Sunday, June 21, 2020

ശ്വാസം നോറ്റ മൂക്ക്മുറിക്ക് ആദ്യമാദ്യം നാലുവശങ്ങളായിരുന്നു. ഇപ്പോൾ എത്ര വശങ്ങളാണെന്ന് തന്നെ മനസ്സിലാവുന്നില്ല. എണ്ണവും മറന്ന പോലേ..

അല്ല, നാല് ആയിരുന്നു..

ഒരു വീതി വശത്ത് ഇരുനിലക്കട്ടിൽ.. മറ്റേ വീതീ വശത്ത് പിന്നേം ഇരുനിലക്കട്ടിൽ.. ഇരട്ടിയുള്ള നീളവശത്ത് ഈരണ്ടു ഇരുനില കട്ടിൽ…

അല്ലല്ലോ.. ആകെ തിരിഞ്ഞു പോയോ?

മുകളിലുള്ള കട്ടിലിലാണ്.. കിടന്നിരുന്നത്. അസുഖം തുടങ്ങിയപ്പോൾ മുകളിലെ കട്ടിലിൽ നിന്ന് ബാക്കി എല്ലാവരും കൂടെ സഹായിച്ച് താഴത്തെ കട്ടിലിലേക്ക് കിടത്തി. താഴെ കിടന്നിരുന്ന ബീഹാറുകാരൻ മുകളിലെ കട്ടിലിൽ കിടന്നു. മാറ്റിക്കിടത്താനൊ തൊടാനൊ ആർക്കും കിറ്റൊ മാസ്ക്കൊ ഒന്നും ആവശ്യമില്ലായിരുന്നു. സാധാരണപോലെ... ആർക്കും ഒരു ഭയവും ഇല്ലാത്ത മാതിരി. എട്ട് പേരും ഇടപഴകി കഴിഞ്ഞു. ഒന്നു രണ്ടുപേർക്ക് ചെറിയ പനി വന്നെങ്കിലും പെനഡോൾ രണ്ടു ദിവസം കഴിച്ചപ്പോൾ സുഖമായി.

ആ ബീഹാറുകാരൻ ..പേര് മറന്നു.. ഇല്ല. ഓർമ്മയുണ്ട്..

ശ്വാസം മുട്ടുന്നു..

അവൻ തന്നെയാണല്ലോ ഇന്നലെ ബംഗ്ലാദേശികളുടെ ചന്തയിൽ നിന്ന് കുബ്ബൂസ് മേടിച്ചു കൊണ്ട് വന്നത്.

അവൻറെ പേര് ഉള്ള ഒരു മന്ത്രി ഉണ്ടായിരുന്നു ദല്ഹീല്.. ഓർമ്മ വരുന്നില്ല..എന്തോ ഒരു പസ്വാൻ..

ആ.. പോട്ടേ…

നാലു കുബ്ബൂസ് .. അല്ല, ഒര് കുബ്ബൂസ് അതിൻറെ ഒരു നുള്ള് തണുത്ത ചായേല് മുക്കിക്കഴിച്ചതാണ് ഇത്തിരി മുമ്പേ..

ഇറങ്ങുന്നില്ല.

അയാൾക്ക് തൊണ്ട പൊട്ടുന്ന പോലെ തോന്നി.

വില്ലയിൽ വേറെ ആരും ഇല്ല..

ചുട്ടുപഴുത്ത മണലിൻറെ ആവിയിലും മന്തുരോഗിയുടെ കാലിലെ ഉണങ്ങാവ്രണം പോലെ തുടുത്തു ചുവന്ന അഡീനിയം പൂക്കളെ കാണാം.

ജീവനുണ്ടെന്ന് തോന്നുന്നത് തന്നെ ആ കാഴ്ചയിലാണ്.

രണ്ടാഴ്ച മുമ്പ് വരെ ഇതൊന്നുമായിരുന്നില്ല സ്ഥിതി. കമ്പനി വേണമെങ്കിൽ അവധി എടുത്തോളാൻ പറഞ്ഞിരുന്നു. ജോലിക്ക് പോയില്ലെങ്കിൽ ശമ്പളം തരില്ല. അതിപ്പോൾ ഏതു രാജാവിന്റെ തീട്ടൂരമാണെങ്കിലും ഏതു സുൽത്താൻറെ കല്പനയാണെങ്കിലും എന്ത് രോഗമാണെങ്കിലും എത്ര പരക്കുന്നതാണെങ്കിലും ജോലി ചെയ്യാതെ ശമ്പളം തരുന്ന പരിപാടിയൊന്നും കമ്പനിക്കില്ല. കുറച്ച് കാലം ജോലിക്ക് പോകാതേ ജീവിക്കാൻ കഴിവുള്ളവർക്ക് അവധി എടുക്കാം. ആ കൂട്ടത്തിൽ പെടാത്തവർക്ക് പോയേ പറ്റൂ.

ആ കൂട്ടത്തിൽ അയാളെങ്ങനെ ഉൾപ്പെടും?

അച്ഛനും അമ്മയും കൂടി വലിയൊരു കുടുംബമുണ്ടാക്കിത്തന്നു. അഞ്ച് അനിയത്തിമാർ.. ഒര് അനിയൻ.. അച്ഛൻ അതോടെ വീണും പോയി.

തെങ്ങിൽ നിന്നാണ് വീണത്. പിന്നെ എണീറ്റിട്ടില്ല.

അന്ന് തുടങ്ങിയ ഭാരം വലിക്കലാണ്. അതുകൊണ്ട് കമ്പനിയിൽ പോയി… എന്തായാലും ശമ്പളം കിട്ടിയേ തീരൂ.

എന്നും ടി വി കാണും. നാട്ടിലെ കരുതലിനെപ്പറ്റി..ചികിത്സാ രീതികളെപ്പറ്റി.. മുഖ്യമന്ത്രി വർത്തമാനം പറയുന്നത് കണ്ണിമ ചിമ്മാതെ കേട്ടിരിക്കും.

മാസ്ക്ക്, ഗ്ളൗസ്, സാനിറ്റൈസർ,കിറ്റ്, കൈകഴുകൽ, ക്വാറൻറൈൻ...പുതിയ പുതിയ വാക്കുകൾ നല്ല പരിചയമായിത്തീർന്നു… ഈ മണൽക്കാട്ടിലെ ഒരു മുറിയിൽ എട്ടും പത്തും പേർ താമസിക്കുന്നിടത്ത് മുഖ്യമന്ത്രി പറയുന്നതൊന്നും നടപ്പിലാവില്ലെന്നോർത്തപ്പോൾ ആദ്യം ചിരി വന്നു..

പിന്നെപ്പിന്നെ ആ പരിപാടിയും എന്നത്തേയും വാർത്ത കാണുന്നതു പോലെയായി.

അയാൾ കൈയെത്തിച്ച് ഇത്തിരി വെള്ളം എടുത്തു.. ഓരോ തുള്ളിയായിട്ടേ ഇറങ്ങുന്നുള്ളൂ. അത്ര വേദനയാണ്.

ഇപ്പോൾ വലിയ മോഹങ്ങളൊന്നുമില്ല.. ഇത്തിരി ശ്വാസം..മതിയാകുംവരെ മൂക്കിലൂടെ ഒന്ന് വലിക്കണം.

ശ്വാസം.. ശ്വാസമാണ് പ്രധാനം. അതു മതി..

ബംഗ്ലാദേശികളെ സമ്മതിക്കണം. എന്തു വന്നാലും പച്ചക്കറിയും മീനും അത്യാവശ്യ സാധനങ്ങളും ഉള്ള ചന്ത ഉണ്ടാകും അവരുടെ. അവർക്ക് ഒന്നിനേം ഭയമില്ല..അതോ ഗതികെട്ടിട്ടാണോ?

അതായിരിക്കും.. ഗതികേടാവും കാരണം.

നാലു അനിയത്തിമാരെ കല്യാണം കഴിപ്പിച്ച് അച്ഛനെ ചികിത്സിപ്പിച്ച് … പത്തിരുപത്തഞ്ച് കൊല്ലമായി ഈ മണൽക്കാട്ടിൽ..ആകെ അഞ്ചു തവണയാണ് നാട്ടിലേക്ക് പോയത്. പോയി വരുന്ന ചെലവ് ആലോചിച്ചാൽ പോകണ്ട എന്നേ തോന്നിയിട്ടുള്ളൂ..

ഇനീം ഉണ്ട് അനിയനും അനിയത്തിയും അച്ഛൻറെ ചികിത്സയും വീടുണ്ടാക്കലും..

എല്ലാം ഓർത്താൽ എവിടെയും പോകാൻ തോന്നില്ല..

തലപൊളിയുന്ന വേദനയുണ്ട്.. തൊണ്ട യും പൊള്ളുന്നു. കൈ കുത്തി എഴുന്നേല്ക്കാൻ ശ്രമിച്ചു. ശരീരം ആകെ തളർന്നിരിക്കുന്നു. കഴുത്തൊടിഞ്ഞതുപോലെ തല കുനിഞ്ഞുകുനിഞ്ഞുപോകുന്നു. കണ്ണ് കനം വെച്ച് തുറക്കാൻ സാധിക്കുന്നില്ല. തളർച്ച കൊണ്ട് ബെഡ്ഡിൽ തന്നെ കുഴഞ്ഞു കിടന്നു..

ഒരിറ്റു ശ്വാസത്തിന് അയാൾ വായും കൂടി തുറന്നു പിടിച്ചു.

വില്ലയിൽ ആരെങ്കിലും വന്നാൽ ഇത്തിരി ചൂടുവെള്ളം ഉണ്ടാക്കിത്തരാൻ പറഞ്ഞുനോക്കാമായിരുന്നു.

ആദ്യമാദ്യം കുറേപ്പേരൊക്കെ അവധിയെടുത്ത് വില്ലയിലിരുന്നു. ദിവസം ചെല്ലുന്തോറും ആ അവധിക്കാരൊക്കെ ജോലിക്കാരായി തന്നെ മാറി. നാട്ടിൽ നിന്ന് ഓരോരോ ആവശ്യങ്ങൾക്കായി കണ്ണീരും ഗദ്ഗദവും ഒച്ച മുറിയലും വേറെ ആരാ ഉള്ളതെന്ന വിങ്ങലും കേൾക്കുമ്പോൾ ജോലിക്ക് പോവാതെയും ശമ്പളം വാങ്ങാതെയും വിശ്രമിക്കാൻ ആർക്കാണ് പറ്റുന്നത്?

കുറച്ചു ദിവസം സാനിറ്റൈസറും മാസ്കും ഒക്കെ വെച്ചിരുന്നു. പിന്നെ അതും കുറേശ്ശേയായി കുറഞ്ഞു.

പത്തു മുറികളുള്ള അടുത്ത വില്ലയിൽ രണ്ടു പേർക്ക് അസുഖം വന്നെന്ന് അറിഞ്ഞപ്പോഴാണ് എല്ലാവരും പിന്നേയും മാസ്ക്കും സാനിറ്റൈസറും ഷെല്ഫിൽ നിന്ന് എടുത്തത്.. ഒരു മുറിയിൽ എട്ടും പത്തും പേർ പാർക്കുമ്പോൾ ഇതുകൊണ്ടൊന്നും ഒരു കാര്യവും ഇല്ലെന്ന് ബോധ്യമില്ലാതെയല്ല. ഒരു ചടങ്ങായിട്ട് മൂന്നാലു ദിവസം ചെയ്തു. ചടങ്ങാവുമ്പോൾ തന്നെ അത് വൈകാതേ അവസാനിക്കും എന്നുറപ്പല്ലേ…

ഒരടുക്കളയും രണ്ടു മൂന്നു കക്കൂസും കുളിമുറിയും ഉപയോഗിച്ച് എൺപതും നൂറും പേർ ജീവിക്കുന്ന വില്ലയിൽ ഇതൊക്കെ ആരെക്കൊണ്ട് സാധിക്കും..

അസുഖവും അത് വന്ന ആ പാവം
ബംഗാളിയുടെ മരണവും കണ്ണിൻറെ മുമ്പിൽ തെളിഞ്ഞപ്പോൾ അയാൾക്ക് വല്ലാതെ നെഞ്ച് വിങ്ങി.

ശ്വാസം മുട്ടിപ്പിടഞ്ഞ് അയാൾ പിന്നേയും മേല്പുര അടരും പോലെ വായ പൊളിച്ചു. എത്ര എളുപ്പത്തിൽ ചെയ്തു പോന്നിരുന്ന ഒരു കാര്യമായിരുന്നു … ഇപ്പോൾ ..സഹിക്കാൻ പറ്റാത്തവിധമായി..

കട്ടിലിൽ പാമ്പ് ഉണ്ടോ.. അയാൾക്ക് പേടിയായി.. ഉറക്കെ കരയണമെന്ന് തോന്നി..എന്താണാവോ ഓരോരോ ഭയങ്ങൾ അരിച്ച് കയറുന്നത്. മരിക്കേണ്ട നേരമായോ? നാശം. പാമ്പ് വന്നാൽ എഴുന്നേറ്റു ഓടാൻ പറ്റില്ല..അയ്യോ.. വില്ലയിലേക്ക് ആരും വരുന്നില്ലല്ലോ..

മയ്യത്ത് കട്ടിലിൽ കിടക്കുമ്പോളെവിടെന്നിന്നാണ് സമയമാം രഥത്തിലെന്ന് കേൾക്കുന്നത്.. അയ്യോ .....ചിത കത്തിക്കാൻ പോകുന്നു..

ബോധം പോവുകയാണോ..

മജീദാണ് പറഞ്ഞത് കമ്പനി എല്ലാവരുടേയും കോൺട്രാക്ട് അവസാനിപ്പിച്ചു. ഇപ്പോൾ എല്ലാവരും നിത്യക്കൂലിക്കാർ മാത്രമാണെന്ന്.. എന്നു വെച്ചാൽ വിമാനക്കൂലിയും കമ്പനി തരില്ല..മെഡിക്കൽ ചെലവും തരില്ല..വില്ലയിലെ താമസവും വേണമെങ്കിൽ കമ്പനിക്ക് നിറുത്താം..

ആരാണ് ? ആരുടേ നിഴലാണ്? മനസ്സിലായില്ല..

മജീദായിരുന്നോ.. ഒരു മലയാളീം കൂടെ ഉണ്ടല്ലോ ഈ മുറിയിൽ.. ആരാണത്? ഏത് നാട്ടുകാരനായിരുന്നു.. ഭാര്യയും മക്കളും ഉള്ള ഒരാൾ.. ഇനി അയാളാണോ പറഞ്ഞത്..

അസുഖമുണ്ടെന്ന് പറഞ്ഞപ്പോൾ ക്വാറൻറൈനിൽ പോവാൻ നിർദ്ദേശിച്ചു കമ്പനി മാനേജർ. വൈകാതെ ആശുപത്രിയിൽ പോകാനും കല്പിച്ചു. ഒറ്റയ്ക്ക് ഒരു മുറി വില്ലയിൽ താമസിക്കുന്ന ആർക്ക് കിട്ടും? എവിടെ കിട്ടും? ഫാമിലിയായി പാർക്കുന്നതു പോലെ അല്ലല്ലോ അത്.. കമ്പനി മാനേജർക്ക് അതറിയേണ്ട.

ഡോക്ടർമാരുടെ കൊച്ചു ക്ളിനിക്കുകളാണ് ചികിത്സക്കുള്ളത്. ആരും ശ്രദ്ധിക്കുക പോലും ഇല്ല. അവർക്കൊക്കെ ആൾക്കാരെ ഒറ്റനോട്ടത്തിൽ അറിയാം. കൈയിൽ പണമുള്ളവനാണോ അല്ലാത്തവനാണോ ...പണമുള്ളവന് എവിടെയും ഒരു പ്രത്യേക സ്ഥാനം തന്നെയാണ്. അവിടെ ഉള്ളത് ശരിക്കും ഡോക്ടർമാരാണോ എന്ന് പോലും അയാൾക്ക് സംശയമുണ്ട്. മജീദും സംശയിച്ചിട്ടുണ്ട്. പറഞ്ഞിട്ടുമുണ്ട്. പെനഡോളിനും കഫ്സിറപ്പിനും അപ്പുറം ഒരു മരുന്നും അവർ എഴുതിയിട്ടുമില്ല..തന്നിട്ടുമില്ല.

കുറേ ദൂരം ബുദ്ധിമുട്ടി യാത്രയും ചെയ്തു വലിയ ആസ്പത്രിയിൽ പോയിരുന്നു, മരിച്ചു പോയ ആ ബംഗാളിയുടെ ഒപ്പം.. ആരാണ് പോയത്?

ശ്വാസം ...ശ്വാസമാണ്… വേണ്ടത്..വായ മുഴുവനും തുറന്നിട്ടും അതു കിട്ടുന്നില്ലല്ലോ..കൈ വീശി ശ്വാസം പിടിച്ച് എടുക്കുമ്പോൾ എന്തോ ഉരുണ്ട്‌ വീണു..

എവിടെയാണ്… മുഖ്യമന്ത്രി സംസാരിക്കുന്നുണ്ടോ.. വിമാനത്തെപ്പറ്റി എന്തോ പറഞ്ഞുവോ?

ഓർമ്മ കിട്ടുന്നില്ല. ഒന്നും മനസ്സിലാവുന്നില്ല.

ആശുപത്രിയിൽ നിന്ന് പട്ടിയേപ്പോലെ ഓടിച്ചത് ..ബംഗാളിയുടെ ഒപ്പം പോയപ്പോഴാണ്. ഇൻഷുറൻസ് ഇല്ലാത്ത അയാൾ മൂന്നാലു ദിവസം കഴിഞ്ഞ് മരിച്ചുവെന്ന് പറഞ്ഞത്….

ആ.. അതേ.. ചായ ഉണ്ടാക്കിത്തന്ന സദൂ..സദൂ..സദാനന്ദൻ.

അപ്പോഴാണ് ആ വില്ല അടച്ചത്. പത്തടിപ്പൊക്കത്തിൽ മതില് കെട്ടിയ വില്ല.. പോലീസ് വന്ന് പൂട്ടി. എല്ലാവർക്കും ക്വാറൻറ്റൈൻ.. അത് കഴിഞ്ഞി റങ്ങുമ്പോൾ ആരൊക്കെയുണ്ടാവും അസുഖമില്ലാതെ.. ആരുടെയൊക്കെ ജോലി ബാക്കിയുണ്ടാകും..ആർക്കും ഒന്നും അറിയില്ല.

അതാണ് അയാൾക്ക് പനിച്ചിട്ടും തലവേദനിച്ചിട്ടും തൊണ്ട വേദനിച്ചിട്ടും ശ്വാസം മുട്ടിയിട്ടും പെനഡോളിനും കഫ്സിറപ്പിനും അപ്പുറം ഒരു ചികിത്സക്കും പോവാത്തത്..

കുറയും..അസുഖം കുറയും.. ബംഗ്ലാദേശികളെപ്പോലെ ധൈര്യമായി രിക്കുക തന്നെ.

എത്ര ജോലിയുണ്ട് നാട്ടിൽ ഇനിയും പൂർത്തിയാക്കാൻ..അനിയൻ, അനിയത്തി, അച്ഛന്റെ ചികിത്സ, വീട് ഉണ്ടാക്കൽ…

ഈ മണൽക്കാട്ടിൽ നിന്ന് അങ്ങനെ പോവാനൊന്നും പറ്റില്ല..

ശ്വാസം.. ഇത്തിരി ശ്വാസം..അതുമതി..അതു മാത്രം മതി..അതില്ലാതെ..

ഇപ്പോൾ അതില്ലാതായാലും ഈ മണൽത്തരികളിൽ തന്നെ നീറിത്തീരും. പിന്നെപ്പിന്നെ എങ്ങോട്ടും പോവേണ്ടി വരില്ല…

1 comment:

Muralee Mukundan , ബിലാത്തിപട്ടണം said...

എത്ര ജോലിയുണ്ട് നാട്ടിൽ ഇനിയും പൂർത്തിയാക്കാൻ..അനിയൻ, അനിയത്തി, അച്ഛന്റെ ചികിത്സ, വീട് ഉണ്ടാക്കൽ…

ഈ മണൽക്കാട്ടിൽ നിന്ന് അങ്ങനെ പോവാനൊന്നും പറ്റില്ല..

ശ്വാസം.. ഇത്തിരി ശ്വാസം..അതുമതി..അതു മാത്രം മതി..അതില്ലാതെ..