Friday, August 16, 2019

അമ്മച്ചിന്തുകൾ 32

                                                                     
അമ്മീമ്മയുടെ നാലു സഹോദരന്മാർക്കും ആ കോടതി വിധി തീരെ ബോധ്യമായില്ല. അവർ ഏറെ ധനികരാണല്ലോ. അതുകൊണ്ട് കേരള ഹൈക്കോടതിയിൽ ആ വിധിക്കെതിരേ അവർ അപ്പീൽ പോയി.

അഡ്വ. കെ. എം കൃഷ്ണയ്യർ വിധി വന്നപ്പോഴേ 'നമ്മൾ ആദ്യം അപ്പീൽ പോവണ'മെന്ന് അഭിപ്രായപ്പെട്ടിരുന്നു. കാരണം ഞങ്ങളുടെ അമ്മയ്ക്ക് കേസിൽ നിന്നും യാതൊരു ലാഭവും ഉണ്ടായില്ല എന്നതായിരുന്നു അദ്ദേഹത്തിന്റെ ലോ പോയിൻറ്. എന്നാൽ അമ്മീമ്മക്ക് ആ വീട് കിട്ടിയതിനപ്പുറം ഒന്നും വേണമെന്ന് അമ്മ ആഗ്രഹിച്ചിരുന്നില്ല. അച്ഛനും വക്കീലിനോട് പറഞ്ഞു. 'അമ്മീമ്മക്ക് വീട് കിട്ടിയല്ലോ അതു മതി'യെന്ന്.....

അങ്ങനെ മതിയാവില്ലല്ലോ സഹോദരന്മാർക്ക്. അപ്പീലായി. വീണ്ടും കേസായി. അച്ഛന് അമ്മയെ കല്യാണം കഴിച്ച തെറ്റ് തീരെ സഹിക്കാൻ പറ്റാതായത് ആ കാലം മുതലാണ്.

എറണാകുളത്തെ അഡ്വ. ശിവശങ്കരപ്പണിക്കരായിരുന്നു അമ്മക്കും അമ്മീമ്മക്കും വേണ്ടി കേസ് വാദിച്ചത്. നല്ല തുക അദ്ദേഹത്തിന്റെ ഫീസായി ഒടുക്കേണ്ടി വന്നു.

കേസ് നടത്തുന്നത് എളുപ്പമല്ലല്ലോ. അതിരില്ലാത്ത പണം, നിലയ്ക്കാത്ത അദ്ധ്വാനം, അവസാനിക്കാത്ത ക്ഷമ, എന്ത് തിരിച്ചടി വന്നാലും തോല്ക്കാത്ത ശുഭാപ്തി വിശ്വാസം... അമ്മയും അമ്മീമ്മയും ശരിക്കും നരകത്തിലാണ് ജീവിച്ചത്. നിത്യവും ആ നരകത്തെ അറിഞ്ഞറിഞ്ഞാണ് നമ്മുടെ നിയമങ്ങൾ കടലാസു പുലികളാണെന്ന തോന്നൽ എന്നിലുറച്ചതും...

അച്ഛനു എല്ലാം മടുത്തു. കേസും ധനച്ചെലവും മക്കളും എല്ലാം മതിയായി. മറ്റ് ചില ഡോക്ടർ മാരെപ്പോലേ ഗംഭീരമായ പ്രൈവറ്റ് പ്രാക്ടീസ് അച്ഛനുണ്ടായില്ല. എന്നാലും കുറച്ചു ഉണ്ടായിരുന്നു. അത് അയ്യന്തോളിൽ വെച്ച വീടിൻറെ പണിക്കുറ്റമാണെന്ന് അച്ഛൻ വിശ്വസിച്ചു പോന്നു. അദ്ദേഹത്തിന്റെ വിശ്വസ്തരും ഒപ്പം മദ്യപിക്കുന്നവരുമായ ചില സുഹൃത്തുക്കൾ ജ്യോതിഷിമാരായിരുന്നു. അവരുടെ പ്രവചനങ്ങൾ അച്ഛൻ വെള്ളം കൂട്ടാതെ വിഴുങ്ങി. ജ്യോതിഷജ്ഞാനം അമ്മയ്ക്ക് ഒരു നീചമായ കുറവായി അച്ഛൻ കണ്ടപ്പോൾ സുഹൃത്തുക്കളുടെ ജ്ഞാനം എങ്ങനെ കേമമായി എന്ന് ആലോചിച്ചാലോചിച്ച് ഞങ്ങൾക്ക് ഭ്രാന്തെടുത്തിട്ടുണ്ട്.

അച്ഛനു കേൾക്കാൻ താല്പര്യമുള്ള കാര്യങ്ങൾ പറയുന്ന ജ്യോതിഷമായിരുന്നു അവരുടേത്. ഉദാഹരണത്തിന് അമ്മ അഹങ്കാരിയാണ്. അമ്മ അമ്മീമ്മേടെ ചൊല്പടിയിലാണ്. അമ്മക്ക് അച്ഛനെ ബഹുമാനമില്ല. അമ്മയെ കുനിച്ച് നിറുത്തി പുറത്ത് മുട്ടുകൈ കൊണ്ട് ഇടിക്കണം. ഇന്നിതെഴുതുമ്പോൾ പോലും എൻറെ കൈ വിറക്കുകയാണ്. അമ്മയുടെ കരച്ചിലിൻറെ ഏക്കവും ഞരക്കവും എൻറെ ഹൃദയത്തെ ഞെക്കിപ്പിഴിയുകയാണ്.

ആ ജ്യോതിഷിമാർ പറഞ്ഞതനുസരിച്ച് വീട് വാടകയ്ക്ക് കൊടുക്കാനോ വിൽക്കാനോ അമ്മ തയാറായില്ല. അമ്മ ഒരു പശുവിനെപ്പോലെ കണക്കില്ലാത്ത അത്രയും അടിയും ചവിട്ടും ഏറ്റു. അമ്മയുടെ കാലൊടിഞ്ഞു, കണ്ണിൽ പരിക്ക് പറ്റി. എന്നിട്ടും വീട് അമ്മ ഉപേക്ഷിച്ചില്ല. ആ കാലമെല്ലാം എങ്ങനെ നീങ്ങിപ്പോയി എന്ന് എനിക്ക് ഓർക്കാൻ പോലും പറ്റുന്നില്ല. പഠിക്കുക, വായിക്കുക എന്നീ രണ്ടു പ്രവൃത്തികളിൽ കുറച്ച് ആശ്വാസം തോന്നിയിരുന്നതുകൊണ്ട് ഞങ്ങൾ പഠിച്ചു. ഞാനും ഭാഗ്യയും യാതൊരു സെലക് ഷനുമില്ലാതെ കൈയിൽ കിട്ടുന്ന എന്തും വായിച്ചു. രാമായണം മുതൽ കൊച്ചുപുസ്തകം വരെ... ഒഡിസി മുതൽ രതിസാമ്രാജ്യം വരെ... റാണി എല്ലാം മൂളിമൂളിക്കേട്ടു. അങ്ങനെ ആയിരുന്നില്ലെങ്കിൽ ഞങ്ങൾ കുറ്റവാളികളോ ലഹരി ക്കടിമപ്പെട്ടവരോ ഒക്കെ ആയിപ്പോയേനേ എന്ന് ഭയം തോന്നുകയാണിപ്പോൾ....

ചിലപ്പോൾ ഞാൻ അനിയത്തിമാരോട് പറയുമായിരുന്നു... 'ഞാൻ ആൺകുട്ടിയായിരുന്നെങ്കിൽ... അല്ലെങ്കിൽ നമ്മിൽ ആരെങ്കിലും ആൺകുട്ടിയായിരുന്നെങ്കിൽ...' അവർ തിരുത്തും. 'നിനക്ക് ഭ്രാന്താണോ.. അപ്പോൾ ആ കുട്ടി അല്ലെങ്കിൽ നമ്മിൽ ആണായിപ്പിറന്ന ആ കുട്ടി ഇപ്പൊ ജയിലിലാവും ഉണ്ടാവുക... അമ്മക്ക് അപ്പോഴും സങ്കടാവും. ഇപ്പൊ നമ്മള് വലുതായി പഠിച്ച് നല്ല ജോലിയൊക്കെ ആയി അമ്മേം അമ്മീമ്മേം നോക്കുന്നെങ്കിലും അവർക്ക് വിചാരിക്കാലോ...'

ആ സമയത്ത് വീട്ടു ജോലി സഹായി ആയിരുന്ന ചേച്ചിയെ അച്ഛൻ ഒത്തിരി ഇഷ്ടപ്പെട്ടിരുന്നു. എല്ലാം അച്ഛൻ റെ ഇഷ്ടത്തിനു മാത്രമേ അവർ ചെയ്തിരുന്നുള്ളൂ. അമ്മയെ അവർക്ക് പരമപുച്ഛവും. ആ ചേച്ചിയോട് ഉച്ചക്ക് അടുത്തുള്ള ബേക്കറിയിൽ പോയി കേക്ക് വാങ്ങിത്തരണമെന്ന് ഞാൻ വാശി പിടിച്ചതിന് അച്ഛൻ എന്നെ തല്ലീട്ടുണ്ട്. 'അവർ ഉച്ചവെയിലിൽ കരിഞ്ഞു പോവില്ലേ' എന്നും പറഞ്ഞാണ് തല്ലിയത്.

അവരുടെ അടുപ്പം വർദ്ധിച്ചു വരികയായിരുന്നു. അച്ഛൻ ഇരിക്കുന്ന കസേരക്കയ്യിലൊക്കെ ചേച്ചി സുഖമായി ഇരിക്കും. അച്ഛൻറെ തല ഞാവിക്കൊടുക്കും. ചേച്ചി താരൻ ചുരണ്ടിക്കളയുവാണെന്നും 'നിൻറെ തള്ളക്ക് എന്നെ ശ്രദ്ധിക്കാൻ നേരമില്ലെ'ന്നും അച്ഛൻ പറയുമ്പോൾ ഞാൻ മൗനിയാകും.

ഞങ്ങൾ ആരുമില്ലാത്തപ്പോൾ അച്ഛൻറെ സുഹൃത്തായ ഒരു ഡോക്ടർ അപ്രതീക്ഷിതമായി വീട്ടിൽ എത്തി. എന്നെ വിരട്ടും പോലെ അദ്ദേഹത്തിന്റെ കണ്ണിൽ പൊടിയിടാൻ അച്ഛനു സാധിച്ചില്ല.

ചേച്ചിയെ പറഞ്ഞു വിടണമെന്ന് ആ ഡോക്ടർ അമ്മയെ ചെന്നു കണ്ടു പറഞ്ഞു. ചേച്ചിക്ക് അമ്മ വൈകീട്ട് വരുമ്പോൾ അഭിമുഖീകരിക്കാൻ മടിയായിട്ടുണ്ടാവണം അച്ഛൻറെ പക്കൽ നിന്ന് പണവും വാങ്ങി അവർ ജോലി വിട്ടു പോയി. അച്ഛൻ മിടുക്കനായിത്തന്നെത്തുടർന്നു.

പിന്നെ വീട്ടു ജോലി സഹായത്തിനു വന്ന തമിഴത്തി സ്ത്രീ നോൺവെജ് ആഹാരം വെക്കാൻ തയാറായില്ല. ഓംലററ്, ബുൾസ് ഐ, പോച്ഡ് എഗ്ഗ് , തേങ്ങാ വറുത്തരച്ച മുട്ടക്കറി ഒക്കെ അമ്മ ഉണ്ടാക്കുമായിരുന്നു. അതിൽ ഒതുങ്ങി നോൺവെജ് പാചകം.

അച്ഛൻ എല്ലാവരോടും ഇഷ്ടപ്പെട്ട ആഹാരം കിട്ടുന്നില്ലെന്ന് സങ്കടം കൊണ്ടു. പറ്റാവുന്നവരെല്ലാം അതുണ്ടാക്കി സമ്മാനിക്കുകയും അദ്ദേഹത്തെ സന്തോഷിപ്പിക്കുകയും ചെയ്തു. പൊതുവേ പല സ്ത്രീകൾക്കും ഉയർന്ന ഉദ്യോഗസ്ഥനായ ഒരു പുരുഷൻ നൊമ്പരപ്പെടുന്നത് കണ്ടാൽ സഹിക്കാൻ പറ്റില്ല. അങ്ങനെയുള്ളവർ എന്നും അച്ഛൻറെ പരിചിതവലയത്തിലുണ്ടായിരുന്നു.

കഠിനമായ മാനസിക ക്ളേശവും ശാരീരിക മർദ്ദനങ്ങളും അമ്മയെ രോഗിണിയാക്കി. ഒരു പനിയായിട്ടായിരുന്നു തുടക്കം. അത് പതിനഞ്ചു ദിവസമായിട്ടും മാറിയില്ല. വെറും പാരെസറ്റമോളിനപ്പുറം ഒരു മരുന്നും അച്ഛൻ കൊടുത്തതുമില്ലായിരുന്നു. ഭാഗ്യക്ക് പത്തു വയസ്സാണ് അക്കാലത്ത്...

അമ്മയുടെ അസുഖം സഹിക്കാനാവാത്ത കൈവേദനയായി പരിണമിച്ചു. ഞങ്ങളുടെ ജീവിതം കൂടുതൽ സങ്കീർണമാവുന്നതിൻറെ ആദ്യ പടിയായിരുന്നു അത്.

1 comment:

Muralee Mukundan , ബിലാത്തിപട്ടണം said...

പഠിക്കുക, വായിക്കുക എന്നീ രണ്ടു പ്രവൃത്തികളിൽ കുറച്ച് ആശ്വാസം തോന്നിയിരുന്നതുകൊണ്ട് ഞങ്ങൾ പഠിച്ചു. ഞാനും ഭാഗ്യയും യാതൊരു സെലക് ഷനുമില്ലാതെ കൈയിൽ കിട്ടുന്ന എന്തും വായിച്ചു. രാമായണം മുതൽ കൊച്ചുപുസ്തകം വരെ... ഒഡിസി മുതൽ രതിസാമ്രാജ്യം വരെ... റാണി എല്ലാം മൂളിമൂളിക്കേട്ടു. അങ്ങനെ ആയിരുന്നില്ലെങ്കിൽ ഞങ്ങൾ കുറ്റവാളികളോ ലഹരി ക്കടിമപ്പെട്ടവരോ ഒക്കെ ആയിപ്പോയേനേ എന്ന് ഭയം തോന്നുകയാണിപ്പോൾ..