നോവല്‍ 11
മകനെ സ്‌കൂളില്‍ വിടുന്നത് വലിയ പ്രയത്‌നമായിരുന്നു. അവന്‍ മോണ്ടിസ്സോറി സ്‌കൂളില്‍ പോവാന്‍ ഒട്ടും ഇഷ്ടപ്പെട്ടിരുന്നില്ല. കളിച്ചു നടക്കുന്നതായിരുന്നു അവനിഷ്ടം. വീട്ടില്‍ പണിക്കാരി ചേച്ചിയുണ്ട്. പിന്നെ കമ്പ്യൂട്ടറിനു മുന്നിലിരിക്കുന്ന അച്ഛനുമുണ്ട്. അവനെന്തിനു ബുദ്ധിമുട്ടി സ്‌കൂളില്‍ പോകണം ? പഠിയ്ക്കണം? ഇത്ര വലിയ വലിയ കൊനഷ്ട് അക്ഷരങ്ങള്‍ ഇങ്ങനെ ഉരുട്ടി ഉരുട്ടി എഴുതണം ? അമ്മയ്ക്കു ഓഫീസിലുള്ള പോലെ ഏ സി മുറിയൊന്നുമല്ല അവന്റെ സ്‌ക്കൂളില്‍...അവിടേം ചൂട്.. വീട്ടില്‍ വന്നാലും ഒരു മുറിയിലേ ഏ സി യുള്ളൂ. അവിടേം ചൂട്... അവന്‍ ഇന്റര്‍ വെല്ലില്‍ ഭക്ഷണം കഴിച്ചു തീരുമ്പോഴേക്കും അടുത്ത ക്ലാസ് തുടങ്ങുകയായി. മര്യാദയ്ക്ക് ചവച്ചിറക്കാനോ വെള്ളം കുടിയ്ക്കാനോ പറ്റില്ല.
പോണ്ടാ... പോണ്ടാ എന്ന് അവന്‍ എല്ലാ ദിവസവും രാവിലെ കരഞ്ഞുകൊണ്ട് ഉറക്കെ അലറും.
അവള്‍ നിര്‍ബന്ധിച്ച് ബലം പിടിച്ച് അവനെ എഴുന്നേല്‍പ്പിച്ച് തയാറാക്കും. അവന്‍ പഠിയ്‌ക്കേണ്ടത് അവളുടെ മാത്രം ആവശ്യമായിരുന്നു. അവന്റെ പോലും ആയിരുന്നില്ല. അയാള്‍ക്ക് ഇപ്പോഴത്തെ വിദ്യാഭ്യാസപദ്ധതിയോട് എതിര്‍പ്പായിരുന്നു. അതുകൊണ്ട് അവന്‍ സ്‌കൂളില്‍ പോകണമെന്നോ പഠിയ്ക്കണമെന്നോ അയാള്‍ ഒരിയ്ക്കലും പറഞ്ഞില്ല. അച്ഛന്‍ പോകാന്‍ പറയുന്നില്ലല്ലോ പിന്നെ അമ്മ മാത്രം എന്തിനു നിര്‍ബന്ധിക്കുന്നു എന്നായിരുന്നു മകന്റെ രോഷം.
അവള്‍ തോറ്റു. എന്നും തല്ലിയും വഴക്കു പിടിച്ചും ' സ്‌നേഹത്തോടെ പറഞ്ഞു മനസ്സിലാക്കി മകനെ സ്‌ക്കൂളില്‍ വിടാന്‍ അറിയാത്ത നീയൊക്കെ ഒരു അമ്മയാണോ' എന്ന് അയാള്‍ അവളെ ചീത്ത വിളിക്കുന്നത് കേട്ടും കുഞ്ഞിനെ സ്‌കൂളില്‍ വിടാന്‍ പറ്റുമോ?
ടീച്ചര്‍മാരുടെ സഹായം തേടുക മാത്രമായിരുന്നു പിന്നീടുള്ള വഴി.
കാര്യങ്ങള്‍ മനസ്സിലാക്കി ക്ലാസ്സില്‍ അവര്‍ കൂടുതല്‍ കൊഞ്ചിക്കാന്‍ തുടങ്ങിയപ്പോള്‍ അവന്‍ പതുക്കെപ്പതുക്കെ പോവാന്‍ തയാറായി. എന്നാലും രാവിലെ എഴുന്നേല്‍ക്കാന്‍ മടിയായിരുന്നു.
അവനെ പഠിപ്പിക്കാനുള്ള യുദ്ധം എന്നും അവള്‍ക്ക് മടുക്കാതെ നയിക്കേണ്ടി വന്നു. വൈകീട്ട് അവന്‍ സ്‌കൂള്‍ വിട്ട് വരുമ്പോള്‍ അവന്റെ പണിക്കാരിചേച്ചി ഹോം വര്‍ക്കെല്ലാം ചെയ്യിച്ച് കളിക്കാന്‍ കൊണ്ട് പോകും.. അമ്മ ജോലികഴിഞ്ഞു വരുന്നത് അവന്‍ ഗ്രൌണ്ടില്‍ നിന്നേ കാണും. അപ്പോള്‍ അവന്‍ ചിരിക്കും. സ്വര്‍ഗ്ഗീയമായ ഒരു കാഴ്ചയായിരുന്നു അവള്‍ക്കത്.
അവന്‍ ആദ്യം കാണാതെ പഠിച്ച മൊബൈല്‍ നമ്പര്‍ അവന്റെ അമ്മയുടേതായിരുന്നു. ഏതുറക്കത്തിലും അതവനു തെറ്റാതെ പറയാന്‍ കഴിഞ്ഞിരുന്നു. എത്ര വയ്യെങ്കിലും അത് ഡയല്‍ ചെയ്യാനും കഴിഞ്ഞിരുന്നു. അമ്മ വരാന്‍ വൈകിയാല്‍ അവന്‍ ഉടനെ ഡയല്‍ ചെയ്യും ...' എന്താ വരാത്തത്? എപ്പോള്‍ വരും ? ' ഓരോ അയ്യഞ്ചു മിനിറ്റിലും വിളിക്കും...
എല്ലാ പ്രധാനപ്പെട്ട മീറ്റിംഗുകള്‍ക്കും കോണ്‍ഫ്രന്‍സുകള്‍ക്കും നടുവില്‍ അവന്റെ ഫോണ്‍ വിളി ഉയരും.
അമ്മ പറഞ്ഞ സമയത്ത് മടങ്ങിയെത്താത്തത് അവനോടുള്ള സ്‌നേഹക്കുറവാണെന്ന് അവന്‍ പതുക്കെപ്പതുക്കെ വ്യാഖ്യാനിച്ചു തുടങ്ങിയപ്പോള്‍ അവള്‍ക്ക് സങ്കടം വരുമായിരുന്നു. അത് അവളുടെ ഓഫീസിലെ തിരക്കുകൊണ്ടാണെന്ന് അയാള്‍ ഒരിക്കലും അവനു പറഞ്ഞു തിരുത്തിക്കൊടുത്തതുമില്ല.അവള്‍ക്ക് ജീവിതത്തെ നേരിടാനുള്ള ഏറ്റവും വലിയ പ്രതീക്ഷയും പ്രചോദനവും അവന്‍ മാത്രമായിരുന്നുവെന്നത് അയാള്‍ക്ക് അസഹനീയമായ കണ്‍കുരുവായിരുന്നു അക്കാലങ്ങളില്‍.
അവളുടെ ജോലിത്തിരക്കോ ചുമതലകളോ ഒന്നും മനസ്സിലാക്കാന്‍ അവനു സാധിച്ചിരുന്നില്ല. അമ്മയെച്ചൊല്ലി അഭിമാനം കൊള്ളാന്‍ അച്ഛന്‍ ഒരു കാരണവും അവന്റെ മുന്നില്‍ അവതരിപ്പിച്ചിരുന്നില്ലല്ലോ. അവന്റെ കൂട്ടുകാരുടെ അമ്മമാരാണെങ്കില്‍ വീട്ടിലിരിക്കുന്നവരോ അല്ലെങ്കില്‍ ടീച്ചര്‍മാരോ ഓഫീസ് ജോലിക്കാരോ ആയിരുന്നു. അവരൊക്കെ നേരത്തെ ജോലി കഴിഞ്ഞ് വീട്ടില്‍ വരുമായിരുന്നു. അതുകൊണ്ടു തന്നെ അമ്മ എന്നാല്‍ അവനു സേവനം ചെയ്യാനുള്ള ഒരു ജോലിക്കാരി മാത്രമാണെന്നും ജോലിക്കാരിക്ക് സ്വന്തമായി ഇഷ്ടങ്ങളൊന്നും പാടില്ലെന്നും പതുക്കെപ്പതുക്കെ പ്രഖ്യാപിക്കാന്‍ അവന്‍ ശീലിച്ചു.
'അമ്മയ്ക്ക് എന്നോട് ഇഷ്ടമുണ്ടെങ്കില്‍ ...'എന്ന ഉപാധി വെയ്ക്കല്‍ അവനു കൂടുതല്‍ കൂടുതല്‍ പ്രിയപ്പെട്ടതായി മാറിക്കൊണ്ടിരുന്നത് അങ്ങനെയായിരുന്നു.
അവന് പഠിയ്ക്കാന്‍ മാത്രമല്ല, കളിയ്ക്കാനും താല്‍പര്യമുണ്ടാവണമെന്ന് അവള്‍ക്ക് ആശയുണ്ടായിരുന്നു. ചെസ്സ് കളിയ്ക്കാന്‍ അവനു വലിയ മിടുക്കുണ്ടെന്ന് അവള്‍ കണ്ടെത്തി. അതിനവള്‍ ഒരു സാറിനേയും ഏര്‍പ്പെടുത്തി. മൂവുകള്‍ ശീലിപ്പിക്കാന്‍..ഗെയിമുകള്‍ ഹോം വര്‍ക്കായി പഠിപ്പിക്കാന്‍.. സാറിനെ അവനു ഇഷ്ടമായിരുന്നു. അവന്‍ സാറിന്റെ വരവ് കാത്തിരിക്കാന്‍ തുടങ്ങി. അപ്പോഴാണ് ആ ദുരിതമുണ്ടായത്.
അവന്റെ അച്ഛനും സാറുമായി വലിയ വഴക്കുണ്ടായി. സാറിനു ചെസ്സറിയില്ലെന്ന് അച്ഛനും തന്നെക്കാള്‍ കൂടുതല്‍ നന്നായി ചെസ്സ് കളിയ്ക്കാന്‍ വിശ്വനാഥന്‍ ആനന്ദിനു പോലും കഴിയില്ലെന്നും സാറും സിദ്ധാന്തിച്ചു. അതിനുശേഷം സാറിനെ കഴുത എന്ന് വിളിയ്ക്കാനാണ് അവന്റെ അച്ഛന്‍ മുതിര്‍ന്നത്. തന്നെയുമല്ല സാര്‍ വരുമ്പോള്‍ വാതില്‍ കൊട്ടിയടച്ച് അകത്തിരിക്കുന്നതായി അച്ഛന്റെ രീതി. അത് അവനു തീരെ ഇഷ്ടമായിരുന്നില്ല. അതുകൊണ്ട് അമ്മ ഒപ്പമിരിക്കണമെന്ന് അവന്‍ വാശി പിടിച്ചു.
അവള്‍ക്ക് വഴങ്ങാതിരിക്കാന്‍ പറ്റുമോ?
ഭര്‍ത്താവിനു അവളോട് ദേഷ്യപ്പെടാന്‍ മറ്റൊരു കാരണം കൂടി അങ്ങനെ കിട്ടി .
( തുടരും )
No comments:
Post a Comment