Thursday, August 15, 2019

അമ്മച്ചിന്തുകൾ 25

                                                                    
എന്നെ തൃക്കൂർ ഗവൺമെൻറ് ലോവർപ്രൈമറി സ്കൂളിൽ ചേർത്തത് അച്ഛൻ തന്നെയാണ്. ടൗണിലെ സ്കൂളിൽ ചേർക്കാമെന്ന് അച്ഛന് അപ്പോഴൊന്നും തോന്നിയില്ല. പില്ക്കാലത്ത് അമ്മയും അമ്മീമ്മയും കൂടി എന്നേം റാണിയേം നല്ല സ്ക്കൂളിൽ പഠിപ്പിക്കേണ്ട എന്ന് നിശ്ചയിച്ചുവെന്നും അച്ഛൻ എന്തു ചെയ്യാനാണെന്നും ഒരു നിസ്സഹായൻ കളിക്കൽ അദ്ദേഹം പതിവാക്കി. കാണേണ്ട കാഴ്ചയായിരുന്നു ആ നിസ്സഹായൻ കളി.

ആയിടക്കാണ് ഒരു റിട്ട. സി ആർ പി എഫ് പോലീസ് ഇൻസ്പെക്ടറായ മന്നാഡിയാരെ അമ്മയും അച്ഛനും പരിചയപ്പെട്ടത്. അദ്ദേഹം പാലക്കാട് സ്വദേശി യായിരുന്നു. അദ്ദേഹം പറഞ്ഞിട്ടാണ് അയ്യന്തോൾ കളക്ട്രേറ്റിനടുത്ത് കൊള്ളന്നൂർ ജോസിൻറെ ഭൂമി പ്ളോട്ടുകളായി തിരിച്ചു വില്ക്കുന്നുണ്ടെന്നും അദ്ദേഹം അവിടെ ഭൂമി വാങ്ങിയിട്ടുണ്ടെന്നും അറിയുന്നത്. അച്ഛൻറെ സുഹൃത്ത് സിവിൽ എൻജിനീയർ ആയ ഉമാപ്പയും വളരെ കാര്യമായി പ്രോൽസാഹിപ്പിച്ചു. അഞ്ച് സെൻറ് സ്ഥലമേ അമ്മ ആശിച്ചുള്ളൂ. അച്ഛനു അത് സ്ററാററസിന് കുറവായി തോന്നി. അങ്ങനെ വഴക്കിട്ടും ബഹളം കൂട്ടിയും പതിനഞ്ച് സെൻറ് ഭൂമി അച്ഛൻ വാങ്ങിപ്പിച്ചു.

ഇനി അതിൽ വീട് വെക്കാൻ അമ്മയെക്കൊണ്ട് കഴിയില്ലെന്ന ഉറപ്പിലാണ് അച്ഛൻ അത്രയും ചെയ്തത്. അപ്പോൾ ആ സ്ഥലം വില്ക്കേണ്ടി വരും. പണം സ്വന്തമായി കിട്ടാൻ എന്തു വേണമെന്ന് അച്ഛനറിയുമല്ലോ.

ഇമ്മാതിരി പ്ളാനുകൾ വായിക്കുമ്പോൾ നമ്മൾ അതിശയിച്ചു പോകും. സ്വയം ഓടിക്കുന്ന വണ്ടിയാണ് മറ്റ് മനുഷ്യരുടെയെല്ലാം ജീവിതമെന്ന് ഉറപ്പിക്കാൻ എങ്ങനെയാണ് അച്ഛൻ ഇത്രയും ധൈര്യപ്പെട്ടതെന്നറിഞ്ഞുകൂടാ.

പണം മുഴുവൻ അമ്മയാണ് കൊടുത്തത്. ആധാരത്തിൽ തൃക്കൂർ മഠത്തിൽ സുബ്ബരാമയ്യർ മകൾ രാജലക്ഷ്മി എന്നു മാത്രമേ പേര് വന്നുള്ളൂ. അതിനു കാരണം കൊള്ളന്നൂർക്കാർക്ക് അമ്മയുടെ അപ്പാവിനെ നേരിട്ടറിയാമെന്നതായിരുന്നു. അത് ഭാവിയുടെ അൽഭുതകരമായ ഒരു കൈത്താങ്ങായിരുന്നുവെന്ന് അന്നാരും അറിഞ്ഞില്ല.

ഉമാപ്പയാണ് വീട് ഡിസൈൻ ചെയ്തത്.

തൃപ്രയാർ കിട്ട എന്ന അതികേമനായ മൂത്താശാരി വന്ന് കുറ്റിയടിച്ചു.

അതിനോടകം സിവിൽ കേസ് ഇരിങ്ങാലക്കുട കോടതിയിൽ അനക്കം വെച്ചു തുടങ്ങീരുന്നു. ആ കേസിന് വേണ്ടി നടന്ന നടപ്പ് നെടുംകുത്തനെ ആയിരുന്നു വെങ്കിൽ ഉറപ്പായും ഞങ്ങൾക്ക് ഈ ലോകം ചുറ്റി വരാമായിരുന്നു.

അമ്മീമ്മയുടെ വക്കീൽ ഇരിങ്ങാലക്കുടയിലെ ഒരു നാരായണയ്യർ ആയിരുന്നു. അദ്ദേഹം ബന്ധുവായിരുന്നുവെങ്കിലും ഫീസിൻറെ കാര്യത്തിൽ തനി കർക്കശക്കാരൻ. ആയിരം രൂപ, രണ്ടായിരം രൂപ എന്നൊക്കെ കണ്ണിൽച്ചോരയില്ലാതെ അമ്മീമ്മയോട് പണം ആവശ്യപ്പെടും. അമ്മീമ്മ ഞെങ്ങി ഞെരുങ്ങി ചുരുക്കാവുന്നത്ര പണം ചുരുക്കി ചെലവഴിച്ചായിരുന്നു കേസിനുള്ള പണം ഒപ്പിച്ചിരുന്നത്. ഇരിങ്ങാലക്കുട നിന്നും ആമ്പല്ലൂർ വരെ ബസ്സിൽ വന്ന് പിന്നെ വയൽവരമ്പിലൂടെ വീട്ടിലേക്ക് നടന്നാണ് ഞങ്ങൾ ഇരുവഴിയും അതായത് അങ്ങോട്ടുമിങ്ങോട്ടും യാത്ര ചെയ്തിരുന്നത്. നെല്ലും തേങ്ങയുമൊഴിച്ച് എല്ലാം വീട്ടുപറമ്പിൽ വിളയിച്ചു. ചെരിപ്പ് പോലും ഇട്ടിരുന്നില്ല അവർ.

നാരായണയ്യരുടെ വീട്ടിൽ നിന്നും ഞങ്ങൾ കുട്ടികൾ സ്ഥിരമായി ഭക്ഷണം കഴിക്കുമായിരുന്നു.

ഭാഗ്യ തൃശൂർ പാട്ടുരായ്ക്കലിലുണ്ടായിരുന്ന കെ.എം കൃഷ്ണയ്യരെന്ന വക്കീലിൻറെ വീട്ടിലേക്കാണ് ഓർമ്മ വെച്ചപ്പോൾ മുതൽ പോയിക്കൊണ്ടിരുന്നത്. അമ്മയുടെ വക്കീൽ അദ്ദേഹമായിരുന്നു. അച്ഛന് അവിടെ വലിയ സ്ഥാനം കിട്ടീരുന്നു. അച്ഛൻ വിപ്ളവവിവാഹം കഴിച്ച ചുണക്കുട്ടനും ഭാര്യ വീട്ടുകാരുടെ അന്യായമായ കേസിനെ എതിർക്കാൻ തയാറായ ധീരനുമല്ലേ...

കേസ് ആവശ്യത്തിനനുസരിച്ച് ഞങ്ങൾ പരസ്പരം ഇരു വക്കീലുമാരേയും കാണാറുണ്ടായിരുന്നു. ലോകത്തിൽ എനിക്കേറ്റവും പരിചയം തോന്നിപ്പിക്കുന്ന ഒരിടമാണ് വക്കീൽ ഓഫീസ്.

ആ സമയത്ത് അമ്മീമ്മയെപ്പറ്റി അനവധി കളവുകൾ തൃക്കൂർ നാട്ടിൽ പ്രചാരത്തിലുണ്ടായിരുന്നു. തറവാട്ടിലെ സകല ആഭരണങ്ങളും അമ്മീമ്മ അടിച്ചുമാറ്റി എന്ന കളവായിരുന്നു ഏറ്റവും പ്രധാനം. അത് അങ്ങനെ പറഞ്ഞു നടന്ന ഒത്തിരി സവർണർ ഉണ്ടായിരുന്നു.

അമ്മീമ്മയുടെ അമ്മ രുഗ്മിണി അമ്മാളുടെ ആഭരണങ്ങൾ എല്ലാം ഊരിയെടുത്ത് തല മൊട്ടയടിപ്പിച്ച്, ഗോതമ്പ് നിറമുള്ള പുടവയും ചാർത്തിക്കാൻ മുൻപിൽ നിന്നത് നഗരനിവാസികളായ, ഉന്നതോദ്യോഗസ്ഥരായ ആൺമക്കളാണ്. കേസ് നടത്താൻ ഒരാൾ തറവാട്ടു മഠത്തിൽ കുടുംബമായിത്താമസിച്ചു. അദ്ദേഹത്തിന് തൃശൂരായിരുന്നു ജോലി. അമ്മയായ രുഗ്മിണി അമ്മാൾ തറവാട്ടു മഠത്തിൽ പാർത്താൽ പെൺകുട്ടികൾ അവരുമായി ബന്ധം പുലർത്തിയാലോ... ജായ്ക്കാളും ദില്ലിയിൽ താമസിക്കുന്ന മീനാളും പിന്നേം തറവാട്ടിൽ വന്നെങ്കിലോ, എൻറെ അമ്മയും അമ്മീമ്മയും
അവരുടെ അമ്മയെ കണ്ടെങ്കിലോ...

ഇതൊക്കെ ബ്രാഹ്മണാചാരങ്ങൾക്ക് വിരുദ്ധ മല്ലേ..

അങ്ങനെ ആ വലിയ മഠത്തിൻറെ കുടുംബനാഥയെ ബോംബെക്കും ബറോഡക്കും ഗുജറാത്തിലെ മെഹ്സനയിലേക്കും മദ്രാസിലേക്കും ഒക്കെ ഫ്ളാറ്റുകളിൽ നിന്നും ഫ്ളാറ്റുകളിലേക്ക് മാറ്റിപ്പാർപ്പിച്ചു. അവർ പിന്നെ സ്വതന്ത്രമായി, സമാധാനത്തോടെ ഒരിക്കലും തൃക്കൂർ ഗ്രാമം കണ്ടിട്ടില്ല. അവരുടേതായിരുന്ന ആ മഠത്തിൽ ജീവിച്ചിട്ടില്ല. ദയനീയമായിരുന്നു എൻറെ അമ്മയുടമ്മയുടെ ജീവിതം.

അമ്മീമ്മയുടെ സഹോദരന്മാരെ ആദ്യമായി തറയിൽ നിറുത്തിച്ചത് പാട്ടക്കുടിയാന്മാരാണ്. രുഗ്മിണി അമ്മാൾ എന്ന മഠത്തിലമ്മയെ എന്ന് വീട്ടിൽ നിന്നിറക്കിയോ അതിനു ശേഷം ഒരു മണി നെല്ലോ, ഒരു കായക്കുലയോ, ഒരു നാളികേരമോ അവർ പാട്ടമളന്നില്ല.

കുടിയാന്മാർ ബുദ്ധിയുള്ളവരാണെന്ന് ബ്രാഹ്മണർക്ക് മനസ്സിലാക്കേണ്ടി വന്നു. അവരോട് കളിക്കുന്നത് സഹോദരിമാരേയും പെറ്റമ്മയേയും വീട്ടിൽ നിന്നിറക്കി വിടും പോലെ എളുപ്പമല്ലെന്നും എല്ലാവർക്കും മനസ്സിലായി.

1 comment:

Muralee Mukundan , ബിലാത്തിപട്ടണം said...

കുടിയാന്മാർ ബുദ്ധിയുള്ളവരാണെന്ന് ബ്രാഹ്മണർക്ക് മനസ്സിലാക്കേണ്ടി വന്നു. അവരോട് കളിക്കുന്നത് സഹോദരിമാരേയും പെറ്റമ്മയേയും വീട്ടിൽ നിന്നിറക്കി വിടും പോലെ എളുപ്പമല്ലെന്നും എല്ലാവർക്കും മനസ്സിലായി.