചില്ല. മാഡം ജീവിക്കുന്ന ദൈന്യവും നിന്ദയും അപമാനവുമെല്ലാം ഒരു മറയുമില്ലാതെ അവരുടെ മുന്നില്‍ പൊടുന്നനെ അനാവൃതമായി. അവനെ പഴയതു പോലെ നിഷ്‌ക്കളങ്കമായി കൊഞ്ചിക്കാന്‍ കൂടി അവരില്‍ പലരും മടിച്ചു. എവിടെയാണ് അബദ്ധം പിണഞ്ഞതെന്ന് അവനും മനസ്സിലായില്ല. കുഞ്ഞല്ലേ അവന്‍..

( തുടരും )

No comments: