Sunday, October 13, 2019

അമ്മച്ചിന്തുകൾ 55
അച്ഛൻ പെങ്ങളുടെ മകനെ എപ്പോഴത്തേയും പോലെ വെറുതേ വിളിച്ചതാണ്... പ്രീഡിഗ്രിക്ക് മലയാളം പരീക്ഷയിൽ ഉയർന്ന മാർക്കുള്ളതുകൊണ്ട് ഡിഗ്രി ക്ളാസ്സിൽ ഒരു യൂണിവേഴ്‌സിറ്റി സ്ക്കോളർഷിപ്പ് ഉണ്ടെന്ന സന്തോഷം പങ്കിടാനാണ് ഞാൻ വിളിച്ചത്. മലയാളം അധ്യാപികയാവണമെന്ന ആശയും ഞാൻ പറഞ്ഞു.

അവിശ്വാസത്തിൻറെ അച്ഛൻ ഭാഷയിൽ അയാൾ സംസാരിച്ചപ്പോൾ ഞാൻ ഞെട്ടിപ്പോയി.എന്നെ ആരും വിവാഹം കഴിക്കാൻ വരുന്നില്ലെന്നും എൻറെ അച്ഛൻ അത്തരമൊരു കാര്യം ചെയ്യില്ലെന്നും ഞാനെല്ലാം ചുമ്മാ പറയുകയാണെന്നും അയാൾ തീർത്തു പറഞ്ഞു. അച്ഛൻ എല്ലാക്കാര്യങ്ങളും കൃത്യമായി അവരെ അറിയിക്കുകയും ചെയ്തിട്ടുണ്ടത്രേ. ഞാനാണ് തെറ്റ് ചെയ്യുന്നത്.. അത് ചോദിക്കാൻ അച്ഛനെ ഞാൻ വിഷമിപ്പിക്കുന്നത് ചോദിക്കാൻ അവരൊക്കെ ഒന്നിച്ച് വരുന്നുണ്ട്.

എനിക്ക് എല്ലാം മനസ്സിലായി.. ഒരു ഇരുപത്തിരണ്ടുകാരന് തിരിച്ചറിയാവുന്ന കാര്യങ്ങൾക്ക് പരിധിയുണ്ട്. അനുഭവിക്കുന്ന
വർ പോലും അന്തംവിട്ടു പോകുന്ന അവസ്ഥയാണല്ലോ ഞങ്ങളുടെ ജീവിതം. അതുകൊണ്ട്
ഞാൻ ഒരു വിശദീകരണ കത്ത് കൂടി അയാൾക്ക് എഴുതി... പിന്നീട് ഒരിക്കലും ഒരു വരി പോലും ഞാൻ എഴുതിയില്ല.

അച്ഛൻ സ്വന്തം നില ശരിക്കും ഭദ്രമാക്കുകയായിരുന്നു. വിവാഹാലോചനകൾ അച്ഛൻ കൊണ്ടു വരുന്നുവെന്നത് ഞാൻ ചുമ്മാ പറഞ്ഞതാണ്. അച്ഛൻ അതും പറഞ്ഞ് ബഹളമുണ്ടാക്കുന്നുവെന്നതും ഞാൻ ചുമ്മാ പറഞ്ഞതാണ്... ഞാൻ വെറുതെ പറഞ്ഞുവെന്ന് അച്ഛൻ പ്രഖ്യാപിച്ചതാണ് അവർക്കെല്ലാം എത്രയായാലും വിശ്വാസം. ഇപ്പോൾ അമ്മയെ സഹായിച്ചതിലും അവർ സങ്കടപ്പെടുന്നുണ്ട്. എല്ലാവരും ഒരുമിച്ചു നിന്നുള്ള സത്യം തെളിയിക്കലാണ് ഇനി നടക്കാൻ പോകുന്നത്.

തെളിവുകൾ സഹിതമുള്ള ജീവിതം നയിക്കാൻ ഞങ്ങൾ എന്നും നിർബന്ധിതരായിരുന്നു. ഇപ്പോൾ തമാശ തോന്നും. അമ്മീമ്മയ്ക്കൊപ്പം താമസിക്കുന്ന കാലത്ത് അച്ഛൻ മണിഓർഡർ അയക്കും..അച്ഛൻ പണം തന്നു ഞങ്ങൾക്കെന്ന തെളിവ്.. കുറച്ചു കൂടിക്കഴിഞ്ഞ് അക്കൗണ്ട് പേയീ ചെക്കായി.. ഞങ്ങൾക്ക് പണം തന്നതിൻറെ തെളിവുകൾ ഇങ്ങനെ സൃഷ്ടിച്ചു വെക്കുന്ന അച്ഛൻ സ്വന്തം ഇഷ്ടക്കാർക്കും ബന്ധുക്കൾക്കും ഒരു തെളിവും വെക്കാതെ ക്യാഷ് കൊടുക്കുന്നത് കണ്ട് കണ്ണിൽ നിന്ന് ചോര വന്നിട്ടുണ്ട്. ഏതു നിമിഷവും ഏതു കാര്യത്തിലും വിചാരണ ചെയ്യപ്പെടാമെന്ന അവസ്ഥയായിരുന്നു ജീവിതം...

അമ്മയോട് വിവരം പറഞ്ഞപ്പോൾ 'കുട്ടി വിഷമിക്കേണ്ട.. കുട്ടിയെ നുണച്ചിയെന്ന് വിളിച്ചാൽ അച്ഛൻ മറച്ചുവെക്കാൻ ആഗ്രഹിക്കുന്ന സത്യം കെട്ടു പോവുകയൊന്നുമില്ല. എന്നാലും സംഘം ചേർന്ന് അത്തരമൊരു അവസ്ഥയുണ്ടാക്കുന്നത് സഹിക്കാൻ പറ്റില്ല.. 'എന്ന് എന്നെ സമാധാനിപ്പിച്ചു എൻറെ പാവം അമ്മ..

അമ്മ എന്തിൻറെ പേരിലായാലും ഇനീം അടി കൊള്ളുന്നത് ഞങ്ങൾക്ക് തീരേ സഹിക്കാൻ വയ്യായിരുന്നു.അങ്ങനെ അന്നു തന്നെ ഞങ്ങൾ തൃക്കൂരിൽ അമ്മീമ്മയുടെ വീട്ടിൽ പോയി താമസമാക്കി. അമ്മ ഉടുത്ത സാരിയുമായി ഓഫീസിൽ നിന്നാണ് തൃക്കൂരിലേക്ക് പോയത്. ഞങ്ങൾ കോളേജിൽ നിന്ന് വരുമ്പോൾ അച്ഛനെ കണ്ടു. അച്ഛൻ സംസ്ഥാന വണ്ടി നിറുത്തിച്ച് ഇറങ്ങി, 'ഞങ്ങൾ തൃക്കൂർ വീട്ടിലേക്കാണോ'ന്ന് ചോദിച്ചു..

'അതെ'.. എന്ന് മറുപടി പറയുമ്പോൾ തൊണ്ട കിടുകിടുത്തു.

അതീവ നിഷ്കളങ്കമായ മുഖത്തോടെ അന്നേരം അച്ഛൻ എന്നോടു പറഞ്ഞു. 'നീ ഞായറാഴ്ച രാവിലെ നേരത്തേ തന്നെ വീട്ടിലേക്ക് വരണം.നിന്നോട് ചില കാര്യങ്ങൾ ചോദിച്ചറിയാനുണ്ട്. ' ഞാൻ മറുപടിയായി തലകുലുക്കിയെന്ന് വരുത്തി.

അന്ന് രാത്രി വളരെ വൈകി ഞങ്ങൾ മൂന്നുപേരും ഉറങ്ങിയെങ്കിലും അമ്മയും അമ്മീമ്മയും ഒട്ടും ഉറങ്ങിയില്ല. ഞങ്ങൾ ഘനമേറിയ എടുത്താൽ പൊങ്ങാത്ത ഭാരമായി മുന്നിൽ വളർന്നു വരുന്നതിൻറെ ആധി അവർക്ക് എപ്പോഴും ഉണ്ടായിരുന്നുവല്ലോ. ഇതുവരെ ജീവിച്ച ജീവിതവും ഒറ്റപ്പെട്ട സമരവും സഹനവുമെല്ലാം അവരെ തുറിച്ചു നോക്കുകയായിരുന്നു. എങ്ങനെയാണ് അമ്മയും അമ്മീമ്മയും പിടിച്ചു നിന്നതെന്ന് ഇന്നും ഇത്ര കാലത്തിനു ശേഷവും മനസ്സിലാക്കാൻ കഴിയുന്നില്ല.

അച്ഛൻ പാതിരാത്രി കഴിഞ്ഞു മൂന്നുമണിയോടെ തൃക്കൂർ വീട്ടിലെത്തി..
അമ്മീമ്മയോട് അതിഭീകരമായി കയർത്തു. അന്നത്തെ ബഹളത്തിനു ശേഷം പിന്നീട് അനവധി കാലങ്ങൾ കഴിഞ്ഞാണ് അമ്മീമ്മ അച്ഛനോട് സംസാരിച്ചത്.

അച്ഛന്റെ മാത്രം കൂട്ടുകാർ കാണാൻ വരുന്ന കാലമായിരുന്നു പിന്നീട്...

അവരൊക്കെ വലിയ വലിയ ആളുകളായിരുന്നു. അനവധി ഡോക്ടർമാർ, കമ്പനി എം. ഡി മാർ, ജഡ്ജിമാർ, വക്കീലുമാർ, ബാങ്ക് ഓഫീസർമാർ, അച്ഛന്റെ സഹപ്രവർത്തകർ, ആശ്രിതർ...

അമ്മ അച്ഛനെ തെറ്റിദ്ധരിച്ച് പ്രശ്നമുണ്ടാക്കുകയാണെന്ന് എല്ലാവരും പറഞ്ഞു. രണ്ട് കൈയും കൂട്ടി അടിക്കാതെ ഒച്ചയുണ്ടാകുമോ? പുരുഷന്റെ അടിയേല്ക്കാതെ ജീവിക്കാനുള്ള വൈഭവം വേണം. മക്കൾ പിന്നെ ഉണ്ടായതാണ്. ഭർത്താവാണ് ആദ്യം വന്നത്.. അദ്ദേഹം എത്ര നല്ല മനുഷ്യനാണ്.. അച്ഛനാണ് വീട്ടിൽ പ്രധാനമെന്നറിഞ്ഞാൽ മക്കൾ നിലക്ക് നിൽക്കും.

അങ്ങനെ എന്തെല്ലാമെന്തെല്ലാം...

ഏറ്റവും അൽഭുതം തോന്നിയത് അച്ഛൻ അമ്മയെ ഒരിക്കലും അടിക്കില്ല എന്ന അവരുടെ ഉറപ്പു കണ്ടപ്പോഴാണ്.. അമ്മക്ക് അങ്ങനെ ചുമ്മാ തോന്നുന്നതാണെന്ന് വരെ പറഞ്ഞു കളഞ്ഞു ചില സൈക്യാട്രിസ്റ്റുമാർ.. അങ്ങനെ തോന്നിയാൽ പാടും വേദനയുമൊക്കെ ചുമ്മാ വരുമത്രെ...

ഇതൊന്നും സഹിക്കുക എളുപ്പമായിരുന്നില്ല. ഒട്ടും എളുപ്പമായിരുന്നില്ല.

കോളേജിൽ പോകും വഴി ഞങ്ങളെ കാണാൻ കാറും പാർക്ക് ചെയ്ത് കാത്തു നിന്നു ചിലർ.. ചിലർ തൃക്കൂർ വീട്ടിൽ വന്നു. ചിലർ അമ്മയെ പോസ്റ്റ്‌ ഓഫീസിൽ ചെന്നു കണ്ടു. എത്ര ഭയാനകമാണ് അവരെ നമ്മുടെ വശം പറഞ്ഞുകേൾപ്പിക്കലെന്നോ.. നമ്മളെ അവിശ്വസനീയതയോടെ നോക്കുന്നവരുടെ മുന്നിൽ ഏറ്റവുമധികം ദൈന്യതയോടെ പ്രത്യക്ഷപ്പെടുന്നതിലെ അപമാനം താങ്ങിത്താങ്ങി ഞങ്ങൾ തളർന്നു.

ജീവിതം അസഹ്യമായി.

നമുക്കായി വാദിക്കാൻ ചിലരുണ്ടായാൽ പിന്നെ എന്തുമാവാം. സാധാരണക്കാർക്ക് ഇല്ലാതെ പോകുന്നതും അക്കാര്യമാണ്. അവർക്ക്‌ അവരുടെ പ്രശ്നങ്ങൾ മാത്രം... ഈ പ്രപഞ്ചത്തിൽ ആരുമില്ല.. അവർക്കായി വാദിക്കാൻ... അവരിങ്ങനെ ഒറ്റപ്പെട്ട് തോല്ക്കുമെന്നുറപ്പുള്ള സമരം ചെയ്തു ജീവിതം അവസാനിപ്പിക്കുന്നു.

1 comment:

Cv Thankappan said...

യജമാനന്മാർക്കു ആശ്രിതർ കൂടുമല്ലോ!!