Wednesday, July 18, 2018

വ്യാഴവട്ടങ്ങളില്‍ ചിതറിത്തെറിക്കുന്നത്....48

https://www.facebook.com/echmu.kutty/posts/657840821061882?pnref=story
നോവല്‍ 48
നമ്മുടെ നാട്ടിലെ കോടതികളില്‍ കാത്തിരിക്കാന്‍ ബലമുള്ള ഇരുമ്പിന്റെ കാലും ചെലവാക്കാന്‍ പണമുള്ള സ്വര്‍ണത്തിന്റെ കൈയും അത്യന്താപേക്ഷിതമാണ്. ഒച്ചിഴയുന്നതു പോലെ മാത്രമേ കേസ് മുന്നോട്ട് പോവുകയുള്ളൂ. ജസ്റ്റീസ് ഡിലൈഡ് ഈസ് ജസ്റ്റീസ് ഡിനൈഡ് എന്നും ജുഡീഷ്യല്‍ ആക്ടിവിസം എന്നും പറയുന്നതൊക്കെ തികച്ചും ആലങ്കാരികമായി മാത്രമാണ്.

മീഡിയേഷന്‍ കഴിഞ്ഞു വന്ന ഡേറ്റില്‍ അവളുടെ വക്കീല്‍ കോടതി കൂടിയ നിമിഷം തന്നെ ഹാജരായി. അവള്‍ എത്തും മുന്‍പേ വക്കീല്‍ വന്നിരുപ്പായിക്കഴിഞ്ഞിരുന്നു. അവളുടെ ഭര്‍ത്താവ് വന്നില്ല. ജഡ്ജി അയാളെ ഫോണില്‍ വിളിച്ച് 'സ്വയം വരുന്നുണ്ടോ അതോ പോലീസിനെ വിടണോ' എന്ന് ചോദിച്ചു. അപ്പോഴാണ് അയാള്‍ വരാന്‍ തയാറായത്.

കുട്ടിയെ തരില്ലെന്നും കോടതി ഓര്‍ഡര്‍ അനുസരിക്കാന്‍ സാധ്യമല്ലെന്നും അയാള്‍ ജഡ്ജിയോട് പറഞ്ഞു. കുട്ടിക്ക് ഇഷ്ടമില്ലെന്ന് പറഞ്ഞു കഴിഞ്ഞല്ലോ എന്നും അയാള്‍ പറയാതിരുന്നില്ല. കോടതി ഉത്തരവ് അനുസരിച്ചില്ലെങ്കില്‍ അയാള്‍ അറസ്റ്റിലാകുമെന്നും കുട്ടിയെ പോലീസിനെക്കൊണ്ട് കോടതിയില്‍ കൊണ്ടുവരീക്കാന്‍ ജഡ്ജിയെ നിര്‍ബന്ധിക്കരുതെന്നും ജഡ്ജി അയാളെ താക്കീതു ചെയ്തു.

അയാള്‍ വഴങ്ങിയില്ല. ജഡ്ജിയുടെ ഉത്തരവ് അയാള്‍ മാനിക്കുന്നില്ലെന്ന് പറഞ്ഞപ്പോള്‍ കുട്ടിയെ കൊണ്ടുവരാന്‍ ജഡ്ജി പോലീസിനു നിര്‍ദ്ദേശം നല്‍കി. ഒരാഴ്ച സമയമായിരുന്നു അനുവദിച്ചത്.

അവള്‍ക്ക് യാതൊരു മനസ്സമാധാനവുമുണ്ടായിരുന്നില്ല. ഒരാഴ്ചയില്‍ മോനെ കിട്ടുമോ കിട്ടുകയില്ലയോ അവനിണങ്ങുമോ ഇണങ്ങുകയില്ലയോ ബോര്‍ഡിംഗ് സ്‌കൂളില്‍ വിടാന്‍ കഴിയുമോ ഇല്ലയോ ...

ആലോചിച്ചാലോചിച്ച് അവള്‍ തളര്‍ന്നു. .

ജോലി അവളിലെ സ്ത്രീയുടെ ഏറ്റവും വലിയ ആശ്വാസവും പ്രതീക്ഷയും സമരവും ആവുന്നതെങ്ങനെയെന്ന് ഇക്കാലങ്ങളില്‍ അവള്‍ക്ക് മനസ്സിലായി.

അവള്‍ പുരുഷന്മാരായ എന്‍ ജിനീയര്‍മാര്‍ മാറി നില്‍ക്കുന്ന അപകടം പിടിച്ച മേഖലകളില്‍ കൂടി വൈദഗ്ദ്ധ്യം നേടുകയായിരുന്നു. ഭൂമിയുടെ ആഴങ്ങളിലേക്ക് ഇറങ്ങാനും ആകാശത്തിന്റെ ഉയരങ്ങളിലേക്ക് കയറിപ്പോകാനും അവളിലെ പെണ്ണിന് ഭയം തോന്നിയതേയില്ല.

'മാഡം, വേണ്ട... വേണ്ട...' എന്ന് പുരുഷന്മാരായ എന്‍ജിനീയര്‍മാര്‍ വിക്കുമ്പോഴും വിയര്‍ക്കുമ്പോഴും അവള്‍ നിത്യപ്പതിവിന്റെ അനായാസതയോടെ അവര്‍ക്ക് നേരെ പുഞ്ചിരി തൂകി.

ഓഫീസിലെ സെക്യൂരിറ്റി മുതല്‍ കമ്പനിയുടമസ്ഥര്‍ വരെ അവളിലെ മാറ്റം കണ്ട് അമ്പരന്നു. ജീവിതമെത്ര നിസ്സാരമെന്ന ചിന്തയില്‍ അവള്‍ മെല്ലെ മെല്ലെ ആത്മീയമായിപ്പോലും ധൈര്യവതിയാവുകയായിരുന്നു. അവള്‍ പോലുമറിയാതെ അവളില്‍ വലിയ മാറ്റങ്ങള്‍ ഉടലെടുത്തു..

അടുത്ത കേസ് ഡേറ്റിലും അയാളോ കുട്ടിയോ പോലീസോ വന്നില്ല. എസ് എച്ച് ഓ വന്ന് ജഡ്ജിയുടെ മുന്നില്‍ ഓച്ഛാനിച്ചു നിന്നുവെങ്കിലും കുട്ടിയെ ഹാജരാക്കിയില്ല. ജഡ്ജി വാറന്റ് ഒപ്പിട്ടില്ല എന്ന ന്യായമായിരുന്നു അയാള്‍ പറഞ്ഞത്.

അന്ന് വനിതാ ജഡ്ജി അവളോട് പറഞ്ഞു. 'കുട്ടി ഒപ്പം വരില്ലെന്ന് പറഞ്ഞാല്‍ .. ചൈല്‍ഡ് ഈ സ് നോട്ട് എ ഒബ്‌ജെക്ട്.'

അവള്‍ക്കറിയാത്തതല്ല അത്. പക്ഷെ, അവനെ പണം കിട്ടാനുള്ള ഒരു ഉപകരണമായി, വില പേശാനുള്ള ഒരു തന്ത്രമായി ഉപയോഗിക്കുമ്പോള്‍ കോടതിയല്ലാതെ മറ്റാരാണ് കുഞ്ഞിനെ സംരക്ഷിക്കേണ്ടത്?

ജഡ്ജിയോട് അവള്‍ ചോദിച്ചു. 'വെല്‍ഫെയര്‍ ഓഫ് ദി ചൈല്‍ഡ് ഈസ് പാരാമൌണ്ട് 'എന്ന നിയമവാചകത്തിന്റെ അര്‍ഥം അപ്പോഴെന്താവും?'

ജഡ്ജി മന്ദഹസിച്ചു, 'ലെറ്റ് ദ ചൈല്‍ഡ് കം... 'എന്നവര്‍ അവസാനിപ്പിക്കുകയും ചെയ്തു.

( തുടരും )

No comments: