Saturday, August 10, 2019

കനവ് ചെപ്പിൻറെ നാലാമത്തെ അറ 3

20/08/2020

  https://www.facebook.com/echmu.kutty/posts/124071367610792418/07/19
കറണ്ട് ദൈവം.

ഈ കറണ്ട് അടിക്കണ ഉപകരണങ്ങൾ കൈകാര്യം ചെയ്യണവരെ എനിക്ക് ചെറുപ്പം മുതല് വല്യ ബഹുമാനാണ്. ബൾബും ട്യൂബ് ലൈറ്റും മാറ്റണതു മുതൽ ഇലക്ട്രിക് കമ്പി വലിച്ച് കെട്ടണവര്, കറണ്ട് പോസ്റ്റിൽ കയറണവര്... അങ്ങനെ എല്ലാരേം വല്യ ബഹുമാനാണ്..

എനിക്ക് ഇതൊന്നും പറ്റ്ല്യാ.. കാരണം ഞാൻ പെൺകുട്ടിയാന്ന് എന്നെ കളിയാക്കി പറേണ കേട്ടാ അപ്പൊ എനിക്ക് ദേഷ്യം വരും... ചെറുപ്പത്തില്...

പോസ്റ്റിൽ കേറണതും കമ്പി വലിക്കണതുമാണ് കറണ്ടിൻറെ പരകോടീന്നാണ് അന്നൊക്കെ വിചാരം.

പിന്നെ വലുതായി കുറേശ്ശേ മനസ്സിലായി ത്തുടങ്ങി അത് മാത്രല്ല.. കറണ്ടില് വല്യ പണികള് വേറേം ഉണ്ടെന്ന്...

റാണി ഇലക്ട്രിക്കൽ എൻജിനീയറിംഗ് പഠിച്ച് വലിയ വലിയ കമ്പനികളില് ഗമണ്ടൻ പോസ്റ്റുകളില് ഇരിക്കുമ്പളാണ് ഞാൻ അവിടെയൊക്കെ പോയി കറണ്ട് ദൈവത്തിൻറെ ലോകം എത്ര വിസ്മയം നിറഞ്ഞതാണെന്നറിഞ്ഞത്. അന്ന് തുറന്ന് പോയ വായിക്കൂടെ ഈച്ച മാത്രം ല്ല ആന വരെ എറങ്ങീട്ട്ണ്ടാവും.

അപ്പൊ വല്യ ഒരു വയലാണ്. ആമ്പല്ലൂര് ന്ന് കോനിക്കര വരെ എത്തണ ഒരു വയല്...

എന്ന് വെച്ചാ ഓളം വെട്ടണ ഒരു പച്ചക്കടല്... വീതി കൂടിയ വരമ്പില് തേക്കിൻ കാലിൻറെ പോസ്റ്റുകള്... അതില് വളഞ്ഞ് താഴോട്ട് നോക്കി നില്ക്കണ പ്രകാശം തീരെ ഇല്യാത്ത വഴിവിളക്ക്...

ഞാനങ്ങനെ പാട്ടും പാടി ആ വരമ്പത്തൂടെ നടന്ന് നടന്ന് പോവാണ്..

അപ്പോ നട്ടുച്ചക്ക് കത്തി നില്ക്കണ ബൾബ് ഒക്കെ അണഞ്ഞു...

കഷ്ടിച്ച് കാണാം വരമ്പ്...

ഇനി എന്താ മാർഗം?
തിക്കും പൊക്കും നോക്കി.. പോസ്റ്റിൽ കയറി വിളക്ക് ശരിയാക്കന്നെ...

അങ്ങനെ പോസ്റ്റിൽ കയറാണ്. തളപ്പ് ഇട്ടിട്ട്ണ്ട്. അതെവിടുന്നു കിട്ടി എന്ന് ചോദിക്കരുത്..

അങ്ങനെ ഓരോന്നൊക്കെ കിട്ടും സ്വപ്‌നത്തില്...

എന്നിട്ട് കേറി കേറിപ്പോവാണ്...

അപ്പൊ, മോളീന്ന് ഒരു ചോദ്യം...

എങ്ങ്ടാ വരണേന്ന്?

നോക്കുമ്പോ ആരാന്നാ ?

സാക്ഷാൽ കറണ്ട് ദൈവം..

ഇടിമിന്നുമ്പോ സിനിമേലൊക്കെ ഇങ്ങനെ മരിക്കാൻ പോണവരുടെ ഒരു ഗ്രാഫ് പോലെ മെഷീനിൽ കാണിക്കില്ലേ...

അങ്ങനത്തെ മിന്നണ വരയുള്ള കിരീടോം ഉടുപ്പുമൊക്കെയായിട്ട്..

ഡും....

കറണ്ട് ദൈവം ഒരടി തന്നതാ...

ഞാൻ വരമ്പില് പൊത്തോന്ന് വീണു...

സാരല്യാ...

വീണത് കട്ടിലീന്ന് തറയിലേക്കായിരുന്നു.

No comments: