Friday, July 24, 2020

ചൊക്ളി 24


24/07/2020

                                                              


ഒര് രവ്യേട്ടൻ ചത്തോണ്ട് ഈ ലോഗവസാനിക്കോ ...ഇല്ല്യ. സറ്ക്കാര് തൊലയ്യോ..രവ്യേട്ടനെ അടിച്ചും ഉര്ട്ടീം കൊന്നോര്ക്ക് വല്ലതും പറ്റോ..

ഒന്ന്ല്ല..

ഇഞ്ഞീം ഇങ്ങനെ മനിഷേരേ സറ്ക്കാരും പോല്ലീസാരും കൂടി തല്ലിക്കൊല്ലും..ചവ്ട്ടി തണ്ടെല്ല് ഒടിക്കും.. തോക്കോണ്ട് വെടി വെക്കും..

ഒക്കേം കയിഞ്ഞു ഞങ്ങളല്ല ചീതേ.. അത് മറ്റോരാന്ന് പറഞ്ഞ്ട്ട് ഓട്ട് ചോയിച്ചും വരും..

പപ്പിനീരേ തലക്ക് ഓളായീന്നാ അവളടെ പെറ്റതള്ള പറേണത്. ചൊക്ളിക്കും തോന്നാണ്ട്ര്ന്ന്ല്ല..നട്ടപ്രാന്തായീന്ന്..കലോം കൊണ്ട് തെണ്ടിത്തിരിഞ്ഞ് പോണ്ല്യ. വാറ്റ്ണില്ല.. കുടുമ്മത്തെ ഒര് പണീം ഇട്ക്ക്ണ് ല്യ.

ഏത് നേരോം ചായ്പ്പില് ന്നെ.. ഇര്പ്പ്.. നെലോളി.. സറ്ക്കാരേം പോല്ലീസാരേം നാട്ടാരേം ഓരോന്ന് പറഞ്ഞ് പ് രാകല്..

ചൊക്ളി ഇപ്പോ എന്നും എറേത്തന്നെ ആയി കെടപ്പ്.. ആ തള്ളേം നെലോളിച്ച് നെല തെറ്റി നിക്കണ പപ്പിനീം മാത്രല്ലേ കുടീല് ള്ളോ. പാറേമ്മെ കെട്ക്കാൻ പറ്റാണ്ടായീപ്പോ ചായ്പ്പീല് എടം തന്നോളാണ് പപ്പിനി. അത് മറ്ക്കാൻ പാടോ.. ആ രണ്ട് പെണ്ണ്ങ്ങള് കഞ്ഞുടിച്ച് പോണത് ചൊക്ളി പണി ഇട്ക്കണോണ്ടാന്നായ്ണ്ട് ഇപ്പോ.

താമര ചേട്ത്താര് പിന്നീം വേടിച്ച് ഒരു ബസ്സും കൂടി.. ഇപ്പോ മൂന്ന് ബസ്സായി അവരടെ.. വിശ്ശൊനാദസ്സാമീരെ രണ്ട് ബസ്സ് ണ്ട്. താമര ചേട്ത്താര് ഒരൂസം വൈന്നാരം കൊറച്ച് പത്തിൻറേം രണ്ട് മൂന്ന് നൂറിൻറേം നോട്ട് എട്ത്ത് തന്ന്ട്ടാ പറ്ഞ്ഞു.

'ടാ, ചൊക്ള്യേ, ഇഞ്ഞ്യൊട്ട് നീയ്യ് വരണ്ട.. പണിക്കേയ്.. ഈ ചണ്ണക്കാലോണ്ട് ഏന്ത്യടന്ന് പണ്ത്ട്ട് എന്താക്കാന്ന്ണ്.. പാവല്ലേച്ച്ട്ട് നിറ്ത്തി തീറ്റേം കാശും തരേര്ന്ന്.. ഞാൻ. അല്ലാണ്ട് നീയ്യ് പണ്ത്ട്ട് ഇബടെ എന്ത് തേങ്ങേരേ മൂടാണ്ടായ്ത്..

നീയ്യാ പോക്കോ.. ഇഞ്ഞിങ്ങട് വര്ണ്ട.'

ചൊക്ളി ക്ക് താമരച്ചേട്ത്താരെ ഒറ്റച്ചവ്ട്ട് കൊട്ത്താലോന്ന് തോന്നി. ഇന്നാലും ഇദ്ദാണ് എപ്പളും കാശ്കാരേ തൊരം..

പണീട്പ്പിക്കാൻ ഓരോന്നോരോന്നായി പറേം.. എറ്ച്ചീം കൊർച്ച് കൊള്ളിക്കെഴങ്ങും ചോറും തരും. അവര്ക്ക് വേണ്ടാണ്ടായാ അപ്പോ 'പട്ടി പോ, പട്ടീന്ന് ' കല്ലെടുത്ത്റിഞ്ഞോടിപ്പിക്കും..

പണീട്ക്കുമ്പോ ചിറിച്ചേർന്ന പെണ്ണങ്ങള് പണീല്യാണ്ടായീന്ന് കേട്ടപ്പോ മൊതല് മൊഗം തിര്ച്ച് പിടിക്കണത് ചൊക്ളി കാണാണ്ടിര്ന്ന്ല്ല. പെണ്ണങ്ങള് ഒക്കീം അങ്ങനന്യാ.. നല്ല കാശ്ള്ള, കൊറവൊന്ന്ല്ലാത്ത ആണങ്ങളെ മാത്ത്റേ അവര്ക്ക് പോതിക്കൊള്ളോ.

ചേട്ത്താരെ മോത്തോക്കി കൊർച്ച് നേരം നിന്ന്ട്ടാ ചൊക്ളി എറങ്ങീത്.. മറിയപ്പാറ അങ്ങാടീല് വന്നപ്പളാണ് അതിശം..അന്തോണി മാപ്ളേരെ ചെക്കൻ പ്രാഞ്ചീസ് ണ്ട് മൂന്ന് ചക്രള്ള ഒരു വണ്ടീം കൊണ്ട് വന്നേക്കണു. ഓട്ടർഷ ന്നാത്രേ പേര്. വണ്ടീമ്മേ തൃസ്സക്കുട്ടീന്നും എഴ്തീണ്ട്ന്ന് മൊയ്തീൻക്ക ചിറിക്കണ്ടാര്ന്നു..

കോടംകരേരേ അപ്പ്റത്ത് തൃശ്ശൂര്ക്ക് പോണ്ണ റോട്ട്ലൊക്കെ ഇയ്യ് വണ്ടീണ്ട്ന്ന്.. ഇത് വരെ മറിയപ്പാറ അങ്ങാടീല്ക്ക് വന്നട്ട്ല്യാന്നേ ള്ളോ. തൃശ്ശൂര് ഉമ്മിണി നേർത്ത്യന്നേ ഓടിയൊടങ്ങീന്ന്..

കൊർച്ചേരം വണ്ടീരേ മോന്തേന്നോക്കി നിന്നു..

നാള്യൊട്ട് പണീല്യാണ്ടായീന്ന് ആലോയിച്ചപ്പോ ചൊക്ളിക്ക് പരോശായൊടങ്ങി.. പണീം തൊരോം ല്ലങ്കി ചണ്ണക്കാലൻ തിന്ന് മുടിച്ചൂന്ന് ഓളീട്ടൊടങ്ങും പപ്പിനീരേ തള്ള..

വീട്ടിച്ചെന്നേറിപ്പോ അതിശന്നേ.. പപ്പിനി കുളിച്ച് വെടിപ്പ്ല്.. വീടും പൊറോം ഒക്കേം അടിച്ച് വാരീണ്ട്.. ആകെനൊര് വെളിച്ചം..

അവള് ചായേം അവലും പാളേങ്കോടൻ പഴം കൊഴച്ചതും തന്നപ്പോ ചൊക്ളി ക്കങ്ങട്ട് കുളർന്നു..

നന്നായീ..

പ്രാന്തിയാന്ന് പപ്പിനീനേ നാട്ടാര് പറേണത് കേക്കണ്ട്യര്ല്ലല്ലോ.. അവള് പണിട്ത്ത് തിന്നോളും.. വെറ്തേ ഇബടെ കുത്തിര്ക്കാണ്ട് വല്ലോടത്ത്ക്കും പോയ്യാ ചൊക്ളിക്കും വല്ല പണീം കിട്ടും..

അങ്ങന്യലോയ്ച്ചാ എറേത്ത് കെടന്ന് ചൊക്ളി ഒറങ്ങീത്..

പിറ്റീസം കാലത്ത് വാറ്റ്ണ്ട് ന്നും നീയ്യും വരണന്നും പപ്പിനി പറഞ്ഞപ്പോ പൂവ്വാണ്ടിരിക്ക്യാൻ ചൊക്ളിക്ക് പറ്റീല്ല..

നേരുച്ച്യായപ്പളാ അറിഞ്ഞേ..

ഇന്ദ്രാഗാന്തീനേ ആരാണ്ടും വെടിവെച്ച് കൊന്നൂന്ന്…

പപ്പിനി അന്തിച്ച്ക്കണ കണ്ടപ്പോ ചൊക്ളി ക്ക് എന്താ വേണ്ട്യേന്ന് അങ്ങട്ട് തിരിഞ്ഞ്ല്ല..

No comments: