Sunday, August 11, 2019

അമ്മച്ചിന്തുകൾ 8

                                                              

തൃക്കൂർ മഠത്തിൽ സുബ്ബരാമയ്യർ കുറ്റബോധം കൊണ്ട് ഉരുകുന്ന ആ ദിനങ്ങളിലാണ് അകന്ന ബന്ധുവായ റെഡി അത്തിമ്പേർ വന്ന് ഒരു കല്യാണം വിളിച്ചത്. മക്കളില്ലാത്ത അദ്ദേഹം തൻറെ ഭാര്യാസഹോദരി പുത്രിക്ക് സ്വന്തം പറമ്പ് വിറ്റ് വരദക്ഷിണയുണ്ടാക്കി കൊടുക്കാൻ തീരുമാനിച്ചിരിക്കയാണ്. വല്ല ക്ഷേത്രത്തിലേയും നേദ്യച്ചോറും കഴിച്ച് ഭജനയും പാടി ശിഷ്ട ജീവിതം കഴിച്ചുകൂട്ടാൻ അത്തിമ്പേർ ഉറപ്പിച്ചു കഴിഞ്ഞു. വീടും പറമ്പും പ്രശ്നമല്ല... ആ പെൺകുട്ടിയുടെ കല്യാണം ഭംഗിയായി നടക്കലാണ് അത്തിമ്പേർക്ക് മുഖ്യം.

സുബ്ബരാമയ്യർ അത്തിമ്പേരെ കെട്ടിപ്പിടിച്ച് കരഞ്ഞു.

'അപ്പാവോട് കണ്ണിലേന്ത് രത്തം പോലെ രണ്ടു തുള്ളി നീരു ചൊട്ടിത്ത് ' എന്നാണ് അമ്മീമ്മ അക്കാര്യത്തെപ്പറ്റി പറഞ്ഞിട്ടുള്ളത്. 'തപ്പ് പണ്ണിട്ടേൻ.. എന്നോട് രാജത്തെ വേണ്ട മാതിരി അനപ്പലയേ.. റെഡീ അത്തിമ്പേർ.. നീങ്കൾ രൊമ്പ പെരിയവർ' എന്ന് ആ പിതൃഹൃദയം നൊന്തു നിലവിളിച്ചു.

അതിനുശേഷമാണ് അമ്മീമ്മക്കായി സുബ്ബരാമയ്യർ പണിതു കൊടുത്ത വീട്ടിൽ വീട്ടുപകരണങ്ങൾ ഒക്കെ കൊണ്ടു പോയി ഇടാൻ ആ അച്ഛൻ നിർദ്ദേശിച്ചത്.

അമ്മീമ്മക്കത് ബോധ്യമായില്ല. തറവാട്ടു മഠത്തിൽ നിന്നും എന്തിന് വീട്ടുപകരണങ്ങളും ഫർണിച്ചറും ഒക്കെ കൊണ്ടു പോവണം? അമ്മീമ്മ ഈ തറവാട് വിട്ട് എങ്ങോട്ടും പോകുന്നില്ലല്ലോ. അക്കാലത്താണെങ്കിൽ അമ്മീമ്മയ്ക്കായി ആ അപ്പാ പണിചെയ്യിച്ച വീട്ടിൽ അച്ഛനുശേഷം ഡിസ്പെൻസറിയിലേക്ക് മാറ്റം കിട്ടി വന്ന ഡോ തിമത്തിയായിരുന്നു വാടകയ്ക്ക് താമസിച്ചിരുന്നത്. ജനിച്ചു വളർന്ന ആ വലിയ തറവാട്ടു മഠം വിട്ട് എങ്ങോട്ടെങ്കിലും പോകേണ്ടി വരുമെന്ന് അമ്മീമ്മ സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ല.

എൻറെ അമ്മ വല്ലപ്പോഴും അമ്മീമ്മക്ക് സ്കൂൾ വിലാസത്തിൽ കത്തെഴുതി. അത് അന്നത്തെ പോസ്റ്റ് മാൻ കൃത്യമായി അവരുടെ മൂത്ത ചേട്ടനെ ഏല്പിച്ചു. എല്ലാ സവർണർക്കും അമ്മയെ ഒരു പാഠം പഠിപ്പിക്കാൻ വലിയ മോഹമുണ്ടായിരുന്നു. ചേട്ടൻ ആ കത്ത് കൊണ്ട് വന്ന് മഠത്തിൽ ലഹളയുണ്ടാക്കി. അമ്മീമ്മയുടെ കരണത്തടിക്കുകയും മറ്റും ചെയ്തു. അമ്മീമ്മ ഈ കല്യാണത്തിന് സഹായിച്ചിരുന്നു എന്ന അപഖ്യാതി അങ്ങനെ യാണ് തൃക്കൂർ ഗ്രാമത്തിലെ സവർണർ ഏറ്റെടുത്തത്. മൂത്ത ചേട്ടനും അതിൽ പങ്ക് വഹിക്കാതിരുന്നില്ല

സുബ്ബരാമയ്യർ അമ്മീമ്മയെ അവിശ്വസിച്ചില്ല. മൂത്ത മകനോട് അദ്ദേഹം കോപിച്ചു. നമ്മൾ സകല ആണുങ്ങളും സ്വന്തം ചുമതല നന്നായി നിർവഹിക്കാത്തതുകൊണ്ടാണ് ഇങ്ങനെ ഒരു കല്യാണമുണ്ടായതെന്നും അതിന് അമ്മീമ്മയെ തല്ലുകയല്ല വേണ്ടതെന്നും അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു.

ചേട്ടൻ കോപിഷ്ഠനായി മടങ്ങി.

അമ്മീമ്മയോട് ആ അച്ഛൻ നിർദ്ദേശിച്ചത്.. അവർ തിരുവനന്തപുരത്ത് അത്ര ദൂരെയാവാതെ ഇവിടെ അടുത്തെവിടെങ്കിലും വന്ന് താമസിച്ചാൽ അവളുടെ വിവരമറിയാമല്ലോ.. അതിനു എന്താ വഴി എന്ന് ആലോചിച്ചാലോ എന്നായിരുന്നു.

വെറുതേ ഈശ്വര നാമം ഉരുവിട്ട് കൃഷി മേൽനോട്ടവും പണം പലിശക്ക് കൊടുക്കലും കുറച്ചു സിവിൽ കേസുകളും ഒരു ആയുർവേദ വൈദ്യശാലയും നടത്തിപ്പോന്ന അപ്പാവിൻറെ മനസ്സറിഞ്ഞ് അമ്മീമ്മ കോൾമയിർക്കൊണ്ടുപോയി. എൻറെ അമ്മക്ക് ഈ തീരുമാനം എടുക്കാനായത് ആ അപ്പാവിൻറെ രക്തവും സിരകളിലുള്ളതുകൊണ്ടാണെന്ന് അമ്മീമ്മ ആ നിമിഷം അറിഞ്ഞു.

അമ്മീമ്മ അക്കാര്യം എഴുതി അറിയിച്ചതാണ് അച്ഛൻ പിന്നീടുള്ള കുറെക്കാലം തൻറെ പ്രവൃത്തി മേഖലയായി തൃശൂർ തെരഞ്ഞെടുത്തതിന് ഹേതു.

അമ്മ പിന്നെ അമ്മീമ്മയുടെ വിലാസത്തിൽ കത്തെഴുതിയില്ല. അച്ഛൻ റെ വൃദ്ധയായ ഒന്നു രണ്ടു സ്ത്രീ സുഹൃത്തുക്കൾക്കാണ് അമ്മ എഴുതീരുന്നത്. അവർ ആ കത്തുകൾ അമ്മീമ്മയെ ഏല്പിച്ചിരുന്നു.

അമ്മയെ ഓർത്ത് സങ്കടപ്പെട്ട് സുബ്ബരാമയ്യരെന്ന അമ്മയുടെ അച്ഛൻ ആരോഗ്യം തകർന്ന് കിടപ്പായി. സമൂഹത്തിൻറെ കളിയാക്കലോ ബന്ധുക്കളുടെ പുച്ഛമോ അദ്ദേഹത്തെ തരിമ്പും അലട്ടിയില്ല. അമ്മ സന്തോഷത്തോടെ ജീവിക്കുമോ എന്ന ആധി മാത്രം ആ വൃദ്ധമനസ്സിനെ കാർന്നുതിന്നു.

1 comment:

Muralee Mukundan , ബിലാത്തിപട്ടണം said...

അമ്മയെ ഓർത്ത് സങ്കടപ്പെട്ട് സുബ്ബരാമയ്യരെന്ന അമ്മയുടെ അച്ഛൻ ആരോഗ്യം തകർന്ന് കിടപ്പായി. സമൂഹത്തിൻറെ കളിയാക്കലോ ബന്ധുക്കളുടെ പുച്ഛമോ അദ്ദേഹത്തെ തരിമ്പും അലട്ടിയില്ല. അമ്മ സന്തോഷത്തോടെ ജീവിക്കുമോ എന്ന ആധി മാത്രം ആ വൃദ്ധമനസ്സിനെ കാർന്നുതിന്നു.