Wednesday, August 14, 2019

അമ്മച്ചിന്തുകൾ. 23

                                                              
ഞാനും റാണിയും അമ്മീമ്മയും കൂടി തൃക്കൂരു വീട്ടിൽ താമസമായി. മിഠായിയോ ചോക്ലേറ്റോ ഒന്നും തിന്നാനറിയാത്ത കുട്ടിയായിരുന്നു ഞാൻ. കുറച്ചു നേരം അത് കൈയിൽ പ്പിടിച്ചിരുന്നിട്ട് ഞാൻ വലിച്ചെറിഞ്ഞു കളയും. അമ്മീമ്മയും അനിയത്തിമാരുമാണ് എന്നെ മിഠായിയും ചോക്ലേറ്റുമൊക്കെ തിന്നാൻ പഠിപ്പിച്ചത്.

പാൽക്കുപ്പിയിൽ മാത്രമേ ഞാൻ പാലും വെള്ളവും ജൂസുമൊക്കെ കുടിച്ചിരുന്നുള്ളൂ. ആ ശീലം മാറ്റി, ഗ്ലാസിൽ എല്ലാം കുടിക്കാൻ പഠിപ്പിച്ചതും അമ്മീമ്മയും കാർത്യായനി എന്ന ചേച്ചിയും റാണിയും ചേർന്നാണ്.

വല്ലാതെ ഭയപ്പെടുന്ന ഒരു കുട്ടിയായിരുന്നു ഞാൻ. ചെറിയ ശബ്ദം കേട്ടാലും ഞാൻ ഞെട്ടിത്തെറിക്കും. രാത്രി ഭയം കൊണ്ട് എനിക്ക് ഉറക്കം വരികയേയില്ല. അമ്മയുടെ കരച്ചിൽ ചുറ്റുപാടു നിന്നും കേൾക്കുന്നതായി എനിക്ക് തോന്നും. അച്ഛൻ മരിച്ചപ്പോഴാണ് അമ്മ ഇനി വധിക്കപ്പെടുകയില്ല എന്ന ആശ്വാസത്തിലേക്ക് ഞാൻ നടന്നെത്തിയത്.

അമ്മീമ്മയെ ഞാൻ അമ്മ എന്ന് വിളിച്ചു തുടങ്ങി. 'എൻറെ എല്ലാ സഹോദരീസഹോദരന്മാരുടേയും മക്കളെ ഞാൻ നോക്കി വളർത്തീട്ടുണ്ട്. എന്നെ അമ്മാന്ന് വിളിച്ചത് നീ മാത്രമാണ് 'എന്നായിരുന്നു അമ്മീമ്മ എക്കാലവും പറഞ്ഞിരുന്നത്. റാണിക്ക് മുല കുടിക്കാതെ ഉറക്കം വരില്ല. അപ്പോൾ അമ്മീമ്മ അവൾക്ക് മുല കുടിക്കാൻ കൊടുക്കും.രണ്ടു വലി വലിച്ചാൽ ആ നിമിഷം അവളുറങ്ങും. അമ്മീമ്മയ്ക്ക് എത്ര ഔന്നത്യമുണ്ടായിരുന്നുവെന്ന് ഓർത്ത് പില്ക്കാലത്ത് ഞാൻ അതിശയിച്ചിട്ടുണ്ട്.

അച്ഛൻറെ ഉഗ്രപ്രതാപിയായിരുന്ന സിവിൽ എൻജിനീയർ ആയിരുന്ന അച്ഛൻ അന്തരിച്ചത് അപ്പോഴാണ്. അമ്മയും ഭാഗ്യയും അങ്ങനെ അച്ഛൻറെ വീട്ടിൽ ആദ്യമായി കാലുകുത്തി. മൂന്ന് പെറ്റ അമ്മയെ വീപ്പക്കുറ്റി എന്നാണ് അവിടെ എല്ലാവരും പരാമർശിച്ചിരുന്നത്. അമ്മക്ക് അച്ഛനേക്കാൾ നാലഞ്ച് വയസ്സ് കൂടുതലാണെന്ന കഥയും അവിടെ ഉണ്ടായിരുന്നു. ആ കഥ അച്ഛൻ ആദ്യം റിട്ടയർ ചെയ്യും വരെ ഹൗസ്ഫുള്ളായി ഓടി.

ആ മരണത്തിനു ശേഷം അച്ഛന് തൃശൂർ ജില്ലാ ആശുപത്രിയിലേക്ക് ജോലി മാറ്റമായി. അങ്ങനെ അവർ മൂന്നു പേരും നായ്ക്കനാലിലുള്ള ഒരു കൂട്ടം ബ്രാഹ്മണരുടെ ഇടയിലെ ഒരു വീട്ടിൽ വാടകയ്ക്ക് താമസം തുടങ്ങി. ജഡ്ജിയും എഴുത്തുകാരനുമായ പുത്തേഴത്ത് രാമൻമേനോൻറെ വീടുകളായിരുന്നു അവിടെ ഉണ്ടായിരുന്നത്. മീനാമാമി, ജയാമാമി, സരളാമാമി,സീതാമാമി ഇവരായിരുന്നു അയല്ക്കാർ. അവരുടെ കുടുംബങ്ങളും അമ്മയോടും അച്ഛനോടും വലിയ അടുപ്പത്തിലായിരുന്നു കഴിഞ്ഞിരുന്നത്. ഏറ്റവും നല്ല അയല്ക്കാരെന്നാണ് അച്ഛൻ അവരെയൊക്കെ ഡയറിയിൽ വിശേഷിപ്പിച്ചിട്ടുള്ളത്. എല്ലാവരും പലഹാരങ്ങളും കറികളും ഫിൽറ്റർ കോഫിയും അച്ഛന് സ്പെഷ്യൽ ആയി നല്കി. എല്ലാവരുടേയും രോഗങ്ങൾ അച്ഛൻ ദയവും കാരുണ്യവും കലർത്തി ചികിത്സിച്ചു മാറ്റുകയും നല്ല സൗഹൃദം പുലർത്തുകയും ചെയ്തു.

ജില്ലാ ആശുപത്രിയിൽ നല്ല ജോലിത്തിരക്കായിരുന്നു അച്ഛന്. ജോലി കൂടുതലും വിശ്രമം കുറവും.. അതാവണം അമ്മയോട് കൈകാലുകൾ ഉപയോഗിച്ചുള്ള കലഹം ആ വീട്ടിൽ താരതമ്യേന കുറവായിരുന്നു.

അമ്മീമ്മയെ തറവാട്ടു മഠത്തിൽ നിന്നിറക്കി വിട്ടപ്പോള്‍ അവരുടെ അമ്മ രുഗ്മിണി അമ്മാൾ നെഞ്ചത്തടിച്ചുകൊണ്ട് ആണ്മക്കളോട് പറഞ്ഞുവത്രെ. 'അവള്ക്ക് രണ്ടിലെ ശുക്രനാക്കും. അവളിരുക്കറ ഇടത്തിലെ എല്ലാം നിറഞ്ചു വഴിയും. അവളോട് രണ്ടിലെ ശുക്രനെ ഒങ്കളുക്ക് യാരുക്കും പിടുങ്ക മുടിയാത്.. '

ഹൃദയവും മനസ്സും തലച്ചോറു കൂടിയും തകര്‍ന്ന ആ അമ്മയുടെ വാക്കുകള്‍ ഭാവിയുടെ സത്യമായി തീരണമെങ്കില്‍ അമ്മീമ്മ സ്വന്തം വീട്ടില്‍ രണ്ട് കുഞ്ഞുങ്ങൾ ക്കൊപ്പം താമസിച്ചാലല്ലേ പറ്റൂ. ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീക്ക് ഭൗതിക ആവശ്യങ്ങൾ കുറവായിരിക്കും. എന്നാൽ കുട്ടികൾ കടന്നു വരുന്നതോടെ ആവശ്യങ്ങൾ കൂടുകയായി. കുട്ടികളെ നോക്കാൻ ഒരു സഹായി വന്നു താമസിക്കുന്നു. ആഹാരം കൂടുതൽ പോഷകങ്ങൾ നിറഞ്ഞതാകണമെന്ന് വരുന്നു. വീട്ടുപകരണങ്ങൾ ആവശ്യമായിത്തീരുന്നു. സൗകര്യങ്ങൾ വർദ്ധിപ്പിക്കേണ്ടി വരുന്നു. അങ്ങനെ അമ്മീമ്മയുടെ ഒഴിഞ്ഞ വീടിൽ ഞങ്ങൾ നിറഞ്ഞു കവിഞ്ഞു.

അമ്മീമ്മയും ഞാനും റാണിയും താമസിച്ചിരുന്ന
വീടിന്റെ നേരെ മുന്നിലായിരുന്നു നാഗമ്മാമിയുടെ മഠം. ആരാണ് നാഗമ്മാമി എന്നല്ലേ? അവര്‍ അമ്മീമ്മയുടെ അനുജത്തീ ഭര്‍ത്താവിന്റെ ശ്വശ്രുവിന്റെ സഹോദരിയായിരുന്നു. അവരുടെ പക്കലാണ് അമ്മീമ്മയുടെ സര്‍ട്ടിഫിക്കറ്റുകള്‍ ഇരിപ്പുണ്ടായിരുന്നത്. തികഞ്ഞ യാഥാസ്ഥിതികയായ അവര്‍ അമ്മീമ്മയെ സഹായിക്കുമെന്ന് ഗ്രാമത്തില്‍ ആരും സ്വപ്നത്തില്‍ കൂടി വിചാരിച്ചിരുന്നില്ല. അമ്മീമ്മയും അങ്ങനെ വിചാരിച്ചിരുന്നില്ല. ജായ്ക്കാള്‍ സര്‍ട്ടിഫിക്കറ്റ് മോഷ്ടിച്ചു കടത്തിയ കുറ്റത്തിനാണ് പുറത്താക്കപ്പെട്ടതെന്നു കൂടി അമ്മീമ്മ സത്യത്തില്‍ അറിഞ്ഞിരുന്നില്ല. പരസ്പരം എഴുത്തെഴുതുവാന്‍ ആ സഹോദരിമാര്‍ ഭയന്നു. പോസ്റ്റ്മാനെ ഭയപ്പെടുത്തി അമ്മീമ്മയ്ക്ക് വരുന്ന കത്തുകള്‍ പിടിച്ചെടുക്കാന്‍ അവരുടെ സഹോദരന്മാര്‍ക്ക് സാധിച്ചിരുന്നു. അമ്മീമ്മയുമായി ബന്ധമുണ്ടെന്നറിഞ്ഞാല്‍ കുഴപ്പമാകുമോ എന്ന് ഭയന്ന്, സഹായിക്കാൻ ഒരു വഴിയുമില്ലല്ലോ എന്ന അറിവിൽ ആ സഹോദരിമാര്‍ വളരെക്കാലം തമ്മില്‍ത്തമ്മില്‍ നിശ്ശബ്ദരായിരുന്നു.

ആ നാഗമ്മാമി ഒരു സന്ധ്യയ്ക്ക് വീട്ടിലേയ്ക്ക് വന്നു കയറിയപ്പോള്‍ അമ്മീമ്മ ഞെട്ടിപ്പോയി. ആ ദിവസങ്ങളിലൊന്നും തന്നെ അവര്‍ അമ്മീമ്മയെ കണ്ടഭാവം പോലും നടിച്ചിരുന്നില്ല. ഇരുട്ട് പരന്നു തുടങ്ങിയപ്പോഴാണ് കല്ലും മുള്ളും കുഴികളും നിറഞ്ഞ നാടന്‍ കുണ്ടനിടവഴിയിലൂടെ പതുങ്ങിപ്പതുങ്ങി നാഗമ്മാമി കയറി വന്നത്. പഴയ പുടവക്കഷണത്തില്‍ കര്‍പ്പുരമിട്ട് അവര്‍ പൊതിഞ്ഞുവെച്ചിരുന്നത് അമ്മീമ്മയുടെ സര്‍ട്ടിഫിക്കറ്റുകളായിരുന്നു.

ജായ്ക്കാളും ദില്ലിയില്‍ താമസമാക്കിയിരുന്ന അനുജത്തിയും ഇങ്ങേയറ്റത്ത് തികഞ്ഞ യാഥാസ്ഥിതികയായ നാഗമ്മാമിയും അടങ്ങുന്ന ബ്രാഹ്മണ സ്ത്രീകളുടെ അടഞ്ഞ ലോകം എന്റെ അമ്മയുടേ ജാതി മാറിയുള്ള കല്യാണത്തേയും അമ്മീമ്മയുടേ ഒറ്റപ്പെട്ട ജീവിതസമരത്തേയും എങ്ങനെയാണ് അവരവരുടേതായ രീതിയില്‍ നിശ്ശബ്ദമായി പിന്തുണച്ചതെന്ന് അന്നാണ് അമ്മീമ്മ അറിഞ്ഞത്. രക്തസാക്ഷികളും വിപ്ലവകാരികളും മാത്രമല്ല, അവരെ ഒളിച്ചു താമസിയ്ക്കാനും പട്ടിണിയില്ലാതെ പോറ്റാനും അദ്ധ്വാനിച്ചവരും വിപ്ലവത്തിന്റെ പങ്കുകാരാണ്. എല്ലാ വിപ്ലവപ്രസ്ഥാനങ്ങളും അവരെ എളുപ്പത്തില്‍ മറന്നു കളയാറുണ്ടെങ്കിലും.

എൻറെ അച്ഛനും അങ്ങനെ ആയിരുന്നു. ആവശ്യം കഴിയുമ്പോൾ മറക്കുക അച്ഛൻറെ ശീലമായിരുന്നു. പല മനുഷ്യ ർക്കും ഉള്ള ശീലമാണത്. അതിൽ ഒട്ടും അൽഭുതപ്പെടാനില്ല.

ഇതിനിടയിൽ ആ സിവിൽകേസ് നടക്കുന്നുണ്ടായിരുന്നു. ഞങ്ങൾ ഞാനും റാണിയും ചെറുപ്പം മുതലേ വില്ലേജ് ഓഫീസ്, താലൂക്ക് ഓഫീസ്, പല തരം കടകൾ, അവയിലെ പഴയ പഴയ ബിൽ ബുക്കുകൾ, ബാങ്കുകൾ ഇവയെല്ലാം തിരക്കി അമ്മീമ്മയ്ക്കൊപ്പം അലഞ്ഞു നടക്കുമായിരുന്നു. പല ബസ്സുകൾ മാറിക്കയറിയും നടന്നും ഒക്കെയാണ് പോവുക. ഞങ്ങൾ കുട്ടികളായിരുന്നതുകൊണ്ട് വഴിയിൽ ഛർദ്ദിക്കുക, മൂത്രമൊഴിക്കുക, അപ്പിയിടുക ഇങ്ങനൊക്കെ അമ്മീമ്മയെ ശല്യപ്പെടുത്തുമായിരുന്നു.

എന്നാലും അവർ എന്നും പറയും.. 'നീങ്കൾ രണ്ടു പേരും എന്നോട് കവചമാക്കും'

അപ്പോൾ ഞങ്ങൾക്ക് ഇത്തിരി ഗമയൊക്കെ തോന്നും.

No comments: