Sunday, August 18, 2019

അമ്മച്ചിന്തുകൾ 38

                                                                     
ആ നഴ്സ് മാലാഖയും മിശ്രവിവാഹം കഴിച്ചവരായിരുന്നു. രാജം എന്ന എൻറെ അമ്മയുടെ ദു:ശീലങ്ങൾ അറിഞ്ഞപ്പോൾ അവർ തകർന്നു പോയി. അവർ സ്നേഹത്തോടെ അച്ഛനെ മാറോടു ചേർത്തുപിടിച്ചു. .... അദ്ദേഹത്തിൻറെ വിണ്ടു നീറുന്ന ഹൃദയത്തെ നിത്യവും സ്നേഹലേപനം പുരട്ടിത്തടവി.

അച്ഛൻ ഒരു കൗമാരക്കാരനായ കാമുകനായി. കാർ കേടായാൽ സുഹൃത്തിൻറെ മകൻറെ സൈക്കിൾ കടം വാങ്ങി അതും ചവിട്ടി അദ്ദേഹം ആശുപത്രിയിൽ പോയി. ആ കാഴ്ച കണ്ട് ഞാനും ഭാഗ്യയും അന്ധരെപ്പോലെ നിന്നു.

ഒരിക്കലും പൗഡറിടാത്ത അച്ഛൻ എക്സോട്ടിക്ക എന്ന പൗഡർ വാങ്ങിപ്പൂശി. അച്ഛൻറെ ഡെറ്റോളും ലൈസോളും കലർന്ന മണം അങ്ങനെ ഞങ്ങൾക്ക് നഷ്ടപ്പെട്ടു.

കൈത്തറി ബെഡ്ഷീറ്റും തലയിണയുറകളുമാരുന്നു അയ്യന്തോൾ വീട്ടിൽ അക്കാലം വരേയും. അമ്മ ഹാൻടെക്സിൽ കുറി ചേർന്ന് വർഷത്തിലൊരിക്കൽ വാങ്ങുന്നവ.

അച്ഛൻ ബോംബെ ഡൈയിംഗിൻറെ പൂങ്കുലകൾ നിറഞ്ഞ, പലതരം പ്രിൻറുകൾ പടർന്നൊഴുകുന്ന ബെഡ്ഷീറ്റുകൾ വാങ്ങി സൂക്ഷിച്ചു. ഹാഫ് കൈ ബനിയൻ ധരിച്ചിരുന്ന അദ്ദേഹം ടീ ഷർട്ടുകൾ ഉപയോഗിച്ചു തുടങ്ങി. എന്നും ഉച്ചയൂണിനും അത്താഴത്തിനും അദ്ദേഹത്തിന് മീൻ കറിയും ഇറച്ചിക്കറിയും അവർ ഉണ്ടാക്കി നല്കി.

അമ്മയെ അടിച്ചിരുന്നെങ്കിലും അദ്ദേഹത്തിന്റെ ഗന്ധം, വല്ലപ്പോഴുമുള്ള തമാശകൾ, വിരളമായ ഔട്ടിംഗുകൾ, പുസ്തക വായന, പാട്ടു കേൾപ്പിക്കൽ, ചിലപ്പോഴുള്ള കഥ പറയൽ... അങ്ങനെ അദ്ദേഹം അച്ഛനാണ്.. എന്തായാലും അച്ഛൻ തന്നെയാണ് എന്ന വിചാരം, അങ്ങനെ തോന്നുന്ന ഒരു സ്വന്തപ്പെടൽ ഇക്കാര്യങ്ങൾകൊണ്ട് മനസ്സിലുണ്ടായിരുന്നു. അച്ഛനും അമ്മയും സ്നേഹമായി ജീവിച്ചാൽ ഞങ്ങൾക്ക് കൈവരുന്ന സൗഭാഗ്യങ്ങളെ സങ്കല്പിച്ച് ആനന്ദിക്കുന്നത് ഞങ്ങളുടെ ഒരു കളി കൂടിയായിരുന്നു. ആ സങ്കൽപ്പലോകത്തിൽ
ൽ എത്ര നേരം വേണമെങ്കിലും ജീവിക്കാൻ ഞങ്ങൾ മൂന്നു പേർക്കും കഴിയുമായിരുന്നു.

അതെല്ലാം ഞങ്ങൾ മറന്നു. ഇത് ഞങ്ങളുടെ അച്ഛനല്ല എന്ന തോന്നൽ വർദ്ധിച്ചു വന്നു. ഒരു അപരിചിതനെന്ന തോന്നൽ ഉള്ളിൽ വളരാൻ തുടങ്ങി.

അമ്മയ്ക്ക് ടി ബി വന്നപ്പോഴാണ് എന്റെ ഒമ്പതാം ക്ലാസ് പഠനം തൃശൂർ സേക്രഡ് ഹാർട്ട് കോൺവെൻറിലേക്കാവുന്നത്. ഭാഗ്യയും അവിടേക്ക് എത്തി. അങ്ങനെ ഞങ്ങൾ ഒന്നിച്ച് തൃക്കൂരു നിന്നും ക്ളാസ്സിൽ പോയി വന്നിരുന്നു. അമ്മ ടി ബി ഭേദമായി അയ്യന്തോളിൽ താമസിക്കുകയും അവിടുത്തെ പോസ്റ്റ് ഓഫീസിൽ ജോലി തുടരുകയും ചെയ്തപ്പോൾ ഞാനും ഭാഗ്യയും അയ്യന്തോളിലെ വീട്ടിൽ നിന്നും സ്ക്കൂളിൽ പോവാൻ തുടങ്ങി.

എൻറെ ആ തീരുമാനം , അമ്മയോടൊപ്പം നില്ക്കാനുള്ള തീരുമാനം അമ്മീമ്മയെ വല്ലാതെ ദു:ഖിതയാക്കി. അന്നൊന്നും എനിക്കത് മനസ്സിലായില്ല. ഞങ്ങൾ അമ്മീമ്മയെ ഉപേക്ഷിച്ചു പോകും എന്ന നാട്ടുകാരുടെ കഥ പറയൽ അവരെ അപ്പോൾ ഭയപ്പെടുത്തിയിരിക്കണം.

എൻറെ ജീവിതത്തിലെ ദുരിതങ്ങളുടെ പ്രളയപ്പെയ്ത്ത് തുടങ്ങുന്നതങ്ങനെയാണ്. അമ്മീമ്മക്ക് എന്നിൽ ഒരു അതൃപ്തി, ഒരു അകൽച്ച, ഒരു അവിശ്വാസം, ഒരു ഭയം എല്ലാം അങ്ങനെ ആരംഭിച്ചു. എനിക്കതൊക്കെ ശരിയായി തിരിച്ചറിയാൻ ഒരുപാട് കാലമെടുത്തുവെന്നത് എൻറെ മറ്റൊരു നിർഭാഗ്യം.

അച്ഛൻറെ അടുത്ത സുഹൃത്തുക്കളായിരുന്നു എല്ലാ കാലത്തും മാറി വരുന്ന കളക്ടർമാർ, പോലീസ് സൂപ്രണ്ടുമാർ, ജഡ്ജിമാർ, ആർ ഡി ഓ മാർ, സബ്കളക്ടർമാർ.... അങ്ങനെ അയ്യന്തോൾ എന്ന ഡിസ്ട്രിക്ട് ഹെഡ്ക്വാർട്ടേഴ്സിലിരുന്ന് ഭരണചക്രം തിരിക്കുന്ന എല്ലാവരും അച്ഛൻറെ അടുപ്പക്കാരായിരുന്നു. അവരിൽ ചിലരുടെ ഭാര്യമാരുമായി അമ്മയും അടുപ്പം പുലർത്തിയിരുന്നു.

അച്ഛൻറെ സുഹൃത്തുക്കളെ ഞങ്ങൾ വേണ്ട വിധം ബഹുമാനിക്കുന്നില്ലെന്ന് അപ്പോൾ പുതിയ ആരോപണമുയർന്നു. അവർ വന്നപ്പോൾ എണീറ്റില്ല, ചായ കൊടുത്തു... അല്ലെങ്കിൽ കൊടുത്തില്ല..അങ്ങനെ ... അമ്മയെ അടിക്കുന്നത് അക്കാലങ്ങളിൽ നിറുത്തി വെച്ചിരിക്കയായിരുന്നു അച്ഛൻ. എന്നാലും ഇത്തരം വഴക്കുകൾ സുലഭമായിരുന്നു

വീട്ടിൽ അങ്ങനെ പ്രശ്‌നമൊന്നുമില്ലാത്ത ദിവസം ഞാനും ഭാഗ്യയും അമ്മയുടെ പ്രിയപ്പെട്ട വെളുത്ത പനിനീർപ്പൂക്കളെ ഇറുത്ത് കിടക്കയിൽ വിതറി ഉറങ്ങും. അക്കാലങ്ങളിൽ വായിക്കുന്ന പുസ്തകങ്ങളിലെ കഥാപാത്രങ്ങളേയും കാഫ്ക എന്ന എഴുത്തുകാരനേയും ഒക്കെ ഞാൻ പ്രണയിച്ചിരുന്നു. ഇന്നും എൻറെ പ്രണയിയാണ് ഷെർലക് ഹോംസ് എന്ന കഥാപാത്രം. പാശ്ചാത്യ സംഗീതം ഇഷ്ടപ്പെട്ടിരുന്നു. ഫ്രാങ്ക് സാപ്പയായിരുന്നു ആരാധനാപാത്രം. സാപ്പ ജാസും റോക്കും പലതരം ഫ്യൂഷനുകളും പരീക്ഷിച്ചിരുന്ന ഗിറ്റാറിസ്റ്റുമായിരുന്നുവല്ലോ. അദ്ദേഹത്തിന്റെ രാഷ്ട്രീയ നിലപാടുകളോടും താല്പര്യമാരുന്നു. ആ വെളുത്ത പനിനീർപ്പൂക്കളിൽ ഉറങ്ങീരുന്ന ഞാനും ഭാഗ്യയും അത് കഴിഞ്ഞ ജന്മത്തിലാരുന്നുവെന്ന മട്ടിൽ ഇപ്പോൾ സംസാരിക്കുന്നു.

വലിയ വലിയ ഓഫീസർ മാരെ പരിചയമുള്ളതിൻറെ ഒരു സ്പെഷ്യൽ ഗമ അച്ഛൻ പുലർത്തീരുന്നു. അദ്ദേഹത്തിന്റെ കാറിൽ ഞങ്ങൾക്ക് സഞ്ചരിക്കാൻ പറ്റുന്നതിന് നന്ദിയുണ്ടാവണമെന്ന് അച്ഛൻ ഞങ്ങളോട് പറയാറുണ്ട്. അതുപോലെ ഇത്ര വലിയ ഓഫീസർമാരെ പരിചയമുള്ള അച്ഛനുണ്ടായതിനും ഞങ്ങൾ നന്ദി പറയണമല്ലോ.

അച്ഛനാണ് ശരിക്കും വലിയ ഗവൺമെന്റ് ഉദ്യോഗം, സ്ററേററ് കാർ, ഫോൺ, ഡ്രൈവർ, നീലത്തുണിയിൽ ഭാണ്ഡമായി കെട്ടി വരുന്ന ഫയലുകൾ, വണങ്ങുന്ന കീഴുദ്യോഗസ്ഥർ..... ഇതുകൊണ്ടൊന്നും യാതൊരു കാര്യവുമില്ലെന്ന് , അതൊന്നും ഒരു വ്യക്തിയെ സാംസ്‌കാരിക മായി പരിപോഷിപ്പിക്കുന്നില്ലെന്ന് ഞങ്ങളെ കൃത്യമായി പഠിപ്പിച്ചത്.

അതുകൊണ്ടാണല്ലോ അച്ഛൻ റെ കൂട്ടുകാരൻ വക്കീൽ പത്മനാഭൻ ലേശം മദ്യത്തിന്റെ അകമ്പടിയിൽ എന്നെ കൊഞ്ചിക്കുകയാണെന്ന വ്യാജേനെ കെട്ടിപ്പിടിച്ചമർത്തുന്നത് അച്ഛനു മനസ്സിലാവാതെ വന്നത്. അബ്ദു എന്ന ജഡ്ജി ഉമ്മ വെച്ച് കൊഞ്ചിച്ചതും അച്ഛനു തിരിച്ചറിയാൻ പറ്റാതെ വന്നത്.

ഞാൻ കരഞ്ഞു. അച്ഛനോട് ബഹളം കൂട്ടി. എനിക്കിഷ്ടമായില്ല ആ കൊഞ്ചിക്കൽ... അതിൽ കൊഞ്ചിക്കൽ മാത്രമല്ല, വേറെ എന്തോ ഉണ്ടായിരുന്നു... എന്നെ വേദനിപ്പിക്കുന്ന എന്തോ ഒന്ന്..

ഞാൻ കിതച്ചു.

'അവർ അങ്ങനൊന്നും ചെയ്യില്ല .അവരൊക്കെ ആരാന്നറിയുമോ തൂക്കിക്കൊല്ലാൻ അധികാരമുള്ളവരാണ്. നിനക്ക് നിൻറെ അമ്മയുടെ രോഗമാണ് '

അച്ഛൻറെ പെരും പുച്ഛം.

വീട്ടിലിരിക്കുന്ന, സ്കൂളിൽ പോവുന്ന എന്നെ ആർക്കാണ് തൂക്കിക്കൊല്ലാനാവുക? എന്തിനാണ് എന്നെ തൂക്കിക്കൊല്ലുന്നത്? ഇത്ര മോശമാണോ നമ്മുടെ നിയമം? വഴി നടക്കുന്നവരെ ചുമ്മാ തൂക്കിക്കൊല്ലുമോ?

ഞാൻ ചോദിച്ചതിനൊന്നും അച്ഛൻ മറുപടി തന്നില്ല

അന്ന് രാത്രി അമ്മയും അച്ഛനും തമ്മിൽ വലിയ വഴക്കുണ്ടായി. അച്ഛൻ അമ്മയെ അടിച്ചില്ല...

2 comments:

Muralee Mukundan , ബിലാത്തിപട്ടണം said...

അമ്മച്ചിന്തുകൾ...

shajitha said...

nannayittund, iniyum undenkil ezhuthamo