Wednesday, June 24, 2020

വേപ്പിലക്കട്ടി

                   

എനിക്ക് പരിചയമുള്ള വേപ്പിലക്കട്ടി

ഇന്നലെ കറിവേപ്പിലപ്പൊടിയെ പ്രദർശിപ്പിച്ച് ലേശം പൊങ്ങച്ചമടിച്ചപ്പോൾ ഇതല്ലേ

 വേപ്പിലക്കട്ടീന്ന് പലരും ചോദിച്ചു.

എൻറെ പരിചയത്തിലുള്ള ആ ചങ്ങാതി ഇങ്ങനെയാണ്...

തൃക്കൂര് എടാട്ടുംപുള്ളി എന്ന ഒരു വീടുണ്ടായിരുന്നു. അവിടെയാണ് ച്യവനപ്രാശം നിർമ്മിക്കുന്നതിൽ അമ്മീമ്മയുടെ സഹായികളായിരുന്ന ജാനകിയമ്മയും ശങ്കരൻ നായരും പാർത്തിരുന്നത്. അവരുടെ മകൻ വിശ്വനാഥൻ എന്നേയും റാണിയേയും ഒന്നിലും രണ്ടിലും ട്യൂഷൻ പഠിപ്പിച്ചിട്ടുണ്ട്. വിശ്വനാഥൻ മാഷ് അന്ന് പത്താം ക്ളാസ്സ് ജയിച്ച് ടൈപ്പ് റൈറ്റിംഗും ഷോർട്ട് ഹാൻഡും പഠിക്കുന്ന ഒരു പതിനേഴുകാരനായിരുന്നു. അദ്ദേഹത്തിന്റെ ചേച്ചി രത്‌ന അമ്മീമ്മ യുടെ വീട്ടുസഹായിയുമായിരുന്നു.

എടാട്ടുംപുള്ളി വീട്ടിൻറെ മുറ്റത്താണ് വലിയൊരു വടുകപ്പുളി നാരകമുണ്ടായിരുന്നത്.

ഇടയ്ക്കിടെ ആ ഇലകൾ പറിച്ച് അമ്മീമ്മ ഉണ്ടാക്കിത്തന്നിരുന്നതാണ് വേപ്പിലക്കട്ടി. കറിവേപ്പില തണ്ടുകളും നാരകത്തിലയുടെ ഞരമ്പുകളും പച്ചമുളകും ഇഞ്ചിയും കൂടി ഉരലിൽ ഇടിച്ചു കലക്കിയത് ചേർത്താണ് വൈക്കത്തപ്പൻറെ അമ്പലത്തിൽ സംഭാരമുണ്ടാക്കുന്നതെന്ന് കേട്ടിട്ടുണ്ട്. ഞാൻ അമ്പലത്തിലെ സംഭാരം കുടിച്ചിട്ടില്ല. പക്ഷേ, അമ്മീമ്മ ഇവയെല്ലാം അമ്മിയിൽ വെച്ചു ചതച്ച് സംഭാരമുണ്ടാക്കിത്തരുമായിരുന്നു. ഉന്മേഷവും ഉണർവ്വും നല്കുന്ന രുചികരമായ ഒരു പാനീയമായിരുന്നു അത്.

വേപ്പിലക്കട്ടിയിൽ വടുകപ്പുളി നാരകത്തിൻറെ നടു ഞരമ്പ് നീക്കിയ തളിരില, ( ഇല രണ്ടായി മടക്കി ഞരമ്പ് വിട്ട് കീറി എടുക്കുക ), കുറച്ച് കറിവേപ്പില, ഇഞ്ചി, പുളി, ഉപ്പ് എന്നിവ പച്ചക്കും അയമോദകം, കായം, ചുവന്നമുളക് എന്നിവ വറുത്തും ലവലേശം വെള്ളമില്ലാതെ പൊടിച്ച് ഒന്നിച്ച് ചേർത്തിളക്കി ചെറിയ ഉണ്ടകളായി തയാർ ചെയ്യുക

അച്ചാറിൻറെ ഫലമാണ് വേപ്പിലക്കട്ടിക്ക്. ഉഴുന്നില്ലാത്ത അരിദോശക്ക് സൈഡ് ഡിഷായി അല്പം വെളിച്ചെണ്ണ ചാലിച്ച് ഉപയോഗിക്കാം. തൈർസാദത്തിന് സൈഡ് ഡിഷാകുമ്പോൾ എണ്ണ ചാലിക്കേണ്ട. സംഭാരത്തിലും വേപ്പിലക്കട്ടി ഇളക്കിച്ചേർത്ത് കുടിക്കാം.

ഞാൻ ഇപ്പോൾ ഉണ്ടാക്കിയിട്ടില്ല. അതുകൊണ്ട് പടം ഇല്ല.

വടുകപ്പുളി നാരകത്തിൻറെ ഇല കിട്ടാൻ ഒരു വഴിയും തെളിഞ്ഞിട്ടില്ല... അതാണ് ഉണ്ടാക്കാത്തത്..

No comments: